Campus Alive

സംഘ്പരിവാറിന്റെ ജാതിയും ഇന്ത്യന്‍ സാമൂഹ്യഘടനയും: പ്രേംകുമാര്‍ സംസാരിക്കുന്നു

ഈ പരിപാടിയില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. രോഹിതിന്റെ ജീവത്യാഗം ഞങ്ങള്‍ക്ക് നല്‍കിയ ഊര്‍ജം സംഭരിച്ച് കൊണ്ട് ഞാന്‍ പറയുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു വിപ്ലവകാരിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ നാലായിരം വര്‍ഷത്തോളമായി ജാതീയതക്കെതിരെ പോരാടുന്ന ഒരു ജനതയുടെ വിപ്ലവവീര്യത്തെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഈ അടുത്ത കാലത്ത് എന്താണ് സംഭവിച്ചത് എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. എളുപ്പത്തില്‍ പരിഹരിക്കാമായിരുന്ന ഒരു നിസ്സാരപ്രശ്‌നത്തിന്റെ പേരില്‍ അഞ്ച് ദലിത് വിദ്യാര്‍ത്ഥികളെയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ജാതീയമായ ഭ്രഷ്ട് കല്‍പ്പിച്ച് തെരുവിലേക്ക് വലിച്ചെറിഞ്ഞത്. ഈയൊരു പശ്ചാത്തലത്തില്‍ എന്ത്‌കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് പറയാനാണ് ഞാനാഗ്രഹിക്കുന്നത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച മുസഫര്‍ നഗര്‍ ബാക്കിഹേ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ എ.ബി.വി.പിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് എ.എസ്.എ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പ്രസ്തുത ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. അന്നാണ് എ.ബി.വി.പി യുടെ പ്രസിഡന്റ് സുശീല്‍ കുമാര്‍ എ.എസ്.എ ക്കാര്‍ ഗുണ്ടകളാണ് എന്നാരോപിച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിടുന്നത്. അന്ന് തന്നെ എ.എസ്.എയുടെ പ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ച് വിശദീകരണം തേടുകയും സംവാദത്തിന് തയ്യാറാണോ എന്ന് വെല്ല്‌വിളിക്കുകയും ചെയ്തു. മാത്രമല്ല, എ.എസ്.എക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്ന് രാത്രി തന്നെ എല്ലാവരും അവരവരുടെ ഹോസ്റ്റല്‍ റൂമുകളിലേക്ക് തിരിച്ച് പോയതാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഹൈദരാബാദ് പോലീസ് മൂന്ന് ദലിത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് കൊണ്ട്‌പോയി. സുശീല്‍കുമാറിനെ മര്‍ദ്ദിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. അതിനെതിരെ എ.എസ്.എ സമരം തുടങ്ങുകയും വിശദമായ ഒരന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. അതിനെത്തുടര്‍ന്ന് ഒരു പ്രോക്ടല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും സുശീല്‍ കുമാറിനെ എ.എസ്.എക്കാര്‍ മര്‍ദിച്ചുവെന്ന ആരോപണം കള്ളമാണെന്ന് തെളിയിക്കുകയും ചെയ്തു.

എന്നാല്‍ സുശീല്‍ കുമാറിന്റെ മാതാവ് കാബിനറ്റ് മിനിസ്റ്റര്‍ ബന്‍ദാരുവിന് കത്തയച്ചു. തുടര്‍ന്ന് അദ്ദേഹം സ്മൃതി ഇറാനിക്ക് കത്തയക്കുകയുണ്ടായി. അങ്ങനെയാണവര്‍ ഈ വിഷയത്തില്‍ ഇടപെടുന്നത്. യൂണിവേഴ്‌സിറ്റിയില്‍ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നതായിരുന്നു കത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട ആരോപണം. തുടര്‍ന്ന് അഞ്ച് ദലിത് വിദ്യാര്‍ത്ഥികളെ ആറ് മാസത്തേക്ക് സസ്‌പെന്ഡ് ചെയ്യുകയുണ്ടായി. അതിനെതിരെ എ.ബി.വി.പി ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന് സംയുക്ത സമര സമിതി രൂപീകരിക്കുകയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ആര്‍.പി ശര്‍മ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന് സമ്മതിച്ച് കൊണ്ട് ആ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയാണുണ്ടായത്. എന്നാല്‍ ആ കമ്മീഷന്‍ അഞ്ച് ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യപരമായ ഭ്രഷ്ട് കല്‍പ്പിച്ചുകൊണ്ടുള്ള തീരുമനമെടുക്കുകയാണുണ്ടായത്. ഇതിനെതിരെ യൂണിവേഴ്‌സിറ്റിയില്‍ പന്ത്രണ്ടില്‍പരം ദിവസം സമരം നടന്നു.

Activist of a Dalit organization participate in a candle light vigil holding photographs of Indian student Rohith Vemula in Hyderabad, India, Wednesday, Jan 20, 2016. The activists were protesting the death of Vemula who, along with four others, was barred from using some facilities at his university in the southern tech-hub of Hyderabad. The protesters accused Hyderabad University's vice chancellor and a federal minister of unfairly demanding punishment for the five lower-caste students after they clashed last year with a group of students supporting the governing Hindu nationalist party. (AP Photo/Mahesh Kumar A.)

