Campus Alive

ഡൽഹി: 1930കളിലെ ജൂത വംശഹത്യയെ ഓർമിപ്പിക്കുന്നു

1938 നവംബർ 9, 10 ദിനങ്ങളിൽ ജർമനിയിലെ ജൂതന്മാരുടെ ദേവാലയങ്ങൾ അഗ്നിക്കിരയാക്കാനും കടകളും വ്യാപാരസ്ഥാപനങ്ങളും വിദ്യാലയങ്ങളും നശിപ്പിക്കാനും സർക്കാർ അനുയായികളെ പ്രോത്സാഹിപ്പിച്ച രാത്രിയാണ് പിന്നീട് ക്രീസ്റ്റാൽനാഹ്റ്റ് അഥവാ ‘തകർന്ന ചില്ലുകളുടെ രാവ്’ (Kristallnacht) എന്ന് അറിയപ്പെട്ടത്. 91 ജൂതന്മാരെങ്കിലും അന്ന് കൊല്ലപ്പെട്ടു. പൊതുവിജ്ഞാന-പ്രചരണ മന്ത്രിയായ ജോസഫ് ഗീബൽസിൻറെ പ്രോത്സാഹനത്തോടെയാണ് നാസി അനുയായികൾ പ്രവർത്തിച്ചത്. കൂട്ട വംശഹത്യയിലേക്കുള്ള നിർണ്ണായകമായ ഒരു ചുവടുവെപ്പായിരുന്നു അന്നത്തെ രാത്രി.

2020 ഫെബ്രുവരി 23ന് മുസ്ലിം പള്ളികൾ കൊള്ളയടിച്ചും കത്തിച്ചും മുസ്ലിംകളുടെ വീടുകളും കടകളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിച്ചും തീവ്ര ഹിന്ദു ദേശീയ വാദികളായ ജനക്കൂട്ടങ്ങൾ ഡൽഹിയുടെ തെരുവുകളിൽ ചുറ്റിക്കറങ്ങി. രക്ഷപ്പെടാൻ സാധിക്കാത്ത മുസ്ലിംകളെ അവർ കൊല്ലുകയോ ജീവനോടെ കത്തിക്കുകയോ ചെയ്തു. ഇരകൾക്ക് മിക്കയിടങ്ങളിലും പോലീസിൻറെ സംരക്ഷണം ലഭിച്ചില്ല. മുപ്പത്തേഴിലധികം ആളുകൾ കൊല്ലപ്പെട്ടു; ഏതാണ്ടെല്ലാവരും മുസ്ലിംകളായിരുന്നു. പലരെയും പകുതി ജീവൻ നഷ്ടപ്പെടുന്നതു വരെ ക്രൂരമായി മർദ്ദിച്ചു. മുസ്ലിമാണെന്ന് അടയാളപ്പെടുത്തുന്ന തരത്തിൽ ലിംഗ്രാഗചർമ്മം മുറിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രണ്ടു വയസ്സുകാരനെ വസ്ത്രമൂരി പരിശോധിച്ചു. രക്ഷപ്പെടാൻ വേണ്ടി ചില മുസ്ലിം സ്ത്രീകൾ ഹിന്ദുക്കളായി അഭിനയിച്ചു.

82 വർഷങ്ങൾക്ക് മുൻപ് ജർമനിയിൽ സംഭവിച്ചതു പോലെ സർക്കാർ നേരിട്ട് ജനങ്ങളെ കൊല്ലാനിറങ്ങിയില്ലെങ്കിലും നരേന്ദ്ര മോദിയുടെ കീഴിലുള്ള ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തകർ മുസ്ലിംകൾക്കെതിരെയുള്ള ഈ അക്രമണത്തിൻറെ മുൻപന്തിയിൽ നിൽക്കുന്നുണ്ട്. മർദ്ദനമേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുറച്ചു മുസ്ലിം പുരുഷന്മാരെ പോലീസ് റോഡിൽ കിടത്തി ദേശഭക്തി ഗാനങ്ങൾ ആലപിപ്പിക്കുന്നതിൻറെ ഒരു വീഡിയോ ഇതിനിടയിൽ പുറത്തുവന്നിരുന്നു. അനവധി ദിവസങ്ങൾ മൗനം പാലിച്ചതിനു ശേഷം “സമാധാനവും സാഹോദര്യവും” കാത്തുസൂക്ഷിക്കാൻ അഭ്യർത്ഥിച്ചു കൊണ്ട് മോദിയുടെ അവ്യക്തമായ ഒരു പ്രസ്താവന വന്നു.

