Campus Alive

മതം, വംശം, അധികാരം: സൈക്കോ അനാലിസിസും അബ്രഹാമിക പാരമ്പര്യവും

സൈക്കോ അനാലിസിസിലും തിയോളജിയിലും താല്‍പര്യമുള്ളവര്‍ക്ക് ഞാനിവിടെ എഴുതാന്‍ പോകുന്ന വിഷയവുമായി ബന്ധപ്പെട്ട് എന്‍ഗേജ് ചെയ്യാന്‍ കഴിയും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇസ്‌ലാമിക പാരമ്പര്യത്തിനകത്തെ പിതാവ് (father) എന്ന ഫിഗറിനെക്കുറിച്ചാണ് ഞാന്‍ എഴുതാന്‍ ഉദ്ദേശിക്കുന്നത്. അതിനായി ഞാനെടുക്കുന്നത് ഖുര്‍ആനില്‍ വിവരിക്കുന്ന അബ്രഹാമിന്റെ ചരിത്രമാണ്. അബ്രഹാമിനെക്കുറിച്ച് എങ്ങനെയാണെഴുതുക എന്നതൊരു ചോദ്യമാണ്. കാരണം സ്വയം തന്നെ ത്യാഗം എന്ന അവസ്ഥയിലൂടെ കടന്നുപോകാത്ത ഒരാള്‍ക്ക് അബ്രഹാമിക് പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമോ? അബ്രഹാമിന്റെ അസ്ഥിരമായ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ അത്തരത്തിലുള്ള ഒരു ജീവിതാവസ്ഥയിലൂടെ കടന്നുപോകേണ്ടതില്ലേ? സൈക്കോ അനാലിസിസിലൂടെ അബ്രഹാമിക് പാരമ്പര്യത്തെ സമീപിക്കുന്നതു കൊണ്ടാണ് ഇത്തരം ചോദ്യങ്ങളിലൂടെ ഈ പഠനം ഞാന്‍ തുടങ്ങുന്നത്. പ്രധാനമായും ഖുര്‍ആന്റെയും ബൈബിളിന്റെയും താരതമ്യ പഠനത്തിലൂടെയാണ് അബ്രഹാമിക് പാരമ്പര്യത്തെയും സൈക്കോ അനാലിസിസിനെയും ഞാന്‍ വായിക്കുന്നത്.

ആദ്യമായി ഖുര്‍ആനെക്കുറിച്ച് തന്നെ ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തുടങ്ങാമെന്ന് കരുതുന്നു. ഖുര്‍ആന്റെ വാക്യഘടനയെയും പദവിന്യാസത്തെയും കുറിച്ചല്ല ഞാനിവിടെ എഴുതാനുദ്ദേശിക്കുന്നത്. ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ ചരിത്രത്തിലേക്കും ഞാന്‍ കടക്കുന്നില്ല. ഖുര്‍ആനിലെ ചില തീമുകളെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.

ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെടുന്നത്. അറബി ഭാഷയിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നത്. മിക്ക അറബി പദങ്ങളും മൂന്ന് വ്യജ്ഞനാക്ഷരങ്ങളടങ്ങിയ (consonants) വേരുകളില്‍ നിന്നാണ് വരുന്നത്. ഉദാഹരണത്തിന് കിതാബ് (പുസ്തകം)- കാതബ് (എഴുത്തുകാരന്‍), മക്തബ (ലൈബ്രറി), മക്തൂബ് (എഴുതപ്പെട്ടത്). ഖുര്‍ആന്‍ അവതരണത്തിന്റെ കാലത്തെ ക്ലാസിക്കല്‍ അറബിക് ലിപിയില്‍ സ്വരാക്ഷരങ്ങളുടെ (vowel) സൂചനകളൊന്നും ഉണ്ടായിരുന്നില്ല. അവ പിന്നീടാണ് ചേര്‍ക്കപ്പെടുന്നത്.

