Campus Alive

പൗരത്വ ബില്ലും കുടിയേറ്റ ജനതയും: ഇന്ത്യന്‍ ജനാധിപത്യത്തിലെ വിടവുകള്‍

ഒരു ദേശം(Nation) ഉണ്ടായിത്തീരുക എന്നത് എപ്പോഴും വ്യവസ്ഥാപിതമായ അപരനെ നിര്‍മ്മിച്ചുകൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നാണ്. അഥവാ അപരവത്കരണം(Otherisation) എന്നത് ദേശരൂപീകരണത്തിന്റെ(Nation Formation) ആന്തരികമായ അടിത്തറയില്‍ത്തന്നെ പെട്ടതാണ്. ഒരു രാജ്യത്തെ അംഗമാവുക എന്നത്‌ തന്നെയും ഇത്തരത്തിൽ അപരവത്കരണത്തിലൂടെ ഉണ്ടായിത്തീരുന്ന ഒന്നാണ്. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ പൗരത്വത്തെ പറ്റി ഗൗരവതരമായ ചര്‍ച്ചകള്‍ രാഷ്ട്രീയ ചിന്തകര്‍ക്കിടയിലും ദേശീയവാദികള്‍ക്കിടയിലുമെല്ലാം നടന്നിട്ടുണ്ട്. 1955 ലെ സിറ്റിസണ്‍ഷിപ്പ് ആക്റ്റ്, പൗരത്വമെന്നത് സ്വാഭാവികമായി നടപ്പില്‍ വരുത്തണമെന്നും അതിന് മറ്റു തടസ്സങ്ങളൊന്നും പാടില്ലെന്നും പറയുന്നുണ്ട്. എന്നാല്‍ മുസ്‌ലിംകളെ പോലുള്ള ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം പൗരത്വം എന്നത് എപ്പോഴും പ്രയാസകരമായ ഒന്നായാണ് അനുഭവപ്പെടാറുള്ളത്. ഉദാഹരണത്തിന്, ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അയാള്‍ക്കാവശ്യമായ രേഖകള്‍ സമ്പാദിക്കുക എന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ഒരു മുസ്‌ലിം പാസ്‌പോര്‍ട്ടിനോ വോട്ടര്‍ ഐഡിക്കോ ആധാര്‍ കാര്‍ഡിനോ അപേക്ഷിക്കുമ്പോള്‍ എന്തിനാണ് നിങ്ങള്‍ അത് ചെയ്യുന്നത് എന്ന സ്വാഭാവികമായ ചോദ്യം ഇന്ത്യയിലെ ബ്യൂറോക്രാറ്റുകളില്‍ നിന്നും കേള്‍ക്കാന്‍ കഴിയും. ഒരു മുസ്‌ലിമിന് ഇന്ത്യക്കാരനാവണമെങ്കില്‍ അവന്‍ അവന്റെ ദേശക്കൂറ് തെളിയിക്കേണ്ടിവരുന്നുണ്ട് എന്ന് ഗ്യാനേന്ദ്ര പാണ്ഡെ ‘മുസ്‌ലിമിന് ഇന്ത്യക്കാരനാവാന്‍ കഴിയുമോ’(Can a Muslim Be an Indian?) എന്ന തന്റെ ലേഖനത്തില്‍ എഴുതുന്നുണ്ട്. അഥവാ പാക്കിസ്താനിലേക്ക് പലായനം ചെയ്യാത്ത, അല്ലെങ്കില്‍ വിഭജനാനന്തരം ഇന്ത്യയെ തിരഞ്ഞെടുത്ത ഇന്ത്യന്‍ മുസ്‌ലിംകള്‍ തങ്ങള്‍ ദേശക്കൂറുള്ളവരാണ് എന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ മുസ്‌ലിംകളായുള്ള ആളുകള്‍ക്ക് ലളിതമെന്ന് തോന്നുന്ന വാക്കുകളും മുദ്രാവാക്യങ്ങളുമെല്ലാം തന്നെ പലപ്പോഴും രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ ഡൗണ്‍ ഡൗണ്‍ ഹിന്ദുത്വ എന്ന് മുദ്രാവാക്യം വിളിച്ചാല്‍ സ്റ്റേറ്റ് അതിനെ ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍ എന്നാണ് വായിക്കുക. ഇത്തരത്തിലാണ് യഥാര്‍ഥത്തില്‍ മുസ്‌ലിംകളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നത്.

