Campus Alive

ഭരണാധികാരികളോടുള്ള അനുസരണം: അകംപൊരുളും അപകടങ്ങളും

(2016 മെയ് 24-26 ദിവസങ്ങളിൽ, Center for Islamic Legislation Studies: From legitimate politics to political legitimacy, എന്ന തലക്കെട്ടിൽ ദോഹയിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധത്തിന്റെ മലയാള വിവർത്തനം, ഭാഗം ഒന്ന്)


ആമുഖം

ഈ പഠനത്തിൽ ഉള്ളടങ്ങിയിട്ടുള്ള “ഭരണാധികാരികളോടുള്ള അനുസരണം” എന്ന വിഷയം മുമ്പ് രചിക്കപ്പെട്ട തഫ്സീറുകളിലും, ഹദീസ് വിശദീകരണങ്ങളിലും ഫിഖ്ഹ്, ഇസ്‌ലാമിലെ രാഷ്ട്രമീമാംസ തുടങ്ങിയവ ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ളതാണ്. കൂടാതെ, ഇവ്വിഷയകമായി, ഇമാം ഇബ്നു തൈമിയ്യയുടെ “ഖാഇദ മുഖ്തസ്വറ ഫീ വുജൂബി ത്വാഅത്തില്ലാഹി വ റസൂലിഹി വ വുലാത്തിൽ ഉമൂർ” എന്ന തലക്കെട്ടിൽ ഒരു ലേഖനവുമുണ്ട്.

എല്ലാ സാഹചര്യങ്ങളിലും ഭരണാധികാരിളെ അനുസരക്കുന്നതിനെ സാധൂകരിക്കുന്ന ധാരാളം ഫത്‌വകളും, എഴുത്തുകളും ഈയിടെ പുറത്തുവരികയുണ്ടായി. സൗദി പണ്ഡിതന്മാരിലും അവിടത്തെ പ്രബോധകരിലുമാണ് ഇത് കൂടുതലായി പ്രത്യക്ഷപ്പെട്ടത്. “ത്വാഅത്തു ഉലിൽ അംറ്” എന്ന പുസ്തകത്തിന്റെ രചയിതാവായ ഡോ. അബ്ദുല്ലാഹ് തുറൈഫിയെ പോലുള്ളവർ ഈ വിഷയത്തെ ആസ്പദമാക്കി സ്വതന്ത്ര രചനകൾ നടത്തുകയുണ്ടായി.

ഭരണാധികാരികൾക്ക് നൽകേണ്ട അനുസരണത്തെക്കുറിച്ച ചർച്ചയിൽ അതുമായി ബന്ധപ്പെട്ട നിബന്ധനകൾ, പരിധികൾ, അതുവഴി വന്നു ഭവിക്കുന്ന തടസ്സങ്ങൾ എന്നിവക്ക് ഭീകര രൂപം നൽകി വിശദീകരിക്കാതെ -അല്ലെങ്കിൽ അതിനെ മനപ്പൂർവ്വം ഒഴിവാക്കി- സമർപ്പിക്കുന്ന പ്രവണത എന്നെന്നും നിലനിന്ന് പോരുന്നുണ്ട്.

1990-കളിൽ, ഭരണാധികാരികൾക്കെതിരെ (അവർ എത്ര തന്നെ വഴികേടിലായാലും അക്രമകാരികളായാലും) യാതൊരു വിമർശനവുമുന്നയിക്കാതെ സകല മേഖലകളിലും അവരെ നിരുപാധികമായി അനുസരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സലഫികളാണെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഒരു സംഘം രംഗത്തുവരികയുണ്ടായി. ഇത്തരത്തിലുള്ള ആശയം സൗദി അറേബ്യയിൽ രൂപം കൊള്ളുകയും പതിയെ പതിയെ മറ്റുനാടുകളിലേക്ക് വ്യാപിക്കുകയും ചെയ്തു. പ്രസ്തുത സംഘടനയുടെ അനുയായികൾ “ജാമികൾ, മദ്ഖലികൾ” എന്നീ പേരുകളിലാണ് മുസ്‌ലിംകൾക്കിടയിൽ അറിയപ്പെടുന്നത്. (ഈ രണ്ട് നാമങ്ങളും അവരുടെ നേതാവ് മുഹമ്മദ് അമാൻ ജാമിയിലേക്കും അദ്ദേഹത്തിന്റെ ശിഷ്യനും പിന്മുറക്കാരനുമായ റബീഹ് മദ്ഖലിയിലേക്കും ചേർത്ത് പറയപ്പെടുന്നതാണ്)

ഭരണാധികാരികളെ അനുസരിക്കൽ നിർബന്ധമാണെന്നതുകൊണ്ട് മാത്രം ശരീഅത്തിന് വിരുദ്ധമായ അടിച്ചമർത്തൽ, അനീതി, സ്വേഛാധിപത്യം, തുടങ്ങി വ്യത്യസ്ത കോണുകളിൽ നിന്ന് മുസ്‌ലിം സമൂഹം ദുരിതം പേറിക്കൊണ്ടിരിക്കുന്നുണ്ട്. തത്ഫലമായി, സത്ഭരണാധികാരിളെയും ദുർഭരണാധികാരികളെയും ഒരുപോലെ അനുസരിക്കേണ്ടിവരികയും, അടിച്ചമർത്തുകയും അക്രമിക്കുകയും ചെയ്യുന്ന ഭരണാധികൾക്കെതിരായി നിലപാട് സ്വീകരിക്കണമെന്ന് ഊന്നിപ്പറയുന്ന ഇസ്‌ലാമിക പ്രമാണങ്ങളെ അവഗണിച്ച് അവർ ചെയ്തുപോരുന്ന അക്രമങ്ങൾക്കെതിരെ മൗനം പാലിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തിട്ടുണ്ട്.

പരിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തിൽ, അവ രണ്ടും മുന്നോട്ടു വെക്കുന്ന അടിസ്ഥാനങ്ങളിലും ലക്ഷ്യങ്ങളിലുമൂന്നി, ഭരണാധികാരികളെ അനുസരിക്കുന്നതിന്റെ താത്വിക-പ്രായോഗിക തലങ്ങളിൽ സംഭവിച്ച വിടവുകളിലേക്കും അതിശയോക്തികളിലേക്കും വ്യാഖ്യാനങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, അവർക്ക് നൽകേണ്ട ശരിയായ അനുസരണത്തെ എങ്ങനെയാണ് സാധ്യമാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള പഠനമാണ് ഇവിടെ നടത്തപ്പെടുന്നത്.

ഇവ്വിഷയകമായി ഖുർആനിലും സുന്നത്തിലും വന്ന പ്രമാണങ്ങൾ വിശദീകരിക്കുന്നിടത്ത്, ഇത് എന്റെ അഭിപ്രായമായി കരുതി തള്ളിക്കളയാതിരിക്കാനായി, വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിക്കുകയും വ്യത്യസ്ത മദ്ഹബുകൾ സ്വീകരിക്കുകയും ചെയ്ത പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും തെളിവായി ഉദ്ധരിച്ചിട്ടുണ്ട്.

