Campus Alive

ജയിലറകളിലെ ന്യൂനപക്ഷ പ്രതിനിധാനം; രാഷ്ട്ര നീതിയുടെ കാണാപ്പുറങ്ങൾ

ദേശ-രാഷ്ട്രങ്ങള്‍ക്കുള്ളിലെ വംശീയമായ നിയമവാഴ്ചകളെക്കുറിച്ചും ആധുനിക ജയിലറകള്‍ക്കുള്ളിലടക്കപ്പെടുന്ന ശരീരങ്ങളുടെ സ്വത്വ പ്രതിനിധാനത്തെക്കുറിച്ചുമെല്ലാം ലോകത്ത് ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യയിലെ ജയിലറകളില്‍ നിലനില്‍ക്കുന്ന വംശീയതാ ബോധങ്ങളെ അടയാളപ്പെടുത്താന്‍ ദേശീയ ഏജന്‍സികള്‍ പുറത്ത് വിട്ട ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ തന്നെ ധാരാളമാണ്. 1990കള്‍ക്ക് ശേഷമുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (NCRB) 2015 വരെയുള്ള കണക്കുകള്‍ ഇന്ത്യയിലെ ജയിലുകളിലുണ്ടായ ന്യൂനപക്ഷ വര്‍ദ്ധനവിനെ മനസ്സിലാക്കുന്നതില്‍ വളരെ പ്രസക്തമാണ്. Prison Satistics Of India  യുടെ കണക്കുകള്‍ പ്രകാരം 55 ശതമാനത്തോളം വരുന്ന വിചാരണ തടവുകാര്‍ മുസ്ലിം, ദലിത്, സിക്ക് ന്യൂനപക്ഷത്തില്‍പെട്ടവരാണ്. ഇന്ത്യയിലെ ജനസംഖ്യാ കണക്കുകള്‍ പ്രകാരമുള്ള മുസ്ലിം-ദലിത് വിഭാഗങ്ങളുടെ ആകെ ശതമാനത്തേക്കാള്‍ അധികമാണ് ജയിലുകളിലെ ഈ വിഭാഗങ്ങളുടെ സാനിധ്യം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലെ കണക്കുകളില്‍ 20 ശതമാനത്തോളം മുസ്ലിങ്ങളും, 30 ശതമാനത്തോളം ദലിതുകളുമാണ് ഇന്ത്യയിലെ  വിവിധങ്ങളായ ജയിലുകളിലുള്ളതായി കാണിക്കുന്നത്. ഇന്ത്യയിലെ സാമൂഹിക ഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള രാഷ്ട്ര ഭീകരതയുടെ പ്രകടമായ സ്വഭാവം തുറന്നുകാട്ടുന്നതിന് ഇവിടെയുള്ള വിചാരണത്തടവുകാരിലെ മുസ്ലിം-ദലിത് വിഭാഗങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ മതി. കണക്കുകള്‍ പ്രകാരം അരലക്ഷത്തോളം മുസ്ലിം വിചാരണതടവുകാരാണ് ഇന്ത്യയിലുള്ളത്. ഇവിടെ വ്യാപകമായി നടമാടിയിട്ടുള്ള മാവോവാദ ആരോപണ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ  എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

