Campus Alive

ഭൂതം, ഭാവി, സ്വപ്നങ്ങൾ

(2019ൽ യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘Who Wants the Caliphate?’ എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം, ‘ആരാണ് ഖിലാഫത്ത് ആഗ്രഹിക്കുന്നത്..?’ ഭാഗം രണ്ട്)


ഓർമകളുടേയും ആഗ്രഹങ്ങളുടേയും സൃഷ്ടികളാണ് മനുഷ്യർ. സ്വന്തത്തെ മെച്ചപ്പെടുത്തന്നതിനെ കുറിച്ചോ, തന്നെ പോലെ മറ്റുള്ളവരെയും മെച്ചപ്പെടുത്തുന്നതിനെ കുറിച്ചോ ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഇല്ലാത്ത ജീവിതം ദൗർഭാഗ്യകരമാണ്. പ്രതീക്ഷയില്ലാത്ത ജീവിതം തിന്മയാണ് ഉല്പാദിപ്പിച്ചിട്ടുള്ളത്. തനി സാമ്രാജ്യത്തവാദികൾ പോലും ‘സ്വപ്നങ്ങളുണ്ടായിരിക്കുക’ എന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. വിൻസ്റ്റൺ ചർച്ചിൽ ഒരിക്കൽ പറയുന്നുണ്ട്: “ഇരുപത്തഞ്ച് വയസ്സായിട്ടും ഒരുവൻ മാർക്സിസ്റ്റ്‌ ആയിട്ടില്ലെങ്കിൽ അവൻ ഹൃദയശൂന്യനാണ്, എന്നാൽ മുപ്പത്തഞ്ച് വയസ്സായിട്ടും ഒരുവൻ മാർക്സിസ്റ്റായി തുടരുകയാണെങ്കിൽ അവൻ ബുദ്ധിശൂന്യനാണ്”. ആധുനികതയുടെ ഏറ്റവും വലിയ മതേതര മതമായിരുന്നു മാർക്സിസം. വടക്കൻ ലോക രാജ്യങ്ങളിലെ മതേതര യുവത്വത്തെ സംബന്ധിച്ചിടത്തോളം, യുഗാന്ത വീക്ഷണവും (eschatology) അനുകമ്പയും ഇല്ലാത്ത മുതലാളിത്തം സൃഷ്‌ടിച്ച ശൂന്യതകളെ പരിഹരിക്കുന്നതായിരുന്നു മാർക്സിസവും മറ്റു പുരോഗമന ചിന്താ പ്രസ്ഥാനങ്ങളും. മുസ്‌ലിങ്ങൾ ഒരാഗോള സമുദായമായിരിക്കുവോളം, അവർക്കിടയിൽ പരസ്പരം പങ്കുവെക്കപ്പെടുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അറബ് ലോകത്തെ സ്വേച്ഛാധിപത്യ ഭരണകർത്താക്കളുടെ കർശന മത-നിയന്ത്രണങ്ങളും (Orwellian control of religion) ഇസ്‌ലാമിനെകുറിച്ച മറ്റു വീക്ഷണങ്ങളെ അടിച്ചമർത്തുന്ന പ്രവണതയും ISIS പോലുള്ള ശക്തികളുടെ നിഷേധാത്മകവും വിനാശകരവുമായ പ്രവർത്തനങ്ങൾക്ക് വരവു വെക്കുന്നതാണ്. ഈ അവസ്ഥകൾ, സഹസ്രാബ്ദങ്ങളായി, മുസ്‌ലിം സമൂഹത്തിന്റെ മനോനിലകളെ മരവിപ്പിക്കുകയും, മതത്തിൽ അപകർഷതയുള്ളവർ/മതതീവ്രത വെച്ചുപുലർത്തുന്നർ എന്നിങ്ങനെ ധ്രുവീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭാവി ലോകത്തിന് പാകമാകുന്ന ഖിലാഫത്ത്, അതിന്റെ മൗലിക അടിത്തറകളിൽ നിന്നുകൊണ്ട് തന്നെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തക്കതാവണം. പ്രൊഫസർ സൽമാൻ സയ്യിദ് അദ്ദേഹത്തിന്റെ ‘റീകോളിംങ് ദി കാലിഫേറ്റ്’ എന്ന പുസ്തകത്തിൽ പറയുന്നത് കാണുക:

