അധിനിവേശം ഇപ്പോഴും കൊടുമ്പിരി കൊള്ളുന്നുണ്ടെങ്കിലും ഗസ്സ ലോകത്തിൻ്റെ ശ്രദ്ധയിൽ നിന്ന് തെന്നി മാറാൻ തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മരുമകൻ ജാരദ് കുഷ്നർ ദാവോസിൽ വെച്ച് നടന്ന വേൾഡ് ഇകണോമിക് ഫോറത്തിൽ “ന്യൂ ഗസ്സ” എന്ന പേരിൽ ആ നാടിനെ മുറിച്ച് വിൽക്കാനുള്ള പദ്ധതിയും അവതരിപ്പിച്ചിരിക്കുന്നു. “ബോർഡ് ഓഫ് പീസ്” എന്ന് പേരിട്ട് അധിനിവേശം തട്ടിക്കൂട്ടിയ പുതിയ ഭരണവ്യവസ്ഥയിൽ പേരിന് മാത്രം കുറച്ച് ഫലസ്ത്വീനി ടെക്നോക്രാറ്റുകളുടെ സാന്നിധ്യം കാണാം. അഥവാ, ഇസ്രായേലി അധിനിവേശം ഇനി ലോകരാഷ്ട്രങ്ങൾ നൽകുന്ന പ്രത്യക്ഷ സാധുത-സഹകരണങ്ങളോടെ നിലനിൽക്കും. ഫലസ്ത്വീനിൻ്റെ കാര്യത്തിൽ ഫലസ്ത്വീനികളുടെ ശബ്ദമെവിടെ എന്നതാണ് ന്യായമായും ഉയരുന്ന ചോദ്യം. ഇത്തരം സന്ദർഭങ്ങളിൽ മുഴങ്ങേണ്ട പ്രതിരോധ ശബ്ദങ്ങളിലൊന്ന് നിലച്ചിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടിരിക്കുന്നു. പിൻഗാമികൾ നിരയായി ആ ചങ്ങല കാത്തു സൂക്ഷിക്കുമെങ്കിലും ശഹീദ് ഫുദൈഫയെന്ന ഹമാസിൻ്റെ ഒന്നാം അബൂ ഉബൈദ കേട്ടു മതി വരാത്ത പോരാളിയായിരുന്നു. നമ്മൾ ഇത്രയും തവണ സലാം മടക്കിയ മറ്റൊരു ശഹീദ് സമകാലികത്തിലോ ഒരു പക്ഷേ ചരിത്രത്തിൽ തന്നെയോ ഉണ്ടാവണമെന്നില്ല.
രണ്ട് പതിറ്റാണ്ടിലേറെ കാലമായി മധ്യപൗരസ്ത്യ ദേശത്തെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും ഇസ്രായേലി അധിനിവേശത്തിൻ്റെയും വർത്തമാനങ്ങളിൽ പ്രതിരോധത്തിൻ്റെ ഉജ്ജ്വല ശബ്ദമായിരുന്നു ശഹീദ് ഹുദൈഫ സാമിർ അബ്ദല്ല അൽകഹ്ലൂത്. ഹമാസ് അതിൻ്റെ മീഡിയ ഓഫീസ് സ്ഥാപിച്ചത് മുതൽ 2025 ആഗസ്റ്റ് 30 ന് രക്തസാക്ഷിത്വം വരിക്കുന്നത് വരെ അബൂ ഉബൈദ എന്ന യുദ്ധ നാമത്തിൽ അൽ ഖസ്സാം ബ്രിഗേഡിൻ്റെ ഔദ്യോഗിക വക്താവായി അദ്ദേഹം നിറഞ്ഞു കത്തിക്കൊണ്ടേയിരുന്നു. 1948 നക്ബയിൽ അസ്ഖലാനിനടുത്തുള്ള നിഅലിയ്യ ഗ്രാമത്തിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബത്തിൽ ജനിച്ച ശഹീദ് ഹുദൈഫ സാമിർ ജബലിയ്യ ക്യാമ്പിലാണ് വളർന്നത്. നാടും വീടും പ്രിയപ്പെട്ട ജീവിതങ്ങളും അധിനിവേശം കവർന്നെടുത്ത ഏതൊരു ഫലസ്ത്വീനിയിലും പ്രകടമാവുന്നത് പോലെ, അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളിലും അനുഭവങ്ങളുടെ തീക്ഷ്ണത പ്രതിഫലിച്ചു. തിരിച്ചു വരവിനുള്ള അവകാശം അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളുടെ സ്ഥിരം പ്രമേയമാവുന്നതും അതേ പറ്റി സംസാരിക്കുമ്പോൾ ശഹീദ് ഹുദൈഫ പലപ്പോഴും വികാരഭരിതനാവുന്നതും നമ്മൾ ഏറെ കണ്ടതാണ്. അനീതിക്ക് നടുവിൽ ജീവിതം പടുത്തുയർത്തുന്ന ഏതൊരു ഫലസ്ത്വീനിയെയും പ്രതിനിധീകരിക്കാൻ അദ്ദേഹം എന്തുകൊണ്ടും യോഗ്യനായിരുന്നുവെന്ന് ചുരുക്കം. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ അഖീദ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അങ്ങേയറ്റം ഖുർആനെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്ത വ്യക്ത്വിതമായിരുന്നു. അതിലുപരി അദ്ദേഹം ചുറ്റുമുള്ളവരെ ഖുർആൻ പഠിക്കാൻ ഏറെ പ്രേരിപ്പിക്കുന്നയാളായിരുന്നുവെന്നും ഗസ്സക്കാർ സാക്ഷ്യപ്പെടുത്തുന്നു.

