Campus Alive

ഒട്ടോമൻ ഫെസിന്റെ ചരിത്രം

തൊപ്പി ധരിക്കുക എന്നതിന് മതപരമായ പ്രാധാന്യം ഉള്ളപ്പോൾ തന്നെ സാംസ്കാരികവും ചരിത്രപരവുമായ ഒരു മാനം കൂടി അതിനുണ്ട്. ഒരു നൂറ്റാണ്ടോളം ഒട്ടോമൻ പൗരന്മാർ ധരിച്ചിരുന്ന തൊപ്പിയാണ് ‘ഫെസ്’. യുറോപ്യൻ പുരുഷന്മാർ വരെ ഫെസ് ഒരു ഉയർന്ന വസ്ത്രയിനമായി കണ്ടിരുന്നു. ഫെസ് ധരിച്ച പുരുഷ മോഡലുകളുടെ ഫോട്ടോകൾ ഫാഷൻ മാഗസിനുകളിൽ പ്രസിദ്ധീകരിക്കുക പോലുമുണ്ടായി. യുവാക്കളും വൃദ്ധന്മാരും വരെ “തുർക് ബ്ലൂ” എന്ന ഈ തൊപ്പിയെ ഇഷ്ടപ്പെട്ടിരുന്നു. യൂറോപ്പ് വരെ ഫെസ് തൊപ്പിയുടെ സ്വാധീനം വ്യാപിച്ചിരുന്നു. ബ്രിട്ടീഷ് നോവലിസ്റ്റ് അർനോൾഡ് ബെന്നറ്റിന്റെ “ഹെലൻ വിത്ത് എ ഹൈ ഹാൻഡ്” എന്ന നോവലിലെ ജെയിംസ് എന്ന കഥാപാത്രം വീട്ടിൽ തിരിച്ചെത്തുമ്പോൾ ചുവന്ന “തുർക്കിഷ് തൊപ്പി” ധരിക്കുന്നതായി പറയുന്നുണ്ട്.

നാവികരുടെ വസ്ത്രങ്ങൾ വളരെ ഭാരം കുറഞ്ഞതും വളരെ വേഗത്തിൽ സഞ്ചരിക്കാൻ ഉതകുന്നതും ആകേണ്ടതുണ്ടായിരുന്നു. ഒട്ടോമൻ നാവിക കമാൻഡർ ഹുസ്രോവ് പാഷയാണ് തുനീഷ്യയിലെ തന്റെ സൈനികരെ ഫെസ് തൊപ്പി ധരിക്കാൻ ആദ്യമായി പ്രേരിപ്പിക്കുന്നത്. ഒട്ടോമൻ സുൽത്താൻ മഹ്മൂദ് രണ്ടാമൻ ഈ നാവികതൊപ്പി ഒരു ചടങ്ങിൽ വെച്ചാണ് ആദ്യമായി കാണുന്നത്. തൊപ്പിയിൽ ആകൃഷ്ടനായ അദ്ദേഹം 1828ൽ എല്ലാ സൈനികരോടും പൊതു ഉദ്യോഗസ്ഥരോടും ഫെസ് തൊപ്പി ധരിക്കാൻ ഉത്തരവിട്ടു കൊണ്ട് ഒരു നിയമം കൊണ്ടുവന്നു. ഒട്ടോമൻ സൈനിക വിഭാഗമായ ജാനിസാരികൾ ഈ നിയമത്തിനെതിരെ രംഗത്ത് വന്നെങ്കിലും, ഒട്ടോമൻ പതാകക്ക് കീഴിൽ ജീവിക്കുന്ന ജനങ്ങൾ ഫെസ് തൊപ്പിയെ ഏറ്റെടുത്തു. വസ്ത്രധാരണവും ഇസ്‌ലാമും തമ്മിലുള്ള ബന്ധം, തലപ്പാവ് ധരിക്കാൻ മുസ്‌ലിംകളെ പ്രാപ്തരാക്കുന്ന അതേ വികാരം തന്നെ, ഒട്ടോമൻ പൊതുജനങ്ങൾക്കിടയിൽ ഫെസ് തൊപ്പിക്ക് വലിയ സ്വീകാര്യത നൽകി. സുൽത്താൻ മഹ്മൂദ് രണ്ടാമൻ നടപ്പാക്കിയ ഈ പരിഷ്കാരം ദേശീയ ഘടനക്ക് അനുസൃതമായി നടപ്പിൽ വന്നു.

