Campus Alive

ചരിത്രവും സാമൂഹികശാസ്ത്രവും: ഇബ്‌നുഖല്‍ദൂന്റെ സമീപനങ്ങള്‍

ഇബ്‌നു ഖല്‍ദൂന്റെ സോഷ്യല്‍ ഫിലോസഫി എന്താണ് എന്നാണ് ഞാനിവിടെ പറയാനാഗ്രഹിക്കുന്നത്. എങ്ങനെയാണ് ഇന്ന് നമുക്ക് ഇബ്‌നു ഖല്‍ദൂനിലേക്ക് പ്രവേശിക്കാന്‍ പറ്റുക എന്ന ചോദ്യം പ്രസക്തമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്താണ് ഇബ്‌നുഖല്‍ദൂന്റെ പോപ്പുലാരിറ്റി? ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗ് ബുക്ക് ഓഫ് ദ ഇയര്‍ ആയി വിശേഷിപ്പിച്ചത് മുഖദ്ദിമയെയാണ്. എന്ത്‌കൊണ്ടാണ് സുക്കര്‍ബര്‍ഗിന് മുഖദ്ദിമ വളരെ പ്രധാനപ്പെട്ട ഒരു ടെക്‌സ്റ്റായി തോന്നുന്നത്? എന്ത്‌കൊണ്ടാണ് മലയാളത്തില്‍ വരെ മുഖദ്ദിമയുടെ വിവര്‍ത്തനം വരുന്നത്? സുക്കര്‍ബര്‍ഗ് മുതലുള്ള ആളുകളെ മുഖദ്ദിമ ആകര്‍ഷിപ്പിക്കുന്നതെന്ത് കൊണ്ടാണ്? മുഖദ്ദിമയെക്കുറിച്ച അവരുടെ വായന എന്താണ്?

ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ പിതാവ് എന്നാണ് ചില ടെക്സ്റ്റ്ബുക്കുകളിലൊക്കെ ഇബ്‌നുഖല്‍ദൂനെ വിശേഷിപ്പിക്കാറുള്ളത്. കൂടാതെ സ്റ്റേറ്റ്, അതോറിറ്റി തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ചെല്ലാം ആലോചിച്ച വ്യക്തി എന്നും അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ട്. ഈ വിശേഷണങ്ങളെയെല്ലാം വിശകലനം ചെയ്യേണ്ടതുണ്ട് എന്നുതോന്നുന്നു. ഇബ്‌നുഖല്‍ദൂനെക്കുറിച്ച് father of modern sociology എന്ന് പറയുമ്പോള്‍ ഒരു പ്രശ്‌നമുണ്ട്. കാരണം വെബര്‍, ഡര്‍ക്കീം, മാര്‍ക്‌സ് മുതലായാവരുടെ കണ്‍സേണുകളല്ല ഇബ്‌നുഖല്‍ദൂന്റെ കണ്‍സേണ്‍. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഇബ്‌നുഖല്‍ദൂന്‍ വെസ്റ്റിലൊക്കെ ധാരാളമായി വായിക്കപ്പെട്ടിട്ടുള്ള ഒരു സ്‌കോളറാണ്. ഫ്രാന്‍സിലൊക്കെ ഇബ്‌നുഖല്‍ദൂന്‍ പോപ്പുലറായതിന്റെ കാരണം വളരെ രസകരമാണ്. ഫ്രാന്‍സിന്റെ കൊളോണിയല്‍ പോളിസിയുമായി ബന്ധപ്പെട്ട് കൂടിയാണ് യഥാര്‍ത്ഥത്തില്‍ ഇബ്‌നുഖല്‍ദൂന്‍ ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്. അള്‍ജീരിയയില്‍ ഉയര്‍ന്നു വന്ന കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് മുഖദ്ദിമയുടെ ഒരു പ്രത്യേക തരത്തിലുള്ള വായനയെ ഫ്രാന്‍സ് പ്രോല്‍സാഹിപ്പിക്കുന്നത്. അപ്പോള്‍ ഇബ്‌നുഖല്‍ദൂനെക്കുറിച്ച യൂറോകേന്ദ്രീകൃതമായ ഒരു കണ്ടെത്തല്‍ യൂറോപ്പില്‍ സംഭവിക്കുന്നുണ്ട്. യൂറോപ്പ് പ്രത്യേക രീതിയില്‍ ഒരുസമയത്ത് ഇബ്‌നുഖല്‍ദൂനെ വായിക്കുന്നുണ്ട്.

ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ പിതാവ് എന്നു നമ്മള്‍ ഖല്‍ദൂനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഒരു conceptual frame ആയി നമ്മളൊരിക്കലും അദ്ദേഹത്തിന്റെ കോണ്‍സപ്റ്റിനെ ഉപയോഗിക്കുന്നില്ല. നമ്മള്‍ വെബറിനെ ഉപയോഗിക്കുന്നുണ്ട്. മാര്‍ക്‌സിന്റെ ക്ലാസ് അനാലിസിസ് നടത്തുന്നുണ്ട്. ഹെഗലിന്റെ ചരിത്രത്തെക്കുറിച്ച വളരെ teleological ആയ വീക്ഷണത്തെ നമ്മള്‍ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ വെസ്റ്റില്‍ ഇത്രത്തോളം വായിക്കപ്പെട്ടിട്ടും ഒരു conceptual frame ആയി ഖല്‍ദൂന്റെ കണ്‍സപ്റ്റിനെ ഉപയോഗപ്പെടുത്താത്തത് എന്തുകൊണ്ടാണ്?

subject\object എന്ന ബൈനറിയിലാണ് യൂറോപ്പ് ജ്ഞാനോല്‍പ്പാദനങ്ങളെ നോക്കിക്കാണുന്നത്. സബ്ജക്ട് എപ്പോഴും യൂറോപ്പായിരിക്കും. ബാക്കിയുള്ള ജ്ഞാനപാരമ്പര്യങ്ങളെല്ലാം തന്നെ പഠിക്കപ്പെടേണ്ട ഒരു ഒബ്ജക്ട് എന്ന നിലയിലാണ് മനസ്സിലാക്കപ്പെടുന്നത്. സോഷ്യോളജിയുടെയോ ഹിസ്റ്ററിയുടെയോ അനാലിസിസിന്റെ ടൂള്‍ ആയി ഒരിക്കലും യൂറോപ്പിന്റേതല്ലാത്ത വിജ്ഞാനീയങ്ങള്‍ വരികയില്ല. എന്നിട്ടും സമൂഹത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ഇബ്‌നുഖല്‍ദൂന്റെ വീക്ഷണങ്ങള്‍ ഓറിയന്റലിസ്റ്റ് ജ്ഞാനപാരമ്പര്യം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

അറബ് ലോകത്ത് ഇബ്‌നുഖല്‍ദൂനെക്കുറിച്ച വലിയ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെയൊക്കെ കാലത്ത് ഇബ്‌നുഖല്‍ദൂനെക്കുറിച്ച വായനകള്‍ നമുക്ക് കാണാം. ആ പാരമ്പര്യത്തെക്കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാനിവിടെ ശ്രമിക്കുന്നത് ഇബ്‌നുഖല്‍ദൂനിലേക്ക് പ്രവേശിക്കുമ്പോഴുള്ള തടസ്സങ്ങള്‍ നീക്കുക എന്നതാണ്.

സോഷ്യല്‍ എന്ന ഘടകം എങ്ങനെ രൂപപ്പെട്ടു? അതിന്റെ ഫോര്‍സുകളെന്താണ്? അത് കണ്ടുപിടിക്കുക എന്നത് ചരിത്രമെഴുതുന്നതില്‍ വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കാരണം അതുവരെ വളരെ ഡിസ്‌ക്രിപ്റ്റീവ് ആയ ചരിത്രമെഴുത്താണ് ഇസ്‌ലാമിക ലോകത്ത് ഉണ്ടായിട്ടുള്ളത്. എന്നാല്‍ സോഷ്യല്‍ എന്ന ഘടകത്തെ ചരിത്രമെഴുത്തിന്റെ ഭാഗമാക്കുന്നത് ഇബ്‌നുഖല്‍ദൂനാണ്. ഇതാണ് ഇബ്‌നുഖല്‍ദൂന്റെ പ്രത്യേകത എന്നുപറയുന്നത്.

