Campus Alive

ആസാം: എൻ.ആർ.സി രാഷ്ട്രീയത്തിെൻറ വേരുകൾ സിൽഹത് വിഭജനത്തിൽ അവസാനിക്കില്ല

LEAD Technologies Inc. V1.01

‘1947 ലെ സില്‍ഹത് വിഭജനവും അസമിലെ ‘വിദേശി’ രാഷ്ട്രീയവും’ എന്ന ലേഖനത്തില്‍ ശുെഎബ് ഡാനിയല്‍ അധികമാരും ഇന്നും ഏറെ ശ്രദ്ധ പതിപ്പിച്ചിട്ടില്ലാത്ത കിഴക്കേ ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച വളരെ പ്രസക്തമായ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. എന്തുതന്നെയായാലും ഈ വിഭജനം പൗരത്വപട്ടികയുമായി വളരെ പ്രശ്നാധിഷ്ഠിത ബന്ധമാണ് സൂക്ഷിക്കുന്നതെന്ന് മാത്രമല്ല, ഈ സംവാദം എങ്ങനെയാണ് പലപ്പോഴും വൈരുദ്ധ്യാത്മകമായ കാര്യങ്ങളില്‍ തുടക്കം കുറിക്കുകയും ഭാഗികമായ ചരിത്രങ്ങളില്‍ മാത്രം കാണുന്ന  വിവരണങ്ങളുടെ ചുറ്റുപാടില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നതെന്ന് തെളിയിക്കുന്നുണ്ട്. സമൂഹത്തിലെ പലഭാഗത്തുനിന്നും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) യുടെ വിഷയത്തില്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്. ചിലര്‍ അതിനെ ജുഡീഷ്യറിയുടെ നിയമപരമായ മേല്‍നോട്ടത്തിലെ ഒരു അദ്വിതീയമായ, തീര്‍ത്തും ഭരണപരമായ ഒരു പ്രവര്‍ത്തിയായിട്ടാണ് കാണുന്നതെങ്കിലും അതിെൻറ പരിണിത ഫലം നിയമപരമായ ഉദ്ദേശങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമപ്പുറമെത്തുമെന്ന് നിരീക്ഷിക്കുന്നു. പലരും ഈ തീരുമാനത്തിന് പിന്നിലെ സാമൂഹിക- രാഷ്രടീയ യുക്തിയെ കണ്ടെത്താന്‍ ശ്രമിക്കുകയും അതില്‍ ഭൂരിഭാഗവും അതോറിറ്റേറിയനും മെജോറിറ്റേറിയനുമായ ഭരണകൂടത്തിെൻറ പ്രോല്‍സാഹനമുള്ള, പരവിദ്വേഷത്തിെൻറ അതിരുകളിലെ സ്വത്വ രാഷ്ട്രീയ ഗണത്തിെൻറ കള്ളികളില്‍ ഉള്‍ക്കൊള്ളിക്കുന്നു. എന്നാലും വളരെ ചുരുക്കമാളുകള്‍ ഇതിനെ പ്രദേശികചരിത്രത്തിെൻറ വൈവിദ്ധ്യ സാദ്ധ്യതകളിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നുണ്ട്.

