Campus Alive

പുനരാലോചന തേടുന്ന ഇസ്‌ലാമിക രാഷ്ട്രീയ പഠനങ്ങൾ

ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാര മേഖലകളില്‍ 16-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെയെങ്കിലും മുസ്‌ലിം പണ്ഡിതരുടെ അമൂല്യ സംഭാവനകള്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം എല്ലാ ശാസ്ത്ര വിഷയങ്ങളിലും, വിശിഷ്യാ സാമൂഹ്യശാസ്ത്ര മേഖലകളില്‍ മുസ്‌ലിം പണ്ഡിതരുടെ വൈജ്ഞാനിക സംഭാവനകള്‍, പക്ഷേ ആധുനിക ലോകത്തില്‍ കൂടുതലും തമസ്‌കരിക്കപ്പെടുകയാണുണ്ടായത്. ഇസ്‌ലാമിക ലോകത്ത് പോലും ഈ ശാസ്ത്ര വിഷയങ്ങളിലെല്ലാം യൂറോപ്യന്‍ ചിന്തകരുടെ വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്കാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. സാമ്രാജ്യത്വം, അധിനിവേശം, കോളനിവല്‍ക്കരണം എന്നിവയെല്ലാം ഗൗരവമാർന്ന ഈ സാഹചര്യത്തിന് കളമൊരുക്കിയിട്ടുണ്ട്. പ്രാദേശികമായ ചിന്തകള്‍ക്കുപരി അധിനേവേശകന്റെ ആശയത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത് അറബ്-മുസ്‌ലിം നാടുകളിലെയും മറ്റു പ്രദേശങ്ങളിലെയും മുസ്‌ലിം ചിന്തകരുടെ രചനകളും ആശയങ്ങളെയും അവഗണിക്കുന്നതിന് പ്രധാന കാരണമായി തീര്‍ന്നു. അധികാരം, ശക്തി, ജനസമ്മതി, സാമൂഹികനിര്‍മ്മാണം, രാഷ്ട്ര വികാസം എന്ന് തുടങ്ങി ദേശനിര്‍മ്മാണത്തിലെ ഒട്ടുമിക്ക വിഷയങ്ങളിലും മുസ്‌ലിം പണ്ഡിതരുടെ ചിന്തകള്‍ ഇന്നും ലഭ്യമാണ്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹനിര്‍മ്മാണം, വികസനം, നിയന്ത്രണം, നീതി നിര്‍വ്വഹണവുമെല്ലാം വിശാലാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യുന്ന ഈ രചനകള്‍ പുനര്‍വായിക്കുകയും കാലികമായി അടയാളപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പാശ്ചാത്യ വൈജ്ഞാനിക ശൂന്യാവസ്ഥയും അന്തരാളതയെയും കുറിക്കാനായി അവരുപയോഗിച്ച ‘ഇരുണ്ടയുഗം’ എന്ന പദപ്രയോഗത്തെ പൊതുവായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. പതിനാറാം നൂറ്റാണ്ട് വരെ അറബ് മുസ്‌ലിം നാടുകളിലും മറ്റു കിഴക്കന്‍ ദേശങ്ങളിലും സംഭവിച്ച വൈജ്ഞാനിക മുന്നേറ്റങ്ങളെ കണക്കിലെടുക്കാത്ത വിദ്യാഭ്യാസക്രമവും ചിന്തകളുമാണ് ഇന്നും നിലനിൽക്കുന്നത്. രാഷ്ട്രമീമാംസയില്‍ പുരാതന മധ്യകാലഘട്ടങ്ങളെല്ലാം ഗ്രീസും പടിഞ്ഞാറന്‍ ചിന്തകളും മാത്രമായി വരുന്നതും ആധുനിക-രാഷ്ട്രീയ ചിന്തകളില്‍ മുസ്‌ലിം പണ്ഡിതരുടെ ആശയങ്ങള്‍ക്ക് ഇടംലഭിക്കാതെ വരുന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്.