അക്രമണങ്ങളെ വിമർശിച്ചു കൊണ്ട് ഉത്തരവിറക്കിയ ഒരു ന്യായാധിപനെ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ നടത്തിയ നീക്കങ്ങൾ അക്രമണങ്ങളുടെ കാര്യത്തിൽ സർക്കാരിനുള്ള നിലപാടിനെ വ്യക്തമായി തന്നെ വരച്ചുകാട്ടിയിട്ടുണ്ട്. ഡൽഹിയിൽ ഇനിയൊരു 1984 ഉണ്ടാവാൻ അനുവദിക്കില്ല എന്ന് അക്രമണങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെ ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് മുരളീധർ വ്യക്തിമാക്കിയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് കാവൽക്കാർ കൊലപ്പെടുത്തിയതിനു ശേഷം ഡൽഹിയിലെ സിഖുകാരെ ലക്ഷ്യം വെച്ചുകൊണ്ട് നടന്ന അക്രമണങ്ങളിൽ മൂവായിരത്തോളം സിഖുകാർ 1984ൽ കൊല്ലപ്പെട്ട ചരിത്രം ഓർമ്മപ്പെടുത്തുകയായിരുന്നു അദ്ദേഹം. രക്ഷപ്പെട്ടോടാൻ നിർബന്ധിക്കപ്പെട്ടവർക്ക് സർക്കാർ അഭയം നൽകണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയും ഇരകളുടെ പരാതികൾ പോലീസ് ശരിയായ വിധം രേഖപ്പെടുത്തുണ്ടോ എന്ന് ചോദ്യം ചെയ്യുകയും ചെയ്തു.

ജസ്റ്റിസ് മുരളീധരന്റെ സ്ഥലംമാറ്റം മുൻപ് തന്നെ തീരുമാനിക്കപ്പെട്ടതാണെന്നും അതിന് വേഗം കൂട്ടിയതിന് അദ്ദേഹത്തിൻറെ നിരീക്ഷണങ്ങളുമായി ഒരു ബന്ധവുമില്ലെന്നുമാണ് സർക്കാർ ന്യായീകരണം.

1930കളിലും 40കളിലും ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ നിലവിലുണ്ടായിരുന്ന ഭരണകൂടങ്ങളെ വിശേഷിപ്പിക്കുന്ന ‘ഫാഷിസ്റ്റ്’ എന്ന പദം ലഘുവായി പ്രയോഗിക്കാൻ പാടുള്ള ഒന്നല്ല. അമേരിക്കയും ഫിലിപ്പൈൻസും മുതൽ പോളണ്ടും ബ്രസീലും വരെയുള്ള രാജ്യങ്ങളിലെ ദേശീയവാദികളും ഏകാധിപതികളുമായ സർക്കാരുകളെ വിശേഷിപ്പിക്കാൻ  ഈ പദം ഈയടുത്ത കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ആരോപണം ഉന്നയിക്കുന്ന ആൾ ചിലപ്പോൾ ആത്മാർത്ഥമായി അങ്ങനെ ചിന്തിക്കുന്നുണ്ടാവാം; ചിലപ്പോൾ ഇത് ഒരു അസഭ്യവാക്ക് മാത്രമാണ്. എന്നാൽ മറ്റേത് വലതുപക്ഷ സർക്കാരിനേക്കാളും ഹിംസ ഉപയോഗിക്കാനുള്ള സന്നദ്ധതയുടെ കാര്യത്തിൽ മോദിയും ബി.ജെ.പിയും മുൻകാല ഫാഷിസ്റ്റ് ഭരണകൂടങ്ങളുമായി വളരെയടുത്ത് നിൽക്കുന്നതു പോലെ തോന്നുന്നു. അവർ മുന്നോട്ടു വെക്കുന്ന ഹിന്ദു ദേശീയതയുടെ തീവ്ര രൂപവും ഇന്ത്യയിലെ 20 കോടി മുസ്ലിംകളെ അരികുവൽകരിക്കാനുള്ള നിരന്തര ശ്രമങ്ങളുമാണ് അവർക്ക് അനുയായികളോട് വാഗ്ദാനം ചെയ്യാനുള്ളത്.

