Campus Alive

ആഫ്രിക്കന്‍ ഇസ് ലാമിനെക്കുറിച്ച് നാമിനി എന്നാണ് സംസാരിച്ച് തുടങ്ങുക?

ഈ ലേഖനത്തിന് ആഫ്രിക്കയെ അമേരിക്കയില്‍ കണ്ടെത്തുമ്പോള്‍ എന്ന് പേരിട്ടാലോ എന്നാണ് ആദ്യം ആലോചിച്ചത്. എന്താണ് അങ്ങനെ ആലോചിക്കാനുള്ള കാരണം? അതിന് ഉത്തരം കിട്ടുമോ എന്ന് നോക്കാനുള്ള ശ്രമമാണ് ഈ ലേഖനം. മലയാളത്തില്‍ ബ്ലാക്ക് ഇസ്‌ലാം എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ് എന്ന് ചോദിക്കാനുള്ള ഒരു പ്രാഥമിക ശ്രമമാണ് ഈ ലേഖനം. കറുത്ത ഇസ്‌ലാം എന്ന് പറയുമ്പോള്‍ സാധാരണ നലയില്‍ എല്ലാം മുസ്‌ലീങ്ങളും വാചാലമാവുക ബിലാലിനെ കുറിച്ചാണ്. ശൈഖ് മുഹമ്മദ് കാരക്കുന്ന് ഒരു പുസ്തകവും മഹാനായ ഈ സ്വഹാബിയെ കുറിച്ച് എഴുതിയിട്ടുണ്ട്. പിന്നെ മലയാളത്തില്‍ കറുത്ത ഇസ്‌ലാമിനെ കുറിച്ച് കാണുക മാല്‍ക്കം എക്‌സിന്റെ ജീവചരിത്രമാണ്. എ.പി. കുഞ്ഞാമു പരിഭാഷപ്പെടുത്തി ഐ.പി.എച്ച് ആണ് ആ പുസ്തകം ഇറക്കിയത്. അത് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതിനെപ്പറ്റി കുഞ്ഞാമു തന്റെ ആമുഖത്തില്‍ ഇങ്ങനെ എഴുതുന്നു.”കറുത്ത മുസ്‌ലീങ്ങളിലും അമേരിക്കന്‍ പൊതുജീവിതത്തില്‍ സ്ഥാനമുറപ്പിക്കാന്‍ എലിജാമുഹമ്മദിന്റെ നേതൃത്വത്തില്‍ അവര്‍ നടത്തിയ പ്രക്ഷോഭങ്ങളിലും എനിക്ക് താല്‍പര്യമുണ്ടായിരുന്നു. പലയിടങ്ങളിലായി അവരെക്കുറിച്ച് അല്പമൊക്കെ വായിച്ചിട്ടുണ്ട്.” ആദ്യ വാചകം തന്നെ ശ്രദ്ധിക്കുക. കറുത്ത മുസ്‌ലീങ്ങളും അമേരിക്കയും ആണ് നമുക്ക് കാണാനാവുക. കുഞ്ഞാമുവില്‍ കാണുന്ന ഈ വാചകം പിന്നീടും ഇപ്പോഴും കേരളത്തില്‍ നടക്കുന്ന കറുത്ത ഇസ്‌ലാമിനെ പറ്റിയുള്ള ചര്‍ച്ചയെ പൊതുവില്‍ സൂചിപ്പിക്കുന്നുണ്ട്. കറുത്ത ഇസ്‌ലാം എന്നാല്‍ ബിലാല്‍ ആണെന്ന് ഏതൊരു മലയാളി മുസ്‌ലീമിനും ഫോക്ക്‌ലോര്‍ പോലെ അറിയാം. എന്നിട്ടും കേരളത്തിലെ മുസ്‌ലീങ്ങള്‍ കറുത്ത ഇസ്‌ലാമിനെ എന്ത്‌കൊണ്ടാണ് അമേരിക്കയില്‍ കണ്ടെത്താനിഷ്ടപ്പെടുന്നത്? അല്ലെങ്കില്‍ യൂറോപ്പിലെ ബ്ലാക്ക് സ്റ്റഡീസിന്റെ സ്വാധീനത്താല്‍ മാത്രം കറങ്ങിക്കൊണ്ടിരിക്കുന്നത്?. അതായത് ഈ ചര്‍ച്ചകളിലൊന്നും കറുത്ത ഇസ്‌ലാമിന്റെ ലൊക്കേഷനായി ആഫ്രിക്ക കടന്നുവരാത്തത്? പ്രത്യേകിച്ചും ഡീകൊളോണിയല്‍ അന്വേഷണങ്ങള്‍ക്ക് കേരളത്തിലെ മുസ്‌ലീം ബുദ്ധിജീവികള്‍ക്കിടിയില്‍ പ്രാമുഖ്യം കിട്ടുമ്പോള്‍.

