Campus Alive

‘ഫിറോസാബാദിലെ മയ്യിത്തുകൾ’

 

പൗരത്വ നിയമത്തിനെതിരായ മഹാസമരങ്ങളെ ഹിന്ദുത്വ പാർട്ടികളും അവരുടെ ഗവണ്മെന്റുകളും നേരിട്ടത് മുസ്‌ലിം ചെറുപ്പക്കാരെ വെടിവെച്ചുകൊന്നിട്ടായിരുന്നു. അമ്പതിലധികം മുസ്‌ലിം ചെറുപ്പക്കാരെ ഡിസംബർ മാസത്തിലും അത്രയേറെ തന്നെ മുസ്‌ലിംകളെ ഡൽഹി വംശഹത്യാകാലത്തും ബിജെപിയും അവരുടെ പോലീസും കൊന്നു. ഡിസംബർ 20ന് മാത്രം ഏഴു മുസ്‌ലിംകളെയാണ് യുപിയിലെ ഫിറോസാബാദിൽ വെടിവെച്ചുകൊന്നത്. എല്ലാവരും 30 വയസ്സിനു താഴെയുള്ളവർ. എല്ലാവരുടെയും മയ്യിത്തുകൾ യുപിയിലെ പോലീസുകാർ സുബ്ഹി ബാങ്കിന്  മുമ്പ് വീട്ടുകാരെ ഭീഷണിപ്പെടുത്തി അടക്കം ചെയ്യുകയായിരുന്നു. മുസ്‌ലിംകളുടെ മയ്യിത്തുകളെ പോലും പേടിക്കുന്ന ഭരണകൂടം. മക്തൂബ് ജേണലിസ്റ്റ് ഷഹീൻ അബ്ദുല്ല അവരുടെ എല്ലാവരുടെയും വീടുകളിൽ പോയി സംസാരിച്ചിരുന്നു.

കഴിഞ്ഞ വർഷം മക്തൂബ് മലയാളത്തിൽ പ്രസിദ്ധീകരിച്ച “ഫിറോസാബാദിലെ മയ്യിത്തുകൾ” എന്ന സ്റ്റോറി വായിക്കൂ…


 

2019 ഡിസംബർ 20 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഫിറോസാബാദ് സാക്ഷിയായത് യോഗി ആദിത്യനാഥിന്റെ പോലീസിന്റെ ക്രൂരമായ ആക്രമണങ്ങൾക്കായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്താനെന്ന പേരിൽ പോലീസ് തുടർന്ന വെടിവെപ്പിൽ, എന്നാൽ കൊല്ലപ്പെട്ടത് മുഴുവൻ പ്രതിഷേധങ്ങളിൽ ഭാഗമാവാതിരുന്നവരായിരുന്നു. ഏഴ് മുസ്‌ലിം ചെറുപ്പക്കാരാണ് പോലീസ് വെടിയുണ്ടകളേറ്റ് കൊല്ലപ്പെട്ടത്. അഞ്ച് പേർ തൽക്ഷണം മരിച്ചു. ശരീരത്തിൽ വെടിയുണ്ട തറച്ച പലരുടെയും നില ഇപ്പോഴും അതീവ ഗുരുതരം.

 

റാഷിദ്‌, 27

ജന്മനാ വലതുകൈ പൂർണമായും ഇടതുകൈ ഭാഗികമായും തളർന്ന യുവാവാണ് ഇരുപത്തേഴു വയസ്സുകാരനായ റാഷിദ്. ഫിറോസാബാദിൽ ദിവസക്കൂലിക്ക് ഒരു കുപ്പിവള നിർമാണ ഫാക്ടറിയിൽ ജീവനക്കാരൻ. അഞ്ച് വയസ്സുള്ള മകളുണ്ട്, അഫ്രീൻ.

