Campus Alive

‘ഹാനി ബാബുവിന് ഐക്യദാർഢ്യം’ – പ്രൊഫസർ ജി അലോഷ്യസ്

(2019 ഒക്ടോബറിൽ ഡൽഹി പോലീസ് ഭീമ കൊറേഗാവ് സംഭവത്തിന്റെ പേരിൽ പ്രൊഫസർ ഹാനി ബാബുവിന്റെ വീട് റെയ്ഡ് ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന് ഐക്യദാർഢ്യമറിയിച്ച് കൊണ്ട് “Dissent is our political right, Rage against witch-hunt: In Solidarity with Prof. M. T. Hany Babu” എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കേരള സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രൊഫസർ ജി അലോഷ്യസ് നടത്തിയ പ്രഭാഷണത്തിന്റെ പൂർണ്ണ രൂപം)


 

“ആദ്യമായി ഹാനി ബാബുവിന് ഞാൻ ഐക്യദാർഢ്യമർപ്പിക്കുകയാണ്. സായിബാബയുടെ കേസിൽ കുറച്ചധികം താൽപര്യം കാണിച്ചു എന്നതാണ് അദ്ദേഹത്തിന് വിനയായത്. ഇതിലൂടെ ഗവണ്മെന്റ് നൽകുന്ന സന്ദേശം, തങ്ങൾ ഭ്രഷ്ട് കൽപ്പിച്ചവരോട്‌ അടുക്കാൻ ധൈര്യം കാണിച്ചുപോവരുത് എന്നതാണ്. ആനന്ദ് തെൽതുംദെയെ കുറിച്ച് ഇവിടെ സൂചിപ്പിക്കുകയുണ്ടായി. അതിനിടയിൽ പരാമർശിക്കപ്പെടേണ്ട മറ്റൊരു പേര് ജാർഖണ്ഡിൽ നിന്നുള്ള ഫാദർ സ്റ്റാൻ സ്വാമിയുടേതാണ്. അദ്ദേഹത്തിന്റെ വീടും ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ റെയ്ഡ് ചെയ്യപ്പെടുകയുണ്ടായി. റെയ്ഡ് ചെയ്യപ്പെടുക എന്നത് അത്ര വലിയ സംഭവമൊന്നുമല്ലാതായിരിക്കുന്നു. അതിലും മോശമായ സംഗതികളാണ് പല സ്ഥലങ്ങളിലായി (ആക്റ്റിവിസ്റ്റുകൾക്ക് നേരെ) അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം റെയ്ഡുകളിലൂടെ ഭരണുകൂടം നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. നിയമ-നിയന്ത്രണങ്ങളോ ലിബറൽ-ജനാധിപത്യത്തിന്റെ സ്ഥാപിത ആശയങ്ങളോ പ്രൊഫസർമാരുടെയും ബുദ്ധിജീവികളുടെയും അഭിപ്രായപ്രകടനങ്ങളോ ഒന്നും തന്നെ ഇപ്പോൾ പരിഗണിക്കപ്പെടുകയില്ല എന്ന ഭീഷണിയാണ് അത്. ഭരണകൂടം വിവിധ സന്ദർഭങ്ങളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ചോദ്യംചെയ്യപ്പെടുക സാധ്യമല്ലാത്ത വിധം ജനങ്ങളെ അസ്ഥിരമാക്കുകയാണ് അതിന്റെ ഉദ്ദേശ്യം.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, കേരളത്തിലും തമിഴ്‌നാടും നിന്ന് വീക്ഷിക്കുമ്പോൾ ഡൽഹി വളരെ അകലെയായിരുന്നു. ഡൽഹിയിൽ സംഭവിക്കുന്നതൊന്നും നമ്മെ ബാധിക്കുമായിരുന്നില്ല. പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ച ആകുലതകളായിരുന്നു നമുക്ക് ഏറെയും ഉണ്ടായിരുന്നത്. എന്നാൽ ഡൽഹി ഇന്ന് നമ്മുടെ കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും സ്വകാര്യമെന്ന് നമ്മൾ കരുതിയ ഇടങ്ങളിലേക്കൊക്കെയും കടന്നുവന്നിരിക്കുന്നു. ഈ മാറ്റം വളരെ ഗൗരവതരവും പേടിപ്പെടുത്തുന്നതുമായ ഒരു പ്രതിഭാസമാണ്. ചിലരുടെ വീടുകൾ റെയ്ഡ് ചെയ്യപ്പെടുന്നു എന്നതുകൊണ്ടല്ല ഇത്‌ പേടിപ്പെടുത്തുന്നു എന്ന് ഞാൻ പറഞ്ഞത്. ജാർഖണ്ഡിലായിരുന്നപ്പോൾ ഞങ്ങളുടെ വീടും പലതവണ റെയ്ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രണ്ട് റെയ്ഡുകളും സൃഷ്‌ടിച്ച സാമൂഹിക പ്രത്യാഘാതങ്ങൾ വ്യത്യസ്തമാണെന്ന് കാണാം. ഞങ്ങളുടെ വീട് റെയ്ഡ് ചെയ്തുകഴിഞ്ഞ് പോലീസ് മടങ്ങിയപ്പോൾ നിരവധി ആളുകൾ സമാശ്വാസവുമായി ഞങ്ങളെ സമീപിക്കുകയുണ്ടായി. എന്നാൽ നിലവിൽ, ഹാനി ബാബുവിന്റെ റെയ്ഡിന് ശേഷം യൂണിവേഴ്സിറ്റിയിലെ പല ആളുകളും അദ്ദേഹത്തോട് ഒരുതരത്തിലും ബന്ധപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതുകൊണ്ടാണ് ഇത്തരം റെയ്ഡുകൾ സൃഷ്‌ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ പ്രധാനമാകുന്നത്. ഭരണനിർവഹണത്തിന്റെയും നിയമങ്ങളുടെയും എല്ലാ തത്വങ്ങളും അട്ടിമറിക്കപ്പെടുകയാണ്. ജുഡീഷ്യറിയെ കുറിച്ച് മുമ്പ് സൂചിപ്പിക്കുകയുണ്ടായി. അസ്സംബ്ലി തെരഞ്ഞെടുപ്പിന്റെ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് എന്തു സംഭവിച്ചു എന്നത് നാം കണ്ടതാണ്. ഒരു വശത്ത് രണ്ടോ മൂന്നോ പാർട്ടികൾ ചേർന്ന് സംഖ്യമുണ്ടാക്കിയപ്പോൾ മറുവശത്ത് മോഡിയുടെ പാർട്ടി സഖ്യമുണ്ടാക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷനുമായിട്ടാണ്! മോഡി പറയുന്നതെന്തും ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവുന്ന ഇക്കാലത്ത് നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിക്കുന്നില്ല. തികച്ചും അസ്വാഭാവികമായ സാഹചര്യമാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.