Malcolm-X-Elijah-1

അതിനാല്‍ എനിക്ക് ഉന്നയിക്കാനുള്ള ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ചില ചോദ്യങ്ങള്‍ മാത്രം. എന്ത്‌കൊണ്ടാണ് കേരളത്തില്‍ ബ്ലാക്ക് ഇസ്‌ലാം എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച എല്ലായ്‌പ്പോഴും വെസ്റ്റിലുള്ള കറുത്തവരെ കുറിച്ചാകുന്നത്? ഫലത്തില്‍ വെസ്റ്റിനെ കുറിച്ച് തന്നെയാകുന്നത്?. കുറച്ചുകൂടി തെളിച്ച് പറഞ്ഞാല്‍ അമേരിക്കയെ കുറിച്ചാകുന്നത്? ഞാനീപ്പറഞ്ഞതില്‍ നിന്നും കണിശമായ ഒരു നിഗമനത്തിലേക്ക് എടുത്ത് ചാടുകയാണെന്ന് ധരിക്കരുത്. കേരളത്തിലെ മുസ്‌ലീങ്ങള്‍ക്ക് വെസ്റ്റ് എന്ന സങ്കല്‍പത്തിനോടുള്ള അമിതമായ അഭിനിവേശമാണ് ഇതിന് കാരണമെന്ന് ഒറ്റ നോട്ടത്തില്‍ വേണമെങ്കില്‍ തീര്‍പ്പിലെത്താം. എന്നാല്‍ അല്‍പം കൂടി കാര്യങ്ങളെ കുഴക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതായത് ചില ചോദ്യങ്ങള്‍. മുസ്‌ലീങ്ങള്‍ വെസ്റ്റ് എന്ന സങ്കല്‍പത്തെ എങ്ങനെ ആണ് അവതരിപ്പിച്ചത്? സ്വീകരിച്ചത്? അതിന് മറ്റ് മുഖങ്ങളുണ്ടോ? കേരളത്തിലെ മുസ്‌ലീങ്ങള്‍ക്കിടയില്‍ കറുത്ത ഇസ്‌ലാമിനെ ക്കുറിച്ചുള്ള ചര്‍ച്ചയുടെ തുടക്കം വേണമെങ്കില്‍ മാല്‍ക്കം എക്‌സിന്റെ ആത്മകഥ പരിഭാഷപ്പെടുത്തുന്നതില്‍ കാണാമെന്ന് നേരത്തെ സൂചിപ്പിച്ചു. മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ വിദേശ യൂണിവേഴ്‌സിറ്റികളില്‍ പോയി പഠിക്കാന്‍ തുടങ്ങിയതുമായി ബന്ധപ്പെട്ടാണ് ബ്ലാക്ക് ഇസ്‌ലാമിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത്. ഇത് പക്ഷെ കൊളോണിയല്‍, പോസ്റ്റ് കൊളോണിയല്‍ തുടങ്ങിയതുമായി ബന്ധപ്പെടുത്തിയുള്ള വായനകളായിരുന്നു. അതായത് പടിഞ്ഞാറിനെ തള്ളിക്കളയുന്ന ഒന്നല്ല. പടിഞ്ഞാറിന് ബദല്‍ ചരിത്രം ഉണ്ടാക്കാന്‍ മലയാളി മുസ്‌ലീങ്ങള്‍ നടത്തിയ ശ്രമമായി വേണം ഇതിനെ കാണാന്‍.

മാത്രമല്ല അപ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റു ചില ചോദ്യങ്ങളുമുണ്ട്. എന്താണ് ഇസ്‌ലാമിന്റെ ലൊക്കേഷന്‍? ഇന്ത്യയില്‍ പൊതുവെ ഇസ്‌ലാമിന്റെ ലൊക്കേഷന്‍ ആയി മുസ്‌ലീങ്ങളും അല്ലാത്തവരും കരുതുക അറബ് നാടുകളെയാണ്. കറുത്ത ഇസ്‌ലാമിനെ അമേരിക്കയിലും വെസ്റ്റേണ്‍ പഠിതാക്കളുടെ പുതു ചിന്തകളിലും കണ്ടെത്തുമ്പോള്‍ ഇപ്പറയുന്ന ലൊക്കേഷനെക്കുറിച്ചുള്ള കുറച്ചുകൂടി വ്യത്യസ്തമായ ആലോചനകളിലേക്ക് ഇത് നയിക്കുന്നുണ്ടോ? ഇതിനായി ആദ്യം ചില പശ്ചാത്തല ചര്‍ച്ചകളിലേക്ക് പോകാം.

കേരളത്തില്‍ നടക്കുന്ന മിക്ക മുസ്‌ലീം പ്രോഗ്രാമുകളുടെയും ഉദ്ഘാടകനായി ശിഹാബ് തങ്ങള്‍ പങ്കെടുത്തിരുന്നത് എല്ലാവരും ശ്രദ്ധിച്ചിരിക്കും. അദ്ദേഹം മരിച്ചതില്‍ പിന്നെ അദ്ദേഹത്തിന്റെ അനിയനോ മറ്റ് സഹോദരങ്ങളോ അവരുടെ മക്കളോ ആയി മാറി. എന്ത്‌കൊണ്ടാണ് മുസ്‌ലീം പരിപാടികള്‍ ഉദ്ഘാടനം നടത്താന്‍ തങ്ങള്‍മാര്‍ തന്നെ ഇങ്ങനെ വരുന്നത്. ശിഹാബ് തങ്ങള്‍ കുടുംബം അല്ലെങ്കില്‍ തങ്ങള്‍ കുടുംബത്തെ ഏതൊരു പ്രാദേശിക പരിപാടിയുടെ ഉദ്ഘാടനത്തിന് വിളിക്കുന്നത് അദ്ദേഹത്തിന്റെ ബര്‍ക്കത്ത് മാത്രമല്ല കാരണമെന്നാണ് ഞാന്‍ വാദിക്കാനാഗ്രഹിക്കുന്നത്. അവര്‍ പുറമെ നിന്നുള്ളവരാണ് എന്നതാണ് ഇതിന് ഒരു കാരണം. ഏതെങ്കിലും പുറം അല്ല. അറബ്‌നാടുകളാണ് ഈ പുറം. അതായത് ബര്‍ക്കത്ത് എന്ന ഘടകം ഉണ്ടാവുന്നത് തന്നെ അവര്‍ അറേബ്യന്‍ നാടുകളില്‍ നിന്നുള്ള സയ്യിദ്മാരായത് കൊണ്ടാണ്. ഇവിടെ അറേബ്യ എന്നത് ബര്‍ക്കത്ത് ഉണ്ടാക്കുന്ന ഒരു സ്ഥലമായി കൂടി മാറുന്നു. അറബി എന്നതിന് ഇതിനേക്കാള്‍ കുഴഞ്ഞുമറിഞ്ഞ സിഗ്നിഫിക്കേഷനുകള്‍ കിട്ടുന്നത് തുടര്‍ന്ന് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതോടൊപ്പം കാണാവുന്ന കാര്യമാണ് മിക്ക മുസ്‌ലീം പ്രോഗ്രാമുകളും ഉദ്ഘാടനം ചെയ്യാന്‍ വിദേശ മുസ്‌ലീം പണ്ഡിതര്‍ വരുന്നത്. ഇതില്‍ മുജാഹിദ്, സുന്നി, തബ്‌ലീഗ് തുടങ്ങിയ വിഭാഗങ്ങളിലൊക്കെ ഈ പാറ്റേണ്‍ കണ്ടെത്താനാകും. ഏതൊരു പരിപാടിക്കും ഉദ്ഘാടകന്‍ പുറത്ത് നിന്നുള്ള ആളായിരിക്കും. വിദേശങ്ങളില്‍ നിന്ന് ഒരാള്‍ ഒരു പ്രോഗ്രാം ഉദ്ഘാടനം ചെയ്യാന്‍ വരിക എന്നത് പ്രാദേശിക പ്രോഗ്രാമുകള്‍ക്ക് ആഗോള സ്വഭാവം കിട്ടാന്‍ സഹായിക്കുന്നുമുണ്ട്. ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് ഒന്ന് കൂടെ ചെല്ലാം. എന്നാല്‍ ഇപ്പറഞ്ഞ കാര്യങ്ങളില്‍ വേറെയും സങ്കീര്‍ണതകള്‍ കാണാനാവും വിഷയം മുസ്‌ലീങ്ങളാവുമ്പോള്‍.