സോഷ്യല്‍ എന്നതിന്റെ existence നെക്കുറിച്ച് നമുക്കെങ്ങനെയാണ് ആലോചിക്കാന്‍ കഴിയുക? എന്താണ് സോഷ്യല്‍? ഉദാഹരണത്തിന് കുടുംബം എന്നത് ഒരു സാമൂഹിക സ്ഥാപനമാണെന്ന് നമ്മള്‍ പറയാറുണ്ട്. എങ്ങനെയാണ് കുടുംബം നിലനില്‍ക്കുന്നത്? കുടുംബത്തിലെ ഒബ്ജക്ടുകളായ ഉപ്പ, ഉമ്മ, മകന്‍ എന്നിവരൊന്നും ഇല്ലെങ്കിലും കുടുംബം എന്ന ആശയം നിലനില്‍ക്കും. ജാതിയും അതുപോലെയാണ്. പ്രകടമായി ജാതിയെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും സമൂഹത്തെ അത് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നുണ്ട്. അപ്പോള്‍ എങ്ങനെയാണ് സമൂഹം നിലനിന്നത്? എങ്ങനെയാണത് ഇവോള്‍വ് ചെയ്തത്? ഇതിന്റെ existence ന്റെ ബലതന്ത്രമെന്നാണ്? നമുക്ക് ഈയൊരു പരിപ്രേക്ഷ്യത്തില്‍ ഇബ്‌നുഖല്‍ദൂനെ കണ്ടുനോക്കാം. തുടര്‍ന്ന് മുഖദ്ദിമ എന്ന ടെക്‌സ്റ്റ് ഇതിലെന്താണ് സംഭാവന ചെയ്യുന്നത് എന്ന് നമുക്കാലോചിച്ച് നോക്കാം.

ഇബ്‌നുഖല്‍ദൂന്‍ സമൂഹത്തെയും ചരിത്രത്തെയും കാണുന്നത് അല്ലാഹുവിന്റെ സുന്നത്ത് എന്ന നിലക്കാണ്. കാരണം സമൂഹത്തിലും ചരിത്രത്തിലുമൊക്കെ നടക്കുന്ന മാറ്റങ്ങള്‍ അല്ലാഹുവിന്റെ സുന്നത്താണ്. അതേസമയം അല്ലാഹുവിന്റെ സുന്നത്തിനെ മനസ്സിലാക്കാനുള്ള ശ്രമമെന്ന നിലക്കാണ് അദ്ദേഹം സമൂഹത്തെയും ചരിത്രത്തെയും നോക്കിക്കാണുന്നത്. എന്നാല്‍ സുന്നത്തുല്ലാഹ് എന്നത് എല്ലാവര്‍ക്കും വെളിവാകുകയില്ല. അപ്പോള്‍ അതിനെ വെളിവാകാനുള്ള ക്രമം എന്ന നിലക്കാണ് സോഷ്യല്‍ എന്ന ഘടകത്തിനെ ഖല്‍ദൂന്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സോഷ്യലിനെക്കുറിച്ചുള്ള ഇബ്‌നുഖല്‍ദൂന്റെ ആലോചന നിലവിലുള്ള ചരിത്രമെഴുത്തുകളില്‍ നിന്ന് വ്യത്യസ്തമാണ് എന്നതു മാത്രമല്ല, വളരെ താല്‍പര്യജനകം കൂടിയാണ്. കാരണം ചരിത്രത്തിലെ പല രീതിയിലുള്ള ഘടകങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രീതിശാസ്ത്രമാണ് ഖല്‍ദൂന്റേത്.

ഹെഗലിയന്‍ ചരിത്രവാദം നമുക്കറിയാവുന്നത് പോലെ വളരെ ലീനിയറായ ചരിത്രത്തെക്കുറിച്ച ആഖ്യാനമാണ്. ഇബ്‌നുഖല്‍ദൂന്‍ ചെയ്യുന്നത് ചരിത്രത്തിന്റെ വ്യത്യസ്തങ്ങളായ ഒരുപാട് ഘടകങ്ങളെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരികയാണ്. teleological ആയ ഒരു ചരിത്രവീക്ഷണമല്ല അദ്ദേഹത്തിനുള്ളത്. ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തി സഞ്ചരിക്കുന്ന ഒരു ചരിത്രത്തെക്കുറിച്ചല്ല അദ്ദേഹം സംസാരിക്കുന്നത്.

