Campus Alive

മുസ്‌ലിം ലോകവും സൂഫി പാരമ്പര്യവും

ഫിലോസഫി പ്രാക്ടീസ് ചെയ്തിരുന്നവരെ ഹുകുമാഅ് (ഏകവചനം: ഹാകിം) എന്നാണ് വിളിച്ചിരുന്നത്. ഹിക്മയുള്ളവരോ ഹിക്മ ചെയ്യുന്നവരോ എന്നാണതിനര്‍ത്ഥം. അക്കാലത്ത് ഡോക്ടര്‍മാരെയും ഹാകിം എന്നു തന്നെയായിരുന്നു വിളിച്ചിരുന്നത്. കാരണം അവരും ഫിലോസഫര്‍മാരെപ്പോലെ സാര്‍വ്വലൗകിക സത്യത്തെ (സാധാരണ ജനങ്ങളുടെ മേല്‍ പ്രാവര്‍ത്തികമാക്കാവുന്ന) മനസ്സിലാക്കാന്‍ യുക്തിയെയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇബ്‌നുസീനയും ഒരേസമയം ഡോക്ടറും ഫിലോസഫറുമായിരുന്നു. ഫല്‍സഫയെ ഹിക്മയായി മനസ്സിലാക്കപ്പെട്ടതിനെക്കുറിച്ചും മുസ്‌ലിം ജീവിതത്തിലുള്ള അതിന്റെ പ്രായോഗികവല്‍ക്കരണത്തെക്കുറിച്ചും പതിനേഴാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ഫിലോസഫറായിരുന്ന മുല്ലാസദ്‌റയുടെ ഗ്രന്ഥത്തിന് നല്‍കിയ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രവാചകത്വവുമായും ദൈവത്തെക്കുറിച്ച ജ്ഞാനവുമായും നേരിട്ട് ബന്ധമുള്ള ഒന്നായാണ് ഫിലോസഫര്‍മാര്‍ തങ്ങളുടെ പ്രോജക്ടിനെ മനസ്സിലാക്കുന്നത് എന്നാണതില്‍ പറയുന്നത്. പ്രവാചകന്‍ തന്നെ ഹിക്മ എന്ന ആര്‍ട്ടിനെയാണ് ദൈവത്തില്‍ നിന്ന് അന്വേഷിക്കുന്നത്. യുക്തി (അഖ്ല്‍), ബൗദ്ധികമായ ഉള്‍ക്കാഴ്ച (അല്‍-ഹദ്‌സ്), ഇമാജിനേഷന്‍ (അല്‍-ഖുവ്വ അല്‍-മുതഖയ്യില) എന്നീ ഗുണങ്ങളെല്ലാം (ചെറിയ അളവില്‍ ഈ ഗുണങ്ങളെല്ലാം എല്ലാ മനുഷ്യരിലും അടങ്ങിയിട്ടുണ്ട്) അടങ്ങിയ മനുഷ്യനായാണ് ഫിലോസഫര്‍മാര്‍ പ്രവാചകനെ മനസ്സിലാക്കുന്നത്. ഈ ഗുണങ്ങളെല്ലാം അടങ്ങിയത് കൊണ്ടാണ് ദൈവത്തില്‍ (Active Intellect എന്നാണ് ഫിലോസഫിയില്‍ ദൈവത്തിന് നല്‍കുന്ന ഒരു വിശേഷണം) നിന്നുള്ള സാര്‍വ്വലൗകിക സത്യത്തെ മനസ്സിലാക്കാന്‍ പ്രവാചകന് കഴിയുന്നത്. അപ്പോള്‍ പ്രവാചകന്‍ ഒരു ഫിലോസഫര്‍ കൂടിയാണ്. അഥവാ, ഫിലോസഫറുടെയും പ്രവാചകന്റെയും പ്രൊജക്ട് ഒന്നുതന്നെയാണ്: ഹിക്മയെ (യുക്തിയുടെ പരിപൂര്‍ണ്ണതയിലൂടെ സാര്‍വ്വലൗകിക സത്യത്തെ മനസ്സിലാക്കല്‍) തേടുക എന്നതാണത്.