tankal

മുസ്‌ലീങ്ങള്‍ അറബ് വംശജരാണ് എന്നത് പൊതുവെ ഇസ്‌ലാമിനെ പറ്റി മുസ്‌ലീങ്ങളും അല്ലാത്തവരും വെച്ച് പുലര്‍ത്തുന്ന ധാരണയാണ്. കാരണം ഖുര്‍ആന്‍ അറബിയിലാണ്, നബി അറബിയാണ് എന്നതൊക്കെ തന്നെ. എന്നാല്‍ ഇന്ത്യയിലെ പശ്ചാതലത്തില്‍ വിദേശ മതമാണ് ഇസ്‌ലാം എന്ന് സ്ഥാപിക്കുന്നതിന് ഇത് കൊണ്ടു വരാറുണ്ട്. അബുള്‍ ഹസന്‍ നദ്‌വിയുടെ ഉദാഹരണമെടുത്ത് മുഹമ്മദ് കാസിം സമാന്‍ ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഹിന്ദു മൗലിക വാദികള്‍ ഇസ്‌ലാം വിദേശമതമാണെന്ന് വാദിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഷാ വലിയുള്ളയെ പോലുള്ള പലരും അറേബ്യന്‍ ഉല്‍പത്തിയുള്ളവരാണ് എന്നത് ഒരു പ്രത്യേകതയായി എടുത്ത് കാട്ടുകയും അതൊരു സാംസ്‌ക്കാരിക മൂലധനമായി കരുതുകയും ചെയ്തതായി സമാന്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ദയൂബന്തി പണ്ഡിനായ ഹുസൈന്‍ മദനിയെ പോലുള്ളവര്‍ ഇതിനെ തിരിച്ചിടുന്ന വാദങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്‌ലീം പരിപാടികളിലെ വിദേശ ക്ഷണിതാക്കളുടെ വൈവിധ്യത്തെ ഈ പശ്ചാതലത്തില്‍ എങ്ങനെ മനസിലാക്കാം? സമാന്‍ എടുത്തുകാട്ടുന്ന ദേശീയത തുടങ്ങിയ കാര്യങ്ങള്‍ മാത്രമല്ല ഇതിനുള്ളതെന്നും മറ്റ് ചില ഘടകങ്ങളുമുണ്ടെന്ന് കാണിക്കാനാവും. പ്രത്യേകിച്ച് കേരള മോഡേണിറ്റിയെ കുറിച്ച് തന്നെ അല്പം ആലോചിക്കേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ സുന്നികള്‍, ജമാഅത്തുകാര്‍ എന്നിവര്‍ വിദേശ ഗവേഷകരെയോ മത നേതാക്കളേയോ പണ്ഡിതരേയോ ക്ഷണിച്ച് പരിപാടികള്‍ നടത്താറുണ്ട്. ഉദാഹണത്തിന് ഈയിടെ കാന്തപുരം സുന്നികളുടെ മലപ്പുറത്തെ സ്ഥാപനമായ മഅദിനില്‍ എറിക് വിംഗിള്‍ വന്നു. ജമാഅത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.ഐ.ഒ നടത്തിയ മുഖദ്ദിമയില്‍ സൗത്താഫ്രിക്കനായ ഫരീദ് എസാക്കും ബ്രിട്ടന്‍കാരനായ മുസ്തഫ അലിയും പങ്കെടുത്തു. ഇക്കാര്യങ്ങളെ സമാനെ പോലുള്ളവര്‍ കാണുന്നതിനെ അനുകരിച്ച് ഇസ്‌ലാമിന്റെ വിദേശമോ സ്വദേശമോ എന്ന ഒരു ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി പഠിക്കുന്നതിന് പകരം മലയാളി പ്രാദേശികതയുടെയും മലയാളി ആധുനികതയുടെയും ഒരു പ്രബല സ്വഭാവമായി വിശകലനം ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. ഏതൊരു പുതിയ സിദ്ധാന്തവും അതിറങ്ങുമ്പോഴോ തൊട്ടുടനെത്തന്നെയോ മലയാളത്തില്‍ അവതരിപ്പിക്കുക എന്നത് മലയാളിമോഡേണിറ്റിയുടെ ഒരു പ്രത്യേകതയാണ്. കേസരി ബാലകൃഷ്ണപ്പിള്ള ആയിരത്തിത്തൊള്ളായിരത്തിമുപ്പതുകളില്‍ ഇത് ചെയ്തതായി ദിലീപ് മേനോന്‍ വാദിക്കുന്നു. അക്കാലത്ത് ഇറ്റലി, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ നാടുകളിലെ കലയെയും സാഹിത്യത്തെയും സിദ്ധാന്തങ്ങളെയും അതേ സമയം തന്നെ മലയാളിക്ക് പരിചയപ്പെടുത്താന്‍ കേസരി നടത്തിയ ഉല്‍സാഹത്തെപ്പറ്റിയാണ് മേനോന്‍ സംസാരിക്കുന്നത്. അതിനെ മലയാളിയുടെ ലോക്കല്‍ കൊസ്‌മോപൊളിറ്റാനിസമായി വായിക്കുകയുമാണ് മേനോന്‍ ചെയ്യുന്നത്.

