Campus Alive

പോരാട്ടങ്ങളുടെ ഭൂമികയും ഒരുമിക്കുന്ന ലോകവും

‘യൂറോപ്പിനെ ഒരു ഭൂതം വേട്ടയാടിക്കൊണ്ടിരിക്കുന്നു…’ കാറൽ മാർക്സും ഫ്രെഡറിക് ഏംഗൽസും കൂടി തയ്യാറാക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് ഇങ്ങനെയാണ്. 1848ൽ യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ രൂപംകൊണ്ട സമരപോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയതാണിത്. അതിന്റെ പരിണിതഫലങ്ങൾ പരസ്പരം സമ്മിശ്രമായിരുന്നു. പരിമിതമായ വിജയം പ്രതികരണങ്ങളും അടിച്ചമർത്തലും കൊണ്ട് നിറഞ്ഞു, വിപ്ലവങ്ങളുടെ അന്ത്യമായി മാർക്സിന് പ്രഖ്യാപിക്കേണ്ടി വരികയും ചെയ്തു. അതോടെ യൂറോപ്യൻ വസന്തം അവസാനിക്കുകയായിരുന്നു.

ഒന്നര നൂറ്റാണ്ടിലേറെ കഴിഞ്ഞ് അറബ് വസന്തം ആഗതമായി. 2010 മുതൽ തുനീഷ്യ, ഈജിപ്ത്, ലിബിയ, സിറിയ, യമൻ എന്നിവിടങ്ങളിലൂടെ അതിന്റെ പ്രതിഫലനങ്ങൾ കടന്നുപോയി. ആ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങൾക്കും വിപ്ലവങ്ങൾക്കുമൊപ്പം ബഹ്റൈൻ, സൗദി, മൊറോക്കോ, ജോർദാൻ തുടങ്ങിയ അറബ് നാടുകളിലെ പ്രതിഷേധ പ്രസ്ഥാനങ്ങളുമുണ്ടായിരുന്നു. ഇതിന്റെ പരിണിതഫലങ്ങളും ഒരു സമ്മിശ്രരൂപത്തിലായിരുന്നു. വിപ്ലവങ്ങളിൽ വിജയം കണ്ട ഒരു രാജ്യം എന്ന് പറയാൻ കഴിയുന്ന തുനീഷ്യ സാമ്പത്തിക ഞെരുക്കങ്ങൾ അനുഭവിക്കുന്നത് തുടർന്നുകൊണ്ടിരുന്നു. ഈജിപ്തിലെ വിപ്ലവമാവട്ടെ അവസരവാദത്തിനും പ്രതി-വിപ്ലവത്തിനും വഴിമാറുകയായിരുന്നു. ലിബിയ, സിറിയ, യമൻ എന്നീ രാജ്യങ്ങൾക്ക് തങ്ങളുടെ വിപ്ലവപോരാട്ടങ്ങൾ നീണ്ട ആഭ്യന്തര യുദ്ധങ്ങളായി പരിണമിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. മറ്റിടങ്ങളിലെ പ്രതിഷേധ പ്രസ്ഥാനങ്ങൾക്ക് സൈനിക അടിച്ചമർത്തലുകൾ മൂലം ശക്തിക്ഷയം സംഭവിക്കുകയും ചെയ്തു.

വിപ്ലവത്തിന്റെ ഭൂതം

അക്കാലത്ത് അറബ് വസന്തം അവസാനിച്ചിട്ടില്ലെന്ന് പറയൽ പ്രയാസമായിരുന്നു. എന്നാൽ വിപ്ലവത്തിന്റെ ഭൂതം ഈ പ്രദേശങ്ങളിൽ അവ അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു. 2018 ഡിസംബറിൽ, സുഡാൻ, അൾജീരിയ, ഇറാഖ്, ലെബനാൻ, ഇറാൻ എന്നിവിടങ്ങളിൽ പ്രക്ഷോഭങ്ങളുടെയും വിപ്ലവങ്ങളുടെയും മറ്റൊരു തരംഗം ആരംഭിച്ചു. ഒരു പകർച്ചവ്യാധി ബാധിച്ചിട്ടും അവ സജീവമായി തന്നെ മുന്നേറി.

