Campus Alive

ഇസ്‌ലാമും ഈഴവ ഭാവനകളും

കേരളത്തിലെ ഈഴവ സമൂഹവും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തില്‍ സംഘര്‍ഷത്തിന്റെ നീണ്ട ചരിത്രം നമുക്ക് കണ്ടെത്താം. പത്തൊമ്പതാം നൂറ്റാണ്ടിലും ശേഷം ഇരുപതാം നൂറ്റാണ്ടിലും മേധാവിത്തത്തിനോ നിലനില്‍പ്പിനോ വേണ്ടി മത്സരിക്കുന്ന രണ്ട് വിഭാഗമായാണ് അവര്‍ പരസ്പരം അഭിമുഖീകരിച്ചത്. എന്നാല്‍ ഈ സംഘര്‍ഷങ്ങളെ ഹിന്ദു-മുസ്‌ലിം മതസംഘര്‍ഷങ്ങളുടെ കാന്‍വാസിലേക്ക് മാറ്റിയെഴുതുകയാണ് പൊതുവെ സവര്‍ണചരിത്രവും ദേശീയവാദചരിത്രവും ചെയ്യുക പതിവ്. എന്നാല്‍ മല്‍സരിക്കുന്നതിനിടയിലും ഈ വിഭാഗങ്ങള്‍ പരസ്പരം നിലനിര്‍ത്തിയ സാഹോദര്യവും പരസ്പരബഹുമാനവും അന്യാദൃശ്യമായിരുന്നുവെന്നു കാണാം. ആ അനുഭവങ്ങളെ വീണ്ടെടുക്കണമെങ്കില്‍ ഈ രണ്ട് വിഭാഗങ്ങളെയും ജാതി, മതം, സമുദായം, ആഗോള രാഷ്ട്രീയം തുടങ്ങിയവയെക്കുറിച്ചുള്ള ഒന്നര നൂറ്റാണ്ടു മുമ്പുള്ള ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നിന്ന് സമഭാവനയുടേതായ സമുദായചരിത്രം രൂപപ്പെടുത്താന്‍ കഴിയൂ. ഒരു സമുദായമെന്ന നിലയില്‍ ഈഴവര്‍, മുസ്‌ലിംകളെയും മൊത്തത്തില്‍ ഇസ്‌ലാമിനെയും തങ്ങളുടെ സമുദായ ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തില്‍ എങ്ങനെ നോക്കിക്കണ്ടുവെന്നാണ് ഈ കുറിപ്പ് പരിശോധിക്കുന്നത്.

രണ്ട് സമുദായങ്ങളെന്ന നിലയില്‍ ഈഴവരുടെയും മുസ്‌ലിംകളുടെയും പരസ്പര അഭിമുഖീകരണങ്ങളെ കുറിച്ച് പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ ഉപാധികളിലൊന്ന് സമുദായത്തെക്കുറിച്ചുള്ള ഇരുസമുദായങ്ങളുടെയും ബോധ്യങ്ങളാണ്. മതംമാറ്റത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ് ഈ വസ്തുതയെ കൂടുതല്‍ വ്യക്തമാക്കുകയെന്നതിനാല്‍ നമ്മുടെ പരിശോധനയുടെ കേന്ദ്രവും അതാണ്. അതിലേക്ക് കടക്കുംമുമ്പ് ഇരുപതാം നൂറ്റാണ്ടിലെ ‘ജാതി’കളുടെ, പ്രത്യേകിച്ച് ഈഴവരുടെ സാമുദായിക ഭാവനയെ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒപ്പം കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി മതം മാറ്റത്തിന്റെ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ നീക്കം നടത്തിയ അംബേദ്കറുടെ ചിന്തകളെ ഈഴവരുടേതുമായി താരതമ്യം ചെയ്യുന്നുമുണ്ട്.

സമുദായവും രാഷ്ട്രങ്ങളും

1914-ല്‍ ആരംഭിച്ച ഒന്നാം ലോകയുദ്ധം അസാധാരണമായ അനുഭവങ്ങളാണ് കോളനികളിലെ തദ്ദേശീയര്‍ക്ക് സമ്മാനിച്ചത്. ബ്രിട്ടീഷ് കോളനിയിലെ സമുദായാനുഭവങ്ങളെ അത് പരിഷ്‌കരിച്ചു, പുതുബോധ്യങ്ങളുണ്ടാക്കി. കീഴാള ജനതയെയാണ് അത് ഏറെ സ്വാധീനിച്ചത്. ചെറു ദേശീയതകള്‍ക്കു വകവെച്ചു കൊടുക്കുന്ന സ്വയം നിര്‍ണയാവകാശം സമുദായങ്ങള്‍ക്കും ബാധകമാണെന്ന് ഓരോ സമുദായങ്ങളിലെ ബുദ്ധിജീവികളും കരുതി. പൊതുജനമധ്യത്തില്‍ അവരുയര്‍ത്തിയ ആവശ്യങ്ങളുടെ ആന്തരാര്‍ത്ഥവും അതായിരുന്നു.

ടി.കെ. മാധവൻ

ഈ പ്രവണതയെക്കുറിച്ച് പ്രമുഖ ഈഴവ നേതാവായ ടി കെ മാധവന്റെ മരുമകന്‍ പി കെ മാധവന്‍ 1931-ല്‍ എഴുതിത്തുടങ്ങുകയും പിന്നീട് സി ഓ കേശവന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ടി കെ മാധവന്റെ ജീവചരിത്രത്തില്‍ നിരീക്ഷിക്കുന്നതിങ്ങനെയാണ്: ”1900-ല്‍ ആരംഭിച്ച പാശ്ചാത്യ മഹായുദ്ധം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവകളെ പൂര്‍വ്വവല്‍ ശക്തിമത്തായി ലോകസമക്ഷം പ്രഖ്യാപനംചെയ്തു. ചെറിയ രാജ്യങ്ങള്‍ക്കും സ്വകാര്യ നിര്‍വ്വഹണത്തില്‍ പരിപൂര്‍ണ്ണമായ അധികാര സ്വാതന്ത്ര്യങ്ങളുണ്ടായിരിക്കണമെന്ന്, രാഷ്ട്രീയ രംഗത്തില്‍ അംഗീകൃതമായ ആ തത്വം തന്നെ സാമുദായിക രംഗത്തില്‍ സമുദായങ്ങളെ സംബന്ധിച്ചും അംഗീകരിക്കണമെന്നുള്ള ബോധം ജനതാമദ്ധ്യത്തില്‍ ശക്തിമത്തായിത്തീര്‍ന്നു. ഓരോ സമുദായത്തിനും പരിപൂര്‍ണ്ണവികാസവും വളര്‍ച്ചയും പ്രാപിക്കുന്നതിനു പ്രതിബന്ധമായി സ്ഥിതിചെയ്യുന്ന ആചാരശൃംഖലകളെ ഖണ്ഡിക്കേണ്ട ആവശ്യം ചിന്താശക്തിയുള്ള സമുദായ പ്രവര്‍ത്തകന്മാര്‍ക്കു ബോദ്ധ്യപ്പെട്ടു. ഈ നവ്യബോധത്തിന്റെ പ്രതിധ്വനിയെന്ന മട്ടിലാണ് പൗരസമത്വവാദം, ക്ഷേത്രപ്രവേശനവാദം എന്നീ പ്രക്ഷോഭണങ്ങള്‍ കേരളീയരുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടത്.” (പേജ്, 88, ദേശാഭിമാനി ടി കെ മാധവന്‍, പി കെ മാധവന്‍, എന്‍ബിഎസ് 2015).