“മുസ്‌ലിംകൾ ഒരു സമൂഹം എന്ന നിലക്ക് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ മതപരമോ സാംസ്കാരികമോ അല്ല, മറിച്ച് രാഷ്ട്രീയപരമാണെന്ന് മനസ്സിലാക്കലാണ് ‘ഖിലാഫത്തിനെ ഓർമ്മിക്കുക’ (റീകോളിംങ് കാലിഫേറ്റ്) എന്നതിന്റെ പ്രാഥമിക ഉദ്ദേശ്യം. ഇസ്‌ലാമിക അധ്യാപനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതിയിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാൻ സാധിക്കൂ. പ്രവാചകന്റെ (സ) കാലം മുതൽ ഇസ്‌ലാമിക സമൂഹത്തിൽ നിലനിന്നിരുന്ന, പ്രവാചകൻ തുടക്കം കുറിച്ച ഒരു രാഷ്ട്രീയ പദ്ധതി തന്നെയാകുന്നു അത്. ‘ഖിലാഫത്തിനെ ഓർമ്മിക്കുക എന്നത് ഒരു അപകോളനീകരണ പ്രഖ്യാപനം കൂടിയാകുന്നു. ഇസ്‌ലാം, ഇസ്‌ലാം തന്നെയായി നിലനിൽക്കുമെന്നും അതു തന്നെയാണ് മുസ്‌ലിംകളുടെ സാമൂഹികമായ തേട്ടമെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ പ്രഖ്യാപനം” (Recalling the Caliphate, Salman Sayyid).

റീകോളിംങ് ദി കാലിഫേറ്റ്

ഈ ഓർമ്മിക്കൽ വലിയ ബാധ്യതയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി തൽപര കക്ഷികൾ ഇസ്‌ലാമിനെ ഇസ്‌ലാമായി നിലനിൽക്കാൻ അനുവദിച്ചിട്ടില്ല.

ശീത യുദ്ധാനന്തരം പാശ്ചാത്യ (ലിബറൽ) ക്രമം ലോകത്ത് ആധിപത്യം നേടി. അതിന്റെ വക്താക്കൾ, ഹണ്ടിങ്ടണിനെ പോലുള്ള യാഥാസ്തികർ (അപരർ വ്യത്യസ്തരാണ്, എല്ലാവരോടും നമ്മൾ പൊരുതണം എന്ന നിലപാടുള്ളവർ) മുതൽ, ഫുകുയാമയെ പോലുള്ള ലിബറലുകൾ (നമ്മളാണ് ചരിത്രത്തിന്റെ അന്ത്യം, നമ്മൾ എല്ലാവരെയും സ്വാംശീകരിക്കണം എന്ന നിലപാടുള്ളവർ) വരെ, പുതിയ പ്രതലങ്ങളുടെയും പുതിയ ശത്രുക്കളുടേയും ആവശ്യകതയെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോയി. ലിബറലിസത്തിന് (അതിന്റെ സാമ്പത്തിക-കൂടപ്പിറപ്പായ മുതലാളിത്തത്തിനും) നിരന്തരമായി ഒരു സാമ്രാജ്യവും, (അതിനെ താങ്ങിനിർത്തുന്ന തരത്തിൽ) വെട്ടിപ്പിടിക്കലുകളും ആവശ്യമായി വന്നു. ലിബറലിസത്തിന്റെ വിജയം ലോകത്തെ പാപ്പരത്തത്തിലേക്ക് തള്ളിവിട്ടു. ഇനി മറ്റൊരു ലോകക്രമം സാധ്യമാണോ എന്ന് ലിബറലുകൾ തന്നെ അത്ഭുതം കൂറും വിധം ആ പാപ്പരത്തം ലോകത്തെ ഗ്രസിച്ചു. നരവംശ ശാസ്ത്രജ്ഞനായ ക്ലിഫോഡ് ഗീറ്റ്സ് ലിബറലിസത്തിന്റെ അപ്രമാദിത്യത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. എന്നാൽ, നരവംശ ശാസ്ത്രജ്ഞൻ എന്ന നിലക്ക്, നിഷേധിക്കാൻ സാധിക്കാത്ത വിധം വസ്തുതാപരമായി നിലനിൽക്കുന്ന (മനുഷ്യരുടെ) വിശ്വാസങ്ങളിലും സംസ്കാരങ്ങളിലുമുള്ള വൈവിധ്യങ്ങൾ അദ്ദേഹത്തിന്റെ മേൽപറഞ്ഞ വിശ്വാസവുമായി ഇടയുന്നുണ്ട്. അവയ്ക്കിടയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചിന്താകുഴപ്പത്തിൽ അദ്ദേഹം അകപ്പെടുന്നു. അദ്ദേഹത്തിന്റെ സഹചാരിയായ റിച്ചാർഡ് ഷെവഡർ ഈ കുഴപ്പത്തെ ഉദ്ധരിച്ചുകൊണ്ട് ചോദിക്കുന്നുണ്ട്: “ലിബറൽ-മുതലാളിത്തം ആഗോള സംസ്കാരങ്ങളെ പാപ്പരത്വത്തിലേക്ക് തള്ളിവിട്ടിരിക്കുന്ന സാഹചര്യത്തിൽ, ആധുനിക ലോകക്രമം എന്നു കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന ഏകാശിലാത്മകമായ ഒരു സംസ്കാരത്തിലാണോ മനുഷ്യകുലം തങ്ങളുടെ ഭാവി കണ്ടെത്തേണ്ടത്?”. തുടർന്ന് സാധ്യമായ മൂന്ന് ഭാവിമാർഗങ്ങളെ കുറിച്ച് അദ്ദേഹം എഴുതുന്നു.