zan
മുഹമ്മദ് ഖാസിം സമാന്‍

 

മുപ്പതുകളില്‍ മാത്രമല്ല, പിന്നീട് എഴുപതുകളില്‍ എക്‌സിസ്റ്റന്‍ഷ്യലിസം പ്രചാരത്തിലായ നേരത്ത് അസ്തിത്വവാദം എന്ന പേരില്‍ മുകുന്ദന്റെയും ഓ. വി. വിജയന്റേയും തലമുറ ഇതിവിടെ പ്രചരിപ്പിച്ചു. തീര്‍ന്നില്ല. വിദേശത്തിനോടുള്ള മലയാളിയുടെ കൊതി. രണ്ടായിരമാണ്ടോടെ ദെറീദ, ലക്കാന്‍,ഫൂക്കോ തുടങ്ങിയവര്‍ പ്രസിദ്ധരായപ്പോള്‍ അതിനെ മലയാളത്തില്‍ പ്രശസ്തമാക്കാനും തയ്യാറായി മലയാളി. ഡി. സി ബുക്‌സിന്റെ സമകാലിക സിദ്ധാന്ത പരമ്പരകള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ചിന്തയുടെയും സിദ്ധാന്ത പരിചയ സീരീസുകള്‍ എന്നിവ ഇതിന് ഉദാഹരണം. ഇപ്പോള്‍ ഇസ്‌ലാമോഫോബിയ എന്ന പ്രോജക്റ്റുമായി ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗവും ഡീകൊളോണിയല്‍ എന്ന ചിന്തകരെ പരിചയപ്പെടുത്തി കൊണ്ട് എസ്. ഐ. ഒ യും നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇങ്ങനെ കാണാവുന്നതാണ്. ഇങ്ങനെയൊക്കെ വാദിക്കാന്‍ മാത്രം കനത്ത ഒരു കാര്യമാണോ ഇതെന്ന് തോന്നുന്നവരുണ്ടാകാം. ആ സംശയാലുക്കളുടെ ശ്രദ്ധയിലേക്കായി ചില കാര്യങ്ങളെ സൂചിപ്പിക്കാം. ഇക്കഴിഞ്ഞ ദശകങ്ങളില്‍ മലയാളത്തില്‍ ഉയര്‍ന്ന് കേട്ടത് വായന മരിച്ചു എന്ന സംവാദങ്ങളാണൈന്ന് ഓര്‍മ്മിക്കുക. മറ്റൊന്ന് ജെ. ദേവിക മലയാളി യുവാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണമാണ്. മലയാളി യുവാക്കള്‍ കുറെ വിദേശ ചിന്തകരെ വായിക്കുന്നു എന്നതാണ് അവരില്‍ കണ്ട കനത്ത ദോഷം. ഇത് ആദ്യം പറഞ്ഞ കാര്യത്തെ പാടെ നിഷേധിക്കുന്ന ഒന്നാണെന്ന് കാണാം. അതായത് മലയാളത്തില്‍ വായന മരിക്കുന്നു എന്ന വിലാപവും മുസ്‌ലിം ചെറുപ്പക്കാര്‍ അപകടകരമായ പുസ്തകങ്ങള്‍ വായിക്കുന്നു എന്ന വിമര്‍ശനവും ആണ് ഞാന്‍ സൂചിപ്പിക്കുന്നത്. ചില മുസ്‌ലിം പ്രസാധന ശാലകളെ വേട്ടയാടുക പോലുമുണ്ടായി ഇക്കാലയളവില്‍. ഇവ ഒരു പ്രധാനകാര്യത്തെ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നുണ്ട്. അതായത് മലയാളി ആധുനികതയുടെ പഴയ രീതിയിലുള്ള വായനാശീലങ്ങളില്‍ നിന്ന് കുതറിമാറിയ വായനക്കാര്‍ മുസ്‌ലിം ചെറുപ്പക്കാരാണെന്നാണ്. പണ്ട് വിദേശ സാഹിത്യകൃതികളെ പരിചയപ്പെടുന്നതിനുള്ള ഏക മാര്‍ഗം എം. കൃഷ്ണന്‍നായരുടെ സാഹിത്യ വാരഫലമായിരുന്നു എന്നോര്‍ക്കുക. ഇവിടെയാണ് കേസരിയെ കുറിച്ച് മേനോന്‍ നടത്തുന്ന കൊസ്‌മോപൊളിറ്റാനിസത്തെ കാണേണ്ടത്. മേനോന്റെ വാദത്തിലെ പരിമിതികളിലേക്ക് നീങ്ങേണ്ടിയും വരുന്നത്.