കേവലം ഒരു സൈനിക വക്താവ് എന്നതിലുപരി സങ്കീർണ്ണമായൊരു സാംസ്കാരിക രാഷ്ട്രീയ പ്രതിരോധ ചിഹ്നമായിരുന്നു അബൂ ഉബൈദ. പ്രമുഖ സ്വഹാബിയും പടനായകനും ‘ഉമ്മത്തിൻ്റെ വിശ്വസ്തനെന്ന്’ (അമീനു ഹാദിഹിൽ ഉമ്മ:) തിരുദൂതർ വിശേഷിപ്പിച്ച മഹദ് വ്യക്തിത്വവുമായ അബൂ ഉബൈദത്തുൽ ജർറാഹിൻ്റെ (റ) നാമം ഔദ്യോഗിക വക്താവിന് നൽകുക വഴി വിശ്വസ്തതയും പോരാട്ടവീര്യവും ഉൾച്ചേർന്ന പ്രതീകത്തെ ഇസ്ലാമിക ചരിത്രത്തിലെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ തുടർച്ചയിൽ പ്രതിഷ്ഠിക്കാൻ ഹമാസിന് സാധിച്ചു. അധിനിവേശ സേനയുടെ വക്താവിനെക്കാളും ഇസ്രായേലി അധിനിവേശ ജനത അബൂ ഉബൈദയെ വിശ്വസിക്കുന്നിടത്തോളം ആ പ്രതീകത്തിൻ്റെ സ്വാധീനം വളർന്നു വന്നു. ശഹീദ് ഹുദൈഫ സാമിറിൻ്റെ ശഹാദത്തിൽ വേദന കലർന്ന് സന്തോഷിക്കുന്നതിനൊപ്പം എങ്ങനെയൊക്കെയാണ് അബൂ ഉബൈദയെന്ന കഫിയ്യധാരി കേവല വ്യക്തിക്കപ്പുറമുള്ള ജീവിതവും പ്രതിരോധവുമായിരുന്നതെന്ന് മനസിലാക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. അദ്ദേഹത്തിൻ്റെ സാന്നിധ്യത്തെ വിമോചന-അപകോളനീകരണ സിദ്ധാന്തങ്ങളിലൂടെയാണ് ഈ ലേഖനം ഓർക്കാൻ ശ്രമിക്കുന്നത്. ഫലസ്ത്വീനിലെ പ്രതിരോധത്തെയും ശുഹദാക്കളെയും മനസിലാക്കാൻ നമ്മുടെ യുക്തികളും സിദ്ധാന്തങ്ങളും ഭാവനകളും മതിയാവുകയില്ലെന്നത് പ്രത്യേകം മനസിൽ വെക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
മുഖംമൂടിയുടെ ചിഹ്ന ശാസ്ത്രം
അബു ഉബൈദയുടെ പൊതുരൂപം (Public Persona) നിർമ്മിക്കപ്പെട്ടിരിക്കുന്നത് കൃത്യമായ ചിഹ്നശാസ്ത്ര ഘടകങ്ങളാലാണെന്ന് നിരീക്ഷിക്കപ്പെടാറുണ്ട്. പച്ച സൈനിക യൂണിഫോം ധരിച്ച്, ചുവന്ന കഫിയ്യ കൊണ്ട് പൂർണ്ണമായും മുഖം മറച്ച് ഒരു പരമാധികാര രാഷ്ട്രത്തിൻ്റെ ജനറലായാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്. ‘അൽമുലഥം’ (The masked one) എന്നത് ഫലസ്ത്വീൻ നേതാക്കൾ എടുത്തു പറയുന്ന വിശേഷണം കൂടിയാണ്. ശഹീദ് സാമിറിൻ്റെ രക്തസാക്ഷിത്വം സ്ഥിതീകരിക്കുന്ന ഹമാസ് പ്രസ്താവനയിലും ഈ വിശേഷണം കാണാം. മുഖം മറയ്ക്കുന്നതിലൂടെ ‘വ്യക്തി’ (Individual) എന്ന നിലയിൽ നിന്ന് ‘സമൂഹത്തിൻ്റെ’ (Collective) പ്രതിരൂപമായി മാറിയിരുന്നു അദ്ദേഹം. കൊളോണിയൽ വിരുദ്ധ പോരാട്ട -സിദ്ധാന്തങ്ങളിൽ ‘Deindividuation’ (വ്യക്തിത്വം മായ്ച്ചുകളയൽ) പ്രധാനപ്പെട്ട പ്രക്രിയയാണ്. അപകോളനീകരണ ചിന്തകനായ ഫാനൻ നിരീക്ഷിക്കുന്നത് പോലെ, അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ വ്യക്തി ഇല്ലാതാവുകയും ജനത എന്ന കൂട്ടായ സ്വത്വം (Collective Identity) രൂപപ്പെടുകയും ചെയ്യുന്നുണ്ട്. അഥവാ കഫിയ്യ ധരിക്കുന്നത് മുതൽ ഹുദൈഫ സാമിർ എന്ന വ്യക്തി ഇല്ലാതാവുകയും പ്രതിരോധ പോരാളികൾ ഒന്നടങ്കം കാമറക്ക് മുന്നിലെത്തുകയും ചെയ്യുന്നു. ജീൻ ബോഡ്രിലാർഡിന്റെ സിമുലാക്ര (Simulacra) വീക്ഷണ പ്രകാരം, യാഥാർത്ഥ്യവും പ്രതിച്ഛായയും തമ്മിലുള്ള വേർതിരിവ് അപ്രസക്തമാകുന്ന ഒരു ‘ഹൈപ്പർ റിയാലിറ്റി’യിലാണ് അബു ഉബൈദ പ്രവർത്തിക്കുന്നതെന്ന് വാദിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ മുഖംമൂടി യഥാർത്ഥ വ്യക്തിയെ മറയ്ക്കുന്നതോടൊപ്പം, ‘പ്രതിരോധം’ എന്ന ആശയത്തെ ദൃശ്യവൽക്കരിക്കുകയും ചെയ്യുന്നു.