“ഇനി നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്, ഒരൊറ്റ ആഗോള നാഗരികതയുടെ അപ്രമാദിത്യത്തോടെ ചരിത്രത്തിന് അന്ത്യമാകുന്നതിനോ, വംശശുദ്ധിയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന ദേശീയതതയെ (ethnonationalism) ഉയർത്തിപ്പിടിക്കുന്ന ദേശരാഷ്ട്രങ്ങളുടെ വിജയത്തിനോ, അതുമല്ലെങ്കിൽ ആധുനികതക്ക് മുൻപ് നിലനിന്നിരുന്ന പോലെ അനേകം രാജ്യങ്ങൾ ചേർന്ന കോൺഫെഡറേഷനുകളിലായി ആളുകൾ അണിനിരക്കുന്നതിനോ ആണ്”.

ഇവയിൽ മൂന്നാമത്തെ ആശയത്തിന് മാത്രമേ മനുഷ്യസമൂഹത്തിന് ശരിയായ അഭിവൃദ്ധിയും വിമോചനവും പ്രദാനം ചെയ്യാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം, അവരും മുറുകെപ്പിടിക്കേണ്ടത് ഇതേ ആശയമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പരസ്പര സഹവർത്തിത്വത്തിലും സഹകരണത്തിലും നിലനിൽക്കുന്ന, സംഘട്ടനങ്ങൾ ഇല്ലാതെ തന്നെ തങ്ങളുടെ ലക്ഷ്യം മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന അനേകം സാംസ്കാരിക സത്വങ്ങൾ.

ലിബറലിസം അകപ്പെട്ടുപോയ മനോവിഭ്രാന്തിയും അവരുടെ ഏറ്റവും വലിയ കാപട്യവുമാണ് ഏകാശിലാത്മകത്വം (universalism). ഇക്കാര്യം വാഇൽ. ബി. ഹല്ലാഖ്, ഓറിയന്റലിസത്തെ പുനർവായിക്കുന്നു; ആധുനിക ജ്ഞാനവ്യവഹാരങ്ങൾക്ക് ഒരു വിമർശനം  (Restating Orientalism: A Critique of Modern Knowledge) എന്ന അദ്ദേഹത്തിന്റെ പ്രബന്ധത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിനെ ഒരു നാഗരിക സ്വത്വമായി അംഗീകരിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന എഡ്വേഡ് സൈദിന്റെ പ്രസ്താവനയും അദ്ദേഹം ഉദ്ധരിക്കുന്നു.

രക്തച്ചൊരിച്ചിൽ

സാമൂഹ്യശാസ്ത്രജ്ഞനായ അർജുൻ അപ്പാദുരൈയുടെ ‘Is Islam really their Target?’ എന്ന തലക്കെട്ടിൽ വന്ന ഒരു അഭിപ്രായ കോളത്തിൽ അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട്: “ലോകത്താകമാനം, മുസ്‌ലിം സമൂഹം വംശഹത്യാ സ്വഭാവമുള്ള രാഷ്ട്രങ്ങളുടെ അതിക്രമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്”. ഫലസ്തീനിയൻ ജനതയെ തടവിലിടുന്ന ഇസ്രായേലി ഭീകരതയും റോഹിങ്ക്യകളെ മ്യാൻമറിൽ നിന്നും പടികടത്തുന്ന ബുദ്ധഭീകരതയും, പ്രാദേശിക-വംശന്യൂനപക്ഷങ്ങൾ (racial biominorities) അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും അദ്ദേഹം തുടർന്നു വിവരിക്കുന്നു. ഈ വിശകലനം നമ്മുടെ വിഷയത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ഇത് എന്തുകൊണ്ടാണ് എന്ന് പതിറ്റാണ്ടുകളായി മുസ്‌ലിം സമൂഹം തങ്ങളോടു തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. പലർക്കും സുനിശ്ചിതമായ ഉത്തരം ഉണ്ടുതാനും, ‘മുസ്‌ലിം രക്തത്തിന്റെ നിസ്സാരത’! ഒരു ഇൻഡോ-അമേരിക്കൻ സാമൂഹ്യ ശാസ്ത്രജ്ഞന്റെ കേവല വിശകലനത്തിൽ ഇതു വന്നു എന്നതാണ് ശ്രദ്ധേയമായി മനാസ്സിലാക്കേണ്ടത്. അതിനപ്പുറം വലിയ തിരിച്ചവറിവൊന്നുമല്ല ഇത്.