മൊറോക്കോയിലെ “ഫെസ്” എന്ന നഗരത്തിന്റെ നാമത്തിൽ നിന്നാണ് ഈ ശിരോവസ്ത്രത്തിന് പേര് വീണത്. മെഡിറ്ററേനിയൻ രാജ്യങ്ങളിൽ സർവ്വസാധാരണമായ ശിരോവസ്ത്രമാണ് ഫെസ്. എന്നാൽ ഗ്രീക്കുകാരിൽ നിന്നോ ഹംഗേറിയൻ വംശത്തിൽ നിന്നോ ആണ് ഇതിന്റെ ഉത്ഭവം എന്ന തെറ്റായ വാദം പലരും നടത്താറുണ്ട്. അൾജീരിയൻ യുവാക്കൾ ചുവന്ന നിറത്തിലുള്ള ഫെസ് ധരിച്ചതായി എവ് ലിയ ചെലെബി എഴുതിയിട്ടുണ്ട്; “ഒരു മനുഷ്യനെ ഫെസ് കൂടുതൽ സുന്ദരനാക്കി” എന്ന കവിതകൾ അദ്ദേഹം എഴുതി. ഒട്ടോമൻ കലാകാരൻ റിഫാത് ബേയുടെ “പെക്ക് യാകാറ്റ എറി ഫെസ്” (ഈ വളഞ്ഞ ഫെസ് നിങ്ങൾക്ക് നന്നായി യോജിക്കുന്നു) എന്ന ഗാനം ഏറെ ജനപ്രിയമാണ്.

ആദ്യമൊക്കെ തുനീഷ്യയിൽ നിന്നാണ് ഫെസ് തൊപ്പികൾ ഇറക്കുമതി ചെയ്തിരുന്നത്; പിന്നീട്, ഒട്ടോമൻ അമുസ്‌ലിം സമൂഹം തന്നെ ഫെസ് ഫാക്ടറികൾ സ്ഥാപിച്ചു. 1836ലാണ് ഓട്ടോമൻ സർക്കാർ നടത്തുന്ന ഫെസ് ഫാക്ടറിയായ ഫെഷെയിൻ സ്ഥാപിതമാവുന്നത്. സുൽത്താൻ അബ്ദുൽഹമീദിന്റെ കാലഘട്ടത്തിൽ ഫെഷെയ്ൻ ഉയർന്ന നിലവാരമുള്ള ഫെസ് തൊപ്പികൾ നിർമ്മിച്ചു തുടങ്ങി. ഇതേ സമയം തന്നെ, ഓസ്ട്രിയയിൽ നിന്ന് ഉയർന്ന നിലവാരമുള്ള തൊപ്പികൾ അവർ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.

തുർക്കിയിൽ തീന്മേശയിലേക്കോ, പ്രായമായവരോടൊപ്പമോ ഫെസ് തൊപ്പിയില്ലാതെ പോകുന്നത് അപമാനകരമാണെന്ന് കണക്കാക്കപ്പെടുന്നതിനാൽ, വീടുകളിൽ വരെ എല്ലാവരും തൊപ്പി ധരിച്ചിരുന്നു. ആകൃതി, നിറം, ധരിക്കുന്ന രീതികൾ എന്നിവക്കനുസരിച്ച് വ്യത്യസ്തങ്ങളായ ഫെസ് തൊപ്പികൾ വ്യത്യസ്ത ശൈലികളിൽ ലഭ്യമായിരുന്നു. ഉദാഹരണത്തിന്, സുൽത്താൻ മഹ്മൂദ് “മഹ്മൂദി” എന്ന് വിളിക്കപ്പെടുന്ന നീളമേറിയ ഫെസ് തൊപ്പിയായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്, സുൽത്താൻ അബ്ദുൽ അസീസ് “അസീസി” എന്ന ചെറുതായ ചുരുങ്ങിയ ഫെസായിരുന്നു ധരിച്ചിരുന്നത്, സുൽത്താൻ അബ്ദുൽഹമീദാവട്ടെ “ഹാമിദി” എന്ന് വിളിക്കുന്ന നീണ്ട ഫെസായിന്നു ധരിച്ചത്. ചിലർ തൊപ്പി പുരികം വരെ ധരിച്ചിരുന്നു, ചിലരാവട്ടെ അത് തലയുടെ പിന്നിലേക്കും ധരിച്ചിരുന്നു. എന്നിരുന്നാലും, ഒരു ഫെസ് ധരിക്കാനുള്ള ഏറ്റവും സ്വീകാര്യമായ മാർഗം ഒരു ചെവിയുടെ ഭാഗത്തേക് ചരിക്കുക എന്നതായിരുന്നു. ഫെസിന്റെ നിറം അത് ധരിക്കുന്ന വ്യക്തിയുടെ രാഷ്ട്രീയ വീക്ഷണത്തെയും തൊഴിലിനെയുമായിരുന്നു സൂചിപ്പിച്ചിരുന്നത്.