ബൈബിളിനെപ്പോലെ ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ല. അഥവാ, Genesis ല്‍ നിന്ന് തുടങ്ങി Apocalypse ല്‍ എത്തി നില്‍ക്കുന്ന ചരിത്രമല്ല ഖുര്‍ആന്റേത്. സമയം, അവതരണം, ചരിത്രം എന്നിവയുടെ രേഖീയമായ ക്രമീകരണം അതിനില്ല. അവതീര്‍ണ്ണമായ സമയത്തിന്റെ അടിസ്ഥാനത്തിലല്ല ഖുര്‍ആനിക അധ്യായങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മറിച്ച്, ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യായങ്ങളുടെ തലക്കെട്ടുകള്‍ക്കൊന്നും തന്നെ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ല. ആദ്യം, അവസാനം എന്നിവയെല്ലാം സങ്കീര്‍ണ്ണമായ രൂപത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇങ്ങനെ രേഖീയമായതിനെ നിരാകരിക്കുക എന്നത് ചരിത്രാഖ്യാനത്തോട് തന്നെയുള്ള കലഹമായാണ് മനസ്സിലാക്കേണ്ടത്. ഖുര്‍ആനിലെ ഓരോ സൂക്തങ്ങളും കടന്നുവരിക സ്വപ്‌നങ്ങളിലെന്ന പോലെയാണ്. അപ്പോള്‍ തീര്‍ച്ചയായും മുഹമ്മദ് നബിയാണ് ഗ്രന്ഥ സമാഹാരത്തിന്റെ പരമ്പരാഗതമായ നിയമങ്ങളെ ഇല്ലാതാക്കിയത് എന്നു പറയാവുന്നതാണ്. കാരണം ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് അരേഖീയമായ സ്വഭാവമാണുള്ളത്. അതിനര്‍ത്ഥം പ്രവാചക കാലഘട്ടത്തില്‍ ജീവിച്ച വ്യക്തികളെയും സമൂഹങ്ങളെയും സംബന്ധിച്ചിടത്തോളം ചരിത്രം അത്ര പ്രധാനമായിരുന്നില്ല എന്നാണ്. ഖുര്‍ആന്റെ അചരിത്രപരമായ ഈ സ്വഭാവം അതിന്റെ പേരില്‍ തന്നെ പ്രകടമാണ്. കാരണം, ഖുര്‍ആന്‍ സ്വയം തന്നെ ഫുര്‍ഖാന്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട്. അതിനര്‍ത്ഥം വിഭജിക്കുക, വിട്ടുപോവുക എന്നൊക്കെയാണ്. ഖുര്‍ആനിന്റെ സത്തയും അതുതന്നെയാണ്. അഥവാ, വായിക്കുക (ഖുര്‍ആന്‍), വിട്ടുപോവുക (ഫുര്‍ഖാന്‍). ടെക്സ്റ്റിന്റെ ഈ അസ്ഥിരതയാണ് ഖുര്‍ആനെ കൂടുതല്‍ സവിശേഷമാക്കുന്നത്.

മരണത്തിന്റെയും ജീവിതത്തിന്റെയും ഇടക്ക് നിലനില്‍ക്കുന്ന ഒരു സമുദായമായാണ് ഖുര്‍ആന്‍ മനുഷ്യരെ കണക്കാക്കുന്നത്. ആശങ്കയോടെയും ഉത്കണ്ഡയോടെയുമാണ് അത് മനുഷ്യചരിത്രത്തെ വായിക്കുന്നത്. മനുഷ്യര്‍ ഭൂമിയില്‍ അവശേഷിപ്പിച്ച വിനാശങ്ങളിലൂടെയാണ് നാഗരികതകളെ അത് കാണിച്ചു തരുന്നത്. ഖുര്‍ആന്‍ പറയുന്നു: ‘ മനുഷ്യനെ അക്ഷമനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ (70:19). ഒരു ചരിത്ര പുസ്തകമാണെന്ന് ഒരിക്കലും ഖുര്‍ആന്‍ അവകാശപ്പെടുന്നില്ല. ഖുര്‍ആനില്‍ വിവരിക്കുന്ന കഥകളെല്ലാം (പ്രവാചകരുടേതടക്കം) ആഖ്യാനം എന്നതില്‍ നിന്ന് മാറി കവിതാത്മകമാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്.

