Campus Alive

‘ഒരു മുസ്‌ലിം യുവാവെന്ന നിലയിൽ നിങ്ങളെന്നെ കേൾക്കൂ..’

(ഷർജീൽ ഉസ്മാനി എൽഗാർ പരിഷത് 2021-ൽ നടത്തിയ പ്രഭാഷണത്തിന്റെ പൂർണ രൂപം. പ്രസ്തുത പ്രസംഗത്തിന്റെ പേരിൽ വിദ്വേഷ പ്രചരണം ആരോപിച്ച് യു.പി പോലീസ് കേസ് എടുത്തിരിക്കുകയാണ്)


“വേദിയിലിരിക്കുന്ന ബഹുമാന്യരേ, പ്രിയ സുഹൃത്തുക്കളേ, മുതിർന്നവരെ,

എന്റെ പേര്, എന്റെ പൗരത്വം, എന്റെ നന്മകൾ, എന്റെ പോരായ്മകൾ എന്നിവക്കപ്പുറം വെറുമൊരു മുസ്‌ലിം യുവാവെന്ന നിലയിൽ എന്റെ വാക്കുകളെ ശ്രവിക്കാൻ ഞാൻ എല്ലാവരോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഒരു മുസ്‌ലിം യുവാവെന്ന നിലയിൽ എന്റെ വേദന പ്രകടിപ്പിക്കാനും കൊള്ളയടിക്കപ്പെട്ട എന്റെ വീടിന്റെ കഥ പറയാനും എന്റെ അമർഷം രേഖപ്പെടുത്താനും എന്റെ പോരാട്ടം പ്രഖ്യാപിക്കാനുമാണ് ഞാൻ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. എല്ലാവരേയും ഞാൻ വളരെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു. അസ്സലാമു അലൈകും.

ഈ പരിപാടിയിലേക്ക് വരാൻ ഹർഷാലി ജി എന്നെ ക്ഷണിച്ചപ്പോൾ, എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം ഞാൻ ആദ്യമായാണ് ഒരു അമുസ്‌ലിം പ്രേക്ഷകരുമായി സംസാരിക്കാൻ പോകുന്നത്. അങ്ങനെയൊരവസരത്തിൽ എന്താണ് പറയേണ്ടതെന്നും എങ്ങനെ പറയണമെന്നും എനിക്ക് അറിയില്ലായിരുന്നു. ഞാൻ പറയുന്നതിനോട് നിങ്ങൾ വിയോജിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ എന്റെ ഏതെങ്കിലും വാക്കുകൾ തെറ്റായി തോന്നുകയാണെങ്കിൽ ഞാൻ നിങ്ങളോട് മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. രണ്ടാമതായി, നിങ്ങളുടെ അഭിപ്രായം കൂടി നിങ്ങളിവിടെ പ്രകടിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

സഹോദരൻ പ്രശാന്ത് [കനോജിയ] ഇവിടെ സംസാരിച്ചു. അദ്ദേഹം ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അടിച്ചമർത്തലിനെക്കുറിച്ച് സംസാരിക്കുമ്പോൾ, അടിച്ചമർത്തപ്പെട്ട എല്ലാ സമുദായങ്ങളും ഒത്തുചേർന്ന് ഈ അടിച്ചമർത്തലിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പറയുമ്പോൾ അതിനപ്പുറമൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല. എന്നാൽ ഇത് ഏകദേശം 30 വർഷമായി ഈ രാജ്യത്ത് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, യഥാർത്ഥ പ്രശ്‌നം എന്തെന്നാൽ ദലിത് സമുദായത്തിലെ ഒരു നേതാവ് ഞങ്ങൾ മുസ്‌ലിംകളോടൊപ്പമാണെന്ന് അദ്ദേഹത്തിന്റെ വേദിയിൽ നിന്ന് പറയുന്നു, ഒരു മുസ്‌ലിം നേതാവ് തന്റെ വേദിയിൽ നിന്ന് ഞങ്ങൾ ദലിതരോടും മറ്റ് അടിച്ചമർത്തപ്പെട്ട സമൂഹങ്ങളോടും ഒപ്പമാണെന്ന് പറയുന്നു, എന്നാൽ ഒരു സംഘമെന്ന നിലയിൽ ഈ രണ്ട് സമുദായാംഗങ്ങളും തമ്മിൽ പരസ്പര സൗഹൃദം നിലനിൽക്കുന്നുമില്ല, തന്നെയുമല്ല പരസ്പരം വിദ്വേഷം വെച്ച് പുലർത്തുന്നവരാണ് ഇരു സമുദായാംഗങ്ങളും എന്നതാണ് വാസ്തവം.

ഭീമ കൊറേഗാവ് വിജയ സ്തംഭം

അവർ ഈ സമ്മേളനത്തിൽ വന്ന് ഇരിക്കുമ്പോൾ അവർ അവരുടെ സൗഹൃദത്തെ കുറിച്ച് ബോധവാന്മാരാവുന്നു, മറ്റുള്ളവരുടെ വേദനകളെ കാണാൻ തുടങ്ങുന്നു. ഈ സന്ദേശം നമ്മുടെ നാടുകളിലേക്കും വീടികളിലേക്കും അയൽപ്രദേശങ്ങളിലേക്കും എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, വലിയ സഖ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതും അടിച്ചമർത്തപ്പെടുന്നവരുടെ ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നതും വെറും മിഥ്യ മാത്രമായി മാറും.

