Campus Alive

ഫാത്തിമ ഷെയ്ഖും സാവിത്രി ബായി ഫൂലെയും: ഇന്ത്യൻ ചരിത്രത്തിലെ ഓർമ്മയും മറവിയും

എല്ലാ വർഷവും ജനുവരി 3 ന് ഇന്ത്യ സാവിത്രിബായ് ഫുലെയുടെ ജന്മവാർഷികം ആഘോഷിക്കുന്നു. പെൺകുട്ടികൾക്കായി സ്കൂൾ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ അദ്ധ്യാപികയായിരുന്നു അവർ. പക്ഷേ, സാവിത്രിബായ് ഫൂലെ, ജ്യോതിറാവു ഫൂലെ എന്നിവരോടൊപ്പം തന്നെ നിൽക്കുന്ന മറ്റൊരു  സ്ത്രീ കൂടെയുണ്ടായിരുന്നു. അവർ പെൺകുട്ടികളെ പഠിപ്പിക്കുന്ന ഫൂലെയിലെ ഭീദ്വാഡ സ്കൂളിൽ ജോലി ചെയ്യുകയും, വീടുതോറും കയറിയിറങ്ങി പെൺകുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ കുടുംബങ്ങളെ ബോധവൽകരിക്കുകയും സ്കൂളുകൾ നോക്കിനടത്തുകയും ചെയ്തു. അവരുടെ സംഭാവന ഇല്ലായിരുന്നെങ്കിൽ, പെൺകുട്ടികൾക്കായുള്ള സ്കൂൾ പദ്ധതി തന്നെ പൂർണ്ണമാവുമായിരുന്നില്ല. എന്നിട്ടും, ഇന്ത്യൻ ചരിത്രം ഫാത്തിമ ഷെയ്ഖിനെ ചരിത്ര ഇടങ്ങളിൽ നിന്ന് അരികുവൽക്കരിച്ചു.

ഈ വർഷവും സാവിത്രിബായ് ഫൂലെയുടെ ജന്മവാർഷികത്തിൽ ട്വിറ്ററിൽ ട്രെൻഡിംഗായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ഇങ്ങനെ അനുസ്മരിച്ചു: “സാവിത്രിബായ് ഫൂലെയുടെ ജയന്തിയായ ഇന്ന് ഞാനവരെ നമിക്കുന്നു. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിനായി സമർപ്പിച്ചതായിരുന്നു അവരുടെ ജീവിതം”. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മറ്റ് രാഷ്ട്രീയ നേതാക്കളും അവർക്ക് ആദരാഞ്ജലികളർപ്പിച്ചു. കഴിഞ്ഞ വർഷം ഗൂഗിൾ ഒരു ഡൂഡിൽ ഉപയോഗിച്ച് അവർക്ക് ആദരവർപ്പിച്ചു. സാവിത്രിബായ് ബ്രാഹ്മണ്യാധിപത്യ വിരുദ്ധ വീക്ഷണങ്ങളുടെയും രചനകളുടെയും ഉടമ ആയിരുന്നിട്ടു കൂടി ആർ‌എസ്‌എസും അവരെ വണങ്ങി. പൂനെ സർവകലാശാലയെ ‘സാവിത്രിബായ് ഫൂലെ പൂനെ സർവകലാശാല’ എന്ന് പുനർനാമകരണം ചെയ്തു. മഹാരാഷ്ട്ര സർക്കാർ അവരുടെ പേരിൽ അവാർഡുകൾ ഏർപ്പെടുത്തി. അവരുടെ ജീവിതത്തെയും സൃഷ്ടികളെയും അടിസ്ഥാനമാക്കി ഒരു ടെലിവിഷൻ സീരീസ് തന്നെ പുറത്തിറങ്ങിയിരുന്നു. ഒന്നര നൂറ്റാണ്ട് എടുത്തിട്ടാണെങ്കിലും സാവിത്രിബായ് ഫൂലെ ഇപ്പോൾ മുഖ്യധാരാ പൊതുമണ്ഡലത്തിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ചരിത്രമിപ്പോൾ അവർക്ക് അർഹമായ യോഗ്യത നൽകുന്നു.

ജ്യോതിറാവു ഫൂലെ, സാവിത്രി ബായ് ഫൂലെ

എന്നാൽ, ഫാത്തിമ ഷെയ്ഖ് ചരിത്രത്തിലിപ്പോഴും അജ്ഞാതയാണ്. അവരുടെ ജനന തീയതിയെ കുറിച്ച് അഭിപ്രായഭിന്നതകളുണ്ടെങ്കിലും ജനുവരി 9 അവരുടെ ജന്മവാർഷികമാണെന്നാണ് പലരും വാദിക്കുന്ന പ്രബലമായ അഭിപ്രായം. പിന്നെ എന്തുകൊണ്ടാണ് ആരും അവരെ ആഘോഷിക്കാത്തത്?

