Campus Alive

ഫിലോസഫിയും തസവ്വുഫും: ഇബ്‌നു റുഷ്ദിനെയും ഇബ്‌നു അറബിയെയും വായിക്കുമ്പോള്‍

ഇബ്‌നു റുഷ്ദിന്റെ മരണത്തോടെ ഇസ്‌ലാമിക ഫിലോസഫി അവസാനിച്ചു എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. The Destruction of the Philosophers എന്ന പുസ്തകത്തിലൂടെ അരിസ്റ്റോട്ടീലിയന്‍ ഫിലോസഫിക് പാരമ്പര്യത്തിനെതിരായ ഇമാം ഗസ്സാലിയുടെ വിമര്‍ശത്തിലൂടെയാണ് അതുണ്ടായത് എന്നാണ് പറയപ്പെടുന്നത്. ഗസ്സാലിയുടെ പുസ്തകത്തിന്റെ മുഖ്യ ഉന്നം ഇബ്‌നുസീനയായിരുന്നു. അതിന് മറുപടിയായി ഇബ്‌നു റുഷ്ദ് എഴുതിയ പുസ്തകത്തില്‍ അദ്ദേഹം ഇബ്‌നുസീനയുടെ വാദങ്ങളില്‍ നിന്നും ഫിലോസഫിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അഥവാ, പ്രശ്‌നം ഗസ്സാലി കരുതുന്നത് പോലെ ഫിലോസഫിക്കല്ല, മറിച്ച്, ഇബ്‌നു സീനക്കാണ് എന്നായിരുന്നു ഇബ്‌നു റുഷ്ദിന്റെ വാദം. അതേസമയം ഫിലോസഫിക്കെതിരെയായ ഇമാം ഗസ്സാലിയുടെ വിമര്‍ശം ഏറ്റവും തീവ്രമായി കാണാന്‍ സാധിക്കുന്നത് ഇഹ്യാ ഉലൂമുദ്ദീന്‍ എന്ന ഗ്രന്ഥത്തിലാണ്. ആ ഗ്രന്ഥത്തില്‍ യുക്തിയിലൂടെ ജ്ഞാനം ആര്‍ജ്ജിക്കുന്ന ഫിലോസഫര്‍മാരും മഅ്‌രിഫത്ത് (ആത്മജ്ഞാനം) കരസ്ഥമാക്കുന്നവരും തമ്മിലുള്ള വ്യത്യാസത്തെ അടയാളപ്പെടുത്തിയാണ് അദ്ദേഹം ഫിലോസഫിയുടെ പരിമിതികളെക്കുറിച്ച് സൂചിപ്പിക്കുന്നത്.

ഇബ്‌നു റുഷ്ദ് ഈ താരതമ്യത്തിലടങ്ങിയ അസാധ്യതകളെക്കുറിച്ചാണ് പറയുന്നത്. അദ്ദേഹം പറയുന്നത് മഅ്‌രിഫത്തിന്റെയും (Gnosis) കശ്ഫിന്റെയും (unveiling) അനുഭവം ദൈവം തിരഞ്ഞെടുത്ത വളരെ ചുരുക്കം ചിലയാളുകള്‍ക്ക് മാത്രമേ സാധ്യമാവുകയുള്ളൂ എന്നാണ്. അപ്പോള്‍ ഭൂരിപക്ഷം വരുന്ന ആളുകളും യാഥാര്‍ത്ഥ്യത്തെ അന്വേഷിക്കുന്നത് മനുഷ്യയുക്തി ഉപയോഗിച്ച് കൊണ്ടാണ്. അങ്ങനെയാണവര്‍ സ്വന്തത്തെയും ദൈവത്തെയും പ്രപഞ്ചത്തെയുമെല്ലാം വായിക്കുന്നത്. ഫിലോസഫിയെ പൂര്‍ണ്ണമായി ഒഴിവാക്കുകയാണെങ്കില്‍ പിന്നെ എങ്ങനെയാണ് അവര്‍ക്ക് യാഥാര്‍ത്ഥ്യത്തെക്കുറിച്ച അന്വേഷണം സാധ്യമാവുക എന്നാണ് ഇബ്‌നു റുഷ്ദ് ഗസ്സാലിയോട് ചോദിക്കുന്നത്. അഥവാ, ജ്ഞാനം കരസ്ഥമാക്കാനുള്ള സൂഫി രീതി പൊതുവായ അര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും ബാധകമായ ഒന്നല്ല.

