Campus Alive

ഭരണകൂടവും പൊതു സമൂഹവും ആദിവാസികളെ കൊന്നുതള്ളുമ്പോൾ

100 % സാക്ഷരത കൈവരിച്ച സാംസ്കാരിക കേരളം, നവോത്ഥാനം കൊട്ടിഘോഷിക്കുന്ന കേരള സമൂഹം
ആദിവാസികളുടെ മണ്ണും വിഭവങ്ങളും തട്ടിയെടുത്തതിന് ശേഷം അവരുടെ കുല ദൈവങ്ങളെയും സ്ത്രീകളുടെയും പെൺകുട്ടികളുടെയും മാനം കവർന്നെടുത്തു.
സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയിൽ ഞങ്ങളുടെ സമൂഹത്തെ ആട്ടിയോടിച്ചു. സംസ്കാരത്തെ തന്നെ ഇല്ലാതാക്കി. ഓരോരുത്തരെയും കൊന്നു കളഞ്ഞ് മൃതദേഹങ്ങളോട് അനാദരവ് കാണിച്ചു.

ഞങ്ങളുടെ ഭൂമി കുടിയേറുകയും വ്യാജ പട്ടയം ഉണ്ടാക്കുകയും ചെയ്തു. ആദിവാസി സ്ത്രീകളെ ലൈംഗീക ചൂഷണം ചെയ്ത് ഗർഭിണിയാക്കി. തൊഴിലുടമയും കുടയേറ്റക്കാരനും പേറ്റു നോവ് നൽകി. അങ്ങനെ പല പകൽ മാന്യമാരും മുതലാളിമാരും അവളെ ‘വേശ്യ’ എന്ന് വിളിച്ചു . ലൈംഗീക അതിക്രമം നേരിട്ട് ഒരു കുഞ്ഞിനെ ജന്മം നൽകിയവൾക്ക് സർക്കാർ ഒരു ഓമന പേര് വിളിച്ചു (അവിവാഹിത ) അമ്മ .
നിയമത്തിന് മുന്നിൽ അവൾ അപമാനിക്കപ്പെട്ടു. നീതി ദേവത കോടതി വരാന്തയിൽ അവളെ പുച്ഛിച്ചു ചീത്ത പറഞ്ഞു മാനസീകമായി തളർത്തി . പിന്നെ കോടതിയും നിയമവും നീതിയും എല്ലാം അവനെ അനുകൂലിച്ചു. വേട്ടക്കാരൻ മേൽജാതിക്കാരൻ ആയതിനാൽ അവന്റെ മാനം സംരക്ഷിക്കാൻ കോടതി വിധി പറഞ്ഞു. കുറ്റക്കാരൻ അല്ലായെന്ന് പറഞ്ഞു. അതിക്രമത്തിലൂടെ ചൂഷണത്തിന് ഇരയായി പ്രസവിച്ചവരെ പട്ടിക വർഗ്ഗ വകുപ്പ് ഗ്രാന്റ് കൊടുത്തും സംരക്ഷിക്കുമല്ലോ, അപ്പോൾ പിന്നെ പ്രതിയെ ശിക്ഷിക്കാതിരിക്കാം. അതിനുള്ള എല്ലാ സംവിധാനങ്ങൾക്കും സ്പെഷ്യൽ മൊബൈൽ സ്ക്വാഡും മാനന്തവാടി Sc/St കോടതിയും അവസരം നൽകും .

