Campus Alive

മൗദൂദിയും ഇന്ത്യന്‍ കാമ്പസുകളും: മുസ്‌ലിം തിയോപൊളിറ്റിക്‌സിനെ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍

ജാതി, വര്‍ഗ്ഗം, ലിംഗം, ദേശീയം, മതേതരം, പൊതുമണ്ഡലം തുടങ്ങിയവയോട് ഇടപെടാനായി മുസ്ലിം തിയോപൊളിറ്റിക്‌സ് എന്ന ഒരു ആശയത്തെക്കുറിച്ച് ചിന്തിക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് ഈ ലേഖനം ഇവിടെ കണ്‍സീവ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ കാമ്പസുകളില്‍ മുസ്‌ലിം രാഷ്ട്രീയം ഉന്നയിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ എപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രോബ്ലം ഫിഗറാണ് ഉസ്താദ് അബുല്‍ അഅ്‌ലാ മൗദൂദി. നാലു പതിറ്റാണ്ടിനിപ്പുറവും മൗദൂദി എന്തു കൊണ്ട് ഇന്ത്യന്‍ കാമ്പസുകളില്‍ ഒരു സ്‌പെടക്ട്രല്‍ പ്രസന്‍സ് ആയി നിലനില്‍ക്കുന്നു എന്ന അന്വേഷണം പ്രസക്തമാണ്. ഈ ലേഖനം ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യമെന്നത് എല്ലാവിഭാഗത്തില്‍ പെട്ട മുസ്‌ലിം വിദ്യാര്‍ത്ഥികളും രാഷ്ട്രീയം ഉന്നയിക്കുമ്പോള്‍ അവരുടെ വ്യത്യാസങ്ങളെ എളുപ്പത്തില്‍ മറച്ചു വെച്ചു കൊണ്ട് മൗദൂദി അവരുടെ മുന്നിലേക്ക് കടന്നു വരുന്നതെന്ത് കൊണ്ട്‌ എന്നതാണ്. പ്രത്യേകിച്ച് പുതിയ തലമുറ ഇസ്‌ലാമിസ്റ്റുകള്‍ മൗദൂദിയെ തീര്‍ത്തും വിമര്‍ശനാത്മകമായി സമീപിക്കുമ്പോള്‍ കൂടിയാണ് ഇത് സംഭവിക്കുന്നത്. മറ്റൊരു തരത്തില്‍ ഈ ചോദ്യം വികസിപ്പിച്ചാല്‍ നമുക്ക് അതിങ്ങനെ വായിക്കാം. മൗദൂദി എന്തു കൊണ്ട് കാമ്പസുകളിലെ ഇടതുരാഷ്ട്രീയവ്യവഹാരത്തില്‍ പ്രധാനമാകുന്നു?   മൗദൂദിയെ സംബന്ധിച്ചുള്ള എല്ലാ വിമര്‍ശങ്ങളും ഒരുതരം നിഗൂഢത മൗദൂദിക്ക് നല്‍കിക്കൊണ്ടുള്ളതായിരിക്കും. ഈ നിഗൂഢതയുടെ സ്വഭാവം സൂക്ഷ്മാര്‍ത്ഥത്തില്‍ പഠിക്കേണ്ടത് ഈ വ്യവഹാരത്തെ മനസിലാക്കുന്നതില്‍ പ്രസക്തമായ ഒന്നാണ്. കേരളത്തില്‍ പ്രധാനമായും രണ്ടു തരം നിഗൂഢതയാണ് മൗദൂദിയെ സംബന്ധിച്ചുള്ളത്. ഒന്ന് സുന്നീസമുദായം മൗദൂദിയോട് നടത്തിയ ഇടപെടലുകളില്‍ മൗദൂദി അലങ്കരിച്ചിരുന്ന ഒരു നിഗൂഢതയാണ്. ഇസ്‌ലാമിക രാഷ്ട്രീയം എന്ന സങ്കല്പം വികസിപ്പിക്കുകയും മതാചാരങ്ങളെ ആധുനിക അധികാരരാഷ്ട്രീയത്തിന്റെ ഭാഷയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്ത മൗദൂദിയുടെ തനിയാഥാസ്ഥികം എന്നു കരുതാവുന്ന നിലപാടുകളാണ് (ജമാഅത്തെ ഇസ്‌ലാമി വിവര്‍ത്തനം ചെയ്യാന്‍ മടിച്ചിരുന്ന മൗദൂദിയുടെ ‘യാഥാസ്ഥിതികത്വ’ ത്തിന്റെ പാഠങ്ങള്‍ ഉദാഹരണം) സുന്നീസമുദായത്തിനുള്ളില്‍ മൗദൂദിക്കുണ്ടായിരുന്ന നിഗൂഢത. ഈ നിഗൂഢത പലതലത്തില്‍ കൗതുകപരവും ആഴത്തില്‍ വിശകലനം ചെയ്യാനുള്ള സാധ്യത നല്‍കുന്നതുമാണ്. അതിലേക്ക് ഇപ്പോള്‍ പോകുന്നില്ല. രണ്ടാമത്തെ നിഗൂഢത ഇടതുമതേതര വ്യവഹാരങ്ങളില്‍ മൗദൂദിക്ക് നല്‍കപ്പെട്ട ഒന്നാണ്. ആ നിഗൂഢത ആദ്യത്തെ നിഗൂഢതയില്‍ നിന്ന് നേരെ തിരിഞ്ഞു നില്‍ക്കുന്നു. അഥവാ, യാഥാസ്ഥിതികനും മതമൗലികവാദിയുമായ മൗദൂദി എങ്ങനെ ആധുനിക ദേശരാഷ്ട്രത്തെ സംബന്ധിച്ച് സംസാരിക്കും എന്നതുമായി ബന്ധപ്പെട്ട നിഗൂഢതയാണത്. ഈ രണ്ടാമത്തെ നിഗൂഢതയാണ് ഈ ലേഖനത്തിലെ വാദങ്ങളുടെ കാന്‍വാസ് ആയി വര്‍ത്തിക്കാന്‍ പോകുന്നത്.