Devika
ജെ.ദേവിക

കേസരി ബാലകൃഷ്ണപ്പിള്ള മുപ്പതുകളില്‍ ചെയ്തത് ഫ്രഞ്ച്, ഇറ്റലി, റഷ്യ എന്നിവിടങ്ങളിലെ സാഹിത്യത്തയും മറ്റ് ചിന്തകളെയും (അന്നത്തെ)കേരളത്തിന് പരിചയപ്പെടുത്തി എന്നതാണ്. അതിനെയാണ് കൊസ്‌മോപൊളിറ്റാനിസം എന്ന് ദിലീപ് മേനോന്‍ വാഴ്ത്തുകയും ചെയ്യുന്നത്. എന്നാല്‍ ദേവികയെ പോലുള്ളവര്‍ ഇതേ പ്രവര്‍ത്തി ചെയ്യുന്ന മുസ്‌ലീം യുവാക്കളെ കോസ്‌മൊപോളിറ്റനായി കരുതുന്നില്ല. മാത്രമല്ല അത് അവരുടെ പ്രശ്‌നമായും ദേവിക പേടിയോടെ അവതരിപ്പിക്കുന്നു. അതായത് ഇതില്‍ കാണാവുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്. ഒന്നാമത് ഇസ്‌ലാമിന് അടിസ്ഥാനപരമായിത്തന്നെ ഒരു വിദേശ വശം ഉണ്ടായിരിക്കെ വിദേശസാഹിത്യകൃതികളെയോ ചിന്തകളെയോ പരിചയപ്പെടുന്നത് സാധാരണ നിലയില്‍ കൊസ്‌മോപൊളിറ്റാനിസത്തിന്റെ ഗുണമാണെങ്കില്‍ മുസ്‌ലീങ്ങള്‍ ചെയ്യുമ്പോള്‍ അങ്ങനെ കാണാനാവില്ല. രണ്ടാമത് ഇസ്‌ലാമിന് വിദേശ കണക്ഷന്‍ എപ്പോഴും മിഡില്‍ ഈസ്റ്റ് എന്ന് ഇന്ന് പറയപ്പെടുന്ന അറബ് ഭാഷാ പ്രദേശങ്ങളുമായി മാത്രമാണ് ഇവര്‍ സങ്കല്‍പിക്കുന്നത്. അപ്പോഴേ അറബ് ഇസ്‌ലാം എന്ന സ്റ്റീരിയോടേപ്പിന് പ്രവര്‍ത്തന സജ്ജമാകാന്‍ കഴിയൂ. യൂറോപ്പിലെ ഇസ്‌ലാം, ആഫ്രിക്കയിലെ ഇസ്‌ലാം, ചൈനയിലെ ഇസ്‌ലാം എന്നിവ തീരെ പരിഗണിക്കപ്പെടാറില്ല. വെസ്റ്റേണ്‍ സ്‌കോളര്‍ഷിപ്പില്‍ തന്നെ പൊതുവെ ഈ സ്വഭാവം വരുന്നതിനെ പീറ്റര്‍ ഗോട്ഷാല്‍ക്ക് വ്യക്തമാക്കുന്നുണ്ട്. വിദേശ ചിന്തകളെ കേരളത്തിലെ മുസ്‌ലീങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന്റെ സങ്കീര്‍ണതയെ പറ്റിയാണ് ഇവിടെ നമുക്ക് ശ്രദ്ധിക്കാനുള്ളത്. അതില്‍ പ്രധാനം ബ്ലാക്ക് ഇസ്‌ലാമിനെ പറ്റിയുള്ള ചര്‍ച്ചകളും അതുമായുള്ള എന്‍ഗേജ്‌മെന്റുമാണ്. എന്താണ് കറുത്ത ഇസ്‌ലാം? ആരാണ് അതിന്റെ പ്രതിനിധികള്‍? കറുത്ത ഇസ്‌ലാമിന്റെ ലൊക്കേഷന്‍ ഏതാണ്?

എന്ത്‌കൊണ്ടാണ് കറുത്ത ഇസ്‌ലാമിന്റെ ലൊക്കേഷനായി മലയാളികള്‍ അമേരിക്കയെ മനസിലാക്കുന്നത്? ആഫ്രിക്കക്ക് ഒട്ടും പ്രാധാന്യം വരാതെ പോകുന്നത്? ബ്ലാക്ക് ഇസ്‌ലാമിന്റെ പ്രധാന പ്രതിനിധിയായി ആമിനാ വദൂദ് കോഴിക്കോട് വന്ന് കുറച്ച് മാസങ്ങള്‍ ഇവിടെ താമസിക്കുകയുണ്ടായി. ഇസ്‌ലാമിന് അറബ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ധാരാളം ലൊക്കേഷനുകള്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്ന ശ്രമങ്ങളായിട്ട് ഇവയെ വായിക്കുന്നതാണ്. എന്നാല്‍ അങ്ങനെ തീരുന്നതല്ല ഈ ചര്‍ച്ച.