മഹത്തായ ഭീമ കൊറേഗാവ് പോരാട്ടത്തെ സ്മരിക്കാനാണ് നാമിവിടെ ഒത്തുകൂടിയിട്ടുള്ളത്. അതൊന്ന് ഓർത്തു നോക്കൂ, നിങ്ങൾ പേഷ്വൻ മർദ്ദക ഭരണത്തിനെതിരെ വിപ്ലവ മുദ്രാവാക്യം ഉയർത്തി പോരാടാനിറങ്ങിയ ആ മഹത്തായ പോരാട്ടത്തെ ഓർക്കുക. തക്ബീർ ധ്വനികളും ഉയർത്തിപ്പിടിച്ച ഖഢ്ഗങ്ങളുമായി മുസ്‌ലിം സമുദായം ആ പോരാട്ടത്തിൽ നിങ്ങൾക്കൊപ്പം നിന്നില്ലേ? അന്ന് മുസ്‌ലിങ്ങൾക്ക് നിങ്ങളോടൊപ്പം നിൽക്കാനും അടിച്ചമർത്തലിനെതിരെ പോരാടാനും കഴിയുമെങ്കിൽ പിന്നെ ഇപ്പോ എങ്ങനെ അത് സാധ്യമാകാതിരിക്കും?

രാജ്യത്തുടനീളം നടന്ന സി‌എ‌എ വിരുദ്ധ പ്രതിഷേധവുമായി എന്നെ ചേർത്ത് പറയാറുണ്ട്. അതിനെക്കുറിച്ച് ഇവിടെ എന്തെങ്കിലും പറയാൻ എന്നോട് ആവശ്യപ്പെട്ടു. ഈ ബില്ലിന്റെ സങ്കീർണതകളെക്കുറിച്ചും അത് എന്താണ് പറയുന്നത് എന്നതിനെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കിടയിൽ നിന്ന് മുസ്‌ലിങ്ങൾ ഒഴികെയുള്ള എല്ലാ മതങ്ങളിലെയും ആളുകൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുമെന്നും അവിടങ്ങളിൽ പീഡനങ്ങളനുഭവിക്കുന്നവർക്ക് പൗരത്വം നൽകുമെന്നും ഈ ബിൽ പറയുന്നു. ഈ രാജ്യത്ത് 130 കോടി ജനങ്ങളിൽ 25 കോടി മുസ്‌ലിങ്ങൾ ഉണ്ട്. ബാക്കി 105 കോടി ജനങ്ങൾ ശ്രീലങ്കയിലെ തമിഴരേയും മുസ്‌ലിങ്ങളേയും കുറിച്ച് ചോദിച്ചോ? അഫ്ഗാനിസ്ഥാനിൽ ബുദ്ധമതക്കാരുണ്ട്, ബർമയിൽ നടന്ന വംശഹത്യയെക്കുറിച്ച് എന്താണ് അവർ പറയുന്നത്? അവർക്ക് അഭയം ആവശ്യമില്ലേ?

ആരും ഈ ചോദ്യം ചോദിക്കില്ല. അല്ലെങ്കിൽ ഇങ്ങനെ ഒന്ന് നോക്ക്. ബംഗ്ലാദേശിൽ നിന്ന് ആരെങ്കിലും വന്ന് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സ്ഥിരതാമസമാക്കുമോ?  അവർക്ക് കൊടുക്കാൻ ഇവിടെ എന്താണുള്ളത്? നിലവിൽ അവരുടെ (ബംഗ്ലാദേശിന്റെ) ജിഡിപി വളർച്ച ഇന്ത്യയേക്കാൾ മികച്ചതാണ്, അവർക്ക് കൂടുതൽ തൊഴിലവസരങ്ങളുമുണ്ട്. എന്തിനാണ് ആരെങ്കിലും ഇവിടെ വരുന്നത്? ഇതിനെല്ലാം പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ആർ‌എസ്‌എസിന്റെ സ്ഥാപകൻ തന്റെ പുസ്തകത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും കമ്മ്യൂണിസ്റ്റുകൾക്കും ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ലെന്നും അവർക്ക് ഇവിടെ ജീവിക്കണമെങ്കിൽ ഹിന്ദുമതം തിരഞ്ഞെടുക്കണമെന്നും അല്ലാത്തപക്ഷം അവർക്ക് പൗരത്വത്തിന് അവകാശമില്ലെന്നും.

ആദ്യം വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഞാൻ പറയേണ്ടതുണ്ട്. നമ്മുടെ ഹൃദയത്തിലും മനസ്സിലും പതിഞ്ഞു കിടക്കുന്ന വലിയൊരു നുണയുണ്ട്; “നാം എല്ലാവരും ഒരൊറ്റ ജനതയാണ്, ഈ രാജ്യത്തെ ഓരോ പൗരനും ഒരേ സമുദായത്തിൽ പെട്ടവരാണ്”. 1930 കളിൽ കോൺഗ്രസ് പാർട്ടിയാണ് ഈ നുണ പറഞ്ഞു പരത്തിയത്. ബാബ സാഹേബ് ഭീം റാവു അംബേദ്കർ ഇത് നിഷേധിക്കുകയും “ദലിത് സമൂഹം നിങ്ങളുടെ സമുദായത്തിന്റെ ഭാഗമല്ല” എന്ന് പ്രസ്താവിക്കുകയും ചെയ്തു. മുസ്‌ലിങ്ങളൊന്നും നിങ്ങളുടെ സമുദായത്തിന്റെ ഭാഗമല്ലെന്ന് ഖാഇദേ അസമും മൗലാനാ ഹസ്രത്ത് മൊഹാനിയും പറഞ്ഞു. എന്തായാലും ഇന്ന് എല്ലാറ്റിനുമപ്പുറം നമ്മൾ ഒരു ജനതയാണെന്ന് പറയുന്നു. കാരണം, ഇവർ വന്ന് “ഹിന്ദുക്കൾ, മുസ്‌ലിംകൾ, സിഖുകാർ, ക്രിസ്ത്യാനികൾ, എല്ലാവരും സഹോദരങ്ങൾ” എന്ന മുദ്രാവാക്യം വിളിക്കുന്നു. ഈ ആളുകൾ സത്യസന്ധരല്ലാത്ത ആളുകളാണ്. കാരണം ഒന്നാമതായി ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ എന്നിവരെ കൂടാതെയുള്ള ഇന്ത്യയിലെ മറ്റ് സമുദായങ്ങളെ നിങ്ങൾ ഈ മുദ്രാവാക്യത്തിൽ ഉൾക്കൊള്ളുന്നില്ല. അത് നിങ്ങളുടെ തെറ്റ്. രണ്ടാമതായി ഞാൻ ചോദിക്കട്ടെ ഹിന്ദുക്കൾ, മുസ്‌ലിങ്ങൾ, സിഖുകാർ, ക്രിസ്ത്യാനികൾ എന്നിവരെല്ലാം സഹോദരന്മാരാണെങ്കിൽ പിന്നെന്തുകൊണ്ടാണ് ഒരു സഹോദരൻ മാത്രം  എല്ലായ്പ്പോഴും അടിച്ചമർത്തപ്പെടുന്നത്? എന്തുകൊണ്ടാണ് ഒരു സഹോദരനെ മാത്രം അടിക്കുന്നത്? ഇതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. ഈ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം കണ്ടെത്തുന്നതുവരെ നമ്മൾ എങ്ങനെ ഈ പോരാട്ടത്തെ മുന്നോട്ട് കൊണ്ടുപോവും?