മേല്‍പറഞ്ഞ കണക്കുകളില്‍ മുസ്ലിം വിഭാഗത്തിന്‍റെയും ദലിതുകളുടെയും അധികമായ പ്രാതിനിധ്യത്തെ കുറിച്ചാണ് ഇനി എഴുതാന്‍ ശ്രമിക്കുന്നത്. ജയില്‍ ജനസംഖ്യ കണക്കുകള്‍ പ്രകാരം (Prison Statistics 2015), 15.8 ശതമാനത്തോളമാണ് കുറ്റം തെളിയിക്കപ്പെട്ടവരായുള്ളത്. 20.9 ശതമാനത്തോളം വിചാരണ തടവുകാര്‍ വ്യത്യസ്ഥ ജയിലുകളിലുണ്ട്. എന്നാല്‍ ഇന്ത്യയുടെ ജനസംഖ്യ കണക്കുപ്രകാരം 14.9 ശതമാനത്തോളമാണ് മുസ്ലിങ്ങളുള്ളത്. ഇതില്‍ ചില സംസ്ഥാനങ്ങളുടെ കണക്കുകള്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. 2015ലെ റിപ്പോര്‍ട്ടില്‍ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനസംഖ്യയിലെ മുസ്ലിം പ്രതിനിധാനവും സമാന്തരമായി ജയിലുകളിലെ മുസ്ലിം വിഭാഗത്തിന്‍റെ കണക്കുകളിലും വലിയ വിടവ് കാണാന്‍ സാധിക്കും. മഹാരാഷ്ട്രയുടെ ജനസംഖ്യയില്‍ 11.5 ശതമാനത്തോളമാണ് മുസ്ലിം സമുദായമുളളത്. എന്നാല്‍ 80 ശതമാനത്തോളം വരുന്ന വിചാരണതടവുകാര്‍ മുസ്ലിങ്ങളാണ്. 2014ലെ കണക്കുകളില്‍ 26% ആയിരുന്നു വിചാരണതടവുകാര്‍ ഉണ്ടായിരുന്നത്. ഏകദേശം 10 സംസ്ഥാനങ്ങളില്‍ വലിയ തരത്തിലുള്ള ഈ വിടവ് കാണാന്‍ സാധിക്കുന്നതാണ്.

