Campus Alive

സഹതപിക്കുകയല്ല, ഹാനി ബാബുവിനെ ആഘോഷിക്കുകയും മഹത്വപ്പെടുത്തുകയുമാണ് നാം ചെയ്യേണ്ടത്

“രണ്ടായിരത്തി നാലിലാണ് ഞാന്‍ ഇഫ്‌ലുവിൽ ചേരുന്നത്, അന്ന് മുതല്‍ ഹാനി ബാബുവുമായുള്ള അടുത്ത ബന്ധമെനിക്കുണ്ട്. ഇതൊരു ആത്മകഥനമാവരുതെന്ന് ഹാനി തന്നെ ആഗ്രഹിക്കുന്നുണ്ടാവും, അതിനാല്‍ ഞാനതിലേക്ക് കടക്കുന്നില്ല. എല്ലാവരുടേതെന്നപോലെ കെട്ടിച്ചമച്ച കേസിലാണ് എന്‍ ഐ എ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പ്രധാനപ്പെട്ട ഒരു കാര്യമെന്നത്, ഈ കേസില്‍ അറസ്റ്റിലാവുന്ന ഇടതുപക്ഷ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആദ്യത്തെ ആളാണ് അദ്ദേഹമെന്നതാണ്. അതേ പോലെ ഭരണഘടനയെ വിമര്‍ശിക്കുന്നതിനപ്പുറത്ത് അത് നടപ്പില്‍ വരുത്തുന്നതിനായി പരിശ്രമിച്ചിട്ടുള്ള ഏക വ്യക്തിയുമദ്ദേഹമാണ്.

ഇഫ്‌ലു (അന്ന് സി എഫ് എല്‍)വിലെ വിദ്യാര്‍ത്ഥിനേതാവായിരിക്കുമ്പോള്‍ തന്നെ ഹോസ്റ്റൽ ഭക്ഷണത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനായി അദ്ദേഹം പോരാടിയിട്ടുണ്ട്. പിന്നീടദ്ദേഹം അവിടെത്തന്നെ അധ്യാപകനായി ചേര്‍ന്നു. ഇന്ത്യയിലെ തിന്ന മികച്ചൊരു സെമാന്റീഷ്യനാണദ്ദേഹം. മികച്ചൊരധ്യാപകനുമായിരുന്നു ഹാനി ബാബു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ക്ലാസുകള്‍ ഏറെ പ്രശസ്തവുമായിരുന്നു. അവിടെയുണ്ടായിരുന്ന സത്യ നാരായണെയെപ്പോലുള്ള മറ്റു ജിതിവിരുദ്ധ അധ്യാപകരുമായി ചേര്‍ന്ന് സംവരണം നടപ്പില്‍ വരുത്തുന്നതിനായി അദ്ദേഹം ഏറെ പരിശ്രമിച്ചിരുന്നു. ഇതിനാല്‍ തന്നെ അര്‍ഹതപ്പെട്ട റീഡര്‍ഷിപ്പ് പോസ്റ്റ് അക്കാലത്ത് അദ്ദേഹത്തിന് നിഷേധിക്കപ്പെടുകയുമുണ്ടായി. പിന്നീടാണദ്ദേഹം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്ക് പോവുന്നത്.