ഇന്ത്യ ഒരൊറ്റ സമുദായവും ദേശവുമാണെന്ന് അവർ പറയുന്നു. ആർക്കാണോ ഈ സമുദായത്തെ നിർവ്വചിക്കാനുള്ള അധികാരം, അവരാണ് രാഷ്ട്രം എങ്ങനെ പ്രവർത്തിക്കണമെന്നും, ആര് രാജ്യത്തിന്റെ അധികാരം കയ്യാളണമെന്നും, ആർക്കാണ് അവകാശങ്ങൾ ലഭിക്കേണ്ടതെന്നും തീരുമാനിക്കുന്നത്. ഇന്നേവരെ, ഇവിടുത്തെ ഭരണവർഗ്ഗത്തിനായിരുന്നു ഈ രാജ്യത്തെ അധീശത്വം. നാമുൾപ്പെടെയുള്ള ഈ രാജ്യത്തിലെ മറ്റെല്ലാ അടിച്ചമർത്തപ്പെട്ട സമുദായങ്ങളും ഒത്തുചേർന്ന് അവരിൽ നിന്ന് ആ അധികാരത്തെ പിടിച്ചെടുക്കണം. ഈ രാജ്യം അവരുടേതല്ല നമ്മുടേതാണെന്ന് അവരെ ഓർമ്മപ്പെടുത്തുകയും വേണം.

ഭരണഘടനയെക്കുറിച്ച് പറയുകയാണെങ്കിൽ യഥാർത്ഥത്തിൽ എന്താണ് ഭരണഘടന? ലളിതമായ ഭാഷയിൽ ആരോടെങ്കിലും ഇതേപ്പറ്റി വിശദീകരിക്കേണ്ടി വന്നാൽ നാമെന്താണ് പറയേണ്ടത്. ഈ രാജ്യത്ത് അധിവസിക്കുന്ന എല്ലാ സമുദായങ്ങളെയും തുല്യതയോടെയും സമാധാനത്തോടെയും നിലനിർത്താൻ ഉണ്ടാക്കിയ ഒരു കരാർ. അക്കാലത്ത് ഒപ്പുവച്ച ഒരു കരാർ, അതാണ് നമ്മുടെ ഭരണഘടന.

ഇന്ന് ഈ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടി വരുന്ന അവസ്ഥ എത്തുമ്പോൾ നിങ്ങൾ ഈ കരാർ പൂർണ്ണമായും നടപ്പാക്കേണ്ടതുണ്ട്. അത് പ്രകാരം നിങ്ങളും ഞാനും എല്ലാവരും തുല്യരാണ്. അത് കൊണ്ട് നമ്മുടെ വഴക്കുകളും ആവലാതികളും കുറച്ചു കാലത്തേക്ക് മാറ്റിവയ്ക്കണം. നാമൊരുമിച്ച് ഈ പോരാട്ടത്തിന് ഇറങ്ങണം. തന്നെയുമല്ല, ഭരണഘടനയിലെ ലിഖിതമായ നിബന്ധനകൾ പൂർത്തിയാക്കപ്പെടുന്നില്ലെങ്കിൽ അതിന് പിന്നെ നിലനിൽപ്പില്ല. കാരണം അതൊരു കരാറാണ്, അതിലെ ഘടകങ്ങൾ പാലിക്കപ്പെടാതെ പോയാൽ അത് അസാധുവാകും, പിന്നെ ബാക്കിയാവുന്നത് യുദ്ധമാണ്. അതിനാൽ മുഴുവൻ ഉത്തരവാദിത്വത്തോടെയും ഞാൻ പറയട്ടെ, നാമൊരു യുദ്ധമുഖത്താണുള്ളത്. ആ യുദ്ധത്തിനിടക്കാണ് നാം ജീവിക്കുന്നത്.

ജുഡീഷ്യറി, പോലീസ്, ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, മീഡിയ ഇതാണ് ഒരു രാഷ്ട്രത്തിന്റെ അഞ്ച് ഘടകങ്ങൾ. മുനവ്വർ ഫാറൂഖി (പ്രശാന്ത് പരാമർശിച്ചയാൾ) ഒരു ഹാസ്യ താരമാണ്. അദ്ദേഹം ഒരു തമാശ പറയാൻ പോവുകയായിരുന്നു, അല്ലാതെ പറഞ്ഞിട്ടില്ല. അദ്ദേഹം ചുറ്റുമുള്ള അന്തരീക്ഷത്തിന് ഭീഷണിയാകുന്ന ഒന്ന് പറയാൻ തുടങ്ങുകയായിരുന്നു. അദ്ദേഹം ഇന്ന് അഴിക്കുള്ളിലാണ്. ഇന്ത്യ മനോഹരമായ രാജ്യമാണെന്നും, പക്ഷേ എനിക്ക് നിങ്ങൾക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നും ജഡ്ജി പറയുന്നു.