ദേശീയ പൗരത്വ പട്ടികയുടെ വേരുകളന്വേഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ, നിര്‍ഭാഗ്യവശാല്‍ കഥയുടെ പകുതി മാത്രം, അതും വക്രീകരിച്ച രീതിയില്‍ മാത്രം പറയാന്‍ പറ്റുന്ന ഒരു പരിസരത്തിലാണ് ഡാനിയലിൻറ എഴുത്ത് തുടങ്ങുന്നത് തന്നെ. ആസാമുകാര്‍ ഒരു സമൂഹമെന്ന നിലയില്‍ ഭാഷാപരമായും സാംസ്കാരികമായും മറ്റുള്ളവരോട്, പ്രത്യേകിച്ചും ബംഗാളികളോട് അസഹിഷ്ണുതയുള്ളവരാണെന്ന തരത്തില്‍ ദേശീയ പൗരത്വ പട്ടികയുടെ അവസാന കരട് പുറത്തുവിട്ട ശേഷം പ്രചരിച്ച കഥകള്‍ ഉദാഹരണം. ദേശീയ പൗരത്വ പട്ടികയെ ചരിത്രവത്കരിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച എന്നതിനാല്‍ തന്നെ ആരാണോ പറയുന്നത്, അയാള്‍ തന്റെ വീക്ഷണത്തിലെ ഭൂമിശാസ്ത്രപരമായ ഇടത്തെ കുറിച്ച് ശ്രദ്ധാലുവായിരിക്കണം എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഏത് ആസാമിനെയാണ് പരാമര്‍ശിക്കുന്നത്?, കൊളോണിയല്‍ ആസാമാണോ പ്രി-കൊളോണിയല്‍ ആസാമാണോ, അല്ലെങ്കില്‍ വിഭജനസമയത്തെ ആസാമോ അതോ വിഭജനത്തിനു മുമ്പേയുള്ള ആസാമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അതാത് കാലങ്ങളിലെ സാമൂഹിക- രാഷ്ട്രീയ ഉടമ്പടികളെ പരിഗണിക്കാതെ നിരീക്ഷണം നടത്തിയാല്‍ ഒരോ കാലഘട്ടവും ഒരു തുടക്കസ്ഥലമെന്ന രീതിയില്‍  വസ്തുനിഷ്ഠമല്ലെന്നോ വളച്ചൊടിക്കപ്പെട്ടതാണെന്നോ തോന്നും എന്നതാണ് കാരണം.

അതുകൊണ്ട്, 1947 ലെ സില്‍ഹത്ത് വിഭജനം ആസാമിനെ വൈദേശിക രാഷ്ട്രീയത്തിലേക്ക് നയിച്ചു എന്നൊരാള്‍ പറയുകയാണെങ്കില്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ 1874 ലേക്ക്, സില്‍ഹത്ത് ജില്ല അന്ന് കൊളോണിയല്‍ പ്രവിശ്യയായ ആസാമിനോട് കൂട്ടിച്ചേര്‍ത്ത ചരിത്രത്തിലേക്ക് മടങ്ങിപ്പോവേണ്ടിവരും. അങ്ങനെയാണെങ്കില്‍ ”ആസാമിനെ വൈദേശികരാഷ്ട്രീയത്തിലേക്ക്” നയിച്ചത് സില്‍ഹത്ത് ആസാമിനോട് കൂട്ടിച്ചേര്‍ത്തതോടെ തുടക്കമിട്ട, ജനങ്ങളുടെ ആവശ്യങ്ങളോ വികാരങ്ങളോ, എന്തിന് പ്രവിശ്യയിലുണ്ടാക്കാന്‍ പോവുന്ന ഭവിഷ്യത്തോ പരിഗണിക്കാതെ വെറും കൊളോണിയല്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കിയ ഒരു പദ്ധതിയാണെന്ന് കാണാന്‍ കഴിയും. 1905ല്‍ ബംഗാള്‍ വിഭജനത്തിന് ശേഷം, പുതുതായി രൂപീകൃതമായ കിഴക്കന്‍ ബംഗാള്‍, ആസാം പ്രവിശ്യയുടെ ഡിവിഷണല്‍ ഹെഡ്ക്വാര്‍ട്ടേര്‍സ് ആയി മാറി. 1912ല്‍ ഈ വിഭജനം പിന്‍വലിച്ചപ്പോള്‍ സില്‍ഹത്തിനെ ബംഗാളില്‍ നിന്ന് വേര്‍പ്പെടുത്തുകയും ആസാം പ്രവിശ്യയുടെ ഭാഗമാക്കുകയും ചെയ്തു. അത്കൊണ്ട് തന്നെ അത് സില്‍ഹത്ത് വിഭജനമായിരുന്നില്ല, മറിച്ച് സില്‍ഹത്തിനെ ആസാമിലേക്ക് കൂട്ടിച്ചേര്‍ത്ത കൊളോണിയല്‍ അന്നക്സേഷനായിരുന്നുവെന്ന് മനസ്സിലാക്കാം. സ്വാഭാവികമായും ”ആസാം” നിവാസികള്‍ ഇതില്‍ ഉത്കണ്ഠാകുലരും അസന്തുഷ്ടരുമായിരുന്നു. ജനസംഖ്യയിലേറെയുള്ള ബംഗാളി സംസാരിക്കുന്ന ഒരു ജനതയുള്ള ജില്ല അവരുടെ ഭാഷക്കും സംസ്ക്കാരത്തിനും ഭീഷണിയാവും എന്ന ഭീതിയായിരുന്നു ആ ഉത്കണ്ഠക്ക് കാരണം. മുഗള്‍ ഭരണകാലത്തെ ഒരു അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റ് എന്ന നിലയില്‍, ബ്രഹ്മപുത്ര താഴ്വരയെയും സില്‍ഹത്തിനെയും പലതരത്തില്‍ ബന്ധിപ്പിക്കുന്നതാണ് കൊളോണിയല്‍ കാലത്തെ ചരിത്രരേഖകള്‍. വൈവിധ്യാത്മകവും അതേസമയം വൈരുധ്യാത്മകവുമായ അടിത്തറയില്‍ രൂപംകൊണ്ട ഒരു പ്രദേശത്തിെൻറ പ്രശ്നങ്ങളിലേക്കാണീ ചരിത്രം വിരല്‍ചൂണ്ടുന്നത്. സംസ്ക്കാരികപരമായി ഇന്നും നിലനില്‍ക്കുന്ന സാമ്യതകള്‍ ഇത്തരത്തില്‍ വൈവിദ്ധ്യാത്മകമായ ചരിത്രത്തിെൻറ പാരമ്പര്യമാണ്.