സമാനമായ കണക്കുകളാണ് ദലിത് വിഭാഗത്തെക്കുറിച്ചും നിലവിലുള്ളത്. NCRB യുടെ 2013ലെ റിപ്പോര്‍ട്ട്  പ്രകാരം 39.9 ശതമാനത്തോളം വരുന്ന ഗുജറാത്തിലെ ജയില്‍ പൗരന്മാര്‍
ദലിതുകളാണ്. 8 ശതമാനം മാത്രം വരുന്ന ഗുജറാത്തിലെ ദലിത് വിഭാഗങ്ങളും 32.9% വരുന്ന ജയിലിലാക്കപ്പെട്ട ദലിതുകളും തമ്മില്‍ ഏകദേശം അഞ്ച് മടങ്ങോളം അന്തരം പ്രകടമാവുന്നുണ്ട്. രാഷ്ട്രം, നിയമം, അധികാരഘടന എന്നീ തലങ്ങളില്‍ മുസ്ലിം-ദലിതുകളോട് പുലര്‍ത്തുന്ന ഹിംസാത്മകമായ സമീപനത്തെയാണ് മേല്‍പറഞ്ഞ വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നത്. 2009ല്‍ രൂപപ്പെട്ട National Investigation Agency യുടെ കേസുകളില്‍ ഭൂരിഭാഗവും വിചാരണതടവുകാര്‍ മുസ്ലിം-ദലിത് വിഭാഗമാണ്. ആഭ്യന്തര സുരക്ഷ(Internal Security), എതിര്‍ ഭീകരത(Counter Terrorism), തീവ്രവാദത്തിനെതിരായ യുദ്ധം(War On Terror) എന്നീ നിര്‍മ്മിതിയില്‍ തീര്‍ത്തും മുസ്ലിം കേന്ദ്രീകൃത സ്വഭാവം എന്‍.ഐ.എ ഇടപെട്ട എല്ലാ കേസുകളിലുമുണ്ട്. ജിഹാദി  എന്നൊരു പ്രത്യേക വിഭാഗത്തെ  തന്നെ എന്‍.ഐ.എയുടെ കേസ് പട്ടികയില്‍ കാണാവുന്നതാണ്. ജിഹാദ് പോലുള്ള വാക്കുകളെ ഭീതി, തീവ്രത, ഭീകരവാദം എന്നിവയുമായി ബന്ധിപ്പിച്ച് വായിക്കുന്ന 9/11 ശേഷമുള്ള ലോകത്തുടനീളം വ്യാപിച്ച പ്രവണതകള്‍ എന്‍.ഐ.എ ഏറ്റെടുക്കുന്നതും യു.എ.പി.എ ചുമത്തപ്പെടുന്നതുമായ കേസുകളില്‍ കാണുവാന്‍ സാധിക്കുന്നതാണ്. സിമി പോലുള്ള സംഘടനകളെ തിരിച്ചറിയുന്നതും  വായനകളില്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്നതും ഈയൊരു പ്രയോഗത്തിലാണ്. സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യയെ, 2001ലെ നിരോധനത്തിന് ശേഷം വന്ന ഭീകരവാദ – തീവ്രവാദ കേസുകളിലും വ്യവഹാര നിര്‍മ്മിതികളിലും പൊതു-ബോധങ്ങളെ തൃപ്തിപ്പെടുത്തുന്നതിലുമുള്ള പ്രധാന ടൂള്‍ ആയിട്ടാണ് സ്റ്റേറ്റ് ഉപയോഗിച്ചത്. എല്ലാ കേസുകളിലും, യു.എ.പി.എ, കരിനിയമ കേസുകളില്‍ പ്രത്യേകിച്ചും സിമി പ്രവര്‍ത്തനം എടുത്ത് കാണിക്കാന്‍ മീഡിയകളും ബ്യൂറോക്രസികളും ആവേശം കാണിക്കാറുണ്ട്. ഇനി എന്‍.ഐ.എ കേസുകളിലെ മുസ്ലിം വേട്ട എടുത്തു പറയേണ്ട ഒന്നാണ്. ഉദാഹരണത്തിന് കേരളത്തില്‍ എന്‍.ഐ.എ അന്വേഷിച്ച ഭൂരിഭാഗ കേസുകളിലും വിചാരണതടവുകാരായി ഉള്ളത് മുസ്ലിങ്ങളാണെന്നുള്ളത് പാനായിക്കുളം, നാറത്ത്, കളമശ്ശേരി ബസ്സ് കത്തിക്കല്‍ എന്നീ കേസുകളുടെ ചാര്‍ജ്ഷീറ്റ് പരിശോധിച്ചാല്‍ മനസ്സിലാകാവുന്നതേയുള്ളൂ. മറ്റൊന്ന്‌
മാവോഭീകരവാദ കേസുകളാണ്. മുബൈയില്‍ നടന്ന താജ് ആക്രമണത്തിന് ശേഷം രൂപീകരിച്ച രണ്ട് സുപ്രധാന സായുധ സേനയും ഏജന്‍സിയുമാണ് തെണ്ടര്‍ബോള്‍ട്ടും എന്‍.ഐ.എയും. സ്റ്റേറ്റിന്‍റെ ഭീകരത വളരെ പ്രകടമായ രൂപത്തില്‍ ഇവ രണ്ടിലും പ്രവര്‍ത്തിക്കുന്നു. 2014 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരളത്തില്‍ വളരെ കൂടുതല്‍ മവോ-തീവ്ര-മുസ്ലിം വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളുണ്ട് എന്ന ആശങ്ക പ്രധാനമന്ത്രിയുമായി പങ്കുവെച്ചത് പത്രമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. എങ്ങനെയാണ് പൊതു വ്യവഹാരങ്ങളില്‍ ഈയൊരു മാവോയിസ്റ്റ് ഭീകരവാദ ആരോപണങ്ങളും ഇസ്ലാം-തീവ്ര ഇസ്ലാം എന്ന വൈരുദ്ധ്യവും ഇസ്ലാമോഫോബിക് ആയ സമീപനങ്ങളും ഉണ്ടാവുന്നത് എന്നതിനെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുമുണ്ട്.