ആദ്യത്തേതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുള്ള കാലതാമസമെന്ന നിലയിൽ പത്ത് വർഷത്തെ കാത്തിരിപ്പ് ഈ രണ്ട് വിപ്ലവ തരംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. മേഖലയിലുടനീളമുള്ള വിപ്ലവ പ്രക്രിയയുടെ തുടർച്ചയായി ഇവ രണ്ടിനെയും കാണേണ്ടതുണ്ട്. ഒന്നാമതായി രാഷ്ട്രീയവും സാമ്പത്തികവുമായ വൈരുദ്ധ്യങ്ങൾ പരിഹരിക്കാനുള്ള ഭരണവർഗങ്ങളുടെ കഴിവില്ലായ്മയാണ് ഇത്തരം പ്രസ്ഥാനങ്ങൾ രൂപംകൊള്ളുന്നതിനും വികാസം പ്രാപിക്കുന്നതിനും നിദാനമായത്.

“A Region in Revolt: Mapping the Recent Uprisings in North Africa and West Asia” എന്ന എന്റെ പുതിയ പുസ്തകത്തിൽ ഈ പ്രക്ഷോഭങ്ങൾക്ക്, രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റത്തിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവർക്ക് പാഠങ്ങൾ നൽകാനും അതേപോലെ അവയുടെ അന്ത്യം മുകളിൽ സൂചിപ്പിച്ച സമ്മിശ്ര ഫലങ്ങളാവാതെ സൂക്ഷിക്കാൻ സഹായിക്കാനും കഴിയുമെന്ന് വിശദീകരിക്കുന്നുണ്ട്. പ്രക്ഷോഭത്തിന്റെ രണ്ടാം തരംഗത്തിലുള്ള എല്ലാ രാജ്യങ്ങൾക്കും, സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക ശക്തികളെ നിർണ്ണയിക്കുന്നതിൽ പങ്കുവഹിച്ച വ്യത്യസ്ത ചരിത്രാനുഭവങ്ങളാണ് ഉള്ളതെങ്കിലും, ഏറ്റവും പരിവർത്തനക്ഷമമായ പോരാട്ട രീതികളും ഉപകരണങ്ങളുമാണ് അവരുപയോഗിച്ചത്.

വിപ്ലവാത്മകമായ ശിക്ഷണത്തിനുള്ള ഏറ്റവും വലിയ സാധ്യത സുഡാനിലെ പ്രക്ഷോഭം അവതരിപ്പിക്കുന്നുണ്ട്. ഭക്ഷ്യസാധനങ്ങളടക്കമുള്ള അടിസ്ഥാന വസ്തുക്കളുടെ വില വർദ്ധനവിനെതിരെയുള്ള പ്രതിഷേധ സമരമായിട്ടാണ് അവിടെ സമരങ്ങൾ ആരംഭിച്ചത്. പ്രാദേശികമായ പ്രതിഷേധങ്ങൾ അതിവേഗം തന്നെ രാജ്യവ്യാപകമായ ഒരു ദേശീയ പ്രക്ഷോഭമായി മാറി. ഒരു പ്രത്യേക ഭരണാധികാരിക്കെതിരെയുള്ള സുഡാൻ ജനതയുടെ പ്രക്ഷോഭമായിരുന്നു ഇതെങ്കിലും 1956ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതു മുതൽ രാജ്യത്തെ വേട്ടയാടി കൊണ്ടിരിക്കുന്ന മാറി മാറി വരുന്ന സൈനിക സ്വേച്ഛാധിപത്യവും ജനാധിപത്യവും തമ്മിലുള്ള ഭരണചക്രത്തെ തകർക്കാനുള്ള ശ്രമം കൂടിയായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്.