പൗരത്വ ഭേതഗതി ബില്ലിലേക്ക് വരുമ്പോള്‍, പല തരത്തിലുള്ള രാഷ്ട്രീയം ഈ ബില്ല് നടപ്പിലാക്കുന്നതിന് പിന്നില്‍ ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. യഥാര്‍ഥത്തില്‍ നിയമവിരുദ്ധമായി  ഇന്ത്യയിലേക്ക് ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ കടന്നുവന്നിട്ടുണ്ട് എന്ന വാദം കാലങ്ങളായി അന്തരീക്ഷത്തിലുണ്ട്. നെല്ലി കൂട്ടക്കൊല നടക്കുന്നതിന് മുമ്പ് അടല്‍ ബിഹാരി വാജ്‌പേയി അവിടെ പോവുകയും ബംഗ്ലാദേശില്‍ നിന്നും നിയമവിരുദ്ധമായി കുടിയേറിയ ആളുകളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. എന്‍ ആർ സി (National Register of Citizens) എന്ന ആവശ്യം ആദ്യമായി ഉയര്‍ന്നുവരുന്നത് അവിടെ നിന്നാണ്. അതിനാല്‍ തന്നെ എസ്.ഐ.ഒ നേതാക്കള്‍ ആസ്സാമിലെ മുസ്‌ലിംകളുമായും മറ്റും സംസാരിക്കുമ്പോള്‍ അവരെല്ലാം തന്നെ എന്‍ ആർ സി ലിസ്റ്റില്‍ തങ്ങളുടെ പേരുണ്ടാവില്ലേ എന്ന ആശങ്കയില്‍ ആയിരുന്നു. എന്നാല്‍ ലിസ്റ്റ് പുറത്തുവന്നതോടുകൂടി ഹിന്ദുത്വ ശക്തികള്‍ അപ്രതീക്ഷിതമായി തിരിച്ചടി നേരിടുകയാണുണ്ടായത്. ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അടക്കം ധാരാളക്കണക്കിന് ഹിന്ദുക്കള്‍ ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെടുകയുണ്ടായി. പശ്ചിമ ബംഗാളില്‍ എന്‍ ആർ സി ലിസ്റ്റില്‍ പേരുചേര്‍ക്കാന്‍ കഴിയാത്ത ഒരുപാട് ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ പശ്ചിമ ബംഗാളില്‍ എന്‍ ആർ സി നടപ്പാക്കാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് അവര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. അതുകൊണ്ടൊക്കെത്തന്നെയാണ് ഹിന്ദുത്വ ശക്തികള്‍ സിറ്റിസണ്‍ഷിപ്പ് ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ തീരുമാനിക്കുന്നത്. അതിലെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ വളരെ പ്രശ്‌നവത്കൃതമാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന, സിക്ക്, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികളെ നിയമവിരുദ്ധമായി നുഴഞ്ഞുകയറിയ ആളുകളായി മനസ്സിലാക്കുകയില്ല എന്നാണ് അതിലെ ഒന്നാമത്തെ കാര്യം. എന്തുകൊണ്ടാണ് ഈ സമുദായങ്ങളെ മാത്രം നിയമവിരുദ്ധരായി പരിഗണിക്കുന്നില്ല? അതില്‍ തന്നെ ക്രിസ്ത്യന്‍ ഒഴികെ ബാക്കി മതവിശ്വാസങ്ങളെല്ലാം തന്നെ ഹിന്ദു നിയമത്തിന്റെ പരിധിയില്‍ വരുന്ന മതവിഭാഗങ്ങളാണ്. അഥവാ ഈ രാജ്യത്തെ അംഗത്വം എന്നത് ഹിന്ദുയിസവുമായും അല്ലെങ്കില്‍ ‘ഹിന്ദുസ്ഥാനു’മായും ചേര്‍ന്നുനില്‍ക്കുന്ന ആളുകള്‍ക്ക് സുലഭമായി ലഭിക്കുന്ന ഒന്നാണ്. അവിടെ മുസ്‌ലിമിന് അംഗത്വം ലഭിക്കുക എന്നത് വംശീയ-ദേശീയതാ വാദികള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. അതുകൊണ്ടാണ് മുസ്‌ലിം സമുദായത്തെ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്.