ഫാദർ സ്റ്റാൻ സ്വാമി 83 വയസ്സ് പ്രായമുള്ള മനുഷ്യനാണ്. അദ്ദേഹത്തിന്റെ വീട് മഹാരാഷ്ട്ര പോലീസ് റെയ്ഡ് ചെയ്തപ്പോൾ മറാഠിയിലുള്ള അനേകം ഫോമുകളിൽ വിരലടയാളം പതിപ്പിക്കുകയും, വീട്ടിലുള്ള വസ്‌തുക്കളെല്ലാം പിടിച്ചെടുത്ത് കൊണ്ടുപോവുകയും ചെയ്തു. എന്തിനാണ് റെയ്ഡ് നടത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം പിന്നീട് മറുപടിയാവാം എന്നാണ് പറഞ്ഞത്. സത്യനാരായണാ കേസിലും പുസ്തകങ്ങൾ കണ്ടുകെട്ടുകയും, എന്തിനാണ് നിങ്ങളീ പുസ്തകങ്ങൾ വായിക്കുന്നത്, നിങ്ങൾക്ക് ഗവണ്മെന്റ് ശമ്പളം തരുന്നുണ്ടല്ലോ, അൽപം സമാധാനപ്പെട്ടുകൂടെ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയുമാണ് ഗവണ്മെന്റ് ചെയ്തത്. ഏൽപ്പിക്കപ്പെട്ടതിനേക്കാൾ പത്തിരട്ടി പണിയാണ് പോലീസ് എടുത്തുകൊണ്ടിരിക്കുന്നത്. നോക്കൂ, ഈ ആളുകളുടെ പക്കൽ നമ്മുടെ എസ്.ഡി.ഒക്ക് ഉള്ളതിനേക്കാൾ പുസ്തകങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ട് അവിടെയുള്ള ഫയലുകളും പുസ്തകങ്ങളും എടുത്തുകൊണ്ട് പോവുകയാണ് പോലീസ് ചെയ്തത്. രണ്ട് മാസങ്ങൾക്ക് ശേഷം ഡെപ്യൂട്ടി കളക്‌ടർ വിളിക്കുകയും നിങ്ങൾക്ക് ഇവിടെ നിന്ന് പുസ്തകങ്ങൾ തിരിച്ചുകൊണ്ടുപോകാം എന്ന് അറിയിക്കുകയും ചെയ്യുന്നു. നിങ്ങൾ എടുത്തുകൊണ്ട് പോകാൻ ധൈര്യപ്പെട്ടതല്ലേ, നിങ്ങൾ തന്നെ വെച്ചോളൂ എന്നാണ് നമ്മൾ പറയുക. എങ്ങനെയാണ് നമ്മൾ ഇതിനെല്ലാം ഉത്തരം പറയുക എന്ന് സംശയമാണ്. രാജരാജ ചോളയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിന് പാ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയും, എന്ത് കുറ്റത്തിന്റെ പേരിലാണ് അദ്ദേഹത്തെ കോടതിയിൽ കൊണ്ടുവരികയും ചെയ്തത് എന്ന് ചോദിക്കുകയും ചെയ്യുമ്പോൾ, ബഹുമാനപ്പെട്ട കോടതി ചോദിക്കുന്നത് എന്തിനാണ് ഇത്തരം സംഗതികളിൽ അഭിപ്രായം പറയുന്നത് എന്നാണ്. നിശബ്ദരായിരിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്.