യഥാര്‍ത്ഥ സത്യത്തെ മനസ്സിലാക്കാനുള്ള ഫിലോസഫര്‍മാരുടെ യുക്തിപരമായ അന്വേഷണങ്ങള്‍ക്ക് മുസ്‌ലിം ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത് എന്നു കാണാന്‍ സാധിക്കും. ദൈവത്തെക്കുറിച്ച ഫിലോസഫര്‍മാരുടെ നിര്‍വ്വചനങ്ങള്‍ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം തന്നെ അതിനു തെളിവാണ്. ഉദാഹരണത്തിന് ഇബ്‌നുസീന ദൈവത്തെ വിശേഷിപ്പിക്കുന്നത് അനിവാര്യമായ അസ്തിത്വം (wajib al-wujud) എന്നാണ്. ഈ അസ്തിത്വത്തെ ആശ്രയിച്ചാണ് എല്ലാ സൃഷ്ടികളും നിലനില്‍ക്കുന്നത്. ഇതുപോലെയുള്ള വ്യത്യസ്തങ്ങളായ ഫിലോസഫിക്കല്‍ നിര്‍വ്വചനങ്ങളാണ് ദൈവികത്വം (divinity) എന്ന കണ്‍സപ്റ്റിനെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ചു കൊടുക്കാന്‍ മദ്രസ്സകളില്‍ ഉപയോഗിച്ചിരുന്നത്. ലോജിക്ക്, ഫിസിക്‌സ്, മെറ്റാഫിസിക്‌സ് എന്നിവയെക്കുറിച്ച് പ്രാഥമിക ജ്ഞാനം നല്‍കുന്ന ഒരു ടെക്‌സറ്റ്ബുക്കിനെയാണ് അതിനായി ആശ്രയിച്ചിരുന്നത്. ബാള്‍ക്കന്‍ മുതല്‍ ബംഗാള്‍ വരെയുള്ള മേഖലകളിലെ മദ്രസ്സകളിലെ വിദ്യാര്‍ത്ഥികളെയെല്ലാം ഈ ടെക്സ്റ്റ്ബുക്ക് പഠിപ്പിച്ചു കൊടുത്തിരുന്നു. Guide to Hikmah (Hidayat al-hikma) എന്നായിരുന്നു ആ പുസ്തകത്തിന്റെ തലക്കെട്ട്. ദൈവത്തെ അനിവാര്യമായ അസ്തിത്വം (The Necessary Existent) എന്നാണ് മദ്രസ്സകളില്‍ പഠിപ്പിച്ചിരുന്ന തിയോളജി വിശേഷിപ്പിച്ചിരുന്നത്. അനിവാര്യമായും ഇവിടെ ഉയരുന്ന പ്രശ്‌നമിതാണ്: ഇബ്‌നുസീനയുടെ (മുസ്‌ലിംകള്‍ക്ക് ദൈവത്തെ നിര്‍വചിച്ച് കൊടുത്തവന്‍ എന്ന് ഇബ്‌നുസീനയെ വിശേഷിപ്പിക്കാവുന്നതാണ്) ഫിലോസഫിയാണ് ദൈവത്തെ മനസ്സിലാക്കാന്‍ കാലങ്ങളോളം ഇസ്‌ലാമിക തിയോളജി (സുന്നി, ശിയാ) ഉപയോഗിച്ചിരുന്നത്. അതേസമയം ഈ ഫിലോസഫിയെ രൂപപ്പെടുത്താന്‍ ഉപയോഗിച്ച ലോജിക്കിലൂടെയും എപ്പിസ്റ്റമോളജിയിലൂടെയും ഇബ്‌നുസീന എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമായാണ് വിശേഷിപ്പിക്കപ്പെട്ടത്. എങ്ങനെയാണത് അനിസ്‌ലാമികമാകുന്നത്? പിന്നെന്തു കൊണ്ടാണ് സുന്നി, ശിയാ മദ്രസ്സകളില്‍ ദൈവിക യാഥാര്‍ത്ഥ്യത്തെ പഠിപ്പിച്ചു കൊടുക്കാന്‍ ഒരുപാടു കാലം ഇബ്‌നുസീനയുടെ ഫിലോസഫിയെ ആശ്രയിച്ചത്? അപ്പോള്‍ ഇസ്‌ലാം\അനിസ്‌ലാമികം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ സങ്കീര്‍ണ്ണം തന്നെയാണ്.