ഇനി നമുക്ക് ഫാദര്‍ എന്ന ഫിഗറിനെ ക്രൈസ്തവ-ജൂത മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാം എങ്ങനെയാണ് സമീപിക്കുന്നത് എന്നു നോക്കാം. സിസെക്ക് എഴുതുന്നു: ‘ജൂത-ക്രൈസ്തവ മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇസ്‌ലാമില്‍ ദൈവത്തിന് ഫാദര്‍ എന്ന വിശേഷണമില്ല. ഒരു രൂപകമായി പോലും ദൈവം അങ്ങനെ നിലനില്‍ക്കുന്നില്ല. അഥവാ, ആരാലും ജനിക്കപ്പെടാത്തവനും ആര്‍ക്കും ജന്‍മം കൊടുക്കാത്തവനുമാണ് ഇസ്‌ലാമിലെ ദൈവം. പരിശുദ്ധ കുടുംബം (Holy Family) എന്ന സങ്കല്‍പ്പമൊന്നും ഇസ്‌ലാമിലില്ല. അതുകൊണ്ടാണ് മുഹമ്മദ് ഒരു അനാഥനായിരുന്നു എന്നത് ഇസ്‌ലാമിക പാരമ്പര്യത്തിനകത്ത് വളരെ പ്രാധാന്യമുള്ള ഒരു ചരിത്രമായി നിലനില്‍ക്കുന്നത്. രക്തബന്ധങ്ങളുടെയും പൈതൃകത്തിന്റെയും ഘടനയില്‍ അല്ല ഇസ്‌ലാമിനകത്ത് സമുദായം നിലനില്‍ക്കുന്നത്. ക്രൈസ്തവ മതത്തിന്റെ കാര്യം ഇതില്‍ നിന്നും വ്യത്യസ്തമാണ്. അബ്രഹാം മകനെ ബലിയറുത്തു എന്നാണ് ക്രിസ്തുമതം പഠിപ്പിക്കുന്നത്. അതിനെ ഇസ്‌ലാം നിഷേധിക്കുന്നുണ്ട്. അതുപോലെ ഇസ്‌ലാമില്‍ ക്രൈസ്തവമതത്തില്‍ നിന്നും വ്യത്യസ്തമായി ക്രിസ്തു കുരിശിലേറ്റപ്പെട്ടിട്ടില്ല. ബലിദാനം എന്ന ലോജികിന് ഇസ്‌ലാം എതിരാണെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നുണ്ട്. കൂടാതെ മകനെ വധിക്കാനുളള അബ്രഹാമിന്റെ തീരുമാനം ദൈവിക വിധിയെ അനുസരിക്കാനുള്ള തീരുമാനമായല്ല, മറിച്ച് അബ്രഹാം സ്വപ്നത്തെ തെറ്റായി വ്യാഖ്യാനിച്ചതായിട്ടാണ് മിക്ക ഇസ്‌ലാമിക മിസ്റ്റിക്കല്‍ പാരമ്പര്യങ്ങളിലും വായിക്കപ്പെടുന്നത്.’

സിസെക്ക്

ഖുര്‍ആന്‍ ഇങ്ങനെ പറയുന്നതായി കാണാം: ‘നിങ്ങളിലുള്ള ആരുടെയും പിതാവല്ല മുഹമ്മദ്’. (33:40) വേറൊരിടത്ത് അല്ലാഹു പറയുന്നു: അവനൊഴികെ നിങ്ങള്‍ ആരാധിക്കുന്നവയെല്ലാം നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും നല്‍കിയ കുറേ പേരുകള്‍ മാത്രം.’ (12:40) ഈ സൂക്തമിറങ്ങിയ സന്ദര്‍ഭത്തില്‍ മിക്ക അറബികളും മുഹമ്മദിനെതിരെ തിരിയുകയുണ്ടായി.

ബൈബിളിലുള്ള മിക്ക കഥകളും നമുക്ക് ഖുര്‍ആനിലും കാണാം. ഖുര്‍ആന്‍ ക്രിസ്തുവിന്റെ പ്രവാചകത്വത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് മേല്‍ ആരോപിക്കപ്പെടുന്ന ദൈവികതയെ നിഷേധിക്കുന്നു. ക്രിസ്തു തന്നെ അത് നിഷേധിക്കുന്നതായി ഖുര്‍ആനില്‍ കാണാം. അബ്രഹാമിക് പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലമാണത് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘മൂന്നില്‍ മൂന്നാമനാണ് ദൈവം എന്നു പറഞ്ഞവര്‍ സത്യനിഷേധികള്‍. ദൈവം ഒന്നേയൊന്നാണ്.’ (5:73) ക്രിസ്തു കുരിശിലേറ്റപ്പെട്ടു എന്നതും ഖുര്‍ആന്‍ നിഷേധിക്കുന്നുണ്ട്. മുഹമ്മദ് നബി തുടര്‍ച്ചയായി പറയുന്നത് അബ്രഹാമിക് പാരമ്പര്യമാണ് (ക്രൈസ്തവതയില്‍ നിന്ന് വ്യത്യസ്തമായി) ഇസ്‌ലാമിന്റേത് എന്നാണ്. ഇങ്ങനെ അബ്രഹാമിക് പാരമ്പര്യത്തെ നിരന്തരമായി അവകാശപ്പെടുന്നത് കൊണ്ടാണ് മുഹമ്മദിനെ മക്കയിലെ അധികാരി വര്‍ഗ്ഗം പുറത്താക്കുന്നത്.