സുഡാനികളുടെ മാറ്റത്തിനായുള്ള ആഹ്വാനങ്ങൾ

പ്രക്ഷോഭത്തിലുടനീളം പ്രകടമായ, അതിന്റെ ഘടനയാണ് സുഡാനിലെ പ്രക്ഷോഭങ്ങളെ സവിശേഷമാക്കുന്നത്. 2012-ൽ  സ്ഥാപിതമായ ‘സുഡാനി പ്രൊഫഷണൽസ് അസോസിയേഷൻ(SPA)’ എന്ന നിരോധിത സംഘടന ഇതിൽ വലിയ ഭാഗധേയത്വം വഹിച്ചിട്ടുണ്ട്. അവർ പ്രതിവാര പ്രതിഷേധ ഷെഡ്യൂളുകളും  മാർച്ച് റൂട്ടുകളും പുറത്തിറക്കി. തങ്ങൾക്ക് മാത്രം ഈ മാറ്റത്തെ സ്വാധീനിക്കാൻ ആവില്ലെന്ന് മനസ്സിലാക്കിയ അവർ വിവിധ പ്രതിപക്ഷ പാർട്ടികളുമായി ബന്ധപ്പെട്ട് ‘ഫോഴ്സ് ഓഫ് ഫ്രീഡം ആൻഡ് ചെയ്ഞ്ച് (എഫ്.എഫ്.സി)’ എന്നറിയപ്പെടുന്ന ഒരു സഖ്യം രൂപീകരിക്കുകയും ചെയ്തു. വൈവിധ്യങ്ങളായ രാഷ്ട്രീയ അഭിപ്രായങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഇരുപത്തിരണ്ടോളം രാഷ്ട്രീയപാർട്ടികളും ഗ്രൂപ്പുകളും പ്രസ്തുത സഖ്യം രൂപീകരിച്ചുകൊണ്ടുള്ള പത്രികയിൽ ഒപ്പുവെക്കുകയും മാറ്റത്തിനായി ഒരുമിക്കുകയും ചെയ്തു.

എഫ്.എഫ്‌.സിയെ പോലെ തന്നെ പ്രതിരോധ സമിതികൾ (Resistance Committees) വഹിച്ച പങ്കും വലുതായിരുന്നു. ഗവൺമെന്റിനു മേലും, സൈന്യവുമായി ഭരണകാര്യങ്ങളിൽ കരാറുണ്ടാക്കിയ സന്ദർഭത്തിൽ എഫ്.എഫ്‌.സിക്ക് മേലിലും സമ്മർദ്ദം ചെലുത്താനാവശ്യമായ മാർച്ചുകളും കുത്തിയിരിപ്പ് സമരങ്ങളും സംഘടിപ്പിക്കുന്നതിൽ ഈ താഴേത്തട്ടിലുള്ള സംഘടനകൾ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. തുനീഷ്യൻ വിപ്ലവകാലത്ത് തെളിഞ്ഞ പോലെ സുഡാനിലെ പ്രക്ഷോഭങ്ങളും ട്രേഡ് യൂണിയനുകളുടെ പ്രാധാന്യത്തെ കാണിക്കുന്നതായിരുന്നു. പലപ്പോഴും ഇവ പ്രതിരോധ സമിതികളുടെ പങ്കിനെയും, നിയമവിരുദ്ധമായ സാഹചര്യങ്ങളിൽപ്പോലും എസ്‌.പി‌.എ (സുഡാനി പ്രൊഫഷണൽസ് അസോസിയേഷൻ) നിർമ്മിച്ച ശൃംഖലകളേയും ഗ്രൗണ്ട് വർക്കുകളേയും കവച്ചു വെക്കുന്നതാണ്. ഏതൊരു പ്രക്ഷോഭത്തിന്റെയും അടിത്തറ, ദേശീയവും പ്രാദേശികവുമായ ഘടകങ്ങളെ സംയോജിപ്പിക്കുന്ന രീതിയിലായിരിക്കണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അൾജീരിയൻ പ്രതിഷേധം ലയിക്കുന്നു

2019 ന്റെ തുടക്കത്തിൽ സുഡാൻ വിപ്ലവം തുടരുന്നതിനിടെ, അഞ്ചാം തവണയും ഭരിക്കാനുള്ള ആഗ്രഹം പ്രസിഡന്റ് അബ്ദുൽ അസീസ് ബൂതെഫ്ലിക്ക പ്രഖ്യാപിച്ചതോടെ  അൾജീരിയക്കാരും തെരുവിലിറങ്ങി. അപ്പോഴേക്കും ബൂതെഫ്ലിക്ക രണ്ട് പതിറ്റാണ്ട് കാലം അൾജീരിയ ഭരിച്ചിരുന്നു. ആ പ്രതിഷേധം കർശനമായ അച്ചടക്കത്തോടെ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന രീതിയിൽ തുടർന്നു. ഈ അച്ചടക്കമാണ് ബൂതെഫ്ലിക്കയെ വിജയകരമായി പുറത്താക്കുന്നതിലേക്ക് പ്രക്ഷോഭത്തെ നയിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനത്ത് സൈന്യം ഒരു കപട പ്രസിഡന്റിനെ നിയമിക്കുകയാണുണ്ടായത്.

