Campus Alive

ഭരണാധികാരികളോടുള്ള അനുസരണം നബി വചനങ്ങളിൽ

(2016 മെയ് 24-26 ദിവസങ്ങളിൽ, Center for Islamic Legislation Studies: From legitimate politics to political legitimacy, എന്ന തലക്കെട്ടിൽ ദോഹയിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധം, രണ്ടാം ഭാഗം. ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക)


മുകളിൽ വിശദീകരിച്ചതുപോലെ പരിശുദ്ധ ഖുർആനിലെ ഒരു ആയത്ത് മാത്രമാണ് ഭരണാധികാരികളെ അനുസരിക്കണമെന്ന കൽപ്പനയെ ഉൾകൊള്ളുന്നത്. എന്നാൽ, ധാരാളം ഹദീസുകളിൽ ഈ വിഷയം നന്നായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തദ്വിഷയകമായി നബി (സ്വ)യിൽ നിന്ന് സ്ഥിരപ്പെട്ടുവന്നതും സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്‌ലിം, മുവത്വ എന്നീ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുന്നതുമായ പത്ത് ഹദീസുകളെയും അതിൽ നിന്ന് ലഭിക്കുന്ന ഗുണപാഠങ്ങളെയുമാണ് താഴെ വിവരിക്കുന്നത്.

ഹദീസ് ഒന്ന്: ഉമൈമത്തു ബിൻതു റുഖൈഖ(റ)യിൽ നിന്ന് നിവേദനം: ഉടമ്പടി ചെയ്യാൻ വേണ്ടി, കുറേ അൻസ്വാരി സ്ത്രീകളോടൊപ്പം ഞാൻ നബി(സ)യുടെ അടുത്ത് ചെന്നു. ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഒന്നിനെയും അല്ലാഹുവിനോട് പങ്കുചേർക്കുകയില്ല, മോഷ്ടിക്കുകയില്ല, വ്യഭിചരിക്കുകയില്ല, ഒരാളെക്കുറിച്ചും കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണം ഞങ്ങൾ ഉന്നയിക്കുകയില്ല, ഒരു നന്മയിലും അങ്ങയോട് അനുസരണക്കേട് കാണിക്കുകയില്ല എന്നീ വിഷയങ്ങളിൽ ഞങ്ങൾ അങ്ങയോട് ഉടമ്പടി ചെയ്യുന്നു. റസൂൽ(സ) പറഞ്ഞു: “നിങ്ങൾക്ക് സാധ്യമാവുകയും കഴിയുകയും ചെയ്യുന്നത്ര”. അപ്പോൾ മഹതി പറഞ്ഞു: ഞങ്ങൾ നബി (സ്വ)യോട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവും അവന്റെ റസൂലും ഞങ്ങളോട് ഏറ്റവും കരുണ ചെയ്യുന്നവരാണ്. അല്ലാഹുവിന്റെ റസൂലേ, അങ്ങയോട് ഞങ്ങൾ ഉടമ്പടി (ഹസ്തദാനം) ചെയ്യുന്നതിനു വേണ്ടി അങ്ങ് വന്നാലും. അപ്പോൾ റസൂൽ(സ) പറഞ്ഞു: “നിശ്ചയം ഞാൻ സ്ത്രീകളോട് ഹസ്തദാനം ചെയ്യുകയില്ല. നിശ്ചയം ഞാൻ നൂറ് സ്ത്രീകളോട് സംസാരിക്കുന്നത് ഒരു സ്ത്രീയോട് സംസാരിക്കുന്നതുപോലെത്തന്നെയാണ്. അല്ലെങ്കിൽ ഒരു സ്ത്രീയോട് ഞാൻ സംസാരിക്കുന്നതിന് തുല്യം തന്നെയാണ്.”

നന്മയടങ്ങിയിട്ടുള്ള പരിചിതവും അഭികാമ്യവുമായ കാര്യങ്ങളിൽ മാത്രമാണ് ഒരാൾക്ക് തന്റെ ഭരണാധികാരിയെ അനുസരിക്കൽ നിർബന്ധമാവുകയുള്ളൂവെന്നും, തികച്ചും അപലപനീയമായ നീചവൃത്തികളിൽ ഒരാളെയും അനുസരിക്കാൻ പാടില്ലെന്നും അത് പ്രവാചകന്മാർക്ക് നൽകപ്പെട്ട ശരീഅത്തുകളിലോ മഹാന്മാരുടെ ചര്യകളിലൊ ഉള്ളതല്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കൂടാതെ, ഒരാളെ സംബന്ധിച്ച് അയാൾക്ക് കഴിയുന്ന കാര്യങ്ങളിൽ മാത്രം ഭരണാധികാരികളെ അനുസരിച്ചാൽ മതിയെന്നും ഈ നബിവചനം മനസ്സിലാക്കിത്തരുന്നു.

