Campus Alive

“പ്രിയപ്പെട്ട ഹാനി ബാബുവിന്, ഒട്ടും പ്രിയപ്പെട്ടതല്ലാത്ത എൻ.ഐ.എ.ക്ക്”

“പ്രിയപ്പെട്ട ഹാനി ബാബുവിന്,

ഒട്ടും പ്രിയപ്പെട്ടതല്ലാത്ത എൻ.ഐ.എ.ക്ക്,

 

മുസ്‌ലിം കീഴാള ശരീരങ്ങളെ തേടിപ്പിടിച്ചു വേട്ടയാടുന്ന നിങ്ങൾ ഇന്ന് അവസാനം എത്തിനിൽക്കുന്നത് ഞങ്ങളുടെ യൂണിവേഴ്സിറ്റി പ്രൊഫസർ ഹാനി ബാബുവിലാണല്ലോ. ഇതിനോളം പത്തിലധികം പേരെ അറസ്റ്റ് ചെയ്ത 2017 ൽ നടന്ന എലിഗർ പരിഷത്ത് – ഭീമ കൊറേഗാവ് സംഭവവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത, ആ വിഷയത്തെ വായിച്ചു മാത്രം പരിചയപ്പെട്ട ഡോ ഹാനിയെ കൂടി അറസ്റ്റ് ചെയ്യുമ്പോൾ, സത്യം പറഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ തന്നെ കുഴി എടുക്കുകയാണ്. ഭരണകൂടത്തിന് വേണ്ടി ദാസ്യവേലയാണ് ചെയ്യുന്നതെങ്കിലും വിനാശമായി ഭവിക്കുന്നത് അവർക്കും നിങ്ങൾക്കും തന്നെയാണെന്ന് സസന്തോഷം അറിയിക്കാനാണ് ഈ കുറിപ്പ്. വസ്തുനിഷ്ടമായ ഒരു കുറിപ്പായതിനാൽ വിരസമായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം.

മാവോയിസ്റ്റ് മുദ്രചാർത്തുന്നതും ഇലക്ട്രോണിക് സാമഗ്രികളിൽ നിന്ന് ഒളിപ്പിച്ചുവെച്ച ഡാറ്റ കണ്ടെടുക്കുന്ന കഥകളും വിലപ്പോകുമെന്നുള്ള നിങ്ങളുടെ ആത്മവിശ്വാസത്തിന് പിറകിൽ ദേശസുരക്ഷയുടെ മറവിൽ എന്ത് തോന്നിവാസം ചെയ്താലും വെള്ളം ചേർക്കാതെ വിഴുങ്ങാൻ കാത്തു നിൽക്കുന്നവരുണ്ടെന്ന ബോധ്യം മാത്രമല്ല, മറിച്ച് ഇന്ത്യൻ മണ്ണിൽ ദുരൂഹതകളോടെ മാത്രം ചിത്രീകരിക്കപ്പെടുന്ന ‘ചില കൂട്ടങ്ങളെ’ പറ്റിയുള്ള പൊതുബോധവും കൃത്യമായി നിങ്ങളുടെ വളർച്ചയെ സഹായിക്കുന്നുണ്ട്. എന്നാൽ ഇപ്രാവശ്യം പണി അത്യാവശ്യം നന്നായി പാളിയിട്ടുണ്ട്. കെട്ടുകഥകൾ നിർമ്മിക്കുമ്പോൾ വിശ്വാസ്യയോഗ്യതയ്ക്കപ്പുറം കണ്ണോടിച്ചു നോക്കുമ്പോൾ തന്നെ ആളുകളിൽ പുച്ഛം ഉണർത്തുന്ന തരത്തിലുള്ളവ ഇനിയെങ്കിലും നിങ്ങൾ ഉപേക്ഷിക്കണം.

മഹാരാഷ്ട്രയിൽ നടന്ന ഒരു സംഭവവുമായി ഒരു ബന്ധവും ഇല്ലാത്ത മലയാളിയും ഡൽഹി നിവാസിയുമായ ഹാനി ബാബുവിന്റെയും പങ്കാളിയും ഡൽഹി യൂണിവേഴ്സിറ്റിയിലെ തന്നെ പ്രൊഫസറുമായ ജെനി റോവീനയുടെയും വീട് യാതൊരു മുൻകൂർ വാറന്റും ഇല്ലാതെ 2019 ൽ റെയ്ഡ് ചെയ്തതിനെതിരെ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ ലാപ്ടോപ്പും ഫോണും പുസ്തകങ്ങളും നിങ്ങൾ പിടിച്ചെടുത്തു.