മതാധികാര കേന്ദ്രീകൃതമായ രാഷ്ട്രീയ ശക്തിക്കെതിരെ രൂപപ്പെട്ട Post Westphalian Secularist ചിന്തകൾ, മതത്തിന്റെ സവിശേഷമായ സാമൂഹിക സ്ഥാനം നിരാകരിച്ചത് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. രാഷ്ട്ര നിര്‍മ്മാണത്തിനും സാമൂഹിക മാറ്റങ്ങള്‍ക്കും മതത്തിന് പ്രത്യേകിച്ചൊന്നും സംഭാവനചെയ്യാന്‍ കഴിയുകയില്ല എന്നും, മറിച്ച് സംഘര്‍ഷങ്ങള്‍ മാത്രമാണത് പ്രദാനം ചെയ്യുന്നത് എന്നുമുളള കാഴ്ച്ചപ്പാപ്പാടുകളാണ് സാമൂഹ്യ-രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് മതത്തെ അകറ്റിനിര്‍ത്താന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇസ്‌ലാമിക ലോകത്തെ സാമൂഹ്യ-രാഷ്ട്രീയ ചിന്തകൾ വളരെ വ്യത്യസ്തമായിരുന്നു. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഒഴിച്ച് നിര്‍ത്തിയാല്‍ (അതുതന്നെയും വ്യതിരിക്തമായ സാമൂഹ്യ-രാഷ്ട്രീയ ചിന്തകള്‍ക്ക് പിറവിയെടുക്കാന്‍ കാരണമായ സാഹചര്യങ്ങളായിരുന്നു)  സ്വതന്ത്ര ചിന്തയെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചതും വ്യത്യസ്തമാര്‍ന്ന രാഷ്ട്രീയ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കാന്‍ കെല്‍പ്പുളളതുമായ പണ്ഡിതന്മാരുടെ സാന്നിധ്യത്താല്‍ സജീവമായിരുന്നു ഇസ്‌ലാമിക ലോകം. നിലവിലും ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലങ്ങളില്‍ ആധുനിക സാമൂഹ്യശാസ്ത്ര വിഷയങ്ങളെക്കുറിച്ച് സുഭദ്രവും ചിന്താര്‍ഹവുമായ രചനകള്‍ ലഭ്യമാണ്. ഈ മേഖലകളില്‍ കൂടുതല്‍ സംഭവാനകളര്‍പ്പിച്ച ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രചനകളും ഇടപാടുകളും ശ്രദ്ധേയമാണ്.