ഹദീസ് രണ്ട്: അനസ് ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം: റസൂൽ (സ്വ)യോട് കേൾവിയുടെയും അനുസരണയുടെയും വിഷയത്തിൽ ഞങ്ങൾ ഉടമ്പടി ചെയ്തു. അപ്പോൾ റസൂൽ (സ്വ) പറഞ്ഞു: “നിങ്ങൾക്ക് കഴിയുന്ന കാര്യത്തിൽ”.

ഇവിടെയും നബി (സ്വ) മുകളിൽ സൂചിപ്പിച്ചതുപോലെ ഒരാൾക്ക് കഴിയും വിധം മാത്രം ഭരണാധികാരിയെ അനുസരിച്ചാൽ മതിയെന്ന സംഗതി ഒന്നുകൂടി ഊന്നിപ്പറയുകയാണ്.

ഹദീസ് മൂന്ന്: ജരീർ ഇബ്നു അബ്ദില്ല (റ) വിൽ നിന്ന് നിവേദനം: റസൂൽ (സ്വ)യോട് കേൾവിയുടെയും അനുസരണയുടെയും വിഷയത്തിൽ ഞാൻ ഉടമ്പടി ചെയ്തു. അപ്പോൾ റസൂൽ (സ്വ) പറഞ്ഞു: നിങ്ങൾക്ക് കഴിയുന്ന കാര്യത്തിലും എല്ലാ വിശ്വാസികളെയും ഉപദേശിക്കുന്ന കാര്യത്തിലും.

ഈ ഹദീസിൽ, നബി (സ്വ) മുകളിൽ സൂചിപ്പിച്ച ഹദീസുകളിൽ  നിന്നും വ്യക്തമാക്കിയ കാര്യങ്ങളോട് “മുസ്‌ലിംകളെ ഉപദേശിക്കുക” എന്നൊരു ഉടമ്പടി കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.

ഹദീസ് നാല്: ഉബാദത്തു ബ്നു സ്വാമിതിൽ നിന്ന് നിവേദനം: സന്തോഷപ്രദമാണെങ്കിലും വിഷമകരമാണെങ്കിലും, കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്നും, ഭരണത്തിന്റേയും നേതൃത്വത്തിന്റെയും കാര്യത്തിൽ തർക്കിക്കുകയില്ലെന്നും, എവിടെയായിരുന്നാലും ഞങ്ങൾ സത്യത്തിനുവേണ്ടി നിലകൊള്ളുമെന്നും സത്യം മാത്രം (പറയുമെന്നും) അല്ലാഹുവിന്റെ കാര്യത്തിൽ ഒരു ആക്ഷേപകന്റെയും ആക്ഷേപത്തെ ഞങ്ങൾ ഭയപ്പെടുകയില്ലെന്നും, ഞങ്ങൾ റസൂലിനോട് പ്രതിജ്ഞ ചെയ്തു.

ഈ ഹദീസിൽ നിന്ന് നാല് കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്:

1. ഒരു മുസ്‌ലിമിന് നന്മ വന്ന് ഭവിക്കുന്ന കാര്യങ്ങളിൽ തന്റെ ഭരണാധികാരിയെ അനുസരിക്കുക എന്നത് നിർബന്ധ ബാധ്യതയാണ്. എന്നാൽ, ആ അനുസരണം ഒരു വലിയ ഭാരമുള്ളതായി കാണുകയോ അതിൽ പ്രത്യേക ഇഷ്ടമോ അനിഷ്ടമോ പ്രകടിപ്പിക്കുകയോ വേണ്ടതില്ല. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ശരിയായ അനുസരണം ഒരാളുടെയും മാനസികാവസ്ഥക്കും ആഗ്രഹത്തിനും വിഘ്നം സൃഷ്ടിക്കുകയില്ല എന്നതാണ്.