ഇനി നമുക്ക് ഇബ്‌നു അറബിയിലേക്ക് പോകാം. ഇബ്‌നു റുഷ്ദുമായി നടന്ന ഒരു സംവാദത്തെക്കുറിച്ച് ഇബ്‌നു അറബി വിവരിക്കുന്നുണ്ട്. അത് നമുക്കൊന്ന് ചുരുക്കിപ്പറയാം: ഇബ്‌നു അറബിയുടെ മിസ്റ്റിക്കല്‍ അനുഭവങ്ങള്‍ കേട്ടറിഞ്ഞ ഇബ്‌നു റുഷ്ദ് അദ്ദേഹത്തെ കാണാനാഗ്രഹിച്ചു. അങ്ങനെ അവര്‍ ഒരിക്കല്‍ പരസ്പരം കണ്ടുമുട്ടി. ഇബ്‌നു അറബിയെ കണ്ടയുടന്‍ ഇബ്‌നു റുഷ്ദ് ചോദിച്ചു: നിങ്ങള്‍ക്ക് കശ്ഫിലൂടെ (Mystical Unveiling) ലഭിക്കുന്ന അറിവെന്താണ്? ഞങ്ങള്‍ക്ക് യുക്തിയിലൂടെ കിട്ടുന്ന അറിവ് തന്നെയാണോ അത്? അല്ലെങ്കില്‍ അതിനെന്തെങ്കിലും വ്യത്യസ്തതയുണ്ടോ? അതിന് മറുപടിയായി അതെയെന്നും ഇല്ലയെന്നും ഒരേസമയം മൊഴിയുകയാണ് ഇബ്‌നു അറബി ചെയ്തത്. അതുകേട്ടതും ഇബ്‌നു റുഷ്ദ് സ്തബ്ധനായി. കാരണം ഇബ്‌നു അറബി എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നു. അതിനെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.

ഇബ്‌നു റുഷ്ദ് Active Intellect എന്ന തന്റെ ആശയത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് വിജ്ഞാനത്തിന്റെ അവസ്ഥയെക്കുറിച്ച് വിവരിക്കുന്നത്. Active Intelect ആയ ഒരാള്‍ക്ക് മാത്രമേ വിജ്ഞാനത്തിന്റെ പരിപൂര്‍ണ്ണമായ അവസ്ഥയിലേക്ക് എത്താന്‍ പറ്റൂ എന്നാണ് അദ്ദേഹം പറയുന്നത്. Active Intellect എന്നത് ദൈവിക ജ്ഞാനവും മനുഷ്യജ്ഞാനവും കൂടിച്ചേരുന്ന അവസ്ഥയാണ്. അരിസ്‌റ്റോട്ടില്‍ അതിനെക്കുറിച്ച് എഴുതുന്നുണ്ടെങ്കിലും ഇബ്‌നു റുഷ്ദാണ് ആ ആശയത്തെ കൂടുതലായും വികസിപ്പിക്കുന്നത്. ഒരിടത്ത് അദ്ദേഹം സെന്‍സിബിളായ യാഥാര്‍ത്ഥ്യമില്ലാതെ മനുഷ്യന് ചിന്തിക്കാനാകില്ല എന്നു പറയുന്നുണ്ട്. അഥവാ, മനുഷ്യയുക്തി എന്നത് അവന്റെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. അതേസമയം എല്ലാ തരത്തിലുമുള്ള ഇമാജിനലും യുക്തിപരവുമായ ഫോമുകളില്‍ നിന്ന് മുക്തമായാലേ മനുഷ്യ ബുദ്ധിക്ക് Active Intellect എന്ന അവസ്ഥ കൈവരിക്കാന്‍ സാധിക്കൂ എന്നാണ് ഇബ്‌നു റുഷ്ദ് പറയുന്നത്. അരിസ്റ്റോട്ടീലിയന്‍ തത്വമായിരുന്നു ഇതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതേസമയം ഈ ലോകത്ത് ഒരിക്കലും Active Intellect എന്ന അവസ്ഥയിലെത്താന്‍ കഴിയില്ലെന്ന് ഇബ്‌നു റുഷ്ദ് സൂചിപ്പിക്കുന്നുണ്ട്. കാരണം ഈ ലോകത്തൊരിക്കലും ഭൗതികമായ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വേറിട്ട ജ്ഞാനം ഒരിക്കലും ലഭ്യമാവുകയില്ല. അതിനാല്‍ തന്നെ ഈ ജീവിതത്തിന് ശേഷമാണ് ജ്ഞാനത്തിന്റെ പൂര്‍ണ്ണത ഒരാള്‍ക്ക് കൈവരിക്കാന്‍ സാധിക്കുക. എന്നാല്‍ അരിസറ്റോട്ടിലിനെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് തന്നെ Active intellect കൈവരിക്കാന്‍ സാധിക്കും.