പ്രൊഫ. ഹാനി ബാബു

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും അദ്ദേഹം എസ്.സി.എസ്.ടി അധ്യാപക സംഘടനകളുടെ ഭാഗഭാക്കായി. ശുചീകരണത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഈ കാലയളവിലൊക്കെ ജെനി റൊവീന അദ്ദേഹത്തിന്റെ കൂടെയുണ്ട്. ജെനിയില്ലാതെ ഹാനിയുടെ ജീവിതം ശൂന്യമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഹാനിയെ ഞാനറിയുന്നതും ജെനിയിലൂടെയാണ്. എന്റെ ജീവിതം രൂപപ്പെടുത്തുന്നതിലും അവരിരുവര്‍ക്കും ഏറെ പങ്കുണ്ട്. ജെനിയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഞാനിന്നിവിടെ ഇരിക്കുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. പരമ്പരാഗതമായ രീതിയിലുള്ള ദമ്പതികളായിരുന്നില്ല അവര്‍. അവർ ലോകത്തെ മനസ്സിലാക്കുന്നതു തന്നെ ഏറെ വ്യത്യസ്തമായായിരുന്നു. സാധാരണ കാണുന്നതുപോലെ സ്വാര്‍ത്ഥമായ ഒരു ജീവിതത്തെ കെട്ടിപ്പടുക്കുന്നതിലല്ല അവര്‍ ശ്രദ്ധിച്ചത്. മറിച്ച് ചുറ്റുമുള്ള തൊഴിലാളികളെക്കുറിച്ചും അവരുടെ ജീവിതത്തെ മെച്ചപ്പെടുത്താവുന്ന നിയമങ്ങളെക്കുറിച്ചുമൊക്കെയാണ് അവര്‍ ബോധവാന്മാരായത്.

ഞാന്‍ എം.എക്കും എം.ഫിലിനും പഠിക്കുന്ന സമയത്ത് ഹാനി ഇഫ്‌ലുവിലുണ്ട്, പിന്നീട് പി എച് ഡിക്ക് ആരും തന്നെ എന്റെ ഗൈഡാവാന്‍ സന്നദ്ധമാവാത്തതിനെ തുടര്‍ന്ന് ഹാനി മുന്നോട്ടുവരികയും അദ്ദേഹത്തിന്റെ കീഴിൽ തോട്ടിപ്പണിക്കാരുടെ സമുദായത്തിന്റെ ഭാഷയെക്കുറിച്ചാണ് ഞാന്‍ ഗവേഷണം നടത്തിയത്. ഇഫ്‌ലുവിലായിരുന്ന സമയത്ത് ഹാനി എപ്പോഴും ഓഫീസീല്‍ തന്നെ ഉണ്ടാവാറുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളൊന്നുമില്ലെങ്കിലും പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസിലുണ്ടാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹാനി പറഞ്ഞത് നിങ്ങള്‍ സംവരണത്തിനു വേണ്ടി, അവകാശങ്ങള്‍ക്കു വേണ്ടി,  അധികാരികള്‍ക്കെതിരെയൊക്കെ പോരാടുമ്പോള്‍ നിങ്ങള്‍ ആദ്യം ശരിയായ പാതയിലായിരിക്കണമെന്നാണ്. താനേതു പക്ഷത്താണ് എന്ന കൃത്യമായ ധാരണ ഹാനിക്കുണ്ടായിരുന്നു. ഭരണഘടനയും നിയമവും നടപ്പാക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. കാരണം അതിലദ്ദേഹം വിശ്വസിച്ചിരുന്നു എന്നതാണ്.

ഡല്‍ഹിയിലെത്തിയതിനു ശേഷവും സംവരണം നടപ്പിലാക്കുന്നതിനായുള്ള പോരാട്ടങ്ങളിലദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. നിയമത്തിന്റെയും കോടതിയുടെയും ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. അങ്ങനെയാണ് നിയമം പഠിക്കുന്നതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യപ്പെടുന്നതും നിയമം പഠിക്കുന്നതും. നേരത്തേ തന്നെ ഭാഷയുടെ അര്‍ത്ഥങ്ങളെക്കുറിച്ച് അദ്ദേഹം ശ്രദ്ധാലുവായിരുന്നു. നിയമം പഠിച്ചതിനു ശേഷം ഭരണഘടനയുടെ ഭാഷയെ വായിക്കാനും വ്യഖ്യാനിക്കാനും തുടങ്ങി. അദ്ദേഹവും സുഹൃത്തായിരുന്ന നിധിന്‍ മിശ്രയും ചേര്‍ന്ന് എഴുതിയ പെറ്റിഷന്‍ വായിച്ച് ജഡ്ജ് ക്ലോസ് ചെയ്യപ്പെട്ട കേസ് റീ ഓപ്പണ്‍ ചെയ്യുക വരെയുണ്ടായി. അത്രയും ശക്തമായിരുന്നു അവരുടെ ഭാഷ. ഞങ്ങള്‍ നേരിട്ട അപകീര്‍ത്തി കേസിലും അദ്ദേഹത്തിന്റെ ഉപദേശം യാഥാര്‍ത്ഥ്യമായിത്തീരുകയാണുണ്ടായത്. പ്രധാനപ്പെട്ട കാര്യമെന്നത് ഹാനി ബാബു എപ്പോഴും നിയമം നടപ്പിലാക്കുന്നതിനായി പോരാടിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു എന്നതാണ്. ആക്ടിവിസം അദ്ദേഹത്തിന്റെ മേഖലയായിരുന്നില്ല. ഒരുപക്ഷേ ജെനി കുറച്ചെങ്കിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ ഹാനി വളരെ സൂക്ഷ്മമായ രീതിയിലാണ് ഇടപെട്ടിരുന്നത്. അതിനാൽ തന്നെ അതിന്റേതായ അനന്തരഫലവും അതിനുണ്ടായിരുന്നു.

