Campus Alive

മുസ്‌ലിം വ്യക്തിനിയമം: ചരിത്രം, വർത്തമാനം

ഇന്ത്യ ബ്രിട്ടീഷുകാർ അധീനപ്പെടുത്തിയ ആദ്യ മുസ്‌ലിം ഭരണ പ്രദേശമാണ്. അതിനാൽ തന്നെ മുസ്‌ലിംകളെ നിയന്ത്രണത്തിൽ കൊണ്ട് വരുന്നതിന്റെ പരീക്ഷണ സ്ഥലമായിട്ടാണ് ഇന്ത്യയെ ബ്രിട്ടീഷുകാർ കണ്ടത്. പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിൽ വന്ന മുസ്‌ലിം ഭരണം നില നിന്നിരുന്ന ആഫ്രിക്ക-മലയൻ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ ഭരണം നടപ്പിലാക്കിയത് ഇന്ത്യൻ മാതൃക പിന്തുടർന്നു കൊണ്ടാണ് എന്ന് കാണാൻ സാധിക്കും. ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക് പ്ലാസ്സി യുദ്ധാനന്തരം ലഭിച്ച ദിവാനി പദവിയിലൂടെയാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഭരണം ആരംഭിക്കുന്നത്. അത് വരെ അവരുടെ നിയമങ്ങളുടെ പരിധി അവരുടെ കോട്ടകൾക്ക് ഉള്ളിൽ മാത്രമായിരുന്നു. ദിവാനി പദവി ലഭിച്ചതോട് കൂടി ബംഗാൾ പ്രവിശ്യയിൽ നികുതിയും നീതി ന്യായ വ്യവസ്ഥയും ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ അധികാര പരിധിയിൽ വന്നു ചേർന്നു. അധികാരം മുഗൾ ഭരണ കൂടത്തിൽ നിന്ന് കൈമാറി കിട്ടിയതിനാൽ തന്നെ ബ്രിട്ടീഷുകാർ മുഗൾ കാലത്തുള്ള നിയമ വ്യവസ്ഥയെ ആശ്രയിക്കാനാണ് ആദ്യത്തിൽ ശ്രമിച്ചത്. അതിനായി മുഗൾ കാലത്ത് ഇസ്‌ലാമിക നിയമം നടപ്പിലാക്കിയ പാരമ്പര്യ നിയമ വിദഗ്ധരായ ഖാളിമാരെ ബ്രിട്ടീഷ് നിയമ വ്യവസ്ഥയുടെ ഭാഗമാക്കി. അവരെ നിയമ ഓഫീസർന്മാർ എന്ന പദവിയിൽ അവരോധിച്ചാണ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി നിയമ വ്യവസ്ഥ സ്ഥാപിച്ചത്. ഹിന്ദു നിയമങ്ങൾക്ക് ഉപദേശം സ്വീകരിക്കാൻ ബ്രാഹ്മണ പണ്ഡിറ്റുകളെയും പുതിയ നിയമ വ്യവസ്ഥയുടെ ഭാഗമാക്കി.