അബൂ ഉബൈദയുടെ കഫിയ്യയെന്ന മൂടുപടവും അതിൻ്റെ നിറവും ഇത്തരത്തിൽ ശ്രദ്ധയർഹിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കർഷകരും ബദവി വംശജരും പൊടിപടലങ്ങളിൽ നിന്ന് രക്ഷനേടാൻ ഉപയോഗിച്ചിരുന്ന ഇവ 1936-1939 കാലഘട്ടത്തിലെ ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ അറബ് വിപ്ലവത്തോടെ പ്രതിരോധ ചിഹ്നമായി മാറി. പതിയെ നഗരപ്രദേശങ്ങളിലെ പോരാളികളും കഫിയ്യകൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെ മൊത്തം ഫലസ്ത്വീൻ ദേശത്തിൻ്റെ പോരാട്ട വീര്യമായി കഫിയ്യകൾ അറിയപ്പെട്ടു തുടങ്ങി. യാസർ അറഫാത്ത് കറുപ്പും വെളുപ്പും കലർന്ന കഫിയ്യ ധരിച്ച് അവയെ ഫലസ്തീൻ ദേശീയതയുടെ പ്രതീകമായി അടയാളപ്പെടുത്തിയപ്പോൾ, അബു ഉബൈദ തെരെഞ്ഞെടുത്തത് ചുവന്ന കഫിയ്യയാണ്. ഷെമാഗ്’ (Shemagh) എന്നും അറിയപ്പെടുന്ന ഇത്തരം ചുവന്ന കഫിയ്യകൾ സായുധ പോരാട്ടങ്ങളുടെ ചരിത്രപരമായ തുടർച്ച കൂടിയാണ്. അൽ-ഖസ്സാം ബ്രിഗേഡിന്റെ ആദ്യകാല കമാൻഡർമാരായ യാസർ അൽ നംറൂത്തിയും ഇമാദ് അഖീലും ചുവന്ന കഫിയ്യകൾ കൊണ്ടാണ് മുഖം മറച്ചിരുന്നത്. കറുപ്പ് കഫിയ്യകൾ പൊതു ദേശീയ ചിഹ്നമായി നിൽക്കുമ്പോൾ, ചുവപ്പ് നിറം സായുധ പ്രതിരോധത്തിന്റെ തീക്ഷ്ണതയെയും ത്യാഗത്തെയും അനുസ്മരിപ്പിക്കുന്നു.

അക്കില്ലെ എംബെംബെ സിദ്ധാന്തിച്ചത് പ്രകാരം വായിക്കുമ്പോൾ ലംബരൂപമായ പരമാധികാരത്തിന്റെ (Vertical Sovereignty) ഭയാനകമായ വേദിയാണ് ഗസ്സയുടെ ആകാശം. സദാസമയം ബോംബ് വർഷിക്കാൻ ഒരുങ്ങി നിൽക്കുന്ന സയണിസത്തിന്റെ യന്ത്രച്ചിറകുകൾ സൂക്ഷ്മതയാർന്ന കണ്ണുകളോടെ അവിടെ നിലയുറപ്പിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. അധിനിവേശത്തിന്റെ ‘ടോട്ടൽ സർവൈലൻസ്’ (Total Surveillance) ഓരോ മുഖത്തെയും ഡിജിറ്റൽ ഡാറ്റയായി മാറ്റാൻ ശ്രമിക്കുമ്പോൾ തന്റെ മുഖം മറക്കുക വഴി അത് അനുവദിക്കാതെ സ്വയം ഒരു ജനതയായി രൂപാന്തരപ്പെടുന്ന അബൂ ഉബൈദ പ്രസ്തുത അധികാര നിരീക്ഷണങ്ങളെ പരിഹസിക്കുകയും വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും വീഡിയോ സന്ദേശവും ഇസ്രായേലിന്റെ നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നതിന് സാക്ഷ്യം പറയുന്നു. നിരീക്ഷണ കണ്ണുകൾക്ക് കീഴിൽ തൻ്റെ കണ്ണുമാത്രം പ്രദർശിപ്പിച്ചു കൊണ്ട് അദ്ദേഹം ലോകത്തോട് സംവദിക്കുമ്പോൾ, നിരീക്ഷണത്തിന്റെ രാഷ്ട്രീയ യുക്തി നിസ്സംഗമാവുന്നത് കാണാം. അധിനിവേശം മനുഷ്യനെ അവന്റെ ‘നാമവും മുഖവും’ ഇല്ലാത്തവനാക്കി മാറ്റുന്നുവെന്ന് എംബെംബെ നിരീക്ഷിക്കുമ്പോൾ അബൂ ഉബൈദ ആ നിരാസത്തെ തന്നെ പ്രതിരോധത്തിന്റെ പ്രതിരൂപമായി സ്ഥാപിച്ച വിപ്ലവമായിരുന്നു.
അപകോളനീകരണങ്ങളുടെ അബൂ ഉബൈദ
പ്രമുഖ അപകോളനീകരണ ചിന്തകനായ ഫ്രാൻസ് ഫാനൻ നിരീക്ഷിക്കുന്നത് പ്രകാരം കൊളോണിയലിസം എന്നത് കേവലം ഭൂമിയുടെ അധിനിവേശം മാത്രമല്ല, മറിച്ച് തദ്ദേശീയരുടെ മനസ്സിനെയും ആത്മാവിനെയും കീഴ്പ്പെടുത്തുന്ന ഒരു അക്രമ വ്യവസ്ഥ കൂടിയാണ്. പ്രസ്തുത വ്യവസ്ഥയെ തകർക്കാൻ ‘പ്രതി-അക്രമം’ (Counter-violence) അനിവാര്യമാണെന്നും അദ്ദേഹം നിരൂപിക്കുന്നത് കാണാം. “അധിനിവേശകന് മനസ്സിലാകുന്ന ഒരേയൊരു ഭാഷ ബലപ്രയോഗത്തിന്റേതാണെന്ന്” ഫാനൻ്റെ സിദ്ധാന്തം അബൂ ഉബൈദയുടെ പ്രസംഗങ്ങളിൽ നിരന്തരം ആവർത്തിക്കപ്പെടുന്നുണ്ട്. “സയണിസ്റ്റ് ശത്രുവിന് ആയുധത്തിൻ്റെ ഭാഷ മാത്രമേ മനസ്സിലാവുകയുള്ളൂവെന്നും” “ബലപ്രയോഗത്തിലൂടെ തട്ടിയെടുക്കുന്നതെന്തും ശക്തിയിലൂടെ മാത്രമേ തിരിച്ചുപിടിക്കാനാവുകയുള്ളൂവെന്നും” അദ്ദേഹം പ്രഖ്യാപിക്കുന്നു. ഫാനൻ മുന്നോട്ട് വെക്കുന്നതിന് സമാനമായി അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് തങ്ങളുടെ നഷ്ടപ്പെട്ട മാനവികതയും (Humanity) ആത്മാഭിമാനവും (Self-respect) തിരിച്ചുപിടിക്കാനുള്ള ഒരു ‘ശുദ്ധീകരണ പ്രക്രിയ’ (Cleansing Force) ആയിട്ടാണ് അബൂ ഉബൈദയും സായുധ പ്രതിരോധത്തെ അവതരിപ്പിക്കുന്നത്. ഇസ്ലാമിൻ്റെ അടിസ്ഥാനങ്ങളിൽ നിന്നു കൊണ്ട് പ്രഖ്യാപിക്കുമ്പോൾ അതിന് ദൈവിക മാനവും ജിഹാദിൻ്റെ അർത്ഥതലങ്ങളും കൈവരുന്നു. 2023 ഒക്ടോബർ 7-ലെ ആക്രമണത്തെ “തടവറ തകർക്കലായും” (Prison Break), അപമാനത്തിൻ്റെ ചങ്ങലകൾ പൊട്ടിച്ചെറിയലായും അദ്ദേഹം വിശേഷിപ്പിക്കുന്നത് ഈ വീക്ഷണകോണിലൂടെയാണെന്ന് വ്യാഖ്യാനിക്കാവുന്നതാണ്.