സംസ്കാരവൈവിധ്യം നിറഞ്ഞ ഒരു രാജ്യം എന്ന പദവിയിൽ നിന്ന് ഇന്ത്യയെ മാറ്റാനുള്ള മോദിയുടെ ഈ ശ്രമങ്ങൾ വലിയ കോലാഹലങ്ങളില്ലാതെ അരങ്ങേറുന്നതു കൊണ്ടു തന്നെ ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളുടെ ഗൗരവത്തെക്കുറിച്ച് ലോകത്തിനു വളരെ പതുക്കെ മാത്രമേ ബോധ്യമുണ്ടായി വരുന്നുള്ളൂ. ഇവിടെ ലക്ഷ്യം വെക്കപ്പെട്ടിട്ടുള്ള മനുഷ്യരുടെ എണ്ണം തന്നെ അതിഭയാനകമാണ്; ഇന്ത്യയിലെ മുസ്ലിംകൾ മാത്രം ചേർന്നുകൊണ്ട് ഒരു രാജ്യമുണ്ടാവുകയാണെങ്കിൽ അത് ജനസംഖ്യയിൽ ലോകത്തിലെ എട്ടാമത്തെ ഏറ്റവും വലിയ രാജ്യമാകും.

സർക്കാരിൻറെ നേതൃത്വത്തിൽ മുസ്ലിംകൾക്കെതിരെ നടന്ന പ്രചരണങ്ങൾ ചവണ തിരിക്കുന്നതു പോലെ ജനങ്ങളുടെ ഹൃദയത്തിൽ മുസ്ലിംകൾക്കെതിരെ ഭയവും വിദ്വേഷവുമുയർത്തിയതിൽ നിന്നാണ് ഡൽഹിയിലെ അക്രമണം പൊട്ടിപ്പുറപ്പെട്ടത്. ഇതിൻറെ ഒരു രൂപം മുസ്ലിമിതര വിഭാഗങ്ങളിൽ പെട്ടവർക്ക് വേഗത്തിൽ പൗരത്വം നൽകുന്ന വിവേചനപരമായ പൗരത്വഭേദഗതി നിയമമാണ്. മുസ്ലിംകളുടെ നിലനിൽക്കുന്ന പൗരത്വവും എടുത്തുകളയുന്ന ദേശീയ പൗരത്വ പട്ടികയാണ് ഇതിനേക്കാൾ ഭീകരം. ഈ നീക്കങ്ങൾക്കെതിരെ ഉയർന്നുവന്ന സമാധാനപരമായ പ്രതിഷേധങ്ങളും പ്രകടനങ്ങളുമാണ് ഏതാണ്ട് കൂട്ടക്കൊലയോട് സാമ്യമുള്ള ഒരു അക്രമണപരമ്പര അഴിച്ചുവിടാൻ തീവ്രഹിന്ദു വിഭാഗങ്ങളെ പ്രകോപിപ്പിച്ചത്.