Image credit: The Print

വികസിച്ചുവരുന്ന ലോകത്തോടൊപ്പം വളർച്ച പ്രാപിക്കുന്നതിൽ മുസ്‌ലിം ഭൂരിപക്ഷ-ദേശരാഷ്ട്രങ്ങൾ പരാജയപ്പെട്ടുപോകുന്നു. ചില അവസരങ്ങളിൽ അത്തരം രാഷ്ട്രങ്ങൾ വാസയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് വരെ എത്തുന്നു. ആഭ്യന്തര യുദ്ധങ്ങൾ, നവ-കൊളോണിയലിസം, വംശഹത്യകൾ, അഴിമതി, പരിസ്ഥിതി പ്രശ്നങ്ങൾ, ദാരിദ്ര്യം എന്നിവയെല്ലാം ഇത്തരം രാഷ്ട്രങ്ങളുടെ മേൽപറഞ്ഞ പ്രശ്നത്തിലേക്ക് വരവു വെക്കുന്നതാണ്. ആഗോള മുസ്‌ലിം സമൂഹം, തങ്ങളുടെ വ്യക്തിജീവിതത്തിൽ മതത്തിന് വളരെ ന്യൂനമായ പരിഗണന കൊടുക്കുന്നവർ പോലും, ഒരു സമൂഹം എന്ന നിലക്ക് തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഒരാധുനിക പാൻ-ഇസ്‌ലാമിക് യൂണിയൻ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ആഗോളവൽകൃത ലോകത്ത്, പടിഞ്ഞാറൻ ശക്തികൾ പ്രഖ്യാപിച്ചിരിക്കുന്ന ഭീകരവാദ വിരുദ്ധ യുദ്ധത്തെ (war on terror), ഇസ്രായേൽ, ചൈന, ഇന്ത്യ, മ്യാൻമർ, തുടങ്ങി എണ്ണമറ്റ ലോകരാജ്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത് മുസ്‌ലിം സ്വതത്തെ ചോദ്യം ചെയ്യാനും മുസ്‌ലിം പ്രശ്നത്തെ യുദ്ധോന്മുഖമായി സമീപിക്കാനുമാണ്. “ഞങ്ങൾ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നത് മുഴുവൻ മുസ്‌ലിംകളോടും മുഴുവൻ അറബ് രാജ്യങ്ങളോടുമാണ്”, ഒരു ഇസ്രായേലി രാഷ്ട്രീയ പ്രവർത്തകന്റെ വാക്കുകളാണിവ. യൂറോ-അമേരിക്കൻ നാടുകൾ എന്നല്ല, മുഴുവൻ രാജ്യങ്ങളിലും നിലനിൽക്കുന്ന ഇസ്‌ലാം വിരുദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രസ്താവന.

മുസ്‌ലിം സമൂഹത്തെ പ്രവാചകൻ (സ) ഇത് ഓർമ്മിപ്പിച്ചിട്ടുമുണ്ട്, ഒരുനാൾ ആളുകൾ നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും നിങ്ങൾ നിന്ദ്യരാവുകയും ചെയ്യുമെന്ന്. അത് നിങ്ങൾ എണ്ണത്തിൽ കുറവായത് കൊണ്ടാവുകയില്ല, മറിച്ച് നിങ്ങൾ ഒഴുക്കിൽപ്പെട്ട ചണ്ടികളെ പോലെ നിർജീവമായി പോകുന്നതുകൊണ്ടാണ്!