ജ്യോതിറാവുവിന്റെയും സാവിത്രിബായിയുടെയും പരിഷ്കരണ വാദങ്ങളിൽ അരിശം പൂണ്ട് ജ്യോതിറാവു ഫൂലെയുടെ പിതാവ് വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ, ഫാത്തിമ ഷെയ്ഖും സഹോദരൻ ഉസ്മാൻ ഷെയ്ഖും രണ്ടുപേർക്ക് മുന്നിലും തങ്ങളുടെ വാതിലുകൾ തുറന്നിട്ടു. പെൺകുട്ടികൾക്കായി വിദ്യാലയം ആരംഭിച്ച അതേ കെട്ടിടത്തിലേക്കായിരുന്നു അവരെ സ്വീകരിച്ചിരുത്തിയത്. പെൺകുട്ടികൾ സ്കൂളിൽ പോവുകയെന്ന ആശയത്തിന് അക്കാലത്തെ സാമൂഹിക വരേണ്യവർഗങ്ങൾ എതിരായിരുന്നതിനാൽ അതത്ര എളുപ്പമുള്ള സംഗതിയായിരുന്നില്ല, പ്രത്യേകിച്ച് നാനാജാതിയിലും മതത്തിലുമുള്ള പെൺകുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുക എന്നത്. എന്നിട്ടു പോലും ഫാത്തിമ ഷെയ്ഖിനെ കുറിച്ചുള്ള പരാമർശങ്ങൾ പലപ്പോഴും ശൂന്യമാണ്.

സാവിത്രിബായിക്ക് ലഭിച്ച സ്വീകാര്യത എളുപ്പത്തിലാണെന്നല്ല ഇതുകൊണ്ടർത്ഥമാക്കുന്നത്. വളരെ ക്രൂരമായ വിധത്തിലാണ് മുഖ്യധാരാ ചരിത്രകാരന്മാർ ഫൂലെയോട് പെരുമാറിയത്. ഇന്ത്യൻ നവോത്ഥാനത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, സ്വാമി ദയാനന്ദ, സ്വാമി വിവേകാനന്ദൻ, മഹാദേവോ ഗോവിന്ദ് റാണഡെ എന്നിവരെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. ആദ്യകാല പാഠപുസ്തകങ്ങളിൽ സാവിത്രിബായിയുടെ പേര് പോലും പരാമർശിക്കപ്പെട്ടിരുന്നില്ല. പതിറ്റാണ്ടുകളുടെ വിസ്മൃതിക്ക് ശേഷമാണ് ദലിത്, ബഹുജൻ പ്രവർത്തകർ അവരെക്കുറിച്ച് എഴുതാൻ തുടങ്ങിയത്. ബഹുജൻ സമാജ് പാർട്ടി സ്ഥാപകനായ കാൻഷി റാം സ്ഥാപിച്ച ബി.എ.എം.സി.ഇ.എഫിന്റെ (ആൾ ഇന്ത്യ ബാക്ക് വേർഡ് ആൻഡ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ) ബാനറുകളിലും പോസ്റ്ററുകളിലും അവരുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കഴിഞ്ഞ ദശകത്തിൽ, ഡിജിറ്റൽ/സൈബർ ദലിതരുടെ വരവോടെ, സാവിത്രിബായിയുടെ പേരും അവർ സമൂഹത്തിന് നൽകിയ സംഭാവനയും സമൂഹ മാധ്യമങ്ങൾ വഴി സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു.