ഇസ്‌ലാമിക നിയമ വ്യവഹാരത്തിൽ പ്രാവീണരായ പാരമ്പര്യ ഖാദിമാർ ഉള്ളതിനാൽ ബ്രിട്ടീഷുകാർക്ക് ഇസ്‌ലാമിക നിയമം നടപ്പിലാക്കുന്നതിൽ നേരിട്ട് ഇസ്‌ലാമിക ഫിഖ്ഹി പുസ്തകങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ ക്രമേണ ഖാദിമാരുടെ സ്വാധീനം കുറച്ചു കൊണ്ട് വരാനുള്ള ശ്രമം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായി. പേർഷ്യനോ അറബിയോ വശം ഇല്ലാതിരുന്ന ബ്രിട്ടീഷുകാർ ഇതിനായാണ് ഇസ്‌ലാമിക ഫിഖ്ഹി പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റാൻ തുടങ്ങിയത്. ഇത്തരത്തിലുള്ള ആദ്യത്തെ മൊഴിമാറ്റം ആയിരുന്നു ഹനഫി പുസ്തകമായ ‘ഹിദായ’യുടേത്. പതിമൂന്നാം നൂറ്റാണ്ടിലെ ഹനഫി പണ്ഡിതനായ ബുർഹാനുദ്ധീൻ മാർഗിനാനി രചിച്ച ഈ പുസ്തകം ഇന്ത്യയിൽ ഹനഫി മദ്ഹബിൽ ഏറ്റവും പ്രചാരമുള്ള പുസ്തകമായിരുന്നു. ബ്രിട്ടീഷുകാർക്ക്‌ അറബി വശം ഇല്ലാത്തതിനാൽ ഹിദായയുടെ പേർഷ്യൻ പരിഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം നടത്തുകയാണുണ്ടായത്. ഹിദായ ഇസ്‌ലാമിക സിവിൽ ക്രിമിനൽ കമ്പോള നിയമങ്ങളിൽ സംക്ഷിപ്തമായ വിവരണം നൽകുന്നതായിരുന്നു. എന്നാൽ ഹിദായ ഇസ്‌ലാമിക അനന്തര നിയമങ്ങളെ കൈകാര്യം ചെയുന്നുണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് വില്യം ജോൺസിന്റെ കീഴിൽ മറ്റൊരു ഹനഫി ഗ്രന്ഥമായ സിറാജ്ജിയ മൊഴിമാറ്റം ചെയ്യാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ അടങ്ങിയ ഇസ്ലാമിക നിയമ വിജ്ഞാനത്തെ ഈ പരിഭാഷ പ്രക്രിയ പരിമതമായ പുസ്തകങ്ങളിലേക്ക് ചുരുക്കി കെട്ടുകയാണുണ്ടായത്.

ഇതിന് പുറമെ ബ്രിട്ടീഷുകാർ ഓരോ കേസും ശേഖരിക്കാനും അത് പബ്ലിഷ് ചെയ്ത് കോടതികൾക്കും ജഡ്ജിമാർക്കും ആശ്രയിക്കാൻ വേണ്ടി ശേഖരിച്ചു വെക്കുകയും ചെയ്തു. 1824 ലാണ് ആദ്യമായി ഇങ്ങനെയുള്ള പഴയ കേസുകളുടെ ആദ്യ വില്യം മാഗ്നട്ടൻ സമാഹാരം പുറത്തിറങ്ങുന്നത് (Principles and Precedents of Muhammadan Law). ഇങ്ങനെ മുൻ കോടതി വിധികൾ സൂക്ഷിക്കുകയും അത് പിന്നീടുള്ള കേസുകൾക്ക് ആശ്രയിക്കുകയും ചെയ്യുന്ന രീതി (Stare decisis) ഇസ്‌ലാമിക നിയമ വ്യവഹാരത്തിന് അന്യമായിരുന്നു. ഇത് ബ്രിട്ടീഷ് കോമൺ ലോ രീതിയായിരുന്നു . അതിന് പുറമെ മേൽകോടതികളിലേക്ക് അപ്പീൽ പോകുന്ന രീതിയും ബ്രിട്ടീഷുകാർ കൊണ്ട് വന്നു. അത് പ്രകാരം ഇസ്‌ലാമിക നിയമങ്ങളുടെ അവസാന വാക്ക് എന്നത് ലണ്ടനിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിവി കൌൺസിലായി മാറി. ഇങ്ങനെയുണ്ടായ പുതിയ നിയമ സംവിധാനം ഒരേ സമയം ഇസ്‌ലാമിക ഇംഗ്ലീഷ് നിയമ ചിന്തകളുടെ ഒരു സങ്കലന രൂപമായിരുന്നു എന്ന് ജോസഫ് ഷാറ്റിനെ പോലുള്ളവർ ചൂണ്ടി കാണിക്കുന്നു. അതിനാൽ തന്നെ അതിനെ ബ്രിട്ടീഷുകാർ തന്നെ വിളിച്ചത് ആംഗ്ലോ-മൊഹമ്മെദൻ ലോ എന്ന പേരിലായിരുന്നു.

