Campus Alive

വിശുദ്ധ ഖുര്‍ആന്‍: വിശ്വാസം, സ്വപ്നം, വ്യാഖ്യാനം

അറബ്-മുസ്‌ലിം സംസ്‌കാരത്തില്‍ സ്വപ്നം (റുഅ്‌യാ) എന്നത് അര്‍ത്ഥോല്‍പ്പാദനങ്ങള്‍ക്ക് സാധ്യതകളുള്ള ഒരു ഇവന്റായാണ് മനസ്സിലാക്കപ്പെടുന്നത്. ഓരോ നിമിഷത്തിലും (moment) വിശ്വാസികളില്‍ അത് സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. സൂഫിസത്തെക്കുറിച്ച് ധാരാളമായി എഴുതിയിട്ടുള്ള പിര്‍ ലോറി (Pierre Lory) അതിനെ വിശേഷിപ്പിക്കുന്നത് സ്ഥിരമായ വെളിപാട് (permanent revelation) എന്നാണ്. ബാങ്ക് ഇങ്ങനെയുള്ള ഒരു വെളിപാടിലൂടെയാണ് (അബ്ദുല്ലാഹിബ്‌നു സൈദിന്റെയും ഉമര്‍ ബ്‌നു ഖത്താബിന്റെയും സ്വപ്നം) സ്ഥിരമാക്കപ്പെടുന്നത്. തങ്ങളുടെ സ്വപ്‌നങ്ങള്‍ പങ്കുവെക്കുന്നതിനായി എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം സ്വഹാബികള്‍ പ്രവാചകന് ചുറ്റും ഇരിക്കാറുണ്ടായിരുന്നു. പ്രവാചകനെക്കുറിച്ച് തന്നെ എതിരാളികള്‍ക്കുണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട ആരോപണം അവിടുന്ന് യാഥാര്‍ത്ഥ്യങ്ങളെ സ്വപ്‌നവുമായി കൂട്ടിച്ചേര്‍ക്കുന്നു എന്നതായിരുന്നു. (ഖുര്‍ആന്‍: 21:5)

ഇസ്‌ലാമില്‍ സ്വപ്‌നം എന്നത് വളരെ സാധാരാണമായ ഒരു പ്രവര്‍ത്തനമാണ്. ഏതൊരു സാധാരണ വിശ്വാസിയും ആ പ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്. സ്വപ്‌നത്തിലൂടെ സ്വപ്‌നം കാണുന്നവന്റെ നിലനില്‍പ്പിനെക്കുറിച്ചും ഉണ്‍മയെക്കുറിച്ചുമൊക്കെയുള്ള യാഥാര്‍ത്ഥ്യത്തെക്കുറിച്ച ബോധ്യമാണ് ഒരുവന് ലഭിക്കുന്നത്. മാത്രമല്ല, എന്താണ് തന്റെ ഉണ്‍മ (ontology) എന്ന ചോദ്യത്തെ നിര്‍ണ്ണിതമായ ചില അര്‍ത്ഥങ്ങളെ മുന്‍നിര്‍ത്തിയല്ല സ്വപ്‌നം അഭിമുഖീകരിക്കുന്നത്. മറിച്ച്, ഓരോ നിമിഷത്തിലും പുതിയ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും സാധ്യമാക്കുകയാണ് സ്വപ്‌നം ചെയ്യുന്നത്. അതുകൊണ്ടാണ് ഇസ്‌ലാമിലെ മിസ്റ്റിക്കല്‍ പാരമ്പര്യത്തിലുടനീളം സ്വപ്‌നം എന്നത് ഒരു ഇവന്റായി മനസ്സിലാക്കപ്പെടുന്നത്. ശരീരം-ആത്മാവ് എന്ന വിഭജനം അപ്രസക്തമാകുന്നതും അതുകൊണ്ടാണ്. സ്വപ്‌നത്തെയും സ്വപ്‌നവ്യാഖ്യാനത്തെയും കുറിച്ച തന്റെ പുസ്തകത്തില്‍ (The Great Book of Dream Interpretation) ഇബ്‌നു സിറിന്‍ പ്രവാചകന്‍മാരുടെ സ്വപ്‌നങ്ങളെ മുന്‍നിര്‍ത്തി അതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പ്രധാനമായും പ്രവാചകന്റെയും അനുയായികളുടെയും സ്വപ്‌നങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. സ്വപ്‌നത്തിലൂടെ സാധ്യമാകുന്ന സൃഷ്ടിയും ദൈവികതയും തമ്മിലുള്ള തുടര്‍ച്ചകളെക്കുറിച്ചും ഇബ്‌നു സീറീന്‍ പറയുന്നുണ്ട്.

