Campus Alive

ഇബ്‌നുസീനയെ ഇസ്‌ലാമിക ഫിലോസഫര്‍ എന്ന് വിശേഷിപ്പിക്കാമോ?

What is Islam: The Importance of Being Islamic-2

മിക്ക സ്‌കോളേഴ്‌സും നിരന്തരമായി ഉന്നയിക്കുന്ന ഒരു ചോദ്യമാണ് എന്താണ് ഇസ്‌ലാമിക ഫിലോസഫിയുടെ ഇസ്‌ലാമികത എന്നത്. ‘ The Islamic philosophers’ conception of Islam’ എന്ന പുസ്തകത്തില്‍ മൈക്കല്‍ മര്‍മുറ (Michael Marmura) ഇങ്ങനെ ചോദിക്കുന്നുണ്ട്: എന്തുകൊണ്ടാണ് ഇസ്‌ലാമിക ഫിലോസഫിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴെല്ലാം ഇസ്‌ലാമിക് എന്ന പദം നാമുപയോഗിക്കുന്നത്? തീര്‍ച്ചയായും അതിലൊരു വ്യക്തത നാം ഉറപ്പുവരുത്തേണ്ടതുണ്ട്’. Encyclopedia of Islamic Philosophy എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ ഒലീവര്‍ ലീമാന്‍ എഴുതുന്നു: ‘ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട ചില ചിന്തകരെ എന്തുകൊണ്ടാണ് ഇസ്‌ലാമിക ഫിലോസഫര്‍മാര്‍ എന്നു വിശേഷിപ്പിക്കുന്നത്? അവരില്‍ പലരും മുസ്‌ലിംകളല്ല. എന്തിന്, കൃത്യമായി പരിശോധിക്കുകയാണെങ്കില്‍ അവര്‍ ഫിലോസഫര്‍മാരുമല്ല. അപ്പോള്‍ എന്താണ് ഇസ്‌ലാമിക് ഫിലോസഫി? മാര്‍മുറ ഈ ചോദ്യത്തിന് മറുപടി നല്‍കുന്നതിങ്ങനെയാണ്:’ സാധാരണഗതിയില്‍ ഇസ്‌ലാമിനെ പ്രാക്ടീസ് ചെയ്യുന്ന ഫിലോസഫര്‍മാരെയാണ് ഇസ്‌ലാമിക ഫിലോസഫര്‍മാര്‍ എന്നുവിളിക്കുന്നത്. ഇസ്‌ലാമിക വിശ്വാസികള്‍ എന്നു സ്വയം അവകാശപ്പെടുന്നവരാണവര്‍. മറ്റൊന്ന് ഇസ്‌ലാമിക സമൂഹങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന മുസ്‌ലിംകളല്ലാത്ത ഫിലോസഫര്‍മാരാണ്. ഇസ്‌ലാമിക ഫിലോസഫി കൈകാര്യം ചെയ്യുന്നതിനാല്‍ അവരെയും ഇസ്‌ലാമിക ഫിലോസഫര്‍മാര്‍ എന്നു തന്നെയാണ് വിളിക്കുന്നത്’. എന്നാല്‍ ഈയടുത്ത് പുറത്തിറങ്ങിയ The Cambridge companion to Arabic Philosophy എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇസ്‌ലാമിക ഫിലോസഫി എന്നതിനേക്കാള്‍ അറബിക് ഫിലോസഫി എന്നു വിശേഷിപ്പിക്കുന്നതാണ് നല്ലതെന്നാണ്: ‘കാരണം ഇസ്‌ലാമിക ഫിലോസഫിയില്‍ ഫോക്കസ് ചെയ്യുന്ന പലരും ക്രൈസതവരോ ജൂതരോ ആണ്. അതുപോലെ ഫോര്‍മേറ്റീവ് കാലത്തുണ്ടായിരുന്ന മിക്ക ഫിലോസഫര്‍മാരും വിവര്‍ത്തന പ്രസ്ഥാനത്തിലൂടെ (translation movement) ലഭ്യമായിരുന്ന ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയുമാണ് ചെയ്തിരുന്നത്. അല്ലാതെ ഒരു ഇസ്‌ലാമിക ഫിലോസഫി വികസിപ്പിക്കുകയായിരുന്നില്ല അവര്‍. ഈയടുത്ത് റെമി ബ്രാഗ് (Remi Brague) രചിച്ച പുസ്തകത്തിലെ ഒരധ്യായത്തിന്റെ തലക്കെട്ട് ‘Just How is Islamic Philosophy Islamic’ എന്നതാണ്. നാമിവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ സങ്കീര്‍ണ്ണത ആ തലക്കെട്ടില്‍ തന്നെ പ്രകടമാണ്.