ഈ ലേഖനത്തിൽ ഖുർആനിലും തിരുസുന്നത്തിലും വന്ന അനുസരണത്തെക്കുറിച്ച ആയത്തുകളെയും ഹദീസുകളെയും വിശദീകരിക്കുന്നതോടൊപ്പം അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെയും പറഞ്ഞുവെക്കുന്നുണ്ട്. അതുപോലെ, അനുസരണത്തിന്റെ വിഷയത്തിൽ സംഭവിച്ച വ്യതിചലനങ്ങളെയും അതിശയോക്തികളെയും അതുമൂലം രൂപപ്പെടുന്ന തിന്മകളുടെ കാരണങ്ങളെയും ഈ പഠനത്തിൽ വിശകലനം ചെയ്യുന്നുമുണ്ട്.

ഭരണാധികാരികളോടുള്ള അനുസരണം ഖുർആനിൽ 

“വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക”. (അന്നിസാഅ്‌: 59)

മുകളിൽ ഉദ്ധരിച്ച സൂറത്തുന്നിസാഇലെ 59-ാമത്തെ ആയത്താണ് ഈ വിഷയത്തിന്റെ അടിസ്ഥാനമായി പരിഗണിക്കപ്പെടുന്നത്. ഈ ആയത്തിനെ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ “ആയത്തുൽ ഉമറാഅ്‌” (ഭരണാധികാരികളുടെ ആയത്ത്) എന്ന് വിശേഷിപ്പിക്കുന്നുണ്ട്. കൂടാതെ, ഈ ആയത്തിൽ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കണം എന്ന് കൽപ്പിച്ചതിന് തൊട്ടുടനെയാണ് ഭരണാധികാരികളെ അനുസരിക്കണമെന്ന കൽപ്പന വരുന്നത്. അതിനാൽ ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ഭരണാധികാരികളെ അനുസരിക്കൽ നിർബന്ധമാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ എങ്ങനെയുള്ള ഭരണാധികാരികളെയാണ് അനുസരിക്കേണ്ടതെന്ന് കൃത്യപ്പെടുത്തുകയോ, അതു സംബന്ധിച്ച നിബന്ധനകളെക്കുറിച്ചോ ആ ഭരണാധികാരിക്കുണ്ടാവേണ്ട സവിശേഷ ഗുണങ്ങളെക്കുറിച്ചോ വിശദീകരിക്കുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഇസ്‌ലാമിലെ കർമശാസ്ത്ര പണ്ഡിതന്മാർ ഈ വിഷയത്തെ വിശദീകരിക്കുന്നതിന് ഹദീസുകളെയും ശരീഅത്തിന്റെ തത്വങ്ങളെയും അവലംബിക്കുന്നതിന് മുമ്പ് ഉപരിസൂചിത ആയത്തിനെ അതിന് തൊട്ടുമുമ്പുള്ള ആയത്തുമായി ചേർത്തു വായിക്കുകയാണുണ്ടായത്.

അതിനാൽ, ഇതുമായി ബന്ധപ്പെട്ട മറ്റു ഖുർആനിക വചനങ്ങളിലേക്കും ഹദീസുകളിലേക്കും കണ്ണോടിക്കുന്നതിനു മുമ്പ്, മേലുദ്ധരിച്ച ആയത്തിൽ നിന്നും, അതിന്റെ സാഹചര്യത്തെ പരിഗണിച്ചുകൊണ്ട്, പണ്ഡിതന്മാർ കടഞ്ഞെടുത്ത ആശയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണിവിടെ.

ഒന്ന്: “നിങ്ങളിലുള്ള ഭരണാധികാരികൾ” (ഉലുൽ അംരി ഫീക്കും) “നിങ്ങളുടെ അധികാരികൾ” (ഉലൂ അംരിക്കും) “നിങ്ങൾക്ക് മേൽ അധികാരമുള്ളവർ” (ഉലുൽ അംരി അലൈക്കും) എന്നിങ്ങനെയുള്ള വ്യത്യസ്ത ശൈലികളിൽ നിർബന്ധമായും അനുസരിക്കേണ്ട വിഭാഗത്തെക്കുറിക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും “നിങ്ങളിൽ നിന്ന് തന്നെയുള്ള ഭരണാധികാരികൾ” (ഉലുൽ അംരി മിൻക്കും) എന്ന് തന്നെ ഖുർആൻ പ്രയോഗിച്ചതിന്റെ കാരണത്തെ, ശൈഖ് മുഹമ്മദ് അലി അസ്വാബൂനി, “നിർബന്ധമായും അനുസരിക്കപ്പെടേണ്ട ഭരണകർത്താക്കൾ മജ്ജയാലും മാംസമാലും മുസ്‌ലിംകൾ തന്നെയാവണെമെന്നതിനുള്ള തെളിവാണ്” എന്ന് വിശദീകരിക്കുന്നുണ്ട്.

രണ്ട്: “അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേൽപ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേൽപ്പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്” (അന്നിസാഅ്‌:58)

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആയത്തും അനുസരണത്തെ സംബന്ധിച്ച ആയത്തും പരസ്പരം ചേർത്ത് വായിക്കുമ്പോൾ, വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ ഉടമസ്ഥർക്ക് തിരിച്ചേല്‍പിക്കുന്നവരും, അവകാശങ്ങൾ വകവെച്ചു കൊടുക്കുന്നവരും, ജനങ്ങൾക്കിടയിൽ നീതി പൂർവ്വം തീർപ്പ് കൽപ്പിക്കുന്നവരുമാണ് അനുസരിക്കപ്പെടാൻ അർഹതയുള്ളവർ എന്നാണ് മനസ്സിലാവുന്നതെന്ന് ചില മുഫസ്സിറുകൾ അഭിപ്രായപ്പെടുന്നുണ്ട്. “നിങ്ങളിൽ നിന്ന് തന്നെയുള്ള ഭരണാധികളെ അനുസരിക്കുക” (ഉലിൽ അംരി മിൻകും) എന്ന ഖുർആനിക വചനത്തിൽ, അതിന് തൊട്ടുമുമ്പുള്ള ആയത്തിൽ പരാമർശിക്കപ്പെട്ട (അന്നിസാഅ്‌: 58) വിശ്വസിച്ചേൽപ്പിച്ച വസ്തുക്കൾ അതിന്റെ അവകാശികൾക്ക് തിരിച്ചേൽപ്പിക്കുന്നവരും ജനങ്ങൾക്കിടയിൽ നീതിപൂർവ്വം തീർപ്പ് കൽപ്പിക്കുന്നവരുമാണ് ഉൾകൊള്ളുന്നതെന്ന അഭിപ്രായം താബിഈ പണ്ഡിതനായ ഇമാം മക്ഹൂൽ ബ്നു അബീ മുസ്‌ലിമും പറഞ്ഞുവെക്കുന്നുണ്ട്. കൂടാതെ, “ഭരണകർത്താക്കൾ നീതിയോടു കൂടി ഭരണം നടത്തുമ്പോൾ മാത്രമാണ് അവരെ അനുസരിക്കേണ്ടതുള്ളൂ” എന്ന് അബൂ ഹയ്യാൻ അൽ അന്ദുലുസി തന്റെ “അൽ ബഹ്റുൽ മുഹീത്വ്” എന്ന തഫ്സീറിൽ രേഖപ്പെടുത്തുന്നുണ്ട്.