ലിബറൽ ജനാധിപത്യവും വിഘടനവാദ സിദ്ധാന്തങ്ങളും തമ്മിൽ വേർതിരിക്കേണ്ടതുണ്ടോ എന്ന ത്രിശങ്കുവിൽ അകപ്പെട്ടുകിടക്കുന്നതാണ് കൂടുതൽ അപകടകരമായി എനിക്ക് തോന്നുന്നത്. നിലവിൽ വിഘടനവാദികൾ തന്നെ മുഖ്യധാരയായിത്തീർന്നിരിക്കുന്നു. സ്വതന്ത്രമെന്ന് നമ്മൾ കരുതിയിരുന്ന പല സ്ഥാപനങ്ങളും ഇന്ന് പരസ്പരം ലയിച്ചുചേർന്ന ഒന്നായിരിക്കുന്നു. ഇന്ന് തെരുവിൽ നടക്കുന്ന എന്ത് സംഭവങ്ങളിലേക്ക് ഇറങ്ങി ചെന്നാലും അത് മോഡി ഉത്തരവിട്ടതാണ് എന്നാണ് മറുപടി ലഭിക്കുക. മോഡിയല്ലെങ്കിൽ അമിത് ഷാ. മോഡിയെക്കൂടാതെ അമിത് ഷാ ഒന്നും ചെയ്യുകയില്ല. മോഡി കൃത്രിമമായ ചിരിയുമായി മുന്നിൽ നിൽക്കുമ്പോൾ, പിന്നാമ്പുറത്ത് അമിത് ഷാ എല്ലാ നീചവൃത്തികളും ചെയ്തുതീർക്കുന്നു. എല്ലാ ദിവസവും പുതിയ എന്തെങ്കിലും വാർത്തകളിലേക്കാണ് നിങ്ങൾ ഉറക്കമുണരുക. ഏതെങ്കിലും ബാങ്കിൽ നിങ്ങൾക്ക് നിക്ഷേപമുണ്ടെങ്കിൽ, ആ പണം അവിടെത്തന്നെയുണ്ടോ, അതോ അത് തട്ടിയെടുക്കാൻ പുതിയ  നിയമങ്ങൾ ഏതെങ്കിലും ആവിഷ്കരിക്കപ്പെട്ടുവോ എന്നാവും നിങ്ങളുടെ അടുത്ത ആശങ്ക.