ആദ്യത്തിൽ ഇസ്‌ലാമിക ക്രിമിനൽ-കമ്പോള നിയമങ്ങളെ ഈസ്റ്റ് ഇന്ത്യ കമ്പനി കോടതികളും പൊതു നിയമമായി ആശ്രയിച്ചിരുന്നു. പിന്നീട് ടി ബി മക്കാളെ ചെയർമാനായ ഒന്നാം നിയമ കമ്മീഷൻ(1834) മുതൽ ഇംഗ്ലീഷ് നിയമങ്ങളെ പൊതു നിയമമാക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ ആരംഭിച്ചു. 1857 ലെ ഒന്നാം സ്വതന്ത്ര സമാരാനന്തരമാണ് ബ്രിട്ടീഷധിഷ്ഠിത പൊതുനിയമങ്ങൾ ഇന്ത്യയിൽ വ്യാപകമായി ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. ഒന്നാം സ്വാതന്ത്ര്യ സമരാനന്തരം ബ്രിട്ടീഷ് റാണി ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം നേരിട്ട് ഏറ്റെടുക്കുകയും സമൂലമായ ഭരണ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു ഇത്. ഇന്ത്യൻ ക്രിമിനൽ കോഡ്.1862, ഇന്ത്യൻ ട്രാൻഫർ ആക്ട്.1882, ഇന്ത്യൻ എവിഡൻസ് ആക്ട്.1872, ഇന്ത്യൻ കോൺട്രാക്ട് ആക്ട്.1872, തുടങ്ങിയ ധാരാളം പൊതു നിയമങ്ങൾ ഇക്കാലയളവിലാണ് നടപ്പിൽ വരുന്നത്. അതേ സമയം തന്നെ കുടുംബ/ വ്യക്തി നിയമങ്ങളുടെ കാര്യത്തിൽ തദ്ദേശീയർക്ക് പൂർണമായ സ്വാതന്ത്രം നില നിർത്തുമെന്ന് ബ്രിട്ടീഷ് റാണി 1858 ലെ വാഗ്ദാനത്തിലൂടെ വിളംബരം നടത്തുകയും ചെയ്തു(Queen Victoria’s Proclamation,1858) . റാണിയുടെ വിളംബരം ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം പവിത്രവും മറികടക്കാൻ പറ്റാത്തതുമായിരുന്നു. അതിനാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി ഇസ്‌ലാമിക നിയമങ്ങളുടെ സാധ്യത കുടുംബം / വ്യക്തി എന്ന സ്വകാര്യ മേഖലയിലേക്ക് പരിമിതപ്പെട്ടു.