ഇബ്‌നു റുഷ്ദിന് എത്രയോ മുമ്പ് തന്നെ സൂഫികള്‍ Active Intellect നെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം അത് കരസ്ഥമാക്കണമെങ്കില്‍ ഈ ലോകത്തെയും പരലോകത്തെയും ‘ചെരുപ്പുകള്‍’ അഴിച്ചു വെക്കേണ്ടതുണ്ട്. ഈ ലോകത്ത് കരസ്ഥമാകുന്ന ജ്ഞാനം ദൈവിക ജ്ഞാനത്തെ അറിയാന്‍ മതിയായതല്ല. അപ്പോള്‍ ഈ ലോകമാകുന്ന ചെരുപ്പും പരലോകമാകുന്ന ചെരുപ്പും ഊരി വെച്ചെങ്കില്‍ മാത്രമേ ദൈവിക ജ്ഞാനം ആര്‍ജ്ജിക്കാനും അനുഭവിക്കാനും കഴിയുകയുള്ളൂ. അതേസമയം ഒരു കണ്ണാടി ശുദ്ധിയാക്കുന്നത് (polishing the mirror) പോലെ ആത്മാവിനെ ശുദ്ധീകരിക്കാന്‍ സാധിച്ചാല്‍ ഈ ലോകത്ത് തന്നെ ദൈവദര്‍ശനം സാധ്യമാകുമെന്നാണ് സൂഫികള്‍ പറയുന്നത്. എന്നാല്‍ ഇബ്‌നു റുഷ്ദ് ഒരേ സമയം രണ്ട് വാദങ്ങളെയും ഖണ്ഡിക്കുന്നുണ്ട്. അഥവാ, യുക്തിയിലൂടെ ഈ ലോകത്ത് ദൈവദര്‍ശനം സാധ്യമാകുമെന്ന ഫിലോസഫര്‍മാരുടെ വാദത്തെയും ആത്മശുദ്ധീകരണത്തിലൂടെ അത് സാധ്യമാകുമെന്ന സൂഫികളുടെ വാദത്തെയും അദ്ദേഹം എതിര്‍ക്കുന്നു.