mawdudi-2

ഇസ്‌ലാമിസവുമായി ബന്ധപ്പെട്ട പലതരം അന്വേഷണങ്ങളിലൂടെ കടന്നു പോയ മൗദൂദി പടിഞ്ഞാറന്‍ തത്വചിന്തയുടേതടക്കമുള്ള ലോകങ്ങളില്‍ കെട്ടുമറിയുകയും ഇസ്‌ലാമിക രാഷ്ട്രീയം എന്ന ഒരു പുതിയ ചിന്ത രൂപീകരിക്കുകയും ചെയ്തു. ഇര്‍ഫാന്‍ അഹ്മദ് പറയുന്നത് നമുക്ക് പല മൗദൂദിമാരെ കാണാന്‍ സാധിക്കും എന്നാണ്. പലതരം അസ്ഥിത്വപരവും രാഷ്ട്രീയപരവുമായ സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ മൗദൂദി മാര്‍ക്‌സിസം അടക്കമുള്ള ചിന്താപദ്ധതികളാല്‍ സ്വാധീനിക്കപ്പെടുകയും എന്നാല്‍ പിന്നീട് അവയെ ഇസ്‌ലാമിന്റെ സാങ്കേതിക സംജ്ഞകളുപയോഗിച്ച് വിമര്‍ശിക്കുകയും ചെയ്തു. രണ്ടാം നിഗൂഢത കിടക്കുന്നത് മൗദൂദിയുടെ ഈ വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ടാണ്. ആധുനിക രാഷ്ട്രീയവ്യവഹാരങ്ങളില്‍ മൗദൂദി നടത്തിയ സ്‌ഫോടനാത്മകമായ ഇടപെടലാണ് ഈ നിഗൂഢതയെ സൃഷ്ടിക്കുന്നത്. മതേതരത്വത്തെയും ദേശീയതയെയും ജനാധിപത്യത്തെയും സംബന്ധിച്ച വര്‍ത്തമാനകാല വിമര്‍ശങ്ങളില്‍ പോലും മൗദൂദി അംഗീകരിക്കപ്പെടാത്തത് ആ വിമര്‍ശനങ്ങളുടെ പരിമിതിയെന്ന് കാണാം. കാരണം അത്തരം വിമര്‍ശനങ്ങള്‍ അടിസ്ഥാനപരമായി ആധുനിക രാഷ്ട്രീയ മൂല്യങ്ങളെ തന്നെ പ്രീസപ്പോസ് ചെയ്യുകയും പുതിയ തരത്തില്‍ മാറ്റിപ്പണിയുകയും ചെയ്യുന്ന ഒന്നായിരുന്നു. എന്നാല്‍ മൗദൂദിയുടെ പ്രസ്തുത രാഷ്ട്രീയമൂല്യങ്ങളോടുള്ള വിമര്‍ശനം അവയുടെ തത്വചിന്താപരമായ അടിത്തറകളെ ചോദ്യം ചെയ്തു കൊണ്ടുള്ളതായിരുന്നു. അഥവാ മതത്തിലെ വ്യവഹാരങ്ങളെ ആധുനിക രാഷ്ട്രീയ മൂല്യങ്ങളെ ചോദ്യം ചെയ്യാനുള്ള ഫിലോസഫിക്കല്‍ നിലവാരത്തിലേക്ക് ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്തത്. ഉദാഹരണത്തിന് മതേതരത്വത്തെ മൗദൂദി വിശേഷിപ്പിച്ചത് പടിഞ്ഞാറന്‍ ജാഹിലിയ്യത് എന്നായിരുന്നു. മതേതരത്വത്തോടുള്ള എല്ലാ വിമര്‍ശങ്ങളും മതേതരത്വത്തിന്റെ ഒരു becoming ല്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ മൗദൂദി ആ becoming നു തടയിട്ടു കെട്ടുകയും ആ ഐഡിയയുടെ ഫോമിനെ തന്നെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇത് മതേതരത്വം പൊതുവില്‍ നിര്‍മ്മിച്ച മത-അപര ഇടത്തിലേക്ക് മൗദൂദിയെയും എളുപ്പം പാര്‍ശ്വല്‍ക്കരിക്കാന്‍ മുഖ്യധാരാ വ്യവഹാരത്തിന് സാധിച്ചു. ഇതിലൂടെ മൗദൂദിയന്‍ വിമര്‍ശനത്തിന്റെ റാഡിക്കല്‍ ആന്റഗോണിസ്റ്റിക്‌വാല്യു മനസിലാക്കാന്‍ മുസ്‌ലിം സമുദായത്തിന് അകത്തും പുറത്തുമുള്ള വിമര്‍ശനവ്യവഹാരങ്ങള്‍ക്കൊന്നും കഴിയാതെ പോയി. ജാതിയെ മുന്‍നിര്‍ത്തിയുള്ള മതേതരവിമര്‍ശനങ്ങള്‍ക്ക് പോലും ഈ പരിമിതി കാണാന്‍ സാധിക്കും. മൗദൂദി അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ഫോര്‍മുലേറ്റ് ചെയ്യുന്നത് തിയോളജിക്കലായ അന്വേഷണങ്ങളിലൂടെയാണ്. ഇത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് വര്‍ത്തമാനകാലത്ത് പലതരം റാഡിക്കലായ തിയോളജിക്കല്‍ അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ മൗദൂദി വികസിപ്പിച്ച ഫോര്‍മാറ്റ് പുതിയ രീതിയിലുള്ള വായനകളര്‍ഹിക്കുന്നുണ്ട്. അപ്പോള്‍ മൗദൂദിയെ സംബന്ധിച്ചുള്ള മതേതര നിഗൂഢത നദീം പ്രാച വിശേഷിപ്പിച്ച മൗദൂദിയുടെ എക്‌സിസ്റ്റന്‍ഷ്യല്‍ അന്വേഷണങ്ങളുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നല്ല, മറിച്ച് ആധുനിക രാഷ്ട്രീയ മൂല്യങ്ങളുടെ ഇസ്‌ലാമിക് തിയോളജിക്കല്‍ വിമര്‍ശനത്തോടുള്ള കടുത്ത മതേതര ഭയവുമായി കൂടി അത് ബന്ധപ്പെട്ടിരിക്കുന്നു.