brague

ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത് ഇബ്‌നു സീനയെ ഇസ്‌ലാമിക ഫിലോസഫര്‍ എന്ന് വിശേഷിപ്പിക്കാനാകുമോ എന്ന ചോദ്യമുയരുമ്പോഴാണ്. കാരണം അദ്ദേഹത്തിന്റെ ഫിലോസഫി അരിസ്റ്റോട്ടീലിയന്‍, നിയോ-പ്ലാറ്റോനിക് (Aristotelian\Neo-platonic) യുക്തിപരതയില്‍ അധിഷ്ഠിതമാണ്. ഈ യുക്തിപരതയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നത് അത്യുന്നതമായ അവസ്ഥയിലുള്ള മനുഷ്യബുദ്ധിക്ക് മാത്രമേ ദൈവികസത്യത്തെ മനസ്സിലാക്കാന്‍ കഴിയൂ എന്നാണ്. ഈ സത്യത്തിന്റെ ചെറിയൊരു ഭാഗമാണ് പ്രവാചകന്‍മാരിലൂടെ സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നത്. ഖുര്‍ആന്‍ തന്നെ ദൈവികസത്യത്തിന്റെ ലിറ്ററലോ നേരിട്ടോ ആയ ആവിഷ്‌കാരമല്ല. മറിച്ച്, ഭൂരിപക്ഷം വരുന്ന അജ്ഞരായ മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ വേണ്ടി ദൈവിക സത്യത്തെ വളരെ ലളിതമായ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതാണ് യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍. ദൈവികസത്യത്തിന്റെ Lowest common denominator എന്നാണ് ഖുര്‍ആനെ ഇബ്‌നു സീന വിശേഷിപ്പിക്കുന്നത്. അദ്ദേഹം എഴുതുന്നു:’സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവാചകനിലൂടെ അല്ലാഹു ശരീഅത്ത് ഇറക്കിക്കൊടുത്തത്. യഥാര്‍ത്ഥ സത്യത്തെ (al-tahqiq) സാധാരണ ജനങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാക്കിക്കൊടുക്കാന്‍ സാധ്യമല്ല. അതിനാല്‍ തന്നെ വളരെ എളുപ്പത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയാണ് ശരീഅത്ത്. രൂപകങ്ങളും ഉദാഹരണങ്ങളും സഹിതമാണ് മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ യാഥാര്‍ത്ഥ്യങ്ങളെ അല്ലാഹു അറിയിച്ചു കൊടുക്കുന്നത്’.

ഉന്നതമായ സത്യത്തെക്കുറിച്ച (higher truth) നിഗമനത്തിലെത്തിച്ചേര്‍ന്ന ഇബ്‌നുസീനയടക്കമുള്ള ഫിലോസഫര്‍മാര്‍ പറയുന്നത് ഈ ലോകം അനശ്വരമാണെന്നും മരണത്തിന് ശേഷം മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ലെന്നും ദൈവിക വിധി എന്ന ഒന്നില്ലെന്നുമാണ്. മാത്രമല്ല, സത്യത്തിന്റെ ഇതര രൂപങ്ങളേക്കാള്‍ വലിയ സത്യമൊന്നുമല്ല ശരീഅത്ത് എന്നുമവര്‍ സൂചിപ്പിക്കുന്നുണ്ട്.