സ്വപ്‌നം എന്ന ഇവന്റിലൂടെ സാധ്യമാകുന്നത് വളരെ Affirmative ആയി മാത്രം നിലനില്‍ക്കുന്ന സദാചാരത്തിന്റെയും (morality) നിയമത്തിന്റെയുമെല്ലാം (Law) നിരാകരണമാണ്. അഥവാ, ലോകത്തോടും ലോകക്രമത്തോടും ഉള്ള Affirmative ആയ ഇടപാടുകളല്ല, മറിച്ച് നിരാകരണമാണ് (negation) സ്വപ്‌നം സാധ്യമാക്കുന്നത് എന്നര്‍ത്ഥം. കാരണം, സ്വപ്‌നം എന്നതുതന്നെ നിരന്തരമായ അര്‍ത്ഥോല്‍പ്പാദനമാണ്. ഓരോ മൊമന്റിലും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അര്‍ത്ഥങ്ങള്‍ തകര്‍ക്കുന്നത് ഈ ലോകത്ത് നമ്മുടെ നിലനില്‍പ്പിന് അനിവാര്യമായ വാക്കുകളെയും നിയമങ്ങളെയും വ്യാകരണങ്ങളെയുമാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിക മിസ്റ്റിക്കല്‍ പാരമ്പര്യത്തില്‍ വിരോധിക്കപ്പെട്ടതിന്റെയും അസാധ്യമായതിന്റെയും ആഘോഷമാണ് യഥാര്‍ത്ഥത്തില്‍ സ്വപ്‌നം എന്നുപറയുന്നത്. ഈ ലോകത്തോടും അതിന്റെ നിയമങ്ങളോടുമുള്ള കലഹമാണ് അത് സാധ്യമാക്കുന്നത്. കാരണം ഈ ലോകം എന്നത് വാക്കുകളാല്‍ കൊണ്ട് നിര്‍ണ്ണിതമാക്കപ്പെട്ട ഒരുപാട് അധികാരങ്ങളെയാണ് സൃഷ്ടിക്കുന്നത്. ആ നിര്‍ണ്ണിത അധികാരങ്ങളെയാണ് സ്വപ്‌നം എന്ന നിരന്തരമായ അര്‍ത്ഥോല്‍പ്പാദനത്തിലൂടെ നാം കുറച്ചു നിമിഷത്തേക്കെങ്കിലും മറികടക്കുന്നത്. ഖുര്‍ആനെക്കുറിച്ച് തന്നെ അല്ലാഹു പറയുന്നത് നാമാണതിനെ ശേഖരിക്കുകയും വിളംബരപ്പെടുത്തുകയും ചെയ്യുന്നത് എന്നാണ് (ഖുര്‍ആന്‍, 75:17). അതിനര്‍ത്ഥം ഭാഷയുടെ അധികാരങ്ങളെ വെല്ലുവിളിച്ചു കൊണ്ട് അര്‍ത്ഥങ്ങളുടെ വ്യാപനത്തെ ആഘോഷിക്കാന്‍ മനുഷ്യര്‍ക്ക് അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നു എന്നാണ്. അഥവാ, സ്വപ്‌നവും വിശുദ്ധ ഖുര്‍ആനും സാധ്യമാക്കുന്നത് ഒരേ ഇവന്റാണ്: അനന്തമായ അര്‍ത്ഥോല്‍പ്പാദനം (meaning making).