പ്രശ്നം നൂതനമോ ഇതോടുകൂടി അവസാനിച്ചു പോകുന്നതോ അല്ല. ശീതയുദ്ധത്തിന്റെ അവസാനത്തോടുകൂടി, ഇസ്‌ലാമാണ് പടിഞ്ഞാറൻ സാംസ്കാരിക അധീശത്വത്തിന് വിലങ്ങുതടിയായി നിൽക്കുന്നത് എന്ന് പ്രഖ്യാപിക്കപ്പെടുകയുണ്ടായി. “ഇസ്‌ലാമിന്റെ അതിർത്തികൾ രക്തരൂക്ഷിതമാണ്” എന്ന് സാമുവൽ പി ഹണ്ടിങ്ടൺ അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ക്ലാഷ് ഓഫ് സിവിലൈസേഷൻ’ എന്ന പ്രബന്ധത്തിൽ എഴുതി. പടിഞ്ഞാർ × ഇസ്‌ലാം എന്ന ആശയത്തിൽ, രണ്ട് പക്ഷത്തു നിന്നുമുള്ള എഴുത്തുകാർക്ക് അദ്ദേഹത്തിന്റെ ഈ നിരീക്ഷണം പ്രചോദനമായിത്തീർന്നു. ഒരു സെക്കുലർ ഇന്ത്യൻ മുസ്‌ലിമിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: “മഗ്‌രിബ് മുതൽ പാകിസ്താൻ വരെയുള്ള മുഴുവൻ മുസ്‌ലിം രാഷ്ട്രങ്ങളെയും തൂത്തുമാറ്റുന്നതോടു കൂടിയാണ് പുതിയ ലോകക്രമത്തിനു വേണ്ടിയുള്ള നമ്മുടെ പ്രയത്നങ്ങൾ ആരംഭിക്കുന്നത്”. ബർണാഡ് ലൂയിസ് എഴുതുന്നു: “സംസ്കാരങ്ങളുടെ സംഘട്ടനത്തിൽ (clash of civilisations) കുറഞ്ഞതൊന്നുമല്ല ഇത്. ഒരുപക്ഷേ യുക്തിരാഹിത്യമെന്ന് തോന്നാമെങ്കിലും, നമ്മുടെ ജൂത-ക്രൈസ്തവ പരമ്പര്യത്തിനെതിരെയും, നിലവിലെ നമ്മുടെ മതേതര ക്രമത്തിനെതിരെയും, ഇവ രണ്ടിന്റെയും വ്യാപനത്തിനെതിരെയുമുള്ള വൈര്യത്തിന്റെ ചരിത്രപരമായ പ്രതികരണമാണിത്”. ലൂയിസിന്റെയും ഹണ്ടിംങ്ടണിന്റെയും മേൽപറഞ്ഞ നിഗമനങ്ങൾ അവാസ്തവവും ധർമചിന്തയില്ലാത്തതുമാണ്. എന്നാൽ സംസ്കാരങ്ങളുടെ സംഘട്ടനം നടന്നിട്ടില്ല എന്ന് വാദിക്കുന്ന ആയിരക്കണക്കിന് അക്കാദമിക തീസിസുകൾക്ക് മേൽ വിജയം നേടാൻ അവരുടെ നിരീക്ഷങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്.