ദൈവിക യാഥാര്‍ത്ഥ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച ഈ നിരീക്ഷണം ഖുര്‍ആനിക തിയോളജിക്കും എസ്‌ക്കറ്റോളജിക്കും വിരുദ്ധമാണ്. കുഫ്ര്‍ എന്നാണ് അബൂഹാമിദുല്‍ ഗസ്സാലി ഇബ്‌നുസീനയുടെ ഈ വീക്ഷണത്തെ വിശേഷിപ്പിക്കുന്നത്. The Refutation of the Philosophers (Tahafut al-falasifah) എന്ന ഗ്രന്ഥത്തില്‍ നമുക്കതു കാണാം.

gazali

അപ്പോള്‍ ചോദ്യമിതാണ്: ഇബ്‌നുസീനയുടേതടക്കമുള്ള ഫിലോസഫിക്കല്‍ ചിന്തകള്‍ ഇസ്‌ലാമികമാണോ അനിസ്‌ലാമികമാണോ? (Islamic or un-islamic). യഥാര്‍ത്ഥ ശരീഅത്തിനെക്കുറിച്ച് (al-sharia al-haqiqa) സംസാരിച്ച ഇബ്‌നുസീന യുക്തിപരമായ ഫിലോസഫിക്കല്‍ സമീപനത്തിലൂടെ താന്‍ എത്തിച്ചേര്‍ന്ന യാഥാര്‍ത്ഥ്യത്തെ ഇസ്‌ലാമികം എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹം പറയുന്നു: ‘എന്നെ അവിശ്വാസി എന്ന് വിളിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ വിശ്വസിക്കുന്നതിനേക്കാള്‍ നല്ല വിശ്വാസമൊന്നുമില്ല. ഈ കാലത്ത് ഞാനൊറ്റക്കാണ്. ഇനി ഞാന്‍ അവിശ്വാസിയാണെങ്കില്‍ ഒരു വിശ്വാസിയും ഈ ലോകത്തില്ല എന്നു ഞാന്‍ പറയും’.

മുസ്‌ലിം വിശ്വാസത്തിന്റെ ഒരു ഭാഗം എന്ന നിലക്കുതന്നെയാണ് മുസ്‌ലിം ഫിലോസഫര്‍മാര്‍ തങ്ങളുടെ ഫിലോസഫിയെ അവതരിപ്പിക്കുന്നത് എന്നാണ് റോബെര്‍ട്ട് ഹാള്‍ പറയുന്നത് (intellect, soul and body in ibn sina). ബൗദ്ധികമായി ഉയര്‍ന്ന വിഭാഗത്തെയാണ് അവരഭിമുഖീകരിക്കുന്നത് എന്നാണദ്ദേഹത്തിന്റെ പക്ഷം.

ഇബ്‌നുസീനയുടെ കാലശേഷം വികസിച്ച ഇല്‍മുല്‍ കലാമിന്റെ (Islamic scholastic theology) അടിസ്ഥാനമായി പൊതുവെ വിലയിരുത്തപ്പെടുന്നത് അവിസെന്നിയന്‍ ഫിലോസഫി തന്നെയാണ്. ഇസ്‌ലാമും ഫിലോസഫിയും തമ്മിലുള്ള ബന്ധത്തെ ഇതു കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. കാരണം ഇബ്‌നുസീനയുടെ മിക്ക ഫിലോസഫിക്കല്‍ നിഗമനങ്ങളും ഒട്ടുമിക്ക ഇസ്‌ലാമിക ദൈവശാസ്ത്രകാരന്‍മാരും തള്ളിക്കളഞ്ഞിരുന്നെങ്കിലും ഈ നിഗമനങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ച ഫിലോസഫിക്കല്‍ രീതിയാണ് ഇരുപതാം നൂറ്റാണ്ട് വരെയും മദ്രസ്സകളിലെല്ലാം പഠിപ്പിച്ചിരുന്നത്. ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമയില്‍ ഇങ്ങനെ എഴുതുന്നു: ” തിയോളജിയിലെ പ്രശ്‌നങ്ങള്‍ ഫിലോസഫിക്കലായ ചോദ്യങ്ങളായാണ് മനസ്സിലാക്കപ്പെട്ടത്. തിയോളജിയെയും ഫിലോസഫിയെയും പരസ്പരം വേര്‍തിരിച്ച് മനസ്സിലാക്കാന്‍ തന്നെ പ്രയാസമായിരുന്നു’.