ദൈവിക ജ്ഞാനത്തെക്കുറിച്ച ഇബ്‌നു അറബിയുടെ സമീപനം ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇബ്‌നു റുഷ്ദുമായി നടന്ന സംവാദത്തില്‍ അത് വളരെ പ്രകടവുമാണ്. ഫിലോസഫിയും സൂഫിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ഇബ്‌നു റുഷ്ദിന്റെ ചോദ്യത്തിന് ഇബ്‌നു അറബി നല്‍കിയ മറുപടി അതെ എന്നും ഇല്ല എന്നുമായിരുന്നു. ഫിലോസഫിയിലൂടെ ദൈവത്തെ അറിയാന്‍ കഴിയുമോ എന്നായിരുന്നു ഇബ്‌നു റുഷ്ദിന്റെ ചോദ്യം. അതിന് ഇബ്‌നു അറബി ആദ്യം പറഞ്ഞത് അതെ എന്നും പിന്നെ ഇല്ല എന്നുമാണ്. നെഗറ്റീവ് തിയോളജി എന്ന പേരില്‍ അറിയപ്പെടുന്ന ഇബ്‌നു അറബിയുടെ വളരെ പ്രധാനപ്പെട്ട ഒരു സമീപനമാണിത്. അതെ എന്നതിനര്‍ത്ഥം യുക്തിയിലൂടെ, ഫിലോസഫിയിലൂടെ ദൈവത്തെ സമീപിക്കാന്‍ കഴിയും എന്നാണ്. ഇല്ല എന്നതിനര്‍ത്ഥം യുക്തിയിലൂടെ മാത്രം അത് സാധ്യമല്ല എന്നുമാണ്. അഥവാ, യുക്തിയും ഖയാലും (imagination) ചേര്‍ന്ന, ഫിലോസഫിയും സൂഫിസവും ചേര്‍ന്ന ഒരു സമീപനമാണ് ദൈവിക ജ്ഞാനത്തെ അറിയുന്നതുമായി ബന്ധപ്പട്ട് ഇബ്‌നു അറബി മുന്നോട്ടുവെക്കുന്ന ആശയം.

The contemplation of divine mysteries എന്ന തലക്കെട്ടില്‍ ഇബ്‌നു അറബി ഒരു പുസ്തകമെഴുതിയിട്ടുണ്ട്. പതിനാല് മിസ്റ്റിക്കല്‍ സംഭാഷണങ്ങളാണ് അതിലുള്ളത്. പുസ്തകത്തിന്റെ അവസാനഭാഗത്ത് ഇബ്‌നു അറബി ഫിലോസഫര്‍മാരെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഖയാലില്‍ നിന്നും വരുന്ന ജ്ഞാനത്തെ പരിഗണിക്കാതെ മനുഷ്യയുക്തിയെ മാത്രം പരിഗണിക്കുന്ന ഫിലോസഫര്‍മാരെ വിമര്‍ശനത്തിന് വിധേയമാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അത്തരക്കാര്‍ക്ക് പരമമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ച അറിവ് കരസ്ഥമാക്കാന്‍ കഴിയില്ലെന്നാണ് ഇബ്‌നു അറബി പറയുന്നത്. യുക്തിയെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി സ്‌കെപ്റ്റിക്കലായ ചോദ്യങ്ങള്‍ ഈ ലോകത്തെ നിലനില്‍പ്പിനെ മുന്‍നിര്‍ത്തി ഉന്നയിക്കാന്‍ മാത്രമാണ് സാധിക്കുക.