ജനാധിപത്യം ജയിലുകളില്‍

പ്രസ്തുത കണക്കുകളും വിശദീകരണവുമനുസരിച്ച് ജയിലില്‍ തടവുപുള്ളികളായ ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരോടുള്ള ഭരണഘടനയുടെയും ജാനാധിപത്യ പ്രക്രിയകളുടെയും സമീപനം തീര്‍ത്തും പ്രശ്നകരമാണ്. ഭൂരിപക്ഷസമുദായങ്ങളുടെ, പ്രത്യേകിച്ചും ഹിന്ദു സമുദായത്തിന്‍റെ ജയില്‍ കണക്കുകളിലില്ലാത്ത വര്‍ധനവ് എങ്ങനെയാണ് ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിങ്ങളിലും ദലിതുകളിലും ഉണ്ടാവുന്നത് എന്നതാണ്‌ ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം. ഇന്ത്യയെക്കുറിച്ചുള്ള ദേശ-നിര്‍മ്മിതികളും അതിനോട് ചുറ്റിപ്പറ്റിയുള്ള
വ്യവഹാരങ്ങളും രൂപീകരിക്കുന്നതും അതില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതും മുസ്ലിം-ദലിത് ന്യൂനപക്ഷ വിഭാഗങ്ങളിലൂടെയാണ് എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഈയൊരു ‘അപര വിഭാഗം’ (മുസ്ലിം-ദലിത്) ജയിലുകളില്‍ ഉണ്ടാക്കിയെടുക്കുന്ന സഹവര്‍ത്തിത്വവും സാഹോദര്യവും അവരുടെ വേദനകളും സൃഷ്ടിച്ചെടുക്കുന്നത് വളരെ ജനാധിപത്യപരമായ ഭാവുകത്വങ്ങളാണ്.

ദേശരാഷ്ട്രങ്ങള്‍ നിര്‍മ്മിച്ചെടുത്ത Penal Democracy(James 2007) അല്ലെങ്കില്‍ Punitive Democracy,   നിര്‍മ്മിച്ചെടുത്ത ബ്യൂറോക്രാറ്റിക് യുക്തിബോധമുണ്ട്. നിലവിലുള്ള വ്യവസ്ഥകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ജനാധിപത്യ മാതൃകകള്‍ രൂപപ്പെടുന്നത് ഇത്തരം യുക്തികളില്‍ നിന്നാണ്. പൊതുവെ അപരന്‍ എന്ന കാറ്റഗറിയെ സൃഷ്ടിക്കുന്നത് ഭരണപ്രക്രിയകളുടെ യുക്തിബോധത്തില്‍ നിന്നാണ്. എന്നാല്‍ ജയിലുകളില്‍ പ്രകടമാവുന്ന ജാനാധിപത്യ ഭാവുകങ്ങള്‍ ഒരു Ethos ആയി പ്രവര്‍ത്തിക്കുന്നു. നിലവിലുള്ള ജനാധിപത്യ ഭാവുകങ്ങളില്‍ നിന്ന് വ്യതിരിക്തമായി ഒന്നിനെ നിര്‍മ്മിക്കുന്നതില്‍ അത് സാധ്യത നല്‍കുന്നു. ഇന്ത്യന്‍ ജയിലുകളുടെ ഘടനകള്‍ മേല്‍പറഞ്ഞ ജാനാധിപത്യ ഭാവുകങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഫാസി ജയിലുകള്‍, അന്ത ജയിലുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ നിരസിക്കപ്പെടുന്ന, മനുഷ്യനെന്ന പരിഗണനപോലും ലഭിക്കാത്ത ഇരുണ്ട ജയിലറകള്‍ ഇന്ത്യയിലെ വ്യത്യസ്ഥ  പ്രദേശങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. മഹാരാഷ്ട്രയിലെ പോലീസിന്‍റെ ചോദ്യം ചെയ്യലിലുള്ള ക്രൂരതകള്‍ അരുണ്‍ ഫെരേറ തന്‍റെ പുസ്തകത്തില്‍ (Colours of the Cage: A Prison Memoir) വിവരിക്കുന്നുണ്ട്.