ഫാത്തിമ ഷെയ്ഖിന്റെ കാര്യത്തിൽ ഇത്തരം മുന്നേറ്റങ്ങളൊന്നും തന്നെ ഉണ്ടായില്ല. അദ്ധ്യാപിക, സാമൂഹ്യ പരിഷ്കർത്താവ് എന്നീ നിലകളിൽ അവരുടെ സംഭാവനകൾ ഫൂലെയേക്കാൾ ഒട്ടും കുറവല്ല. മറിച്ച്, അവർ വലിയ പ്രതിബന്ധങ്ങൾ നേരിട്ടിരിക്കണം. അവരുടെ കൃതികൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതിനാൽ, ഒരു മുസ്‌ലിം സ്ത്രീ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്നത് മതവിരുദ്ധമാണെന്ന് കരുതുന്ന ഒരു കാലത്ത് അതെത്രമാത്രം ബുദ്ധിമുട്ടായിരുന്നുവെന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ, പ്രത്യേകിച്ച് ഹിന്ദു ആധിപത്യമുള്ള പൂനെ പോലെയൊരു സമൂഹത്തിൽ. ചില എഴുത്തുകാർ ഹിന്ദു-മുസ്‌ലിം സമുദായങ്ങൾ അവരുടെ പ്രവർത്തനങ്ങളെ എതിർത്തിരുന്നു എന്ന് പറയുന്നുണ്ട്. ബ്രാഹ്മണ്യവാദത്തിന്റെ ക്രൂരതക്കെതിരെ പോരാടുകയും ചെയ്തിരുന്നു സാവിത്രിബായി. ഒരു സമൂഹത്തിലെ ദോഷങ്ങൾക്കെതിരെ പോരാടുന്ന ആ സമൂഹത്തിനകത്ത് തന്നെയുള്ള ഒരാളായിരുന്നു അവർ. അവർ ദലിതർക്കു വേണ്ടി സ്കൂളുകളുടെ വാതിലുകൾ തുറപ്പിക്കുന്നത് ഒരേ സമയം പുരുഷാധിപത്യത്തോടും ജാതിവ്യവസ്ഥയോടും വെല്ലുവിളിച്ചു കൊണ്ടായിരുന്നു.

ഫാത്തിമ ഷെയ്ഖിന് മറ്റൊരു വീക്ഷണം ഉണ്ടായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇസ്‌ലാം വിലക്കിയിട്ടില്ല. അതിനാൽ, ഫൂലെ ആരംഭിച്ച ജാതി വിരുദ്ധ പദ്ധതിയുടെ ഭാഗമാകുന്നത് അവളെ കൂടുതൽ വിപ്ലവകാരിയാക്കിയിരുന്നു. അവർ സ്വന്തം സമുദായത്തിന് വേണ്ടി മാത്രമല്ല പോരാടിയിരുന്നത്. ആധുനിക വിദ്യാഭ്യാസം മുസ്‌ലിം പെൺകുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾ മുസ്‌ലിം പുരോഹിതന്മാർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സാവിത്രിബായ് ഭർത്താവിന് എഴുതിയ കത്തുകളിൽ ഫാത്തിമ ഷെയ്ഖിന്റെ സംഭാവനകളെക്കുറിച്ച് പരാമർശിച്ചതിനാൽ ഇവയിൽ ചിലത് നമുക്ക് അറിയാൻ സാധിക്കുന്നു. ഫാത്തിമ ഷെയ്ഖിനെ കുറിച്ചുള്ള ഒരു ചെറുവിവരണം ഇപ്പോൾ മഹാരാഷ്ട്രയുടെ ഉറുദു സ്കൂൾ പാഠപുസ്തകത്തിന്റെ ഭാഗമാണ്.

ഫാത്തിമാ ഷെയ്ഖ്

ഫാത്തിമ ഷെയ്ഖിന്റെ ചരിത്രത്തിലെ അവ്യക്തതകൾ മൂന്ന് കാര്യങ്ങളിലൂടെ വിശദീകരിക്കാം: ഒന്ന്, ഫാത്തിമ ഷെയ്ഖ് ഒരിക്കലും അവരുടെ ജീവിതം, ജോലി, കരിയർ എന്നിവയെക്കുറിച്ച് ഒന്നും എഴുതിയിരുന്നില്ല. അതിനാലാണ് അവരെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രം നാം അറിയുന്നത്. നേരെമറിച്ച്, സാവിത്രിബായിയും അവരുടെ ഭർത്താവ് ജ്യോതിറാവു ഫൂലെയും ധാരാളം എഴുതിയിട്ടുണ്ട്. ലേഖനങ്ങൾ, ഉപന്യാസങ്ങൾ, നാടകങ്ങൾ, കവിതകൾ പ്രണയലേഖനങ്ങളും തുടങ്ങി അനേകം എഴുത്തുകൾ അവരുടേതായുണ്ട്. ഫാത്തിമ ഷെയ്ഖിനെപ്പോലുള്ള ജാതി വിരുദ്ധ പരിഷ്കർത്താക്കളെ അവഗണിച്ചതിന് ഒരാൾക്ക് ‘ദ്വി ജന്മ’(സവർണ) ചരിത്രകാരന്മാരെ കുറ്റപ്പെടുത്താൻ കഴിയുമെങ്കിലും, അവരുടെ ജീവിതത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും വെളിച്ചം വീശുന്ന തെളിവുകൾ ലഭ്യമല്ല എന്നതും വസ്തുതയാണ്.