ബില്ല് മുന്നോട്ടുവെക്കുന്ന രണ്ടാമത്തെ കാര്യം 1955 ലെ ബില്ലിലെ മൂന്നാമത്തെ ഷെഡ്യൂളില്‍ പറയുന്ന പതിനൊന്ന് വര്‍ഷം ഇന്ത്യയില്‍ താമസിച്ചിരിക്കണം എന്നതില്‍ ഭേതഗതി വരുത്തി ആറ് വര്‍ഷമാക്കി കുറച്ചു. ഇത് ആദ്യത്തെ പോയന്റുമായി ചേര്‍ത്തുവെച്ചുകൊണ്ടുവേണം മനസ്സിലാക്കാന്‍. അഥവാ മുകളില്‍ പറഞ്ഞ സമുദായങ്ങള്‍ക്ക് ആറുവര്‍ഷം ഇന്ത്യയില്‍ താമസിച്ചാല്‍ പൗരത്വത്തിന് അവകാശമുണ്ടാവും. മൂന്നാമത്തെ കാര്യം ഇന്ത്യിലെ ഒ.സി.ഐ (Overseas Citizenship of India) കാര്‍ഡുള്ള ആളുകളെ സംബന്ധിച്ചിടത്തോളം രാജ്യത്തെ നിയമങ്ങള്‍ ഏതെങ്കിലും തരത്തില്‍ ലംഘിച്ചാല്‍ അവരുടെ ഒ.സി.ഐ സ്റ്റാറ്റസ് നഷ്ടപ്പെടും  എന്നതാണ്. എനിക്ക് കിട്ടിയ അറിവനുസരിച്ച് ഒ.സി.ഐ കാര്‍ഡുള്ളവരില്‍ ഭൂരിഭാഗം പേരും മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. പൗരത്വം എന്നത് ഭരണഘടനയുടെ രണ്ടാംഭാഗത്തിന്റെ പരിധിയിലും 1955 ലെ സിറ്റിസണ്‍ഷിപ്പ് ആക്റ്റിന്റെ പരിധിയിലുമാണ് വരുന്നത്. ഇവയൊന്നും തന്നെ പൗരത്വം ലഭിക്കുന്നതിന്റെ മുന്നുപാധികളെ പറ്റി പറയുന്നില്ല, മറിച്ച് സ്വാഭാവികമായി ഒരിന്ത്യക്കാരന് ലഭിക്കേണ്ടുന്ന ഒന്നായാണ് അതിനെ കണക്കാക്കുന്നത്.