ഓരോ സമുദായത്തിന്റെയും അഭ്യന്തരകാര്യങ്ങളിലുള്ള സ്വയംനിര്‍ണയവാശത്തെക്കുറിച്ചുള്ള ബോധ്യങ്ങള്‍ക്കുള്ളില്‍നിന്നാണ് അവര്‍ ഇതര സമുദായങ്ങളെയും ഇതര ദേശീയതകളെപ്പോലും നോക്കിക്കണ്ടത്. സാമുദായികതയും ദേശീയതയും തമ്മില്‍ ഉണ്ടെന്ന് ഇന്ന് നാം കരുതുന്ന പല ബന്ധങ്ങളും അക്കാലത്തെ സംബന്ധിച്ചിടത്തോളം അസാധുവായിരുന്നു. ഒരു സമുദായമെന്ന നിലയില്‍ അവര്‍ ഇതര സമുദായങ്ങളെ മാത്രമല്ല, ഇതര രാഷ്ട്രങ്ങളെയും ഒരുപോലെ പരിഗണിച്ചു. ഒരുതരം ‘അന്താരാഷ്ട്ര’ അനുഭവങ്ങള്‍ക്കുള്ളില്‍നിന്നാണ് അവര്‍ സമുദായങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചത്. ഈ പ്രവണത ഏറ്റവും ദൃശ്യമായിരുന്നത് ഈഴവരിലാണ്. മതംമാറ്റത്തെക്കുറിച്ചുള്ള അവരുടെ ആഖ്യാനങ്ങളിലും അത് നിഴലിക്കുകയുണ്ടായി. ഇസ്‌ലാമിനെക്കുറിച്ചുള്ള ഈഴവ ഭാവനയെ സ്വാധീനിച്ച പ്രധാന ഘടകമിതാണ്. അതിന് മുമ്പ് മതംമാറ്റത്തെക്കുറിച്ച് പറഞ്ഞും പഴകിയും ശീലിച്ച ചില മാതൃകകളെ പുനപ്പരിശോധിക്കേണ്ടതുണ്ട്.

മതംമാറ്റം കാമനയും പ്രതിരോധനവും

കേരളീയ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമായ ഒരു പ്രതിഭാസമായിരുന്നു മതംമാറ്റം. ഒരുപക്ഷേ, ഏതൊരു സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തെക്കാളും അത് കേരളീയ ജീവിതത്തെ മാറ്റിമറിച്ചു. എന്നാല്‍ മതംമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സവര്‍ണ കാഴ്ച്ചപ്പാടുകളില്‍ നിന്നുകൊണ്ടാണ് മിക്കവാറും ആഖ്യാനം ചെയ്യപ്പെട്ടത്. മതംമാറിയവരുടെ ‘നിര്‍വാഹകത്വം’ ഒരിക്കലും ആഖ്യാനം ചെയ്യപ്പെട്ടില്ല. മതംമാറ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യ കാമനകളുടെയും തൃഷ്ണകളുടെയും ആത്മീയാന്വേഷണങ്ങളുടെയും പങ്ക് മറച്ചുവെക്കപ്പെട്ടു.

മതം മാറ്റം ജാതിക്കെതിരെ നടന്ന ഒരു പോരാട്ടമായാണ് കണക്കാക്കപ്പെടുന്നത്. ധാരാളം മതം മാറ്റങ്ങളുടെ ചരിത്രമുള്ള സമൂഹമാണ് ഈഴവരുടേത്. ഇസ്ലാമിലേക്ക് മാത്രമല്ല, ക്രിസ്തു മതത്തിലേക്കും ബുദ്ധ മതത്തിലേക്കും സിഖ് മതത്തിലേക്കുപോലും പരിവര്‍ത്തനം നടത്തിയ വിഭാഗമാണിത്. പക്ഷേ, എല്ലാം മതം മാറ്റങ്ങളും ജാതിക്കെതിരേയുള്ള പോരാട്ടമെന്ന നിലയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും മതംമാറ്റത്തില്‍ ഈ ഘടകം പ്രബലമാണെങ്കിലും മറ്റുള്ളവ നിഷേധിക്കപ്പെടേണ്ടതല്ല.

കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാളെ കുറിച്ചു പറയുന്ന കഥകളില്‍ തന്നെ ഇത്തരം ഘടകങ്ങള്‍ കാണാം. അതേ കുറിച്ച് രണ്ടു കഥകളാണല്ലോ പ്രശസ്തമായത്. അതില്‍ ഒരു കഥ ഒരു സ്വപ്നവ്യാഖ്യാനവുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റൊന്ന് ചെയ്യാന്‍ പാടില്ലാത്ത ഒരു കൊലപാതകത്തിന്റെ പാപപരിഹാരത്തിന് ഉതകുന്ന തത്ത്വചിന്തയെ കുറിച്ചുള്ള ചിന്തയാണ്.

പെരുമാളിന്റെ കഥയ്ക്ക് രണ്ടു ഭാഷ്യങ്ങളാണുള്ളത്. ഒന്ന് ഒരു സ്വപ്നവ്യാഖ്യാനത്തിന്റെയും മറ്റൊന്ന് പ്രായശ്ചിത്തത്തിന്റെയും. ആദ്യ കഥയനുസരിച്ച് പെരുമാളുടെ പത്നി സേനാ നായകന്‍ പടമല നായരെ രഹസ്യ വേഴ്ചയ്ക്കു ക്ഷണിച്ചു. വഴിപ്പെടാതിരുന്നപ്പോള്‍ പടമലനായര്‍ തന്നെ ബലാല്‍ക്കാരത്തിനു ശ്രമിച്ചെന്ന് പെരുമാളിനോട് പരാതിപ്പെട്ടു. കോപിഷ്ഠനായ പെരുമാള്‍ പടമല നായര്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. താമസിയാതെ തെറ്റു മനസ്സിലായ പെരുമാള്‍ പ്രായശ്ചിത്തം ചെയ്യാനാഗ്രഹിച്ചു. നിലവിലുള്ള ആത്മീയധാരയിലൊന്നും ഇതിനൊരു പ്രതിവിധി അദ്ദേഹത്തിന് കാണാനായില്ല. ഒടുവില്‍ ‘വടക്ക് അശുവിങ്കല്‍ കുതിരപ്പുറത്ത് വേദആപിയാര്‍ എന്നൊരു ജോനകനുണ്ടെന്നും അയാളെ പോയി കണ്ട് നാലാം വേദമുറപ്പിച്ച് അശുവിനു പോയാല്‍ മോക്ഷം കിട്ടു’മെന്നും പടമല നായര്‍ ഉപദേശിച്ചു. ആ ഉപദേശം സ്വീകരിച്ചാണ് പെരുമാള്‍ ഇസ്‌ലാമിലേക്ക് മതംമാറിയത്.

മറ്റൊരു വ്യാഖ്യാനമനുസരിച്ച് പെരുമാള്‍ ഒരു സ്വപ്നം കാണുകയാണ്. സ്വപ്നത്തില്‍ ചന്ദ്രന്‍ മക്കക്കു മുകളില്‍ വച്ച് രണ്ടായി പിളര്‍ന്നു. ഒരു പാതി ആകാശത്തും മറുപാതി ഭൂമിയിലും വീണു. പിന്നീട് രണ്ടു പാതികളും വീണ്ടും കൂടിച്ചേരുകയും ചന്ദ്രന്‍ അസ്തമിക്കുകയും ചെയ്തു. സ്വപ്നം വ്യാഖ്യാനിക്കാനാവാതെ പെരുമാള്‍ കുഴങ്ങി. ആ സമയത്താണ് ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഏതാനും മുസ്ലിങ്ങള്‍ കൊടുങ്ങല്ലൂരിലെത്തിയത്. അവര്‍ സ്വപ്നം വ്യാഖ്യാനിച്ചു നല്‍കി. ഇതില്‍ സന്തുഷ്ടനായ പെരുമാള്‍ ഇസ്‌ലാമിലേക്ക് മതം മാറി.