ബാബരി വിധി നോക്കൂ. ഇന്ത്യൻ ജുഡീഷ്യറിയെക്കുറിച്ച് പ്രത്യേകിച്ച് ഞാൻ വിശദീകരിക്കേണ്ട ആവശ്യമില്ല, പക്ഷേ കുറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഇന്ത്യൻ ജുഡീഷ്യറി ഇന്ന് വിശ്വാസയോഗ്യമല്ലെന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു. ഞാൻ തുറന്ന് പറയുന്നു ഇന്ത്യൻ ജുഡീഷ്യറിയെ ഞാൻ വിശ്വസിക്കുന്നില്ല. നമുക്കിടയിൽ ഇരിക്കുന്ന ചാരന്മാർ കേൾക്കെതന്നെ ഞാൻ പറയുന്നു “എനിക്ക് ഇന്ത്യൻ ജുഡീഷ്യറിയിൽ വിശ്വാസമില്ല.” ജനങ്ങൾക്കും ജുഡീഷ്യറിക്കുമിടയിൽ ഒരു വിശ്വാസം വളർത്തിയെടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ആ വിശ്വാസം തകർന്നാൽ മുന്നോട്ട് വന്ന് ക്ഷമ ചോദിക്കുകയും അവരും പൗരന്മാരും തമ്മിലുള്ള അന്തരം കുറയ്ക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

ഷർജീൽ ഉസ്മാനി

നിർഭാഗ്യവശാൽ ഈ രാജ്യത്ത് ഇതുപോലുള്ള തീരുമാനങ്ങൾ ആഘോഷിക്കപ്പെടുന്നു. എന്റെ സംസ്ഥാനമായ യു.പിയിലെ മുഖ്യമന്ത്രിയെയും പോലീസിനെയും നോക്കുക. ഞങ്ങൾ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുമെന്നാണ് മുഖ്യമന്ത്രി തുറന്നു പറയുന്നത്. ഏറ്റുമുട്ടലുകൾ എത്ര നീചമാണ്. ആരെങ്കിലും അപ്രതീക്ഷിതമായി ആക്രമിച്ചാൽ പോലീസിന് സ്വന്തം ജീവൻ രക്ഷിക്കുന്നതിനായി ആക്രമണകാരിയെ വെടിവച്ചുകൊല്ലാൻ അധികാരമുണ്ട്. എന്നാൽ മുഖ്യമന്ത്രി പറയുന്നതോ “ഞങ്ങൾ എൻകൗണ്ടറുകൾ നടത്തും” എന്നും.

ഇവർ അധികാരത്തിൽ വന്നതിനുശേഷം 19 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നു. അവയിൽ മരിച്ചവരെല്ലാം ദലിതരോ മുസ്‌ലിങ്ങളോ ആയിരുന്നു. പോലീസ് ഓഫീസർമാരും ഐ.എ.എസ് ഓഫീസർമാരും നിരായുധരായ CAA വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ ക്രൂരമായി വെടിയുതിർക്കുകയും അവരെ മർദ്ദിച്ചൊതുക്കുകയും ഒപ്പം ഹീനമായി പാകിസ്താനിലേക്ക് പോ എന്ന് അലറുകയും ചെയ്തു.

ഈ പോലീസിനെ എങ്ങനെയാണ് വിശ്വസിക്കുക എന്ന് ആരെങ്കിലും ഒന്ന് പറയാമോ? “എനിക്ക് ഇന്ത്യൻ പോലീസിനെ വിശ്വാസമില്ല.” നിയമനിർമ്മാണസഭയിൽ ഇരിക്കുന്നവർ, നമുക്കുള്ള നിയമങ്ങൾ നിർമ്മിക്കുന്നവർ, ഇത്തരം വംശഹത്യ ബില്ലുകൾ കൊണ്ടുവരുന്നവർ, കാർഷിക ബില്ലുകളുമായി വരുന്നവർ, ചുരുക്കത്തിൽ, “പാർലമെന്റിൽ ഇരിക്കുന്ന ആളുകളെയും നാം വിശ്വസിക്കുന്നില്ല” എന്നതാണ് നമ്മുടെയൊക്കെ പൊതുവഭിപ്രായം. ഇത് കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു, രാജ്യത്തെ ഉദ്യോഗസ്ഥ വൃന്ദത്തെയും എനിക്ക് വിശ്വാസമില്ല. എനിക്ക് മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ല. “മൊത്തത്തിൽ ഞാൻ ഇന്ന് ഇന്ത്യൻ സ്റ്റേറ്റിൽ തന്നെ വിശ്വസിക്കുന്നില്ല”. ഇതൊന്നും എന്റെ അബദ്ധ ധാരണയല്ല. ആരെങ്കിലും വന്ന് എന്നോട് “നിങ്ങൾ സ്റ്റേറ്റിൽ വിശ്വസിക്കുന്നില്ലല്ലോ, നിങ്ങൾ ഒരു ദേശവിരുദ്ധനാണ്” എന്ന് പറയുകയാണെങ്കിൽ, സ്റ്റേറ്റിൽ വിശ്വസിക്കേണ്ടത് എന്റെ ഉത്തരവാദിത്തമല്ല, മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ് എന്നാണ് അവരോട് എനിക്ക് പറയാനുള്ളത്.