1860 കളിൽ വ്യക്തി നിയമങ്ങളെ കുറച്ചു കൂടി വിശാലാർത്ഥത്തിൽ പരിഭാഷയിലൂടെ മനസ്സിലാക്കാൻ ബ്രിട്ടീഷുകാർ ശ്രമം നടത്തുകയുണ്ടായി. അതിന്റെ ഫലമായിയുന്നു നൈലി ബെല്ലിയുടെ ഫതാവാ ആലങ്കിരിയുടെ ഇംഗ്ലീഷ് വിവർത്തനം. ഫത്വ അലങ്കിരി അല്ലെങ്കിൽ ഫത്വ ഹിന്ദ് എന്നറിയപ്പെടുന്ന ഹനഫി ഫത്വകളുടെ ശേഖരം മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം അനേകം ഹനഫി പണ്ഡിതർ ഒത്തു ചേർന്ന് നടത്തിയതായിരുന്നു. അതിൽ നൈലി ബെല്ലി വ്യക്തി നിയമങ്ങളുടെ പരിധിയിൽ വരുന്ന ഭാഗങ്ങൾ മാത്രമാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇത് ഡൈജസ്റ് ഓഫ് മുഹമ്മദൻ ലോ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇക്കാലയളവിൽ തന്നെ പാരമ്പര്യ വിദഗ്ദരായ ഖാദിമാരെ നീതിന്യായ വ്യവസ്ഥയിൽ നിന്ന് പൂർണമായി പുറന്തള്ളുകയും ചെയ്തു. ഇതോട് കൂടെ ഇസ്‌ലാമിക വ്യക്തി നിയമത്തിന്റെ കർതൃത്വം ആധുനികമായി പരിശീലിക്കപ്പെട്ട ജഡ്ജിമാരിലേക്കും ഇംഗ്ലീഷ് പരിഭാഷകളിലേക്കും മാറ്റപ്പെട്ടു. “ഇസ്‌ലാമിക നിയമങ്ങളുടെ പൂർണ്ണ ചരമമല്ല ആധുനിക രാഷ്ട്രത്തിൽ സംഭവിക്കുന്നത്, മറിച്ചു ഒരു കേന്ദ്രികൃത രാഷ്ട്ര വ്യവസ്ഥയിലേക്ക് ഫിഖ്‌ഹിന്റെ ഒരു ഭാഗം പറിച്ചു നടപെടുകയാണുണ്ടായത് “What happens to the shari’a is best described not as curtailment but as transmutation. It is rendered into a subdivision of legal norms (fiqh) that are authorized and maintained by the centralizing state” എന്ന തലാൽ അസദിന്റെ കാഴ്ചപ്പാട് ഇന്ത്യയിലെ ഇസ്ലാമിക നിയമങ്ങളുടെ ചരിത്രം ശരിവെക്കുന്നു.

ബ്രിട്ടീഷ് കർതൃത്വത്തിലേക്ക് മാറിയ ഇസ്‌ലാമിക വ്യക്തി നിയമങ്ങളിൽ ബ്രിട്ടീഷ് നിയമങ്ങളുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. അതിനാൽ വ്യക്തി നിയമങ്ങളുടെ പാരമ്പര്യ സ്രോതസ്സുകൾക്ക് എതിരായി പലപ്പോഴും കൊളോണിയൽ കോടതി വിധികൾ വന്നു ചേർന്നു. ഇസ്‌ലാമിക വ്യക്തി നിയമങ്ങളുടെ പൂർണ കർതൃത്വം ആധുനിക കോടതികൾക്ക് ഉണ്ടോ എന്നതിനെ അടിസ്ഥാനമാക്കി കൊളോണിയൽ കാലത്ത് നടന്ന പ്രധാന വിവാദമായിരുന്നു വഖ്ഫ് ഉൽ ഔലാദ് വിവാദം. ബ്രിട്ടീഷ് സമുന്നത കോടതിയായ പ്രിവി കൌൺസിൽ വഖ്ഫ് ഉൽ ഔലാദ് ഇസ്ലാമിക നിയമ പ്രകാരം അസാധുവാണെന്നും പ്രിവി കൗൺസിലാണ് ഇക്കാര്യത്തിൽ അവസാന വാക്കെന്നും വിധിക്കുകയുണ്ടായി. ബ്രിട്ടീഷ് ജഡ്ജായ ഹോബ് ഹൌസാണ് ഇങ്ങനെയൊരു വിധി 1893 ൽ പ്രഖ്യാപിച്ചത്. അതേ സമയം ഇസ്ലാമിക പാരമ്പര്യ സ്രോതസുകൾ പ്രകാരം സ്വകുടുംബത്തിന് വഖഫ് ചെയുന്നത് വിലക്കപ്പെട്ടിരുന്നില്ല.