ആസ്സാമിലെ പ്രശ്‌നത്തിലേക്ക് വരുമ്പോള്‍, ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ അവരെ കണ്ടെത്തി തിരിച്ചയക്കണമെന്നുമാണ് കേന്ദ്രമന്ത്രി വാദിക്കുന്നത്. ആ പ്രദേശങ്ങളിലെ അഭയാര്‍ഥികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ 1826 ല്‍ ബ്രിട്ടീഷുകാര്‍ ആസ്സാം പിടിച്ചടക്കിയതോടെ ബംഗാളുള്‍പ്പെടെയുള്ള ബ്രിട്ടീഷ് രാജിലെ മറ്റു സ്റ്റേറ്റുകളില്‍ നിന്നും തൊഴിലാളികളെയും കച്ചവടക്കാരെയും ധാരാളമായി ആസ്സാമിലേക്ക് എത്തിക്കുകയുണ്ടായി. 1890 കളിലും പതുക്കെയും എന്നാല്‍ നിരന്തരവുമായ പലായനം ബ്രിട്ടീഷുകാര്‍ മുന്‍കൈയെടുത്ത് നടത്തിക്കൊണ്ടിരുന്നു. ആസ്സാമിലെ ധാരാളക്കണക്കിന് വരുന്ന പാടങ്ങളില്‍ പണിയെടുക്കാന്‍ ബംഗാളിലെ ജനസംഖ്യ കൂടിയ പ്രദേശങ്ങളില്‍ നിന്നും വന്ന തൊഴില്‍ വൈദഗ്ധ്യമുള്ള ഇവരെ ആസ്സാമിലെ മധ്യവര്‍ഗ്ഗമായ അഹോമി വംശജര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കാരണം അഹോമികള്‍ക്ക് സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാക്കാന്‍ വിദഗ്ധരായ, അഭയാര്‍ഥികളായി വന്ന ആളുകള്‍ക്ക് കഴിയുമായിരുന്നു. അരിയുല്‍പാദനവും വ്യത്യസ്തങ്ങളായ മറ്റനേകം കൃഷികളും ആസ്സാമിന് പരിചയപ്പെടുത്തുന്നതും പുതുതായി വന്ന മുസ്‌ലിംകളാണ്. സ്വാതന്ത്രത്തിന് മുമ്പുതന്നെ ആസ്സാമിലെ അഹോമി വംശജര്‍ക്ക് ചെറിയ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുടിയേറിപ്പാര്‍ത്തവരുമായി തുടങ്ങിയിരുന്നു. കാട് വെട്ടിത്തെളിച്ച് കൃഷിയിടങ്ങളാക്കിത്തീര്‍ക്കുന്നത് തങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമോ എന്ന് അവര്‍ ചെറിയ അളവില്‍ ആശങ്കപ്പെടുകയും ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ഇന്ത്യാവിഭജനം എന്നത് ആസ്സാമീ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സംഭവമായിരുന്നു. ആസ്സാമീ മുസ്‌ലിം ലീഗ് ഈസ്റ്റ് പാകിസ്താനിലേക്ക് പോകാന്‍ മുസ്‌ലിംകളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അഹോമികളായി സ്വയം മാറി ജീവിക്കാനാണ് ആഗ്രഹിച്ചത്. അവരുടെ പുതിയ സത്വത്തില്‍ അവര്‍ സംതൃപ്തിയടയുകയുമാണുണ്ടായത്. അഹോമി വംശജരുടെ സാംസ്‌കാരിക പ്രദലമായ അസം സാഹിത്യസഭ അവരെ സ്വാഗതം ചെയ്യുകയും ‘ന അസമിയ’ അഥവാ പുതിയ ആസാമികളായി അല്ലെങ്കില്‍ പുതിയ അഹോമികളായി അവരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറിയ മുസ്‌ലിംകളെ തങ്ങളോട് അടുപ്പിക്കാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. അതിലൊന്ന് അഹോമി ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ അഹോമി ഭാഷ സംസാരിച്ചിരുന്ന പുതു ആസാമികളുടെ പിന്തുണ ആവശ്യമുണ്ടായിരുന്നു. രണ്ടാമതായി മുസ്‌ലിംകള്‍ അഹോമി നേതാക്കള്‍ക്ക് രാഷ്ട്രീയപിന്തുണ നല്‍കിവന്നതിലൂടെ അവര്‍ക്ക് രാഷ്ട്രീയമായ അധികാരവും കൈവരാന്‍ തുടങ്ങി. വൈവിധ്യങ്ങള്‍ നിറഞ്ഞ ആസ്സാമില്‍ ആധിപത്യം സ്ഥാപിക്കാന്‍ അഹോമികള്‍ക്ക് മുസ്ലിംകളുടെ പിന്തുണ അനിവാര്യമായിരുന്നു. മൂന്നാമതായി ആസ്സാമിലേക്ക് കുടിയേറിയ മുസ്‌ലിംകളുമായി ഐക്യപ്പെടുന്നതിലൂടെ മാത്രമേ ബംഗാളി ഹിന്ദുക്കളുടെ ആധിപത്യത്തില്‍ നിന്നും അഹോമികള്‍ക്ക് പുറത്തുകടക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതോടുകൂടി വിഭജനത്തിന് ശേഷം ബംഗാളി ഹിന്ദുക്കള്‍ ആസ്സാമില്‍ ഭരണഘടനാപരമായിത്തന്നെ ന്യൂനപക്ഷമായിത്തീര്‍ന്നു.