അതിനാൽ, ഭരണാധികാരികളെ അനുസരിക്കുന്നതിൽ മൂന്ന് നിബന്ധനകളുണ്ടെന്ന് ഉപരിസൂചിത ആശയത്തിൽ നിന്ന് വ്യക്തമാവുന്നു. അവ ചുവടെ ചേർക്കന്നു:

1. അവർ മുസ്‌ലിംകൾ ആയിരിക്കണം

2. അവരുടെ ഉത്തരവാദിത്തത്തിലുള്ള വസ്തുക്കൾ അതിന്റെ യഥാർത്ഥ അവകാശികൾക്ക് നൽകുന്നവരായിരിക്കണം.

3. അവരുടെ ഭരണം നീതിയിൽ അധിഷ്ഠിതമായിരിക്കണം

മൂന്ന്: അല്ലാഹുവിനെയും റസൂലിനെയും ഭരണാധികാരികളെയും അനുസരിക്കണമെന്ന് കൽപ്പിച്ചതിനു ശേഷം അതേ ആയത്തിൽ തന്നെ ഇങ്ങനെ കൂടി വിശദീകരിക്കുന്നുണ്ട്. “ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റവും നല്ലത്. മെച്ചപ്പെട്ട ഒടുക്കമുണ്ടാവുന്നതും ഇതിനുതന്നെ” (അന്നിസാഅ്‌ -59). അതിനാൽ, ഭരണാധികാരികളുടെ പ്രവർത്തനങ്ങൾ, ഇജ്തിഹാദുകൾ (ഗവേഷണങ്ങൾ) തുടങ്ങിയവയെ സംബന്ധിച്ചോ അല്ലെങ്കിൽ മുസ്‌ലിംകൾക്കിടയിൽ പൊതുവായി ഒരു കാര്യത്തിൽ തർക്കമുണ്ടാവുകയാണെങ്കിൽ അതിന് പരിഹാരം കാണേണ്ടത് ഖുർആനിന്റെയും തിരുസുന്നത്തിന്റെയും പിൻബലത്തിലാണ്. ഈ ആയത്തിൽ “തർക്കം” (തനാസുഅ്‌) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭരണാധികാരികളുടെ അഭിപ്രായങ്ങളോടും ഭരണനിർവഹണത്തിൽ അവർ നടത്തുന്ന ആസൂത്രണങ്ങളോടുമുള്ള വിയോജിപ്പാണ്. അല്ലാതെ, “അധികാരത്തിന്റെ കാര്യത്തിൽ ഞങ്ങൾ തർക്കിക്കുകയില്ല” എന്ന നബിവചനത്തിലൂടെ നിരോധിക്കപ്പെട്ടതോ, അധികാരവും പദവിയും സ്വയം തട്ടിയെടുക്കുന്നതിന് വേണ്ടി നടത്തുന്നതോ ആയ, അഭിപ്രായപ്രകടനമൊ പ്രവർത്തനങ്ങളൊ അല്ല. അതിനാൽ, അധികാരികളിൽ നിന്ന് അഭിപ്രായ വ്യത്യാസങ്ങളുള്ള കാര്യങ്ങളുണ്ടായാൽ, അവർക്ക് കൂടുതൽ ഉൾക്കാഴ്ച്ച നൽകുന്നതിനും, ഉപദേശ നിർദ്ദേശങ്ങൾ പങ്കുവെക്കുന്നതിനും, അതിൽ വിയോജിപ്പ് രേഖപ്പെടുത്തുക എന്നത് അനുവദനീയമാണ്. എന്നു മാത്രമല്ല, ചില സമയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കൽ നിർബന്ധമായി (വാജിബ്) തീരുകയും ചെയ്യും.

ഈയൊരു ആശയം ഇബ്നു തൈമിയ്യയുടെ വാക്കുകളിലും പ്രകടമാവുന്നുണ്ട്: “അനുസരണവുമായി ബന്ധപ്പെട്ട് അവതീർണമായിട്ടുള്ള രണ്ട് ആയത്തുകളിൽ ഒന്ന്, ഭരണകർത്താക്കളുമായി ബന്ധപ്പെട്ട്, അവർക്ക് ജനങ്ങൾക്കിടയിൽ നീതിപൂർവ്വകമായി ഭരണം നടത്തുവാനും അവരുടെ കടമകൾ നിറവേറ്റാനും ബാധ്യതയുണ്ടെന്ന് കൽപ്പിക്കുന്നു. രണ്ടാമത്തേത്, യുദ്ധസന്ദർഭവുമായി ബന്ധപ്പെട്ടാണ് അവതരിക്കുന്നത്. ആ ആയത്ത് യുദ്ധങ്ങളിലും, ഭരണനിർവഹണത്തിലും, മറ്റു സാഹചര്യങ്ങളിലും, ഭരണാധിപന്മാർ സൈനീകർക്കിടയിൽ നീതിയും, അവരോടുള്ള ബാധ്യതകൾ നിറവേറ്റുകയും ചെയ്യുമ്പോൾ മാത്രമാണ് ഒരു സൈന്യത്തിന് അതിന്റെ നേതാവിനെ അനുസരിക്കേണ്ടതുള്ളൂ എന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട്, അവർ അല്ലാഹുവിനെ ധിക്കരിക്കുന്ന രീതിയിൽ ഏതെങ്കിലും ഒരു കാര്യം ചെയ്യുവാൻ നിർബന്ധിച്ചാൽ അതനുസരിക്കേണ്ടതില്ല. കാരണം, ഒരു മനുഷ്യസൃഷ്ടിക്ക് ഒരിക്കലും തന്റെ സൃഷ്ടാവിനെ ധിക്കരിക്കുക എന്നത് അസാധ്യമാണ്. അതിനാൽ, അധികാരികൾക്കും നിങ്ങൾക്കുമിടയിൽ തർക്കമുണ്ടാക്കുന്ന ഒരു കാര്യം സംജാതമായാൽ അതിന് തീർപ്പ് കൽപ്പിക്കേണ്ടത് ഖുർആനെയും തിരുസുന്നത്തിനെയും അടിസ്ഥാനപ്പെടുത്തിയാണ്”.

അദ്ദേഹം തന്നെ മറ്റൊരിടത്ത് ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്: “സത്യവിശ്വാസികളോട് അല്ലാഹു അവനെയും മുഹമ്മദ് നബിയേയും (സ്വ) അധികാരികളേയും അനുസരിക്കുവാനും അധികാരികളോട് ജനങ്ങളോടുള്ള ബാധ്യതകൾ നിറവേറ്റിക്കൊടുക്കാനും അവർക്കിടയിൽ നീതി മുൻനിർത്തി വിധികൽപ്പിക്കാനും ആജ്ഞാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അധികാരികൾക്കും ജനങ്ങൾക്കുമിടയിൽ ഒരു കാര്യത്തെ സംബന്ധിച്ച് തർക്കമുണ്ടായാൽ അതിന് പ്രതിവിധി കാണേണ്ടത് അല്ലാഹുവിലും നിന്നും അവന്റെ റസൂലിൽ നിന്നുമാണ്. ഇതിനെ പണ്ഡിതന്മാർ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്: “ഇവിടെ അല്ലാഹുവിൽ നിന്നും അവന്റെ റസൂലിൽ നിന്നും പരിഹാരം കാണുക എന്നതുകൊണ്ടുള്ള ഉദ്ദേശം ഖുർആനും നബിചര്യയും(സുന്നത്ത്) മുൻനിർത്തി പരിഹരിക്കണമെന്നാണ്.