muslim

ഈ വിഷയത്തിന് തന്നെ ചില ഉള്‍പിരിവുകളുമുണ്ട്. ഉദാഹരണത്തിന് മലയാളി മുസ്‌ലീങ്ങളുടെ പ്രസാധന പ്രവര്‍ത്തനങ്ങളെ പരിശോധിക്കുക. ജമാഅത്തിന്റെ പ്രസാധക സ്ഥാപനമായ ഐ.പി.എച്ച് ഇറക്കിയ പുസ്തകങ്ങളില്‍ വന്ന വിദേശികള്‍ നോക്കുക. മുറാദ് ഹോഫ്മാന്‍, മുഹമ്മദ് അസദ്, മാല്‍ക്കം എക്‌സ്, മറിയം ജമീല, യിവോണ്‍ റിഡ്‌ലി, മോറിസ് ബുക്കായ്, രജാഗരോഡി എന്നിവരാണ്. ഇവരെല്ലാം ഇസ്‌ലാമിലേക്ക് കണ്‍വെര്‍ട്ട് ചെയ്ത് കഥകള്‍ക്കുള്ള തെളിവുകളായിട്ട് കൂടിയാണ് വരുന്നത്. അതില്‍ മാല്‍ക്കം മാത്രമാണ് കറുത്ത വനായ ഒരാള്‍. ബാക്കിയെല്ലാവരും വെളുത്ത ഇസ്‌ലാമാണ്. എന്നാല്‍ ഇസൂസുവിനെ പോലുള്ള ജപ്പാനീസ് സ്‌കോളറെ പോലുള്ളവരെ അപൂര്‍വമായി മാത്രം കാണുകയും ചെയ്യാം. ഐ. പി. എച്ചിന്റെ ഒരു പ്രധാന എഴുത്തുകാരന്‍ എന്‍.എം. ഹുസൈന്‍ ആണ്. ഇദ്ദേഹം ആണ് വെസ്റ്റിനെ കുറിച്ച് ധാരാളം എഴുതിയിട്ടുള്ളത്. വെസ്റ്റ്മായുള്ള എന്‍ഗേജ്‌മെന്റാണ് കേരള ജമാഅത്തിന് പ്രധാനമെന്ന് ഇതില്‍ നിന്ന് വായിക്കാവുന്നതാണ്. ഒരു പക്ഷെ ഒരു പത്ത് കൊല്ലമായിട്ട് മാത്രമുണ്ടാവും ഐ.പി.എച്ച് പ്രാദേശിക മാപ്പിള ചരിത്രത്തെ കുറിച്ച് പുസ്തകങ്ങള്‍ ഇറക്കാന്‍ തുടങ്ങിയിട്ട്. പ്രതീക്ഷ എന്ന ഇംപ്രിന്റാണ് അവ ഇറക്കുന്നത്. ഒരു പക്ഷെ കേരളത്തിലെ സുന്നി പ്രസാധകരുടെ പ്രവര്‍ത്തനത്തിന്റെ സ്വാധീനമായിരിക്കാം ഇതിന് പിന്നില്‍. പ്രാദേശിക വിഷയങ്ങളെയും സൂഫികളെയും കുറിച്ചുള്ള പുസ്തകങ്ങളാണ് കൂടുതലായും സുന്നി പ്രസാധനലായങ്ങളില്‍ കാണുക. ഇക്കാര്യം ഒരേസമയം ഒരു സ്റ്റീരിയോടൈപ്പിനെ ഉറപ്പിക്കുകയും മറ്റൊരു സ്റ്റീരിയോടൈപ്പിനെ പൊളിക്കുകയും ചെയ്യുന്നതായി കാണാം. സുന്നികള്‍ പ്രാദേശിക ഇസ്‌ലാമിന്റെ ആള്‍ക്കാരാണ് എന്നതാണ് ഉറപ്പിക്കപ്പെടുന്നത്. ജമാഅത്തിന്റെ കാര്യത്തിലാണ് പൊളിയലും ഉറപ്പിക്കലും ഒരേസമയം നടക്കുന്നത്. ജമാഅത്ത് അന്താരാഷ്ട്ര ബന്ധമുള്ളതാണ് എന്നതാണ് പതിവുള്ള സ്റ്റീരിയോടൈപ്പ്. പാക്കിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളാണ് ജമാഅത്ത് എന്ന് കേട്ടാല്‍ ഏതൊരാളുടെ മനസിലും ഉണരുക. എന്നാല്‍ ഐ.പി.എച്ച്‌രജാഗരോഡി മുതല്‍ അസദ് വരെയുള്ളവരെ പ്രസാധനം ചെയ്യുന്നതിലൂടെ തങ്ങള്‍ അന്താരാഷ്ട്രമാവുന്നത് മേല്‍ പറഞ്ഞ രണ്ട് രാജ്യങ്ങള്‍ വഴി മാത്രമല്ല എന്നും അത് യൂറോപ്പ് വഴിയാണെന്നും ജമാഅത്ത് സൂചിപ്പിക്കുന്നു.

islamic-publishing-house-rajaji-road-kozhikode-0
ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്