ആദിവാസികൾ എല്ലാം നഷ്ടപ്പെട്ട ഒരു ജനതയാണ് എന്നാൽ സംസ്കാരം ഉള്ളവരുമാണ്. അതു കൊണ്ടാണ് ഇവിടുത്തെ പൊതു സമൂഹത്തെ ചേട്ടയെന്നും ചേച്ചിയെന്നും വിളിക്കുന്നത്. എന്നാൽ നേരെമറിച്ചാണ് ഞങ്ങളുടെ ഊരുകളിലെ പ്രായമുള്ളവരെ പേര് വിളിക്കും. ഒരു കാര്യം പറയട്ടെ കള്ളൻ എന്ന് മുദ്രകുത്തിയ ആദിവാസി സഹോദരങ്ങൾ നിങ്ങളുടെ പെൺക്കുട്ടികൾക്ക് ഗർഭം ഉണ്ടാക്കാൻ വന്നിട്ടില്ല. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊന്ന് ജയിലിൽ പോയിട്ടില്ല. സ്വത്ത് തർക്കത്തിന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി പ്രായമായ വൃദ്ധരെ അനാഥാലയത്തിൽ കൊണ്ടുപോയി തള്ളിയവർ അല്ല. എത്ര തർക്കങ്ങളും വേദനകളും പ്രശ്നങ്ങളും നേരിടേണ്ടി വന്നാലും കുടുംബ കോടതിയിൽ വിവാഹ മോചനത്തിന് കയറിയിറങ്ങിയവർ അല്ല ഞങ്ങളുടെ ജനത.
മേൽപ്പറഞ്ഞ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ആദിവാസി പ്രവർത്തകരെ ഭരണകൂടം മാവോയിസ്റ്റ് എന്നും തീവ്രാദി എന്നും മുദ്രകുത്തി ഞങ്ങളുടെ പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതും പുതുമയുള്ള കാര്യമല്ല