ഡിസംബർ 20 ന് ഫിറോസാബാദിൽ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് നരനായാട്ടിൽ വെടിയേറ്റവരിൽ റാഷിദുമുണ്ടായിരുന്നു. പോലീസ് വെടിയുണ്ടകൾ ശരീരത്തിൽ തറച്ച റാഷിദ് തൽക്ഷണം തന്നെ മരിച്ചു. റാഷിദിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത വെടിയുണ്ടകൾ പോലീസ് ബുള്ളറ്റുകളാണെന്ന് ഗവണ്മെന്റ് ഹോസ്പിറ്റൽ അധികൃതർ സാക്ഷ്യപെടുത്തുന്നുണ്ടെന്ന് പിതാവ് നൂർ മുഹമ്മദ് പറഞ്ഞു. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട റാഷിദിന്റെ മൃതദേഹം അന്നുതന്നെ പോസ്റ്റ്‌മോർട്ടം ചെയ്‌തെങ്കിലും ഇതുവരെയും റിപ്പോർട്ട് കുടുംബത്തിന് ലഭിച്ചിട്ടില്ല. മൃതദേഹം ആംബുലൻസിൽ നിന്ന് തന്നെ ശുചീകരിച്ച്, വീട്ടിലേക്ക് കൊണ്ടുവന്ന പോലീസ് “ഒരു മണിക്കൂറിനുള്ളിൽ മൃതദേഹം സംസ്കരിക്കണമെന്നു” കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഗത്യന്തരമില്ലാതെ, വെറും എട്ട് പേരുടെ സാന്നിദ്ധ്യത്തിൽ തനിക്ക് തന്റെ മകന്റെ മൃതദേഹം പോലീസ് ഭീഷണിയിൽ സംസ്കരിക്കേണ്ടിവന്നു എന്ന് പിതാവ് നൂർ മുഹമ്മ്ദ് പറയുന്നു.

“ബാപ്പച്ചി പോയ വിവരം ഇപ്പോഴും അഫ്രീന് മനസ്സിലായിട്ടില്ല. ഏറ്റവും നല്ല ഭക്ഷണം നൽകി അവളെ ഞങ്ങളെല്ലാവരും സ്നേഹിക്കുകയാണ് ഇപ്പോൾ”. വിതുമ്പലോടെ റാഷിദിന്റെ പിതാവ് നൂർ മുഹമ്മദ് പറയുന്നു.

മുഹമ്മദ് ഹാറൂൻ, Photo Courtesy: Shaheen Abdullah

മുഹമ്മദ്‌ ഹാറൂൻ, 30

മുപ്പതുവയസ്സുകാരനാണ് കന്നുകാലി വ്യാപാരിയായ മുഹമ്മദ് ഹാറൂൻ. ഡിസംബർ 20 ന് പോലീസ് വെടിവെപ്പിൽ വെടിയേറ്റ ഹാറൂൻ ആറുദിവസത്തോളം മരണവുമായി മല്ലിട്ട് ആശുപത്രി കിടക്കയിലായിരുന്നു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന ഹാറൂൻ ഡിസംബർ 26 ന് മരണപ്പെട്ടു. കഴുത്തിൽ വെടിയുണ്ട തറച്ച ഹാറൂൻ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു കഴിഞ്ഞിരുന്നത്. ഹാറൂൻ പ്രതിഷേധത്തിന്റെ ഭാഗമല്ലായിരുന്നുവെന്നും കച്ചവടം കഴിഞ്ഞു മടങ്ങുന്ന വഴിയിൽ വെടിയേറ്റതാണെന്നും സഹോദരൻ പറയുന്നു.

 

അർമാൻ, 24

വീട്ടിലെ ദരിദ്രമായ സാമ്പത്തികാവസ്ഥയാണ് ഇരുപത്തിനാലുകാരനായ അർമാനെ പഠനം ഉപേക്ഷിച്ച് ഫാക്ടറിയിൽ ജീവനക്കാരനാവാൻ നിർബന്ധിച്ചത്. ഡിസംബർ 20 ന് എന്നത്തേയും പോലെ ഫാക്ടറിയിൽ നിന്ന് മടങ്ങിവരികയായിരുന്നു അർമാൻ. വഴിമദ്ധ്യേ കണ്ട ഫർമാൻ റോഡിൽ പോലീസ് വെടിവെപ്പുണ്ടെന്നും സൂക്ഷിക്കണമെന്നും താക്കീത് നൽകി. എന്നാൽ വഴിമദ്ധ്യേ ഹൈവേ മുറിച്ചുകടക്കുമ്പോൾ പോലീസ് വെടിയുണ്ടകൾ അർമാന് നേരെ തറക്കുകയായിരുന്നു. തൽക്ഷണം തന്നെ ഇരുപത്തിനാലുകാരനായ യുവാവ് കൊല്ലപ്പെട്ടു.