ഈയടുത്തായി പോലീസ് വീട് റെയ്ഡ് ചെയ്തതിനു ശേഷം അദ്ദേഹത്തോട് സംസാരിക്കുകയും വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. ജെനിയും ഹാനിയുമൊക്കെത്തന്നെ പോലീസ് നടപടികളെ മുന്നില്‍ കണ്ടിരുന്നു. അദ്ദേഹത്തെ ഈ കേസിലേക്ക് കൊണ്ടുവരുന്നത് അദ്ദേഹം സായി ബാബക്കുവേണ്ടി പോരാടുന്നു എന്നതിനാലാണ്. മറ്റൊന്ന് FYUP(Four Year Undergraduate Program) കൊണ്ടുവന്ന സമയത്ത് അതിനെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ ഹാനിയുണ്ടായിരുന്നു എന്നതാണ്. ഹിന്ദുത്വ ശക്തികള്‍ക്ക് ഏറെ സ്വാധീനമുള്ളതും അവരേറെ ശ്രദ്ധ ചെലുത്തുന്നതുമായ യൂണിവേഴ്‌സിറ്റിയാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി. ഇപ്പോള്‍ മറ്റു വഴികളിലൂടെ FYUP നടപ്പിലാക്കാന്‍ അവര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതേ പോലെ ഒ ബി സി റിസര്‍വേഷന്‍ അട്ടിമറിക്കാനുള്ള ധാരാളം പരിശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഹാനിയായിരിക്കും ഇതിനെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടാവുക എന്നതവര്‍ക്ക് ബോധ്യമുള്ള കാര്യമായിരുന്നു.

ഹാനി ബാബു, ജെനി റൊവീന

പുതിയ തലമുറ എന്ന നിലയില്‍ നമ്മള്‍ തീരുമാനിക്കേണ്ട കാര്യം എന്‍ ഐ എയേയും പോലീസ് അതിക്രമങ്ങളെയും ഭയപ്പെടേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ്. നമ്മളതിനെ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യം തന്നെ നമ്മളെപ്പോലുള്ള ദലിത്-മുസ്‌ലിം സമുദായങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ചെടുത്തേളം ഭീഷണിയാണ്. ഞാന്‍ കരുതുന്നത് പോലീസിനെ നേരിട്ട് നമ്മള്‍ ശീലിക്കേണ്ടതുണ്ട് എന്നാണ്. ജയില്‍ സ്വാതന്ത്രത്തിന്റെ ഇടമായി കണ്ടിരുന്ന സ്വാതന്ത്ര സമരകാലത്തേക്ക് നമ്മള്‍ തിരിച്ചു പോവേണ്ടി വരും. ഒരു നിലക്ക് ഈ അകവും പുറവും തമ്മില്‍ വലിയ വ്യത്യാസവുമൊന്നുമില്ല. ഇവര്‍ക്കുവേണ്ടി സഹതപിക്കുകയല്ല മറിച്ച് അതിനെ അഭിമുഖീകരിക്കുകയാണ് വേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. പോരാട്ടത്തിലൂടെയല്ലാതെ ആത്മാഭിമാനം നേടിയെടുക്കുക സാധ്യമല്ല. നമ്മളുടെയൊക്കെ ജീവിതം ജയിലിനകത്തും പുറത്തുമായിരിക്കും എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അതിനായി നമ്മള്‍ തയ്യാറെടുക്കുകയും ചെയ്യേണ്ടതുണ്ട്. മുസ്‌ലിം സുഹൃത്തുക്കളോട് നമ്മള്‍ കൂടുതല്‍ കൂടുതല്‍ മുസ്ലിമാവേണ്ടതുണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്. അല്ലാഹുവിലുള്ള ദൃഢമായ വിശ്വാസത്തിലൂടെ മാത്രമേ നമുക്ക് ഈ പോരാട്ടത്തിനാവശ്യമായ കരുത്ത് നേടിയെടുക്കുക സാധ്യമാവൂ.