maududi-5

ഇനിയുള്ള വിശകലനം കിടക്കുന്നത് മുസ്‌ലിം രാഷ്ട്രീയം ആധുനിക സ്വത്വരാഷ്ട്രീയത്തിന്റെ പദാവലികളില്‍ പോലും വേണ്ടത്ര അക്കമഡേറ്റ് ചെയ്യപ്പെടാത്തതെന്ത് എന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ്. വര്‍ത്തമാനകാല സ്വത്വരാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ പ്രതിസന്ധി തീര്‍ക്കുകയും എന്നാല്‍ വികാസക്ഷമത നല്‍കുകയും ചെയ്തിരിക്കുന്നത് ഇടതുവ്യവഹാരത്തിനാണ്. ലിംഗരാഷ്ട്രീയമടക്കം സ്വത്വവുമായി നേരിട്ടു ബന്ധപ്പെട്ട രാഷ്ട്രീയ അന്വേഷണങ്ങളൊക്കെ യഥാര്‍ത്ഥത്തില്‍ ഇടതുവ്യവഹാരത്തിന് കൂടുതല്‍ വികാസക്ഷമത നല്‍കുമ്പോള്‍ മുസ്‌ലിം രാഷ്ട്രീയം വീണ്ടും മൗദൂദിയെ തന്നെ അഭിമുഖീകരിക്കേണ്ടി വരുന്നു, അത് ഉന്നയിക്കുന്നത് ഇസ്‌ലാമിസത്തെ വിമര്‍ശനബുദ്ധിയില്‍ കാണുന്ന മുസ്‌ലിം ലീഗുകാരാണെങ്കില്‍ പോലും. മതേതരത്വം, ദേശീയത തുടങ്ങിയ ആധുനിക രാഷ്ട്രീയ മൂല്യങ്ങളോടുള്ള സ്വത്വരാഷ്ട്രീയ വിമര്‍ശനത്തിന്റെ തന്നെ പരിമിതി ആയി ഇതിനെ കാണുന്നതാണ് കൂടുതല്‍ ബുദ്ധിപരം. കാരണം ഇത്തരം വിമര്‍ശനങ്ങള്‍ അടിസ്ഥാനപരമായി ആധുനികതയോടും അതിന്റെ രാഷ്ട്രീയമൂല്യങ്ങളോടും ഫിലോസഫിക്കല്‍ കാറ്റഗറി എന്ന നിലയിലുള്ളതോ ഫോമിനോടുള്ളതോ ആയ വിമര്‍ശനമെന്ന നിലയിലല്ല സ്വയം ഫോര്‍മുലേറ്റ് ചെയ്യുന്നത്. മറിച്ച് കേവല രാഷ്ട്രീയ വിമര്‍ശനങ്ങള്‍ എന്ന നിലയിലാണ്. പക്ഷെ മൗദൂദിയുടെ മണ്ഡലം ദൈവശാസ്ത്രമാണ്. അപ്പോള്‍ ഏതൊരു രാഷ്ട്രീയ വിമര്‍ശനവും ഒരു മുസ്‌ലിം ലൊക്കേഷനില്‍ നിന്ന് വരുമ്പോള്‍ ഈ ദൈവശാസ്ത്ര വിമര്‍ശനത്തോടുള്ള മതേതരഭയം പുനരുല്‍പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ ആലോചന യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം എന്ന കാറ്റഗറിയെ തന്നെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. മാര്‍ക്‌സ് Jewish Question വിശദീകരിക്കുന്നിടത്ത് ഇത് മറ്റൊരു തരത്തില്‍ വ്യക്തമാക്കുന്നുണ്ട്. Jewish Question അടിസ്ഥാനപരമായി ഒരു തിയോളജിക്കല്‍ ചോദ്യമാണ്‌ എന്ന പരികല്പനയില്‍ നിന്നു കൊണ്ടാണ് മാര്‍ക്‌സ് സ്റ്റേറ്റിനെ പ്രശ്‌നവല്‍ക്കരിക്കുന്നത്. മാര്‍ക്‌സിനെ സംബന്ധിച്ച് പൊളിറ്റിക്കല്‍ ഇമാന്‍സിപ്പേഷന്‍ എന്ന കാറ്റഗറി ജൂയിഷ് ഇമാന്‍സിപ്പേഷനെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നില്ല. മാര്‍ക്‌സ് ഉന്നയിക്കുന്ന വിമര്‍ശനമല്ല മൗദൂദി ഉന്നയിക്കുന്നതെങ്കിലും രണ്ട് പേരുടെയും ഈ വാദങ്ങള്‍ അടിസ്ഥാനപരമായി രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള സമകാലീക ഇടതുസങ്കല്‍പങ്ങളെ തന്നെ ചോദ്യം ചെയ്യുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. മൗദൂദി മാര്‍ക്‌സിന്റെ മാനുഷിക വിമോചനമെന്ന ആശയഘട്ടത്തില്‍ നിന്ന് ഭിന്നമായി ഒരു എത്തിക്കല്‍ തിയോളജിക്കല്‍ സബ്ജക്ടിനെ സങ്കല്‍പിക്കുന്നു എന്നത് ഇവിടത്തെ പ്രധാനപ്പെട്ട ഒരു വ്യത്യാസം കൂടിയാണ്. ആധുനികരാഷ്ട്രീയപൊതുമണ്ഡലത്തില്‍ ഈ വ്യത്യാസം അക്കമഡേറ്റ് ചെയ്യപ്പെടാതിരിക്കുന്നു എന്നത് മുസ്‌ലംരാഷ്ട്രീയത്തിന്റെ തന്നെ ബഹിഷ്‌കരണത്തിലേക്ക് എല്ലാവിധ രാഷ്ട്രീയവിമര്‍ശനപദ്ധതികളെയും കൊണ്ടെത്തിക്കുന്നു എന്നതാണ് വസ്തുത. മൗദൂദിയെ നമ്മള്‍ വായിക്കാന്‍ തുടങ്ങേണ്ടി വരുന്നത് ഈ ബഹിഷ്‌കരണത്തില്‍ നിന്നാണ്.

*മാര്‍ക്‌സിന്റെ Jewish Question ന്‌ ഈ ആലോചനകളുമായുള്ള ബന്ധം ശ്രദ്ധയില്‍പെടുത്തിയതിന് അബ്ദുല്‍ വാജിദിനോട് കടപ്പാട്.

 

 

മുഹമ്മദ് ഷാ ഷാജഹാൻ