ഇസ്രായേൽ എന്ന വൻശക്തിക്കെതിരെ ഹമാസ് എന്ന ചെറുസംഘം നടത്തുന്ന പോരാട്ടം പ്രതിസാമ്യമില്ലാത്തതാണ് (Asymmetric). സ്വാഭാവികമായും പ്രതിരോധ പോരാളികളെ സംബന്ധിച്ചിടത്തോളം മനഃശാസ്ത്രപരമായ ആധിപത്യം (Psychological Dominance) സൈനിക ശക്തിയേക്കാൾ പ്രധാനമാവുന്നുണ്ട്. അൾജീരിയ, വിയറ്റ്നാം തുടങ്ങിയ വിമോചന പോരാട്ടങ്ങളെപ്പോലെ, ശത്രുവിൻ്റെ മനസ്സിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക എന്നതാവുന്നു പ്രാഥമിക യുദ്ധതന്ത്രം. ഹമാസ് മീഡിയ വിഭാഗം അവതരിപ്പിച്ച തല തിരിഞ്ഞ ചുവന്ന ത്രികോണം (Red Triangle) ഇതിനൊരു മികച്ച ഉദാഹരണമാണ്. അൽ-ഖസ്സാം ബ്രിഗേഡ് പുറത്തുവിടുന്ന വീഡിയോകളിൽ ഇസ്രായേൽ ടാങ്കുകളെയും സൈനികരെയും ലക്ഷ്യം വയ്ക്കാൻ ഉപയോഗിക്കുന്ന തലതിരിഞ്ഞ ചുവന്ന ത്രികോണം പിന്നീട് ആഗോളതലത്തിൽ പ്രതിരോധത്തിൻ്റെ ചിഹ്നമായി മാറി. ഫലസ്തീൻ പതാകയിലെ ചുവന്ന ത്രികോണത്തിൽ നിന്നാണ് ഉത്ഭവമെങ്കിലും യുദ്ധക്കളത്തിൽ അതൊരു ‘ടാർഗെറ്റ് മാർക്കറാണ്’ (Target Marker). ഇസ്രായേലിൻ്റെ അത്യാധുനിക മെർക്കാവ ടാങ്കുകളെ തകർക്കുന്ന ലളിതമായ ആയുധങ്ങളെ (Yasin-105) സൂചിപ്പിക്കാൻ ഈ ചിഹ്നം ഉപയോഗിക്കുന്നതിലൂടെ സാങ്കേതികവിദ്യയുടെ മേൽ ഇച്ഛാശക്തിയുടെ വിജയം അബൂ ഉബൈദ തുടരെ ആഘോഷിച്ചിരുന്നു. കാൾ ഓഫ് ഡ്യൂട്ടി’ (Call of Duty) പോലുള്ള ഫസ്റ്റ്-പേഴ്സൺ ഷൂട്ടർ (FPS) ഗെയിമുകളിൽ ശത്രുക്കളെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന ചിഹ്നത്തിന് സമാനമാണിത്. വീഡിയോകളിൽ ഇസ്രായേൽ ടാങ്കുകൾക്ക് മുകളിൽ ഈ ത്രികോണം തെളിയുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ അത് വിവിധ അളവുകളിൽ അധിനിവേശത്തിനെതിരെയുള്ള ഡോപമൈൻ റഷ് (Dopamine Rush) ഉണ്ടാക്കുന്നുണ്ട്. പ്രതിരോധത്തിൻ്റെ ചിഹ്നങ്ങളെ ജെൻ സി തലമുറക്ക് എളുപ്പത്തിൽ പരിചിതമാക്കാനും ഇവ സഹായിച്ചു. പിന്നീട് അധിനിവേശ സേനയും സമാനമായ വീഡിയോകൾ പുറത്തിറക്കാൻ ശ്രമിച്ചിരുന്നു.

അധിനിവേശ സൈന്യം കൊട്ടിഘോഷിച്ച “അജയ്യർ” എന്ന മിത്തിനെ തകർക്കുന്നതിലൂടെ ഫലസ്തീൻ ജനതയിൽ കർതൃത്വ ബോധമുണർത്താനും അധിനിവേശിത ജനതക്ക് ചരിത്ര നിർമാണത്തിൽ പങ്കാളിത്തമുണ്ടെന്ന് സ്ഥാപിക്കാനും അബൂ ഉബൈദക്ക് കഴിഞ്ഞു. ലോകമെമ്പാടുമുള്ളവർക്ക് ഫലസ്ത്വീൻ ജനത ‘ഇരകളാവുമ്പോൾ’ അദ്ദേഹത്തിന് സ്വന്തം ജനത പോരാളികളാണ്. തൻ്റെ പ്രഭാഷണങ്ങളിൽ അദ്ദേഹം ഫലസ്ത്വീൻ ജനതയെ വിശേഷിപ്പിക്കാൻ ആത്മാഭിമാനവും പോരാട്ടവും പ്രതിഫലിപ്പിക്കുന്ന പദങ്ങൾ ബോധപൂർവ്വം തെരെഞ്ഞെടുക്കുന്നതായി കാണാം. ഫാനൻ്റെ മാനിക്യൻ ലോകക്രമ (Manichean World) സിദ്ധാന്തത്തെയും അബൂ ഉബൈദ പ്രയോഗവത്കരിക്കുന്നുണ്ട്. കോളനിവൽക്കരിക്കപ്പെട്ട ലോകം എപ്പോഴും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് (നന്മ vs തിന്മ, അധിനിവേശം vs തദ്ദേശീയർ) ഫാനൻ ചൂണ്ടിക്കാട്ടുന്നു. അബൂ ഉബൈദയുടെ പ്രസംഗങ്ങളിൽ ഈ ദ്വന്ദം (Binary) വിവിധ തലങ്ങളിൽ പ്രകടമാണ്. ‘ഇസ്രായേൽ’ എന്നത് തിന്മയുടെയും അധിനിവേശത്തിന്റെയും പര്യായമാവുമ്പോൾ, ‘പ്രതിരോധം’ നീതിയുടെ മറുവാക്കാവുന്നു. ഇവക്ക് മധ്യമാർഗ്ഗങ്ങളില്ലെന്ന അഭിപ്രായത്തിനും അബൂ ഉബൈദ അടിവരയിടുന്നു.