മുസ്‌ലിം പണ്ഡിതന്മാരുടെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍

Shah Waliullah Dehlawi

പരിശുദ്ധ ഖുര്‍ആനും നബി (സ) യുടെ സുന്നത്തും പോലെ നാല് ഖലീഫമാരുടെ രാഷ്ട്രീയ നിരീക്ഷണങ്ങളും, സലഫുകളുടെ സംഭാവനകളും ഇസ്‌ലാമിക രാഷ്ട്രീയ ചിന്തകള്‍ക്ക് അടിത്തറപാകിയിട്ടുണ്ട്. പ്രധാനമായും ഇമാം മാലിക്, ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, ഇമാം അഹ്മദ് ഇബ്‌നു ഹംബല്‍ എന്നിവരുടെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ പ്രസ്താവ്യമാണ്. ഇമാം ശാഫിഈ തന്റെ അല്‍-രിസാലയില്‍ ഉസൂലുല്‍ ഫിഖ്ഹിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശദീകരിക്കുന്നുണ്ട്. നിയമനിര്‍ദ്ധാരണം, ശരീഅത്തിനനുസൃതമായ സാമൂഹ്യക്രമം, ദേശനിര്‍മ്മാണം എന്ന് തുടങ്ങിയ നിരവധി വിഷയങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മാലികി മദ്ഹബിലാണ് ഉസൂലുല്‍ ഫിഖ്ഹിലെ നിയമ സ്‌ത്രോസ്സുകളെക്കുറിച്ചുളള കൂടുതല്‍ അടിസ്ഥാന പ്രമാണങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. വ്യക്തി, ബൗദ്ധികത, അഭിമാനം, ധനം, പാരമ്പര്യം, നീതി എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമരൂപീകരണം നടത്തുക എന്ന ഇസ്‌ലാമികാശയത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രമീമാംസയെ കുറിച്ചുള്ള പഠനങ്ങൾ കൂടുതൽ നടത്തേണ്ടതുണ്ട്. ഇമാം ഗസ്സാലി തന്റെ അൽ മുസ്തഫയിലും ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ അദ്ദേഹത്തിന്റെ കിതാബുൽ സിയാസ അൽ ശറഇയ്യയിലും ഇത്തരത്തിലുള്ള ചർച്ചകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാ വലിയുള്ളാഹി ദഹ്ലവിയുടെ ദേശ നിർമ്മാണവുമായി ബന്ധപ്പെട്ട ഇർത്തിഫാഖാത് എന്ന ആശയം മൗലാനാ മൗദൂദിയുടെ രാഷ്ട്രീയ സിദ്ധാന്തവുമായി ഏറെ സാമ്യമുള്ളതാണ്. ഇത്തരത്തിൽ രാഷ്ട്ര നിർമ്മാണം, രാഷ്ട്ര വികസനം എന്നിവയെ സംബന്ധിച്ച ചർച്ചകളിൽ ഉസൂലിൽ ഫിഖ്‌ഹിലെ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച വിശകലനവും അനിവാര്യമാണ്. അൽ ഫറാബിയുടെ ആറാഉ അഹ്‌ലിൽ മദീനത്തിൽ ഫാദില, തഹ്സീലുൽ സആദ എന്നീ രചനകളിൽ ആധിപത്യം, നിയമനിർമ്മാണം, ഇമാമത്ത് എന്നീ വിഷയങ്ങൾ വിശദമായി അപഗ്രഥിക്കുന്നുണ്ട്. ഇബ്നു ബാജ്ജയുടെ തദ്‌ബീറുൽ മുവഹ്ഹിദിൽ സാമൂഹ്യ വിശകലമാണ് പ്രധാന വിഷയം. അൽ മാവർദിയുടെ അൽ അഹ്‌കാമുൽ സുൽത്താനിയ്യ രാഷ്ട്രീയാധികാരം, നിയമ പാലനം എന്നീ വിഷയത്തിൽ കേന്ദ്രീകരിച്ച രചനയാണ്. ഇബ്നു റുഷ്ദ് തന്റെ ഫസ്ലുൽ മഖാലിൽ പൊളിറ്റിക്കൽ ഫിലോസഫിയെ കുറിച്ചും നിയമ നിർധാരണത്തെ കുറിച്ചും വിശദമായി ചർച്ച ചെയ്യുന്നുണ്ട്. യൂറോപ്യൻ നവോത്ഥാനത്തിൽ തന്നെ വ്യക്തമായ സ്വാധീനം ചെലുത്തിയ ഇബ്നു ഖൽദൂനിന്റെ ചിന്തകളും പ്രസ്താവ്യമാണ്. അൽ കിന്ദി, അൽ ബിറൂനി, മുല്ല സദ്റ, സയ്യിദ് അഹ്മദ് സർഹിന്ദി എന്നിവരുടെ രാഷ്ട്രീയ സാമൂഹിക നിരീക്ഷണങ്ങളും പ്രസക്തമാണ്. ആദ്യ കാല പണ്ഡിതന്മാരുടെ ഭരണ കർത്താക്കളോടുള്ള നിലപാടുകളും ചെറുത്തു നിൽപ്പുകളും അവരുടെ ഫത്‌വകളും അടിസ്ഥാനപ്പെടുത്തിയുള്ള ആലോചനകൾ സാധ്യമാണ്. ഇമാം ഗസ്സാലിയുടെ നസ്വീഹത്തുൽ മുൽക് പോലുള്ള ഭരണ വർഗ്ഗത്തോട് നേരിട്ട് സംവദിക്കുന്ന രചനകളും പ്രമുഖ സൂഫീ പണ്ഡിതരുടെ ഈ മേഖലയിലുള്ള സംഭാവനകളുമൊക്കെ ഇത്തരത്തിൽ ഏറെ സഹായകമാണ്.