എന്നെ സംബന്ധിച്ചിടത്തോളം പാകിസ്ഥാൻ ഒരു മോശം സ്ഥലമല്ല. ഞാൻ ആവർത്തിക്കുന്നു, പാകിസ്ഥാൻ എനിക്ക് മോശമായ സ്ഥലമേയല്ല. ഇന്ത്യയായാലും പാകിസ്ഥാനായാലും ലോകത്തെ ഒരു സ്ഥലവും എന്നെ സംബന്ധിച്ച് മോശം സ്ഥലമല്ല. ഒരു സ്ഥലവും നല്ലതോ ചീത്തയോ അല്ല. അത് നല്ലതോ ചീത്തയോ ആണെന്ന് തീരുമാനിക്കുന്നത് അവിടുത്തെ സമൂഹമാണ്. ആ സ്ഥലത്ത് എത്രത്തോളം സമത്വം ഉണ്ടെന്നുള്ളതാണ് അതിന്റെ അടിസ്ഥാനം. അല്ലാതെ സ്ഥലത്തിന്റെ പേര് പാകിസ്ഥാൻ എന്നായത് കൊണ്ടല്ല. ദേശീയത തന്നെ ഭയപ്പെടുത്തുന്ന ഒരു ആശയമാണ്. ഒരു രാജ്യം ഉണ്ട് എന്നത് കൊണ്ട് മാത്രം (ഉദാഹരണത്തിന് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, റഷ്യ എന്നിവ ഈ ലോകത്ത് ഉണ്ട് എന്നത് കൊണ്ട് മാത്രം) അവർക്കായി ലോംഗ് ലിവ് മുദ്രാവാക്യങ്ങൾ ഉയർത്താൻ നമ്മോട് ആവശ്യപ്പെടുന്നു. നമ്മൾ ഒരു നല്ല രാജ്യത്തായിരുന്നെങ്കിൽ ഇവിടെ നീതി ഉണ്ടായേനെ, വിശന്ന വയറുകളുമായി ആൾക്കാർ അലയാതിരുന്നേനെ, ജയിലറകൾ ശൂന്യമായിരുന്നേനെ. നിങ്ങൾക്ക് നീതി ലഭിച്ചിരുന്നെങ്കിൽ, എല്ലാവരും ഇന്ത്യയോ പാകിസ്ഥാനോ മറ്റേതെങ്കിലും രാജ്യമോ ആകട്ടെ, അഭിമാനത്തോടെയും സന്തോഷത്തോടെയും നിങ്ങൾക്ക് സംസാരിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇവിടെയും അവിടെയുമെല്ലാം നമുക്ക് സമാന പ്രശ്‌നങ്ങളാണ്, മൂന്നാമതൊരു രാജ്യവും വ്യത്യസ്തമല്ല. നമ്മൾ പിന്നെന്തിനു ലോങ്ങ്‌ ലിവ് മുദ്രാവാക്യങ്ങൾ കൊണ്ട് ഒരു രാജ്യത്തിന് സ്തുതി പാടണം? ഒരു രാജ്യം ഉണ്ട് എന്നതു കൊണ്ടോ? ദേശീയതയുടെ ഒരു പ്രധാന പ്രശ്നം അതിന് ഒരു ശത്രുവിനെ ആവശ്യമുണ്ട് എന്നതാണ്. അല്ലാതെ നിങ്ങൾക്കൊരു ദേശീയവാദിയാകാൻ കഴിയില്ല. ഇന്ത്യയിൽ ഒരു ദേശീയവാദിയാകാൻ നിങ്ങൾ രണ്ട് കാര്യങ്ങൾ ചെയ്യണം. ഒന്നാമതായി നിങ്ങൾ പറയേണ്ടത് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നതാണ്. രണ്ടാമതായി നിങ്ങൾ “പാകിസ്ഥാന് മരണ വാറണ്ട്” പ്രഖ്യാപിക്കണം. അപ്പോൾ മാത്രമേ നിങ്ങൾക്ക് ദേശീയവാദികളുടെ വിഭാഗത്തിൽ വരാൻ കഴിയുകയുള്ളൂ. സമാനമായ്, ഒരു ദേശസ്നേഹി എന്നതിന് പാകിസ്ഥാനിലും ദക്ഷിണാഫ്രിക്കയിലും വ്യത്യസ്തമായ നിർവചനമാണുള്ളത്. അതുകൊണ്ട് ദേശീയതയിലും ഞാൻ വിശ്വാസമർപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇനി ഞാൻ ഇവിടെ സത്യത്തിൽ പറയാൻ വന്നതിനെക്കുറിച്ച് തുടങ്ങാം. ഇന്നത്തെ ഹിന്ദു സമൂഹത്തിന് ഇന്ത്യയിൽ ഒരു ജീർണനാവസ്ഥ ഉണ്ട്. 14 വയസുകാരനായ ഹാഫിസ് ജുനൈദിനെ ട്രെയിനിൽ ജനക്കൂട്ടം 31 തവണ കുത്തിക്കൊലപ്പെടുത്തി. അവരെ തടയാൻ പോലും ആരും വന്നില്ല. ഈ ആളുകൾ എനിക്കും നിങ്ങൾക്കുമിടയിൽ ജീവിക്കുന്ന നമ്മുടെ സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണ്. മറ്റുള്ളവരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഈ ആളുകൾ ഒരു കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവേ സ്വയം എന്താണ് ചെയ്യുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. കുറച്ച് മരുന്നുകളുപയോഗിച്ച് കൈവൃത്തിയാക്കുകയും കുളിക്കുകയും ചെയ്യുമോ? എന്താണവർ ചെയ്യുക? അവർ തിരികെവന്ന് നമ്മുടെ ഇടയിൽ തന്നെ ഇരിക്കും. പിറ്റേന്ന് മറ്റാരെയെങ്കിലും വീണ്ടും പിടികൂടും, എന്നിട്ട് കൊല്ലും. വീണ്ടും സാധാരണ ജീവിതം നയിക്കുകയും ചെയ്യും.