എംബെംബെയുടെ വീക്ഷണകോണിലൂടെ നോക്കുമ്പോൾ ഗസ്സയെന്ന ചെറു പ്രദേശം ഇസ്രായേലിന്റെ നെക്രോപൊളിറ്റിക്കൽ അധികാരത്തിന് കീഴിലുള്ള മരണലോകമാണ് (Death World). മരണം കൊണ്ട് ഒരു ജനതയെ നിയന്ത്രിക്കാനുള്ള അനിധിവേശത്തിൻ്റെ അധികാരത്തിനെ “വിജയം അല്ലെങ്കിൽ രക്തസാക്ഷിത്വം” എന്ന അബൂ ഉബൈദിയൻ മുദ്രാവാക്യം കീഴ്മേൽ മറിക്കുന്നു. മരണം അഥവാ ശഹാദത്ത് ഇസ്രായേൽ നൽകുന്ന ശിക്ഷയല്ല, മറിച്ച് പടച്ചവൻ നൽകുന്ന ഏറ്റവും മഹത്തരമായ അനുഗ്രഹമാണ് എന്ന് വ്യാഖ്യാനിക്കുന്നതിലൂടെ അധിനിവേശത്തിൻ്റെ ഏറ്റവും വലിയ ആയുധമായ ‘മരണഭയത്തെ’ അദ്ദേഹം നിർവീര്യമാക്കുന്നു. മരണലോകത്തെ ജീവിതങ്ങൾ കേവല ജീവനുകൾ (Homo Sacer) മാത്രമാണെന്ന എംബെംബെ വീക്ഷണത്തോട് പ്രതിരോധത്തിനായി സ്വമനസ്സാലെ ജീവൻ ത്യജിക്കുന്ന പോരാളികളെ സ്വശരീരത്തിൽ ദൈവികമായ പരമാധികാരമുള്ളവരായി അവതരിപ്പിച്ചു കൊണ്ടാണ് അബൂ ഉബൈദ വിയോജിക്കുന്നത്.
അബൂ ഉബൈദ സംസാരിക്കുമ്പോൾ
ഫലസ്ത്വീനികളുടെ തദ്ദേശീയ ഭാഷാ ശൈലികളിൽ നിന്ന് വിഭിന്നമായി അബൂ ഉബൈദ ഉപയോഗിക്കുന്നത് ഫുസ്ഹ അഥവാ സാർവത്രികവും ഖുർആനികവുമായ അറബി ഭാഷ രൂപമാണ്. സാധാരണ ഗതിയിൽ സൈനിക വക്താക്കൾ ഉപയോഗിക്കുന്ന സാങ്കേതികവും മടുപ്പിക്കുന്നതുമായ ഭാഷയിൽ നിന്ന് വ്യത്യസ്തമായി, കാവ്യാത്മകവും വൈകാരികവും അതോടൊപ്പം ആധുനിക യുദ്ധഭാഷ ഉൾച്ചേർന്നതുമായ രീതിയിലാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കാറുള്ളത്. അറബി കവിതകളിലെയും ഖുർആനിലെയും അലങ്കാര പ്രയോഗങ്ങളും (Rhetorical Devices) അബൂ ഉബൈദ ധാരാളമായി ഉപയോഗിക്കാറുണ്ട്. പലപ്പോഴും പ്രസക്തമായ ഒരു ഖുർആൻ സൂക്തം ഓതിക്കൊണ്ട് ആരംഭിക്കാറുള്ള അദ്ദേഹത്തിൻ്റെ വീഡിയോ സന്ദേശങ്ങളിൽ പ്രസ്തുത ആയത്ത് പ്രദർശിപ്പിച്ചിട്ടുമുണ്ടാവും. ഇത് പ്രസ്തുത പ്രഭാഷണങ്ങൾക്ക് ദൈവികപരത നൽകുന്നതായി കാണാം. സൂറ അൽ ഇസ്റാഇലെ 4-7 സൂക്തങ്ങളുടെ ഉപയോഗം ഉദാഹരണമാണ്. (നാം വേദഗ്രന്ഥത്തിൽ ഇസ്റാഈൽ സന്തതികൾക്ക് മുന്നറിയിപ്പ് നൽകി: നിങ്ങൾ ഭൂമിയിൽ രണ്ട് പ്രാവശ്യം കുഴപ്പമുണ്ടാക്കും, അപ്പോൾ നമ്മുടെ ദാസന്മാരായ, പോരാട്ട വീര്യമുള്ള ഒരുകൂട്ടരെ നാം നിങ്ങളുടെ നേരെ അയക്കും.) ഈ വചനം ഉദ്ധരിക്കുന്നതിലൂടെ, വർത്തമാനകാല ഇസ്രായേൽ അധിനിവേശത്തെ അഹങ്കാരികളായ സമൂഹത്തോടും, പ്രതിരോധ പോരാളികളെ അവരെ ശിക്ഷിക്കാൻ ദൈവം നിയോഗിച്ച ഉഗ്രവീര്യമുള്ള ദാസന്മാരോടും അദ്ദേഹം ഉപമിക്കുന്നു. ഇത് യുദ്ധത്തെ കേവലം രാഷ്ട്രീയ സംഘർഷം എന്നതിലുപരി ദൈവിക പ്രവചനവും അന്ത്യകാല പ്രവചനശാസ്ത്രവുമായി (Eschatology) മാറ്റുന്നുണ്ട്. അതു പോലെ അബൂ ഉബൈദ നിരന്തരം ഉയർത്തുന്ന മുദ്രാവാക്യങ്ങളും വിശുദ്ധ ഖുർആനിൽ നിന്ന് കടം കൊണ്ടവയാണ്. വിജയം അല്ലെങ്കിൽ രക്തസാക്ഷിത്വം എന്ന വാചകം സൂറ: തൗബയിലെ അൻപത്തി രണ്ടാം സൂക്തത്തോട് കടപ്പെട്ടിരിക്കുന്നത് പോലെ. ജീവതത്തെ സ്നേഹിക്കുന്ന ശത്രുവിനെതിരെ, മരണത്തെ സ്നേഹിക്കുന്ന സൈന്യമെന്ന ഖാലിദ് ഇബ്നുൽ വലീദ് (റ) ൻ്റെ വാചകവും അദ്ദേഹം അനവധി തവണ ഉപയോഗിക്കുന്നുണ്ട്. ജിഹാദ് വഴി കൈവരുന്ന ശഹാദത്തിനെ വിജയമായി പ്രഖ്യാപിക്കുക വഴി ഭൗതികമായ നഷ്ടങ്ങളെ ആത്മീയമായ വിജയങ്ങളായി പുനർനിർവചിക്കാനും അബൂ ഉബൈദക്ക് കഴിയുന്നു.