പൊലീസാണ് തന്റെ സഹോദരനെ കൊന്നതെന്ന് ഫർമാൻ പറയുന്നു. രാത്രി പോസ്റ്റ്‌മോർട്ടത്തിന് ശേഷം സൂര്യോദയത്തിന് മുമ്പായി മൃതദേഹം സംസ്‌കരിക്കണമെന്നും അല്ലാത്തപക്ഷം പോലീസ് മൃതദേഹം കൊണ്ടുപോയി സംസ്കരിക്കുമെന്നും പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയതായി കുടുംബാഗങ്ങൾ പറയുന്നു. ഭാര്യ മരണപ്പെട്ട ദുഃഖത്തിൽ നിന്നും കരകയറിവരുന്ന അർമാന്റെ പിതാവിനെ മകന്റെ വേർപാട് തെല്ലൊന്നുമല്ല ആഘാതം ഉണ്ടാക്കിയത്. ബ്രയിൻ കാൻസർ കാരണം ചികിത്സയിലാണ് പിതാവ്.

 

മുഖീം, 22

ഫിറോസാബാദിലെ മറ്റു ചെറുപ്പക്കാരെ പോലെ തന്നെ കുപ്പിവള നിർമാണ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു ഇരുപത് വയസ്സ് മാത്രം പ്രായമുള്ള മുഖീമും. ഫാക്ടറിയിൽ നിന്നും മടങ്ങിവരുന്ന വഴിയേ പോലീസ് വെടിവെപ്പിൽ ശരീരത്തിന്റെ പിൻഭാഗത്ത് വെടിയേൽക്കുകയായിരുന്നു മുഖീമിന്. ഗുരുതരമായി പരിക്കേറ്റ മുഖീമിനെ അമ്മാവൻ ഒരു ഉന്തുവണ്ടിയിൽ മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ഡോക്ടർമാർ മുഖീമിന് ചികിത്സ നിഷേധിച്ചെന്നും ശരീരത്തിലെ ചോരയൊഴുക്ക് നിർത്താൻ പോലും ശ്രമിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് ആഗ്രയിലേക്കും പിന്നീട് ഡൽഹിയിലേക്കും മുഖീമിനെ ബന്ധുക്കൾ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മൂന്നാം ദിവസം ഡിസംബർ 23ന് മുഖീം അന്ത്യശ്വാസം വലിച്ചു. എന്നാൽ മരണശേഷവും ആധാർ കാർഡില്ലാത്തതിനാൽ രണ്ടു ദിവസം കഴിഞ്ഞാണ് മൃതദേഹം ബന്ധുക്കൾക്ക് പോലീസ് വിട്ടുകൊടുത്തത്. ഡിസംബർ 25ന് രാത്രി മൃതദേഹം കൈമാറുമ്പോൾ, സൂര്യോദയത്തിന് മുമ്പേ മൃതദേഹം സംസ്‌കരിക്കണമെന്ന പോലീസ് ഭീഷണി ആവർത്തിച്ചു.

മുഹമ്മദ് ഹാറൂന്റെ ജ്യേഷ്ഠൻ ഖബറിനരികെ, Photo Courtesy: Shaheen Abdullah

നവി ജാൻ, 22

കാൽമുട്ട് വേദന കാരണം നടക്കാൻ ഏറെ പ്രയാസമാണ് ഹകീല ബീഗത്തിന്. എന്നും തന്റെ ഇരുപത്തിരണ്ടുകാരനായ മകൻ നവി ജാൻ ഫാക്ടറിയിലേക്ക് പോകും മുമ്പ് വീട്ടുകാര്യങ്ങളിൽ ഹകീല ബീഗത്തിനെ സഹായിക്കും. ഡിസംബർ 22 നും അതുതന്നെ ആവർത്തിച്ചു.