എന്നാൽപോലും, ഭരണാധികാരികൾ (ഉലുൽ അംറ്) എന്നതുകൊണ്ട് ശരിക്കും ഉദ്ദേശിക്കപ്പെടുന്നത് ആരാണെന്ന് കൃത്യമായി നിർണയിക്കപ്പെടാത്തതിനാൽ, ഭരണാധികാരികൾ വിധികർത്താക്കൾ (ഖാളി) എന്നിവരെല്ലാം ഉൾപ്പെടുന്ന മുഴുവൻ കൈകാര്യകർത്താക്കളുമാണ് “ഉലുൽ അംറ്” കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നും അതല്ല, ഇസ്‌ലാമിക വിജ്ഞാനീയങ്ങളും കർമശാസ്ത്രവും നന്നായി ഗ്രഹിച്ച പണ്ഡിതന്മാരാണവരെന്നുമുള്ള രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. (ഈ രണ്ട് അഭിപ്രായങ്ങൾക്കും പുറമെ മറ്റ് അഭിപ്രായങ്ങളും ഈ വിഷയത്തെ സംബന്ധിച്ച് കാണാവുന്നതാണ്) അതിൽ ആദ്യത്തെ അഭിപ്രായമാണ് ഏറ്റവും കൂടുതൽ പ്രബലമായത്. അത് തന്നെയാണ് ഈ പഠനത്തിൽ പ്രതിപാദിക്കുകയും ചെയ്യുന്നത്.

അല്ലാഹുവിന് അനുസരണവും മുസ്‌ലിംകൾക്ക് നന്മയുമുള്ള കാര്യങ്ങളിൽ ഭരണകർത്താക്കളെ അനുസരിക്കണമെന്ന് കൽപ്പിക്കുന്ന സ്വീകാര്യമായ പ്രവാചകവചനങ്ങൾ ഉള്ളതിനാൽ, അവർ ഭരണ കർത്താക്കളാണെന്ന് പറയുന്നവരുടെ അഭിപ്രായമാണ് ശരിയുമായി കൂടുതൽ അടുത്ത് നിൽക്കുന്നത് എന്ന് ഇബ്നു ജരീർ വീക്ഷിക്കുന്നുണ്ട്. ഇതിനെ തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി കാണാം: “വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള ഭരണാധികാരികളെയും അനുസരിക്കുക” എന്ന ആയത്ത് സൂചിപ്പിക്കുന്നത് പ്രകാരം അല്ലാഹുവിനെയൊ അവന്റെ റസൂലിനെയൊ നീതിമാനായ നേതാവിനെയൊ മാത്രമേ അനുസരിക്കേണ്ടതുള്ളു. അവരല്ലാതെ മറ്റാരെയും അനുസരിക്കേണ്ടതില്ല. അല്ലാഹുവിന് വഴിപ്പെടാൻ കൽപ്പിക്കുകയും, ജനങ്ങൾക്ക് അല്ലാഹു നിശ്ചയിച്ചു തന്ന പരിധി ലംഘിക്കുന്നതിൽ നിന്ന് തടയുകയും, മുസ്‌ലിംകളുടെ കാര്യങ്ങൾ ഏറ്റെടുത്തവരുമായ നേതാക്കന്മാരാണ് “ഉലുൽ അംറ്” എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ആരെങ്കിലും ഇസ്‌ലാമിക ശരീഅത്ത് ചെയ്യുവാൻ നിർബന്ധിക്കാത്ത ഒരു കാര്യം നിർവഹിക്കാൻ നിർബന്ധിക്കുകയോ അല്ലെങ്കിൽ അത് വിലക്കാത്ത ഒരു സംഗതി വിലക്കുകയോ ചെയ്യുകയാണെങ്കിൽ, അതിൽ അയാളെ അനുസരിക്കേണ്ട കാര്യമില്ല. എന്നാൽ, ജനങ്ങളുടെ പൊതുനന്മക്ക് ഉതകുന്ന കാര്യങ്ങൾ നിർവഹിക്കാൻ കൽപ്പിക്കുകയും ഏതൊരു സംഗതിയിലും അല്ലാഹുവിന്റെ പരിധികൾ ലംഘിക്കുകയും ചെയ്യാത്ത എല്ലാ ഭരണാധികാരികളെയും അനുസരിക്കൽ അനിവാര്യമാണെന്ന് അല്ലാഹു ആജ്ഞ നൽകിയിട്ടുണ്ട്”.

ഇമാം സമഖ്ശരി

മുകളിൽ വിവരിക്കപ്പെട്ട അതേ ആശയം ഇന്ത്യൻ പണ്ഡിതൻ അല്ലാമാ മുഹമ്മദ് സ്വിദ്ദീഖ് ഖാൻ അൽ ഖിന്നൂജി ഇമാം സമഖ്ശരിയുടെ അഭിപ്രായത്തെ ചേർത്തുവെച്ചു കൊണ്ട് സ്ഥാപിക്കുണ്ട്. അതിങ്ങനെ വായിക്കാം: “നീതിയോട് കൂടി ഭരണം നിർവഹിക്കുകയും ജനങ്ങളോടുള്ള ബാധ്യതകൾ നിറവേറ്റുകയും ചെയ്യുമ്പോഴാണ് അധികാരികളെ അനുസരിക്കൽ അനിവാര്യതയായി തീരുകയുള്ളു”.

ഇതേ അഭിപ്രായം ഇമാം നസഫിയും രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം പറയുന്നു: “ഭരണാധികാരികൾ സത്യത്തോട് ചേർന്ന് നിൽക്കുമ്പോൾ മാത്രം അവരെ അനുസരിക്കുക, അതിന് വിരുദ്ധമായ എന്തെങ്കിലും അവരിൽ നിന്നുണ്ടായാൽ, “ഒരു സൃഷ്ടിക്കും സൃഷ്ടാവായ അല്ലാഹുവിനെ ഒരു കാര്യത്തിലും ധിക്കരിക്കുക സാധ്യമല്ല” എന്ന നബിയുടെ (സ്വ) പ്രസ്താവ്യത്തിന്റ അടിസ്ഥാനത്തിൽ ഭരണാധികാരിളെ തെല്ലുപോലും അനുസരിക്കേണ്ടതില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സംഭവം കൂടി മേൽ പറഞ്ഞ കാര്യത്തോട് ചേർത്തുവായിക്കേണ്ടതുണ്ട്: “ഒരു ദിവസം മസ്ലമത്ത് ബ്നു അബ്ദിൽ മലിക് ഇബ്നി മർവാൻ അബൂ ഹാസിമിനോട് ഇങ്ങനെ ചോദിച്ചു: “നിങ്ങളിൽ നിന്ന് തന്നെയുള്ള ഭരണാധികാരികളെ അനുസരിക്കുക” എന്ന അല്ലാഹുവിന്റെ കൽപനപ്രകാരം നിങ്ങൾ എന്നെ അനുസരിക്കേണ്ടതില്ലേ? അബൂ ഹാസിം അദ്ദേഹത്തോട് മറുപടി പറഞ്ഞു: “ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്കിടയിൽ തർക്കമുണ്ടായാൽ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക” എന്ന ആയത്ത് പ്രകാരം താങ്കളിൽ നിന്ന് സത്യത്തിന് വിരുദ്ധമായി എന്തെങ്കിലുമുണ്ടായാൽ താങ്കളെ അനുസരിക്കുക എന്നത് എടുത്തുകളയപ്പെട്ടതുമാണ്”.