ഖുർആനിലെ സാമൂഹിക രാഷ്ട്രീയ സംജ്ഞകൾ

Yusuf al-Qaradawi

പരിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട സാമൂഹികവും രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധമുള്ള നിരവധി സാങ്കേതിക സംജ്ഞകൾ ഈ വിഷയത്തിൽ പഠനാർഹമാണ്. സുൽഹ് (ഉടമ്പടി), അംന് (നിർഭയത്വം, സുരക്ഷ) ഉഹ്‌വാത് (സാഹോദര്യം) മീസാഖ് (കരാർ) അഹ്ദ് (സന്ധി) അൽ അംറും ബിൽ മഅറൂഫ് വ നഹിയും അനിൽ മുൻകർ (നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും) അത്തഅവനു അലൽ ബിർറു വത്തഖ്‌വ (സൂക്ഷമതയിലും നന്മയിലുമുള്ള പരസ്പര സഹകരണം) അൽ ഇസ്‌ലാഹ് (പരിഷ്കരണം) അൽ തഗയ്യുർ (പരിവർത്തനം) എന്നു തുടങ്ങിയ ഖുർആനിക സാങ്കേതിക സംജ്ഞകളുടെ സമകാലിക വ്യാഖ്യാനവും വിശദീകരണവും ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ വികാസത്തിന് കൂടുതൽ ഊർജ്ജം നൽകുന്നതാണ്. സാധാരണ ഇസ്‌ലാമിക രാഷ്ട്ര സങ്കൽപ്പം ചർച്ച ചെയ്യപ്പെടുമ്പോൾ ദാറുൽ ഇസ്‌ലാം, ദാറുൽ ഹർബ് എന്ന് ന്യൂനീകരിക്കുന്നത് ഈ മേഖലയിൽ മുസ്‌ലിം പണ്ഡിതന്മാരുടെ വിശാലമായ ചർച്ചകളെ അവഗണിക്കുന്നതിനു തുല്യമാണ്. ഈ പ്രയോഗങ്ങളുടെ ചരിത്രപരമായ മാറ്റങ്ങളെയും വ്യത്യസ്തമായ അർത്ഥങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. ഈ ബൈനറിക്കപ്പുറം ഇസ്‌ലാമിക രാഷ്ട്ര വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകളിൽ ദാറുൽ അംന് (നിർഭയത്വത്തിന്റെ ഗേഹം), ദാറുൽ അഹദ് (കരാറിന്റെ ഗേഹം), ദാറുൽ ശഹാദ (സത്യസാക്ഷ്യത്തിന്റെ ഗേഹം) എന്നിങ്ങനെ യൂസുഫുൽ ഖറദാവി, താരീഖ് റമദാനിനെ പോലുള്ള ആധുനിക പണ്ഡിതരുടെ വിശകലനങ്ങളും പ്രസക്തമാണ്. ദേശ രാഷ്ട്രത്തോടുള്ള സംഘർഷ ഭരിതമായ ഇടപാടുകൾക്കപ്പുറത്ത് ഇസ്‌ലാം പ്രഘോഷിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയെ സാധ്യമാക്കുന്നതിനായുള്ള ആലോചനകളാണ് ഇത്തരത്തിലുള്ള പണ്ഡിതന്മാർ മുന്നോട്ടു വെക്കുന്നത്.

ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ സുപ്രധാന അടിസ്ഥാനമായ ഖിലാഫത്തിനെ കുറിച്ചുള്ള പഠനങ്ങളും വളരെ സുപ്രധാനമാണ്. ഖിലാഫത്തിനെ ഒരു സാമ്രാജ്യം എന്ന തരത്തിലാണ് പലപ്പോഴും മനസ്സിലാക്കപ്പെടാറുള്ളത്. ദേശ രാഷ്ട്ര സങ്കൽപ്പം ശക്തമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഖിലാഫത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ കുറിച്ച് വിശദമായ വൈജ്ഞാനിക വ്യവഹാരം ആവശ്യമാണ്. ഇസ്‌ലാമിക ആശയത്തിന്റെ അടിത്തറയിൽ വിവിധ ഭരണകൂടങ്ങളുടെ സാധ്യതകളെ മുന്നോട്ടുവെച്ച ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയുടെ നിരീക്ഷണങ്ങൾ ഇത്തരുണത്തിൽ പ്രസ്താവ്യമാണ്.

മതം ഐ ആർ തിയറികളിൽ

മതം ദേശീയ അന്താരാഷ്ട്രീയ മേഖലകളിൽ സംഘർഷവും വിഭാഗീയതയും മാത്രമേ ഉൽപ്പാദിപ്പിക്കുകയുള്ളൂ എന്നും സെക്കുലറിസത്തിന് സമാധാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് പൊതുവെ രാഷ്ട്രമീമാംസകരുടെ അനുമാനം. അതിനാല്‍ തന്നെ സാമ്പ്രദായിക ഇന്റര്‍നാഷണല്‍ തിയറികളെല്ലാം മതത്തിന്റെ സ്ഥാനത്തെ തളളികളഞ്ഞിരുന്നു. ഇന്റർനാഷണൽ റിലേഷൻസ് തിയറികളില്‍ റിലീജിയസ് ലെജിറ്റിമസിയെക്കുറിച്ച് നേരിട്ട് സംവദിക്കുന്ന രചനകള്‍ വളരെ കുറവാണെന്നാണ് ജോനാദന്‍ ഫോക്‌സും ഷ്മുവേല്‍ സാന്‍ഡ്‌ലെറും ചൂണ്ടികാണിക്കുന്നത്. 1980 മുതല്‍ 1999 വരെ പ്രമുഖ നാല് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ജേര്‍ണലുകളെക്കുറിച്ചുളള ഡാനിയല്‍ ഫിൽപോട്ടിന്റെ പഠനത്തില്‍ 1600 ഓളം ലേഖനങ്ങളില്‍ വെറും 6 പഠനങ്ങള്‍ മാത്രമാണ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഘടകമായി മതത്തെ കാണുന്നുള്ളൂ എന്ന് പ്രസ്താവിക്കുന്നുണ്ട്. 1990കള്‍ മുതല്‍ നാഗരികത, സംസ്‌കാരം, സ്വത്വം എന്ന് തുടങ്ങിയ ആശയങ്ങളെല്ലാം ഐ ആർ തിയറികളില്‍ കടന്ന് വരികയും മതത്തെ സ്വത്വം, നാഗരികത എന്നിവയുടെ ഉപവിഭാഗമായി ചര്‍ച്ച ചെയ്ത് തുടങ്ങിയിരുന്നു. 1990 കളില്‍ സാമുവല്‍ പി ഹണ്ടിങ്ങ്ടണിന്റെ ‘നാഗരികതകളുടെ സംഘട്ടനം’ എന്ന തിസീസ് Security theoristകള്‍ക്കിടയില്‍ മതത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി, എങ്കിലും മതത്തെക്കുറിച്ച പ്രതിലോമകരമായ വിവക്ഷയാണ് ഹണ്ടിങ്ങ്ടണും നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ ഭരണസംവിധാനങ്ങളില്‍ മതമൂല്യങ്ങള്‍ പ്രധാനഭാഗഥേയം വഹിക്കുന്ന സാഹചര്യം വന്നിട്ടുണ്ട്. ദേശീയ സ്വത്വം, ദേശീയ താല്പര്യങ്ങള്‍ എന്നിവയുടെ രൂപീകരണത്തിലും മതത്തിന് വ്യക്തമായ സംഭാവനകള്‍ അര്‍പ്പിക്കുവാന്‍ കഴിയുമെന്ന് ഐ ആർ തിയറിസ്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Samuel P. Huntington