ഹണ്ടിംങ്ടൺ എഴുതിയത് പോലെ ഇസ്‌ലാമിന്റെ അതിർത്തികൾ രക്തരൂക്ഷിതമാവുകയായിരുന്നു. അതിർത്തികൾ മാത്രമല്ല, രാജ്യത്തിനുള്ളിലും രക്തച്ചൊരിച്ചിൽ വ്യാപകമായി. ഫലസ്തീൻ, ജൂത-വംശീയ സ്റ്റേറ്റിന്റെ തടവിൽ കിടന്നും വെടിയുണ്ടകളേറ്റും രക്തം വാർന്നുകൊണ്ടിരുന്നു. റോഹിങ്ക്യൻ മുസ്‌ലിംകളെ മറ്റൊരു മത-വംശീയ ദേശീയവാദ സ്റ്റേറ്റ് കത്തിച്ചും ബലാത്സംഗം ചെയ്തും രാജ്യത്തു നിന്ന് പുറന്തള്ളിക്കൊണ്ടിരുന്നു. റോഹിങ്ക്യൻ സ്ത്രീകൾ മ്യാന്മാറി പീഡകന്മാരുടെ കുഞ്ഞുങ്ങളെ പ്രസവിച്ചു കൊണ്ടിരുന്നു. ഇന്ത്യയിൽ, കാശ്മീരിൽ വിശേഷിച്ചും, എണ്ണമറ്റ മുസ്‌ലിംകൾക്ക് അവരുടെ അഭിമാനവും, അവകാശങ്ങളും, ജീവിതം തന്നെയും നഷ്ടപ്പെടുത്തികൊണ്ട് ഒരു ഹിന്ദുമത-വർഗീയ സ്റ്റേറ്റ് അവരെ ഞെരുക്കി. ചൈനയിലാകട്ടെ, ഉയിഗൂർ മുസ്‌ലിംകൾ തങ്ങളുടെ നാടുകളിൽ നിന്നും കുടിയിറക്കപ്പെട്ടു. അവരിലെ പുരുഷന്മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ ഹാൻ-ചൈനീസ് പുരുഷന്മാർക്കൊപ്പം കഴിയാൻ നിബന്ധിക്കുകയും ചെയ്തു. നാളിതുവരെയും മുസ്‌ലിംകൾ ഭൂരിപക്ഷമായ ഒരു രാഷ്ട്രം പോലും ഇതിന്നെതിരിൽ ശക്തമായി പ്രതിഷേധിച്ചില്ല. മുസ്‌ലിം തെരുവുകൾ പോലും നിശ്ശബ്ദമായിരുന്നു. ചില സെക്കുലർ മനുഷ്യാവകാശ കൂട്ടായ്മകൾ മാത്രമാണ് പറയത്തക്ക പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നത്. അവരിൽ ഏറിയതും ചൈനയുടെ വളർച്ചയിൽ അതൃപ്തരായ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു എന്നത് മറ്റൊരു വസ്തുത. മധ്യ-ആഫ്രിക്കൻ റിപ്പബ്ലിക്കിൽ നിന്ന് മുസ്‌ലിംകൾ വംശീയമായി തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. യമൻ, സിറിയ, ലിബിയ, ഇറാഖ്‌, സോമാലിയ, സുഡാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ആഭ്യന്തര യുദ്ധത്തിൽ പെട്ട് അറ്റം കാണാത്ത പ്രതിസന്ധിയുടെ നടുവിലാണ്.

പ്രദേശത്തെ എണ്ണ പ്രഭുക്കന്മാരായ ‘കടലാസുപുലികൾ’ (സൗദിയും ഇറാനും) തമ്മിലുള്ള സംഘട്ടനത്തെ, ഇരുവിഭാഗങ്ങളിൽ നിന്നുമുള്ളവർ തങ്ങളുടെ അപര്യാപ്തതകൾ മറച്ചുപിടിക്കാനായി ശിയാ-സുന്നി സംഘട്ടനം എന്ന പേരിലാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആ പ്രദേശത്തെയൊന്നാകെ യുദ്ധോന്മുഖമായി നിലനിർത്തുന്നതും മറ്റു പ്രദേശങ്ങളെ ഇതിലേക്ക് വലിച്ചിഴക്കുന്നതുമാണ്. ഈ രാജ്യങ്ങളെ തമ്മിൽ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഇത്തരം സംഘട്ടനങ്ങൾ.

സമ്പൂർണ മതരാഷ്ട്രമോ സഹിഷ്ണുത പുലർത്തുന്ന ഇസ്‌ലാമിക് യൂണിയനോ?

ഖിലാഫത്ത് എന്ന ആശയം നേരിട്ടുകൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ നിന്ന് അതിനെ പ്രതിരോധിക്കാൻ, കഴിഞ്ഞ കാലങ്ങളിൽ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയിലും പ്രയോഗത്തിലും സംഭവിച്ച വ്യതിചലനങ്ങളിൽ നിന്നും ഭിന്നമായി ആധുനിക ലോകത്തിന് പാകമായതും പ്രമാണങ്ങളുടെ പിൻബലമുള്ളതുമായ ശരിയായ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയെ വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ചരിത്രരഹിതമോ ഉട്ടോപ്യനോ ആയ ആശയങ്ങളിലോ തീസിസുകളിലോ ഉള്ള കേവല വിചിന്തനങ്ങളിലൂടെ സാധ്യമാകുന്ന ഒന്നല്ല അത്. മധ്യകാലീനമായ കേവല രാഷ്ട്രീയ സ്ഥാപനം എന്നതിലുപരി, മുസ്‌ലിം സമുദായത്തിലെ പ്രാദേശിക-രാഷ്ട്രീയ-സാംസ്കാരിക-മത കാഴ്ചപ്പാടുകളിലെ വൈവിധ്യങ്ങളുടെ ആരോഗ്യകരമായ സഹവർത്തിത്വം സാധ്യമാക്കുന്നതും അമുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതുമായ ഒരു യൂണിയനാണ് അത്. അത്തരത്തിലുള്ള ഒരു വിഭാവന സാധ്യമാകുന്നത്, ഇസ്‌ലാമിക കർമശാസ്ത്ര പണ്ഡിതന്മാരുടെയും ദൈവശാസ്ത്ര വിശാരദന്മാരുടെയും (theologians) രാഷ്ട്രീയ മീമാംസകരുടെയും (political theorists) സംരഭകരുടെയും (entrepreneurs) ദീർഘവീക്ഷണമുള്ള നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. ചില ചരിത്ര രേഖകൾ മുന്നിൽ വെച്ചുകൊണ്ട് ഈ ആശയത്തെ സാധൂകരിക്കാനും അതിനുള്ള ഒരു രൂപരേഖ സമർപ്പിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്.