കാൽപാക്

ഇസ്‌ലാമിക പണ്ഡിതന്മാർ ഒരു വെളുത്ത തലപ്പാവ് ഫെസിന് ചുറ്റും പൊതിയുകയും, മറ്റുള്ളവർ വ്യത്യസ്ത തലപ്പാവുകൾ വ്യത്യസ്ത നിറങ്ങളിൽ പൊതിയുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും, മിക്ക ആളുകളും തലപ്പാവ് പൊതിയാതെയായിരുന്നു ഫെസ് തൊപ്പി ധരിച്ചിരുന്നത്. കുട്ടികളുടെ തൊപ്പികളിൽ ആത്മീയ സംരക്ഷണത്തിനെന്ന പേരിൽ “മാഷാ അല്ലാഹ്” എന്ന വാക്കുകൾ സ്വർണ്ണ ലിപികൾ കൊണ്ട് എഴുതി അലങ്കരിച്ചിരുന്നു. തുർക്കിഷ് ചരിത്രത്തിൽ വിചിത്ര പദ്ധതികൾക്ക് പേരുകേട്ട യൂണിയൻ ആന്റ് പ്രോഗ്രസ് കമ്മിറ്റിയുടെ (സി.യു.പി) യുദ്ധമന്ത്രിയായിരുന്ന എൻവർ പാഷയ്ക്ക് ചന്ദ്രക്കലയും നക്ഷത്രവും ഉപയോഗിച്ച് നിർമ്മിച്ച ഒരു ഫെസ് തൊപ്പി ഉണ്ടായിരുന്നു, അങ്ങനെ ഫെസ് തൊപ്പികൾ കൂടുതൽ ഈ സ്വഭാവത്തിലായി. ഒന്നാം ലോകമഹായുദ്ധസമയത്ത്, സൈനികരും സിവിലിയന്മാരും ഫെസ് ധരിക്കുമ്പോൾ എൻ‌വർ പാഷ സൈനികരുടെ തൊപ്പിയെ “കബാലക്” എന്ന് വിളിച്ചിരുന്നു, അതിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഹെൽമെറ്റിനോട് സാമ്യമുണ്ടായിരുന്നു. ഈ കബാലക് തൊപ്പി ശ്രത്രുവിനെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടോമൻ സൈനികർക്ക് ഉപകരിച്ചു. ഇസ്താംബൂളിലെ ഓട്ടോമൻ സാമ്രാജ്യത്തിനോടും ഫെസിനോടുമുള്ള പ്രതിഷേധസൂചകമായി കെമാലിസ്റ്റുകലാണ് കാൽ‌പാക് ആദ്യമായി ധരിക്കുന്നത്. മൂർച്ചയുള്ള രണ്ട് കോണുകളുള്ള കാൽപാകിനെ ഫെസ് തൊപ്പിയുടെ ശത്രുവാക്കി അവർ ധരിച്ചു.

തുർക്കി റിപ്പബ്ലിക്കായതിന് ശേഷം, 1925-ൽ അഭൂതപൂർവമായ ഒരു നിയമം പാസ്സായി. ഈ നിയമം പ്രകാരം ഫെസ് തൊപ്പി ധരിക്കുന്നത് കുറ്റകരമായി കണക്കാക്കപ്പെടുകയും ലംഘിക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്തു. എന്നിരുന്നാലും, ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സിറിയ, ഇറാഖ്, ഫലസ്തീൻ, ഈജിപ്ത്, പശ്ചിമ ത്രേസ്, മാസിഡോണിയ, ബോസ്നിയ തുടങ്ങിയ രാജ്യങ്ങളിൽ ഫെസ് പാരമ്പര്യം നിലനിന്നിരുന്നു. തുനീഷ്യ, ലിബിയ, മൊറോക്കോ, അൾജീരിയ എന്നിവിടങ്ങളിൽ ഫെസ് തൊപ്പിക്ക് ഇന്നും ജനപ്രീതി നഷ്ടപ്പെട്ടിട്ടില്ല. മാത്രമല്ല, ഇന്ന് ഓട്ടോമൻ‌മാരുടെയും തുർക്കികളുടെയും പ്രതീകമായാണ് ഫെസ് കാണപ്പെടുന്നത്.