2. ഭരണാധികാരത്തെ അതിന്റെ അർഹരിൽ നിന്ന് തട്ടിയെടുക്കുക എന്നത് നിരോധിക്കപ്പെട്ട സംഗതിയാണ്.

3. ഭരണാധികാരികൾക്കോ മറ്റുള്ളവർക്കോ (അവർ ആരാണെങ്കിലും) നൽകുന്ന അനുസരണം (ഏത് സാഹചര്യത്തിലായാലും) സത്യത്തിന്റെയും നീതിയുടെയും നിർവഹണത്തിൽ നിന്ന് തടയുന്നതാവരുത്. ഭരണനിർവഹണത്തിൽ, ഭരണാധികാരികളുടെ വാക്കുകളിലും പ്രവർത്തനങ്ങളിലും, സത്യവും നീതിയും നിഴലിക്കണമെന്നതും, ആവശ്യാനുസരണം അവർക്ക് ഉപദേശ നിർദ്ദേശങ്ങൾ നൽകണമെന്നതും പ്രതിജ്ഞയുടെ ഘടകങ്ങളിൽപ്പെട്ടതാണ്. എന്നാൽ, ഉപദേശ നിർദ്ദേശങ്ങൾ പങ്കുവെക്കുന്നതിൽ ഒരു മുസ്‌ലിം മറ്റൊരാളെയും ഭയപ്പെടേണ്ടതില്ല.

ഹദീസ് അഞ്ച്: ജുനാദതുബ്നു അബീ ഉമയ്യയിൽനിന്ന് നിവേദനം: “ഉബാദതുബ്നുസ്വാമിത് രോഗിയായിരിക്കെ ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. എന്നിട്ട് ഞങ്ങൾ പറഞ്ഞു: ‘അല്ലാഹു താങ്കൾക്ക് നല്ലത് വരുത്തട്ടെ. നബിയിൽനിന്ന് താങ്കൾ കേട്ട, അല്ലാഹു ഉപകാരപ്രദമാക്കുന്ന ഒരു ഹദീസ് ഞങ്ങൾക്ക് പറഞ്ഞു തന്നാലും’. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നബി ഞങ്ങളെ വിളിക്കുകയും ഞങ്ങൾ നബിയോട് ബൈഅത്ത് ചെയ്യുകയുമുണ്ടായി. അവിടുന്ന് അപ്പോൾ ഞങ്ങളിൽ നിന്ന് സ്വീകരിച്ച കരാറിൽപെട്ടതാണ്: ഉത്സാഹമുള്ളപ്പോഴും ഇഷ്ടമില്ലാത്ത സമയത്തും പ്രയാസമുള്ളപ്പോഴും എളുപ്പമുള്ളപ്പോഴും, അവർ സ്വാർഥതയോടെ പ്രവർത്തിക്കുമ്പോഴും (ഭരണകർത്താക്കളെ) ഞങ്ങൾ കേട്ട് അനുസരിച്ചുകൊള്ളാം; അധികാരത്തിന്റെയും നേതൃത്വത്തിന്റെയും കാര്യത്തിൽ അതിന്റെ ആൾക്കാരെ ഞങ്ങൾ എതിർക്കുകയില്ലെന്നുമുള്ള ബൈഅത്ത്. അപ്പോൾ നബി ഇതിനോട് കൂട്ടിച്ചേർത്തു; “അല്ലാഹുവിങ്കൽ നിന്ന് വ്യക്തമായ തെളിവ് മുഖേന നിങ്ങളുടെയടുത്ത് സ്ഥിരപ്പെട്ടിട്ടുള്ള കടുത്ത നിഷേധം (കുഫ്ർ) അവരിൽ നിങ്ങൾ കണ്ടാലല്ലാതെ”.

ഈ ഹദീസിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങൾ ഇവയാണ്:

1. സന്തോഷത്തിലും സന്താപത്തിലും കഴിവിന്റെ പരമാവധി നന്മയുള്ള കാര്യങ്ങളിൽ ഭരണാധികാരിയോട് അനുസരണം പുലർത്തുക എന്നത് അനിവാര്യമാണ്.