ഫലസ്ത്വീനികളെ വിശേഷിച്ചും മുസ്ലിം-അറബ് ലോകജനങ്ങളെ പൊതുവായും ചേർത്ത് നിർത്തുന്ന വ്യാകരണരൂപങ്ങൾ അബൂ ഉബൈദിയൻ ശൈലിയുടെ പ്രത്യേകതയാണ്. Enallage (സർവ്വനാമങ്ങൾ മാറ്റുന്ന രീതി) പോലുള്ള ഭാഷാ സങ്കേതങ്ങളുടെ ഉപയോഗം ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്. “ഞാൻ” (I) എന്നതിന് പകരം “ഞങ്ങൾ” (We) എന്ന് പ്രയോഗിക്കുക വഴി കേവല വ്യക്തിയെ അദൃശ്യമാക്കി ഒരു ജനതയുടെ ശബ്ദമായി അബൂ ഉബൈദ അവതരിക്കുന്നു. ഞങ്ങളുടെ ജനത, ഞങ്ങളിൽ കൊല്ലപ്പെട്ടവർ, ഞങ്ങളിൽ മുറിവേറ്റവർ എന്നിങ്ങനെ അദ്ദേഹം ആവർത്തിക്കുന്നത് കാണാം. സമാനമായി “ഹമാസ്” എന്നതിന് പകരം “പ്രതിരോധം” (Resistance) എന്ന സംജ്ഞ ഉപയോഗിക്കുന്നതിലൂടെ ഗസ്സയിൽ പോരാടുന്ന ബാക്കി സംഘങ്ങളെയും പ്രതിരോധത്തിൻ്റെ വിവിധ തലങ്ങളെയും അദ്ദേഹം പ്രതിനിധീകരിക്കുന്നു. “ശത്രു” (Enemy) എന്ന് ലളിതമായി പറയുന്നതിന് പകരം “സയണിസ്റ്റ് അഹങ്കാരം” (Zionist Arrogance), “കുറ്റവാളിയായ അധിനിവേശകൻ” (Criminal Occupier) തുടങ്ങിയ വിശേഷണങ്ങൾ ബോധപൂർവം ഉപയോഗിച്ചു കൊണ്ട് ‘നെഗറ്റീവ് ലേബലിംഗ്’ (Negative Labeling) എന്ന മനശാസ്ത്ര തന്ത്രവും അബൂ ഉബൈദ ഫലപ്രദമായി നടപ്പാക്കുന്നുമുണ്ട്.

അറബ് നേതാക്കളെയും ജനങ്ങളെയും വേർതിരിച്ചു കൊണ്ടാണ് അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അല്ലാഹുവിന് മുന്നിൽ നിങ്ങൾ ഞങ്ങളുടെ പ്രതിയോഗികളാണ് എന്ന് അറബ് നേതാക്കളെ വിശേഷിപ്പിക്കുന്ന പ്രഭാഷണം വരും കാലങ്ങളിൽ അവരെ വേട്ടയാടുമെന്നത് തീർച്ചയാണ്. ധാർമിക- വൈകാരികതകളിലൂന്നി ലോകജനതയെ മുൾമുനയിൽ നിർത്തിയ അബൂ ഉബൈദ അറബ് രാജാക്കൻമാരെ കണക്കിന് പരിഹസിച്ചിട്ടുമുണ്ട്. അറബ് സൈന്യങ്ങൾ സഹായിക്കാത്തതിനെ കുറിച്ച “ദൈവം വിലക്കട്ടെ” എന്ന പുഛ-പരിഹാസ പ്രയോഗം പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ഹാഷ് ടാഗായി മാറി. ഇസ്രായേലിൻ്റെ അറബിയിൽ സംസാരിക്കുന്ന സൈനിക വക്താവ് ഡാനിയൽ ഹഗാരിയുടെ (Daniel Hagari) ഔദ്യോഗികവും സാങ്കേതികവുമായ അവതരണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് അബൂ ഉബൈദയുടേത്. ഹഗാരി പാശ്ചാത്യരെ ലക്ഷ്യം വെച്ച് കൊണ്ട് പടിഞ്ഞാറൻ വംശീയ യുക്തിയിലൂന്നി വികലമായ നിയമഭാഷയിൽ സംസാരിക്കുമ്പോൾ ഹമാസ് വക്താവ് അറബ് ലോകത്തെയും ഗ്ലോബൽ സൗത്തിനെയും പ്രത്യേകം അഭിസംബോധന ചെയ്ത് കൊണ്ട് അപകോളനീകരണത്തിൻ്റെ ഭാഷണരീതി സ്വീകരിക്കുന്നു. ഒപ്പം പടിഞ്ഞാറിനെ അഭിമുഖീകരിക്കാൻ മടിക്കുന്നുമില്ല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ സായുധ സമരത്തിൻ്റേതല്ലാത്ത സമരമാതൃകകളിലും അബൂ ഉബൈദ പങ്കാളിയായിട്ടുണ്ട്. ഫലസ്തീൻ പ്രതിരോധത്തിന്റെ കാതലായ ആശയങ്ങളിലൊന്നായ ‘സുമൂദ്’ (Sumud – صمود) അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. സുമൂദിനെ കേവലമായ ‘സഹനം’ (Endurance) എന്ന് വിവർത്തനം ചെയ്യുന്നത് അപൂർണ്ണമാണ്. അധിനിവേശത്തിന്റെ വംശഹത്യക്കിടയിലും സ്വന്തം മണ്ണിൽ വേരുറപ്പിച്ചു നിൽക്കാനുള്ള അചഞ്ചലമായ ഇച്ഛാശക്തിയാണത്. തന്റെ പ്രസംഗങ്ങളിലൂടെ ‘സുമൂദ്’ എന്ന ആശയത്തെ ഒരു രാഷ്ട്രീയ പ്രവർത്തനമായി (Political Praxis) വളർത്തിയെടുത്തതിൽ അദ്ദേഹത്തിൻ്റെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. 