കേരളത്തില്‍ പോലീസിന്‍റെയും സ്റ്റേറ്റിന്‍റെയും മുസ്ലിം വിരുദ്ധ വംശീയതയും ദലിതരോടുള്ള ആകുലതകളും പ്രകടമായി കാണാവുന്നതാണ്. ഇവിടത്തെ പോലീസ് സംവിധാനത്തില്‍ അടിയുറച്ച ഘടനാപരമായ ഇസ്ലാമോഫോബിയയുടെയും കീഴാള വിരുദ്ധ വംശീയതയുടെയും മരിക്കാത്ത ബിംബങ്ങളാണ് കൊല്ലം കുണ്ടറയില്‍ പോലീസ് ലോക്കപ്പില്‍ വെച്ച് കൊല ചെയ്യപ്പെട്ട ദലിത് യുവാവായ കുഞ്ഞുമോനും മുസ്ലിം തീവ്രവാദി എന്നു അട്ടഹസിച്ച് പോലീസ് വെടിവെച്ചു കൊന്ന പതിനാലു വയസ്സുകാരിയായ സിറാജുന്നിസയും ബീമാപ്പള്ളിയില്‍ പോലീസ് നിഷ്ഠൂരമായി ഇല്ലായ്മ ചെയ്യപ്പെട്ട മുസ്ലിം ജീവനുകളുമെല്ലാം. മേല്‍പറഞ്ഞ ജയിലുകളിലെ തടവുകാരില്‍ രൂപപ്പെടുന്ന ജനാധിപത്യ ഭാവുകങ്ങളെ വിശദീകരിക്കുന്ന അനുഭവങ്ങളെയും സന്ദര്‍ഭങ്ങളെയും കേരളത്തിലെ ജയിലുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. കേരളത്തില്‍ പ്രധാനപ്പെട്ട മൂന്ന് സെന്‍ട്രല്‍ ജയിലുകളാണുള്ളത്. യു.എ.പി.എ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ നിലവിലുള്ള ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിലെ തന്നെ ആദ്യത്തെ യു.എ.പി.എ പ്രകാരം ചുമത്തപ്പെട്ട കേസാണ് പാനായിക്കുളം കേസ്. 12-14 വര്‍ഷത്തോളം ശിക്ഷ വിധിക്കാന്‍ മാത്രം എന്ത് കുറ്റമാണ് ചെയ്തത് എന്ന കേവല ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പാനായിക്കുളം കേസുമായി ബദ്ധപ്പെട്ട് എന്‍.ഐ.എ നല്‍കിയ ചാര്‍ജ്ഷീറ്റിന് സാധിച്ചിരുന്നില്ല. നിയമ-സംവിധാനങ്ങളുടെ നൈതികമായ വിചാരണ പ്രക്രിയയുടെ ഇല്ലായ്മ യു.എ.പി.എ കേസുകളുടെ വിചാരണകളില്‍ കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ഉടനീളം സ്ഥാപിച്ചിട്ടുള്ള എന്‍.ഐ.എ കോടതികള്‍ തീര്‍ത്തും ദലിത്-മുസ്ലിം കേന്ദ്രീകൃത പ്രവണത ധാരാളമായി ഉണ്ടെന്ന് തടവുകാരുമായി നടത്തിയ സംഭാഷണങ്ങളില്‍ അവര്‍ തന്നെ പറയുന്നുണ്ട്. യു.എ.പി.എയേക്കാള്‍ കൂടുതല്‍ പ്രശ്നകരമാണ് എന്‍.ഐ.എ കേസുകളിലുള്ള രീതികളും പ്രക്രിയകളും. എന്‍.ഐ.എ കോടതികള്‍ തീര്‍ത്തും ഇസ്ലാമോഫോബിക്കാണ്. ഇത് എന്‍.ഐ.എ കേസുകളെ ചരിത്രപരമായി പഠിക്കുമ്പോള്‍ മനസ്സിലാക്കാവുന്നതാണ്.