2 . “അണികളുമായുള്ള ഇടപാടുകൾ അവർക്ക് ലഭിക്കുന്ന പ്രയോജനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കേണ്ടത്” എന്ന തത്ത്വപ്രകാരം, പദവി, ആനുകൂല്യം എന്നിവ മൂലം മറ്റാർക്കെങ്കിലും തന്നേക്കാൾ കൂടുതൽ പരിഗണന ലഭിക്കുന്നുവെന്നതിനാൽ ഭരണാധികാരികളെ അനുസരിക്കാതിരിക്കുക എന്നത് സാധ്യമല്ല. അതൊരിക്കലും ഭരണാധികാരിയുടെ അക്രമത്തിന്റെയും തിന്മയുടെയും പരിധിയിൽപ്പെടുന്നതുമല്ല.

വ്യക്തമായ ദൈവനിഷേധം (കുഫ്റ്) ഉണ്ടാവുകയും അതിന് കൃത്യമായ തെളിവ് ലഭിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹത്തിനെതിരെ തിരിയുക (ഇറങ്ങി പുറപ്പെടൽ) എന്നത് അനുവദനീയമല്ല. (ഇവിടെ ദൈവനിഷേധം -കുഫ്റ്- എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് വിശ്വാസപരമായ കാര്യങ്ങളിൽ സംഭവിക്കുന്ന ദൈവ നിഷേധമാണെന്നും, പ്രത്യക്ഷമായ ഒരു കുറ്റത്തിലേർപ്പെടുക എന്നതാണെന്നുമുള്ള രണ്ട് അഭിപ്രായം നിലനിൽക്കുന്നുണ്ട്)

ഹദീസ് ആറ്: ഇബ്നു ഉമർ (റ)വിൽ നിന്ന് നിവേദനം: നബി(സ്വ) പ്രസ്താവിച്ചു: തെറ്റായ ഒരു കാര്യം കൽപ്പിക്കുന്നേടത്തോളം കാലം നേതൃത്വം പറയുന്നത് കേൾക്കലും അനുസരിക്കലും നിർബന്ധമാണ്. എന്നാൽ, തെറ്റായ കാര്യം കൽപ്പിക്കപ്പെട്ടാൽ കേൾക്കുകയോ അനുസരിക്കുകയോ വേണ്ടതില്ല.

അല്ലാഹുവിനെ ധിക്കരിക്കലും അവന്റെ ശരീഅത്തിന് വിരുദ്ധമായി പ്രവർത്തിക്കലുമാണ് ഒരാളുടെ ഭരണത്തിൽ നടക്കുന്നതെങ്കിൽ അയാളെ അനുസരിക്കുക എന്നത് വിശ്വാസിയെ സംബന്ധിച്ചേടത്തോളം നിഷിദ്ധമായ സംഗതിയാണ്. ഈയൊരു തത്വത്തെയാണ്  ഈ ഹദീസ് പ്രതിഫലിപ്പിക്കുന്നത്.

ഹദീസ് ഏഴ്: ഉമ്മുസലമ(റ)യിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “നിങ്ങൾക്ക് ഭരണാധികാരികൾ നിശ്ചയിക്കപ്പെടും. അവർ (ശരീഅത്തിന്) യോജിച്ച ചില കാര്യങ്ങൾ ചെയ്യുന്നതായും അതിന് വിരുദ്ധമായ ചില കാര്യങ്ങൾ ചെയ്യുന്നതായും നിങ്ങൾ കാണും. അപ്പോൾ അത് വെറുത്തവൻ കുറ്റവിമുക്തനായി. പ്രതിഷേധിച്ചവൻ സുരക്ഷിതനാവുകയും ചെയ്തു. എന്നാൽ, ആരെങ്കിലും (നിഷിദ്ധം) തൃപ്തിപ്പെടുകയും അതിൽ അവരെ പിന്തുടരുകയും ചെയ്യുകയാണെങ്കിൽ (അവൻ കുറ്റക്കാരനാകും). അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ അവരുമായി യുദ്ധത്തിലേർപ്പെടട്ടെയോ?” അവിടുന്ന് മറുപടി നൽകി: “അവർ നമസ്കരിക്കുന്നേടത്തോളം അങ്ങനെ ചെയ്യരുത്”. തന്റെ ഹൃദയം കൊണ്ടുള്ള വെറുപ്പും പ്രധിഷേധവുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

അധികാരികളുമായുള്ള വ്യവഹാരങ്ങളിൽ ശ്രദ്ധിക്കേണ്ട ചില സംഗതികളെ ഈ ഹദീസ് ഉണർത്തുന്നുണ്ട്:

1. ഒരു ഭരണാധികാരിയിൽ നിന്ന് എന്തെങ്കിലും ഒരു തിന്മയുണ്ടാവുകയാണെങ്കിൽ അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും തടയുകയും ചെയ്യുക എന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ച് അനിവാര്യമായ സംഗതിയാണ്. എന്നാൽ പിന്തിരിപ്പിക്കുവാനും തടയുവാനും കഴിവുണ്ടായിട്ടും അതിനു വേണ്ടി ശ്രമിക്കാതിരുന്നാൽ അവനും ആ തെറ്റിൽ പങ്കാളിയാവുന്നതാണ്.