രണ്ടാമത്തെ ചോദ്യമിതാണ്: സൂഫികള്‍ അല്ലാഹുവിന്റെ ഔലിയാക്കന്‍മാരാണ് (friends of God). അല്ലാഹുവെക്കുറിച്ച അനുഭവപരമായ ജ്ഞാനം നേടിയവരാണവര്‍. അഥവാ, ഹഖീഖത്തിലെത്തിച്ചേര്‍ന്നവര്‍. അവര്‍ക്ക് മുമ്പില്‍ നിയമത്തിന്റെ വേലിക്കെട്ടുകളില്ല. ആത്മീയ വികാസം പ്രാപിക്കാത്തവര്‍ക്കുള്ളതാണല്ലോ നിയമം. അപ്പോള്‍ സൂഫികള്‍ ഇസ്‌ലാമികമായി ശരിയാണോ തെറ്റാണോ?

പ്രവാചകത്വത്തെക്കുറിച്ച ഫിലോസഫര്‍മാരുടെ സങ്കല്‍പ്പത്തെക്കുറിച്ച് ഞാന്‍ നേരത്തെ സൂചിപ്പിക്കുകയുണ്ടായി. എല്ലാ മനുഷ്യരിലുമുള്ള യുക്തിയുടെ ഏറ്റവും ഉന്നതമായ അവസ്ഥയിലൂടെ ദൈവത്തെ അറിഞ്ഞവരാണ് പ്രവാചകന്‍മാര്‍ എന്നാണവര്‍ പറയുന്നത്. സൂഫീ ആശയവുമായി ഇതിന് സാമ്യതയുണ്ട്: നിരന്തരമായ സ്പിരിച്ച്വല്‍ പ്രാക്ടീസിലൂടെ (യുക്തിയിലൂടെ മാത്രമല്ല) ഏതൊരു വ്യക്തിക്കും ദൈവത്തെക്കുറിച്ച അനുഭവപരമായ ജ്ഞാനം (കശ്ഫ്) ആര്‍ജ്ജിക്കാന്‍ സാധിക്കും എന്നതാണത്. ദിക്‌റുകളിലൂടെയും മറ്റ് ദൈവിക സ്മരണകളിലൂടെയും സൂഫികള്‍ ശ്രമിക്കുന്നത് തങ്ങളുടെ being ന്റെ പരിപൂര്‍ണ്ണതക്ക് വേണ്ടിയാണ്. പ്രവാചകരെപ്പോലെത്തന്നെ ദൈവികയാഥാര്‍ത്ഥ്യത്തെ അനുഭവിക്കാനുള്ള ശ്രമമാണ് അവരതിലൂടെ നടത്തുന്നത്.

സഹസ്രാബ്ദങ്ങളായി സൂഫിസം മുസ്‌ലിം ലോകത്തെ ഒരു സാമൂഹിക പ്രതിഭാസമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്വൂഫി ത്വരീഖകള്‍ (ത്വരീഖ എന്നാല്‍ വഴി എന്നാണര്‍ത്ഥം) അതിന് തെളിവാണ്. നിരവധി മുസ്‌ലിംകള്‍ വിവിധങ്ങളായ ഈ സ്വൂഫി ത്വരീഖകളില്‍ ബൈഅത്ത് ചെയ്തവരാണ്. ഖാന്‍ഖാഹ്, സവിയ്യ, തെക്കെഹ്, മര്‍കസ് തുടങ്ങിയവയാണ് സ്വൂഫി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങള്‍ക്ക് നല്‍കപ്പെടുന്ന നാമങ്ങള്‍. അതുപോലെ നിരവധി സ്വൂഫി ശൈഖുമാരുടെ മഖ്ബറകളും ലോകത്തുടനീളം നിലനില്‍ക്കുന്നുണ്ട്.