ഇസ്ലാമില്‍ മാത്രമല്ല, ക്രൈസ്തവ മത സ്വീകരണത്തിലും ഈ പ്രവണത കാണാം. 1814, നവംബര്‍ 28-ന് തൃപ്പൂണിത്തറ വീരകേരള മഹാരാജാവിന്റെയും കഞ്ഞിക്കാവമ്മ തമ്പുരാട്ടിയുടെയും മകനായ യാക്കോബ് രാമവര്‍മ ബാസല്‍ മിഷനിൽ ചേര്‍ന്നത് ആത്മീയാന്വേഷണങ്ങളുടെ ഭാഗമായാണ്. ആദ്യം അദ്ദേഹം വൈഷ്ണവ മതത്തില്‍ തല്‍പ്പരനായിരുന്നു. പിന്നീട് വിശ്വാസം നഷ്ടപ്പെട്ട് ക്രൈസ്തവതയുമായി അടുത്തു. ലോകാപവാദം ഭയന്നിട്ടാണേത്രെ അദ്ദേഹം ആദ്യകാലത്ത് മതംമാറാതിരുന്നത്. (പേജ് 79, മലയാള ബാസല്‍ മിഷൻ സഭയുടെ ചരിത്രസംക്ഷേപം, ബാസല്‍ മിഷൻ, 1934, രണ്ടാം എഡിഷന്‍, 1989). പാലക്കാട്ട് മിഷൻ സ്‌കൂളില്‍ പഠിച്ചിരുന്ന ഒരാളുടെ കഥ നോക്കുക. ആദ്യം വേദാന്തത്തില്‍ ആകൃഷ്ടനായ അദ്ദേഹം അതില്‍ തൃപ്തനാവാതെ ഒരു ‘മുഹമ്മദീയ മുല്ല’യുമായി പരിചയിച്ച് ഇസ്‌ലാമില്‍ ചേര്‍ന്നു. ‘കൊറാന്‍’ പഠിച്ചെങ്കിലും ആത്മാവില്‍ തൃപ്തനായില്ല. തലശ്ശേരിയിലെത്തി ക്രൈസ്തവനായി മാറി. 1906ലാണ് ഈ സംഭവം നടന്നതായി പറയുന്നത്. (പേജ് 40).

മതംമാറ്റം മനുഷ്യന്റെ ന്യായബോധത്തിന്റെയും ധൈഷണികതയുടെയും കാമനകളുടെയും ഫലമാണെന്ന് വിശ്വസിച്ചിരുന്ന ഒരു പാരമ്പര്യത്തെയാണ് കേരളത്തിലെ പല മതംമാറ്റ ആഖ്യാനങ്ങളും എടുത്തുകാട്ടുന്നത്. കേരള ചരിത്രത്തിലെ പല മതംമാറ്റ ഭാവനകളിലും ഈ രസതന്ത്രമുണ്ട്. മതം ഒരു അനുഭൂതിയും ജീവിതചര്യയുമായൊക്കെ കരുതി ഇസ്‌ലാമായവരും ബൗദ്ധരായവരും ക്രിസ്ത്യാനിയായവരും ധാരാളമാണ്. പെരുമാള്‍ മുതല്‍ കൊടുങ്ങല്ലൂരിലെ ടി എന്‍ ജോയി(പിന്നീട് നജ്മല്‍ ബാബു) വരെ ആ ലിസ്റ്റില്‍ ഉൾപ്പെടുന്നു. ക്രൈസ്തവ സഭകളോ മിഷ്യന്‍ പ്രവര്‍ത്തകരോ ആണ് അത്തരം സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുസ്‌ലിം അനുഭവങ്ങളില്‍ നിന്ന് അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

ഈഴവരുടെ മതംമാറ്റവും മുസ്‌ലികളും

മതം മാറ്റത്തോടുള്ള കീഴാള ജനതയുടെ മനോഭാവം സവര്‍ണരുടേതിനു തുല്യമായിരുന്നില്ലെന്നതിന് ഈഴവ ചരിത്രത്തില്‍ നിന്നുതന്നെ ധാരാളം തെളിവുകള്‍ ലഭ്യമാണ്. മതംമാറ്റത്തിന്റെ വ്യത്യസ്ത തരംഗങ്ങളിലൂടെ കടന്നുപോയ ഈഴവര്‍, മതംമാറ്റത്തെ നിരവധി സങ്കീര്‍ണതയ്ക്കുള്ളിലാണ് പരിശോധിച്ചത്. വൈയക്തികമായ മതംമാറ്റത്തെയും സംഘടിതമായ മതംമാറ്റത്തെയും അവര്‍ വേര്‍തിരിച്ചു കണ്ടിരുന്നു. എസ്.ന്‍.ഡി.പിയുടെ വിവിധ സമ്മേളനങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും നടന്നു.

1918-കാലത്താണ് തിരുവിതാംകൂറില്‍ ഈഴവരും ക്രൈസ്തവരും മുസ്ലിംകളും ചേര്‍ന്ന് പൗരാവകാശ മുന്നണി രൂപീകരിച്ചത്. സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം, അയിത്തം അവസാനിപ്പിക്കല്‍ തുങ്ങിയവയായിരുന്നു പ്രധാന ആവശ്യം. ക്രൈസ്തവര്‍ക്കായിരുന്നു സമരനേതൃത്വം. അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിച്ചതോടെ സമരവും അവസാനിച്ചു. ഇക്കാലത്താണ് ഈഴവരില്‍ സംഘടിതമായ മതപരിവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം തുടങ്ങുന്നത്. പ്രമുഖരായ ഈഴവ നേതാക്കള്‍ മതപരിവര്‍ത്തന സംരംഭങ്ങളിലും പ്രചാരണങ്ങളിലും വ്യാപൃതരായി. മൂര്‍ക്കോത്ത് കുമാരനെയും ആശാനെയും പോലുള്ള ഈഴവനേതാക്കള്‍ ഇതിനെതിരായിരുന്നു. (പേജ് 15, സ്വതന്ത്രസമുദായം രണ്ടാംപതിപ്പിനുളള അവതാരിക, എം.കെ കുമാരന്‍).

മുപ്പതുകളിലാണ് മതം മാറ്റത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. മതം മാറ്റത്തിന്റെ ഈ രണ്ട് തരംഗങ്ങളിലും ഈഴവ സമൂഹത്തിലെ മിക്കവാറുമെല്ലാ നേതാക്കളും സജീവമായി ഇടപെട്ടു. മൂന്ന് തരത്തിലാണ് ഈ സംവാദം നടന്നത്. ഒരു വിഭാഗം ഈഴവര്‍ ഹൈന്ദവതയില്‍ ഉറച്ചുനിന്ന് അവകാശങ്ങള്‍ നേടണമെന്ന് വാദിച്ചപ്പോള്‍ മറ്റൊരു വിഭാഗം ഇതരമതങ്ങളിലൊന്ന് തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടു. ക്രിസ്തുമതം, ഇസ്‌ലാം, ബുദ്ധമതം, സിഖ് മതം തുടങ്ങി പല മതങ്ങളും പരിഗണനയിലുണ്ടായിരുന്നു. നിര്‍മതരായി മാറണമെന്നു കരുതിയിരുന്നവരും ഉണ്ടായിരുന്നു. അത് പില്‍ക്കാലത്ത് സ്വതന്ത്ര സമുദായ വാദമായി പരിണമിച്ചു.

മിതവാദി കൃഷ്ണൻ

ഒരു നേതാവ് ഏതെങ്കിലും ഒരു മതത്തിന്റെ വക്താവായിരിക്കുകയല്ല ചെയ്തിരുന്നത്. മറിച്ച് സാഹചര്യങ്ങള്‍ക്കനുസരിച്ച് അവരുടെ അഭിപ്രായങ്ങളിലും മാറ്റം വന്നു. ഉദാഹണത്തിന്, ബുദ്ധമതത്തില്‍ ചേരണമെന്നു വാദിക്കുകയും പിന്നീട് ചേരുകയും ചെയ്ത മിതവാദി സി കൃഷ്ണന്റെ നിലപാടുകള്‍ തുടക്കത്തില്‍ ബുദ്ധ മതത്തിനെതിരായിരുന്നു. 1917-ല്‍ ഗുരുശിഷ്യനായിരുന്ന ശിവപ്രസാദ സ്വാമികള്‍ മതംമാറാന്‍ തീരുമാനിച്ചപ്പോള്‍ ക്രിസ്തു മതമോ ഇസ്ലാമോ സ്വീകരിക്കണമെന്നായിരുന്നു കൃഷ്ണന്റെ അഭിപ്രായം. പില്‍ക്കാലത്ത് അദ്ദേഹം തന്റെ നിലപാടില്‍ മാറ്റംവരുത്തുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു (1917, മിതവാദിയുടെ വിവിധ ലക്കങ്ങള്‍).