ജി എൻ സായിബാബ

ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ യഥാർഥ ചിത്രം ഇതാണ്. ‘ഫാഷിസം’ എന്ന പ്രയോഗം ഇതിനെ വിശദീകരിക്കാൻ പര്യാപ്തമാണോ എന്ന് സംശയമാണ്. ‘ഫാഷിസം’ എന്നത് തികച്ചും രാഷ്ട്രീയമായ പ്രതിഭാസമാണ്. എന്നാൽ ഇവിടെ ‘ഫാഷിസം’ ആരംഭിക്കുന്നത് സാമൂഹികതയുടെയും സാംസ്കാരികതയുടെയും വേരുകളിൽ നിന്ന് തന്നെയാണ്. സിംഗപ്പൂരിനെയോ മറ്റു ചെറു രാഷ്ട്രങ്ങളെയോ പോലെ ഇന്ത്യയെയും ഏകശിലാത്മകമായി പരുവപ്പെടുത്തിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന അജണ്ട. രണ്ടായിരമോ മൂവായിരമോ വർഷങ്ങൾ പഴക്കമുള്ള വൈവിധ്യമാർന്ന ഇന്ത്യൻ സാംസ്കാരിക രൂപീകരണത്തെ മായ്ചുകളയുക എന്നാണ് ഇതിനർത്ഥം. ഒരു ഇന്ത്യ, ഒരു സംസ്കാരം എന്നതാണ് അവരുടെ മുദ്രാവാക്യം. ഈ ‘ഒരു ഇന്ത്യ’ എന്ന സങ്കൽപം തീർച്ചയായും ബ്രാഹ്മണികമാണ്. ബ്രാഹ്മണ്യമാണ് കേന്ദ്ര ഇന്ത്യൻ ജാതി. മറ്റെല്ലാ ജാതികളും തങ്ങളുടെ ഭൂമിയിലും സംസ്കാരത്തിലും വേരൂന്നി നിൽക്കുന്നവയാണ്. ബ്രിട്ടീഷുകാർ ഇന്ത്യയെ രണ്ട് തരത്തിൽ വീക്ഷിച്ചിട്ടുണ്ട്. ഒരു നിലക്കും നിയന്ത്രിക്കാൻ സാധിക്കാത്ത ആയിരമായിരം ജാതിവിഭാഗങ്ങളായി ഇന്ത്യയെ വിവക്ഷിക്കുന്നതാണ് അവയിൽ ഒന്നാമത്തേത്. ഇതിനെയാണ് നിഷേധാത്മക ഓറിയെന്റലിസം അഥവാ നെഗറ്റീവ് ഓറിയെന്റലിസം എന്ന് പറയുന്നത്. എന്നാൽ എഡ്വേഡ്‌ സൈദ് പരിചയപ്പെടുത്തുന്നത് പോലെ പോസിറ്റീവ് ഓറിയെന്റലിസം (positive/affirmative orientalism) എന്ന ഒന്നുകൂടിയുണ്ട്. സീമാതീതമായ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ശേഖരമായി ഇന്ത്യയെ മനസ്സിലാക്കുന്നതാണ് ഇത്‌. ഈ സാംസ്‌കാരിക വൈവിധ്യങ്ങളാണ് വിവിധ വിഭാഗങ്ങളെയും ജാതികളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യത്തെ യൂറോപ്പിലേതിനോട് താരതമ്യപ്പെടുത്താൻ ബ്രിട്ടിഷുകാർ ഒരിക്കലും തുനിഞ്ഞിരുന്നില്ല. അവരുടെ അഭിമാന ബോധം അതിനവരെ അനുവദിച്ചില്ല. ഇന്നീ വൈവിധ്യങ്ങൾ തകർക്കപ്പെടുന്നത് നമ്മെ ഏറെ പേടിപ്പെടുത്തുന്നുണ്ട്. നമ്മുടെ കുട്ടികളുടെ പാഠപുസ്തകങ്ങൾ അവർ തിരുത്തുന്നു. നാം എന്ത് കഴിക്കണം, എങ്ങനെ ഉറങ്ങണം എന്നുപോലും അവർ തീരുമാനിക്കുന്നു. ഇതാണ് ഹാനി ബാബുവിനെയും സ്റ്റാൻ സ്വാമിയെയും പോലെയുള്ളവർ നേരിടുന്ന ഭീഷണി. ഇക്കൂട്ടർ സാഹചര്യത്തെ ഗൗരവകരമായി സമീപിക്കുകയും, ഭരണഘടനാപരമായ മാർഗങ്ങളിലൂടെ, ലിബറൽ-ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട്, ലളിതവൽകൃത യുക്തികളെ എതിർക്കുകയും ഇതിനെതിരിൽ പ്രതികരണങ്ങൾക്ക് കളമൊരുക്കിക്കൊണ്ടിരിക്കുന്നു. ഈ ശ്രമങ്ങളെ തന്നെയാണ് ഗവൺമെന്റ് തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ ലിബറൽ ജനാധിപത്യ മൂല്യങ്ങൾ ഇനിയും നിലനിൽക്കുന്നില്ല. ഇവിടെ ശൂന്യമായ ഒരു പ്രതലം മാത്രമാണ് അവശേഷിക്കുന്നത്. ഇതാണ് നിരന്തരമായ റെയ്ഡുകളിലൂടെ ഗവണ്മെന്റ് നമ്മെ അനുഭവിപ്പിക്കാൻ ശ്രമിക്കുന്നത്. വർഷങ്ങളോളമെടുത്ത് തയ്യാറാക്കിയ ബൗദ്ധിക വിഭവങ്ങളെല്ലാം പോലീസ് കണ്ടുകെട്ടിയതിനെ കുറിച്ച് ജെനി (ജെനി റൊവീന) സംസാരിക്കുകയുണ്ടായി. അധ്യാപനം ചെയ്യാൻ ഇതൊക്കെ അത്ര അത്യാവശ്യമാണോ എന്നവർ നിങ്ങളോട് ലളിതമായി ചോദിക്കും. ഇതിനെ കുറിച്ചൊന്നും കാര്യമായി ചിന്തിക്കാതെ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊടുത്ത് ബിരുദം നൽകി വിടാൻ നിങ്ങളെ ഉപദേശിക്കുകയും ചെയ്യും.

ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ച് പറയുമ്പോൾ നമ്മൾ പറയുന്ന സംഗതി ഇന്ത്യ ഒരൊറ്റ ദേശമല്ല (nation) എന്നതാണ്. ഇത്‌ വളരെ വ്യക്തമായി മനസ്സിലാക്കപ്പെടേണ്ട സംഗതിയാണ്. ഓരോ തവണ ഇന്ത്യ ഒരൊറ്റ രാഷ്ട്രമാണെന്ന് തെളിയിക്കാൻ ശ്രമിക്കുമ്പോളും വലിയ പ്രതിസന്ധികളിലാണ് നാം അകപ്പെടുക. അനേകം ദേശങ്ങൾ (nation) ഉള്ളടങ്ങിയ സ്റ്റേറ്റ് വ്യവസ്ഥയാണ് ഇന്ത്യ എന്നതാണ് ശരി. ഈ ദേശങ്ങളെയെല്ലാം ഒറ്റ ദേശമായി പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് അവർ നിങ്ങളുടെ ഭാഷയെക്കുറിച്ച് ഇത്ര ആകുലപ്പെടുന്നത് എന്തിനാണെന്ന് ചോദിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ വൈവിധ്യങ്ങളെയും ക്ലാസിക്കൽ യൂറോപ്യൻ ദേശരാഷ്ട്ര മാതൃകയിലേക്ക് ചുരുക്കിക്കെട്ടാനാണ് അവർ ശ്രമിക്കുന്നത്. അതിനാൽ തന്നെ ലിബറൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ബുദ്ധിജീവികളെ അവർക്ക് നിശബ്ദമാക്കേണ്ടിയിരിക്കുന്നു.

ജി അലോഷ്യസ്

ഇപ്പോൾ അധീശവാദികൾ കൂടുതൽ ആർജവത്തോടെ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മാസം കൊച്ചിയിൽ തമിഴ് ബ്രാഹ്മണരുടെ അന്താരാഷ്ട്ര സമ്മേളനം നടന്നിരുന്നു. “നമ്മൾ ഉയർന്ന ജാതിയിൽ ജനിച്ച ആളുകളാണ്, മറ്റുള്ളവരുമായി കലരാതെ നമ്മുടെ സ്വത്വം സംരക്ഷിക്കാൻ നമുക്ക് ബാധ്യതയുണ്ട്, എന്നൊക്കെയാണ് അവരിൽപ്പെട്ട ഒരു ജഡ്ജി അഭിപ്രായപ്പെട്ടത്. ശാസ്ത്രീയ സർവകലാശാലയിലെ ഒരു പ്രൊഫസർ അഭിപ്രായപ്പെട്ടത്, മതം/ധർമം അനുശാസിച്ചത് പ്രകാരം സമൂഹം നാല് തട്ടുകളായി തിരിച്ചിട്ടുണ്ട്, അത് നമ്മൾ തുടരേണ്ടതുണ്ട് എന്നൊക്കെയാണ്. ഇരുപതോ മുപ്പതോ വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ചെയ്യാൻ അവർ ധൈര്യപ്പെടുമായിരുന്നില്ല. ആളുകൾ അതിന് അനുവദിക്കുകയുമില്ല. എന്നാൽ കൂടുതൽ ശക്തമായി ഈ പ്രവണത തിരിച്ചുവന്നിരിക്കുന്നു. ‘ബ്രാഹ്മണിസത്തെ ഉദ്ദേശ്യപൂർവം തന്നെ അവർ അക്കാദമിക രംഗങ്ങളിൽ അദൃശ്യവൽക്കരിച്ചിരിക്കുന്നു. ബ്രാഹ്മണിസത്തെ കുറിച്ച് പറയുമ്പോഴും എന്നെ അവർ വേട്ടയാടാത്തത് എന്റെ ജീവനോപാധിക്ക് ഞാൻ മറ്റുള്ളവരെ ആശ്രയിക്കാത്തതിനാലാണ്. എന്നാൽ രണ്ടാം വട്ടവും ഞാൻ ബ്രാഹ്മണിസത്തെ കുറിച്ച് പറഞ്ഞാൽ അക്കാദമിക മേഖലയിൽ ഞാൻ തീണ്ടിക്കൂടാത്തവനായി മാറും. ബ്രാഹ്മിൺ എന്നതിന് പകരം ഹിന്ദു എന്നാണ് ഞാൻ പറയേണ്ടത്! ഹിന്ദു എന്നാൽ ക്രിസ്ത്യനും മുസ്‌ലിമും അല്ലാത്ത എല്ലാവരുമാണ് എന്നാണ് വെപ്പ്. അങ്ങനെ വരുമ്പോൾ മുസ്‌ലിംകളെയും മറ്റു മതസമുദായങ്ങളെയും ആക്രമിക്കുന്നതിന് ഹിന്ദു സമൂഹത്തിന്റെ പൊതുസമ്മതി ഉണ്ടെന്ന് വരുന്നു. ബ്രാഹ്മണിസം തങ്ങളുടെ യഥാർഥ മുഖം മറക്കാനാണ് ഹിന്ദു എന്ന വ്യവഹാരം ആവിഷ്കരിച്ചത് എന്ന് റോമില ഥാപ്പർ നിരീക്ഷിക്കുന്നുണ്ട്. നമ്മളും ഒരു പരിധിവരെ ഹിന്ദു – മുസ്‌ലിം വ്യവഹാരത്തിൽ പെട്ടുപോയിട്ടുണ്ട്.