nomadic community, sedentary community എന്നിങ്ങനെ രണ്ടുതരത്തിലുള്ള സമൂഹങ്ങളെക്കുറിച്ച് ഖല്‍ദൂന്‍ എഴുതുന്നുണ്ട്. അലഞ്ഞുതിരിയുന്ന, നാടോടികളായ ആളുകളാണ് nomadic ആയ സമൂഹം. എന്നാല്‍ ഒരിടത്ത് തന്നെ ഒതുങ്ങിക്കൂടി ജീവിക്കുന്നവരാണ് sedentary സമൂഹം എന്നുപറയുന്നത്. ഈ രണ്ടു സമൂഹങ്ങളെയും അദ്ദേഹം വളരെ കൃത്യമായി പരിശോധിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് സോഷ്യല്‍ ആയി നിലനില്‍ക്കാനുള്ള താല്‍പര്യം കൂടുതലായും ഉണ്ടാവുക നൊമാഡിക് കമ്മ്യൂണിറ്റിയിലാണ് എന്നാണ്. കൂടാതെ innate ആയ അവരുടെ കഴിവുകളെയെല്ലാം വര്‍ധിപ്പിക്കാനുള്ള ശേഷിയും അവര്‍ക്കുണ്ടാകും. എന്നാല്‍ അവര്‍ നഗരങ്ങളിലേക്ക് വരുമ്പോള്‍ അവിടെത്തെ സമ്പത്തും അതോറിറ്റിയും നിയമസംവിധാനങ്ങളുമെല്ലാം അവരുടെ നൊമാഡിക്ക് ആയ സവിശേഷതകളെ നശിപ്പിക്കുമെന്നും ഖല്‍ദൂന്‍ പറയുന്നുണ്ട്. നിയമം അവരെ പാസ്സീവാക്കി മാറ്റുകയാണ് ചെയ്യുക. അഥവാ, സ്റ്റേറ്റും നിയമവുമെല്ലാമാണ് അസബിയ്യയായ അവരുടെ നിലനില്‍പ്പിനെ disintegrate ചെയ്യുന്നത്.

എന്നാല്‍ ഇവിടെ അസബിയ്യ എന്ന പ്രയോഗം ഖല്‍ദൂന്‍ നടത്തുന്നത് കേവലമായ ഒരു സംഘബോധം എന്ന അര്‍ത്ഥത്തില്‍ മാത്രമാണോ എന്ന ചോദ്യം പ്രസക്തമാണ്. കാരണം ഇസ്‌ലാമിക ചരിത്രത്തില്‍ അസബിയ്യ എന്ന പദം നെഗറ്റീവായാണ് മനസ്സിലാക്കപ്പെടുന്നത്. അതേസമയം സോഷ്യല്‍ എന്ന ഫാക്ടറിനെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു ഫോര്‍സായാണ് അദ്ദേഹം അസബിയ്യയെ കാണുന്നത്. എന്നാല്‍ എങ്ങനെയാണ് അസബിയ്യ നിലനില്‍ക്കുക? കേവലം രക്തബന്ധത്തിലൂടെ അത് സാധ്യമാണോ? ഒട്ടോമന്‍ എംപയറിന്റെ കാലത്ത് ഇബ്‌നുഖല്‍ദൂന്റെ ആശയങ്ങളെ മുന്‍നിര്‍ത്തി നടന്ന സംവാദങ്ങളെ പരിശോധിച്ചാല്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ കഴിയും എന്നാണെനിക്ക് തോന്നുന്നത്. ഒട്ടോമന്‍ എംപയറിന്റെ കാലത്ത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ വാദിച്ചത് ഖുറൈശി പാരമ്പര്യമില്ലാത്തതിനാല്‍ ഒട്ടോമന്‍ സാമ്രാജ്യത്വത്തിന് ഖിലാഫത്ത് ഏറ്റെടുക്കാന്‍ അര്‍ഹതയില്ല എന്നായിരുന്നു. ഖല്‍ദൂന്റെ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് അന്ന് തങ്ങളുടെ ഖിലാഫത്തിനെ ഒട്ടോമന്‍കാര്‍ പ്രതിരോധിച്ചത്. കാരണം ഖല്‍ദൂന്‍ പറഞ്ഞത് കേവലം രക്തബന്ധം കൊണ്ടുമാത്രം അസബിയ്യ അല്ലെങ്കില്‍ ഖുറൈശിയ്യത്ത് എന്ന വികാരം ഉണ്ടായിക്കൊള്ളണമെന്നില്ല എന്നാണ്. ചിലപ്പോള്‍ മതവും അസബിയ്യയെ ശക്തിപ്പെടുത്തും. എന്നാല്‍ sedentary community ആകുന്നതോടു കൂടി അവര്‍ക്ക് അതോറിറ്റിയും പവറുമെല്ലാം ലഭിക്കുകയാണ് ചെയ്യുന്നത്‌.അതോടുകൂടി അവരുടെ അസബിയ്യ ദുര്‍ബലപ്പെടുന്നു.