ഭരണാധികാരികളുടെ ആജ്ഞകളും നിരോധനങ്ങളും ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുക എന്നത്, ഭരണാധികാരികളെ അനുസരിക്കുന്നതിനുള്ള ഒരു നിബന്ധനയായി അൽ ഹാഫിള് സൈനുദ്ദീൻ അൽ ഇറാഖി എണ്ണുന്നുണ്ട്. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: “ഖുർആനും സുന്നത്തും ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യമാണ് ഭരണാധികാരികൾ കൽപ്പിക്കുന്നതെങ്കിൽ അവരെ അനുസരിക്കുകയും ഖുർആനും സുന്നത്തും ചെയ്യാൻ ആവിശ്യപ്പെടാത്ത കാര്യമാണ് ചെയ്യാൻ നിർബന്ധിക്കുന്നതെങ്കിൽ അവരെ അനുസരിക്കുക എന്ന നിരോധിക്കപ്പെട്ട (ഹറാമായ) സംഗതിയുമാണ്”

ഖുർആൻ വിലക്കിയ അനുസരണം

ഇസ്‌ലാമിക വീക്ഷണപ്രകാരം ദുർഭരണാധികാരികളെ അനുസരിക്കേണ്ട ആവശ്യമില്ല. ഇമാം സമഖ്ശരി ഇതുമായി ബന്ധപ്പെട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “സത്യത്തിനു വേണ്ടി നിലകൊള്ളുന്ന സത്ഭരണാധികാരികളെക്കുറിച്ചാണ് “ഉലുൽ അംരി മിൻക്കും” (നിങ്ങളിൽ നിന്ന് തന്നെയുള്ള ഭരണാധികാരികൾ) എന്ന് ഖുർആൻ പരാമർശിച്ചിട്ടുള്ളത്. കാരണം, ദുർഭരണാധികാരികളെ അല്ലാഹുവിനോടും റസൂലിനോടും ഒരിക്കലും ചേർത്തു പറയാൻ സാധിക്കില്ല. ഭരണാധികാരികൾ അവരെടുക്കുന്ന തീരുമാനങ്ങളിലും അവരുടെ ആജ്ഞകളിലും നിരോധനങ്ങളിലും, അല്ലാഹുവിന്റെയും റസൂലിന്റെയും പാർശ്വം പിൻപറ്റുന്നവരാണ്. ഇക്കാര്യത്തിൽ, അൽഖുലഫാഉറാശിദൂന്റെയും (സച്ചരിതരായ ഖലീഫമാർ) അവരെ അനുഗമിക്കുന്നവരുടെയും പാതയാണ് ഉത്തമമായ മാതൃക. “ഞാൻ നീതി നടപ്പാക്കുവോളം കാലം നിങ്ങളെന്നെ അനുസരിക്കുക, അതിനു വിരുദ്ധമായി എന്തെങ്കിലും ഞാൻ ചെയ്യുകയാണെങ്കിൽ നിങ്ങളെന്നെ അനുസരിക്കേണ്ടതില്ല” എന്ന അവരുടെ വാക്കുകൾ തന്നെ അവർ മാതൃകാപാത്രങ്ങളായിരുന്നു എന്നതിന് തെളിവാണ്.

അതിനാൽ, അല്ലാഹു “ഉലുൽ അംറ്” (ഭരണാധികാരികൾ) ആരാണെന്ന് സംശയത്തിനിടയില്ലാത്തവിധം വിശദീകരിച്ചിട്ടും എന്ത് അടിസ്ഥാനത്തിലാണ് ദുർഭരണാധികാരികളെ അനുസരിക്കുന്നത്? അല്ലാഹു ആദ്യമായി ഭരണാധികാരികളോട്, ഭരണത്തിൽ നീതി പുലർത്തുവാനും അവകാശങ്ങളെ അതിന് അർഹരായവരെ കണ്ടെത്തി നിറവേറ്റിക്കൊടുക്കുവാനും അവർക്കിടയിൽ അഭിപ്രായ വ്യത്യാസം സംഭവിക്കുന്ന കാര്യങ്ങളിൽ ഖുർആനും തിരുസുന്നത്തിനും അനുസൃതമായി പരിഹാരം കാണുവാനുമാണ് കൽപ്പിച്ചത്. എന്നാൽ, ദുർഭരണാധികാരികൾ അനീതി കൊണ്ടാടുന്നവരും മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്നവരുമാണ്. അവർ ഒന്നിനുവേണ്ടിയും ഖുർആനെയും സുന്നത്തിനെത്തിനെയും ആശ്രയിക്കുകയില്ല. തങ്ങൾ എവിടെയാണെങ്കിലും തങ്ങളുടെ ഇച്ഛകൾക്കനുസരിച്ചാണ് അവർ തീരുമാനങ്ങൾ കൈകൊള്ളുന്നത്. അതിനാൽ, അവരുടെ സ്ഥാനം അല്ലാഹുവും റസൂലും പരിചയപ്പെടുത്തിയ “ഉലുൽ അംറിന്റെ” (ഭരണാധികാരികൾ) വിശേഷണത്തിന് പുറത്താണ്. മാത്രമല്ല, അവർക്ക് അനുയോജ്യമായ വിശേഷണം “തസ്കരവീരന്മാർ” എന്നതാണ്.

ഓര്‍ക്കുക: ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ‎ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം ‎അതൊക്കെയും നടപ്പാക്കി. അപ്പോള്‍ അല്ലാഹു അരുളി: ‎‎”നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്.” ‎ഇബ്റാഹീം ആവശ്യപ്പെട്ടു: “എന്റെ മക്കളെയും.” ‎അല്ലാഹു അറിയിച്ചു: “എന്റെ വാഗ്ദാനം ‎അക്രമികള്‍ക്കു ബാധകമല്ല.” (അൽബഖറ: 124). ‎നിളാമുദ്ദീൻ നൈസാബൂരി ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇങ്ങനെ പറഞ്ഞുവെക്കുന്നുണ്ട്: “അതിരുകടന്നവൻ (അൽഫാസിഖ് ) ഒരിക്കലും ഭരണാധികാരിയാവേണ്ടതില്ല, ഇനി അങ്ങനെയൊരാൾ ഭരണാധികാരിയായാൽ അയാളുടെ തീരുമാനങ്ങൾ ആരും നടപ്പിൽ വരുത്തുകയോ ശിരസാവഹിക്കുകയോ വേണ്ടതുമില്ല. കൂടാതെ, അയാൾ നബിയോട് ചേർത്ത് പറയുന്ന ഉദ്ധരണികളോ, അയാളുടെ സാക്ഷ്യമോ ഫത്വകളോ ഒന്നും സ്വീകരിക്കുവാനും പാടില്ല. അതുമാത്രമല്ല, അയാൾ നമസ്കാരത്തിന് നേതൃത്വം നൽകേണ്ടതില്ല. ഇനി ഏതെങ്കിലും കാരണവശാൽ അയാൾ നമസ്കാരത്തിന് നേതൃത്വം നൽകുകായാണെങ്കിൽ ആ നമസ്കാരം സാധുവാകുന്നതുമാണ്.

