Campus Alive

‘എനിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്’

ഐ.ഐ.എം അലഹബാദിലെ പൂര്‍വ്വവിദ്യാര്‍ഥിയും ഐ.ഐ.ടി പ്രഫസറും BPCL ന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററും പെട്രോനെറ്റ് ഇന്ത്യയുടെ മുന്‍ എം.ഡി& സി.ഇ.ഒ യും 26 ഓളം പുസ്തകങ്ങളുടെ കര്‍ത്താവും, ജാതി, വര്‍ഗ്ഗ പോളിസി വിഷയങ്ങളില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുകയും ജനാധിപത്യ-വിദ്യാഭ്യാസ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാവുകയും ചെയ്യുന്ന ഞാന്‍ സ്വാതന്ത്രാനന്തര ഇന്ത്യയില്‍ സ്റ്റേറ്റ് നടത്തിയ ഏറ്റവും നീചമായ ഗൂഡാലോചനക്കിരയായി ‘അര്‍ബന്‍ മാവോയിസ്റ്റ്’ എന്ന വ്യാജ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിന്റെ വക്കത്ത് നില്‍ക്കുകയാണിപ്പോള്‍…

എനിക്കെതിരായി പൂനെ പോലീസ് കെട്ടിച്ചമച്ച വ്യജ എഫ്..ഐ.ആര്‍ റദ്ധാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ നല്‍കിയ അപ്പീല്‍ ജനുവരി 14-ാം തീയതി സുപ്രീം കോടതി തള്ളിക്കളഞ്ഞ വിവരം നിങ്ങളെല്ലാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കുമല്ലോ. ഭാഗ്യവശാല്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന കോടതിയില്‍ നിന്നും മുന്‍കൂര്‍ജാമ്യമെടുക്കാന്‍ മൂന്നാഴ്ച്ചത്തെ സാവകാശം സുപ്രീം കോടതി എനിക്ക് നല്‍കിയിരിക്കുകയാണ്. പോലീസ് എനിക്കെതിരെ ചാര്‍ത്തിയ എല്ലാ കുറ്റങ്ങളും എന്നെ കുറ്റവാളിയാക്കി മുദ്രകുത്താനാണെന്ന് കോടതിക്ക് ബോധ്യപ്പെടുമെന്ന ആത്മവിശ്വാസം എന്റെ അപ്പീല്‍ കോടതി തള്ളിക്കളയുന്നത് വരെ എനിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ നിങ്ങളെ ഇതറിയിക്കേണ്ട ആവശ്യമുണ്ടാവില്ലെന്ന് ഞാന്‍ കരുതി. എന്നാല്‍ എന്റെ പ്രതീക്ഷകളെല്ലാം തന്നെ തകര്‍ന്ന് പോവുകയും പൂനെ സെഷന്‍ കോടതിയില്‍ നിന്നും സുപ്രീം കോടിതിയിലേക്ക് ജാമ്യത്തിനപേക്ഷിക്കാം എന്ന ഏക പ്രതീക്ഷയുമായി മടങ്ങുകയുമാണുണ്ടായത്. അതിനാല്‍ തന്നെ സമൂഹത്തിലെ വ്യത്യസ്ത മേഘലകളില്‍ നിന്നുള്ള ആളുകള്‍ എന്നെ പിന്തുണക്കണമെന്നും അതുമൂലം ആസന്നമായ അറസ്റ്റില്‍ നിന്നും എന്നെ രക്ഷിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്.

യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യപ്പെടുക എന്നത് വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുക എന്നാണ് അര്‍ഥമെന്ന് നമ്മളില്‍ പലര്‍ക്കുമറിയില്ല. കൊടും കുറ്റവാളിയായ ഒരാള്‍ക്ക് പോലും ഒന്നോ രണ്ടോ വര്‍ഷത്തെ നിശ്ചിത ശിക്ഷ കഴിഞ്ഞ് പുറത്തുവരാന്‍ കഴിയും. എന്നാല്‍ രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലീസിന് നിരപരാധിയായ ഒരാളെ, അദ്ദേഹത്തിനെതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞ് വര്‍ഷങ്ങളോളം ജയിലിലടക്കാന്‍ കഴിയും. അറസ്റ്റ് എന്നത് എന്നെ സംബന്ധിച്ചിറത്തോളം ജയില്‍ ജീവിതത്തിന്റെ കാഠിന്യം മാത്രമല്ല, അത് എന്റെ ശരീരത്തിന് ഒഴിച്ചുകൂടാനാവത്ത എന്റെ ലാപ്‌ടോപ്പില്‍ നിന്നും എന്നെ മുറിച്ചുമാറ്റുന്ന ഒരു പ്രവൃത്തിയാണ്, അത് എന്റെ ജീവിതത്തിന്റെ ഭാഗമായ എന്റെ ലൈബ്രറിയില്‍ നിന്നും എന്നെ അകറ്റുന്നു, വ്യത്യസ്തരായ പ്രസാധകരോട് കരാര്‍ ചെയ്ത പകുതിയായ പുസ്തകങ്ങള്‍ എനിക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോകും, എന്റെ ഗവേഷണത്തിലെ പല ഭാഗങ്ങളും പൂര്‍ത്തീകരിച്ചിട്ടില്ല,  എന്നെ ആശ്രയിച്ച് മാത്രം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്, എന്റെ സ്ഥാപനം എന്റെ പേരില്‍ വൈജ്ഞാനികമായി ഒരുപാട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ഈയടുത്ത് എന്നെ അവരുടെ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്, എന്റെ ധാരാളക്കണക്കിന് സുഹൃത്തുക്കള്‍, ഈ വിധിക്കെതിരെ ശക്തമായി വാദിച്ച ബാബാ സാഹിബ് അംബേദ്കറിന്റെ കൊച്ചുമകളായ എന്റെ ഭാര്യയും എനിക്കെന്താണ് സംഭവിക്കുന്നത് എന്ന് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ അറിയാതെ വിഷമിക്കുന്ന എന്റെ പെണ്‍മക്കളും അടങ്ങിയ എന്റെ കുടുംബം, എല്ലാം എനിക്ക് നഷ്ടപ്പെട്ടേക്കാം.

പാവപ്പെട്ട ഒരു കുടുംബത്തിലെ വളരെ പാവപ്പെട്ടവനായാണ് ഞാന്‍ ജനിക്കുന്നത്. രാജ്യത്തെ മികച്ച  സ്ഥാപനങ്ങളില്‍ നിന്നും ഏറ്റവും മികച്ച നേട്ടങ്ങളോടു കൂടിയാണ് ഞാന്‍ കടന്നു വരുന്നത്. എനിക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സാമൂഹികപ്രശ്‌നങ്ങളെ കണ്ടില്ലെന്നു നടിച്ചിരുന്നെങ്കില്‍  പ്രസിദ്ധമായ അഹ്മദാബാദ് ഐ.ഐ.ടി യില്‍ നിന്നും പഠിച്ചിറങ്ങി എന്ന ഒറ്റക്കാരണത്താല്‍ എനിക്ക് ആഡംബരമായ ജീവിതം തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് നന്മ ആഗ്രഹിച്ചതിനാല്‍ തന്നെ എന്റെ കുടുംബത്തിന് ആവശ്യമായത് മാത്രം സമ്പാദിച്ച് ബാക്കി സമയം വൈജ്ഞാനികമായ സംഭാവനകള്‍- എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ കുറച്ചുകൂടി നീതിപൂര്‍വ്വമാക്കാന്‍ എനിക്കു കഴിയുന്ന ഏക കാര്യം- ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഈയൊരു ആന്തരിക തേട്ടം ഉണ്ടായത് കൊണ്ടുതന്നെ സ്‌കൂള്‍, കോളേജ് കാലഘട്ടങ്ങളിലെ ആക്റ്റിവിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ഇന്ന് ജനറല്‍ സെക്രട്ടറി ആയിരിക്കുന്ന Committee for Protection of Democratic Rights (CPDR) എന്ന സംഘടനയിലേക്കും അദ്ധ്യക്ഷസഭാംഗമായിരിക്കുന്ന All India Forum for Right to education (AIFRTE) എന്ന സംഘടനയിലേക്കും എന്നെ കൊണ്ടെത്തിച്ചു. ഇക്കാലമത്രയുമുള്ള എന്റെ ബൃഹത്തായ എഴുത്തുകളിലും സ്വന്തത്തെ പരിഗണിക്കാതെയുള്ള ആക്റ്റിവിസ്റ്റ് പ്രവര്‍ത്തനങ്ങളിലുമെല്ലാം തന്നെ ഒരുതരി പോലും നിയമത്തിന് വിരുദ്ധമായ ഒന്നും തന്നെ കാണാന്‍ സാധിക്കുകയില്ല. മറിച്ച് നാല്‍പതു വര്‍ഷത്തോളമായുള്ള എന്റെ അക്കാദമിക, കോര്‍പ്പറേറ്റ് കരിയര്‍ എന്നത് ലേശം പോലും കളങ്കമില്ലാത്തതും വലിയ അളവില്‍ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്. അതിനാല്‍ തന്നെ ഞാന്‍ എന്റെ ഔദ്യോഗിക ജീവിതത്തിലൂടെ ഒരുപാട് സംഭാവനകള്‍ നല്‍കിയ എന്റെ നാട്ടിലെ സ്റ്റേറ്റ് സംവിധാനങ്ങള്‍ എന്നെ കുറ്റവാളിയായി മുദ്രകുത്തി എനിക്കെതിരെ തിരിയുമെന്ന് ഏറ്റവും വെറുക്കപ്പെട്ട ദുഃസ്വപ്‌നങ്ങളില്‍ പോലും ഞാന്‍ വിഭാവനം ചെയ്തിട്ടില്ല.