2. ഇനി ആർക്കെങ്കിലും തന്റെ ഭരണാധികാരിയിൽ നിന്നുണ്ടാവുന്ന തെറ്റ് തടയുവാൻ സാധിക്കുന്നില്ലെങ്കിൽ അതിനോടുള്ള വെറുപ്പ് മനസ്സുകൊണ്ടെങ്കിലും കാണിക്കുകയാണ് വേണ്ടത്.

3. എന്നാൽ, ഭരണാധികാരികളിൽ തിന്മ സംഭവിക്കുകയാണെങ്കിലും, അവർ നമസ്ക്കരിക്കുകയും, നമസ്കാരം ജനങ്ങളിൽ നിലനിർത്തുകയും ചെയ്യുന്ന കാലത്തോളം അവർക്കെതിരെ യുദ്ധം ചെയ്യാൻ പാടുള്ളതല്ല.

ഹദീസ് എട്ട്: അനസ് ഇബ്നു മാലികിൽ നിന്ന്: റസൂൽ (സ്വ) പറഞ്ഞു: ഉണങ്ങിയ മുന്തിരിങ്ങ പോലെ തലയുള്ള ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയെങ്കിൽ പോലും നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.

ശരിയായ നിലപാടുകളുള്ള നേതാവിനെ(അമീർ ശറഈ) അനുസരിക്കുന്നതിന്, അദ്ദേഹത്തിന് സമൂഹത്തിലുള്ള സ്ഥാനമോ അദ്ദേഹത്തിന്റെ വർണമോ വംശമോ ഒന്നും മാനദണ്ഡമായി സ്വീകരിക്കേണ്ടതില്ല.

ഹദീസ് ഒമ്പത്: ഇബ്നു മസ്ഊദിൽ നിന്ന് നിവേദനം: ഇന്നൊരാൾ എന്നെ സമീപിച്ച് എന്നോട് ഒരു ചോദ്യം ചോദിച്ചു. അതിന് എന്തു മറുപടി നൽകണമെന്ന് എനിക്കറിയില്ല. ചോദ്യം ഇതായിരുന്നു. ചുറുചുറുക്കുള്ളവനും സർവായുധസജ്ജനുമായ ഒരാൾ ഞങ്ങളുടെ നേതാക്കൾക്കൊപ്പം യുദ്ധത്തിനു പുറപ്പെടുന്നു. എന്നിട്ടയാൾ ഞങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ ഞങ്ങളോട് കർക്കശ നിലപാട് സ്വീകരിക്കുന്നു. അപ്പോൾ ഞാൻ പറഞ്ഞു: ‘അല്ലാഹുവാണെ, താങ്കളോടെന്തു പറയണമെന്ന് എനിക്കറിയില്ല. ഞങ്ങൾ നബിയോടൊപ്പം കഴിയുമ്പോൾ, അദ്ദേഹം ഏതെങ്കിലും കാര്യത്തിൽ ഒരു തവണ ഉറച്ച സമീപനം സ്വീകരിക്കുമ്പോഴേക്കും ഞങ്ങൾ അത് ചെയ്തിരുന്നു. തീർച്ചയായും നിങ്ങളിൽ ഏതൊരാളും, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുവോളം നന്മയിലായിരിക്കും. മനസ്സിൽ വല്ല സംശയവും ഉദിക്കുമ്പോൾ അതേക്കുറിച്ച് ആരോടെങ്കിലും ചോദിച്ചാൽ അയാളുടെ മറുപടി സംശയം ദൂരീകരിക്കുന്നു. എന്നാൽ, സംശയനിവാരണത്തിന് സഹായകമായ ആളുകളെ കിട്ടാതെയാവുന്ന അവസ്ഥ ഇപ്പോൾ സംജാതമായിരിക്കുന്നു. ഏതൊരുവനല്ലാതെ ദൈവമില്ലയോ അവനാണെ, ദുൻയാവിലെ കഴിഞ്ഞുപോയ കാലത്തെ, കുഴിയിൽ കെട്ടിനിൽക്കുന്ന വെള്ളം പോലെ മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ. അതിലെ തെളിവെള്ളം കുടിച്ചു പോയി. കലങ്ങിയ വെള്ളം മാത്രം ബാക്കിയായി.