രണ്ട്, മഹാരാഷ്ട്രയിലെ ജാതി വിരുദ്ധ സാമൂഹിക പ്രസ്ഥാന ആഖ്യാനങ്ങളിൽ സാവിത്രിബായിയും ജ്യോതിറാവു ഫൂലെയും അനുയോജ്യരായ വ്യക്തിത്വങ്ങളാണ്. അവരുടെ രചനകളും കൃതികളും ദലിത്-ബഹുജൻ പ്രസ്ഥാനങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഗെയിൽ ഒംവേദ്, റോസലിൻഡ് ഓ ഹാലോൺ തുടങ്ങിയ പണ്ഡിതന്മാർ ഈ മേഖലയിലെ അവരുടെ സംഭാവന രേഖപ്പെടുത്തിയിട്ടുണ്ട്. ബി. ആർ. അംബേദ്കർ “ഹു വേർ ദി ശുദ്രാസ്” (who were the Shudras) എന്ന ഗ്രന്ഥം ജ്യോതിറാവു ഫൂലെക്കാണ് സമർപ്പിച്ചിരിക്കുന്നത്. നേരെമറിച്ച്, ഫാത്തിമ ഷെയ്ഖിന്റെ സംഭാവനകളെ ദലിത്-ബഹുജൻ പ്രസ്ഥാനം വിശാലാർത്ഥത്തിൽ പരിഗണിച്ചിട്ടില്ല. ഇതിന്റെ കാരണം അവ്യക്തമാണ്. ദലിത് പ്രസ്ഥാനം ഫൂലെ, ഷാഹുജി മഹാരാജ്, ശ്രീ നാരായണ ഗുരു, ബസവണ്ണ തുടങ്ങിയ ദലിത് ഇതര ‘പിന്നോക്ക വർഗ്ഗ’ ഐക്കണുകളെ അനായാസമായി സ്വീകരിച്ചെങ്കിലും ഫാത്തിമ ഷെയ്ഖിനെ ഇഷ്ടപ്പെടുന്നതിലും അംഗീകരിക്കുന്നതിലും പരാജയപ്പെട്ടു. ഇത് ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ വിഭാഗീയത മൂലമാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ എന്ന് ഗവേഷകർ കണ്ടെത്തേണ്ടതുണ്ട്.

മൂന്ന്, മുസ്‌ലിം അക്കാദമിക പണ്ഡിതന്മാർ പോലും ഫാത്തിമ ഷെയ്ഖിന്റെ സംഭാവനകളെ അവഗണിച്ചു. ജാതിരഹിത സമൂഹത്തിനു വേണ്ടിയും പെൺകുട്ടികളുടെ ആധുനിക വിദ്യാഭ്യാസത്തിനു വേണ്ടിയും പോരാടിയ ഒരു മുസ്‌ലിം സ്ത്രീ മുസ്‌ലിം മുഖ്യധാരാ ആഖ്യാനങ്ങളിൽ അസന്നിഹിതയാവുന്നു. ഫാത്തിമ ഷെയ്ഖും സാവിത്രിബായും 1848 ൽ പെൺകുട്ടികൾക്കായി സ്കൂൾ സ്ഥാപിച്ചവരാണ്. എന്നാൽ സർ സയ്യിദ് അഹമ്മദ് ഖാൻ 1875 ലാണ് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിക്കുന്നത്, പിന്നീട് അത് അലിഗഡ് മുസ്‌ലിം സർവ്വകലാശാലയായി മാറി. പക്ഷേ ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരിൽ ഒരാളായി ഖാൻ കണക്കാക്കപ്പെടുകയും ഫാത്തിമ ഷെയ്ഖ് സർ സയ്യിദിനോട് തുല്യമായ പ്രവർത്തനങ്ങൾ ചെയ്തിട്ടും അതേ പദവി അവർക്ക് ലഭിക്കാതെ പോവുകയും ചെയ്യുന്നു.

ഫാത്തിമ ഷെയ്ഖ് ചരിത്രത്തിൽ തനിക്ക് അർഹമായ ഇടത്തിനായി ഇപ്പോഴും പോരാടി കൊണ്ടിരിക്കുകയാണ്.


കടപ്പാട്: ദി പ്രിന്റ്

വിവ: സ്വാദിഖ് ചുഴലി

ദിലീപ് മണ്ഡൽ

ഗ്രന്ഥകാരൻ, മുൻ ഇന്ത്യാ റ്റുഡേ ഹിന്ദി മാഗസിൻ മാനേജിങ് എഡിറ്റർ