സാംസ്ക്കാരിക ഉയിര്‍ത്തെഴുന്നേല്‍പ്പ്

കൊളോണിയല്‍ ആസാമിെൻറ ഭൂമിശാസ്ത്രപരമായ രൂപംകൊള്ളലിെൻറ  സാഹചര്യത്തിലാണ് ആധുനിക ആസമീസ് ദേശീയത ആദ്യമായി  ഉറപ്പിക്കപ്പെടുന്നത്. ഇൗ പശ്ചാത്തലത്തിൽ വേണം ‘ഇന്‍സൈഡര്‍- ഔട്സൈഡര്‍’ എന്ന ആശയത്തിനെ ചരിത്രപരമായി  വിലയിരുത്താൻ.  1826ലെ  ആംഗ്ലോ- ബര്‍മീസ് യുദ്ധം അവസാനിപ്പിച്ച യന്‍ഡാബോ ഉടമ്പടിയിലൂടെ  ആസാമിനെ തങ്ങളുടെ സാമ്രാജ്യത്തോട് വിളക്കിച്ചേര്‍ത്ത ബ്രിട്ടീഷുകാരുടെ പതിറ്റാണ്ടുകള്‍ നീണ്ട മോശം പരിചരണങ്ങള്‍ക്കും ആശയവൈരുദ്ധ്യങ്ങള്‍ക്കും ശേഷം ആസാമില്‍ ഭാഷാപരമായും സാംസ്കാരികപരമായും ഒരുയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് സില്‍ഹത്തിനെ ആസാമുമായി കൂട്ടിച്ചേര്‍ത്തതെന്നോര്‍ക്കണം. 1800കളുടെ അവസാനം ആസാമില്‍ ഒരുപാട് പ്രിൻറിങ്ങ് പ്രസ്സുകള്‍ വളര്‍ന്നുവരുകയും ആസാമീസിലുള്ള ഒരുപാട് മാഗസിനുകള്‍ പുറത്തിറങ്ങുകയും ചെയ്തു. ഭാഷയെയും അതിെൻറ വളര്‍ച്ചയെയും പരമപ്രധാനമായി കണ്ട വിദ്യാസമ്പന്നരായ ഒരു പുതിയ മധ്യവര്‍ഗമായിരുന്നു ഈയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് നേതൃത്വം കൊടുത്തത്. ഭാഷാടിസ്ഥാനത്തിലുള്ള ദേശീയതയെ ഒരാള്‍ എത്രതന്നെ എതിര്‍ക്കുന്നുവെന്ന് പറഞ്ഞാലും വിഭവദരിദ്രമായ കൊളോണിയല്‍ ഭരണഭൂമിയില്‍ സ്വത്വത്തിെൻറയും വിഭവങ്ങളുടെയും സ്രോതസ്സായി ഭാഷ വര്‍ത്തിച്ചിരുന്നു (ഇന്നും വര്‍ത്തിക്കുന്നു) എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല.