പ്രൊഫ. ഡേവിഡ് വാസ്സർസ്റ്റീൻ

വാണ്ടർവിൽത്ത് യൂണിവേഴ്‌സിറ്റിയിൽ ജൂത-ഹെറിറ്റേജ് വിഭാഗത്തിൽ അധ്യാപകനും, ജൂത-ഇസ്‌ലാം മതങ്ങളിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നതുമായ പ്രൊഫ. ഡേവിഡ് വാസ്സർസ്റ്റീൻ അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ഒരു പഠനം പുറത്തിറക്കുകയുണ്ടായി. ISIS-ന്റെ മതപരവും പ്രത്യയശാസ്‌ത്രപരവുമായ വേരുകളിലേക്കുള്ള അന്വേഷണമാണ് ‘ബ്ലാക്ക്‌ ബാനേഴ്സ് ഓഫ് ഐ.എസ്.ഐ.എസ്; റൂട്ട്‌സ് ഓഫ് ന്യൂ കാലിഫേറ്റ്’ എന്ന പേരിലുള്ള ആ പ്രബന്ധത്തിന്റെ ഇതിവൃത്തം. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു പ്രഭാഷണത്തിൽ ഇസ്‌ലാമാണ് (ആദ്യകാല ഖിലാഫത്തിന്റെ കാലത്ത് നിലനിന്നിരുന്ന ഇസ്‌ലാം) ജൂതമതത്തെ വേരറ്റുപോകുന്നതിൽ നിന്ന് കാത്തതെന്ന് അദ്ദേഹം പ്രസ്താവിക്കുകയുമുണ്ടായി.

അദ്ദേഹം പറയുന്നു: “ഇസ്‌ലാം ജൂതായിസത്തെ രക്ഷിച്ചു എന്ന വാദം ആധുനിക ലോകത്തിന് പരിചിതമല്ലാത്തതും അസുഖകരവുമായിരിക്കും. പക്ഷേ അതാണ് ചരിത്രപരമായ ശരി. രണ്ട് വാദങ്ങളാണ് ഇതിന് പ്രഥമമായി ഉള്ളത്. ഒന്ന്, ക്രിസ്തുവർഷം 570ൽ പ്രവാചകൻ ജനിക്കുന്ന കാലത്ത് ജൂതമതം വിസ്‌മൃതിയിലേക്ക് ആഴ്ന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ട്, ജൂതായിസത്തെ ഇസ്‌ലാമിക ഖിലാഫത്ത് സംരക്ഷിച്ചു നിർത്തി. ജൂതമതത്തെ എന്ന പോലെ ക്രിസ്ത്യൻ മതത്തെയും അവർ നേരിട്ടുകൊണ്ടിരുന്ന പരാജയങ്ങളിൽ നിന്നും തകർച്ചകളിൽ നിന്നും സംരക്ഷിക്കുകയും, ആധുനിക കാലം വരെയുള്ള പ്രയാണ ഘട്ടങ്ങളിൽ അവയെ പുഷ്ടിപ്പെടുത്താനുതകുന്ന അടിത്തറകൾ നിർമിച്ചു നൽകുകയും ചെയ്തു. ഇസ്‌ലാമിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നില്ല എങ്കിൽ, ജൂതമതം പടിഞ്ഞാറിൽ വേരറ്റുപോവുകയും, കിഴക്കൻ ദേശങ്ങളിൽ അതൊരു ഓറിയന്റൽ സംസ്കൃതിയായി മാത്രം അവശേഷിക്കുകയും ചെയ്യുമായിരുന്നു”.