സനാതന ഹിന്ദുവെന്ന് വിഖ്യാതനായ ടി കെ മാധവന്‍ എസ്.എൻ.ഡി.പിയുടെ ആലപ്പുഴ യോഗത്തില്‍ വച്ച് ഈഴവര്‍ ക്രിസ്തു മതത്തില്‍ ചേരണമെന്ന് പ്രസംഗിച്ചു. ഈ നീക്കം ഈഴവരുടെ സംഖ്യാബലം കുറയ്ക്കുമെന്ന് അതേ യോഗത്തില്‍ സന്നിഹിതനായിരുന്ന ആശാന്‍ ഓര്‍മപ്പെടുത്തി. (പേജ് 70, 71-കുമാരനാശാനും അയ്യപ്പനും സാമൂഹികവിപ്ലവവും, എം കെ കുമാരന്‍, മൈത്രി ബുക്‌സ്, തിരുവനന്തപുരം). ഇതേ വാദം അദ്ദേഹം പില്‍ക്കാലത്ത് മതപരിവര്‍ത്തന നിരസവാദത്തിലും ആവര്‍ത്തിച്ചു. അതുപോലെ പലതവണ തന്റെ നിലപാട് മാറ്റിയ നേതാവാണ് സി.വി കുഞ്ഞിരാമന്‍. മറ്റൊരു പ്രമുഖനായ മൂര്‍ക്കോത്ത് കുമാരന്‍ മതപരിവര്‍ത്തനത്തിനും മതധ്വംസനത്തിനും മാത്രമല്ല, ഉയര്‍ന്ന ജാതി ക്ഷേത്രങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ ശ്രമിക്കുന്നതിനും എതിരായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തിയ്യ സമുദായക്കാരായ വ്യക്തികള്‍ ഒന്നിച്ച് ഏതെങ്കിലും മതത്തിലേക്ക് പോകുന്നത് നടക്കാനിടയില്ലാത്ത കാര്യമാണ്. അങ്ങനെ പോയാല്‍ തന്നെ അവശ കൃസ്ത്യാനികളുടെ സ്ഥാനായിരിക്കും ലഭിക്കുക (പേജ് 105, മൂര്‍ക്കോത്ത് കുമാരന്‍, മൂര്‍ക്കോത്ത് കുഞ്ഞപ്പ, എന്‍ബിഎസ്, കോട്ടയം, 1975).

അവര്‍ണര്‍ക്കു നല്ല മതമേത്?

മുപ്പതുകളിലെ മതംമാറ്റത്തിന്റെ രണ്ടാം തരംഗ കാലത്താണ് ഇസ്‌ലാം ഈഴവരുടെ സവിശേഷ ശ്രദ്ധയാര്‍ജിക്കുന്നത്. അംബേദ്കര്‍ ഉയര്‍ത്തിവിട്ട മതംമാറ്റ സംവാദമാണ് ഇക്കാലത്തെ ഈഴവരുടെ താല്‍പര്യമുയര്‍ത്തിയതിനു പിന്നില്‍. ഗാന്ധിയുടെ മകന്‍ ഹീരലാല്‍ ഗാന്ധിയുടെ ഇസ്‌ലാം മത സ്വീകരണവും അംബേദ്കറുടെ മതംമാറ്റ പ്രഖ്യാപനവും കഴിഞ്ഞ സന്ദര്‍ഭമായതിനാല്‍ ഇന്ത്യയൊട്ടാകെ മതംമാറ്റ പ്രക്ഷേഭത്തിന്റെ മാറ്റൊലി കൊണ്ടിരുന്നുവെന്ന് പി.വി.കെ നെടുങ്ങാടി, സി.കൃഷ്ണന്റെ ജീവചരിത്രത്തില്‍ എഴുതുന്നു (പിവികെ നെടുങ്ങാടി, ശ്രീമാന്‍ സി കൃഷ്ണന്‍, കാലിക്കറ്റ് പ്രസ്, കോഴിക്കോട്, പ്രസാധകന്‍ സി ഉണ്ണി, 1939, പേജ് 45).

പി.വി.കെ നെടുങ്ങാടി

ഇസ്‌ലാമിലേക്കുള്ള മതംമാറ്റവുമായി ബന്ധപ്പെട്ട ഈഴവരുടെ ഭാവനയെക്കുറിച്ച് ആലോചിക്കുമ്പോള്‍ രണ്ട് പുസ്തകങ്ങള്‍ നമ്മുടെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു. ഒന്ന് 1934-ല്‍ സി. കൃഷ്ണന്റെ കോഴിക്കോട് എംപയര്‍ പ്രസ്സില്‍ നിന്ന് പുറത്തിറങ്ങിയ ‘തീയ്യരുടെ അഭിവൃദ്ധി മാര്‍ഗങ്ങള്‍ എന്ന കൃതിയും മറ്റൊന്ന് 1936-ല്‍ കൊച്ചിയിലെ തിയ്യ യൂത്ത് ലീഗ് പുറത്തിറക്കിയ അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാമും. ഇതില്‍ തിയ്യരുടെ അഭിവൃദ്ധി മാര്‍ഗങ്ങള്‍ മിതവാദി നടത്തിയ ഒരു ലേഖന മത്സരത്തിൽ അയച്ചു കിട്ടിയ ലേഖനങ്ങള്‍ ശേഖരിച്ചതാണ്. ഹിന്ദുസമുദായം ഉപേക്ഷിക്കേണ്ടതെങ്ങനെ, ഏത് മതമായാലും ബുദ്ധോപദേശപ്രകാരം നാം ജീവിക്കണം, തിയ്യരുടെ അഭിവൃദ്ധി മാര്‍ഗങ്ങള്‍ തുടങ്ങിയവയാണ് മിതവാദി നടത്തിയ ലേഖന മത്സരങ്ങളിലെ വിഷയങ്ങള്‍. പോത്തേരി കുഞ്ഞമ്പു, കോട്ടായി കുമാരന്‍, അരയംപറമ്പില്‍ ഗോവിന്ദന്‍ ബി.എ, പി വി കുഞ്ഞിക്കുട്ടന്‍ നെടുങ്ങാടി, കെ ആര്‍ അച്യുതന്‍ എം.എ തുടങ്ങിയവരാണ് ഇത്തരം മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്ന പ്രമുഖര്‍.
രണ്ടാമത്തെ പുസ്തകമായ അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാമില്‍ കെ സുകുമാരന്‍, ഡോ. കെ പി തയ്യില്‍, പി കെ കുഞ്ഞിരാമന്‍, കെ അയ്യപ്പന്‍, എ കെ ഭാസ്‌കരന്‍ എന്നിവരാണ് എഴുതിയിരിക്കുന്നത്.

അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം

ഹിന്ദു സമുദായം ഉപേക്ഷിക്കേണ്ടതെങ്ങനെയെന്ന മിതവാദി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കെ ആര്‍ അച്ചുതന്‍ എം.എ, ഈഴവരുടെ അനുഭവത്തെ അമേരിക്കന്‍ ഐക്യനാടുകളുടെ അനുഭവവുമായി ചേര്‍ത്തുവയ്ക്കുകയാണ്. ബ്രിട്ടീഷുകാരുമായുള്ള ബന്ധം തങ്ങള്‍ക്കു പ്രതിബന്ധമായപ്പോള്‍ സ്വാതന്ത്ര്യം മനുഷ്യരുടെ ജന്മാവകാശമാണെന്ന് പ്രഖ്യാപനം ചെയ്ത് അമേരിക്ക സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചതും രാജ്യം സ്ഥാപിച്ചതും അങ്ങനെ ചെയ്യുന്നതിന്റെ പ്രാധാന്യവും വിവരിക്കുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നു കാണുന്ന ബ്രിട്ടീഷുകാര്‍ക്കും അമേരിക്കക്കാര്‍ക്കും തമ്മില്‍ കാണുന്ന സമനില ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു: ”അമേരിക്ക സ്വാതന്ത്ര്യ പ്രഖ്യാപനം ചെയ്ത് ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്ന് വിട്ടൊഴിഞ്ഞതിനുശേഷം ഒരു ഭരണപദ്ധതിയും മറ്റും നിര്‍മ്മിച്ച് ഒരു സ്വതന്ത്ര രാജ്യമാവുന്നതിനു വേണ്ട സാമഗ്രികളെല്ലാം ശേഖരിച്ചതുപോലെ ഹിന്ദു സമുദായം ഉപേക്ഷിക്കുന്നതിന് തിയ്യര്‍ക്കും സൃഷ്ടിപരമായ പല കാര്യങ്ങളും ചെയ്യാനുണ്ട് എന്ന് സിദ്ധാന്തിച്ചു. തിയ്യ സമുദായത്തെ ഒരു സാമ്രാജ്യമായി സങ്കല്‍പ്പിച്ച് സിലോണ്‍, ബര്‍മ്മ, സിങ്കപ്പൂര്‍ മുതലായ സ്ഥലങ്ങളിലെ തിയ്യരെ പുത്രികാരാജ്യങ്ങളായി കണക്കാക്കാം എന്നും, എത്ര ചെറുതാണെങ്കിലും സ്വതന്ത്രമായ ഒരു രാജ്യം എവിടെയെല്ലാം ഉണ്ടോ അവിടെക്കെല്ലാം തങ്ങളുടെ രാജ്യനിവാസികളുടെ അധികാരാവകാങ്ങളെ സംരക്ഷിക്കുന്നതിനു യൂറോപ്പിലെ ഓരോ രാജ്യക്കാരും അവരുടെ അമ്പാസഡര്‍മാരെ അയക്കുന്ന കൂട്ടത്തില്‍ തിയ്യരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന്നും അവരുടെ അഭിവൃദ്ധിക്കുവേണ്ടി പരിശ്രമിക്കുന്നതിന്നും പ്രാപ്തരായ തിയ്യ അമ്പാസഡര്‍മാരെ ഓരോ തിയ്യക്കോളണിയിലേക്കും അയക്കാന്‍ സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു”. ജപ്പാന്റെ സംരക്ഷണയിലുള്ള മഞ്ചുക്കോ രാജ്യത്തിലേക്ക് കച്ചവട കമ്മിഷനെ അയക്കാന്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പാടു ചെയ്തതിനെ കണ്ടുപഠിക്കാനും ലേഖകന്‍ ഈഴവരെ ഉപദേശിക്കുന്നു.

ഇന്നത്തെ അര്‍ത്ഥത്തിലുള്ള സമുദായമെന്നതിനേക്കാള്‍ ഏറെക്കുറെ ദേശീയതയുടെ സ്വഭാവമുള്ള ഈഴവ സമൂഹത്തെയാണ് ലേഖകന്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് നാം ചര്‍ച്ച ചെയ്തതുപോലെ ഈ പ്രവണതയെ മനസ്സിലാക്കാന്‍ സമുദായങ്ങളെക്കുറിച്ചുളള വേറിട്ടൊരു കാഴ്ച നമുക്കാവശ്യമാണ്. തിയ്യരുടെ അഭിവൃദ്ധി മാര്‍ഗങ്ങള്‍ എന്ന പുസ്തകം പുറത്തുവരുന്നതിനും അഞ്ച് കൊല്ലം മുമ്പ് സി.വി കുഞ്ഞുരാമന്‍ 1929, മേയ് മാസം 15-ലെ കേരള കൗമുദിയില്‍ ഒരു കോടി ഈഴവരെ സങ്കല്‍പ്പിച്ചിരുന്നു. ആ ഈഴവ ജനസഞ്ചയത്തില്‍ കേരളത്തിലെ ഈഴവര്‍ക്കും തിയ്യര്‍ക്കും ചോവര്‍ക്കും പുറമെ സിലോണിലെയും ലക്ഷദ്വീപിലെയും മാലദ്വീപിലെയും സിംഹളരും കലിംഗ രാജ്യത്തെ ഈഡിഗരും കുടകു-മൈസൂര്‍ സ്ഥലങ്ങളിലെ ഇക്കേരികളും കന്നടയിലെ വില്ലവരും മഹാരാഷ്ട്രയിലെ ശോപകരും തമിഴ്‌നാട്ടിലെ നാടാന്മാരും ഉള്‍പ്പെടുന്നു. സി.വിയെ സംബന്ധിച്ചിടത്തോളം ഈഴവര്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറേണ്ടതാണ്, മുഹമ്മദീയരെയാണ് അദ്ദേഹം മാതൃകയായി എടുക്കുന്നത്.(സി വി കുഞ്ഞുരാമന്‍, തിരഞ്ഞെടുത്ത കൃതികള്‍, ഭാഗം ഒന്ന്, പ്രതിഭ പബ്ലിഷേഴ്‌സ്, കൊല്ലം, 1971)

ഈ രാഷ്ട്രീയ ചിന്തയുടെ ചുവടുപിടിച്ചാണ് പില്‍ക്കാലത്ത് ഈഴവ ബുദ്ധിജീവികള്‍ക്കിടയില്‍ ഇസ്ലാമിനെക്കുറിച്ചുള്ള ചിന്ത ഇടംപിടിക്കുന്നത്. 1936-ല്‍ കേരള തിയ്യ യൂത്ത് ലീഗ് അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം എന്ന കൃതി പുറത്തിറക്കി. കേരള കൗമുദി പത്രാധിപര്‍ കെ സുകുമാരന്‍, ഡോ. കെ.പി തയ്യില്‍, ഒറ്റപ്പാലം പി.കെ കുഞ്ഞുരാമന്‍ തുടങ്ങിയവരാണ് ഇസ്ലാമിലേക്ക് ആകൃഷ്ടരായ പ്രമുഖ ഈഴവ ബുദ്ധിജീവികള്‍. കൊച്ചിയിലെ പുലയമഹാസഭ നേതാവും എം.എല്‍.സിയുമായ കെ.പി വള്ളോനും കൊച്ചി പുലയമഹാജനസഭ നേതാവും എം.എല്‍.സിയുമായ പി.സി ചാഞ്ചന്‍ തുടങ്ങിയവരും ഇസ്‌ലാമിനെ മോചനമാര്‍ഗമായി കണ്ടവരില്‍ ഉള്‍പ്പെടുന്നു.