”വിഭജനം വരെ ആസാമില്‍ ആസാമീസ് സംസാരിക്കുന്നവരെക്കാളേറെ  ബംഗാളി സംസാരിക്കുന്നവരായിരുന്നു” എന്ന ഡാനിയലിൻറ ഉപതലക്കെട്ട് പശ്ചാത്തലം വിശദമാക്കിയിട്ടില്ലെങ്കില്‍ ഏറെ വഴിതെറ്റിക്കുന്നതാവുന്നുണ്ട്. കൊളോണിയല്‍ ഭരണകാലത്ത് വർധിച്ചുവന്ന ബംഗാളി സംസാരിക്കുന്നവരുടെ എണ്ണവും അവരുടെ മേധാവിത്വവുമായിരുന്നു യഥാര്‍ത്ഥത്തില്‍ ആസാമുകാര്‍ക്ക് തങ്ങളുടെ ഭാഷയും സംസ്ക്കാരവും ഭീക്ഷണിയുടെ മുള്‍മുനയിലാണെന്ന് തോന്നാന്‍ കാരണമെന്ന കാര്യം ചൂണ്ടിക്കാണിക്കണം. എന്തൊക്കെയായാലും, 1836 മുതല്‍ 1873 വരെ തങ്ങളുടെ പ്രവിശ്യയുടെ ഭരണഭാഷയായി ബംഗാളി മാറുന്നത് കണ്ടവരാണ് ആസാമുകാര്‍. പിന്നീട് അമേരിക്കന്‍ മിഷനറിമാരുടെ സഹായത്തോട് കൂടി പതിറ്റാണ്ടുകളുടെ ക്യാമ്പയിനിങ്ങിനുശേഷമാണ് ആസാമീസിനെ ഭരണഭാഷയാക്കിയത്. കാച്ചറും സില്‍ഹത്തും ബംഗാള്‍ പ്രവിശ്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴിലായിരുന്നു, അല്ലാതെ ആസാം ഘടകത്തിനു കീഴെയായിരുന്നില്ല എന്ന കാര്യവും ശ്രദ്ധിക്കണം.

എന്ത് തന്നെയായാലും 20ാം നൂറ്റാണ്ടിെൻറ തുടക്കത്തില്‍ ആസാം മധ്യവര്‍ഗം മുതലാളിത്തത്തിെൻറയും കൊളോണിയല്‍ സംരക്ഷണത്തിെൻറയും  സഹായത്തോടെ ആധുനിക ആസാം ദേശീയതയുടെ രൂപവത്കരണമെന്ന പ്രൊജക്റ്റിെൻറ ആധിപത്യപരമായ നേതൃത്വത്തിലെത്തി. ഈ ‘നവ വരേണ്യ’ര്‍ക്ക്  ഒരുപാട് വെല്ലുവിളികളെ മറികടക്കേണ്ടതുണ്ടായിരുന്നു. ഒന്ന്, ആസാം അനക്സേഷനു ശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള അഹോം രാജവംശത്തിെൻറ ശ്രമങ്ങള്‍, പുതിയ ‘ആസാമീസു’കാരോട് സന്ദേഹമുള്ള പഴയഘടനയുടെ ഭാഗമായിട്ടുള്ളവരെ കുറയ്ക്കാനുള്ള ശ്രമങ്ങള്‍, പ്രത്യേകിച്ച് വളരെ നിര്‍ണ്ണായകമായ ഭരണപരമായ ജോലികളില്‍ നിന്നും മാറ്റിനിര്‍ത്താനും ബ്രിട്ടീഷുകാര്‍ ശ്രദ്ധിച്ചിരുന്നു. 1828ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ  സായുധ വിപ്ലവം നയിച്ച അഹോം രാജകുമാരനായ ഗോമാധര്‍ കോന്‍വാര്‍ ‘ഇന്ത്യയില്‍ രേഖപ്പെടുത്താതെ പോയ ആദ്യ സ്വാതന്ത്ര്യസമരസേനാനി’ യാണെന്ന് പറയപ്പെടുന്നുണ്ട്. ചരിത്രകാരനായ ജയീത ശര്‍മ രേഖപ്പെടുത്തിയത് പോലെ, അഹോം രാജവംശത്തോടുള്ള ബ്രിട്ടീഷുകാരുടെ അസംതൃപ്തിക്ക് കാരണം പ്രധാനമായും ‘ വടക്കും കിഴക്കും തെക്കും എണ്ണമറ്റ പ്രാകൃതരും യുദ്ധപ്രിയരുമായ ഗോത്രങ്ങളാല്‍ ചുറ്റപ്പെട്ട, വാഴ്ചയുടെ അവസാന വര്‍ഷങ്ങളില്‍ പ്രവിശ്യയ്ക്ക് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടവരാണെന്ന കാഴ്ച്ചപ്പാടായിരുന്നു.