1967-ലെ യുദ്ധത്തിന് ശേഷം രൂപപ്പെട്ട ‘സുമൂദ്’ എന്ന ആശയത്തിൻ്റെ ജനകീയവത്കരണത്തിലൂടെ ഗസ്സയിലെ ജനങ്ങളുടെ ദൈനംദിന ജീവിതം തന്നെ സമരമുറയായി നിർവചിക്കപ്പെട്ടു. അബൂ ഉബൈദ പറയുന്നു: “ഗസ്സക്ക് മുമ്പുള്ള എല്ലാ വീരഗാഥകളും നമ്മുടെ ജനതയുടെ മഹത്വത്തിന് മുന്നിൽ നാണക്കേടുകൊണ്ട് മാഞ്ഞുപോകേണ്ടതാണ്. അന്തസ്സ്, മണ്ണിനോടുള്ള സ്നേഹം, സ്വാതന്ത്ര്യത്തിനായുള്ള ദാഹം, അധിനിവേശകർക്കെതിരായ പോരാട്ടം, ഐതിഹാസികമായ ‘സുമൂദ്’ (സ്ഥൈര്യം) എന്നിവയുടെ അർത്ഥം ലോകത്തെ പഠിപ്പിച്ചത് നമ്മളാവുന്നു.” ഇവിടെ ‘സുമൂദ്’ എന്നത് കേവലമായൊരു അതിജീവനമല്ല, മറിച്ച് ലോകത്തിന് മാതൃകയാക്കാവുന്ന ഒരു ധാർമ്മിക വിജയമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബൂ ഉബൈദ ഇവിടെ ഫലസ്തീൻ ജനതയെ ‘ഇരകൾ’ (Victims) എന്നതിൽ നിന്ന് ‘ആത്മാഭിമാനം പഠിപ്പിക്കുന്നവർ’ (Teachers of Dignity) എന്നതിലേക്ക് മാറ്റി സ്ഥാപിക്കുന്നത് കാണാം. “ഏത് ജീവിതമാണ് വിലപിക്കാൻ അർഹതയുള്ളത്?” എന്ന ജൂഡിത്ത് ബട്ലറുടെ ചോദ്യത്തിന് ഒരു പക്ഷെ അബു ഉബൈദ നൽകുന്ന ഉത്തരം ഞങ്ങൾക്ക് വേണ്ടി വിലപിക്കാൻ നിങ്ങൾക്ക് അർഹതയില്ല എന്നാവണം. അദ്ദേഹത്തിൻ്റെ വാക്കുകൾ വെറും പ്രസ്താവനകളായിരുന്നില്ല, മറിച്ച് പ്രവൃത്തികളായിരുന്നു (Performative Acts). അദ്ദേഹം “തെൽ അവീവ് കത്തുമെന്ന്’ പ്രഖ്യാപിക്കുമ്പോൾ അധിനിവേശ ജനതയുടെ മനസിലെ തെൽ അവീവ് യഥാർത്ഥത്തിൽ കത്തിയിരുന്നു. ശതകോടികൾ ചെലവഴിച്ച് അധിനിവേശ സേന നടത്തിയ മാധ്യമ പ്രചരണങ്ങൾ നിഷ്പ്രഭമാക്കാൻ അബൂ ഉബൈദക്ക് ഒരു മൊബൈൽ ക്യാമറയും അഞ്ച് മിനിട്ടും ധാരാളമായിരുന്നു.
പ്രതിരോധത്തിൻ്റെ പ്രതിരൂപങ്ങൾ: ഹന്ദലയിൽ നിന്ന് അബൂ ഉബൈദയിലേക്ക്
ഫലസ്തീൻ പ്രതിരോധ ചരിത്രത്തിലെ പ്രധാന ചിഹ്നമാണ് ‘ഹന്ദല’ (Handala). പ്രശസ്ത കാർട്ടൂണിസ്റ്റ് നാജി അൽ അലി സൃഷ്ടിച്ച, എപ്പോഴും പുറംതിരിഞ്ഞു നിൽക്കുന്ന, പത്തുവയസ്സുകാരനായ അഭയാർത്ഥി ബാലൻ. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച, നിശബ്ദനായ ഹന്ദല, ലോകത്തിൻ്റെ നിസ്സംഗതയ്ക്കെതിരെയുള്ള പ്രതിഷേധമാണ്. അബൂ ഉബൈദയെ വേണമെങ്കിൽ ‘തോക്കേന്തി കൊണ്ട് സംസാരിക്കുന്ന ഹന്ദല’ (Handala with a Voice) എന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. ഹന്ദല നിസ്സഹായതയുടെയും സാക്ഷ്യത്തിൻ്റെയും (Witnessing) പ്രതീകമാണെങ്കിൽ, അബു ഉബൈദ കർമ്മശേഷിയുടെയും (Agency) തിരിച്ചടിയുടെയും പ്രതിരൂപമാണ്. ഹന്ദല അപൂർവ്വമായി കല്ലെറിയുമ്പോൾ, അബു ഉബൈദ നിരന്തരം റോക്കറ്റുകൾ തൊടുക്കുന്നു. ഹന്ദലയുടെ പുറംതിരിഞ്ഞു നിൽക്കൽ ലോകത്തോടുള്ള പ്രതിഷേധമാണെങ്കിൽ, അബു ഉബൈദയുടെ മുഖംമൂടി ലോകത്തോടുള്ള വെല്ലുവിളിയാണ്. ഹന്ദല മൗനിയാണെങ്കിൽ അബൂ ഉബൈദ ഉജ്ജ്വല ശബ്ദമാണ്. ഈ പരിണാമം ഫലസ്തീൻ പ്രതിരോധം ‘നിശബ്ദ സഹനത്തിൽ’ (Silent Suffering) നിന്ന് ‘സായുധ പോരാട്ടത്തിലേക്ക്’ (Armed Resistance) മാറിയതിനെ കൂടി അടയാളപ്പെടുത്തുന്നുവെന്ന് നിരീക്ഷിക്കാവുന്നതാണ്.