ഈ പുസ്തകത്തിലെ ഈഴവരും മതപരിവര്‍ത്തനവും എന്ന ലേഖനത്തില്‍ ശ്രീനാരായണഗുരുവിന്റെ ആദര്‍ശം ഏറ്റവും ശരിയായി പാലിക്കുന്ന മതം ഇസ്‌ലാമാണെന്ന് ദൈവശാസ്ത്ര വിശകലനത്തിലൂടെ കണ്ടെത്തിയ കേരള കൗമുദി പത്രാധിപര്‍ കെ സുകുമാരന്‍, തുടര്‍ന്ന് മറ്റുള്ളവരെക്കൊണ്ട് ‘മതഭ്രാന്ത്’ എന്ന് വിളിക്കാവുന്നിടത്തോളം മതപരത വച്ചുപുലര്‍ത്തുന്നുവെന്നതാണ് ഇസ്‌ലാമിന്റെ ഗുണമായി കാണുന്നത്. ചിട്ട, കൃത്യനിഷ്ഠ, ബിംബാരാധനാ വിരുദ്ധത, ശരീരശുദ്ധി, വഞ്ചനയില്ലായ്മ, സാഹോദര്യം, അഭിമാനബോധം, ധീരത തുടങ്ങിയവയാണ് മറ്റ് ഗുണങ്ങള്‍. മതത്തിനു വേണ്ടി മരിക്കാനും കൂടി അവര്‍ക്ക് ചാഞ്ചല്യമോ കൂസലോ കാണുന്നില്ല. അങ്ങനെ മരിച്ചാല്‍ രക്തസാക്ഷികളാകും എന്നുകൂടി ഒരു ബോധം അവരുടെ ഉള്ളില്‍ എപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഇതൊന്നും പോരാതെ മുസ്ലിംകള്‍ ഔദാര്യശീലരാണെന്നും ഇത് ലഭിച്ചത് മതത്തിന്റെ മഹത്തായ വഴിയില്‍കൂടിയാണെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. സകല കാര്യത്തിലും മുസ്ലിംകള്‍ക്ക് ചിട്ടയും നിഷ്‌കര്‍ഷയുമുണ്ട്. ഒരു ഇസ്ലാമിനെപ്പോലെ കൃത്യനിഷ്ഠയും വാക്കിനു വിലയും വഞ്ചനയില്ലായ്മയും വിശ്വാസ യോഗ്യതയുമുള്ള ആളെ ബാക്കി മതസ്ഥരില്‍ അപൂര്‍വമായേ കാണൂ. ഭാര്യയെ ഉപേക്ഷിക്കുക പോലുള്ള ദുശ്ശീലങ്ങള്‍ മറ്റുമതക്കാരെപ്പോലെ അയഞ്ഞമട്ടിലല്ലെന്നും ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കാത്തവരാണെന്നും പുകഴ്ത്തുന്നു. മുസ്‌ലിമിന്റെ ജീവിത്തിലെ അഭിമാനബോധത്തെ സുകുമാരന്‍ വാനോളം ഉയര്‍ത്തുന്നുണ്ട്. ഏകോദര സഹോദര ഭാവത്തില്‍ മുസ്ലിംകളെപ്പോലെ അന്യോന്യം പെരുമാറുന്നവര്‍ ബാക്കി ജാതികളിലില്ല. അവന്റെ മുഖത്ത് മുസ്ലിമാണെന്ന അഭിമാനബോധവും മഹിമയുമുണ്ട്. എത്ര ദരിദ്രനായാലും അവനില്‍ അടിമസ്വഭാവമുണ്ടാവില്ല. ഇത്രയും വ്യക്തിപരമായ കാര്യങ്ങളാണെങ്കില്‍ പിന്നീട് മതം മാറ്റത്തിന്റെ രാഷ്ട്രീയ കാരണങ്ങളിലേക്ക് കടക്കുന്നു. ഇന്ത്യയില്‍ അവശത അനുഭവിക്കുന്ന ഏഴരകോടി പഞ്ചമരുമുണ്ട്. അവരും അവശത അനുഭവിക്കുന്നു. അവരും ഇസ്‌ലാം സ്വീകരിക്കണം. അങ്ങനെയായാല്‍ ഇന്ത്യയില്‍ ഇസ്‌ലാമിന്റെ വില വര്‍ധിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ അഞ്ചില്‍ ഒന്ന് മുസ്‌ലിംകളാണ്. പഞ്ചമന്മാരും അത്രതന്നെയുണ്ട്. അവരും ഇസ്ലാം മതക്കാരായാല്‍ ഇന്ത്യയില്‍ അഞ്ചില്‍ രണ്ടു ഭാഗം മുസ്ലിംകളാകും. അതോടൊപ്പം ഹി്ന്ദുക്കളുടെ ശക്തി ചോര്‍ന്നുപോകും. ഇന്ത്യക്ക് സ്വയം ഭരണം കിട്ടണമെങ്കില്‍ നാനാ ജാതിയും നാനാ ദൈവവും നാനാ മതവും ഒന്നിച്ചുകൂടിയ ഒരു കലക്കുചളിയായ ഹിന്ദുമതക്കാരുടെ സംഖ്യ കുറഞ്ഞ് ഇസ്ലാം മതക്കാരുടെ സംഖ്യ കൂടണം. തുടര്‍ന്നദ്ദേഹം അന്താരാഷ്ട്ര ചര്‍ച്ചയിലേക്ക് കടക്കുന്നു. അടിച്ചമര്‍ത്തപെട്ട ജാതിക്കാര്‍ ഇസ്ലാമിലേക്ക് ചേര്‍ന്നാല്‍ ഇന്ത്യ ഹിന്ദുസ്ഥാനിനു പകരം ഇസ്ലാം സ്ഥാനമാകും. അത് രാജ്യത്തിന്റെ ശക്തി വര്‍ധനക്ക് കാരണമാവും. തുര്‍ക്കിസ്ഥാനം, ബെലൂജിസ്ഥാനം, പേര്‍ഷ്യ, ഏഷ്യാമൈനര്‍, ടര്‍ക്കി, അറബിയ, വടക്കന്‍ ആഫ്രിക്ക എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്ന വലിയ ഇസ്ലാം ഭൂഭാഗങ്ങളില്‍ ഒന്നായി നാമും മാറും. അതുവഴി ഇസ്ലാം ലോകമഹാശക്തിയായി മാറും.

വിശ്വാസികള്‍ക്ക് സാമുദായികവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ സമത്വം അനുവദിക്കുന്നതുകൊണ്ടാണ് ഡോ. കെ പി തയ്യിലിന് ഇസ്‌ലാം സ്വീകാര്യമാവുന്നത്. ഇസ്‌ലാം അഭിമാനവും പൗരുഷവും നല്‍കുമെന്നും തയ്യില്‍ കണക്കുകൂട്ടുന്നു. ഈഴവരുടെ മതംമാറ്റത്തോടെ ഭാവി ഇന്ത്യ ഒരു ഇസ്‌ലാമിക സാമ്രാജ്യമായി മാറുമെന്നുള്ള സ്വപ്‌നം തയ്യിലും പുലര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ ചുറ്റുമായി കിടക്കുന്ന അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, പേര്‍ഷ്യ, ഈജിപ്ത്, തുടങ്ങിയ മുസ്ലിം രാജ്യങ്ങളുടെ കിടപ്പും തന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്നതായി തയ്യിലും കരുതുന്നുണ്ട്. ഇസ്ലാമില്‍ സ്വാതന്ത്ര്യമില്ലെന്ന കുപ്രചാരണങ്ങളെ തയ്യില്‍ ചോദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇസ്‌ലാം സ്ത്രീകള്‍ക്ക് അത്യുല്‍കൃഷ്ടമായ സ്ഥാനമാണ് നല്‍കുന്നത്.

ഇന്ത്യയെ ഒരു രാജ്യമായി മാറ്റാന്‍ ഇസ്ലാമിനെപ്പോലെ മറ്റാര്‍ക്കും കഴിയില്ലെന്ന് ജി.പി നായര്‍ ഗാന്ധിക്കെഴുതിയത് പി.കെ കുഞ്ഞിരാമന്‍ (ഒറ്റപ്പാലം) ഉദ്ധരിക്കുന്നു. ഹിന്ദു-മുസ്ലിം ശണ്ഠയ്ക്കു കാരണമായി അദ്ദേഹം കുറ്റപ്പെടുത്തുന്നത് സ്വാമി ശ്രദ്ധാനന്ദന്റെ ശുദ്ധി പ്രസ്ഥാനത്തെയാണ്. കെ.കേളപ്പന്‍ പൊന്നാനിയിലെ മുസ്‌ലിംകള്‍ക്കിടയില്‍ ജാതി വ്യത്യാസമുണ്ടെന്ന് എഴുതിയതിനെതിരേയും കുഞ്ഞിരാമന്‍ കോപിക്കുന്നുണ്ട്. ഈഴവ ജഡ്ജിയായ മെസേഴ്‌സ് അയ്യാക്കുട്ടി, എം ഗോവിന്ദന്‍, എന്‍ കുമാരന്‍, സര്‍ സി.കൃഷ്ണന്‍ എന്നിവരേക്കാള്‍ വഴി നടപ്പിനുള്ള സ്വാതന്ത്ര്യം പിച്ചയെടുത്തു നടക്കുന്ന പുതിയ ഇസ്ലാമിന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. വള്ളുവനാട് താലൂക്കിലെ പറയ യുവാവിന് ഇസ്‌ലാമിലേക്ക് മാറിയ ശേഷമുണ്ടായ അഭിമാനബോധവും മഹാപരിവര്‍ത്തനവും അദ്ദേഹം ഉദ്ധരിച്ചുചേര്‍ത്തിരിക്കുന്നു.