ഭരണപരമായി, 1826 മുതല്‍ 1873 വരെ ആസാം ബംഗാള്‍ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രവിശ്യയിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് ബംഗാളികളെ മാത്രമേ നിയമിക്കുകയുള്ളൂ എന്നത് ബ്രിട്ടീഷുകാരുടെ നയമായിരുന്നു. ആസാം പ്രവിശ്യയില്‍ ഭൂനികുതി പിരിക്കാന്‍ വരെ മര്‍വാറില്‍ നിന്നും സില്‍ഹത്തില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരായിരുന്നു നിയോഗിക്കപ്പെട്ടത്. ഇതില്‍ അഹോം വംശത്തിലെ യുവപ്രധാനിയായ മണിറാം ദെവാന്‍ അസംതൃപ്തി പ്രകടിപ്പിക്കുകയും, 1853ല്‍ പ്രവിശ്യ സന്ദര്‍ശിച്ച സഡ്ഡര്‍ കോടതി ജഡ്ജി എ.ജെ മൊഫത്ത് മില്‍ഫിന് സമര്‍പ്പിച്ച നിവേദനത്തില്‍ ഇത് ചൂണ്ടിക്കാണിക്കുകയും ചെയ്തു.  നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, 1857ലെ കലാപത്തില്‍ പങ്ക് ആരോപിച്ച് മണിറാം തൂക്കിക്കൊല്ലപ്പെടുകയാണുണ്ടായത്. എന്തുതന്നെയായാലും 1854ല്‍ പ്രസിദ്ധീകരിച്ച ആസാം പ്രവിശ്യയെ കുറിച്ച റിപ്പോര്‍ട്ടില്‍ മൊഫത്ത് മിൽഫ് ആസാമുകാരെ അനാകര്‍ഷണീയരായ, ബുദ്ധിശൂന്യരും അധര്‍മ്മകാരികളുമായ ജനങ്ങളായിട്ടാണ് രേഖപ്പെടുത്തിയത്. ഇത്തരം കൊളോണിയല്‍ വര്‍ണ്ണനകള്‍ വന്യമോ അത്ഭുതപ്പെടുത്തുന്നതോയല്ലെന്ന് പ്രശസ്ത ചരിത്രകാരിയായ യാസ്മിന്‍ സൈകിയ ആദ്യകാല കൊളോണിയല്‍ രേഖകളിലെ ആസാമീസുകളുടെ പ്രതിനിധാനത്തെക്കുറിച്ചെഴുതുമ്പോള്‍ പറയുന്നുണ്ട്. എന്തായാലും കൊളോണിയല്‍ അധിനിവേശം ബ്രീട്ടീഷ് ഇന്ത്യയുടെ അതിരുകള്‍ക്ക് പുറത്തുണ്ടായിരുന്ന സംഘങ്ങളുമായിട്ടുള്ള ആശയവിനിമയ സാധ്യതകളെ അടക്കുകവഴി അതിനുമുന്‍പുള്ള ചരിത്രങ്ങള്‍ക്ക് അവിചാരിതമായ അന്ത്യം നല്‍കി എന്നത് വളരെ സന്നിഗ്ദമായ വിഷയമാണ്. ആയതിനാല്‍ തന്നെ, കൊളോണിയല്‍ ഭരണകാലത്തെ മാറ്റങ്ങളെ നിരീക്ഷിക്കുമ്പോള്‍ അവരുടെ നയങ്ങളെയും പ്രതിനിധാധങ്ങളെയും അവ ഒരുഭാഗത്ത്  സംവേദനം ചെയ്യുന്നതുപോലെ തന്നെ മറുഭാഗത്ത് മറച്ചുവെക്കുകയും ചെയ്യുന്നുണ്ട് എന്ന അര്‍ത്ഥത്തില്‍ ചോദ്യം ചെയ്യേണ്ടി വരും.