മുസ്ലിംകൾക്കെതിരെയുള്ള തങ്ങളുടെ അജണ്ട നടപ്പാക്കാൻ മോദിയും ബി.ജെ.പിയും എത്രത്തോളം പോകുമെന്നതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായിരുന്ന ജമ്മു കശ്മീർ. കഴിഞ്ഞ ആഗസ്റ്റ് മുതൽ ഈ പ്രദേശത്തിൻറെ സ്വയംഭരണാവകാശം എടുത്തുകളയുകയും ജനങ്ങളെ തടവറയില്ലാ തടവിലാക്കുകയും ചെയ്തു. കൂട്ടതടവുകളും പീഢനങ്ങളും ജമ്മുകശ്മീരിൽ സാധാരണമായിരിക്കുന്നു എന്നാണ് അവിടെയുള്ള കാര്യങ്ങൾ നേരിട്ട് കാണാൻ സാധിച്ച ചുരുക്കം ചില ദൃക്സാക്ഷികൾ പറയുന്നത്.

ജമ്മു കശ്മീരിൻറെ പ്രത്യേക പദവി സർക്കാർ എടുത്തുകളഞ്ഞതിനു ശേഷം 150 ദിവസത്തോളം ഇന്റർനെറ്റ് നിരോധിക്കപ്പെട്ടു. ജനുവരി മുതൽ വളരെ പരിമിതമായ രൂപത്തിൽ മാത്രമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്. തോന്നുന്ന ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടു പോകുന്നു. തങ്ങളുടെ പല കുടുംബാംഗങ്ങളും എവിടെയാണെന്ന് അറിയില്ലെന്നോ 1000 കിലോമീറ്ററിനു മുകളിൽ ദൂരം വരുന്ന തടവറകളിലേക്ക് പോകാൻ തങ്ങളുടെ കൈയിൽ പണമില്ലെന്നോ ആണ് കുടുംബങ്ങൾ വ്യഗ്രതയോടെ പറയുന്നത്.

കശ്മീരിനെ പുറംലോകത്തു നിന്ന് അടച്ചുകളയാനുള്ള സർക്കാർ പദ്ധതികൾ കുറേയൊക്കെ വിജയകരമായി നടപ്പിലാക്കി. എന്നാൽ ഇവിടെ നിന്ന് കൂടുതൽ വാർത്തകൾ പുറത്തുവന്നതു കൊണ്ടും പ്രത്യേകിച്ച് എന്തെങ്കിലും ഉപയോഗമുണ്ടോ? ഈയാഴ്ച ഡൽഹിയിൽ നടന്ന അക്രമണങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഇന്ത്യയ്ക്ക് ഇതൊക്കെ സഹിക്കാനാകുമെന്ന രൂപത്തിലാണ് ആഗോളതലത്തിൽ ജനങ്ങൾ പ്രതികരിക്കുന്നത്. കേടുവന്നതാണെങ്കിലും ഇന്ത്യയിൽ ജനാധിപത്യം നിലവിലുണ്ടെന്നും ഫ്ലോറിഡയിലെ കൊടുങ്കാറ്റുകളും ജപ്പാനിലെ ഭൂമികുലുക്കങ്ങളും പോലെ ഇന്ത്യയിൽ മതസംഘർഷങ്ങൾ സാധാരണമായി അരങ്ങേറുന്നതാണെന്നുമുള്ള പൊതുവായ കാഴ്ചപ്പാടാണ് ഇവിടെ മോദിയെ സഹായിക്കുന്നത്.

ഇന്ത്യൻ മതനിരപേക്ഷ പാരമ്പര്യങ്ങളെ തകിടം മറിക്കാനുള്ള ഈ നീക്കങ്ങൾക്കെതിരെ ഇന്ത്യയിൽ നിന്ന് പ്രത്യാശപരമായ, എന്നാൽ നിരന്തരമായ അടിച്ചമർത്തലിന് വിധേയമായിക്കൊണ്ടിരിക്കുന്ന, പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. എന്നാൽ തീവ്ര ഹിന്ദു ദേശീയ വാദത്തെ കൂടുതൾ ശക്തിയോടെ പ്രചരിപ്പിച്ചു കൊണ്ടാണ് ഈ പ്രതിഷേധങ്ങൾക്കെതിരെ മോദിയും സർക്കാരും പ്രതികരിക്കുന്നതെന്നതാണ് ഇവിടെയുള്ള അപകടം. ഡൽഹിയിൽ അക്രമണം അഴിച്ചുവിടുന്ന ജനക്കൂട്ടങ്ങൾ ഇതിൻറെ അടയാളമാകാം.