ബ്രിട്ടീഷ് കമ്പോള നിയമം അനുസരിച്ചു സ്വകാര്യ വ്യക്തികൾ ഗുണഭോക്താക്കളായി വരുന്ന മുതലുകൾ അന്യാധീനപ്പെടാതെ നിൽക്കുന്നത് പൊതു സാമ്പത്തിക നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു (Rule against perpetuities ). ഇസ്‌ലാമിക നിയമത്തിലെ ബ്രിട്ടീഷ് സമുന്നത കോടതിയുടെ കർതൃത്വത്തെ മുസ്‌ലിംങ്ങൾ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് ഇന്ത്യയിൽ മുസ്‌ലിംങ്ങൾ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മുസ്ലിം ലീഗും പ്രിവി കൗസിലിനെതിരായി പ്രമേയങ്ങൾ കൊണ്ട് വന്നു. ഷിബിലി നൗമാനിയെ പോലുള്ള ഉലമാക്കൾ ലോകം മൊത്തമുള്ള ഇസ്‌ലാമിക പണ്ഡിതരുടെ ഫത്വകൾ വഖ്ഫ് ഔലാദിന്റെ സ്വീകാര്യത ബോധ്യപ്പെടുത്താൻ വേണ്ടി ശേഖരിച്ചു. ഇതേ തുടർന്ന് , 1911 ൽ മുഹമ്മദലി ജിന്ന വഖ്ഫ് വാലിഡേഷൻ ബില്ല് കൊണ്ട് വരുകയും 1913 ൽ അത് നിയമമമായി അംഗീകരിക്കപെടുകയും ചെയ്തു. ഈ നിയമ പ്രകാരം മുസ്‌ലിങ്ങളുടെ കുടുംബ വഖ്ഫ് ഇസ്‌ലാമിക വ്യക്തി നിയമ പ്രകാരം സാധുവാണെന്നു വന്നു. ഇന്ത്യ ചരിത്രത്തിലെ ആദ്യ ഇസ്‌ലാമിക വ്യക്തി നിയമ ക്രോഡീകരണം ഇതായിരുന്നു. പ്രിവി കൗൺസിലിന്റെ തന്നെ ചരിത്രത്തിൽ അതിന്റെ ഒരു വിധി റദ്ദ് ചെയ്യപ്പെടുന്നതും ഇതാദ്യമായിരുന്നു. ഇത് മുസ്‌ലിംങ്ങളുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ നിർണ്ണായകമായ വിജയമായി കാണപ്പെട്ടു.

സ്വതന്ത്രാനന്തരം ഇന്ത്യയിൽ സുപ്രീം കോടതിയുടെ ഷാ ബാനു കേസിലെ വിധി വീണ്ടും ഇസ്‌ലാമിക വ്യക്തി നിയമത്തിലെ കർതൃത്വം ആർക്കാണെന്ന ചോദ്യം മുന്നോട്ടു വെച്ചു. സുപ്രീം കോടതി വിധിയനുസരിച്ചു വിവാഹ മോചനം പൂർത്തിയായ മുൻ ഭാര്യയുടെ ജീവനാംശം മുൻ ഭർത്താവിന്റെ ഉത്തരവാദിത്വത്തിൽ പെടുന്നത് എന്നായിരുന്നു. മുസ്‌ലിംങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പാരമ്പര്യ സ്രോതസുകളുമായി ചേർന്ന് നിൽക്കുന്നതായിരുന്നില്ല. ഇസ്‌ലാം വിവാഹത്തെ സ്ത്രീയും പുരുഷനും തമ്മിലുള്ള കരാറായാണ് കണ്ടത്. അക്കാരണത്താൽ ഇസ്ലാമിക നിയമത്തിൽ വിവാഹ മോചനത്തോട് കൂടി ഭാര്യ അന്യ സ്ത്രീയാവുകയും പുരുഷനുമായുള്ള എല്ലാ ആശ്രിതത്തിൽ നിന്നും വേർപെടുകയുമാണ് ചെയ്യുന്നത്. പ്രവാചകന്റെ കാലം മുതൽ തന്നെ വികാസം പ്രാപിച്ച വിവാഹ മോചന, ജീവനാംശ നിയമങ്ങൾ ഇതിൽ കൃത്യമായ നിലപാട് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഹിന്ദു ധാർമികതയനുസരിച്ചു വിവാഹം എന്നാൽ സപ്ത ജനമോം ക ബന്ധൻ (ഏഴു ജന്മങ്ങളുടെ ആശ്രിതം ) എന്ന നിലയ്ക്ക് പവിത്രമായ കൂടി ചേരലായിരുന്നു. മാത്രമല്ല വിവാഹം സ്ത്രീയുടെ പുരുഷന്റെ കുടുംബത്തിലേക്കുള്ള സ്വകുടുംബത്തിൽ നിന്ന് വേർപെട്ടുള്ള കൂടിച്ചേരലുമായാണ് കണക്കാക്കപ്പെട്ടത്. വിവാഹ മോചനവും പുനർ വിവാഹവും അതിനാൽ തന്നെ ഹിന്ദു ധാർമികതയിൽ പിന്തുണയുണ്ടായിരുന്നതായിരുന്നില്ല. ആധുനികമായി മാത്രമാണ് വിവാഹ മോചനവും പുനർ വിവാഹവും ഹിന്ദു- ക്രിസ്ത്യൻ വ്യക്തി നിയമങ്ങളുടെ ഭാഗമാകുന്നത്. ഹിന്ദു ക്രിസ്ത്യൻ ധാർമികതയുമായി ഒത്തുപോകുന്ന 1973 ലെ പൊതു ക്രിമിനൽ നിയമത്തിനുള്ളിലേക്ക് മുസ്‌ലിംങ്ങളെ കൂടി ഉൾപ്പെടുത്തുന്നത് മുസ്‌ലിംങ്ങളിൽ പ്രതിഷേധം ഉണ്ടാക്കി. ഇതിനെ തുടർന്നാണ് ഇസ്‌ലാമിലെ പാരമ്പര്യ സ്രോതസുകൾ അനുസരിച്ചുള്ള ജീവനാംശ നിയമം 1986 ൽ ക്രോഡീകരിക്കപ്പെടുന്നത്. ഇത് പ്രകാരം സ്വന്തമായി സാമ്പത്തിക അതിജീവനം പ്രയാസകരമായ മുസ്‌ലിം സ്ത്രീകളുടെ സാമ്പത്തിക ഉത്തരവാദിത്തം സ്ത്രീയുടെ രക്തബന്ധുക്കളായ അനന്തരാവകാശികളുടെ ചുമതലയാണെന്ന് വന്നു.