ഇതേ അഭിപ്രായം തന്നെയാണ് മുഹമ്മദ് സിദ്ദീഖ് അൽഖനൂജിയുടെ വാക്കുകളിലും പ്രതിഫലിക്കുന്നത് അദ്ദേഹം പറയുന്നു: “ഉലുൽ അംറ് (ഭരണാധികാരികൾ) എന്നാൽ സച്ചരിതരായ ഖലീഫമാരെയും (അൽഖുലഫാഉ റാശിദൂൻ) അവരുടെ പാത പിന്തുടരുന്നവരെയും പോലെ, സത്യത്തിന്റെ സംരക്ഷകരും നീതിയുടെ കാവൽക്കാരുമായ നേതാക്കന്മാരും സുൽത്താന്മാരും ന്യായാധിപന്മാരും ആയിരിക്കും”. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചായിരിക്കും അവരുടെ ഭരണം നടപ്പിൽ വരുത്തുക. അവരൊരിക്കലും ത്വാഗൂത്തിനുവേണ്ടി നിലകൊള്ളുകയില്ല.

നബി (സ്വ) പറഞ്ഞു: “ആര് എന്നെ അനുസരിച്ചുവോ അവൻ അല്ലാഹുവിനെ അനുസരിച്ചു, ആര് എന്നെ ധിക്കരിച്ചുവോ അവൻ അല്ലാഹുവിനെ ധിക്കരിച്ചു, ആര് നേതാവിനെ അനുസരിച്ചുവോ അവൻ എന്നെ അനുസരിച്ചു, ആര് നേതാവിനെ ധിക്കരിച്ചുവോ അവൻ എന്നെ ധിക്കരിച്ചിരിക്കുന്നു”.

ഈ ഹദീസിന്റെ തന്നെ മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം: “ആര് ഞാൻ നിശ്ചയിച്ച നേതാവിനെ അനുസരിച്ചുവോ, അവർ എന്നെ അനുസരിച്ചിരിക്കുന്നു, ആര് ഞാൻ നിശ്ചയിച്ച നേതാവിനെ ധിക്കരിച്ചുവോ, അവർ എന്നെ ധിക്കരിച്ചിരിക്കുന്നു”.

ഈ ഹദീസിനെ വിശദീകരിച്ച് അൽ ഹാഫിള് സൈനുദ്ധീൻ അൽഇറാഖി പറഞ്ഞ വാക്കുകളിലും ഉപരിസൂചിത ആശയത്തെ സ്വാംശീകരിച്ചതായി കാണാം: “നബി (സ്വ) ‘ഞാൻ നിശ്ചയിച്ച നേതാവ്’ എന്ന് പ്രയോഗിച്ചത് അദ്ദേഹം തന്നെ നേരിട്ട് ഒരാളെ ഉത്തരവാദിത്വം (വിലായത്ത്) ഏൽപ്പിച്ചതുകൊണ്ടാവാം. എന്നാൽ, നബിയുടെ (സ്വ) ആ വാക്കുകൾ അവിടെ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ട മനുഷ്യനിലേക്ക് മാത്രം ചുരുങ്ങുന്നതല്ല. മറിച്ച്, മുസ്‌ലിംകളുടെ അല്ലെങ്കിൽ മുസ്‌ലിം സമൂഹത്തിന്റെ കാര്യങ്ങളിൽ ഉത്തരവാദിത്വമുള്ള നീതിമാന്മാരായ മുഴുവൻ ഭരണാധികാരികളെയും അഭിമുഖീകരിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാൽ, അവർ അനുസരിക്കപ്പെടാൻ യോഗ്യരും ഖുർആനിൽ അല്ലാഹുവിലേക്കും റസൂലിലേക്കും ചേർത്തു പറഞ്ഞ വിഭാഗത്തിൽപ്പെട്ടവരുമാണ്”.

എന്നാൽ, ജനങ്ങളെ അടിച്ചമർത്തുകയും അവരുടെ ധനം കവർന്നെടുക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്ന ദുർഭരണാധികളെ, ഇസ്‌ലാമിക കർമശാസ്ത്രത്തിലെ ‘നിർബന്ധിതാവസ്ഥ നിഷിദ്ധങ്ങളെ സാധൂകരിക്കും’ (അള്ളറൂറത്തു തുബീഹുൽ മഹ്ളൂറാത്ത്) എന്ന പൊതു തത്ത്വ പ്രകാരം അനിവാര്യ ഘട്ടങ്ങളിൽ അനുസരിക്കേണ്ടി വരും. ഇതേക്കുറിച്ച് ഈ ലേഖനത്തിന്റെ “ശറഇന് വിരുദ്ധമായ അനുസരണവും അതിന്റെ അപകടങ്ങളും” എന്ന ഭാഗത്ത് വിശദീകരിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, ഖുർആൻ ഭരണാധികാരികളെ അനുസരിക്കണമെന്ന് കൽപ്പിക്കുകയും, അതിനുള്ള അടിസ്ഥാനമായി, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കണമെന്നും, ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നൽകണമെന്നും അവർക്കിടയിൽ നീതി സ്ഥാപിക്കണമെന്നും പറഞ്ഞുവെച്ചു. കൂടാതെ, തർക്കമുണ്ടാവുന്ന സമയത്ത് ഖുർആനെയും നബിയുടെ (സ്വ) സുന്നത്തിനെയും അവലംബിക്കണമെന്ന് കൽപ്പിക്കുകയും ചെയ്തു.

മറ്റൊരർത്ഥത്തിൽ ഖുർആൻ, അധികാരികളും, മഹാന്മാരും, മേലുദ്യോഗസ്ഥരും ഇസ്‌ലാമിന്റെ മാർഗത്തിൽ നിന്ന് വ്യതിചലിക്കുകയും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കാതിരിക്കുകയുമാണെങ്കിൽ അവരെ അനുസരിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയും അതിനെപ്പറ്റി മുന്നറിയിപ്പ് നൽകുകയും ചെയ്യുകയാണിവിടെ.

“അങ്ങനെ ഫിർഔന്‍ തന്റെ ജനത്തെ വിഡ്ഢികളാക്കി. അതോടെ അവര്‍ അവനെ അനുസരിച്ചു. അവര്‍ തീര്‍ത്തും അധാര്‍മികരായ ജനതയായിരുന്നു” (അസ്സുഖ്റുഫ് : 54) ഈ ആയത്ത് സ്വേഛാധിപതികളെ അന്ധമായി അനുസരിക്കുന്നവർക്കുണ്ടാവുന്ന പരിണതിയുടെ നേർക്കാഴ്ച്ചയാണ് വരച്ചിടുന്നത്.

ഈ ആയത്തിനു പുറമേ ഇതേ ആശയം പ്രതഫലിക്കുന്ന ധാരാളം ആയത്തുകൾ ഖുർആനിൽ കാണാവുന്നതാണ്.