‘യു.എ.പി.എ ക്കാരനാണ്’ എന്ന പരികല്‍പന തന്നെ കൂടുതല്‍ പ്രശ്നമുള്ള തടവുകാരനാണ് എന്ന പ്രതീതിയാണ് ജയിലുകള്‍ക്കുള്ളിലും ആന്തരികമായി നിലനില്‍ക്കുന്നത്. ഇത് ജയിലിനുള്ളിലെ അധികാരഘടനയില്‍ യു.എ.പി.എ ചുമത്തപ്പെടുന്നവനെ വീണ്ടും അപരവത്കരിക്കുന്നതിന് (Otherising) കാരണമാകുന്നു. മാവോയിസ്റ്റ് ആരോപണ കേസുകളിലെ തടവുകാര്‍ക്ക് ലഭിക്കുന്ന മേല്‍പറഞ്ഞ പ്രയോഗവുമായി ബന്ധപ്പെട്ട പരിഗണന പോലും മുസ്ലിങ്ങള്‍ക്ക് ലഭിക്കാറില്ല എന്നതാണ് വസ്തുത. ‘അവന്‍ യു.എ.പി.എക്കാരന്‍’ എന്നതിനപ്പുറം ‘അവന്‍ മുസ്ലിമാണ്’ എന്നു വേണമെങ്കില്‍ ഇത്തരം സമീപനങ്ങളെ വായിക്കാവുന്നതാണ്. നീതി, സഹിഷ്ണുത, കരുണ എന്നുള്ള മൗലിക മൂല്യങ്ങളുടെ ശൂന്യതയില്‍ നിന്നാണ് അത്തരം പ്രയോഗങ്ങളെ രൂപപ്പെടുത്തുന്നത്. ഇത് പലപ്പോഴും ജയിലിലെ അവരുടെ ന്യായമായ ചോദ്യങ്ങളെയും അവകാശങ്ങളെയും നിരാകരിക്കുന്നു. പൗരന്‍, സമൂഹം, രാഷ്ട്രം എന്നീ സംഹിതകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ‘അവന്‍ യു.എ.പി.എക്കാരനാണ്’  എന്ന പ്രയോഗത്തിന് സാധിക്കുന്നു. ഇത് നിലവിലുള്ള വ്യവഹാരങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്ന ചില ബോധങ്ങളും വാര്‍പ്പു മാതൃകകളുമുണ്ട്. പാനായിക്കുളം, നാറാത്ത് കേസുകളിലെ തടവുകാരുമായി നടത്തിയ സംഭാഷണത്തില്‍ ജയിലുകളില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ വിശദീകരിക്കുന്നിടത്ത് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

ഇന്ത്യയുടെ വ്യത്യസ്ത ജയിലുകളില്‍ യു.എ.പി.എ കേസുകളില്‍ തടവുകാരായവരുടെയും മറ്റു വിചാരണതടവുകാരുടെയും ജയില്‍ ജീവിതങ്ങളെക്കുറിച്ചും പോലീസിന്‍റെ കസ്റ്റോഡിയല്‍ വിചാരണകളുടെ കഠിനതയെക്കുറിച്ചുമെല്ലാം പല പഠനങ്ങളും നടന്നിട്ടുണ്ട്. മാവോയിസ്റ്റ,് യു.എ.പി.എ കേസിലെ പ്രതികള്‍ക്ക് കിട്ടുന്ന ജയില്‍ സെല്ലുകള്‍ വ്യത്യസ്തമാണ്. സാധാരണ സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിരസിക്കപ്പെട്ട ഇരുണ്ട ജയിലറകളാണ് അത്തരം വിചാരണത്തടവുകാര്‍ക്ക് ലഭിക്കാറുള്ളത്. ഇരുണ്ട ജയിലറകളില്‍ പോലീസ് കസ്റ്റോഡിയല്‍ റിമാന്‍ഡില്‍ ഉണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ ജൂഡീഷ്യല്‍ റിമാന്‍ഡുകളില്‍ ഇല്ലാത്ത തരത്തിലുള്ള നിയമ ലംഘനങ്ങളാണ് നടക്കാറുള്ളത്. മനുഷ്യാവകാശങ്ങളുടെ അതിഭീകരമായ ലംഘനമാണ് ഇത്തരം ജയിലുകളില്‍ നടക്കാറുള്ളതെന്നാണ് ജയില്‍തടവുകാര്‍ പറയുന്നത്. ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ സംവിധാനങ്ങള്‍ ഇല്ലാതെയും യൂണിഫോം മാറ്റിയുമാണ് എത്തുന്നത്. കസ്റ്റഡി മരണങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉദ്യോഗസ്ഥരെ തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 1996ലെ സുപ്രീം കോടതിയിലെ  ഡി.കെ ബാസു ഉത്തരവിന്‍റെ  ലംഘനമാണ് പോലീസിന്‍റെ ചോദ്യംചെയ്യല്‍ രീതികള്‍ തുറന്നുകാട്ടുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ രണ്ടും മൂന്നും ദിവസം അടിവസ്ത്രം മാത്രം ധരിച്ച് കൊണ്ട് ഒരു റൂമിനുള്ളില്‍ രണ്ട് ഇഷ്ടികയുടെ മുകളില്‍ താഴെ വെള്ളവുമായി നില്‍ക്കേണ്ടി വരുന്നത് പോലുള്ള മുറകളാണ് നിലവിലുള്ളത്.