ഇസ്‌ലാമിക നിയമങ്ങളുടെ സമഗ്രതയും അതിൽ ജീവനാംശം എങ്ങനെ കൈകാര്യ ചെയ്യപ്പെടുന്നു എന്നും ഷാ ബാനു വിവാദത്തെ മുൻ നിർത്തി വേണ്ടത്ര അന്വേഷണങ്ങൾ ഉണ്ടായില്ല. മുസ്‌ലിം പുരുഷനെ പ്രതി സ്ഥാനത്ത് നിർത്തി ശരീഅത്തിനെ പഴിചാരനാണ് അധിക ശ്രമങ്ങളും ഉണ്ടായത്. ഷാ ബാനു വിധിയുടെ എതിർപ്പിന് കാരണം പാരമ്പര്യ സ്രോതസ്സുകളുടെ കർതൃത്വ നിഷേധമാണെന്ന് പിന്നീടുള്ള സുപ്രീം കോടതി വിധികൾ തന്നെ വ്യക്തമാക്കി. ഡാനിയൽ ലത്തീഫി വിധിയിൽ (2001) വിധവയ്ക്ക് വിവാഹ മോചനം പൂർണമാകുന്നതിന് മുമ്പുള്ള കാത്തിരുപ്പു കാലയളവിൽ (ഇദ്ദ ) ഭാര്യക്ക് ഭാവിയിലേക്ക് കൂടി ജീവിക്കാൻ സാധ്യമാകുന്ന മാതാഅ (ജീവിക്കാനുള്ള വിഭവം ) മുസ്‌ലിം പുരുഷൻ നൽകണമെന്ന് സുപ്രീം കോടതി കോടതി വിധിച്ചപ്പോൾ മുസ്‌ലിംങ്ങൾ അതിനെ അംഗീകരിക്കുകയാണുണ്ടായത് എന്ന് കാണാം. ഇത് പാരമ്പര്യ സ്രോതസ്സുകളുടെ പരിധിയിൽ നിന്നു കൊണ്ടുള്ള നടപടിയും കൂടെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഷാ ബാനു കേസിന്റെ ഏറ്റവും പ്രതിലോമകരമായ വശം അത് ഏക സിവിൽ കോഡിനെ ഇസ്‌ലാമിക വ്യക്തി നിയമങ്ങളുടെ എതിർ ചേരിയിൽ പ്രതിഷ്ഠിച്ചു എന്നതായിരുന്നു. ഷാ ബാനു വിധിക്ക് ശേഷമാണ് ഏക സിവിൽ കോഡ് മുസ്‌ലിംങ്ങളുടെ വ്യക്തി നിയമം റദ്ദ് ചെയ്യാനുള്ള ഒരു നടപടിയായി വ്യാപകമായി കാണപ്പെട്ടു തുടങ്ങിയത്. അത് വരെ ഹിന്ദു വ്യക്തി നിയമങ്ങളിൽ പരിഷ്കരണം കൊണ്ട് വന്ന ഹിന്ദു കോഡ് ബില്ലുകൾ പിൻവലിക്കാൻ ആവശ്യം ഉയർത്തിയ ബിജെപി ഷാ ബാനു വിധിക്ക് ശേഷം അതിൽ നിന്ന് മാറി ഏക സിവിൽ കോഡ് അവരുടെ മുഖ്യ അജണ്ടയായി സ്വീകരിച്ചു. 1989 മുതലുള്ള അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ അതിനാൽ ഏക സിവിൽ കോഡ് ഇടം പിടിച്ചു തുടങ്ങി. 1996 ലെ ബിജെപി തിരഞ്ഞെടുപ്പ് പത്രിക അനുസരിച്ചു ഏക സിവിൽ കോഡ് ‘ഭാരതീയ സ്വത്വം’ നിർമിക്കാനുള്ള ശ്രമമായാണ് ബിജെപി കണ്ടത്.