അന്താരാഷ്ട്രഘടനയില്‍ ഇസ്‌ലാമിന്റെ ഭാഗധേയത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ ഉണ്ടെങ്കിലും അവയിലധികവും മുസ്‌ലിം മൗലികവാദവുമായി ബന്ധപ്പെട്ട ഭീതികള്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. വെസ്റ്റ്ഫാലിയൻ ഉടമ്പടിക്ക് ശേഷം യൂറോപ്പിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ Secularist ചിന്തകള്‍ക്ക് അപ്രമാധിത്യം ലഭിച്ചപ്പോഴും അറബ്-മുസ്‌ലിം ലോകത്ത് ഇസ്‌ലാമിന്റെ പേരില്‍ വിഭിന്ന രൂപത്തില്‍ അധികാരഘടനകള്‍ നിലനിന്നിരുന്നു. സമകാലിക സാഹചര്യത്തിലും സാമൂഹ്യനിര്‍മ്മാണം, ദേശരാഷ്ട്രങ്ങളെക്കുറിച്ചുളള ധനാത്മകമായ ചര്‍ച്ചകള്‍ എന്നിവയ്ക്ക് ഇസ്‌ലാം പ്രധാന ഉറവിടമായി വ്യവഹരിക്കപ്പെടുന്നുണ്ട്. വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തകളെ കൂടുതല്‍ ക്രിയാത്മകമായ രീതിയില്‍ സംവാദവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. മതം എന്ന് സാധാരണ വിവക്ഷിക്കപ്പെടുന്നതിനപ്പുറം ഒരു സമ്പൂര്‍ണ വ്യവസ്ഥ എന്ന് ഇസ്‌ലാം സ്വയം പരിചയപ്പെടുത്തുന്നതിനാല്‍ ഷാ വലിയുള്ളാഹി ദഹ്‌ലവിയും, മൗലാനാ മൗദൂദിയെയും പോലുളള പണ്ഡിതന്മാര്‍ വിശദീകരിച്ചത് പോലെ വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നീ വിവിധ മണ്ഡലങ്ങളിലെല്ലാം ഇസ്‌ലാമിന് വ്യക്തമായ കാഴ്ച്ചപ്പാടാണുളളത്. പോസ്റ്റ്‌ സെക്കുലറിസ്റ്റ് ചര്‍ച്ചകള്‍ നടക്കുന്ന സമകാലിക സാഹചര്യത്തില്‍  ഇസ്‌ലാമിക പരിപ്രേക്ഷത്തില്‍ തന്നെ ഭദ്രമായ സാമൂഹിക രാഷ്ട്രീയ ചിന്തകള്‍ വികസിച്ച് വരുന്നു എന്നത് ശ്രദ്ധേയമാണ്.

യൂറോ കേന്ദ്രീകൃത ആശയങ്ങളുടെ അടിത്തറയില്‍ ഇസ്‌ലാമിക പ്രമാണങ്ങളെയും മുസ്‌ലിങ്ങളുടെ സാമൂഹികരാഷ്ട്രീയ ജീവിതത്തെയും വീക്ഷിക്കുന്നത് കൂടുതല്‍ അനഭിലാഷണീയമായ വ്യാഖ്യാനങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഭൂമികയില്‍ നിന്ന്‌കൊണ്ട് ലോകത്തെ നോക്കിക്കാണുന്ന രീതിശാസ്ത്രം എന്ന നിലയില്‍ ഇസ്‌ലാമിനെ പൂര്‍ണ്ണമായും സ്വീകരിച്ചാല്‍ മാത്രമേ നീതിയുക്തമായ വീക്ഷണങ്ങള്‍ പിറവിയെടുക്കുകയുളളൂ. സാമൂഹിക ശാസ്ത്ര മേഖലകളില്‍ ഇത്തരത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിശകലനരീതിയുടെ ആവശ്യകത ഏറെയാണ്.

ഡോ: സൈഫുദ്ധീൻ കുഞ്ഞ്