ആൾക്കൂട്ട കൊലപാതകം നടന്നത് യുപിയിൽ ആയിരുന്നുവെങ്കിൽ
വിപ്ലവ പ്രസ്ഥാനങ്ങളും കപട ആക്ടിവിസ്റ്റുകളും മറ്റും കേരളത്തിന്റെ പട്ടണങ്ങളിലും തെരുവോരങ്ങളിലും വിപ്ലവം കൊണ്ട് മതിൽ കെട്ടും. കറുത്ത തുണി കൊണ്ട് മുഖം മൂടി കെട്ടി മെഴുക് തിരി കത്തിച്ചും പ്രതിഷേധങ്ങൾ ഉയർന്നു വരും. കൊന്നത് ഞങ്ങളുടെ സഹോദരനെയാണ്. കേരളത്തിൽ ആൾക്കൂട്ട കൊലപാതകത്തിനു അവസാനമില്ലാത്തത് എന്ത് കൊണ്ടാണ്? 2007 ൽ വയനാട്ടിൽ സുൽത്താൻ ബത്തേരി വെള്ളപ്പാട്ട് ഊരിലെ ബാബു കളിച്ചു കൊണ്ടിരുന്നപ്പോൾ വിശപ്പ് സഹിക്കാൻ വയ്യാതെ അയൽവാസിയായ പുരോഹിതന്റെ വീട്ടിൽ നിന്നും ഒരു പിടി ചോറ് എടുത്തു കഴിച്ചു. തന്റെ
1 4 വയസിൽ നടന്ന സംഭവത്തിന്റെ പേരിൽ 24 വയസിൽ ഭരണകൂടം ബാബുവിനെ കളളക്കേസിൽ കടുത്ത വകുപ്പ് പ്രകാരം ജയലിടച്ചു. തുടർന്ന് ആ ഊരിലെ ഗോപാലൻ, ഉഷ, തങ്ക, കറുപ്പൻ എന്നിവരെ അറസ്റ്റ് ചെയ്തു. അവസാനം ബാബുവിനെ ഭരണ കൂടം കൊന്നുകളഞ്ഞു.
ഈ ആളുകൾ ബത്തേരി കോടതിയിൽ ബാബുവിനെ ജാമ്യം എടുക്കാൻ വന്നവരായിരുന്നു . നിരപരാധികളായ ആദിവാസി വിഭാഗങ്ങൾക്ക് മേൽ കള്ളക്കേസ് തുടർക്കഥ പോലെ ഉണ്ടാകുന്നു. 2013 ൽ കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വേറെ ഒരു ബാബു കൂടി കൊല കയറിൽ ജീവൻ അവസാനിപ്പിക്കേണ്ടി വന്നു. സ്ഥിരം കൂലിപ്പണിക്ക് പോകുന്ന വീട്ടിൽ ഒരു പഴയ സ്പീക്കർ ഉപേക്ഷിച്ചത് ആ വീട്ടിലെ ആളുകൾ തന്നെ കൊണ്ടു പോയി പാട്ട് കേൾക്ക് എന്ന് പറഞ്ഞ് അദ്ദേഹത്തിന് കൊടുത്തു വിട്ടതാണ്. വീടിന്റെ ഉടമയും മകനും ചേർന്നാണത് കൊടുത്തത്.
പിറ്റേ ദിവസം ആദിവാസി പണിയ വിഭാഗത്തിലെ ബാബു സ്പീക്കർ മോഷ്ടിച്ചതായി നാട്ടുകാരുടെ പ്രചരണവും കള്ളൻ എന്ന ആരോപണവും ഉയർന്നിരുന്നു. സ്പീക്കർ മോഷ്ടിച്ചവനെ പിടികൂടി എന്ന് പറഞ്ഞു കൊണ്ട് ഒരു കൂട്ടം ആളുകൾ ബാബുവിനെ ഊരിൽ നിന്ന് ഇറക്കി കൊണ്ടുവരുകയും മോഷ്ടിച്ചുവെന്ന് പറയുന്ന സ്പീക്കർ കഴുത്തിൽ കെട്ടി തൂക്കി പാട്ട കൊട്ടി സൗണ്ട് ഉണ്ടാക്കി ആ പ്രദേശത്ത് പല വീടുകൾക്ക് മുമ്പിലും ആളുകൾക്ക് മുമ്പിലും പ്രദർശനം പോലെ കാണിച്ചു കൊടുത്തു. ഇവനാണ് കള്ളൻ എന്ന് പരിഹാസത്തോടെ ആളുകൾ കൂട്ടം കൂടി പറഞ്ഞു. മർദ്ദനവും മാനസിക പീഡനവും മാനഹാനിയുമെല്ലാം കൊണ്ട് ബാബു ആത്മഹത്യ ചെയ്തത്; സംസ്കാരിക കേരളം, നവോത്ഥാന കേരളം എന്നോക്കെ വീമ്പിളക്കുന്ന സംസ്ഥാനത്താണ്. ഇവിടെത്തന്നെയാണ് എൻ ഊര് എന്ന പൈതൃക ഗ്രാമത്തിലെ ‘ഗദ്ദിക’ ഹോട്ടൽ ഉടമയായിരുന്ന ബൽറാമിന്റെ മൃതദേഹം എൻ ഊരിൽ പൊതുദർശനത്തിന് വെക്കുന്നത് പൈതൃക ഗ്രാമ അധികൃതർ തടയുന്ന അനുഭവവും ഉണ്ടായത്. ആദിവാസിയുടെ മൃതദേഹം പോലും അനാദരിക്കപ്പെടുന്നു. ഇവിടെ ആദിവാസികളെ സംരക്ഷിക്കേണ്ട നിയമവും, നീതിയും, ന്യായവുമെല്ലാം വെറും കടലാസ് താളുകളിൽ മാത്രമാണുള്ളത്. മുഖ്യധാര രാഷ്ട്രീയ പാർട്ടിയും ഭരണ കൂടവും പൊതു സമൂഹവും ഒറ്റക്കെട്ടായി ആദിവാസികളെ കൊന്നു കളയുന്നു. ഉത്തരം പറയേണ്ടത് ഇവിടെത്തെ ഭരണകൂടമാണ്. ആരുണ്ട് ഉത്തരം പറയാൻ. നീതിക്കായി നിയമ പോരാട്ടത്തിനായി ആദിവാസി സമൂഹത്തിനൊപ്പം നിൽക്കുക.

(ആദിവാസി വനിത പ്രസ്ഥാനത്തിന്റെ അധ്യക്ഷയാണ് ലേഖിക)

അമ്മിണി കെ. വയനാട്