ഹെഗലിയന്‍ ചരിത്രവീക്ഷണത്തിന് വിരുദ്ധമായി ചരിത്രത്തിന് ഒരു തുടക്കമോ അവസാനമോ ഇല്ലെന്നാണ് ഇബ്‌നു ഖല്‍ദൂന്‍ പറയുന്നത്. അതുപോലെ സമൂഹത്തിലെ വ്യത്യസ്തമായ ഘടകങ്ങള്‍ ചരിത്രപ്രക്രിയയില്‍ നിര്‍വ്വഹിക്കുന്ന സാന്നിധ്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഇന്ന് നമുക്ക് എങ്ങനെയാണ് മുഖദ്ദിമയിലേക്ക് പ്രവേശിക്കാനാവുക? അതിനായി ഓറിയന്റലിസ്റ്റുകള്‍ ഉണ്ടാക്കിവെച്ചിട്ടുള്ള ചില രീതികളുണ്ട്. അതല്ലാതെ നാമിവിടെ ചര്‍ച്ച ചെയ്ത വഴികളിലൂടെയും മുഖദ്ദിമയിലേക്ക് നമുക്ക് പ്രവേശനം സാധ്യമാണ്. അപ്പോള്‍ തീര്‍ച്ചയായും ഓറിയന്റലിസ്റ്റുകളുടേതില്‍ നിന്നും വ്യത്യസ്തമായ ഒരു ഇബ്‌നുഖല്‍ദൂനെ നമുക്ക് കണ്ടെത്താന്‍ സാധിക്കും. അതിലൂടെ സമൂഹത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള വ്യത്യസ്തവും സവിശേഷവുമായ വീക്ഷണങ്ങള്‍ ഒരുപക്ഷേ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കാം.

ഖല്‍ദൂന്റെ ഓരോ കോണ്‍സപ്റ്റുകളെയും നമുക്ക് പരിശോധിച്ച് നോക്കാന്‍ കഴിയും. ഉദാഹരണത്തിന് ഖിലാഫത്ത് എന്ന അദ്ദേഹത്തിന്റെ കോണ്‍സപ്റ്റിനെക്കുറിച്ച് ആലോചിച്ച് നോക്കുക. ഖിലാഫത്തില്‍ നിന്ന് മുലൂകിയ്യത്തിലേക്കുള്ള ട്രാന്‍സിഷന്‍ എന്നദ്ദേഹം പറയുന്ന ഒരവസ്ഥയെ മുമ്പില്‍ വെച്ച് ഇന്നത്തെ സ്റ്റേറ്റ് ഫോര്‍മേഷന്റെ പ്രത്യേക രീതിയിലുള്ള ഘട്ടങ്ങളെ വിശദീകരിക്കാന്‍ കഴിയുമോ? മനുഷ്യന്റെ തന്നെ വികാസത്തിന്റെ ഒരു ചരിത്രത്തെ നിരീക്ഷിക്കാന്‍ ഇത് പര്യാപ്തമാണോ? ഖിലാഫത്ത് എന്നതുകൊണ്ട് ഖല്‍ദൂന്‍ ഉദ്ദേശിച്ചിട്ടുള്ള സവിശേഷമായ അര്‍ത്ഥമെന്താണ്? ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കണമെങ്കില്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഓറിയന്റലിസ്റ്റ് സമീപനങ്ങളില്‍ നിന്ന് പുറത്ത് കടന്ന് പുതിയൊരു കൈവഴി നാം കണ്ടെത്തേണ്ടി വരും.

സാദിഖ് പി കെ