അപ്പോള്‍ ചരിത്രപരമായിത്തന്നെ കുടിയേറിയ മുസ്‌ലിംകളെ ആസ്സാമിലെ തദ്ദേശീയര്‍ സ്വാഗതം ചെയ്യുകയും അവരെ പുതു ആസ്സാമികളായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് എപ്പോഴാണ് അവിടെ മുസ്‌ലിംകള്‍ പ്രശ്‌നവത്കൃതരായ സമുദായമായി മാറിയതെന്നാണ് നാം പരിശോധിക്കേണ്ടത്. ഒന്നാമതായി ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ മുസ്‌ലിംകളുടെ ജനസംഖ്യ വര്‍ധിച്ചുവരുന്നു എന്ന വാദം തെറ്റാണെന്ന് സെന്‍സസ് വിവരങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു എന്ന വാദത്തിന് തെളിവില്ലെന്നും എന്നാല്‍ വളരെ കുറച്ചാളുകള്‍ ഇപ്പോഴും ഇന്ത്യയിലെത്തിക്കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണെന്നും ആനന്ദ ദാസ് പറയുന്നുണ്ട്. രണ്ടാമതായി, ലോവര്‍ ആസ്സാംപ്രദേശത്ത് എല്ലാവര്‍ഷവും ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയും വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്യുന്നതിനാല്‍ അവിടങ്ങളിലെ ജനങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് മെയിന്‍ലാന്റ് ആസ്സാമിലേക്ക് പലായനം ചെയ്യാറുണ്ട്. വെള്ളപ്പൊക്കത്തില്‍ അവിടങ്ങളിലെ ആളുകളുടെ രേഖകളെല്ലാം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. അതിനാല്‍ തന്നെ അവരെ ബംഗ്ലാദേശികള്‍ എന്ന് മുദ്രകുത്താന്‍ എളുപ്പമാവുന്നു. ഇത്തരം മിത്തുകളാണ് യഥാര്‍ഥത്തില്‍ വ്യവസ്ഥാപിതമായ അപരവത്കരണത്തിനും പുറന്തള്ളലിനും പലപ്പോഴുമുണ്ടാകുന്ന കൂട്ടക്കൊലകള്‍ക്കുമെല്ലാം കാരണമായിത്തീരുന്നത്. 1993 ല്‍ ബോംഗയാ എന്ന ഗ്രാമത്തില്‍ തദ്ദേശീയരും കുടിയേറ്റക്കാരും തമ്മിലുണ്ടായ കലാപത്തില്‍ അന്‍പതോളം കുടിയേറ്റ മുസ്‌ലിംകളാണ്  കൊല്ലപ്പെട്ടത്. 1994 ല്‍ ബന്‍ജ്ബാരി നഗരത്തിലെ റിലീഫ് ക്യാമ്പില്‍ വെച്ചുണ്ടായ ബോഡോകളും മുസ്‌ലിംകളും തമ്മില്‍ നടന്ന കലാപത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയുണ്ടായി. മുസ്‌ലിംകളും സന്ദാള്‍ ഗോത്രക്കാരും തമ്മില്‍ 1996 ല്‍ നടന്ന കലാപത്തില്‍ 200 ഓളം പേര്‍ മരണപ്പെടുകയും രണ്ട് ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാവുകയുമുണ്ടായി. 2008 ല്‍ 70 ഓളം ആളുകള്‍ മരണപ്പെടുകയും ഒരുലക്ഷം പേര്‍ക്ക് വീട് നഷ്ടമാവുകയുമുണ്ടായി. 2012 ലും വലിയ തരത്തിലുള്ള കലാപങ്ങള്‍ക്ക് ആസ്സാം സാക്ഷിയായി. ദിവസങ്ങള്‍ക്കകം നാല്‍പതോളം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു.