സൂഫി ശൈഖുമാരുടെ മഖ്ബറകള്‍ ആളുകള്‍ സന്ദര്‍ശിക്കാറുണ്ട്. ദൈവികസത്യത്തിന്റെ അദൃശ്യമായ പ്രപഞ്ചങ്ങളെ അനുഭവിച്ചറിഞ്ഞവരാണവര്‍ എന്ന ബോധ്യത്തില്‍ നിന്നാണ് അവരങ്ങോട്ട് പോകുന്നത്. അല്ലാഹു പറയുന്നത് സ്വര്‍ഗ്ഗലോകങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതവനാണെന്നും ദൃശ്യവും അദൃശ്യവുമായ ജ്ഞാനം അവനാണുള്ളതെന്നുമാണ്. (ഖുര്‍ആന്‍ 39:46) ഈ യാഥാര്‍ത്ഥ്യത്തെയാണ് (ഹഖീഖത്ത്) സ്വൂഫികള്‍ അന്വേഷിക്കുന്നത്. മെറ്റീരിയലല്ലാത്ത യാഥാര്‍ത്ഥ്യമാണത്. അതിനോട് മെറ്റീരിയലായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ളത് മെറ്റഫറിക്കലായ ബന്ധം മാത്രമാണ്. സൂഫി ചിന്തയില്‍ അദൃശ്യമായ യഥാര്‍ത്ഥ ലോകവും യഥാര്‍ത്ഥ സത്യവും ഹഖീഖത്താണ്. ഈ ലോകവും അതിനകത്തെ സത്യങ്ങളും ഈ യഥാര്‍ത്ഥ സത്യത്തിന്റെ മെറ്റഫറിക്കലായ പ്രതിനിധാനം (അറബിയില്‍ മജാസ് എന്നാണിതിന് പറയുക) മാത്രമാണ്. അഥവാ, ദൃശ്യമായ ഈ മെറ്റീരിയല്‍ ലോകം എന്നത് ( ആലമുശ്ശഹാദ എന്നാണ് ഖുര്‍ആന്‍ ഈ ലോകത്തെ വിശേഷിപ്പിക്കുന്നത്) ആലമുല്‍ മജാസാണ് (മെറ്റഫറിന്റെ ലോകം). അതേസമയം അദൃശ്യവും നോണ്‍-മെറ്റീരിയലുമായ ലോകമാണ് (ഖുര്‍ആനിക ഭാഷയില്‍ ആലമുല്‍ ഗയ്ബ്) ആലമുല്‍ ഹഖീഖ, അഥവാ യഥാര്‍ത്ഥ സത്യത്തിന്റെ ലോകം.

സൂഫിസത്തിലൂടെയാണ് ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളും തങ്ങളുടെ നിലനില്‍പ്പിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളത്. സൂഫീ സദസ്സുകളില്‍ കൂട്ടമായി നടക്കുന്ന വിവിധ തരത്തിലുള്ള ദിക്‌റുകളിലൂടെയും ആരാധനകളിലൂടെയുമാണ് അവരത് സാധ്യമാക്കിയത്. യഥാര്‍ത്ഥ സത്യത്തിന്റെ അനുഭവപരമായ ജ്ഞാനത്തെ അറിയാന്‍ മാത്രമല്ല സൂഫിസം സഹായിക്കുന്നത്. മറിച്ച് അതിനെ നാം ആര്‍ട്ടിക്കുലേറ്റ് ചെയ്യുന്നതും സൂഫിസത്തിലൂടെ തന്നെയാണ്. മുഹ്‌യുദ്ദീന്‍ ഇബ്‌നു അറബി (റ) യുടെ ഇന്‍സാനുല്‍ കാമില്‍ (The complete human being) എന്ന ആശയത്തെ വികസിപ്പിച്ച അബ്ദുല്‍ കരീം അല്‍-ജിലി (1366-1424) പറയുന്നത് സൂഫീ പാതയില്‍ അഭിമുഖീകരിക്കുന്ന മിസ്റ്റിക്കലായ അനുഭവങ്ങളെയും പ്രതീകാത്മകമായ ദര്‍ശനങ്ങളെയും മനസ്സിലാക്കാന്‍ ഇബ്‌നു അറബിയുടെ ആശയങ്ങള്‍ സഹായിക്കുമെന്നാണ്. കണ്‍സപ്ച്ചലായ വ്യക്തതയാണ് അവ നമുക്കു നല്‍കുക എന്നാണദ്ദേഹം പറയുന്നത്. മുസ്‌ലിംകളുടെ ഭാഷാശൈലിയെയും വിനിമയരീതികളെയും കവിതകളെയും സൂഫിസം സ്വാധീനിച്ചിട്ടുണ്ട്. അറബ്, പേര്‍ഷ്യന്‍, തുര്‍ക്കിഷ്, ഉര്‍ദു ഭാഷകളില്‍ എഴുതപ്പെട്ട സൂഫി കാവ്യങ്ങള്‍ ഇതിനുദാഹരണമാണ്.