Maniram Dewan

രണ്ട്, ജോലിയും വിഭവങ്ങളും ആവശ്യമുണ്ടായിരുന്ന വർധിച്ചുവരുന്ന വിദ്യാസമ്പന്നരായ  ബംഗാളി വര്‍ഗം, ആസാമികളെ ബംഗാളികളുടെ ‘മലിനമായ രൂപ’മായി ചിത്രീകരിക്കുന്ന തരത്തിലുള്ള ഭാഷാപരമായ വികാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ‘എല്ലാ ക്രയവിക്രയങ്ങളും ബംഗാളിയില്‍ മാത്രമേ നടത്തുകയുള്ളൂ, അതിനുവേണ്ടി ആസാമുകാര്‍ ആ ഭാഷ പഠിച്ചിരിക്കണം’ എന്ന ഉത്തരവോടുകൂടി 1836ല്‍ ആസാമിൻറ ഔദ്യോഗികഭാഷയായി ആസാമീസിനുപകരം ബംഗാളിയെ ബ്രീട്ടീഷുകാര്‍ മാറ്റിയതിനുപിന്നിലെ കാരണം ഇതായിരുന്നു. അതുകൊണ്ട്, ‘എങ്ങനെയാണ് 1947ലെ സില്‍ഹത്ത് വിഭജനം ആസാമിനെ വൈദേശികരാഷ്ട്രീയത്തിലേക്ക് നയിച്ചത്’ എന്നതിന് പ്രതിവാദമായി ‘എങ്ങനെയാണ് 1826 ലെ യന്‍ഡാബോ അനക്സേഷന്‍ ആസാമിനെ വംശഹത്യാപരമായ നീക്കങ്ങളിലേക്ക് നയിച്ചത്’ എന്ന് ചോദിക്കാന്‍ കഴിയും. സില്‍ഹത്ത് വിഭജനമെന്നത് അനേകം നഷ്ടങ്ങളുടെ കഥയാണ്. അനേകായിരങ്ങള്‍ക്ക് ഒരു മുന്നറിയിപ്പോ സൂചനയോ ഇല്ലാതെ വീടെൊഴിയേണ്ടിവന്നു. നഷ്ടപരിഹാരം പോലും ലഭിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ ഇത് ഒരു നൂറ്റാണ്ടിനപ്പുറം ചെന്നുനില്‍ക്കുന്ന കൊളോണിയല്‍ അധികാരികളുടെ വ്യാമോഹങ്ങളാല്‍ പതിയെ കെട്ടിപ്പടുത്ത ദുരന്തചക്രത്തിന്റെ ഭാഗമായിരുന്നുവെന്ന അസുഖകരമായ സത്യം മനസ്സിലാക്കേണ്ടതുണ്ട്. കുറച്ച്പേര്‍ക്ക് വിശേഷാനുകൂല്യം കല്‍പിച്ച് മറ്റുള്ളവരെ ഇരകളാക്കി മാറ്റി ഒടുവില്‍ ഇരുകൂട്ടരെയും തങ്ങളുടെ കാലിനടിയില്‍ കൊണ്ടുവരിക എന്നതായിരുന്നു തന്ത്രം. നഷ്ടങ്ങള്‍ക്ക് ശ്രേണിക്രമമില്ലെങ്കിലും , അതിനോട് ചേര്‍ന്നൊരു കാലക്രമമുണ്ട് എന്നതാണ് സത്യം. ഇന്ത്യാ ഉപഭൂഖണ്ഡത്തിെൻറ ചരിത്രത്തില്‍ ഏറെ സങ്കീര്‍ണ്ണമായ എന്നാല്‍ അധികമേറെ പഠനങ്ങളിനിയും നടന്നിട്ടില്ലാത്ത ഒരു മേഖലയിലേക്കുള്ള വാതില്‍ തുറന്നിടുകയാണ് ദേശീയ പൗരത്വ സംവാദം.  പക്ഷെ ഈ സങ്കീര്‍ണ്ണതകളുടെ കുരുക്കഴിക്കാനുള്ള കുറ്റമറ്റ, കൃത്യമായ മാര്‍ഗം കണ്ടെത്തുക എന്നതാണ് ആദ്യ വെല്ലുവിളി. അതല്ലെങ്കില്‍ ഏറെപേരും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വളച്ചൊടിച്ച വിവരണങ്ങളില്‍ വിശ്വാസമര്‍പ്പിക്കും എന്നതാണ് കാര്യം.

കൗസ്തുബ് ദേഖ: ആസാമിലെ ദിബ്രുഗര്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്.

വിവർത്തനം: അഫീഫ് അഹമ്മദ്
(ഡൽഹി സർവ്വകലാശാല ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി)

കൗസ്തുബ് ദേഖ