പ്രൊഫസർക്ക്, തന്റെ രണ്ട് നിരീക്ഷണങ്ങൾ (ഖിലാഫത്തിൽ ISIS-ന് വേരുകളുണ്ട് എന്ന നിരീക്ഷണവും ഖിലാഫത്താണ് ജൂതമത്തെ സംരക്ഷിച്ചത് എന്ന നിരീക്ഷണവും) തമ്മിലുള്ള വൈരുദ്ധ്യം മനസ്സിലായിട്ടുണ്ടോ എന്നറിയില്ല. ചരിത്രപരമായി ഇസ്‌ലാമിക സംസ്കൃതിയുടെയും നിയമ-ദൈവ ശാസ്ത്രങ്ങളുടെയും നിലനിൽപ്പ് സാധ്യമാക്കിയത് ഖിലാഫത്താണ്. മാത്രമല്ല, എത്രതന്നെ അപൂർണ്ണതകൾ ഉണ്ടായാലും (ആദ്യഭാഗങ്ങളിൽ വന്ന അസിംട്ടോട്ടുകളെ കുറിച്ച ചർച്ചകൾ കാണുക) ജൂത-ക്രിസ്ത്യൻ മതങ്ങളിലെ ബൗദ്ധിക സമൂഹങ്ങളുടെ പുനരുദ്ധാരണം സാധ്യമാക്കിയതും യവന ശാസ്ത്ര-തത്വചിന്തകളിലുണ്ടായ നവോത്ഥാനത്തിന് ആതിഥ്യമരുളിയതും ഇസ്‌ലാമിക ഖിലാഫത്തായിരുന്നു. “ഗൃഹാതുരത്വത്തിൽ അഭിരമിക്കുന്നത് മതിയാക്കൂ” എന്നും “നിങ്ങൾക്കൊരിക്കലും കഴിഞ്ഞ കാലത്തെ തിരിച്ചുവിളിക്കാൻ സാധ്യമല്ല” എന്നും അവജ്ഞയോടെ പറഞ്ഞൊഴിവാക്കുന്നതിന് മുൻപ് ഒരു നിമിഷം, പ്രൊഫ. വാസേർസ്റ്റീനിന്റെ നിലപാടുകളിലുള്ള വൈരുദ്ധ്യം മനസ്സിലാക്കാൻ ഇതുപകരിക്കും.

രണ്ട് നൂറ്റാണ്ട് കാലത്തോളം, പ്രവിശാലമായ ഭൂപ്രദേശങ്ങളെ ഐക്യപ്പെടുത്തിക്കൊണ്ടും, സമാധാനത്തോടെയും സ്ഥിരതയോടെയും സാംസ്കാരിക-വ്യാപാര കൈമാറ്റങ്ങൾ സാധ്യമാക്കിക്കൊണ്ടും ഒരു ഖിലാഫത്ത് നിലനിന്നിരുന്നില്ല എങ്കിൽ എന്തായിരിക്കും സംഭവിക്കുക ഇന്ന് ആലോചിക്കൂ. ചെറിയ നാട്ടുരാജ്യങ്ങളും ഗോത്രവിഭാഗങ്ങളും തമ്മിൽ തല്ലുന്നതോ, ഖവാരിജുകളെ (നിലവിലെ ഐഎസ്ഐഎസിനോട് താദാത്മ്യപ്പെടുമാറുള്ള) പോലെയുള്ള അവാന്തര വിഭാഗങ്ങൾ നിത്യവും കുഴപ്പം സൃഷ്ടിക്കുന്ന ഇരുണ്ട യുഗമായിരിക്കും ഉണ്ടാവുക. ഉമവികളോ അബ്ബാസികളോ ഓട്ടോമൻ ഖിലാഫത്തോ കലർപ്പില്ലാത്ത, പരിപൂർണ ഖിലാഫത്തായിരുന്നില്ല. എങ്കിലും പൊതുവിൽ, ഇസ്‌ലാമിക നിയമങ്ങളുടെ അപ്രമാദിത്യം, സാമുദായിക ഐക്യം എന്നീ മൂല്യങ്ങൾ സാധ്യമാക്കിയ ഉന്നതമായ ഭരണക്രമമായിരുന്നു ഖിലാഫത്ത് എന്ന കാര്യത്തിൽ തർക്കമില്ല. ആധുനിക പണ്ഡിതന്മാർക്കിടയിലും സർവ്വാംഗീകൃതമായ ഈ വസ്തുതയിലേക്കാണ് ഇനി നമ്മൾ ശ്രദ്ധതിരിക്കുന്നത്.

(തുടരും)


വിവർത്തനം: അഫ്സൽ ഹുസൈൻ

ഒവാമിർ അഞ്ജൂം