സഹോദരൻ അയ്യപ്പൻ

തൊപ്പിയിട്ട പുലയനെ മുസ്‌ലിംകള്‍ അടുപ്പിക്കുകയും സ്വന്തമെന്നു കരുതുന്നേടത്തോളം കൊന്തയിട്ട പുലയനെ ക്രൈസ്തവര്‍ കുരുതുന്നില്ലെന്നാണ് ഇസ്‌ലാമില്‍ ജാതീയതയുണ്ടെന്ന വാദത്തോട് സഹോദരന്‍ അയ്യപ്പന്‍ പ്രതികരിച്ചത്. എന്നാല്‍ ഈഴവര്‍ സ്വതന്ത്രമായി നില്‍ക്കുന്നതാണ് അവരുടെ രാഷ്ട്രീയ സ്ഥിതിയില്‍ ഗുണം ചെയ്യുകയെന്നാണ് അയ്യപ്പന്റെ നിലപാട്. എന്നാല്‍ അതിനു താഴെയുള്ളവര്‍ക്ക് അദ്ദേഹം ഇസ്‌ലാമോ ക്രൈസ്തവതയോ നിര്‍ദേശിക്കുന്നു. മതപരിവര്‍ത്തനം വ്യക്തിപരമായതുകൊണ്ട് സമുദായത്തിന് ഗുണമുണ്ടാവില്ലെന്നാണ് അയ്യപ്പന്റെ മതം. ഒന്നിച്ചു പരിവര്‍ത്തനം നടത്തുന്നതുകൊണ്ടു മാത്രമേ സമുദായത്തിന് ഗുണകരമാവൂയെന്നും അദ്ദേഹം എഴുതി.

സ്വതന്ത്രസമുദായവാദവും മതവും

മുപ്പതുകളില്‍ത്തന്നെ ഈഴവ രാഷ്ട്രീത്തെ ഏറെ പ്രചോദിപ്പിച്ച ചിന്താപദ്ധതിയായിരുന്നു സ്വതന്ത്ര സമുദായവാദം. 1933-ല്‍ ആലപ്പുഴയില്‍ വച്ചുകൂടിയ എസ്.ന്‍.ഡി.പിയുടെ മുപ്പതാം വാര്‍ഷിക യോഗത്തില്‍വച്ച് സ്വതന്ത്ര സമുദായ പ്രഖ്യാപനമുണ്ടായി. ഈഴവര്‍ ഹിന്ദുമതം വിടണമെന്ന പ്രമേയം പാസ്സാക്കി. എന്നാല്‍ ഏതെങ്കിലും മതത്തില്‍ ചേരണമെന്ന് തീരുമാനിച്ചില്ല. 1936, മെയ് ആദ്യവാരത്തില്‍ അയ്യപ്പന്റെ അധ്യക്ഷതയില്‍ ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിലും ഹിന്ദു മത ബഹിഷ്‌കരണ പ്രമേയം പാസ്സാക്കി. (പിവികെ നെടുങ്ങാടി, സി കൃഷ്ണന്‍, പേജ് 45).

1934-ല്‍ ഇ.മാധവന്റെ സ്വതന്ത്രസമുദായമെന്ന കൃതി പുറത്തുവന്നു. ആദ്യ പതിപ്പില്‍ തീയര്‍ ഹിന്ദുമതം വിട്ടു സ്വതന്ത്രരായി നിലനില്‍ക്കണമെന്നുള്ള സ്വതന്ത്രസമുദായവാദത്തിന്റെ ജനയിതാവ് എന്ന അടിക്കുറിപ്പോടെ സി കൃഷ്ണന്റെ ചിത്രം ചേര്‍ത്തിരുന്നു. 1935-ല്‍ പുസ്തകം നിരോധിച്ചു. സി കൃഷ്ണന്‍ ആഭ്യന്തര വകുപ്പ് മെമ്പറെ കണ്ട് സംസാരിച്ചതിനെത്തുടര്‍ന്ന് നിരോധനം പിന്‍വലിക്കപ്പെട്ടു(സി കൃഷ്ണന്‍, കെ ആര്‍ അച്യുതന്‍, പേജ് 203).

സ്വതന്ത്രസമുദായവാദം മതരഹിതമായ ഈഴവ സമുദായവാദമായിരുന്നു. സ്വാഭാവികമായും അത് മതംമാറ്റപ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കി. മതത്തെ തള്ളുന്നവരും കൊള്ളുന്നവരും രണ്ട് തട്ടിലായി. ഈ സമയത്താണ് 1936-ല്‍ എസ്.ന്‍.ഡി.പിയുടെ ചങ്ങനാശ്ശേരിയിലെ സമ്മേളനം നടക്കുന്നത്. ഇസ്‌ലാം മതത്തിലേക്കും കൃസ്തു മതത്തിലേക്കും ബുദ്ധ മതത്തിലേക്കും സിഖ് മതത്തിലേക്കും ക്ഷണിച്ചുകൊണ്ട് അതതു മതത്തിലെ പ്രധാനികള്‍ യോഗത്തില്‍ പ്രസംഗിച്ചിരുന്നു. യോഗാധ്യക്ഷനായ സഹോദരന്‍ അയ്യപ്പന്റെ പ്രസംഗം ഈ പ്രതിസന്ധിയെ പരിഹരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു: ”മതം മാറുന്നവരെ സമുദായത്തില്‍നിന്നു പുറംതള്ളാതെ സമുദായത്തില്‍ത്തന്നെ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതു സാധ്യമാണെന്നാണ് എന്റെ അഭിപ്രായം. അതു സാധ്യമാക്കിയാലെ ശ്രീനാരായണസ്വാമികള്‍ ദീര്‍ഘദര്‍ശനം ചെയ്ത ഏകമതസ്ഥിതി നടപ്പാവുകയുള്ളൂ. ഭിന്നമതസ്ഥരായ ആളുകള്‍ ഒരു വീട്ടില്‍ യോജിച്ചുകഴിയുന്ന ഒരു സമുദായസ്ഥിതിയാണ് ഏക മതസന്ദേശം കൊണ്ട് നിര്‍ദേശിച്ചിരിക്കുന്നത്. നമ്മില്‍നിന്ന് ബുദ്ധമതക്കാരും കൃസ്ത്യാനികളും സിക്കുകാരും നിര്‍മതക്കാരും മറ്റു സമുദായമാകുന്നവരുമെല്ലാം ഏക സമുദായാദര്‍ശത്തെ സ്വയം സ്വീകരിക്കുവാന്‍ താല്‍പ്പര്യമുള്ളവരായിരിക്കണം-(പിവികെ നെടുങ്ങാടി, സി കൃഷ്ണന്‍, പേജ് 46, 47).