2023 ഒക്ടോബറിന് ശേഷം ലോകത്ത് എമ്പാടുമുള്ള ഫലസ്ത്വീൻ ഐക്യദാർഢ്യങ്ങളിൽ ഹന്ദലയെക്കാളേറെ അബൂ ഉബൈദ ഇടം പിടിച്ചതായി കാണാം. കുട്ടികൾ സൈനിക വേഷവും കഫിയ്യയും ധരിച്ച് അദ്ദേഹത്തെ അനുകരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടി. സൗത്ത് ഏഷ്യയിലെ ചെറു ഫുട്ബോൾ ടൂർണ്ണമെൻ്റ് ഗാലറികളിൽ വരെ അബൂ ഉബൈദയുടെ കൂറ്റൻ ചിത്രങ്ങൾ (Tifo Displays) ഉയർന്നു. അബൂ ഉബൈദയെ ഇതിവൃതമാക്കിക്കൊണ്ട് നിരവധി ഗാനങ്ങൾ അറബ് ലോകത്ത് പുറത്തിറങ്ങി. അവയിൽ പലതും ഈജിപ്തിലെയും ജോർദാനിലെയും വിവാഹവേദികളിൽ പോലും തരംഗമായി. പോപ് – ഫോക്ലോർ ഗാനങ്ങളിലും അദ്ദേഹം സ്ഥാനം പിടിച്ച് കഴിഞ്ഞിരിക്കുന്നു. നാട്ടിൻ പുറത്തെ കായിക ക്ലബുകളിലെ ടി വി കളിൽ സാമാന്യ ജനം മുതൽ ഏഷ്യൻ കപ്പിനിടയിൽ മുൻ ഖത്തർ അമീർ ഹമദ് ബിൻ ഖലീഫ വരെ അബൂ ഉബൈദക്ക് കാതോർത്തു നിൽക്കുകയും ചെയ്തു. അഥവാ അതിർത്തികൾക്കപ്പുറം അറബ് ജനതയുടെ നിസ്സഹായതയ്ക്കും അമർഷത്തിനും ശബ്ദം നൽകുന്ന അമാനുഷിക ബിംബമായി കഫിയ്യ ധരിച്ച ഈ മനുഷ്യൻ അവതരിച്ചിരിക്കുന്നു.
ഫലസ്ത്വീനി പ്രതിരോധ ചരിത്രത്തിൽ അബൂ ഉബൈദയോളം ശബ്ദമുള്ള മറ്റൊരു രൂപകമുണ്ടെന്ന് തോന്നുന്നില്ല. പുതിയ വക്താവും അതേ പേരിൽ, അതേ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതോടെ അബൂ ഉബൈദയിലേക്ക് മരണമില്ലാത്ത രക്തസാക്ഷി (Immortal Martyr) എന്ന വിശേഷണം കൂടെ ചേർക്കപ്പെടുന്നുണ്ട്. ഭാഷയെ ആയുധവത്കരിച്ച, പ്രയോഗത്തിൽ നിന്നു കൊണ്ട് അപകോളണീകരണ സിദ്ധാന്തങ്ങൾ പ്രഭാഷണം ചെയ്ത, പുതുലോക ഭാവനകൾ നെയ്ത, മഹാനായ പോരാളി അമരത്വം വരിക്കേണ്ടത് കാലഘട്ടത്തിൻ്റെ കൂടെ ആവശ്യമാണ്.
അബൂ ഉബൈദയുടെ പ്രഭാഷണങ്ങൾ പ്ലേ ലിസ്റ്റായി കൊണ്ട് നടക്കുന്ന സുഹൃത്തുക്കളെയെനിക്കറിയാം. ഏതൊരു സംഗീതത്തെക്കാളും മോട്ടിവേഷണൽ സ്പീക്കറെക്കാളും അവർക്ക് സമാധാനവും പ്രതീക്ഷയുമേകുന്നത് ശഹീദ് ഹുദൈഫയുടെ വർത്തമാനങ്ങളാണ്. അദ്ദേഹത്തിൻ്റെ സലാമിനോളം മനോഹരമായി മറ്റാരാണ് സലാം പറയാറുള്ളത്? അത് മടക്കാൻ കഴിയുന്നത് നമ്മുടെ ഭാഗ്യമല്ലേ?. അത്തരത്തിലൊരു സുഹൃത്ത് പറഞ്ഞത് പോലെ, അബൂ ഉബൈദയുടെ പ്രാഥമിക അഭിസംബോധിതർ ഗസ്സയിലെ പോരാളി സമൂഹമാണ്. അദ്ദേഹം അവരോട് സംസാരിക്കുമ്പോൾ ഏറ്റവും സത്യസന്ധമായാണ് സംസാരിക്കുന്നത്. ആധുനിക യുക്തികൾക്കോ കൊളോണിയൽ ആശയ-ഭാഷാ പ്രയോഗങ്ങൾക്കോ അവിടെ സ്ഥാനമില്ല. പടച്ചവനോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ തമ്മിലുള്ള സംഭാഷണങ്ങളിൽ തീർച്ചയായും ദൈവികതയുണ്ട്. ശുഹദാക്കൾ തമ്മിലുള്ള സംസാരം ഏറ്റവും നന്നായി മനസിലാവുക പടച്ച തമ്പുരാന് മാത്രമാണ്. അവർക്ക് നമ്മെ പോലെ ഈ അധീശത്വ ലോകക്രമത്തിൻ്റെ യുക്തി ഭാഷകൾക്കനുസരിച്ച് സംസാരിക്കേണ്ട കാര്യമില്ല. നമുക്കാവട്ടെ അങ്ങനെയല്ലാതെ സംസാരിക്കാനും സാധ്യമല്ല. നമ്മളൊക്കെയും വിശ്വാസം ഉള്ളിലൊളിപ്പിച്ച് കാപട്യം സംസാരിച്ചപ്പോൾ അദ്ദേഹം മാത്രം എപ്പോഴും സത്യം പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ സത്യസന്ധർ അബൂ ഉബൈദമാരാവുന്നു.