എല്ലാതരത്തിലുള്ള സാമൂഹ്യഭ്രഷ്ടിനെയും അതിജീവിച്ചാണ് ദലിത് വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പോലെയുള്ള ഒരു സ്ഥാപനത്തില്‍ പഠിക്കാന്‍ വരുന്നത്. രോഹിത് അവസാനമായി എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നു: ‘ എല്ലായ്‌പ്പോഴും ജീവിതം എന്നത് തന്നെ ഒരു ശാപമാണ്. എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ ശാപം’. അങ്ങനെ രോഹിത് എഴുതാനുള്ള സാമൂഹ്യപരമായ പശ്ചാത്തലം നാമറിയണം. രോഹിതിന്റെ അമ്മ ഒരു ദത്തുപുത്രിയാണ്. ഒ.ബി.സി വിഭാഗത്തില്‍ പെട്ട അഞ്ചലി എന്ന സ്ത്രീയാണ് അവരെ ദത്തെടുത്തത്. അവര്‍ക്ക് നാല് കുട്ടികളുണ്ട്. അവരെയെല്ലാം പഠിപ്പിച്ച് വലിയ നിലയിലെത്തിച്ചെങ്കിലും രോഹിത്തിന്റെ അമ്മക്ക് യാതൊരു വിധ വിദ്യാഭ്യാസവും കൊടുത്തില്ല. മാത്രമല്ല, അവരെക്കൊണ്ട് വീട്ട് ജോലിയെടുപ്പിക്കുകയും ചെയ്തു. പതിനാലാമത്തെ വയസ്സില്‍ അവരുടെ അതേ കമ്മ്യൂണിറ്റിയില്‍പ്പെട്ട ഒരാള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ആ ഒരു കുടുംബ പശ്ചാത്തലത്തിലാണ് രോഹിത് വെമുല വളര്‍ന്നത്. യു.ജി.സി യുടെ രണ്ട് സ്‌കോളര്‍ഷിപ്പുകളും കരസ്ഥമാക്കിക്കൊണ്ടാണ് രോഹിത് ഹൈദരാബാദിലേക്ക് വരുന്നത്. ആ വലിയ വിദ്യാര്‍ത്ഥിയെയാണ് നമുക്ക് ഈ സമരത്തിന്റെ ഭാഗമായി നഷ്ടപ്പെട്ടിരിക്കുന്നത്.

 

എന്താണ് ഈ കേസില്‍ സംഭവിച്ചിരിക്കുന്നത്? അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ അഞ്ച് പ്രഗല്‍ഭരായ നേതാക്കന്‍മാരെയാണ് ഈ കേസിന്റെ ഭാഗമായി ലക്ഷ്യമിട്ടിരിക്കുന്നത്. അവര്‍ ഞങ്ങളുടെ നിലനില്‍പ്പിനെത്തന്നെയാണ് ആദ്യമായി ചോദ്യം ചെയ്തിരിക്കുന്നത്. അത് പോലെ ഈ കേസിലെ പ്രാഥമിക റിപ്പോര്‍ട്ടുകളിലൊന്നും യാക്കൂബ് മേമനെക്കുറിച്ച് സംസാരിക്കുന്നില്ല. കാപ്പിറ്റല്‍ പണിഷ്‌മെന്റിനെതിരെ എ.എസ്.എ നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. എന്നാലതില്‍ പറയുന്നത് ഞങ്ങള്‍ ദേശവിരുദ്ധനായ യാക്കൂബ് മേമന് വേണ്ടി പ്രോഗ്രാം നടത്തി എന്നാണ്. ഇന്ത്യന്‍ ദേശത്തിന്റെ അഗണ്ഢതയെ ചോദ്യം ചെയ്യുന്നു എന്നതാണ് എ.എസ്.എക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രധാന വിമര്‍ശനം.

mother

കാമ്പസില്‍ എ.എസ്.എ ഉന്നയിക്കുന്ന മൗലികമായ രാഷ്ട്രീയ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തത് കൊണ്ട്തന്നെയാണ് എ.ബി.വി.പി പുറത്ത് നിന്ന് സഹായം തേടുന്നത്. എന്ത്‌കൊണ്ടാണ് ഇത്തരത്തിലുള്ള ബോധപൂര്‍വ്വമായ ആക്രമണം എ.എസ്.എക്കെതിരെ ഉണ്ടാകുന്നത്? ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമെന്താണ്? ആ രാഷ്ട്രീയത്തെ എന്ത് കൊണ്ട് ഈ രാജ്യത്തെ മേല്‍ജാതി ഹിന്ദു രാഷ്ട്രീയ ശക്തികള്‍ ഭയപ്പെടുന്നു? ബാബാ സാഹിബ് അംബേദ്കറിന്റെ പ്രത്യയശാസ്ത്രത്തെ ഞങ്ങള്‍ ശിരസാവഹിക്കുന്നു എന്നത് തന്നെയാണ് അതിന്റെ കാരണമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ഒരു സാമൂഹ്യക്രമത്തെയാണ് അംബേദ്കറിസം മുന്നോട്ട് വെക്കുന്നത്. ആ അംബേദ്കറിസത്തെയാണ് എ.എസ്.എ പിന്‍പറ്റുന്നത്.