ജയിലുകള്‍ക്കുള്ളില്‍ തുടരുന്ന കൊടിയ പീഡനങ്ങളെയും ഹിംസാത്കമായ രീതികളെയും മുസ്ലിം ശരീരങ്ങള്‍ അതിജീവിക്കുന്നതായി കാണാം. യഥാര്‍ത്ഥത്തില്‍ എന്താണ് അവരെ മുന്നോട്ട് നയിക്കുന്നത്? ഒരിക്കലും നീതി ലഭിക്കില്ല എന്ന പ്രതീക്ഷയുടെ ലോകത്ത് നിന്ന് നാളെ പടച്ചവന്‍റെ മുന്നില്‍ നീതി ലഭിക്കുമെന്ന ഉത്തമ ബോധ്യം പേറുന്ന സക്കറിയയുടെ ഉമ്മ, ബീയുമ്മയെ മുന്നോട്ട് നയിക്കുന്ന ദൈവിക നീതി (Divine justice) തന്നെയാകും അത്. മുസ്ലിം സ്വത്വങ്ങളെ ക്രമപ്പെടുത്താനുള്ള ദേശ-രാഷ്ട്ര-അധികാര വ്യവഹാരങ്ങളുടെ ശ്രമങ്ങളെ ബീയുമ്മ വിശ്വസിക്കുന്ന നീതി വിഫലമാക്കുന്നു. യു.എ.പി.എ ചാര്‍ത്തപ്പെട്ട ഒരു വ്യക്തിയാണ് കേരളത്തിലെ ഒരു ജയിലില്‍ ഖുതുബ നടത്തുന്നത്. ഖുതുബകള്‍, പരസ്പര സംഭാഷണങ്ങള്‍, കേവല യുക്തിക്കപ്പുറമുള്ള പ്രതീക്ഷകള്‍, സഹവര്‍ത്തിത്വങ്ങള്‍ എന്നിവയെല്ലാം നിലവിലുള്ള ഇടങ്ങളെയും സാഹചര്യങ്ങളെയും പ്രശ്നവല്‍ക്കരിക്കുന്നു. സമയ-കാലാടിസ്ഥാനത്തിലുള്ള വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നുമാത്രമല്ല ഇവയെ തിരസ്ക്കരിക്കുവാനും സാധിക്കുന്നു. സ്റ്റേറ്റിന്‍റെ എല്ലാ ഏജന്‍സികളും മുസ്ലിം എന്ന സ്വത്വത്തെ ക്രമപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ ഈയൊരു പ്രതിസന്ധി ദേശം, രാഷ്ട്രം, ദേശീയത തുടങ്ങിയ എല്ലാ അധീശ വ്യവഹാരങ്ങളും അനുഭവിക്കാറുണ്ട്.

 

References;

  1. Over representation of Minorities in Indian Prisons. Article by Irfan Ahmed and Zakaria Siddiqui                         EPW Nov.2017
  2. Minority Rights Group International Advocacy Statements May 2017
  3. Indian National Crime Bureau- Prison Statistics 2017
  4. Colours of the Cage: A Prison Memoir Book by Arun Ferreira                                                                                        Aleph Book Company 2007
  5. Interview With Rasik Eerattupetta, From Viyyur Central Jail

റബീഹ്‌ ഇബ്രാഹീം