വിദേശരാജ്യങ്ങളിൽ നിന്ന് വിമർശനമേറ്റു വാങ്ങുന്ന മോദി സർക്കാരിന് പ്രതിരോധിക്കാൻ ഇവിടെ മുന്നോട്ടു വെക്കാവുന്ന ഒരു വാദമുണ്ട്- മറ്റു മേഖലകളിൽ പരാജയമാണെങ്കിലും തങ്ങൾ സമ്പദ് വ്യവസ്ഥയെ പുനർജ്ജീവിപ്പിക്കുന്നുണ്ട് എന്ന ന്യായീകരണം. മാധ്യമസ്ഥാപനങ്ങളുടെ മേൽ തങ്ങൾക്കുള്ള നിയന്ത്രണമുപയോഗിച്ച് ഏകാധിപത്യ രാജ്യങ്ങൾ പലപ്പോഴും ഇങ്ങനെയുള്ള വാദങ്ങൾ ഉന്നയിക്കാറുണ്ട്. കണക്കുകൾ ഈ വാദങ്ങളെ പൊളിക്കുമ്പോൾ പുതിയ കണക്കുകൾ മെനഞ്ഞുകൊണ്ട് അവർ പ്രതികരിക്കുന്നു. ഇന്ത്യയിലെ പൊതുവായ സാമ്പത്തിക വളർച്ച ഉയർന്നുവെന്നാണ് കരുതപ്പെടുന്നതെങ്കിലും നിക്ഷേപം, ലാഭം, നികുതി വരുമാനം, ഇറക്കുമതി, കയറ്റുമതി, വ്യവസായ ഉത്പാദനം, വായ്പ തുടങ്ങിയ മേഖലകളിലെ വളർച്ച കഴിഞ്ഞ വർഷങ്ങളിൽ മുരടിച്ചിട്ടുണ്ട്.

ഒരു തരത്തിൽ ക്രീസ്റ്റൽനാഹ്റ്റിനു ശേഷം ഹിറ്റ്ലറിനുണ്ടായിരുന്നതിനേക്കാൾ ശക്തമായ സാഹചര്യം ഇന്ന് ഇന്ത്യയിൽ മോദിക്കുണ്ട്. അന്ന് അമേരിക്കൻ പ്രസിഡൻറ് റൂസ് വെൽറ്റ് ജൂതവിരുദ്ധതയെയും ജർമനിയിലെ ഹിംസയെയും അപലപിച്ചു  കൊണ്ട് പ്രസ്താവനയിറക്കുകയും അമേരിക്കൻ അംബാസഡറെ തിരികെ വിളിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യയിലേക്കുള്ള തൻറെ ദ്വിദിന സന്ദർശനത്തിനിടയിൽ മുസ്ലിംകൾ പകൽവെളിച്ചത്തിൽ കൊല ചെയ്യപ്പെടുകയായിരുന്നിടത്തു നിന്ന് കിലോമീറ്ററുകൾ അകലെ മാത്രമായിരുന്ന നിലവിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ജനങ്ങൾക്ക് മതസ്വാതന്ത്ര്യം നേടിക്കൊടുക്കാൻ മോദി നടത്തുന്ന “പരിശ്രമങ്ങളിൽ” തൻറെ സംതൃപ്തി അറിയിക്കുകയും മോദിയെ അനുമോദിക്കുകയുമാണ് ചെയ്തത്.

കടപ്പാട്: ദി ഇൻഡിപെൻഡന്റ്

പാട്രിക് കോക്ബേൺ