ദൈവിക യാഥാര്‍ത്ഥ്യത്തെ തേടിയുള്ള സൂഫി അന്വേഷണത്തെക്കുറിച്ച് ജലാലുദ്ദീന്‍ റൂമി (റ) തന്റെ മസ്‌നവിയില്‍ എഴുതുന്നുണ്ട്: ‘വഴി കാണിക്കുന്ന ഒരു മെഴുകുതിരിയെപ്പോലെയാണ് നിയമം. മെഴുകുതിരിയില്ലാതെ നിങ്ങള്‍ക്ക് യാത്ര ചെയ്യാനാവില്ല. യാത്രയാണ് ത്വരീഖത്ത്. യാത്രയിലൂടെ നിങ്ങളെത്തിച്ചേരുന്ന ഇടമാണ് ഹഖീഖത്ത്. ഹഖീഖത്തിലെത്തുന്നതോടെ നിയമങ്ങളില്ലാതാവുകയാണ് ചെയ്യുന്നത്. ചെമ്പ് സ്വര്‍ണ്ണമാകുന്നതോടെ പിന്നെ ആല്‍ക്കെമിയുടെ ആവശ്യമില്ലല്ലോ. നിയമം എന്നത് ഒരു അധ്യാപകനില്‍ നിന്നോ പുസ്തകത്തില്‍ നിന്നോ ആല്‍ക്കെമിയുടെ തിയറി പഠിക്കുന്നത് പോലെയാണ്. അതേസമയം ത്വരീഖത്ത് എന്നത് ചെമ്പില്‍ നിന്ന് സ്വര്‍ണ്ണത്തിലേക്കുള്ള മാറ്റമാണ്. ആല്‍ക്കെമിയെക്കുറിച്ചറിയുന്നവര്‍ ആ അറിവില്‍ ആനന്ദം കൊള്ളുന്നു. ആല്‍ക്കെമി പ്രാക്ടീസ് ചെയ്യുന്നവര്‍ തങ്ങളുടെ പ്രാക്ടീസിലും അഭിരമിക്കുന്നു. എന്നാല്‍ ഹഖീഖത്തിനെ അനുഭവിച്ചവര്‍ പറയുന്നതിതാണ്:’ഞങ്ങള്‍ സ്വര്‍ണ്ണമായിരിക്കുന്നു. ആല്‍ക്കെമിയുടെ തിയറിയും പ്രാക്ടീസും ഞങ്ങള്‍ക്കാവശ്യമില്ല. ഞങ്ങളെ ദൈവം സ്വതന്ത്രരാക്കിയിരിക്കുന്നു’. നിയമത്തെ മെഡിസിനുമായി താരതമ്യം ചെയ്യാവുന്നതാണ്. ത്വരീഖത്ത് (വഴി) മെഡിസിന്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് മരുന്ന് കഴിക്കുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ്. രോഗം സുഖപ്പെടലും ആരോഗ്യം വീണ്ടെടുക്കലുമാണ് ഹഖീഖത്ത്. അതോടെ ആദ്യം പറഞ്ഞ രണ്ടെണ്ണത്തില്‍ നിന്നും സ്വതന്ത്രമാവുകയാണ് ചെയ്യുന്നത്.’

സത്യത്തിന്റെ വിവിധങ്ങളായ ശ്രേണികളിലൂടെ അല്ലാഹുവെക്കുറിച്ച പരമമായ സത്യത്തിലെത്തിച്ചേരുക എന്നതാണ് ഒരു സൂഫിയുടെ ലക്ഷ്യം. അതോടുകൂടി നിയമത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് അവന്‍\അവള്‍ സ്വതന്ത്രമാവുകയാണ് ചെയ്യുന്നത്. ഖുര്‍ആന്റെ സൂഫി വ്യാഖ്യാനം എഴുതിയ അബൂ സഹ്ല്‍ അല്‍ തുസ്താരി (Abu Sahl al-Tustari) പറയുന്നു: ‘സൂഫികള്‍ക്ക് ഒരു രഹസ്യമുണ്ട്. അതിനെ അല്ലാഹു മാനിഫെസ്റ്റ് ചെയ്യുകയാണെങ്കില്‍ പിന്നെ നിയമം എന്ന ഒന്നുണ്ടാവില്ല’. (തുടരും)

വിവ: സഅദ് സല്‍മി (salmisaad@gmail.com)

 

 

ശഹാബ് അഹ്മദ്‌