ഈ ഹദീസിൽ നിന്ന് വ്യക്തമാവുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു:

1. ഒരിടത്തും ഭരണാധികാരികൾക്ക് നിരുപാധികമായി അനുസരണം നൽകേണ്ടതില്ല. അവർ നടത്തുന്ന കൽപ്പനകളിൽ ഏതൊക്കെയാണ് അനുസരിക്കേണ്ടതെന്നും അനുസരിക്കേണ്ടാത്തതെന്നും വേർതിരിച്ചറിയുകയും അവരോട് അനുസരണം പുലർത്തേണ്ട കാര്യങ്ങൾ ഏതെന്ന് വ്യക്തമാവുമ്പോൾ മാത്രം അവ നിറവേറ്റുകയും വേണം. അതുകൊണ്ടാണ്, ഹദീസിൽ ഒരോ സാഹചര്യത്തിലും അനുസരിക്കണോ വേണ്ടയോ എന്ന് അയാൾ ചോദിച്ചുകൊണ്ടിരിക്കുന്നത്.

2. ”അല്ലാഹുവാണെ, താങ്കളോടെന്തു പറയണമെന്ന് എനിക്കറിയില്ല” എന്ന ഇബ്നു മസ്ഊദ് (റ) വിന്റെ വാക്കുകൾ, നേതാവിനോട് ആവർത്തിച്ച് ചോദ്യം ചോദിക്കുന്നതിന്റെ നിയമ സാധുതയെ ഒന്നുകൂടി സ്ഥിരപ്പെടുത്തുന്നുണ്ട്. അതുപോലെ, “നിങ്ങളിൽ ഏതൊരാളും, അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുവോളം നന്മയിലായിരിക്കും. മനസ്സിൽ വല്ല സംശയവും ഉദിക്കുമ്പോൾ അതേക്കുറിച്ച് ആരോടെങ്കിലും ചോദിച്ചാൽ അയാളുടെ മറുപടി സംശയം ദൂരീകരിക്കുന്നു” എന്ന ഇബ്നു മസ്ഊദ് (റ) വിന്റെ വാക്കുകൾ, സംശയത്തിലൂന്നി നിൽക്കുന്ന കാര്യം കൽപ്പിക്കപ്പെട്ടവനോട് ആ കാര്യത്തിൽ അല്ലാഹുവിനെ ധിക്കരിക്കുന്നതായ എന്തെങ്കിലും കാര്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെത്തൊട്ട് അല്ലാഹുവിനെ സൂക്ഷിക്കണമെന്നുള്ള ഉപദേശം നൽകുകയും ഏതൊക്കെ കാര്യങ്ങളിലും സാഹചര്യങ്ങളിലുമാണ് നേതാക്കന്മാരെ അനുസരിക്കേണ്ടതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.

ഒരാൾ ഇബ്നു മസ്ഊദിനോട് ഭരണാധികാരിക്ക് നൽകേണ്ട അനുസരണത്തിന്റെ വിധിയെക്കുറിച്ചാരാഞ്ഞപ്പോൾ ഭരണാധികാരിയെ അനുസരിക്കൽ നിർബന്ധമാണെന്ന് മറുപടി നൽകുകയും കൽപ്പിക്കപ്പെട്ട കാര്യം അല്ലാഹുവുമായുള്ള തഖ്‌വയോട് ചേർന്നുനിൽക്കുന്നതാവണം എന്ന നിബന്ധന വെക്കുകയും ചെയ്തു.

