Campus Alive

ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ ജാതി

വിശാലതയെക്കുറിച്ചും ബഹുത്വത്തെക്കുറിച്ചുമൊക്കെ വല്ലാതെ വാചാലരാകുന്ന ഇന്ത്യയിലെ ചില യൂണിവേഴ്‌സിറ്റികളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നത് എന്ന് നാമറിയേണ്ടതുണ്ട്. ഈ ലേഖനത്തിലൂടെ ഞാന്‍ അതാണ് ലക്ഷ്യമിടുന്നത്. പഴയതും എന്നാല്‍ വളരെ പ്രസക്തവുമായ ചില യാഥാര്‍ത്ഥ്യങ്ങളെ ഓര്‍ത്തെടുക്കുകയാണിവിടെ. ദേശത്തെക്കുറിച്ചും സര്‍വ്വകലാശാലകളെക്കുറിച്ചുമൊക്കെ വളരെ റൊമാന്റിക്കലായ ഭാവനകള്‍ സൃഷ്ടിച്ചെടുക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഞാനിതെഴുതുന്നത്. മേല്‍ജാതി ഹിന്ദു രാഷ്ട്രീയത്തെക്കുറിച്ച ഘടനാപരമായ വിമര്‍ശനങ്ങളാണ് ഇവിടെ മറക്കപ്പെടുന്നത്.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം സംഘടിതമായാണ് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ക്ക് ഈ ഉദ്യമത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാം. എന്നാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലുള്ള ജാതിപരവും വര്‍ഗ്ഗപരവുമായ വ്യത്യസ്തതകളെ നാം കാണാതെ പോകരുത്.

ജെ.എന്‍.യു വിലെ അധ്യാപകരില്‍ ഭൂരിപക്ഷവും സവര്‍ണ്ണരാകുന്നത് എന്ത് കൊണ്ടാണ്? ജെ.എന്‍.യു വിനോട് മാത്രമല്ല, ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലകളോടുമാണ് ഞാനീ ചോദ്യം ചോദിക്കുന്നത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ നടന്ന സര്‍വ്വെ ഒന്ന് പരിശോധിച്ച് നോക്കുക. 66 ശതമാനത്തോളം വരുന്ന അധ്യാപക സ്ഥാനങ്ങളും കൈയ്യടക്കിയിരിക്കുന്നത് സവര്‍ണ്ണരാണ്. ഭരണവര്‍ഗ്ഗത്തിന്റെ ഭാഗമായ ഇക്കൂട്ടരാണ് ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിച്ച് കൊണ്ടിരിക്കുന്നത്. തങ്ങളുടെ അധികാരത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണവര്‍ ജെ.എന്‍.യുവിനെ വീണ്ടെടുക്കുക, ഇന്ത്യയെ രക്ഷിക്കുക എന്നൊക്കെ പുലമ്പിക്കൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണവര്‍ ഒ.ബി.സി, എസ്.സി. എസ്.ടി വിഭാഗങ്ങളുടെ ബാക്ക്‌ലോഗ് നികത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയോ അതിനായി സമരം ചെയ്യുകയോ ചെയ്യാത്തത്?

nidhin_1
നിധിന്‍ ശോഭന

ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാലകളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാലതോടൊപ്പം തന്നെ സര്‍വ്വകലാശാലകളില്‍ നിലനില്‍ക്കുന്ന ജാതീയതയെ അവര്‍ വിമര്‍ശനവിധേയമാക്കുന്നു. ഘടനാപരമായ പ്രശ്‌നത്തേയാണ് അവരഭിമുഖീകരിക്കുന്നത്.

ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ രൂപീകരണം ബ്രാഹമണിക്കലായ സാമൂഹ്യക്രമത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് നമുക്കറിയാം. ഭൂരിപക്ഷം വരുന്ന ദലിത്-മുസ്‌ലിം ആദിവാസി വിഭാഗങ്ങളുടെ വിഷയീസ്ഥാനത്തെ നിഷേധിച്ച് കൊണ്ടാണ് അത് സാധ്യമാകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

സി.ജെ ഫുള്ളറും ഹരിപ്രിയ നരസിംഹനും ചേര്‍ന്നെഴുതിയ From Landlords to software engineers: migration and urbanization among Tamil Brahmins എന്ന ലേഖനത്തില്‍ ഐ.ടി മേഖലകളിലെ തമിഴ് ബ്രാഹ്മണരുടെ ആധിപത്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഉദ്യോഗ മേഖലകളില്‍ എങ്ങനെയാണ് തമിഴ് ബ്രാഹ്മണര്‍ തങ്ങളുടെ ഇടം ഉറപ്പിക്കുന്നത് എന്നതിനെക്കുറിച്ച സാമൂഹ്യശാസ്ത്രപരമായ അന്വേഷണമാണ് ആ ലേഖനം. നാഗലിംഗം എന്ന തമിഴ് ബ്രാഹ്മണന്റെ കുടുംബത്തെയാണ് ലേഖനം ഉദാഹരണമായെടുക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ അധികപേരും ചാര്‍ട്ടഡ് അക്കൗണ്ടന്‍മാരാണ്. ഇതിന് ചരിത്രപരമായ ചില കാരണങ്ങളുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂനിര്‍ണ്ണയങ്ങള്‍ നടത്തിയിരുന്നത് പ്രധാനമായും ഗ്രാമങ്ങളിലുള്ള അക്കൗണ്ടന്‍മാരായിരുന്നു. മിക്കവരും ബ്രാഹ്മണരായിരുന്നു. ഈ റവന്യൂ ബ്രാഹ്മണര്‍ പിന്നീട് നഗരങ്ങളിലേക്ക് ചേക്കേറുകയും സര്‍ക്കാറുദ്യോഗം കരസ്ഥമാക്കുകയും ചെയ്തു. റയട്ട്‌വാരി വ്യവസ്ഥയുടെ കീഴില്‍ ഭൂപ്രഭുക്കളായ തമിഴ് ബ്രാഹ്മണര്‍ ഉടമസ്ഥാവകാശം കരസ്ഥമാക്കുകയും നികുതിയടക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു. ശാരീരികമായ ഒരധ്വാനവുമില്ലാതെയാണ് അവര്‍ക്ക് സമ്പത്തും വിദ്യാഭ്യാസവും നേടാനായത് എന്നതാണ് യാഥാര്‍ത്ഥ്യം.

മൈസൂര്‍ പ്രസിഡന്‍സിയിലെ തമിഴ് ബ്രാഹ്മണരുടെ അപ്രമാധിത്യത്തിനെതിരെ കന്നഡിഗ ബ്രാഹ്മണര്‍ സമരം ചെയ്യുകയുണ്ടായി. തമിഴ് ബ്രാഹ്മണര്‍ക്കെതിരായ മുന്നേറ്റമായിരുന്നു 1891 ല്‍ രൂപീകരിക്കപ്പെട്ട മലയാളി മെമ്മോറിയല്‍. നായന്‍മാരും സിറിയന്‍ ക്രിസ്റ്റിയാനികളും ഈഴവരുമായിരുന്നു അതിലുണ്ടായിരുന്നത്. എന്നാല്‍ ദലിതരെ അവരടുപ്പിച്ചില്ല. പതിനായിരത്തോളം വരുന്ന നായന്‍മാരും സിറിയന്‍ ക്രിസ്റ്റിയാനികളും ഈഴവരും ചേര്‍ന്ന് എഴുതിത്തയ്യാറാക്കിയ ഒരു പരാതി ട്രാവന്‍കൂര്‍ സ്റ്റേറ്റിന് സമര്‍പ്പിച്ചു. എന്നാല്‍ നായന്‍മാരുടെയും സിറിയന്‍ ക്രിസ്റ്റ്യാനികളുടെയും പരാതി പരിഗണിക്കപ്പെട്ടെങ്കിലും ഈഴവരുടെ അവസരങ്ങള്‍ തടയപ്പെടുകയാണുണ്ടായത്. ദലിതരെക്കുറിച്ച് ആരും ചിന്തിച്ചിത് പോലുമില്ല.

ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ രൂപീകരണം ഒരിക്കല്‍പോലും തമിഴ് ബ്രാഹ്മണരുടെ അപ്രമാദിത്യത്തിന് കോട്ടം തട്ടിച്ചിട്ടില്ല. നേരെ മറിച്ച് പൊതു-സ്വകാര്യ മേഖലകളില്‍ തമിഴ് ബ്രാഹ്മണരുടെയും മറ്റ് സവര്‍ണ്ണ ഗ്രൂപ്പുകളുടെയും തള്ളിക്കയറ്റമാണ് നമുക്ക് കാണാനാകുന്നത്.

ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ ഭരണചക്രം തിരിക്കുന്നത് ഈ സവര്‍ണ്ണഗ്രൂപ്പുകളാണ്. ജെ.എന്‍.യുവും അതില്‍ നിന്നൊഴിവല്ല. അവിടത്തെ അധ്യാപകരുടെ ലിസ്റ്റെടുത്ത് പരിശോധിച്ചാല്‍ മിക്കവരും ബ്രാഹ്മണരാണെന്ന് കാണാന്‍ സാധിക്കും. മറ്റ് സര്‍വ്വകലാശാലകളിലെ അവസ്ഥയും ഇതില്‍ നിന്ന് ഭിന്നമല്ല.

ജെ.എന്‍.യുവിലെ ഡെപ്പ്യൂട്ടി രെജിസ്ട്രാര്‍ 2013 ല്‍ പാര്‍ലമെന്റിന് സമര്‍പ്പിച്ച കണക്കനുസരിച്ച് എസ്.സി, എസ്.ടി. ഒ.ബി.സികള്‍ക്കായി നീക്കിവെച്ചിട്ടുള്ള അധ്യാപക തസ്തികകളുടെ കണക്കൊന്ന് പരിശോധിച്ച് നോക്കൂ.

എസ്. സി: പ്രൊഫസര്‍: 23, അസോസിയേറ്റ് പ്രൊഫ: 34, അസിസ്റ്റന്റ് പ്രൊഫ: 11

എസ്.ടി: പ്രൊഫ: 10, അസോസിയേറ്റ് പ്രൊഫ: 15, അസിസ്റ്റന്റ് പ്രൊഫ: 03

ഒ.ബി.സി: പ്രൊഫ: Not Applicable, അസോസിയേറ്റ് പ്രൊഫ: Not Applicable, അസിസ്റ്റന്റ് പ്രൊഫ: 10

ഈ കണക്ക് നമ്മെ അത്ഭുതപ്പെടുത്തേണ്ടതില്ല. ബ്രാഹ്മണിക്കലായ ഇന്ത്യന്‍ സാമൂഹ്യക്രമത്തിന്റെ പരിച്ഛേദമായ സര്‍വ്വകലാശാലകളില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരമാണ്.

ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ഘടനാപരമായ വിമര്‍ശനത്തിന് വിധേയമാകേണ്ടതുണ്ട്. പൊതു സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ദലിത്-ബഹുജന്‍ പോരാട്ടങ്ങള്‍ സവര്‍ണ്ണ അധീശത്വത്തിനെതിരായ മുന്നേറ്റം കൂടിയാണ്. സര്‍വ്വകലാശാലകളെക്കുറിച്ച റൊമാന്റിക്കലായ ഭാവനകളെയല്ല അവ ഉല്‍പ്പാദിപ്പിക്കുന്നത്. ജാതിബന്ധിതമായ സാമൂഹ്യക്രമത്തക്കുറിച്ച ചോദ്യങ്ങള്‍ ഉന്നയിക്കാതെ സര്‍വ്വകലാശാലകളുടെ വീണ്ടെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നത് നിരര്‍ത്ഥകരമാണ്.

കടപ്പാട്: Round Table India