ഇന്ത്യയിലുളള വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളെല്ലാം വിദ്യാര്‍ത്ഥി എന്ന യൂണിവേഴ്‌സലായ ഒരു കാറ്റഗറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ജാതിപരവും മതപരവുമായ വൈവിധ്യങ്ങളെ അവര്‍ അസന്നിഹിതമാക്കുന്നു. എന്നാല്‍ എ.എസ്.എ ദലിതരും മുസ്‌ലിംകളും ആദിവാസികളുമടങ്ങുന്ന ഒരു രാഷ്ട്രീയ ഭാവനയെക്കുറിച്ചാണ് സംസാരിക്കുന്നത്. എ.എസ്.എ, ബി.എസ്.എഫ്, ഡി.എസ്.എം, എസ്.ഐ.ഒ, എം.എസ്.എഫ് തുടങ്ങിയ ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടനകളെയെല്ലാം അണിനിരത്തിക്കൊണ്ട് യു.ഡി.എ ( United Democratic Alliance) എന്ന മൂവ്‌മെന്റിന് ഞങ്ങള്‍ രൂപം നല്‍കുകയുണ്ടായി. No Right, No Left എന്ന മുദ്രാവാക്യം ഞങ്ങള്‍ മുന്നോട്ട് വെച്ചു. ഈ രാജ്യത്തെ എണ്‍പത് ശതമാനത്തോളം വരുന്ന ദലിത് -മുസ്‌ലിം-ആദിവാസി വിഭാഗങ്ങളുടെ സവിശേഷമായ രാഷ്ടീയാവിഷ്‌കാരമായിരുന്നു അത്. ഞങ്ങളുയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളില്‍ സമ്മര്‍ദ്ദത്തിലായ എസ്.എഫ്.ഐ ഇത്തവണത്തെ കാമ്പസ് ഇലക്ഷനില്‍ വിളിച്ച മുദ്രാവാക്യം Left Dalit Adivasi Untiy Long Live എന്നായിരുന്നു. എപ്പോഴെങ്കിലും എസ്.എഫ്. ഐ കേരളത്തില്‍ ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടോ? എന്നാല്‍ ഞങ്ങളുയര്‍ത്തുന്ന രാഷ്ട്രീയത്തെ അഭിമുഖീകരിക്കാനുള്ള സൈദ്ധാന്തിക ശേഷിയില്ലാത്ത ഇടത്പക്ഷം ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ അധികാരത്തില്‍ വന്നിരിക്കുന്നത് ഈ മുദ്രാവാക്യം വിളിച്ച്‌കൊണ്ടാണ്.

ഞങ്ങളുയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യത്തെ നേരിടാന്‍ ശേഷിയില്ലാത്ത ഈ രാജ്യത്തെ ഇടത്‌ വലത് പ്രസ്ഥാനങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സമയമാണിത്. രോഹിത് വെമുലയുടെ ജീവത്യാഗത്തിന് ശേഷം ദലിത്ബഹുജന്‍ മൂവ്‌മെന്റുകള്‍ക്ക് കീഴില്‍ രാജ്യത്തുടനീളം അലയടിക്കുന്ന ജാതി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ആവര്‍ത്തിച്ചുന്നയിക്കപ്പെടുന്നത് ഇനിയും ഒരു രോഹിത് വെമുല ഇവിടെയുണ്ടാകാന്‍ പാടില്ല എന്നാണ്. ഇനിയും ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി ഈ രാജ്യത്ത് കൊല ചെയ്യപ്പെടാന്‍ പാടില്ല. സവര്‍ണ്ണ കൊലകള്‍ക്കെതിരെ തീര്‍ച്ചയായും ഒരു നിയമനിര്‍മ്മാണം യൂണിവേഴ്‌സിറ്റികളില്‍ നടപ്പിലാക്കേണ്ടതുണ്ട്.

അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ മുന്നോട്ട് വെക്കുന്നത് ഒരു ബദല്‍ സാമൂഹ്യഭാവനയാണ്. മഹാനായ അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും ഫൂലേയും അംബേദ്കറുമെല്ലാം മുന്നോട്ട് വെച്ച സാമൂഹ്യഭാവന തന്നെയാണത്. അതിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനായി ദലിതരുടെയും മുസിലിംകളുടെയും ആദിവാസികളുടെയും കൂട്ടായ ശ്രമം അനിവാര്യമാണ്. രോഹിത്തിന്റെ ഓര്‍മ്മകള്‍ അതിന് നമുക്ക് ഊര്‍ജ്ജമാകട്ടെ എന്ന് പറഞ്ഞ് കൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു. ജയ്ഭീം.

 

പ്രേംകുമാര്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും എ.എസ്.എയുടെ നേതാവുമാണ്

തയ്യാറാക്കിയത്: ഷാഹിദ്.എം.ശമീം

 

 

പ്രേം കുമാര്‍