ഇപ്പറഞ്ഞവയെ ഒന്നുകൂടി പരിശോധിക്കാനാണ് തുടര്‍ന്നുള്ള ഭാഗത്ത് ഞാന്‍ ശ്രമിക്കുന്നത്. ചില ഉദാഹരണങ്ങള്‍ മാത്രമെടുത്താണ് ഇത് ചെയ്യുന്നത്. ഒട്ടും സമഗ്രമായ ഒരു പഠനത്തിനുള്ള ശ്രമമല്ല. ഇതുവരെ പറഞ്ഞ കാര്യങ്ങളെ ഒന്നു കൂടി ഒകുക്കിപ്പറയാം. ഇന്ത്യയില്‍ മുസ്‌ലീങ്ങളെ മനസിലാക്കിയത് സ്വദേശിയോ വിദേശിയോ എന്ന നിലക്കായിരുന്നു. എന്നാല്‍ ഇപ്പറഞ്ഞവയെ മലയാളി ആധുനികതയുടെ ഒരു വശമായി അല്ലെങ്കില്‍ അതിന്റെ ഒരു വശവുമായി ചേര്‍ത്ത് മനസിലാക്കാനാണ് ഈ പേപ്പറില്‍ ശ്രമിക്കുന്നത്. ഇതില്‍ ഞാന്‍ ചില പ്രസാധന പ്രവണതകളെ പരിശോധിക്കാനാണ് ശ്രമിക്കുന്നത്. ജമാഅത്ത്, മുജാഹിദ്, സുന്നി വിഭാഗങ്ങളുടെ പ്രസാധനത്തെയാണ് പരിശോധിക്കുന്നത്. തികച്ചും ഒരു പരത്തിപ്പറച്ചിലാണ്. റാന്റം സെലക്ഷനാണ് ഞാന്‍ നടത്തുന്നത്. അതില്‍ ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ട ചില പാറ്റേണുകളെ പറ്റി പറയാം. ജമാഅത്ത് പ്രസാധനത്തില്‍ നമുക്ക് കാണാനാവുക അന്താരാഷ്ട്ര കാര്യങ്ങളെ ആഗോള സംഭവങ്ങളെ ചുറ്റിപറ്റി സംസാരിക്കുക എന്നതാണ്. 1992-ല്‍ പുതിയ വ്യവസ്ഥയിലേക്ക് എന്ന പേരില്‍ ഇറക്കിയ പുസ്തകം അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ തകര്‍ച്ചയും ശീത യുദ്ധത്തിന്റെ അവസാനത്തെയും പറ്റിയാണ്. എന്നാല്‍ താരതമ്യേന സുന്നികളിലും മുജാഹിദുകളിലും കാണുക ”പ്രാദേശികം” എന്ന് വിളിക്കാവുന്ന ഒരു സ്വഭാവമാണ്. ഞാനീപ്പറയുന്നത് തികഞ്ഞ സാമാന്യവല്‍ക്കരണം തന്നെയാണ്. പക്ഷെ ഈ പാറ്റേണുകളില്‍ കാണുന്ന സങ്കീര്‍ണതയെ പറ്റിത്തന്നെയാണ് എനിക്ക് കൗതുകമുള്ളത്. തൊണ്ണൂറുകള്‍ക്ക് ശേഷം കാണുവന്നത് ഈ വിഭാഗങ്ങളുടെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ കാണാവുന്ന ചില മാറ്റങ്ങളും വെച്ചു മാറലുകളുമാണ്. അതായത് ആഗോളമായ വിഷയങ്ങളില്‍ കൂടുതലായി ശ്രദ്ധിച്ചിരുന്ന ജമാഅത്ത് പ്രസിദ്ധീകരണ മേഖല കുറെക്കൂടി പ്രാദേശികമായ ചരിത്രമെഴുത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഉദാഹരണത്തിന് മമ്പുറം തങ്ങള്‍മാര്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍, പൊന്നാനി എന്നിവയെ പറ്റിയായി ഇവരുടെ പുസ്തകങ്ങള്‍. മലയാള മുസ്‌ലീം പ്രസാധനരംഗത്തെ സമഗ്രമായി വിലയിരുത്താനുള്ള ശ്രമമല്ല ഞാന്‍ നടത്തുന്നത്. ചില പാറ്റേണുകള്‍ കണ്ടെത്താനുള്ള ശ്രമം മാത്രം. തീര്‍ച്ചയായും അത് പരിമിതവുമാണ്. പൊതുവെ സുന്നി വിഭാഗത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ശ്രദ്ധിക്കുന്ന വിഷയമേഖല അറിയുന്നതിന് കെ. മുഹമ്മദ് കുട്ടി ആന്റ് സണ്‍സിന്റെ ഒരു പുസ്തകലിസ്റ്റ് കാണുക. ഹുജ്ജത്തുള്ളാഹില്‍ ബാലിഗ പരിഭാഷ, ഫത്ഹുല്‍ മുഈന്‍ പരിഭാഷ, അല്‍-ജവാഹിര്‍ ഡിക്ഷണറി, ഖുത്വുബ പരിഭാഷ, താരീഖുല്‍ അമ്പിയ, ഇസ്മു ചികിത്സാ രഹസ്യങ്ങള്‍, മരണശേഷം എന്ത് സംഭവിക്കുന്നു-ഖുര്‍ആനിലും ഹദീസിലും, പ്രവാചകന്‍-ചിന്തകന്‍മാരില്‍, പാചകമിത്രം, വെജിറ്റേറിയന്‍ പാചകം, ദാമ്പത്യം-സംശയവും മറുപടിയും, തെരഞ്ഞെടുത്ത ബുഹാരി-മുസ്‌ലീം ഹദീസ് പരിഭാഷ, അറബി ഡിക്ഷ്ണറി, മഹല്ല് ഭരണം, ബാപ്പുവിന്റെ ഗാനങ്ങള്‍, പാടിപ്പതിഞ്ഞ മാപ്പിളപ്പാട്ടുകള്‍, വ്യാജ പ്രവാചകന്‍മാര്‍, ഇസ്മുല്‍ അഅ്‌ളം (ദിക്‌റും വിര്‍ദുകളും), വീട്-സമ്പൂര്‍ണ്ണ ഭവനശാസ്ത്രം, സഞ്ചാന്‍-പദാനുപത പരിഭാഷ, ഖുത്വുബിയത്ത്-പദാനുപദ പരിഭാഷയും വ്യാഖ്യാനവും. ഇവക്ക് പുറമെ അറബി ഐറ്റങ്ങള്‍ എന്ന വിഭാഗമാക്കി കുറച്ച് പുസ്തകങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. തുഹ്ഫ- ശറഹ് എഴുതി നന്നാക്കിയത്, ഖുത്വുബ-നെല്ലിക്കുത്ത്, നഹ്‌വുല്‍ വാളി 1, നഹ്‌വുല്‍ വാളി 2, നഹ്‌വുല്‍ വാളി 3. എന്നിവയാണവ. വീണ്ടും തുടക്കത്തിലെ വിഷയത്തിലേക്ക് തന്നെ ചെല്ലാം. കേരളത്തില്‍ കറുത്ത ഇസ്‌ലാമിനെ മനസിലാക്കിയത് എപ്രകാരമായിരുന്നു? അതില്‍ പ്രധാനം മാല്‍ക്കം എക്‌സിന്റെ ആത്മകഥ പരിഭാഷപ്പെടുത്തിയതാണെന്ന് കാണാം. മാല്‍ക്കം എക്‌സ് തന്നെ കേരളത്തിലെ മുസ്‌ലീങ്ങള്‍ക്കിടയില്‍ പോപുലര്‍ ആകുന്നത് പിന്നെയും ദശകങ്ങള്‍ കഴിഞ്ഞാണ്.