യഥാർഥത്തിൽ ഹിന്ദു മതമല്ല, ബ്രാഹ്മണ്യ മതമാണ് നമ്മെ അക്രമിച്ചുകൊണ്ടിരിക്കുന്നത്. ബ്രാഹ്മണ്യ മതം എന്നതാണ് ശരിയായ പ്രയോഗം. ഹിന്ദു എന്ന് നമ്മൾ പറഞ്ഞാൽ ഈ രാജ്യത്തെ തൊണ്ണൂറ് ശതമാനവും നമ്മെ അക്രമിച്ചുകൊണ്ടിരിക്കുന്നു എന്നാണർഥം. അങ്ങനെ പറയാൻ എന്തവകാശമാണ് നമുക്കുള്ളത്. മാത്രമല്ല തൊണ്ണൂറ് ശതമാനവും ഒരു ചെറുസമൂഹത്തെ ആക്രമിക്കുന്നു എന്ന്പറഞ്ഞാൽ ആൾക്കൂട്ടത്തിന്റേതാണ് (mass) പ്രശ്നം എന്നുവരും. അതിനാൽ അത്തരമൊരു ഭൂരിപക്ഷത്തെ നിർമിച്ചെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുഴുവൻ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഇത്തരമൊരു ശൃംഖല നിർമിക്കുന്നതിന് ചില സംസ്ഥാനങ്ങൾ പ്രതിബന്ധമാണെന്നും അവർ കണ്ടെത്തിയിട്ടുണ്ട്. കിട്ടിയ അവസരത്തിൽ രാജ്യത്തുടനീളമുള്ള ബ്രാഹ്മണ്യ ശക്തികളെ അവർ ഒന്നിപ്പിച്ചിരിക്കുന്നു. നാളെ ഒരുപക്ഷേ മുഴുവൻ സംസ്ഥാനങ്ങളെയും ലയിപ്പിച്ചുകൊണ്ട് മോഡിയുടെ നേതൃത്വത്തിലുള്ള ഒറ്റ രാഷ്ട്രമായി ഇന്ത്യയെ മാറ്റും എന്ന് പ്രഖ്യാപിച്ചാൽ രാജ്യത്തിലെ പകുതി പേരും അതിനെ അനുകൂലിച്ചെന്ന് വരും. അങ്ങനെ വന്നാൽ അക്കാദമിക – ജുഡീഷ്യൽ മേഖലകൾക്കെല്ലാം എന്തുസംഭവിക്കും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

അക്കാദമിക മേഖല, ഇരുട്ടിവെളുക്കുമ്പോഴേക്ക് മോഡി അനുകൂലികളായി മാറാൻ പ്രയാസമൊന്നുമില്ല. അക്കാദമിക മേഖലയിലുള്ള ഓരോരുത്തർക്കും രണ്ട് ലക്ഷത്തിനടുത്ത് ശമ്പള ഇനത്തിൽ ചെലവഴിച്ചുകൊണ്ട് അവരെ വളർത്തിക്കൊണ്ടുവരുന്നത് അതിനുവേണ്ടിയാണ്. നിങ്ങൾ ചോദിക്കാതെ ശമ്പള വർദ്ധനവ് ഉണ്ടാകും, നിശ്ശബ്ദരാവുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഹാനി ബാബു ഭരണകൂട നടപടികളെ ചോദ്യംചെയ്തില്ലായിരുന്നുവെങ്കിൽ അദ്ദേഹവും ആക്രമിക്കപ്പെടുകയോ നിരന്തര സമ്മർദ്ദങ്ങൾക്ക് വിധേയനാക്കപ്പെടുകയോ ചെയ്യില്ലായിരുന്നു. അതിനുവേണ്ടിയാണ് മുൻകൂറായി ഗവണ്മെന്റ് രണ്ട് ലക്ഷം രൂപ ‘കൈക്കൂലി’ അനുവദിക്കുന്നത്. ജീവനോപാധിയാണ് പ്രധാനം എന്നതുകൊണ്ട് ചിലർ അതിൽ പെട്ടുപോവുകയും ചെയ്തിട്ടുണ്ട്. സ്വന്തമായി ഒരു ചലനവും നടത്താൻ സാധിക്കാതെ അവർ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിലെ ‘മധ്യവർഗം’ അന്തിച്ചുനിൽക്കുകയാണ്.

വ്യത്യസ്തമായ അഭിപ്രായങ്ങൾ കൈക്കൊണ്ടിരുന്ന ചില ബുദ്ധിജീവികളെല്ലാം ഇപ്പോൾ അവരുടെ അഭിപ്രായങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു എന്ന് നമ്മൾ കാണുകയുണ്ടായി. ഇത്‌ മതേതരത്വമല്ല, ഹിന്ദുത്വമാണ് എന്നൊക്കെ അവർ പറഞ്ഞുതുടങ്ങിയിരിക്കുന്നു. എന്നാൽ ഹിന്ദുയിസം എന്നത് ഹിന്ദുത്വമല്ല, ഹിന്ദുയിസം എന്നാൽ മതേതരവും സഹിഷ്ണുതയുമുള്ള മതസമൂഹമാണ്, നമുക്ക് നമ്മുടേതായ മതനിരപേക്ഷതയാണ് ഉള്ളത്, അതെന്തുകൊണ്ടാണ് അമേരിക്കയിലേതിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നൊന്നും ചോദിക്കരുത്, എന്നിങ്ങനെ അവർ മുമ്പ് കൈക്കൊണ്ട അഭിപ്രായങ്ങൾ വഴി വലിയ അപകടങ്ങൾ ഇതിനോടകം ക്ഷണിച്ചുവരുത്തിയിരിക്കുന്നു.