ഉദാഹരണമായി:

1. “അവര്‍ വിലപിക്കും: ‘ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും പ്രമാണിമാരെയും അനുസരിച്ചു. അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു.’” (അൽ അഹ്സാബ്:67)

2. “അതിക്രമികളുടെ ആജ്ഞകള്‍ അനുസരിക്കരുത്. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണവര്‍. ഒരുവിധ സംസ്കരണവും വരുത്താത്തവരും”. (അശ്ശുഅറാഅ്‌ : 150-152)

3. “നമ്മുടെ സ്മരണയെ സംബന്ധിച്ച് അശ്രദ്ധരാവുന്നവനെയും തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെയും പരിധി ലംഘിച്ച് ജീവിക്കുന്നവനെയും നീ അനുസരിച്ചുപോകരുത്”. (അൽ കഹ്ഫ് : 28)

4. അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്. അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍. നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി. ക്രൂരന്‍, പിന്നെ, ജാരസന്തതിയും. അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന്‍ പറയും: ‘ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്’”. (അൽ ഖലം: 10-15)

5. നിന്നോടു കല്‍പിച്ചവിധം നീയും നിന്നോടൊപ്പം പശ്ചാത്തപിച്ചു മടങ്ങിയവരും നേര്‍വഴിയില്‍ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ പരിധി ലംഘിക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് സൂക്ഷ്മമായി കാണുന്നവനാണവന്‍. അതിക്രമം കാണിച്ചവരുടെ ഭാഗത്തേക്ക് നിങ്ങള്‍ ചായരുത്. അങ്ങനെ ചെയ്താല്‍ നരകം നിങ്ങളെ പിടികൂടും. അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് രക്ഷകരായി ആരുമില്ല. പിന്നീട് നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുകയുമില്ല. (ഹൂദ്: 112 – 113)

ഉപരിസൂചിത ആയത്തുകൾ കാഫിറുകളെയും (സത്യനിഷേധികൾ) മുനാഫിഖുകളെയും (കപടവിശ്വാസികൾ) മാത്രമാണ് അഭിസംബോധനം ചെയ്യുന്നതെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ, അല്ലാഹു അവരുടെ അടയാളങ്ങളെ വിശദീകരിച്ച് തരികയും അവരെ അനുസരിക്കരുതെന്ന് കൽപ്പിച്ചിട്ടുമുണ്ട്. (അതിനാൽ ഈ അടയാളങ്ങൾ ആരിലൊക്കെ ദർശിക്കുന്നുവോ അവരും ഉപരിസൂചിത ഗണത്തിൽപ്പെടുന്നതാണ്) താഴെ കൊടുത്തിരിക്കുന്ന ആയത്തുകളിലുള്ളതുപോലെ,

6. നബിയേ, ദൈവഭക്തനാവുക. സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും വഴിപ്പെടാതിരിക്കുക. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും. (അൽ അഹ്സാബ്: 1)

7. സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും നീയൊട്ടും വഴങ്ങരുത്. അവരുടെ ദ്രോഹം അവഗണിക്കുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ഭരമേല്‍പിക്കാന്‍ അല്ലാഹു തന്നെ മതി. (അൽ അഹ്സാബ്- 48)

കാഫിറുകൾക്കും മുനാഫിഖുകൾക്കും പുറമേ, അഹങ്കാരികൾ, അതിരുകടന്നവർ, അന്യരുടെ ധനം കവർന്നെടുക്കുന്നവർ, അടിച്ചമർത്തുന്നവർ, അക്രമികൾ, പാപികൾ തുടങ്ങിയവരെ അനുസരിക്കുന്നത് അല്ലാഹു വിലക്കിയിട്ടുണ്ട്. അതിനാൽ, മുകളിൽ സൂചിപ്പിച്ച അടയാളങ്ങൾ പ്രത്യക്ഷമായി കുഫ്റിനെ ഉൾകൊള്ളുന്നതല്ലെങ്കിലും അതെല്ലാം പരസ്പരപൂരകങ്ങളായി പരിഗണിക്കാവുന്നതാണ്.

ഫിഖ്ഹ് നിദാന ശാസ്ത്രത്തിൽ, ഒരു സംഭവത്തെ സംബന്ധിച്ച് വന്ന വിധി (ഹുകും) മറ്റൊരു വിഷയത്തിലേക്ക് ചേർക്കുമ്പോൾ, ആദ്യം വിധി വന്ന വിഷയത്തിൽ വിവരിക്കപ്പെട്ട ഗുണങ്ങളെ പരിഗണിക്കുകയും അതിനെ രണ്ടാമത്തെ വിഷയത്തിന്റെ ഗുണങ്ങളുമായി താരതമ്യം ചെയ്യുകയും അങ്ങനെ രണ്ടാമത്തെ സംഭവത്തിനും അതേ വിധി കൽപ്പിക്കുവാനുള്ള ഹേതുവായി (ഇല്ലത്തായി) അതിനെ കാണുകയും ചെയ്യും. ഇങ്ങനെ ആലോചിക്കുമ്പോൾ മേൽ സൂചിപ്പിച്ച ഗുണങ്ങളൊക്കെയും “കാഫിറിൽ” മാത്രം ചുരുങ്ങുന്നതല്ലെന്നും, ഈ ഗുണങ്ങൾ പ്രകടമാക്കുന്ന മറ്റുള്ളവരും ഇതിലുൾചേരുന്നുണ്ടെന്നും മനസ്സിലാക്കാം. അതിനാൽ ഈ ഗുണങ്ങൾ ആരിലൊക്കെ ദൃശ്യമാവുന്നുവോ, അവർ കാഫിറുകളോ, മുസ്‌ലിംകളൊ, മുനാഫിഖുകളോ ആരുമാകട്ടെ, അവരെയൊന്നും അനുസരിക്കുകയോ അനുധാവനം ചെയ്യുകയോ വേണ്ടതില്ല.

ഉമവി ഭരണാധികാരിയായ യസീദിൽ നിന്ന് ഇബ്നു ഹുബൈറക്ക് ലഭിച്ച (അല്ലാഹുവിന്റെ കൽപ്പനയുടെ) ലംഘനം ഉൾകൊള്ളുന്ന കത്തിനെക്കുറിച്ച് ഹസനുൽ ബസ്വരി ചോദിച്ചശേഷം നൽകിയ ഉപദേശത്തെ ഇബ്നു അർസഖ് തന്റെ ‘ബദാഇഅ്‌’ എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്: “അല്ലാഹുവിന്റെ കൽപ്പനകളെ ധിക്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഭരണാധികാരിയിൽ നിന്ന് ഒരു കത്ത് വന്നാൽ, അയാളെ അനുസരിക്കേണ്ടതുണ്ടോ? എന്ന് ഇബ്നു ഹുബൈറ ഹസനുൽ ബസ്വരിയോട് ചോദിച്ചു, അപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: ‘അല്ലാഹുവിനെ മാത്രമാണ് താങ്കൾ അനുസരിക്കേണ്ടത്. അല്ലാഹുവിനെ ധിക്കരിക്കാനാരെങ്കിലും കൽപ്പിച്ചാൽ അയാളെ ഒരിക്കലും അനുസരിക്കേണ്ടതില്ല. താങ്കൾ താങ്കളുടെ നേതാവിന്റെ കത്തിന് പകരം അല്ലാഹുവിന്റെ പരിശുദ്ധ ഖുർആനെ പിന്തുടരുക. ഭരണാധികാരിയുടെ കത്തിൽ നിന്ന് ഖുർആനോട് യോജിക്കുന്ന സംഗതികളെ സ്വീകരിക്കുകയും അതിന് വിരുദ്ധമായതിനെ തള്ളിക്കളയുകയും ചെയ്യുക. സഹോദരാ, താങ്കൾ അല്ലാഹുവിനെ സൂക്ഷിക്കുക, ഏതു നിമിഷവും മരണം നിന്നെ പിടികൂടുന്നതാണ്. അതിനാൽ, താങ്കൾ ഭരണാധികാരിയെയും ഇഹലോകത്തെ സുഖസൗകര്യങ്ങളെയും വെടിയുക, അല്ലാഹുവിനു വേണ്ടി താങ്കളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുകയും അവനുവേണ്ടി നിർബാധം പ്രവർത്തിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ പരിധിയിൽ നിന്നുകൊണ്ട് മാത്രമേ താങ്കൾക്ക് യസീദിനെ അനുസരിക്കേണ്ടതുള്ളു. എന്നാൽ താങ്കൾ അല്ലാഹുവിനെ അനുസരിക്കുന്നതിന് യസീദ് ഒരു തടസ്സമാകുന്നില്ല. കുറ്റവാളികളായ ജനതക്ക് അല്ലാഹുവിൽ നിന്നിറങ്ങിയ ശിക്ഷയെക്കുറിച്ച് താങ്കൾക്ക് മുന്നറിയിപ്പ് നൽകുക മാത്രമാണ് ഞാൻ ചെയ്യുന്നത്”.