ഫെസ് തൊപ്പി ഇന്ത്യയിൽ

റൂമി തൊപ്പി, തുർക്കി തൊപ്പി, ഫെസ് തൊപ്പി എന്നീ പേരുകളിലാണ് ഇന്ത്യയിൽ ഈ തൊപ്പി അറിയപ്പെടുന്നത്. ഒട്ടോമൻ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ ഭരണകാലത്ത് പാൻ-ഇസ്‌ലാമിസത്തിന്റെ പ്രചാരത്തിന്റെ ഭാഗമായാണ് ഫെസ് തൊപ്പി ഇന്ത്യയിൽ എത്തിച്ചേരുന്നത്. 1900കളുടെ തുടക്കത്തിൽ തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ ഒട്ടോമൻ സഹായം ലഭിച്ചതോടെ മുസ്‌ലിം മനസ്സുകളിൽ ഒട്ടോമൻ അടയാളമായ ഫെസിന് വലിയ പ്രചാരണം ലഭിച്ചു. ആദ്യമൊക്കെ, ഒട്ടോമൻ അനുകൂലികളായ മുസ്‌ലിംകളും ഒട്ടോമൻ വിരോധികളായ മുസ്‌ലിംകളും ഫെസ് ധരിച്ചിരുന്നു. പിന്നീട്, ഒട്ടോമൻ അനുകൂലികളായ മുസ്‌ലിംകളുടെ മാത്രം വസ്ത്രമായി ഫെസ് മാറി.

ഹൈദരബാദിലെ ഒസ്മാനിയ്യ യൂണിവേഴ്സിറ്റിയിലെ യൂണിഫോമിന്റെ ഭാഗമായിരുന്നു ഫെസ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ ഫെസ് തൊപ്പി മുസ്‌ലിംകൾ ധരിക്കുകയും അതിനെ മുസ്‌ലിംകളുടെ സാംസ്കാരിക അടയാളമായും അഭിമാനമായും ഗണിക്കപ്പെട്ടിരുന്നു. ലിയാഖത്ത് അലിഖാൻ, അല്ലാമാ മുഹമ്മദ് ഇഖ്ബാൽ എന്നിവരും വിവിധ മുസ്‌ലിം ദേശീയ നേതാക്കളും അവരുടെ ജീവതത്തിലുടനീളം ഫെസ് ധരിച്ചിരിന്നു. “ഫെസ് തൊപ്പി ഖിലാഫത്ത് സമരത്തെ അനുകൂലിച്ചവരായിരുന്നു ധരിച്ചിരുന്നത്” എന്ന് ചരിത്രക്കാരനായ സിയാവുദ്ധീൻ അഹ്മദ് ഷാക്കെബ് പറയുന്നുണ്ട്. 1920ൽ നടന്ന ഖിലാഫത്ത് സമരാനുകൂലികളുടെ അടയാളമായിരുന്നു ഫെസ് തൊപ്പി. ഫെസ് തൊപ്പി ധരിച്ചവരെ ഒട്ടോമൻ ഖിലാഫത്തിനെ പിന്തുണക്കുന്നവരായി കണക്കാക്കിയിരുന്നു. അതുകൊണ്ട് തന്നെ, അത്തരക്കാരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് വരെ ചെയ്തിരുന്നു. മലബാർ ബ്രിട്ടീഷ് വിരുദ്ധ സമര പോരാളിയായ വാരിയൻകുന്നത് കുഞ്ഞഹമ്മദ് ഹാജി “തുർക്കി തൊപ്പി” ധരിച്ചതായി മലബാർ കലാപം എന്ന പുസ്തകത്തിൽ മാധവൻ നായർ വിവരിക്കുന്നുണ്ട്.

ഖിലാഫത്ത് സമരത്തിന്റെ പരാജയത്തിന് ശേഷം ഈ തൊപ്പിക്കെതിരെ ബ്രിട്ടീഷ് വൈര്യത്തിനൊപ്പം ദേശീയ പ്രസ്ഥാനമായ കോൺഗ്രസ് ഫെസ് തൊപ്പി ഉപേക്ഷിക്കാൻ പറയുകയും ആ സ്ഥാനത്ത് “ഖാദി തൊപ്പി”യെ ഒരു ദേശീയ ചിഹ്നമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ഇന്ത്യൻ ദേശീയതാ രൂപീകരണത്തിന്റെ സവിശേഷ സ്വഭാവത്തെ കാണിക്കുവാൻ പലരും ഇത് ഉദ്ധരിക്കാറുണ്ട്. എം.കെ ഗാന്ധി ജയിലിലായ സമയം അദ്ദേഹം തന്റെ അനുയായികൾക്ക് കത്തെഴുതാറുണ്ടായിരുന്നു. അതിൽ ഒരു ഭാഗത്ത് തുർക്കിഷ് തൊപ്പിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തുർക്കിഷ് തൊപ്പി നിങ്ങൾക്ക് “അൺ കംഫർടബിൾ” ആയി തോന്നിയാൽ നിങ്ങൾ ഖാദി തൊപ്പി ധരിക്കൂ എന്ന് അതിലദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