കഴിഞ്ഞ അറുപതോ എഴുപതോ വർഷങ്ങൾക്കിടയിൽ ആവിഷ്കരിക്കപ്പെട്ട വിവിധ ആശയങ്ങളിലൂടെ ഹിന്ദുത്വ ശക്തികൾ നിർമിച്ചെടുത്ത അധീശത്വത്തെ പൊളിച്ചുകൊണ്ട് ഇവിടെ നിലനിന്നിരുന്ന വൈവിധ്യങ്ങൾ പുനഃസ്ഥാപിക്കുക എന്നത് വലിയ അധ്വാനം ആവശ്യമായ കർമമാണ്. പ്രശസ്ത ആർക്കിയോളജിസ്റ്റുകളായ ബ്രിഡ്ജെറ്റ് ആൾച്ചിനും റെയ്മണ്ട് ആൾച്ചിനും തങ്ങളുടെ ‘റൈസ് ഓഫ് സിവിലൈസേഷൻ ഇൻ ഇന്ത്യ ആൻഡ് പാക്കിസ്ഥാൻ’ എന്ന പുസ്തകത്തിന്റെ അവസാന പത്ത് പേജുകളിൽ ‘നാനാത്വത്തിൽ ഏകത്വം’ എന്ന സംഗതിയെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. ‘ആരംഭത്തിൽ ഇന്ത്യയിൽ നാനാത്വമാണ് ഉണ്ടായിരുന്നത്, ഏകത്വം പിന്നീടാണ് രൂപം കൊള്ളുന്നത്. അഥവാ ഇന്ത്യയുടെ അടിസ്ഥാന സ്വഭാവം നാനാത്വമാണ്. ഏകത്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ പിന്നീടാണ് ഉണ്ടാവുന്നത്. അതിശയകരമായ നാനാത്വങ്ങളുള്ള ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ മൗലികമായ പ്രേരണ, അത് ഏകീകരിക്കാൻ സാധ്യമല്ല എന്നതാണ്. അപ്രകാരം അതിനെ ഏകീകരിക്കാനുള്ള ശ്രമങ്ങളെല്ലാം പ്രശ്നം കൂടുതൽ സങ്കീർണമാക്കാനേ ഉപകരിക്കൂ. എന്റെ അഭിപ്രായത്തിൽ ‘നാനാത്വത്തിൽ ഏകത്വം’ (unity in diversity) എന്നതല്ല, മറിച്ച് ‘ഏകരൂപങ്ങളിൽ നാനാത്വങ്ങളുണ്ടാവുക’ (diversity in unity) എന്നതാണ് ശരി. ‘ഏകത’ അന്തർലീനമായിരിക്കുമ്പോൾ തന്നെ ‘നാനാത്വ’മാകണം സാമൂഹിക രൂപീകരണത്തിന്റെ അടിസ്ഥാന ശില. എല്ലാവരും ഏകത്വത്തെ ഒഴിവാക്കി നാനാത്വത്തെയാണ് പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുന്നത്. ഏകത്വം അന്തർലീനമായി കിടക്കേണ്ടതാണ്, മേലെനിന്നും അടിച്ചേൽപ്പിക്കപ്പെടേണ്ടതല്ല. ഒരുപാട് കാലം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇപ്രകാരമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ ഇപ്പോളത് വീണ്ടും സാമൂഹിക രൂപീകരണത്തെ മുകളിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അത്തരമൊരു അടിച്ചേൽപ്പിക്കലാണ് 1951ൽ സംഭവിച്ചത്. പെരിയാർ അതിനെ എതിർത്തുകൊണ്ട് ചോദിച്ചത് തമിഴ്‌നാട് ഇന്ത്യയുടെ ഭാഗമായിരിക്കണമെന്ന് നിങ്ങൾക്കാഗ്രഹമുണ്ടോ ഇല്ലേ എന്നായിരുന്നു. രണ്ടു മാസം നീണ്ട പ്രക്ഷോഭ പരിപാടികൾ മാത്രമാണ് മാറ്റത്തിന് ആവശ്യമായി വന്നത്. നെഹ്‌റു പാർലിമെന്റിൽ വിഷയമവതരിപ്പിക്കുകയും, സംവരണ പദ്ധതികളുമായി മുന്നോട്ടുപോവാൻ നിർബന്ധിതനാവുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയിലെ ആദ്യ ഭേദഗതിയായിരുന്നു ഇത്‌. എന്നാൽ ഇന്ന് നിസ്വാർഥമായി (selfless) അത്തരം