അഹ്മദ് റൈസൂനി

ഇവിടെ ഭരണാധിപനായ യസീദ് മുസ്‌ലിമാണെന്നതുകൊണ്ട് ഹസനുൽ ബസ്വരി ഇബ്നു ഹുബൈറയെ, (യസീദിനെ അനുസരിക്കുന്ന കാര്യത്തിൽ) ഉപദേശിക്കാതിരുന്നില്ല. നീതി, ധർമം എന്നിവയോട് വിരുദ്ധമാകുന്ന കാര്യത്തിൽ തന്റെ ഭരണാധികാരിയെ അനുഗമിക്കുകയാണ് ഇബ്നു ഹുബൈറയുടെ സ്ഥിതിയെങ്കിലും (“കുറ്റവാളികളായ ജനത്തില്‍ നിന്ന് നമ്മുടെ ശിക്ഷ തട്ടിമാറ്റപ്പെടുകയില്ല” (യൂസുഫ് :10) എന്ന ആയത്ത് സൂചിപ്പിക്കുന്നതുപോലെ,) അക്രമികളായ ജനത്തിനുണ്ടായ പരിണതിയെത്തൊട്ട് ജാഗ്രത്താവാൻ ഇബ്നു ഹുബൈറയോട് ഹസനുൽ ബസ്വരി പറയുമായിരുന്നു. അതുപോലെ, സ്ത്രീകളുടെ പ്രതിജ്ഞയുമായി സംബന്ധിച്ച് അവതരിക്കപ്പെട്ട ആയത്തിൽ ഇങ്ങനെ കാണാം: “നല്ല കാര്യത്തിലൊന്നും (മഅ്‌റൂഫ്) താങ്കളോട് അനുസരണക്കേട് കാണിക്കുകയില്ല” (അൽ മുംതഹിന: 12) ഈ ആയത്തിനെ വിശദീകരിക്കുന്നതിനായി ഇമാം ഇബ്നു ജരീർ ത്വബരി അദ്ദേഹത്തിന്റെ തഫ്സീറിൽ ഇബ്നു സാദ് പറഞ്ഞതായി ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്: “നബി (സ്വ) അല്ലഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും മികച്ചവനും പ്രവാചകനുമാണ്. എന്നിട്ടും, അല്ലാഹു ഇവിടെ സ്ത്രീകൾ അദ്ദേഹത്തെ അനുസരിക്കുന്നതിന് നിബന്ധനയായി ‘നന്മയിൽ’ (മഅ്‌റൂഫ്) എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെയാണ് തിന്മ നിറഞ്ഞ കാര്യങ്ങളിൽ ഒരുത്തന് മറ്റൊരാളെ അനുസരിക്കേണ്ടിവരുക”.

നബി (സ്വ) നന്മയല്ലാതെ കാര്യങ്ങളല്ലാതെ മറ്റൊന്നും കൽപ്പിക്കില്ലെന്നിരിക്കെ അദ്ദേഹത്തെ അനുസരിക്കുന്നതിന് ‘നന്മയിൽ’ (മഅ്‌റൂഫിനെ) എന്ന നിബന്ധന ഖുർആൻ മുന്നോട്ട് വെച്ചതെന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് ഒരു ചർച്ച നടക്കുകയുണ്ടായി. ആ ചർച്ചക്കിടയിൽ ഇമാം സമഖ്ശരി മറ്റൊരാളോട് ഇങ്ങനെ പറഞ്ഞു: ആയത്തിൽ നബിയെ (സ്വ) ‘ധിക്കരിക്കുകയില്ല’ എന്ന് മാത്രമാണ് പരാമർശിക്കപ്പെട്ടിരുന്നെതെങ്കിൽ, നബി(സ്വ) നന്മ നിറഞ്ഞ കാര്യങ്ങളല്ലാതെ (മഅ്റൂഫ്) മറ്റൊന്നും കൽപ്പിക്കുമായിരുന്നില്ല എന്ന് താങ്കൾക്ക് അറിയുമായിരുന്നല്ലോ. ശേഷം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇവിടെ നന്മ (മഅ്‌റൂഫ്) എന്ന് നിബന്ധന വെച്ചതുകൊണ്ടുള്ള ഉദ്ദേശം, അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ അവന്റെ സൃഷ്ടിയായ മനഷ്യനെ അനുസരിക്കുക എന്നത് അത്യന്തികമായും ഒഴിവാക്കപ്പെടേണ്ട സംഗതിയാണെന്ന് മനസ്സിലാക്കാനാണ്”.

ഇവിടെ ഇമാം സമഖ്ശരി പറഞ്ഞുവെച്ചതിനോട് ചില കാര്യങ്ങൾ കൂട്ടി ചേർക്കേണ്ടതുണ്ട്. പ്രവാചകൻ, നേതാവ് എന്നീ നിലകളിലാണ് നബിയോട് (സ്വ) പ്രതിജ്ഞ (ബൈഅത്ത്) ചെയ്യുന്നത്. ഈ രണ്ട് രീതിയിൽ അദ്ദേഹത്തോട് പ്രതിജ്ഞ ചെയ്യുമ്പോഴും നന്മ (മഅ്‌റൂഫ്) നിറഞ്ഞ കാര്യത്തിൽ മാത്രം അദ്ദേഹത്തെ അനുസരിച്ചാൽ മതിയെന്ന് കൃത്യപ്പെടുത്തുന്നുണ്ട്. ഇതിനെ മുൻനിർത്തി നാം ആലോചിക്കുമ്പോൾ, ജീവിതത്തിൽ ധാരാളം തിന്മകൾ സംഭവിക്കുകയും കുഴപ്പങ്ങളുണ്ടാക്കുകയും അതിക്രമിക്കുകയും ചെയ്യുന്ന ഭരണാധികാരികളെ എങ്ങനെ നിരുപാധികമായി അനുസരിക്കാൻ സാധിക്കും?

(തുടരും)


വിവർത്തനം: അഫ്‌ലഹുസ്സമാൻ

അഹ്മദ് റൈസൂനി