അതേസമയം ഇസ്‌ലാമിലെ ഫിലോസഫിയുടെ ചരിത്രം അന്വേഷിക്കുന്ന എ.ഐ സബ്‌റ ഇസ്‌ലാമിക ഫിലോസഫി പഠിക്കുന്ന ആധുനിക വിദ്യാര്‍ത്ഥികളുടെ ഫിലോസഫിക്കല്‍ സമീപനങ്ങളെ അബന്ധമെന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹം എഴുതുന്നു: ‘മധ്യകാല ഇസ്‌ലാമിലെ ശാസ്ത്രീയവും ഫിലോസഫിക്കലുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അന്നത്തെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-മത സ്ഥാപനങ്ങളുടെ മേല്‍ യാതൊരു സ്വാധീനവുമുണ്ടായിരുന്നില്ല എന്ന ധാരണ തെറ്റാണ്. അതുപോലെ ഇസ്‌ലാമിക ലോകത്ത് ഗ്രീക്ക് പാരമ്പര്യത്തെ സജീവമാക്കി നിലനിര്‍ത്തിയിരുന്നവര്‍ ചെറിയൊരു വിഭാഗമായിരുന്നുവെന്നും അവര്‍ക്ക് മുസ്‌ലിംകളുടെ ആത്മീയ-ബൗദ്ധിക ജീവിതത്തെ നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും ഇസ്‌ലാമിക സമൂഹത്തിന്റെ പ്രധാന പ്രശ്‌നങ്ങളെ അവര്‍ അഭിമുഖീകരിച്ചിരുന്നില്ല എന്നുമുള്ള വാദങ്ങളും ശരിയല്ല.’

kh

ഫിലോസഫിയുടെ വളരെ ടെക്‌നിക്കലായ പ്രാക്ടീസുകളെയും ഫിലോസഫി പ്രാക്ടീസ് ചെയ്യപ്പെടുന്ന സമൂഹങ്ങളിലും സാമൂഹ്യവ്യവഹാരങ്ങളിലും അത് ചെലുത്തുന്ന സ്വാധീനങ്ങളെയും പരസ്പരം വേര്‍തിരിച്ച് മനസ്സിലാക്കുന്നതില്‍ സംഭവിക്കുന്ന പരാജയമാണ് ഇസ്‌ലാമിക സമൂഹങ്ങളില്‍ ഫിലോസഫിക്ക് അത്രവലിയ പങ്കൊന്നുമുണ്ടായിരുന്നില്ല എന്ന വാദം ഉയര്‍ത്തപ്പെടുന്നതിന്റെ കാരണം. ഫിലോസഫര്‍മാര്‍ ഫിലോസഫി ചെയ്യുമ്പോള്‍ മിക്ക പേരിലും അത് സ്വാധീനം ചെലുത്തുകയാണ് ചെയ്യുന്നത്. ഒട്ടോമന്‍ കാലത്തെ മുസ്‌ലിം സമൂഹത്തിന്റെ സമൂഹത്തിന്റെ വിവധങ്ങളായ പ്രാക്ടീസുകളിലും വ്യവഹാരങ്ങളിലുമുള്ള ഫിലോസഫിയുടെ കേന്ദ്രസ്ഥാനത്തെക്കുറിച്ച് നിനാഡ് ഫിലിപ്പോവിക്കും (Nenad Filipovic) ഞാനും ചേര്‍ന്ന് എഴുതിയിട്ടുണ്ട്. (Neither Paradise Nor Hellfire: Rethinking Islam through the Ottomans, Rethinking the Ottomans through Islam). ഈ പുസ്തകത്തിന്റെ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ഇസ്‌ലാമിക സമൂഹങ്ങളിലെ ഫിലോസഫിയുടെ സാന്നിധ്യത്തെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്.