ഈ ആളുകൾ അവരുടെ വീട്ടിൽ ഏറ്റവും സ്നേഹത്തോടെയാണ് പെരുമാറുന്നത്. അവർ പിതാവിന്റെ പാദങ്ങളിൽ ആദരവോടെ സ്പർശിക്കുന്നു, അവരും ക്ഷേത്രത്തിലേക്ക് പോകുന്നു, അവരും ആരാധിക്കുന്നു, തുടർന്ന് അവർ പുറത്തുവന്ന് വീണ്ടും ഇതേ കുറ്റകൃത്യം വീണ്ടും ചെയ്യുന്നു. ഇവയെല്ലാം ഇപ്പോൾ വളരെ സാധാരണമായതിനാൽ ആരെയെങ്കിലും കൊലപ്പെടുത്തിയാലും പ്രശ്‌നമില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഒരു മുസ്‌ലിമിനെ ഇല്ലാതാക്കാൻ ഒരു കാരണം ആവശ്യമായിരുന്നു. ആ വ്യക്തിയും ഇന്ത്യൻ മുജാഹിദീനും തമ്മിൽ ഒരു ബന്ധമുണ്ട് അല്ലെങ്കിൽ അവൻ സിമിയിലെ അംഗമാണ് എന്നൊക്കെയുള്ള ഒരു കഥ വേണമായിരുന്നു. ഒരു ബോംബ് സ്ഫോടനവുമായി ബന്ധം വേണമായിരുന്നു. എന്നിട്ട് അയാളെ ക്രൂരമായ പീഡനത്തിന് വിധേയനാക്കുമായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. ഇപ്പോൾ ഒരു തിരക്കഥയുടെ ആവശ്യമില്ല. നിങ്ങളൊരു മുസ്‌ലിമാണെങ്കിലോ, മാംസം കഴിച്ചാലോ അവർ നിങ്ങളെ കൊല്ലും, അത് ഗോമാംസമോ ചിക്കനോ മട്ടനോ എന്തുമാകട്ടെ. ട്രെയിനിൽ നിങ്ങളോട് സീറ്റ്‌ ആവശ്യപ്പെട്ട് അവർ നിങ്ങളെ കൊല്ലും. ഒരു കാളക്കുട്ടിയെ കാണാതാക്കിയതിന് പകരം ഒരു മനുഷ്യ ജീവൻ അവർ എടുക്കും. ഒരു മുസ്‌ലിമിനെ കൊല്ലുന്നത് ഇപ്പോൾ ഇന്ത്യയിൽ ഒരു സാധാരണ കാര്യമാണ്. ഇനി ചിന്തിക്കണം ആർക്കെതിരിലാണ് നമ്മുടെ പോരാട്ടം എന്നത്.

ഇത് ഏതെങ്കിലും വ്യക്തിക്കോ മതത്തിനോ രാഷ്ട്രീയക്കാരനോ രാഷ്ട്രീയ പാർട്ടിക്കോ എതിരായ പോരാട്ടമല്ല. നമ്മുടെ പോരാട്ടം വിദ്വേഷത്തിനെതിരാണ്. ഒരു വ്യക്തി മുസ്‌ലിമാണെങ്കിൽ അയാളെ കൊല്ലാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്ന വിദ്വേഷം, ഒരു വ്യക്തി മുസ്‌ലിമാണെങ്കിൽ നിങ്ങൾ അയാൾക്ക് സ്ഥലം വാടകയ്ക്ക് നൽകരുതെന്ന് പറയുന്ന വിദ്വേഷം.

അവസരം ലഭിക്കുന്നിടത്തെല്ലാം പിന്നാക്ക ജനതയെ അടിച്ചമർത്തുന്നതും ഇതേ വിദ്വേഷമാണ്. ആൾക്കൂട്ടത്തിനിടയിൽ നിങ്ങൾ ആരെയും കൊല്ലുന്നില്ല. എന്നാൽ ആരെങ്കിലും നിങ്ങളുടെ വീട് വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ ഒരു മുസ്‌ലിം ആയതുകൊണ്ട് മാത്രം നിങ്ങൾ അദ്ദേഹത്തിന് ഒരു വീട് നൽകില്ല എന്ന് തീരുമാനിക്കുകയാണെങ്കിൽ ഇതിലൊക്കെ നിങ്ങളും ഉത്തരവാദിയാണ്, ഇതേ വിദ്വേഷം മൂലമാണ് സർക്കാർ കൂടുതൽ ശക്തമാവുകയും കൂടുതൽ നിയമങ്ങൾ കൊണ്ടുവരികയും ചെയ്യുന്നത്. ഈ വിദ്വേഷത്തെ നാം അവസാനിപ്പിക്കണം. ഈ വിദ്വേഷത്തെ ഇല്ലാതാക്കുക എന്നത് നമ്മുടെ ജോലിയല്ല, അത് മുസ്‌ലിംകളുടെ ജോലിയുമല്ല. വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ജോലിയാണത്. “ഈ വിദ്വേഷത്തിൽ നിന്ന് ഞങ്ങൾക്ക് നിങ്ങളെ മോചിപ്പിക്കാൻ കഴിയില്ല”. വെറുക്കുന്നവൻ ആ വിദ്വേഷത്തിൽ നിന്ന് സ്വയം മോചിതനാവണം. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്നും മാത്രമേ ഞങ്ങൾക്ക് പറഞ്ഞുതരാൻ കഴിയൂ. ഞങ്ങൾ അത് നിങ്ങളോട് പറഞ്ഞ് കൊണ്ടിരിക്കുക തന്നെ ചെയ്യും.

ഇപ്പോൾ ഇവിടെ രണ്ടാമത്തെ പ്രശ്നം മുസ്‌ലിംകൾ  പീഡിപ്പിക്കപ്പെടുന്നവരാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്നതാണ്. ഭരണകൂടം ഒരു മുസ്‌ലിമിന്റെ ചിത്രം അവതരിപ്പിക്കുന്നു, അതിൽ മുസ്‌ലിം ഒരു തീവ്രവാദിയാണ്, ഈ രാജ്യത്ത് ജീവിക്കാൻ അവന് അർഹതയില്ല. അവനെ കൊല്ലുക. രണ്ടാമതായി, ഹിന്ദു സമൂഹത്തിലെ നല്ല ആളുകൾ എന്ന് സ്വയം നല്ലത് എന്ന് കരുതുന്നവരുടെ കണ്ണിൽ മുസ്‌ലിംകൾ ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമാണ്. അതിനാൽ ഈ രാജ്യത്തെ ഒരു മുസ്‌ലിം നിസ്സഹായനോ മോശക്കാരനോ ആകാം. ഇതിനപ്പുറം മുസ്‌ലിംകളെക്കുറിച്ച് ഒരു ഭാവനയും ഇല്ല.