എങ്ങനെയാണ് ഒരു രാഷ്ട്രം കൃത്യമായ തെളിവുകളില്ലാതെ ഇവിടെ നിയമവിരുദ്ധകുടിയേറ്റം നടക്കുന്നുണ്ടെന്ന് സ്ഥാപിക്കുക എന്നതാണ് നമ്മളുയർത്തേണ്ട ചോദ്യം. സെന്‍സസ് വിവരങ്ങള്‍ മറ്റൊരുവിധത്തിലുള്ള ആഖ്യാനങ്ങളാണ് കുടിയേറ്റത്തെ പറ്റി മുന്നോട്ടുവെക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമല്ല യഥാര്‍ഥത്തില്‍ നടക്കുന്നത്, മറിച്ച് ലോവര്‍ ആസ്സാമില്‍ നിന്നും മെയിന്‍ലാന്റ് ആസ്സാമിലേക്ക് പലകാരണങ്ങളാല്‍ കുടിയേറ്റം നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ തന്നെ വലിയതരത്തിലുള്ള നുഴഞ്ഞുകയറ്റമുണ്ടെന്ന് കേന്ദ്രമന്ത്രി പറയുന്നത് പൂര്‍ണ്ണമായും തെറ്റാണെന്ന് രേഖകളും അക്കാദമിക പഠനങ്ങളും തെളിയിക്കുന്നുണ്ട്. ഊഹങ്ങളെയും രാഷ്ട്രീയ താല്‍പര്യങ്ങളെയും മുന്‍നിര്‍ത്തിയാണ് പൗരത്വ ബില്‍ നടപ്പിലാക്കപ്പെടുന്നത് എന്ന തിരിച്ചറിവാണ് അടിസ്ഥാനപരമായി നമുക്കുണ്ടാവേണ്ടത്‌. മുസ്ലിമായതിന്റെ പേരില്‍ പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തെ നിയമവിധേയമാക്കുന്നതിന്റെയും ദേശത്തെ ഹൈന്ദവവൽക്കരിക്കാനുള്ള ശ്രമത്തിന്റെയും പേരില്‍ ബില്ലിനെ ചെറുക്കുക എന്നതും നമ്മുടെ ബാധ്യതയാണ്‌.

 

SIO കേന്ദ്ര കമ്മിറ്റി അംഗവും JNU റിസര്‍ച്ച് സ്‌കോളറുമായ സാദത്ത് ഹുസൈന്‍  ‘പൗരത്വ ഭേതഗതി ബില്ലും മുസ്‌ലിംകളുടെ അപരവത്കരണവും’ എന്ന പേരില്‍ SIO കേരള സംഘടിപ്പിച്ച ചര്‍ച്ചയില്‍ അവതരിപ്പിച്ചത്.

സാദത്ത് ഹുസൈന്‍