മുസ്‌ലിം വ്യവഹാരങ്ങളില്‍ ഫിലോസഫിക്ക് ഒരു പങ്കുമുണ്ടായിരുന്നില്ല എന്ന ധാരണയെ ഇല്ലാതാക്കണമെങ്കില്‍ ഗ്രീക്ക് പദമായ ഫല്‍സഫക്ക് (Philosophy) പകരം ഖുര്‍ആനിക-അറബി പദമായ ഹിക്മയെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. ഹിക്മയെക്കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്: ‘അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഹിക്മത്ത് നല്‍കുന്നു. ഹിക്മത്ത് നല്‍കപ്പെട്ടവന് കണക്കില്ലാത്ത നേട്ടമാണ് ലഭിക്കുന്നത്. എന്നാല്‍ ബുദ്ധിമാന്‍മാര്‍ മാത്രമേ ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നുള്ളൂ’. (ഖുര്‍ആന്‍: 2:269, അവലംബം: ഖുര്‍ആന്‍ ലളിതസാരം) ഇബ്‌നുസീന ഹിക്മത്തിനെ യഥാര്‍ത്ഥ ഫിലോസഫി (falasifah bi-al-haqiqah) എന്നാണ് വിശേഷിപ്പിക്കുന്നത്. എല്ലാ വിജ്ഞാനശാഖകളുടെയും അടിസ്ഥാനമാണ് ഹിക്മത്ത് എന്നാണദ്ദേഹം പറയുന്നു. അല്‍ഹിക്മ ബി അല്‍ഹഖീഖ എന്നുമതിനെ വിശേഷിപ്പിക്കാവുന്നതാണ്.

മനുഷ്യന്റെ കഴിവനുസരിച്ച് പ്രായോഗികവും സൈദ്ധാന്തികവുമായ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുന്നതിലൂടെയും തനിക്ക് ചുറ്റുമുള്ള കാര്യങ്ങളെ ഉള്‍ക്കൊള്ളുന്നതിലൂടെയും മനുഷ്യന്റെ ആത്മാവ് പൂര്‍ണ്ണത കൈവരിക്കുന്നതിനാണ് ഹിക്മത്ത് എന്നു പറയുന്നത്. അഥവാ, ദൈവികസൃഷ്ടിപ്പിന്റെ സാര്‍വ്വലൗകിക യാഥാര്‍ത്ഥ്യത്തെ അറിയലാണ് ഹിക്മത്ത്. ദൈവിക യാഥാര്‍ത്ഥ്യത്തെ അറിയലാണത്. ഇബ്‌നുസീന സൂചിപ്പിച്ചത് പോലെ ദൈവത്തെക്കുറിച്ച മുഴുവന്‍ ജ്ഞാനങ്ങളെയും (al-ilm al-ilahi) അതുള്‍ക്കൊള്ളുന്നുണ്ട്. ഫല്‍സഫയെ ഹിക്മ എന്ന അര്‍ത്ഥത്തിലാണ് മുസ്‌ലിംകള്‍ മനസ്സിലാക്കിയിരുന്നത്. ഫിലോസഫിക്കലായ അന്വേഷണങ്ങളെല്ലാം മുസ്‌ലിം വ്യവഹാരങ്ങളുടെ ഭാഗമായിരുന്നു എന്നാണത് സൂചിപ്പിക്കുന്നത്. ഫിലോസഫിയെ അല്ലാഹുവില്‍ നിന്നുള്ള ഹിക്മയായായിരുന്നു മുസ്‌ലിംകള്‍ മനസ്സിലാക്കിയിരുന്നത്. അതിനാല്‍ തന്നെ പാഠപരമായി (textually) മാത്രമല്ല, അര്‍ത്ഥശാസ്ത്രപരമായും (semantically) പ്രപഞ്ചശാസ്ത്രപരമായും (cosmologically) ഫിലോസഫി ഖുര്‍ആനുമായി ബന്ധിക്കപ്പെടുകയാണുണ്ടായത്. അതിനാല്‍ തന്നെ ഫിലോസഫിയെ സാര്‍വ്വലൗകിക ജ്ഞാനം (universal wisdom) എന്നായിരുന്നു മുസ്‌ലിംകള്‍ വിളിച്ചിരുന്നത്. അര്‍ത്ഥശാസ്ത്രപരമായി ഹുക്മ് (rule) എന്ന സങ്കല്‍പ്പവുമായും ഹിക്മ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ ഫിലോസഫി എന്നത് പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന സൈദ്ധാന്തികമായ വ്യവസ്ഥകളെയും മൂല്യങ്ങളെയും തിരിച്ചറിയുകയും അവയെ പ്രായോഗികവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ്. (തുടരും)

വിവ: സഅദ് സല്‍മി (salmisaad@gmail.com)

ശഹാബ് അഹ്മദ്‌