ഞാൻ 23 വയസ്സ് പ്രായമുള്ള ഡിഗ്രി പൂർത്തിയാക്കിയ ഒരു ആൺകുട്ടിയാണ്. എന്റെ ഉമ്മാക്ക് എന്നെക്കുറിച്ച് എന്ത് സ്വപ്നമാകും ഉണ്ടാവുക. നല്ല സ്ഥലത്ത് പഠിക്കാനും നല്ല ജോലി ചെയ്യാനും അന്തസ്സോടെ ജീവിക്കാനും എനിക്ക് സാധിക്കണം എന്ന സ്വപ്നമാകും. പക്ഷെ, സത്യത്തിൽ അവർ കാണുന്നതോ ഞാൻ ഒരു യാത്ര പോവുകയാണെങ്കിൽ ഞാൻ സുരക്ഷിതമായിരിക്കണമെന്നും തന്റെ മകൻ ജീവനോടെയും വീട്ടിലേക്ക് മടങ്ങി വരണമെന്നതുമൊക്കെയാണ്. ഒരു കാരണവുമില്ലാതെ പോലീസ് എന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് അവർ ഭയക്കുന്നു. യഥാർത്ഥ ചോദ്യങ്ങൾ‌ ഉന്നയിക്കാൻ‌ കഴിയാത്തവിധം ഞങ്ങൾ‌ ഇങ്ങനെയുള്ള അവസ്ഥകളിൽ കുടുങ്ങിപ്പോകുന്നു. പോലീസിൽ 2% ആളുകൾ മാത്രമേ മുസ്‌ലിംകൾ ഉള്ളൂവെങ്കിലും ജയിലിൽ 30% മുസ്‌ലിംകൾ നിറഞ്ഞിരിക്കുന്നു. പാർലമെന്റിലും ഒന്നോ ആറോ നാലോ ശതമാനം മുസ്‌ലിംകൾ മാത്രം. പക്ഷേ, കലാപങ്ങളിലും ഏറ്റുമുട്ടലുകളിലും കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പേർ ഞങ്ങളുടേത് (മുസ്‌ലിംകൾ) ആണ്. ഇതെല്ലാം ചോദ്യം ചെയ്യപ്പെടാൻ ഈ ആളുകൾ ആഗ്രഹിക്കുന്നില്ല. അതിനാൽ അത് നടക്കുന്നുമില്ല. ഈ മുന്നറിയിപ്പ് ഞങ്ങൾ ഹിന്ദു സമൂഹത്തിന് നൽകുകയാണ്, ഒരു വ്യക്തി എത്ര ദുർബലനാണെങ്കിലും, ഒരു ജീവനുള്ള വസ്തു എത്ര ദുർബലമാണെങ്കിലും, നിങ്ങൾ അവരുടെ ജീവിതം കൊണ്ട് കളിക്കുകയാണെങ്കിൽ, തീർച്ചയായും ഒരിക്കലവർ പ്രതികരിക്കും.

അംബേദ്കറും അനുയായികളും ഭീമ കൊറേഗാവ് വിജയ സ്തംഭത്തിനരികെ

നമുക്ക് ഒരു പല്ലിയുടെ ഉദാഹരണം എടുക്കാം. അത് ആരെയും കടിക്കില്ല, പക്ഷേ രണ്ടുതവണ അതിനെ ഒന്ന് ശല്യപ്പെടുത്താൻ ശ്രമിച്ചു നോക്കൂ, അതും കടിക്കും. ഒരാൾ തിരിച്ച് പ്രതികരിക്കും വിധം ആരെയും ശല്യപ്പെടുത്തരുത്. ഒരുവനെ ഒരു കലാപകാരി ആക്കും വിധം ആരെയും ശല്യപ്പെടുത്തരുത്. ഭീമ കൊറെഗാവിലെ പോരാട്ടത്തെക്കുറിച്ച് ചിന്തിക്കുക. ഇത് “എൽഗാർ പരിഷത്” ആണല്ലോ. എൽഗാർ എന്നാൽ യുദ്ധ പ്രഖ്യാപനം എന്നാണ് അർത്ഥം. ത്യാഗസന്നദ്ധരായ ആളുകളുണ്ടെങ്കിൽ മാത്രമേ പോരാട്ടത്തിനിറങ്ങാൻ കഴിയൂ. മുൻകാലങ്ങളിൽ നമുക്ക് നമ്മുടെ രക്തവും ജീവിതവും തന്നെ ത്യജിക്കേണ്ടി വന്നിരുന്നു. പക്ഷേ ഇപ്പോൾ ചെറിയ ത്യാഗങ്ങളേ നൽകേണ്ടതുള്ളൂ. നിങ്ങളുടെ മകൻ വിദ്വേഷിയോ വിദ്വേഷ പ്രചാരകനോ ആയി മാറുകയാണെങ്കിൽ, അവൻ മറ്റുള്ളവരെക്കാൾ വലിയവനാണെന്ന് കരുതുന്നുവെങ്കിൽ, അവനെ നിരന്തരം ബോധ്യപ്പെടുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നീ വെറുക്കുന്നവൻ നിന്റെ സ്വന്തം പ്രതിരൂപം തന്നെ ആണെന്ന് പറയണം, എങ്ങനെ സ്നേഹിക്കണമെന്ന് നിങ്ങൾ അവനെ പഠിപ്പിക്കണം. സ്കൂളിലോ ക്ഷേത്രത്തിലോ എവിടെ വെച്ചുമാകട്ടെ നിങ്ങളുടെ കുട്ടികളെ വിദ്വേഷം പഠിപ്പിച്ചയിടത്തെല്ലാം അത് തെറ്റാണെന്ന് നിങ്ങളുടെ കുട്ടിയോട് പറയുകയും പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ അധ്യാപകൻ മുൻവിധിയോടെ പെരുമാറുകയും അത് നിങ്ങളെ അസ്വസ്ഥപ്പെടുത്തുകയും ബാബ സാഹിബ് അനുഭവിച്ചതിന് സമാനമായി നിങ്ങളീ രാജ്യത്തെ ഒരു രണ്ടാം തര പൗരനാണെന്ന് അത് നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ, പിന്നെ നമ്മളാണ് പോരാട്ടത്തിന് ഇറങ്ങേണ്ടത്. ഇതുമൊരു ത്യാഗമാണ്. ഇത്തരം ചെറിയ ത്യാഗങ്ങൾക്കാണ്  ഇന്ന് കൂടുതൽ വിലമതിക്കുന്നത്.