ഈ കേസിലുള്ള എല്ലാവരെയും തന്നെ വ്യാജ്യമായി പ്രതി ചേർത്തതാണ് എന്ന് നമുക്കറിയാം. നേരത്തേ എസ് എ ആര്‍ ഗീലാനിയെ പ്രതിചേര്‍ക്കാന്‍ അദ്ദേഹത്തിന്റെ കാശ്മീരി സ്വത്വം മതിയായിരുന്നെങ്കില്‍ ഇവിടെ ഇടതുപക്ഷവുമായുള്ള ബന്ധം തന്നെ കാരണമാവുകയാണ്. ഹാനിയുടെ കാര്യത്തില്‍ അതു പേലും വേണ്ടതില്ല എന്നതാണ്. ഹാനിയെ അറസ്റ്റ് ചെയ്യുന്നതിലൂടെ എന്‍ ഐ എ വലിയൊരു അബദ്ധം ചെയ്യുകയാണ് എന്നാണ് ഞാന്‍ പറയുന്നത്. ചരിത്രം അത് തെളിയിക്കും. അദ്ദേഹത്തെ ജയിലില്‍ നിലനിര്‍ത്തുക അവര്‍ക്കെളുപ്പമാവില്ല. ഹാനിയെ തകര്‍ക്കുക സാധ്യമല്ല എന്നവര്‍ തിരിച്ചറിയും. സഹതപിക്കുകയല്ല ഇതിനെ ആഘോഷിക്കുകയും മഹത്വപ്പെടുത്തുകയുമാണ് നമ്മള്‍ ചെയ്യേണ്ടത്. നമ്മള്‍ കരച്ചിലവസാനിപ്പിക്കുകയും ധൈര്യവാന്മാരായിരിക്കുകയും ചെയ്യണം. ഞാന്‍ കണ്ട ആക്ടിവിസ്റ്റുകള്‍ക്കിടയിലെ അസാധ്യമായ ബുദ്ധിശക്തിയുള്ള ആളാണ് ഹാനി. ദലിത് കാമറക്ക് ആ പേരു നിര്‍ദ്ദേശിച്ചതദ്ദേഹമാണ്. അദ്ദേഹത്തിന്റെ ജീവിതം നമുക്കെല്ലാവര്‍ക്കുമൊരു ഉദാഹരണമാണ്. നമ്മളിലാരും ഒരു കാരണവുമില്ലാതെ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. നമ്മള്‍ തയ്യാറായിരിക്കുകയും ചെറുത്തുനിൽക്കുകയും പോരാടുകയും ചെയ്തുകൊണ്ടിരിക്കേണ്ടതുണ്ട്”.


(ഹാനി ബാബുവിന്റെ അറസ്റ്റിനെ തുടർന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രതിഷേധത്തിൽ നടത്തിയ പ്രഭാഷണം)

റഈസ് മുഹമ്മദ്