സമരപരിപാടികളുമായി മുന്നിട്ടിറങ്ങുന്നവർ കുറവാണ്. കുടുംബവും കുട്ടികളും ജീവിതായോധനവും മാത്രമാണ് അവരുടെ പരിഗണയിൽ വരുന്നത്. ഏതെങ്കിലും സാമൂഹ്യ-രാഷ്ട്രീയ പരിപാടികളിലേക്ക് ക്ഷണിക്കുമ്പോൾ, എനിക്ക് കുടുംബവും കുട്ടികളുമുണ്ട്, അവരെ ആര് സംരക്ഷിക്കും എന്നാണ് അവർ ചോദിക്കുക. നിങ്ങൾ നിങ്ങളുടെ സ്വകാര്യ ജീവിതം മുന്നോട്ടുകൊണ്ടുപോവുക, പൊതു കാര്യങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം എന്നാണ് ഗവണ്മെന്റിന്റെ ആഹ്വാനം. അഥവാ നിങ്ങളൊരിക്കലും സ്വാഭിമാനത്തിന് വേണ്ടി പ്രയത്നിച്ചുപോവരുത് എന്നാണ് ഗവണ്മെന്റ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒന്നുകിൽ സ്വാഭിമാനരഹിതരായി ജീവിക്കുക, അല്ലെങ്കിൽ നിങ്ങൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടും. ഹാനി ബാബുവിനും ജി.എൻ. സായിബാബക്കും സംഭവിച്ചത് തീർച്ചയായും ദുഃഖകരമാണ്. ആരെങ്കിലും അവരെ സമീപിക്കുകയോ അവർക്ക് വേണ്ടി സംസാരിക്കുകയോ ചെയ്‌താൽ അവരും രാജ്യദ്രോഹികളാക്കപ്പെടും. നമ്മളിലെത്ര പേർ ഹാനി ബാബുവിനെ ഫോണിൽ വിളിച്ചോ, അദ്ദേഹത്തെ സമീപിച്ചുകൊണ്ടോ സമാശ്വസിപ്പിക്കാൻ തയ്യാറാവും?! എല്ലാം ഗവണ്മെന്റ് നിരീക്ഷണത്തിലാണുള്ളത്. നമ്മൾ ഇന്ന് ഇത്രയും അകലത്തിലിരുന്നുകൊണ്ടാണ് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. നമ്മളാരും ഗവണ്മെന്റ് രജിസ്റ്ററിൽ രാജ്യദ്രോഹികളായി രേഖപ്പെടുത്തപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഈ നിശ്ചലതയെ നമ്മൾ തകർക്കേണ്ടതുണ്ട്. സ്റ്റേറ്റിനെ ആശ്രയിച്ചുകൊണ്ട് ജീവിക്കാതിരിക്കാൻ നാം ശ്രമിക്കേണ്ടതാണ്. ഇന്ന് നമ്മുടെ എല്ലാ ജീവിത വ്യവഹാരങ്ങളും ‘സ്റ്റേറ്റ്’ എന്ന ആശയത്തിൽ ഉറഞ്ഞുകിടക്കുകയാണ്. സ്റ്റേറ്റ് അൽപം ക്രുദ്ധമായി പെരുമാറിയാൽ നമ്മൾ നിസ്സഹായരായി പോകുന്നു. അങ്ങനെയുള്ള സ്റ്റേറ്റ് തകരുകയല്ലേ വേണ്ടത്. നമ്മളെന്തിനാണ് അതിൽ പരിഭ്രാന്തരാകുന്നത്. സ്റ്റേറ്റ് നിലനിക്കുന്നതുകൊണ്ടല്ല ജനങ്ങൾ ഇന്നും അതിജീവിക്കുന്നത്. സ്റ്റേറ്റ് ഇല്ലങ്കിലും നമ്മൾ അതിജീവിക്കും. സ്റ്റേറ്റിനെ അമിതമായി ആശ്രയിക്കുന്നവർക്ക് മാത്രമേ ആ പ്രശ്നമുള്ളൂ. അതുകൊണ്ട് നമ്മളെ സ്റ്റേറ്റിൽ നിന്നും സ്റ്റേറ്റ് ആശ്രയത്വത്തിൽ നിന്നും വേർപ്പെടുത്തിക്കൊണ്ട് ഹാനി ബാബുവിനും, ജി.എൻ സായിബാബക്കും, സ്റ്റാൻ സ്വാമിക്കും, തെൽതുംഡെക്കും ഐക്യദാർഢ്യമർപ്പിക്കാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ശരിയായ വഴി എന്നാണ് ഞാൻ കരുതുന്നത്”.

 


തയ്യാറാക്കിയത്: അഫ്സൽ ഹുസൈൻ

പ്രൊഫ. ജി അലോഷ്യസ്‌