ശരീരം 90% തളർന്നുകിടക്കുന്ന ഈ കേസിൽ പ്രതി ചേർക്കപ്പെട്ട ജി എൻ സായിബാബയോടുള്ള മാനുഷിക പരിഗണനയുടെ പേരിൽ അദ്ദേഹത്തെ സഹായിക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ കൺവീനറായതിന്റെ പേരിലാണ് ഹാനിയുടെ വീട് അന്ന് റെയ്ഡ് ചെയ്തതെങ്കിൽ ഇന്ന് അദ്ദേഹം (നിങ്ങൾക്ക്) അതേ കേസിലെ മറ്റൊരു പ്രതിയാണ്.

2020 ജൂലൈയിൽ സാക്ഷി മൊഴി എടുക്കാനെന്നോണം വിളിപ്പിച്ച് അദ്ദേഹത്തിനെ നിങ്ങൾ മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ ഒരു വർഷമായി ‘നിങ്ങളുടെ’ തന്നെ കൈവശം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ നിന്ന് ഹിഡൻ ഡാറ്റകൾ നിങ്ങൾ തന്നെ കണ്ടുപിടിക്കുന്നു. ലൈഫ് – ലോ – ലിംഗ്വിസ്റ്റിക് എന്നീ ക്രമീകരണത്തിൽ നിന്ന് അദ്ദേഹത്തിന്റെ ഫോൾഡറുകൾ മാറ്റപ്പെട്ടിരിക്കുന്നു എന്ന് ഭാര്യയോട് അദ്ദേഹം പങ്കുവച്ചിരുന്നു. തനിക്ക് അതിനെക്കുറിച്ച് അറിയില്ല എന്ന് വാദിച്ചപ്പോൾ നിങ്ങൾ മറ്റാരുടെയെങ്കിലും പേര് പറയാൻ ആവശ്യപ്പെടുകയും അദ്ദേഹം അത് നിരസിക്കുകയും ചെയ്തു. ശേഷം നിങ്ങൾ അവരെ അറസ്റ്റ് ചെയ്തു.

ഇതൊന്നും പോരാതെ കൃത്യമായ ഇടതു വീക്ഷണങ്ങളോട് വിയോജിക്കുകയും വിട്ടുനിൽക്കുകയും ചെയ്ത ഹാനിയുടെ ‘മാവോയിസ്റ്റ്’ ബന്ധവും നിങ്ങൾ പുറത്തു കൊണ്ടുവരുന്നു. രസകരമെന്തെന്നാൽ നിങ്ങളുടെ ആക്രമണങ്ങളെന്നപോലെ ഇടതിന്റെ അപഹരണങ്ങളെയും കൃത്യമായി എതിർത്തിരുന്ന വ്യക്തിയാണ് ഹാനി ബാബു.

പേടിക്കേണ്ട, ഇതിലൂടെ പൊതു മണ്ഡലങ്ങൾക്ക് നിങ്ങളാകുന്ന വാഹകരെ കുറിച്ച് മാത്രമല്ല നിയമങ്ങളെ കുറിച്ച് തന്നെ കൃത്യമായ ധാരണകൾ ഉണ്ടാവുന്നുണ്ട്. ഈ കാലഘട്ടത്തിൽ, വിവേചനപൂർവം പ്രവർത്തിക്കുന്ന നിയമങ്ങളിൽ തന്നെ അതിന്റെ പരിഹാരം തേടുന്നതിലെ വിഡ്ഢിത്തവും, നമുക്കാവശ്യം അതിന്റെ ആകെ അഴിച്ചുപണി ആണെന്നുള്ള തിരിച്ചറിവും ഒക്കെ സധൈര്യം പൊതുവായി പ്രഖ്യാപിക്കാൻ പൗരന്മാരെ നിങ്ങൾ പ്രാപ്തമാക്കുന്നുണ്ട്. ചെറുതായൊന്ന് ഗാന്ധിയെ കൊന്നവരെ ദേശീയവാദികളാക്കുന്നതിന്റെ പരിഹാസ്യതയായി മാത്രമല്ല ഇന്ന് സാധാരണക്കാരൻ മനസ്സിലാക്കുന്നത്, മറിച്ച് ദേശരാഷ്ട്രം എന്നത് അധികാരത്തിന്റെ മാത്രം പര്യായമാകുന്നതിന്റെ ഔചിത്യം പുനർവിചിന്തനത്തിന് വലിയ രീതിയിൽ വിധേയമാക്കുന്നുമുണ്ട്. പ്രത്യേകിച്ച് കോവിഡ് കാലത്തിന്റെ രാഷ്ട്രീയം ആഗോളതലത്തിൽ അഗമ്പനും സിസേക്കുമൊക്കെ ചർച്ച ചെയ്യുന്ന സമയത്ത് ഇന്ത്യയിൽ കൃത്യമായി ആളുകളെ വേട്ടയാടാനും രാമക്ഷേത്ര നിർമ്മാണത്തിനൊന്നും ബാധകമല്ലാത്ത പകർച്ചവ്യാധിയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയായി വായിക്കാനും ഇവിടെയുള്ളവർക്ക് സാധിക്കുന്നുണ്ട്.