അല്ലാമാ മുഹമ്മദ് ഇഖ്ബാൽ

എന്നിരുന്നാലും, ഇന്ത്യൻ മുസ്‌ലിംകളുടെ അകത്തളത്തിൽ സ്വാതന്ത്ര സമരകാലങ്ങളിൽ ഫെസിന് വലിയ സ്ഥാനം കൽപ്പിച്ചിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, 2014ൽ ടി.ആർ.എസ് നേതാവ് മഹ്മൂദ് അലി തെലുങ്കാനയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഫെസ് തൊപ്പി ധരിച്ചു കൊണ്ടാണ്. ഇന്നും ഹൈദരാബാദിലെ പ്രാദേശികമായ മുസ്‌ലിം വിവാഹങ്ങളിൽ ഈ ഫെസ് തൊപ്പി ഉപയോഗിക്കാറുണ്ട്. ഫെസ് തൊപ്പിയെ ഹൈദരാബാദി സംസ്കാരത്തിന്റെ ഭാഗമായി കണക്കാക്കുന്നവരുമുണ്ട്. നിസാമി രാജകുമാരന്മാരുടെ പാരമ്പര്യം ഒട്ടോമൻ സാമ്രാജ്യത്തോട് ബന്ധപ്പെട്ടത് കൊണ്ടാണ് ഇന്നും ഹൈദരബാദിൽ ഇത്രയധികം പ്രചാരം ഫെസിന്  ലഭിക്കുന്നത്. ഒട്ടോമൻ പിന്തുടർച്ചക്കാരായ നിസാമി കുടുംബത്തിന്റെ പ്രചാരമാണ് “തുർക്കി തൊപ്പിക്ക്” വലിയ സ്ഥാനം ഹൈദരാബാദിന്റെ മണ്ണിൽ നേടിക്കൊടുത്തത്.

കേരളത്തിലും തമിഴ്നാട്ടിലും പൊതുവെ ഫെസ് തൊപ്പി ധരിച്ചിരുന്നത് ഹനഫി മദ്ഹബ് പിന്തുടരുന്ന റാവുത്തര്‍മാരായിരുന്നു. പൊതു ജീവിതത്തിൽ സജീവമായ അവർ വിദ്യാഭാസം, സാമ്പത്തികം, സാംസ്കാരികം, സാഹിത്യം, മതം തുടങ്ങിയ വിവിധ മേഖലകളിൽ ഇടപട്ടു മുഖ്യധാരയിൽ എത്തിയ തുർക്കി വംശജരാണ്. ഫെസ് തൊപ്പി ധരിച്ചിരുന്ന റാവുത്തര്‍ കുടുംബത്തിലെ പുരഷന്മാര്‍ക്ക് പുറമെ സ്ത്രീകളും പഴയ തുര്‍ക്കി വസ്ത്രധാരണ രീതിയായ ചട്ടയും മുണ്ടും ധരിക്കുന്നവരായിരുന്നു. ഫെസ് തൊപ്പിക്കൊപ്പം റാവുത്തര്‍മാര്‍ തുര്‍ക്കി ജുബ്ബയോടുള്ള പ്രേമവും ഒട്ടോമന്‍ മാതൃകയുടെ ഉദാഹരങ്ങളാണ്.

 

റഫറൻസ്

Patricia Baker, “The Fez in Turkey: A Symbol of Modernization?”

Amphlett, Hilda (2003). Hats: a history of fashion in headwear. Mineola, New York: Courier Dover.

ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ, ടി മുഹമ്മദ്

മലബാർ കലാപം, മാധവൻ നായർ

https://www.google.com/amp/s/www.dailysabah.com/feature/2015/06/26/hats-a-political-symbol-of-turkish-history/amp

https://www.dailysabah.com/feature/2016/05/16/fez-a-time-honored-ottoman-hat-from-the-mediterranean/amp

https://www.google.com/amp/s/www.newindianexpress.com/cities/hyderabad/2020/may/21/that-red-cap-2145900.amp

Rumi Topi

Exploding Communalism: The Politics of Muslim Identity in South Asia, Ayesha Jalal

റാവുത്തര്‍ ചരിത്രത്തിന്റെ 700 വര്‍ഷങ്ങള്‍, സലീം താഴേത്തില്‍

സ്വാദിഖ് ചുഴലി