ഇബ്‌നു റുഷ്ദിന്റെ മരണശേഷം ഇബ്‌നു അറബി അന്തലൂസ്യ വിടുകയും തന്റെ പ്രധാനപ്പെട്ട വര്‍ക്കായ ഫുതുഹാത്തുല്‍ മക്കിയ്യ എഴുതാനാരംഭിക്കുകയും ചെയ്തു. ഫുതുഹാത്തില്‍ അദ്ദേഹം യുക്തിയുടെ പരിമിതികളെക്കുറിച്ച് എഴുതുന്നുണ്ട്. അതേസമയം സ്‌കെപ്റ്റിക്കല്‍ ആകുന്നതിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഫിലോസഫിയുടെയും തസവ്വുഫിന്റെയും അനന്തമായ സാധ്യതകളെയാണ് ഇബ്‌നു അറബി അന്വേഷിക്കുന്നത്. നെഗറ്റീവ് തിയോളജിയിലൂടെ അതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. അഥവാ, യുക്തിയിലൂടെയും (അഖ്‌ല്) ഖയാലിലൂടെയും (Imagination) പരമമായ യാഥാര്‍ത്ഥ്യത്തെ അറിയാന്‍ കഴിയും എന്നാണ് ഇബ്‌നു അറബിയുടെ വാദം. ഇത് യുക്തിക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ഇബ്‌നു റുഷ്ദില്‍ നിന്നും സ്‌പെകുലേറ്റീവ് ഫിലോസഫിയെ എതിര്‍ത്തു കൊണ്ട് ആത്മീയ ജ്ഞാനത്തെ അന്വേഷിച്ച ഇമാം ഗസ്സാലിയില്‍ നിന്നും വേറിട്ട ഒരന്വേഷണമാണ്. അഥവാ, ബൈനറികള്‍ക്ക് പുറത്താണ് ഇബ്‌നു അറബി സത്യത്തെ അന്വേഷിക്കുന്നത്.

മൂന്ന് കള്ളികളിലായി ഇബ്‌നു അറബി വിജ്ഞാനത്തെ തരം തിരിക്കുന്നുണ്ട്. ഒന്ന്, intellect ന്റെ ജ്ഞാനം, രണ്ട്, മിസ്റ്റിക്കലായ അവസ്ഥയില്‍ ലഭ്യമാകുന്ന ജ്ഞാനം (അല്‍-അഹ്‌വാല്‍), മൂന്ന്, നിഗൂഢതകളുടെ ജ്ഞാനം (അല്‍-അസ്‌റാഅ്- പ്രവാചകന്‍മാര്‍ക്കും അന്തര്‍ജ്ഞാനികള്‍ക്കുമാണ് ഈ ജ്ഞാനമുള്ളത്). അവസാനം പറഞ്ഞ രണ്ട് വിജ്ഞാനവും ബൗദ്ധിക (intellect) ജ്ഞാനത്തെ മറികടക്കുന്നവയാണ്. അതേസമയം ബൗദ്ധിക ജ്ഞാനത്തെ (ഫിലോസഫി) അവഗണിക്കുകയല്ല ഇബ്‌നു അറബി ചെയ്യുന്നത്. മറിച്ച് ദൈവികജ്ഞാനത്തിലേക്കുള്ള യാത്രയിലെ ഒരു പടിയായി ഫിലോസഫിയെ എണ്ണുകയാണ് അദ്ദേഹം. മാത്രമല്ല, മിക്ക വിഷയങ്ങളോടുമുള്ള ഫിലോസഫിയുടെയും തസവ്വുഫിന്റെയും സമീപനം ഒന്നാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇതിനര്‍ത്ഥം ഫിലോസഫിക്കെതിരായ വിമര്‍ശം അദ്ദേഹം അവസാനിപ്പിച്ചിരുന്നു എന്നല്ല. ഇതര ഇസ്‌ലാമിക തത്വചിന്തകരില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഇബ്‌നു അറബി ഫിലോസഫിയെ മനസ്സിലാക്കിയത് എന്നു പറയുന്നതാണ് ശരി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഹഖിനെക്കുറിച്ച (locus of truth) ജ്ഞാനത്തില്‍ നിന്നും ഫിലോസഫിയെ വേര്‍തിരിച്ച് നിര്‍ത്തുക സാധ്യമല്ല. അഥവാ, ഫിലോസഫിയുടെയും തസവ്വുഫിന്റെയും സങ്കലനത്തിന്റെ സാധ്യതകളെക്കുറിച്ചാണ് ഇബ്‌നു അറബി അന്വേഷിക്കുന്നത്.

`

സല്‍മാന്‍ ബഷീര്‍