ഈ വിദ്വേഷം അവസാനിപ്പിക്കാൻ പരസ്പര വിരോധം അവസാനിപ്പിച്ച് നാമൊരുമിച്ച് പോരിനിറങ്ങണം. അതോടൊപ്പം, പോരാട്ട മുഖത്ത് എത്തിക്കഴിഞ്ഞാൽ, നമുക്കെ്താണ് ബാക്കിയുള്ളത് എന്നതിനെ കുറിച്ചും നമ്മുടെ പോരാട്ടത്തിന്റെ കാരണത്തെ കുറിച്ചും ബോധമുണ്ടാവേണ്ടതുണ്ട്. എൽഗർ പരിഷദുമായി ബന്ധമുള്ള ഇവിടെയിരിക്കുന്ന ആളുകളെങ്കിലും അംബേദ്കറിസ്റ്റ്കളുടെയും മുസ്‌ലിംകളുടെയും പക്ഷത്താണെന്ന് ഞാൻ കണക്കുകൂട്ടുന്നു. നമ്മുടെ ഹൃദയത്തിൽ നാം വഹിക്കുന്ന വേദന ജനങ്ങളുടെ ഹൃദയത്തിലേക്ക് എത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഈ വേദന നമവരെ അറിയിക്കണം.

അവസാനമായി, കഴിഞ്ഞ ആറ് വർഷമായി മുസ്‌ലിംകൾക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഞങ്ങളുടെ മതം (ഇസ്ലാം) ലക്ഷ്യമിട്ട് ആർക്കും എന്തും പറയാൻ കഴിയുന്ന സ്ഥിതിവിശേഷമാണുള്ളത്. കഴിഞ്ഞ മാസം ചൗധരി ചരൺ സിംഗ് സർവകലാശാലയിലെ ഒരു പരിപാടിയിൽ ഒരാൾ പരസ്യമായി പറഞ്ഞു, ‘ആരെങ്കിലും ഖർആൻ വായിച്ചാൽ അയാൾ ഒരു പിശാചായി മാറും, ഞങ്ങൾക്ക് അയാളെ കൊല്ലേണ്ടി വരും. നാല് വർഷത്തിനുള്ളിൽ ഞങ്ങൾ ഈ രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റും. മുസ്‌ലിംകൾക്ക് പദവിയോ വീടോ അഭിമാനമോ അവശേഷിക്കുകയില്ല. അവരുടെ പെൺമക്കൾ നിങ്ങളോടൊപ്പമുണ്ടാകും. ഇത്തരം ആളുകളാണ് നിങ്ങളുടെ സമൂഹത്തെ ചീത്തയാക്കുന്നത് ഈ ആളുകൾക്കെതിരിൽ (അത്തരം സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർ) നമ്മുടെ വിരലുകൾ ഉയരേണ്ടതുണ്ട്.

അത്തരം ഒത്തുചേരലുകളിൽ നിന്ന് നിങ്ങളുടെ ആളുകളെ പുറത്താക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അപ്പോൾ മാത്രമേ നമുക്ക് ഒത്തുചേരാനും ഐക്യത്തെക്കുറിച്ച് സംസാരിക്കാനും കഴിയൂ. ശപഥം ചെയ്യുക, വാഗ്ദാനങ്ങൾ നൽകുക, മുദ്രാവാക്യം വിളിക്കുക എന്നിവ നമ്മുടെ കടമയല്ല. അത് അവസരം പോലെ ദില്ലിയിൽ നിന്ന് നമുക്കിടയിലേക്ക് വന്ന് മുദ്രാവാക്യം വിളിച്ച് തിരിച്ച് പോവുന്ന ചില രാഷ്ട്രീയക്കാരുടെ പണിയാണ്. ഒരിക്കലും അവർ നിങ്ങൾക്കു വേണ്ടി പണിയെടുക്കില്ല. നിങ്ങൾ വന്ന് ആളുകൾക്കിടയിൽ ഇരിക്കുമ്പോളാണ് കാര്യങ്ങൾ നടക്കുക. അവിടെ ആശയവിനിമയങ്ങൾ നടക്കും, സുപ്രധാന ചർച്ചകൾ നടക്കും. നമ്മെപ്പോലെ ഉള്ളവരോടോ നമ്മെ ഇഷ്ടപ്പെടുന്നവരോടോ അല്ല നാം സംസാരിക്കേണ്ടത്. അങ്ങനെ അല്ലാത്തവരോടാണ്. നിങ്ങൾ പറയുന്നത് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, തിരിച്ചും. നമുക്ക് ഒന്നിച്ചിരിക്കാം. പരസ്പരം പറയാം, കേൾക്കാം. സ്വാതന്ത്ര്യം- അതത്ര എളുപ്പം കിട്ടുകയില്ല. നമ്മുടെ ജനങ്ങളെ നമുക്ക് ഒരുമിച്ച് കൂട്ടേണ്ടത്”.

ഹം അമൻ ചാഹതെ ഹേ മഗർ സുല്മ് കി ഖിലാഫ്,

ഗർ ജങ്ക് ലാസിമി ഹേ തോ ഭിർ ജങ്ക് ഹി സഹി”

(“ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്. പക്ഷേ അക്രമങ്ങൾക്കെതിരിൽ ഒരു യുദ്ധം അനിവാര്യമായാൽ പിന്നെ യുദ്ധം തന്നെയാണ് ശെരി”)


വിവർത്തനം: അംജദ് കരുനാഗപ്പള്ളി

ഷർജീൽ ഉസ്മാനി