അൾജീരിയൻ സമരക്കാർ

സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭ സംസ്കാരത്തിൽ ആരംഭിച്ച അൾജീരിയയുടെ ചെറുത്തുനിൽപ്പ് പ്രസ്ഥാനം, തുടർന്ന് സാംസ്കാരിക സ്വത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും പ്രകൃതിശോഷണവുമായും സാമ്പത്തിക സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളെയും അഭിമൂഖീകരിക്കാനും ലക്ഷ്യം വെക്കാനും തുടങ്ങി. സ്വേച്ഛാധിപത്യ ഭരണകൂടം നിഷ്ഠൂരമായി അടിച്ചേൽപ്പിച്ച ‘അറബ്’ സ്വത്വത്തെ ‘ഇമാസിഗെൻ’ (Imazighen- മുൻപ് ബാർബേറിയൻ എന്നറിയപ്പെട്ടിരുന്ന) സ്വത്വം ഉൾപ്പെടെയുള്ളവ കൊണ്ട് പ്രക്ഷോഭം മാറ്റി സ്ഥാപിച്ചു. പ്രക്ഷോഭസമയങ്ങളിൽ ഇമാസിഗെൻ പതാക നിയമവിരുദ്ധമായി തന്നെ ഉപയോഗിച്ചിരുന്നു.

കറുപ്പ് വിരുദ്ധ വംശീയതയെ തുടർന്ന് ബഹിഷ്കൃതമായിരുന്ന തെക്കൻ അൾജീരിയയിലെ പ്രദേശങ്ങൾ ഖനന പദ്ധതികൾ (fracking plans) തടയാനുള്ള പോരാട്ടത്തിലൂടെ പ്രാധാന്യം നേടി. സ്വാതന്ത്ര്യലബ്ധിക്കുശേഷം അൾജീരിയയുടെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്ന വിദേശ ബഹുരാഷ്ട്ര കോർപ്പറേഷനുകളിൽ നിന്നും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനായുള്ള വിശാല പോരാട്ടങ്ങളുമായി അത് ലയിച്ചുചേർന്നു. കരുത്തുറ്റ സമരനേതാക്കളെ മുന്നോട്ട്കൊണ്ടുവരുന്നതിൽ അൾജീരിയൻ ജനതയുടെ കഴിവില്ലായ്മ ഒരു ബലഹീനതയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും സാംസ്കാരികമായി ബഹുസ്വരമായ ഒരു രാജ്യത്ത് ഉണ്ടായിവരുന്ന ഈ പ്രക്ഷോഭങ്ങൾ പ്രശ്നങ്ങളുടെ അഭേദ്യതയെയാണ് കാണിക്കുന്നത്.

ഇറാൻ, ഇറാഖ്, ലബനാൻ

ഇറാനിന്റെയും ഇറാഖിന്റെയും രാഷ്ട്രീയസാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണെങ്കിലും അവ ചില സാമ്യതകൾ പുലർത്തുന്നുണ്ട്. സങ്കുചിതത്വമനോഭാവമുള്ള നേതാക്കളുടെ ബന്ധനങ്ങളിൽ അകപ്പെട്ടവരാണ് തങ്ങളെന്ന് ഇരുരാജ്യങ്ങളിലെയും ജനതക്ക് സ്വയം ബോധ്യമുണ്ട്. നേതാക്കൾ പരസ്പരം പോരടിക്കുന്നവരാണെങ്കിലും തങ്ങൾക്ക് പൊതുവായിട്ടുള്ള താത്പര്യങ്ങൾക്ക് ഭീഷണിയാകുന്നവർക്കെതിരിൽ അവർ എല്ലാം മറന്ന് ഒന്നിക്കുകയും ചെയ്യും. വിഭാഗീയ സായുധസംഘങ്ങളുടെ അടിച്ചമർത്തലുകളെ ഇറാഖി ജനത ധൈര്യപൂർവ്വം കൂടുതൽ ഉന്മേഷത്തോടെ നേരിട്ടിട്ടുണ്ട്. എന്നാൽ ലെബനാനിലെ പോരാട്ടം നിലനിൽപ്പിനു വേണ്ടി മാത്രമായിരുന്നു. പുനർനിർമ്മാണമല്ല, മറിച്ച് കൂടുതൽ നഷ്ടങ്ങളുണ്ടാവാതിരിക്കലാണ് അനിവാര്യമെന്ന് അവർ മനസ്സിലാക്കി. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നുവരിക എന്ന സ്വന്തം ഐതിഹ്യങ്ങളെ അവർക്കാവശ്യമില്ലായിരുന്നു.