അഹ്മദ് റൈസൂനി

ഹദീസ് പത്ത്: അലി (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) ഒരു സൈനിക സംഘത്തെ അയച്ചു. അൻസ്വാറുകളിൽപ്പെട്ട ഒരാളെ അവരുടെ നേതാവാക്കുകയും ചെയ്തു. എന്നിട്ട് അവരോട് (നേതാവ് പറയുന്നത്) കേൾക്കാനും അനുസരിക്കാനും കൽപിച്ചു. പിന്നീട് അവർ ആ നേതാവിനെ ഏതോ ഒരു കാര്യത്തിൽ ദേഷ്യം പിടിപ്പിച്ചു. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു. “നിങ്ങൾ എനിക്ക് വിറക് ശേഖരിച്ച് കൊണ്ടുവരിക”. അങ്ങനെ അവർ വിറക് കൊണ്ടുവന്നു. പിന്നീട് അദ്ദേഹം പറഞ്ഞു. “നിങ്ങൾ തീ കത്തിക്കുക” അവർ അപ്രകാരം തീ കത്തിച്ചു. പിന്നെ അദ്ധേഹം പറഞ്ഞു: “ഞാൻ പറയുന്നത് കേൾക്കാനും അനുസരിക്കാനും റസൂൽ (സ്വ) നിങ്ങളോട് പറഞ്ഞിട്ടില്ലേ”. അവർ പറഞ്ഞു: “അതെ”. അപ്പോൾ അദ്ദേഹം പറഞ്ഞു: “എങ്കിൽ നിങ്ങൾ ഇതിൽ (അഗ്നിയിൽ) പ്രവേശിക്കുക”. അപ്പോൾ അവർ പരസ്പരം നോക്കി. അവർ പറഞ്ഞു: “ഞങ്ങൾ തീയിൽ നിന്ന് റസൂലിലേക്ക് ഓടി രക്ഷപ്പെട്ടതാണ്”. അവർ തീയിലേക്ക് ചാടാതെ നിന്നു. അദ്ധേഹത്തിന്റെ കോപം ശമിച്ചു. തീ അണഞ്ഞു. അവർ തിരിച്ച് വന്നതിന് ശേഷം നബി (സ്വ)യോട് ഈ വിവരം പറഞ്ഞു. അപ്പോൾ നബി (സ്വ) പറഞ്ഞു: “നിങ്ങൾ അതിൽ കയറിയിരുന്നുവെങ്കിൽ അതിൽ നിന്ന് പുറത്ത് കടക്കുമായിരുന്നില്ല. നിശ്ചയം അനുസരണം നല്ല കാര്യങ്ങളിൽ മാത്രമാണ്”.

ഇവിടെ നബി (സ്വ) തന്നെ സൈന്യത്തിന് ഒരു നേതാവിനെ നിശ്ചയിച്ചു കൊടുക്കുകയും അദ്ധേഹത്തെ കേൾക്കുകയും അനുസരിക്കുകയും വേണമെന്ന് കൽപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും അയുക്തികരവും അസ്വീകാര്യവുമായ ഒരു കൽപ്പന നേതാവിൽ നിന്നുമുണ്ടായപ്പോൾ സ്വഹാബിമാർ അത് ചെയ്യാൻ വിസമ്മതിച്ചു. എന്നാൽ ആ നേതാവിൽ നിന്നുമുണ്ടായ കൽപ്പന ഇസ്‌ലാമിക പ്രമാണങ്ങളിൽ പരാമർശിക്കപ്പെട്ട ഗുരുതരമായ പാപങ്ങൾ ചെയ്യാനായിരുന്നില്ല. പക്ഷേ ആ കൽപ്പനയെ സംബന്ധിച്ച ബാഹ്യമായ ധാരണ തന്നെ അത് സ്വഹാബിമാർ നിരസിക്കാനുള്ള കാരണത്തെ വെളിവാക്കുന്നുണ്ട്.

“അനുസരണം നന്മയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടതാണ്” എന്ന തത്ത്വത്തെ അടിസ്ഥാനപ്പെടുത്തി വീക്ഷിക്കുമ്പോൾ നബി (സ്വ) തന്നെ സൈന്യത്തിന് നിശ്ചയിച്ചു നൽകിയ നേതാവ് തീയിൽ ചാടുവാൻ സ്വഹാബിമാരോട് കൽപ്പിച്ചപ്പോൾ അവർ അനുസരിക്കാതിരുന്നത് ശരിയായ നിലപാടായിരുന്നുവെന്ന് വ്യക്തമാവുന്നുണ്ട്. എല്ലാത്തിനുപരിയായി ഈ ഹദീസ്  ഭരണാധികാരികളെ അന്ധമായി അനുസരിക്കന്നവർക്കുള്ള കടുത്ത മുന്നറിയിപ്പാണ്.

(തുടരും)


വിവർത്തനം: അഫ്‌ലഹുസ്സമാൻ

അഹ്മദ് റൈസൂനി