ലകാന്‍

ഖുര്‍ആനും ബൈബിളും തമ്മിലുള്ള അകലം കൃത്യമായി കാണാവുന്നത് ക്രിസ്തുവിന്റെയും അബ്രഹാമിന്റെയും കഥയിലാണ്. ഖുര്‍ആനില്‍ ബഹുദൈവാരാധനയെ എതിര്‍ക്കുന്നതോടു കൂടിയാണ് അബ്രഹാമിന്റെ പോരാട്ടം ആരംഭിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ‘വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെക്കുറിച്ചും പ്രസ്താവിക്കുക. അദ്ദേഹം സത്യസന്ധനായിരുന്നു; പ്രവാചകനും. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, ഒരു തരത്തിലും താങ്കള്‍ക്ക് ഉപകാരം നല്‍കാത്തവയെ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നത്? പിതാവ് പറഞ്ഞു: ‘നീയെന്റെ ദൈവങ്ങളെ തള്ളിപ്പറയുന്നോ, ഇബ്രാഹീം? നീ ഇപ്പറയുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കല്ലെറിയും. കുറച്ച് കാലത്തേക്ക് നീയെന്നെ വിട്ട് പോയിക്കൊള്ളുക.’

സെമിറ്റിക് മതങ്ങളെല്ലാം തന്നെ ഒരു ഫാദര്‍ ഫിഗറായി അംഗീകരിക്കുന്ന പ്രവാചകനാണ് അബ്രഹാം. എന്നാല്‍ ബൈബിളില്‍ നിന്ന് വ്യത്യസ്തമായാണ് അബ്രഹാം മകനെ അറുക്കാന്‍ പോയ കഥ ഖുര്‍ആന്‍ വിവരിക്കുന്നത്. ഒരിക്കലും ദൈവം അബ്രഹാമിനോട് മകനെ അറുക്കാന്‍ ആവശ്യപ്പെട്ടതായി പറയുന്നില്ല. മകനെ അറുക്കുന്നതായി അബ്രഹാം ഒരു സ്വപ്‌നം കണ്ടു എന്നാണ് പറയുന്നത്. അദ്ദേഹം സ്വപ്‌നത്തില്‍ വിശ്വസിക്കുകയും സ്വപ്‌നം ദൈവത്തില്‍ നിന്നാണെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്നാല്‍ ആ സ്വപ്‌നം ദൈവത്തിങ്കല്‍ നിന്നാണെന്ന് ഖുര്‍ആന്‍ പറയുന്നില്ല. താന്‍ കണ്ട സ്വപ്‌നത്തെ അബ്രഹാം തെറ്റായി വ്യാഖ്യാനിച്ചതു കൊണ്ടാണ് ദൈവം ഇടപെട്ടത് എന്നാണ് ഖുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നത്. ബൈബിളുമായി താരതമ്യം ചെയ്യുമ്പോള്‍ ഖുര്‍ആന്റെ ഈ ആഖ്യാനം വളരെ ലളിതമാണ്. വിഷയത്തിലടങ്ങിയിരിക്കുന്ന സന്ദേശമാണ്, കഥയല്ല ഖുര്‍ആനു പ്രധാനം. കഥയുടെ വംശാവലിയിലും ഖുര്‍ആന് താല്‍പര്യമില്ല. വംശാവലിയുടെ ശ്രേഷ്ടതയുമായി ബന്ധപ്പെട്ട എല്ലാ വിശ്വാസങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഖുര്‍ആന്‍ ഒരു സമുദായത്തെ രൂപപ്പെടുത്തിയത്. അങ്ങനെയാണ് പ്രവാചകന്‍ മുഹമ്മദും അബ്രഹാമിക് പാരമ്പര്യത്തെ അവകാശപ്പെടുന്നതും. അതിലൂടെ വെല്ലുവിളിക്കപ്പെട്ടത് അറബ്-ക്രൈസ്തവ-ജൂത വംശ മഹിമകളാണ്. കാരണം മുഹമ്മദിന്റെ അബ്രഹാമുമായുള്ള ബന്ധം വംശത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച്, ആത്മീയമായിരുന്നു.

അബ്രഹാമിലേക്കുള്ള മുഹമ്മദിന്റെ തിരിച്ചുവരവിനെ നമുക്ക് ഫ്രോയിഡിലേക്കുള്ള ലക്കാന്റെ തിരിച്ചുവരവുമായി താരതമ്യം ചെയ്യാവുന്നതാണ്. ഫ്രോയിഡിന്റെ അനന്തരാവകാശിയായി ലകാന്‍ സ്വയം പ്രഖ്യാപിച്ചതോടെ IPA (International Psycho-Analytical Association) യില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ഫ്രോയിഡിയനായ ഒരാള്‍ സൈക്കോ അനലറ്റിക്കല്‍ പാരമ്പര്യത്തില്‍ നിന്നും പുറത്താക്കപ്പെടുന്നു! അധികാരത്തിന്റെയും വംശമഹിമയുടെയും രൂപകമായി കൊണ്ടുനടന്നിരുന്ന ഒരു പാരമ്പര്യത്തിന് മേല്‍ (അബ്രഹാമിക്) ആത്മീയമായ അവകാശവാദമുന്നയിച്ചതോടെ മുഹമ്മദും തന്റെ സമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെടുകയാണുണ്ടായത്.

അല്‍ ഹസനി