മുസ്‌ലിം സമുദായത്തെ ഇന്ത്യൻ ദേശീയതക്ക് പ്രതി സ്ഥാനത്ത് നിർത്തുകയും അവരുടെ സാംസ്‌കാരിക അവകാശങ്ങളിൽ കൈ കടത്തുകയും ചെയ്യുക എന്നതിൽ കവിഞ്ഞ ഒരു ഉദ്ദേശ്യവും ബിജെപി യുടെ ഏക സിവിൽ കോഡ് ആവിശ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഷാ ബാനു മുതലുള്ള ചരിത്രം വ്യക്തമാക്കുന്നത്. അതിനാൽ തന്നെ മൂന്നു പതിറ്റാണ്ടായുള്ള ബിജെപി യുടെ ചരിത്രത്തിൽ ഏക സിവിൽ കോഡ് എപ്രകാരം ആകണമെന്നതിനെ കുറിച്ചുള്ള യാതൊരു കരട് രൂപമോ മാർഗ രേഖയോ, എന്തിന് ഒരു ലഘു ലേഖ പോലുമോ മുന്നോട്ട് വെച്ചിട്ടില്ല. നിലവിൽ വീണ്ടും ഏക സിവിൽ കോഡ് ബിജെപി ചർച്ചയ്ക്ക് വെച്ചിരിക്കുകയാണ്. നിലവിലും അത് എങ്ങനെയാവണം എന്നതിനുള്ള ആശയം പൊതു ജനങ്ങൾക്ക് മുന്നിൽ വെക്കാൻ ബിജെപി മടിക്കുന്നു. അതേ സമയം ക്രിസ്ത്യാനികളെയും ഗോത്രവർഗക്കാരെയും ബാധിക്കാതെയാണെന്ന് ഉറപ്പ് ബിജെപി പ്രതിനിധികൾ നൽകുകയും ചെയ്യുന്നു. അതിനാൽ മുസ്‌ലിംങ്ങളുടെ സിവിൽ നിയമങ്ങളുടെ സ്വാതന്ത്രത്തിന് മുകളിലുള്ള അധിനിവേശം എന്നതിൽ കവിഞ്ഞ ഒരാശയവും നിലവിലെ ഏക സിവിൽ കോഡ് ചർച്ചയും ബാക്കിയാക്കുന്നില്ല.