സ്വതന്ത്രസമുദായവാദത്തെയും മതംമാറ്റപ്രസ്ഥാനത്തെയും ഒരേ സമയം ഉള്‍ക്കൊള്ളുകയായിരുന്നു അയ്യപ്പന്റെ ലക്ഷ്യം. മതംമാറുമ്പോഴും ഈഴവരുടെ സാമുദായിക ഐക്യത്തെ ബാധിക്കാതിരിക്കാന്‍ ഈഴവ ബുദ്ധിജീവിയായ കെ.ആര്‍ അച്യുതന്‍ എം.എ മറ്റൊരു നിര്‍ദേശം വച്ചു. ഇതര മതങ്ങളിലേക്ക് ചേരുന്നവര്‍ മതംമാറിയാലും തിയ്യരായി നില്‍ക്കുക. അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ പേരിനോടു ചേര്‍ന്ന് തിയ്യന്‍ എന്ന് ചേര്‍ക്കാനും നിര്‍ദേശിച്ചു. അദ്ദേഹം എഴുതി: ഇപ്പോള്‍ അന്യമതങ്ങളില്‍ ചേരുന്നവര്‍ തിയ്യരുടെ സംഖ്യാബലം കുറയ്ക്കുന്നുവെന്നു മാത്രമല്ല, ചില സംഗതികളില്‍ തിയ്യ സമുദായത്തിന്റെ ശത്രുക്കളായിത്തീരുകയും ചെയ്യുന്നു. ഈ നില പോയി സമുദായം ഒന്നാമത്, മതം രണ്ടാമത് എന്ന നില വരണം. ഇപ്പോള്‍ നാം ഹിന്ദു, തിയ്യന്‍ എന്ന് എഴുതുന്നതിനു പകരം തിയ്യന്‍ എന്നു മാത്രം എഴുതുകയും ഇനി മതംകൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ തിയ്യന്‍ ബുദ്ധന്‍, തിയ്യന്‍ ജൈനന്‍ എന്നോ ഓരോ വ്യക്തിയുടെയും അഭിരുചി പോലെ എഴുതിശീലിക്കണം. (തിയ്യരുടെ അഭിവൃദ്ധിമാര്‍ഗങ്ങള്‍, പേജ് 31, 32, സി കൃഷ്ണന്‍, 1934).

 

അംബേദ്കറും ഈഴവരും: ചില താരതമ്യങ്ങള്‍

ഇന്ത്യന്‍ സമൂഹത്തില്‍ മതംമാറ്റത്തെക്കുറിച്ചുള്ള വലിയ സംവാദങ്ങള്‍ തുന്നിട്ട പ്രധാന നേതാക്കളിലൊരാളാണ് അംബേദ്കര്‍. അദ്ദേഹം മതംമാറ്റ പ്രഖ്യാപനം നടത്തുന്നതിനു മുമ്പേ ഈഴവര്‍ക്കിടയില്‍ ഈ ശ്രമങ്ങള്‍ നടന്നിരുന്നു. മതംമാറ്റത്തെക്കുറിച്ചും അതിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചുമുള്ള ഇരുവിഭാഗവും തങ്ങളുടെ നിലപാടുകള്‍ വിശദമാക്കിയിട്ടുണ്ട്. ഇവ തമ്മില്‍ താരതമ്യപ്പെടുത്തുന്നതിലൂടെ മതംമാറ്റങ്ങളുടെയും ദേശീയ ബോധത്തിന്റെയും രസതന്ത്രത്തെക്കുറിച്ച് കൂടുതല്‍ ബോധ്യങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കും.

ഡോ. ഭീംറാവു അംബേദ്കർ

മതംമാറ്റത്തെക്കുറിച്ച് 1927-ലാണ് അംബേദ്കര്‍ ആലോചിക്കാന്‍ തുടങ്ങിയത്. മഹദ് സമ്മേളനത്തില്‍വച്ചായിരുന്നു ആദ്യ പ്രഖ്യാപനം. 1933-ല്‍ മൂന്നാം വട്ടമേശസമ്മേളന കാലത്തും മതംമാറ്റത്തിനുള്ള തന്റെ ആഗ്രഹം അംബേദ്കര്‍ വെളിപ്പെടുത്തിയിരുന്നു. 1936-ഓടെ, മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ആലോചന സജീവമായി. നാല് മതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഇസ്‌ലാം, ക്രിസ്തുമതം, ബുദ്ധമതം, സിഖ് മതം. ഏറെക്കഴിഞ്ഞശേഷമാണ് ബുദ്ധമതം സജീവ പരിഗണനയിലെത്തുന്നത്. (അംബേദ്കറും അയിത്തവും, ക്രിസ്‌റ്റോഫ് ജാഫ്രെലോ, പേജ് 204).

അംബേദ്കര്‍ മതങ്ങളെ തിരഞ്ഞെടുക്കുന്നതിനുപയോഗിച്ച മാനദണ്ഡങ്ങളാണ് നമ്മുടെ സവിശേഷ ശ്രദ്ധ അകര്‍ഷിക്കുന്നത്. സിഖ് മതത്തിന് പഞ്ചാബ് കഴിഞ്ഞാല്‍ ഇന്ത്യയിലെ മറ്റിടങ്ങളില്‍ സ്വാധീനമില്ലെന്നുമായിരുന്നു അത് സ്വീകാര്യമാവാത്തതിനു കാരണം. ക്രൈസ്തവ, ഇസ്‌ലാം മതങ്ങളില്‍ ചേരുന്നതോടെ അധഃകൃതരുടെ ദേശീയ സ്വഭാവം നശിക്കുമെന്ന് അദ്ദേഹം കരുതി. സിഖ് മതത്തിന് ആ കുഴപ്പമില്ല. ഇസ്‌ലാം പരിഗണിക്കാത്തതിനു പിന്നില്‍ സവിശേഷമായ ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. അധഃകൃതര്‍ കൂടി ഇസ്‌ലാമിലേക്ക് മാറിയാല്‍ മുസ്‌ലിംകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും മുസ്‌ലിം ആധിപത്യമെന്ന അപകടം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം ഭയപ്പെട്ടു. ക്രൈസ്തവര്‍ക്കും സമാനമായ കുഴപ്പമുണ്ടായിരുന്നു, അത് ബ്രിട്ടീഷുകാരുടെ ശക്തി വര്‍ധിപ്പിക്കും.

അധഃകൃതരുടെ ‘വിദേശമത’സ്വീകരണമായിരുന്നു ഹിന്ദുമഹാസഭക്കാര്‍ക്ക് അലോസരമുണ്ടാക്കിയതെങ്കിലും മതംമാറ്റവിഷയത്തില്‍ കീഴാള സാമുദായികതയുടെ ശക്തിയായിരുന്നു അംബേദ്കറുടെ പരിഗണനാവിഷയം. ഏത് തീരുമാനമാണ് അധഃകൃതരുടെ രാഷ്ട്രീയ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയെന്നതിനായിരുന്നു പ്രധാന പരിഗണന. മറ്റെല്ലാ ഘടകങ്ങളും അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കപ്പെട്ടത്. വിചിത്രമെന്നു പറയട്ടെ, ഇസ്‌ലാമിലെക്കുള്ള അധഃകൃതരുടെ കടന്നുവരവ് തങ്ങളുടെ ന്യൂനപക്ഷപദവിയെ ഇല്ലാതാക്കുമെന്നു കരുതിയിരുന്ന മുസ്‌ലിം നേതാക്കളും തീരുമാനങ്ങളെ സ്വാധീനിച്ചിരിക്കണം. (അംബേദ്കറും അയിത്തവും ജാതി വിശകലനം പോരാട്ടം, ബുക്ക് പ്ലസ് പബ്ലിഷേഴ്‌സ്, 2023).

മുസ്‌ലിംകളുമായി ചേര്‍ന്ന് വലിയൊരു സമുദായശക്തിയായി മാറാനുള്ള ആഗ്രഹം അക്കാലത്തെ പല ഈഴവ ബുദ്ധിജീവികളും പ്രകടമാക്കിയെങ്കിലും ഇതേ പ്രക്രിയ അധഃകൃതരുടെ ദേശീയസ്വഭാവം നശിപ്പിക്കുക മാത്രമല്ല, മുസ്‌ലിംകളുടെ സ്വാധീനശക്തി വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നുമായിരുന്നു അംബേദ്കറുടെ ഭയം. അംബേദ്കറോട് അടുത്തുനില്‍ക്കുന്ന നിലപാടുള്ള ധാരാളം പേര്‍ ഈഴവര്‍ക്കിടയിലും അക്കാലത്തുണ്ടായിരുന്നു. സി കൃഷ്ണന്റെ ബുദ്ധ മത പരിവര്‍ത്തനവാദത്തോടുള്ള ആശാന്റെ വിയോജിപ്പും സമാനമായിരുന്നു( മതപരിവര്‍ത്തനരസവാദം). മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിലപാടുകളില്‍ പലതും പില്‍ക്കാലത്ത് അംബേദ്കര്‍ പുതുക്കുകയുണ്ടായി.

ബാബുരാജ് ഭഗവതി

Add comment