ഇരുരാജ്യങ്ങളിലെയും പ്രക്ഷോഭങ്ങൾ ചില തിരിച്ചറിവുകളിലേക്കെത്തിയിരുന്നു. തങ്ങളുടെ കഷ്ടതകളുടെ യഥാർത്ഥ കാരണം ഏതെങ്കിലും പ്രത്യേക വിഭാഗമാണെന്നായിരുന്നു അവർ ധരിച്ചിരുന്നത്. ഇക്കാലമത്രയും ജനതയെ, പ്രത്യേകിച്ച് തൊഴിലാളി വർഗ്ഗത്തെ ഭിന്നിപ്പിച്ചുനിർത്തയിരുന്നതും ആ ധാരണയുടെ പിൻബലത്തിലായിരുന്നു. ഇതിനുപകരം അധികാരവർഗ്ഗവും, അവയെ താങ്ങിനിർത്തുന്ന ശൃംഖലകളും, അതുമായി ബന്ധപ്പെട്ട അവയുടെ അധികാരത്തെ ഉപയോഗപ്പെടുത്തി വികസിക്കുന്ന പൊതു-സ്വകാര്യ സാമ്പത്തിക സംവിധാനങ്ങളുമാണ് തങ്ങളുടെ യഥാർത്ഥ ശത്രുക്കളെന്ന് അവർക്ക് ബോധ്യപ്പെട്ടു. ശക്തമായ ഒരു അധികാരമാറ്റം അനിവാര്യമായിരുന്നു. പക്ഷേ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ മേലാളന്മാരോട് എതിരിട്ടത് കൊണ്ട് മാത്രം ആ ലക്ഷ്യത്തിലേക്ക് എത്താനാകില്ല. പകരം ഇത്തരം സംവിധാനങ്ങളുടെ അടിത്തറയായി വർത്തിക്കുന്ന മിത്തുകളെ തന്നെ തച്ചുടക്കേണ്ടതുണ്ടായിരുന്നു.

ലബനാൻ

ഇറാനിലെ ജന പ്രതിരോധങ്ങൾ അത്ര സുഗമമായിരുന്നില്ല. രാഷ്ട്രത്തിന്റെ സാമ്രാജ്യത്വ സ്വഭാവം പ്രക്ഷോഭങ്ങൾക്ക് മങ്ങലേൽപ്പിച്ചു. പലപ്പോഴും ക്രൂരമായ അടിച്ചമർത്തലുകളാണ് അവർക്ക് നേരിടേണ്ടിവന്നത്. അൾജീരിയയിലും സുഡാനിലും സംഭവിച്ചത് പോലെ തന്നെ സർക്കാർ ധനസഹായം പിൻവലിച്ചത് തന്നെയായിരുന്നു ഇറാനിലെയും പ്രക്ഷോഭങ്ങൾക്ക് ഹേതുവായത്. ഇന്ധനങ്ങൾക്കുള്ള സബ്സിഡിയായിരുന്നു ഇറാനിൽ നിർത്തലാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള  അസ്വാരസ്യങ്ങൾക്കിടയിലും രാജ്യത്ത് പ്രക്ഷോഭങ്ങൾ ഉടലെടുത്തിരുന്നു. ഖാസിം സുലൈമാനിയുടെ കൊലപാതകവും തുടർന്ന് ഉക്രൈൻ വിമാനത്തെ പ്രതികാര നടപടിയുടെ ഭാഗമായി വെടിവെച്ചിട്ടതുമെല്ലാം ഇറാന്റെ  പ്രാദേശിക സാമ്രാജ്യത്വത്തെ ഉയർത്തികാണിച്ചു. “ശത്രു വീട്ടിൽതന്നെ” എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് പ്രക്ഷോഭകർ തെരുവുകൾ പിടിച്ചടക്കി. ലബനാനിലെയും ഇറാഖിലെയും പ്രക്ഷോഭങ്ങൾക്ക് അവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