ലോകത്ത് ഒരു ജനാധിപത്യ രാഷ്ട്രങ്ങളിലും ഇന്ന് സിവിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രവണത നിലനിൽക്കുന്നില്ല എന്നതാണ് വസ്തുത. കുടിയേറ്റക്കാർക്ക് വരെ അവരുടെ സിവിൽ നിയമങ്ങളിലെ സ്വാതന്ത്രം അനുവദിക്കുന്ന പ്രവണതയാണ് വികസിത രാഷ്ട്രങ്ങളിലൊക്കെ നില നിൽക്കുന്നത്. ജനാധിപത്യ ഭരണകൂടങ്ങൾ നില നിൽക്കാത്ത രാഷ്ട്രങ്ങളും ഇത്തരത്തിൽ സിവിൽ നിയമങ്ങളിൽ പൗരന്മാർക്കും കുടിയേറ്റക്കാർക്കുമെല്ലാം അവരുടെ സിവിൽ നിയമങ്ങളെ പിന്തുടർന്ന് ജീവിക്കാനുള്ള അവകാശം അനുവദിക്കുന്നുണ്ട്. ഏറ്റവും ജനാധിപത്യ വിരുദ്ധരായ കൊളോണിയൽ ഭരണകൂടങ്ങൾ പോലും തദ്ദേശീയരുടെ സിവിൽ നിയമങ്ങളിലെ സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തിയിട്ടില്ലെന്നതും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആധുനികതക്ക് മുമ്പുള്ള ചരിത്രത്തിലും തികച്ചും അന്യമായ ഏർപ്പാടാണ് വ്യത്യസ്ത സമൂഹങ്ങളുടെ സിവിൽ നിയമങ്ങളുടെ സ്വാതന്ത്ര്യത്തിന് മേൽ കണിഞ്ഞാണിടുക എന്നുള്ളത് എന്ന് കാണാൻ കഴിയും. ഈ വസ്തുത അംഗീകരിച്ചു കൊണ്ടാണ് ഇരുപത്തൊന്നാമത് നിയമ കമ്മീഷൻ ഇന്ത്യയിലെ വ്യക്തി നിയമങ്ങൾ ജനാധിപത്യത്തിന്റെ സൂചികകളാണെന്നും ഏക സിവിൽ കോഡ് ആവിശ്യമില്ലെന്നുമുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. അതിനാൽ ഏകീകരണത്തിന്റെ പേരിൽ നടത്തുന്ന അത്തരത്തിലുള്ള ഏത് ശ്രമവും മനുഷ്യ സ്വാതന്ത്രത്തിനും ചരിത്രത്തിനും നേരെ തന്നെയുള്ള വെല്ലു വിളിയായി തന്നെ കാണേണ്ടി വരും.

References

Asad, Talal. 2003. Formations of Secular: Christianity, Islam, Modernity. Stanford: Stanford University Press.

Bahadur, Moulvi Mahomed Yoosuf Khan. 1895. Mahamedan Law Relating to Marriage, Divorce, Leigitimacy and Gaurdianship of minors according to Sonnees. Culcutta: Thacker, Spink & Co.

Chatterjee, Nandini. 2011. The Making of Indian Secularism: Empire, Law and Christianity, 1830-1960. New York: Palgrave Macmillon.

Hussain, Iza R. 2016. The Politics of Islamic Law: Local elites, Colonial Authority, and the Making of the Islamic State. Chicago: Chicago University Press.

Kugle, Scott Alan. 2001. “Framed, Blamed and Renamed: The Recasting of islamic Jurisprudence In Colonial South Asia.” Modern Asian Studies 257-313.

Schacht, Joseph. 1964. An Introduction to Islamic law. Clarendon Press.

Vevaina, Leila. 2023. “Mergers and Legal Fictions: Coverture and Intermarried Women in India.” Law and History Review 387-404.

അബ്ദുല്ല കോട്ടപ്പള്ളി