MAL

അതവിടെ നില്‍ക്കട്ടെ. കേരളത്തില്‍ പ്രചാരത്തിലുള്ള കറുത്ത ഇസ്‌ലാം ഏതാണ്?. ഈ നാട്ടില്‍ എത്ര കറുത്ത മുസ്‌ലീം പണ്ഡിതരെ അറിയാം. അല്ലെങ്കില്‍ അമേരിക്കന്‍ ഉദാഹരണങ്ങളിലൂടെയല്ലാതെ കറുപ്പ് എന്ന കാര്യത്തെ ഇവിടെയുള്ള മുസ്‌ലീങ്ങള്‍ മനസിലാക്കിയിട്ടുണ്ട്? അലി മസ്രൂയി മരിച്ചപ്പോഴോ ഹസന്‍ തുറാബി മരിച്ചപ്പോഴോ മലയാളി മുസ്‌ലീം വേണ്ടത്ര ശ്രദ്ധിക്കാതെ പോയത് എന്ത്‌കൊണ്ടാവാം? ഇങ്ങനെ വളരെ പ്രത്യക്ഷമായ ചില ചോദ്യങ്ങള്‍ തന്നെ നാം ചോദിക്കുക. പല കാരണങ്ങളും പലര്‍ക്കും എടുത്തുകാട്ടാനുണ്ടാകും. തീര്‍ച്ച. എന്നാല്‍ ഞാന്‍ പറയാനുദ്ദേശിക്കുന്നത് കേരളത്തിലെ മുസ്‌ലീങ്ങള്‍ക്കിടയില്‍ ആഫ്രിക്കന്‍ ഇസ്‌ലാമിനെ അത്രമാത്രം അറിയില്ല എന്നാണ്. മാല്‍ക്കം എക്‌സിനെയോ മുഹമ്മദലിയേയോ അമേരിക്കന്‍ കറുത്ത വര്‍ഗത്തെയോ അറിയുന്നത്ര പോലെയെങ്കിലും. മുസ്‌ലീങ്ങള്‍ കറുത്ത ഇസ്‌ലാമിനെ അമേരിക്കയുടെ പശ്ചാതലത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ മനസിലാക്കേണ്ടത് എങ്ങനെയാണ്? വെസ്റ്റ് വേഴ്‌സസ് മുസ്‌ലീം എന്ന വിധത്തില്‍ മാത്രമല്ല ഇതിനുള്ള ഉത്തരം നില്‍ക്കുന്നത്. ഇസ്‌ലാമിന്റെ ലൊക്കേഷനെ കുറിച്ച് പൊതുവെ എല്ലാവരും സങ്കല്‍പിക്കുന്ന കാര്യങ്ങളെ സങ്കീര്‍ണമാക്കുകയാണ് ഇവയെന്നാണ് ഇത് മനസിലാക്കിത്തരുന്നത്. അതായത് കറുത്ത ഇസ്‌ലാമിനെ അമേരിക്കയിലെ കറുത്തവരുടെയും അവിടെ നിന്നുള്ള ചിന്തകരുടെ സംഭവങ്ങളുടെയും ഉദാഹരണങ്ങള്‍ വെച്ച് മാത്രം മനസിലാക്കുമ്പോള്‍ നടക്കുന്നത് തീര്‍ച്ചയായും ആഫ്രിക്ക കടന്നുവരാതിരിക്കുന്നു എന്ന് തന്നെയാണ്. പക്ഷെ അതില്‍ കാണാവുന്നത് മിഡില്‍ ഈസ്റ്റോ അറേബ്യന്‍ നാടുകളോ മാത്രമല്ല ഇസ്‌ലാമിന്റെ ലൊക്കേഷനുകള്‍ എന്ന് മുസ്‌ലീങ്ങള്‍ പറയുന്നതാണെന്ന് കരുതുന്നതില്‍ തെറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ആഫ്രിക്കയെ കാണാതിരിക്കുന്നത് എന്ന പ്രശ്‌നം അപ്പോഴും തുടരുക തന്നെ ചെയ്യും. അതിനെ നമുക്ക് ഇനിയെങ്കിലും നേരിടേണ്ടിയും വരും. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മലബാര്‍ ബന്ധങ്ങളെക്കുറിച്ച് പുതിയ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് ആഫ്രിക്കന്‍ ഇസ്‌ലാമിനെ മലയാളി മുസ്‌ലീമിന് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും മാറിയ കറുത്ത ഇസ്‌ലാമിന്റെ ലൊക്കേഷനെ തേടേണ്ടിയും വരും.

 

കടപ്പാട്: തെളിച്ചം, ഫാസില്‍ ഫിറോസ്‌

ഹുദൈഫ റഹ്മാന്‍