തെറ്റായ ദ്വന്ദരൂപീകരണം

ഇറാനിയൻ പ്രക്ഷോഭങ്ങളുടെ കടന്നുവരവ് പുതിയ വഴിത്തിരിവുകൾ സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തെ സോഷ്യലിസ്റ്റുകളും പ്രാദേശിക ഭൗമരാഷ്ട്രീയവും മെനഞ്ഞുണ്ടാക്കിയ ദ്വന്ദനിർമ്മിതികളെ അവ തകർത്തെറിഞ്ഞു. പ്രദേശത്തിന്റെ അധികാരം സൗദിഅറേബ്യക്കോ ഇറാനോ മാത്രം പരിമിതപ്പെട്ടതല്ലെന്നും പ്രക്ഷോഭങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വ്യാപക ഐക്യദാർഢ്യങ്ങളെ സാമ്രാജ്യത്ത വിരുദ്ധതയെക്കുറിച്ച പഴയ ശീതയുദ്ധകാലത്തുണ്ടായിരുന്ന നിർവ്വചനങ്ങളിലേക്ക് ചുരുക്കേണ്ടതില്ലെന്നും അവ തെളിയിച്ചു.

ഓരോ ദേശത്തിലും രൂപപ്പെട്ടു വരുന്ന സമരപോരാട്ടങ്ങളെ തിരിച്ചറിയാൻ നമുക്ക് കഴിയേണ്ടതുണ്ട്. നമ്മുടെ തന്നെ പോരാട്ടങ്ങളോട് അവയ്ക്കുള്ള അഭേദ്യ ബന്ധത്തെ മനസ്സിലാക്കാനും അവയ്ക്കാവശ്യമായ സഹകരണവും പിന്തുണയും നൽകാനും നമുക്കാവേണ്ടതുണ്ട്. ഇക്വഡോർ മുതൽ ഹോങ്കോംഗ് വരെ ലോകമെമ്പാടുമുള്ള നവലിബറൽ വിരുദ്ധ പ്രതിഷേധങ്ങൾക്കൊപ്പം ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട ഒരു വർഷമെന്ന നിലയിൽ, ഐക്യദാർഢ്യത്തെ സംബന്ധിച്ച ചോദ്യം പ്രാദേശികമായി പരിമിതപ്പെടുത്താൻ കഴിയാത്തതാണ്. കൂടുതൽ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന ഒരു മഹാമാരിയെ നാം കൂട്ടായി നേരിടുന്നു എന്നതുകൊണ്ട് കൂടിയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഭൂമിയുടെ ഏതെങ്കിലുമൊരു കോണിലുള്ള ഒരു ജനതയുടെ കഷ്ടപ്പാട് എല്ലാവരുടെയും കഷ്ടപ്പാടാണെന്ന് നാം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. പ്രത്യേകിച്ചും എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി എന്ന വലിയ വിപത്തിനെ കണക്കിലെടുക്കുമ്പോൾ ഇത് തീർത്തും അനിവാര്യമായി തീർന്നിരിക്കുകയാണ്.


(ജെയ്ഡ് സാബ് ലബനീസ് കനേഡിയൻ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമാണ്. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ അദ്ദേഹം ‘ഇൻഡസ്ട്രിയൽ വർക്കേഴ്സ് ഓഫ് ദി വേൾഡ്’ എന്ന സംഘടനയുടെ പ്രാദേശിക സംഘാടകനാണ്)

വിവർത്തനം: മുജ്തബ മുഹമ്മദ്‌

കടപ്പാട്: മിഡിലീസ്റ്റ് ഐ

ജെയ്ഡ് സാബ്