ഭാഷയിലെ ചാതുർവർണ്യ വ്യവസ്ഥയെ അക്കാദമിക്ക് ഇടത്തിൽ സൈദ്ധാന്തികമായി പ്രതിരോധിച്ച അധ്യാപകനെ കേസിൽ കുടുക്കി ദിവസങ്ങൾക്കകം New Education Policy നടപ്പിലാക്കുമ്പോൾ വീണ്ടും വീണ്ടും വായിക്കപ്പെടുന്നത് 2017 ൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ തന്നെയാണെന്നുള്ള കാഴ്ച നിങ്ങളെ ദുഖിപ്പിക്കട്ടെ!

നിങ്ങളൊരു പണ്ഡിതൻ ആണെങ്കിൽ ഈ സമയത്ത് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതാണ് നിങ്ങളുടെ വിദ്യാഭ്യാസമെന്ന് പറഞ്ഞ ഷർജീൽ ഇമാമിനെ ഓർമ്മിക്കാനും അദ്ദേഹത്തിന്റെ ശരികൾ അംഗീകരിക്കാനും ‘പുരോഗമനവാദികൾക്ക്’ കൂടി അവസരം കൊടുക്കുകയാണ് ‘പ്രിയപ്പെട്ട’ എൻ ഐ എ നിങ്ങൾ ചെയ്യുന്നത്! മണ്ഡൽ – ബാബരിയാനന്തര വ്യവഹാരങ്ങൾ സൃഷ്ടിച്ച തിരിച്ചറിവ് ഊട്ടിയുറപ്പിക്കാനും സ്വീകാര്യമാവാനും നിങ്ങളുടെ തന്നെ ചെയ്തികൾ അവസരമൊരുക്കി തരുന്നുണ്ട്. മികച്ച അധ്യാപകനെന്നതിലുപരി കൃത്യമായ രാഷ്ട്രീയം പറഞ്ഞുവെച്ച ഹാനിസാറിനെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹം ചെല്ലുന്ന തടവറകളിൽ ഞങ്ങൾ ഇല്ലല്ലോ എന്ന നിരാശ മാത്രമാണ് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ഞങ്ങൾക്കുള്ളത്. ഹാനിയെ തേടിയെത്തിയത് ഞങ്ങളെ തേടിയെത്തുന്നില്ലെങ്കിൽ അത് ഞങ്ങളുടെ രാഷ്ട്രീയ പാളിച്ചയും പ്രിവിലേജും കാരണമാണെന്ന തിരിച്ചറിവിലേക്ക് സെൻട്രൽ യൂണിവേഴ്സിറ്റി തലങ്ങളിൽ ചർച്ചയാവുന്നു.

കേവലം പരിപൂരകമായി വർത്തിക്കുകയല്ല, ഏതറ്റംവരെയും എതിർക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് അപര രാഷ്ട്രീയത്തിന്റെ വക്താക്കളായ, ക്ലാസ് മുറികളിലും ശേഷം പ്രതിഷേധ തെരുവുകളിലും പാതിരാത്രി സമയത്തുപോലും കൂടെ നിന്ന ഹാനിയും ജെനിയും ഞങ്ങളിലേക്ക് കൈമാറിയ നീതിബോധം നിലനിൽക്കുവോളം തോറ്റു പോവുകയേ നിങ്ങൾക്ക് നിവൃത്തിയുള്ളൂ. അദ്ദേഹത്തെ പോലെ ഞങ്ങളും ഇതൊക്കെ തന്നെയും ചിരിച്ചു തള്ളും. ജെനിയെ പോലെ വിരൽ ചൂണ്ടും!”

 

റാനിയ സുലൈഖ