ഇന്ത്യയിലെ പ്രതികാരദാഹിയായ സ്റ്റേറ്റ് സംവിധാനങ്ങള്‍ കള്ളന്‍മാരും കൊള്ളക്കാരുമായ ആളുകളെ സംരക്ഷിക്കാന്‍ വേണ്ടി നിരപരാധികളായ ആളുകളെ വേട്ടയാടിക്കൊണ്ടിരിക്കുകയും അതുമൂലം ഈ രാജ്യം ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യമായി മാറിയിരിക്കുന്നു എന്നല്ല, മറിച്ച് ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും, ചിന്തകരെയും സാമൂഹിക പ്രവര്‍ത്തകരെയും ജയിലിലടക്കാനായി ‘എല്‍ഗാര്‍ പരിഷത്ത്’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടി അധികാര ദുര്‍വിനിയോഗത്തിന്റെയും അന്ധതയുടെയും മുമ്പില്ലാത്തവിധമുള്ള തെളിവാണ്. സ്വാതന്ത്രാനന്തര ഇന്ത്യയിലുണ്ടായിട്ടുള്ള ഏറ്റവും നീചമായ ഗൂഢാലോചനയായിരിക്കാമിത്. സ്‌റ്റേറ്റിനെ വിമര്‍ശന വിധേയമാക്കുന്ന പൗരന്മാരെ അവരുടെ ജനാധിപത്യ അവകാശങ്ങളെ പോലും വകവെച്ചു നല്‍കാതെ പകയോടുകൂടി അവരെ വേട്ടയാടുകയാണിവിടെ.

ഇപ്പോള്‍ എനിക്കു മേല്‍ കെട്ടിച്ചമക്കപ്പെട്ട കേസ് അതിന്റെ ഏറ്റവും ഗൗരവപ്പെട്ട ഒരു ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. എന്റെ നിഷ്‌കളങ്കമായ എല്ലാ പ്രതീക്ഷകളെയും തകര്‍ന്നുപോയിരിക്കുകയും ആസന്നമായ അറസ്റ്റിനാല്‍ തന്നെ മാനസികമായി വളരെ തകര്‍ന്ന അവസ്ഥയിലാണ് ഞാന്‍. എന്നെക്കൂടാതെ കുറ്റാരോപിക്കപ്പെട്ട ഒന്‍പതുപേര്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുകയാണ്. അവര്‍ നിയമക്കുരുക്കുകളില്‍ പെട്ട് വളരെയധികം ദുരിതം അനുഭവിച്ച് കൊണ്ടിരിക്കുന്നു. എന്നെപ്പോലെ നിങ്ങളുടെ സഹായം ആവശ്യപ്പെടാനുള്ള അവസരം അവര്‍ക്കില്ല. എന്നോട് ഐക്യപ്പെട്ടുകൊണ്ട് നിങ്ങള്‍ നില്‍ക്കുമ്പോള്‍ അത് ഈ വേട്ടയാടലിനെ പ്രതിരോധിക്കാന്‍ എനിക്കും എന്റെ കുടുംബത്തിനും കരുത്ത് നല്‍കുന്നു എന്ന് മാത്രമല്ല, മറിച്ച് ഇന്ത്യയില്‍ ഭരണകൂടത്തോട് ‘നോ’ പറയാന്‍ കെല്‍പ്പുള്ള ജനങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് ഫാഷിസ്റ്റ് ഭരണകൂടത്തോടുള്ള സന്ദേശം കൂടിയാകുമത്. ഭരണകൂടത്തിന്റെ ഇത്തരമൊരു നീചമായ കൂത്താട്ടത്തെ എതിര്‍ത്തില്ലാതാക്കാന്‍ ശക്തമായ പൊതു പ്രക്ഷോഭങ്ങളിലേക്ക് ആവശ്യമായ ഒപ്പുശേഖണം, പത്രക്കുറിപ്പ്, ലേഖനം തുടങ്ങി നിങ്ങളുടെ കഴിവിനനുസരിച്ചുള്ള പദ്ധതികള്‍ രൂപ്പെടുത്താന്‍ ഈ കുറിപ്പ് നിങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

ആനന്ദ് തെല്‍തുംഡെ