“ഉച്ചഭക്ഷണത്തിന് ശേഷമാണ് അവൻ പോയത്. നീ കാര്യമായൊന്നും കഴിച്ചില്ലല്ലോ എന്ന് ഞാനവനോട് പറഞ്ഞിരുന്നു. രാത്രി വൈകീട്ട് നല്ലവണ്ണം കഴിച്ചോളാം എന്ന് പറഞ്ഞിട്ട് അവൻ പോയി. ഇനി അവൻ വരില്ല,” ഹകീല ബീഗം പറയുന്നു.

വെള്ളിഴാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞു ഫാക്ടറിയിലേക്ക് പോയ നവി ജാൻ വഴിമധ്യേ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നു. പോലീസ് രീതി ആവർത്തിച്ചു. സൂര്യോദയത്തിന് മുമ്പ് മകന്റെ മൃതദേഹം സംസ്‌കരിക്കണമെന്ന പോലീസ് ഭീഷണി ഹകീലയെയും തേടിയെത്തി.

മുഹമ്മദ് അബ്റാർ, Photo Courtesy: Shaheen Abdullah

അബ്റാർ, 26

ഫിറോസാബാദിലെ പോലീസ് വെടിവെപ്പിൽ വെടിയേറ്റ് കൊല്ലപ്പെട്ടവരിൽ ഏറ്റവും അവസാനം ജീവൻ നഷ്ടപ്പെട്ടത് ഇരുപത്തിയാറുകാരനായ മുഹമ്മദ് അബ്റാറിനാണ്.

നട്ടെല്ലിലും തോളിലും പോലീസ് വെടിയുണ്ടകൾ തറച്ച അബ്‌റാർ രക്തത്തിൽ കുളിച്ചുനിൽകുന്നത് കണ്ട നാട്ടുകാർ ബന്ധുമിത്രാദികളെ അറിയിക്കുകയായിരുന്നു. ആംബുലൻസ് ഉൾപ്പടെയുള്ള ഒരു സംവിധാനങ്ങളും ലഭിക്കാതിരുന്നപ്പോൾ സഹോദരൻ മുത്തലിബ് രക്തത്തിൽ കുളിച്ചികിടക്കുന്ന അബ്‌റാറിനെയും കൊണ്ട് അമ്പത് കിലോമീറ്ററുകൾക്കപ്പുറത്തെ ആഗ്രയിലെ ഹോസ്പിറ്റലിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു.

ആഗ്രയിൽ മൂന്ന് സ്വകാര്യ ആശുപത്രികൾ അബ്റാറിന് ചികിത്സ നിഷേധിക്കുന്ന ഭീകരമായ അവസ്ഥയാണ് മുത്തലിബിന് നേരിടേണ്ടിവന്നത്. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും ഡൽഹി എയിംസിലേക്ക് റെഫർ ചെയ്യുകയും അവിടേക്ക് പോവുകയുമായിരുന്നു. രാജ്യതലസ്ഥാനത്തെ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും അബ്‌റാറിനും സഹോദരൻ മുത്തലിബിനും നേരിടേണ്ടിവന്നത് മറ്റൊരു ക്രൂരത. ബെഡ്ഡില്ല എന്ന് പറഞ്ഞു ചികിത്സിക്കാൻ പോലും വിസമ്മതിച്ചു മടക്കി അയക്കുകയായിരുന്നു അബ്‌റാറിനെ. തുടർന്ന് ഓഖ്‌ല എംഎൽഎയും ആം ആദ്മി പാർട്ടി നേതാവുമായ അമാനത്തുള്ള ഖാന്റെ ഇടപെടലിനെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദിവസങ്ങൾക്കുള്ളിൽ അബ്‌റാർ മരണപ്പെടുകയുമായിരുന്നു. ആറ് വയസ്സുകാരനായ മകനുള്ള അബ്റാറിന്റെ ജീവിത പങ്കാളി ഫർഹാന ജന്മനാ വികലാംഗയാണ്.


കടപ്പാട്: മക്തൂബ് മീഡിയ

ഷഹീൻ അബ്ദുള്ള