ഇതര ഏകദൈവ മതഗ്രന്ഥങ്ങളെയും പ്രവാചകരെയും കുറിച്ച ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഖുര്‍ആന്‍ എന്ന് അല്ലാഹു പറയുന്നുണ്ട്. ബൈബിളിലൂടെ പരിചിതമായ ആഖ്യാനങ്ങളും നമുക്ക് അപരിചിതമായ ആഖ്യാനങ്ങളും കൂടി ചേര്‍ത്താണ് ഖുര്‍ആന്‍ പ്രവാചകരെക്കുറിച്ചും അവര്‍ക്ക് ആഗതമായ മതഗ്രന്ഥങ്ങളെക്കുറിച്ചും വിവരിക്കുന്നത്. അതേസമയം ബൈബിളിലെ കണ്ണാടിയില്‍ പതിയാത്ത അവരുടെ ജീവിത ഏടുകള്‍ ഒരു പൊട്ടിയ കണ്ണാടിയിലെന്ന പോലെ ഖുര്‍ആന്‍ പ്രകാശിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏകദൈവ മതപാരമ്പര്യങ്ങളുടെ ഒരു സ്വപ്‌നമാണ് ഖുര്‍ആന്‍ എന്നു പറയാവുന്നതാണ്. അപ്പോള്‍ അതു വായിക്കുന്ന ഓരോരുത്തരും ഖുര്‍ആന്‍ എന്ന തന്റെ സ്വപ്നത്തെ വ്യാഖ്യാനിക്കേണ്ടതുണ്ട്. ഇസ്‌ലാമിക മിസ്റ്റിക് തത്വചിന്തകരെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ വ്യാഖ്യാനം എന്നത് സബ്ജക്ടീവും അനന്തവുമാണ് (Infinite). വളരെയധികം ചലനാത്മകമായ ഒരു പ്രതിഭാസമായാണ് ഖുര്‍ആനെയും പ്രവാചക മൊഴികളെയും അവര്‍ മനസ്സിലാക്കിയത്. അതുകൊണ്ടാണ് വ്യാഖ്യാനം എന്നത് വ്യക്തിപരവും അനന്തവുമാണ് എന്ന് അവര്‍ പറയുന്നത്.

വ്യാഖ്യാനിക്കുക (തഅ്ബീര്‍) എന്നത് ഒരു ഖുര്‍ആനിക പദമാണ്. ഖുര്‍ആനിലെ ളാഹിര്‍ ആയ അര്‍ത്ഥം (manifest) ബാത്വിനായും (latent) അതുപിന്നെ മറ്റൊരു ബാത്വിനായ അര്‍ത്ഥത്തിന്റെ ളാഹിറായും മാറുന്ന പ്രക്രിയക്കാണ് തഅ്ബീര്‍ എന്നുപറയുന്നത്. അതുപക്ഷെ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ വെച്ച് നിലക്കുന്ന ഒന്നല്ല. തുടര്‍ച്ചയായ ഒരു പ്രക്രിയയാണത്. ഓരോ വ്യക്തിയും തന്റെ കഴിവനുസരിച്ച് തഅ്ബീര്‍ എന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. സ്വപ്‌നം കാണുന്നവരുടെ (ഖുര്‍ആന്‍ തഅ്ബീര്‍ ചെയ്യുന്നവരുടെ) ആത്മീയാവസ്ഥയനുസരിച്ചാണ് അര്‍ത്ഥോല്‍പ്പാദനം വ്യത്യാസപ്പെടുക. ഈ തഅ്ബീര്‍ ചെയ്യുക എന്ന പ്രവൃത്തി ചരിത്രത്തിലുടനീളം ഒട്ടനവധി അധികാര കേന്ദ്രങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്. നിരവധി മിസ്റ്റിക്കുകള്‍ (ഹല്ലാജും സുഹ്രവര്‍ദിയുമടക്കം) അതിന്റെ പേരില്‍ ശഹാദത്ത് കൈവരിക്കുകയുണ്ടായി.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ സൂഫി മിസ്റ്റിക്കായിരുന്ന സുഹ്രവര്‍ദി ഒരിക്കല്‍ തന്റെ ശിഷ്യന്‍മാരോട് ഇങ്ങനെ പറയുകയുണ്ടായി: ‘ നിങ്ങളോരോരുത്തര്‍ക്കും ആഗതമായത് പോലെ നിങ്ങള്‍ ഖുര്‍ആന്‍ വായിക്കുക’. അതേസമയം ഖുര്‍ആന്‍ ഓരോ വ്യക്തിക്കും പ്രത്യേകമായി അവതരിച്ച സ്വപ്‌നമാണെങ്കില്‍, ഓരോരുത്തര്‍ക്കും തങ്ങളുടെ ദൈവത്തെ കണ്ടെത്താമെങ്കില്‍ അനിവാര്യമായും ഉയരുന്ന സംഘര്‍ഷമിതാണ്: ഖുര്‍ആന്‍ എന്ന സ്വപ്‌നത്തില്‍ വിശ്വസിക്കുകയാണോ വേണ്ടത് അതോ വ്യാഖ്യാനിക്കുകയോ? ഖുര്‍ആനില്‍ ഈ സംഘര്‍ഷം പ്രകടമാകുന്നത് ഇബ്രാഹീം (അ) ന്റെയും ഇസ്മാഈല്‍ (അ)ന്റെയും കഥയിലാണ്. ഇസ്മാഈലിനെ അറുക്കണമെന്ന് അല്ലാഹു ഇബ്രാഹീം (അ) നോടാവശ്യപ്പെട്ട സംഭവമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഖുര്‍ആനില്‍ ആ സംഭവം ഇങ്ങനെ വായിക്കാം:

‘മകന് തന്റെ പിതാവിനോടൊപ്പം തൊഴില്‍ ചെയ്യാനുള്ള പ്രായമായപ്പോള്‍ ഇബ്രാഹീം അവനെ വിളിച്ചു: മകനേ, നിന്നെ ബലിയര്‍പ്പിക്കുന്നതായി ഞാന്‍ സ്വപ്‌നത്തില്‍ ദര്‍ശിച്ചിരിക്കുന്നു. നീയെന്ത് പറയുന്നു? മകന്‍ പറഞ്ഞു: അങ്ങയോട് കല്‍പ്പിക്കപ്പെട്ടതെന്തോ അത് ചെയ്തുകൊള്ളുക. ക്ഷമിക്കുന്നവനായി താങ്കള്‍ക്കെന്നെ കാണാം. അവരിരുവരും ദൈവത്തെ അനുസരിക്കുകയും ഇബ്രാഹീം തന്റെ മകന്റെ കവിളുകള്‍ നിലത്ത് ചേര്‍ത്ത് അവനെ കിടത്തുകയും ചെയ്തപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: ഇബ്രാഹീം, നീ സ്വപ്നത്തെ ശരിവെച്ചു. നന്‍മ ചെയ്യുന്നവര്‍ക്ക് നാമങ്ങനെയാണ് പ്രതിഫലം നല്‍കുന്നത്. അതവരെ തിരിച്ചറിയാനുള്ള വ്യക്തമായ പരീക്ഷയായിരുന്നു. മകന് പകരം നാം അദ്ദേഹത്തിന് മഹത്തായ ബലിയെ നല്‍കി. അദ്ദേഹത്തിന്റെ നാമത്തെ അനന്തര തലമുറകളാല്‍ നാം വാഴ്ത്തി’. (ഖുര്‍ആന്‍, 37: 102-108)

സ്വപ്നത്തെ നേരിട്ട ഇബ്രാഹീം എല്ലാവരും അഭിമുഖീകരിക്കുന്ന സംഘര്‍ഷം തന്നെയാണ് നേരിട്ടത്: സ്വപ്നത്തെ വിശ്വസിക്കണോ വ്യാഖ്യാനിക്കണോ? ഇബ്രാഹീം (അ) തന്റെ സ്വപ്‌നത്തില്‍ വിശ്വസിക്കാനും മകനെ അറുക്കാനുമാണ് തീരുമാനിച്ചത്. അങ്ങനെ തന്റെ വിധിയെ ദൈവിക തീരുമാനത്തിന് വിടുകയാണ് ചെയ്തത്. മതഗ്രന്ഥങ്ങളില്‍ വിശ്വസിക്കുകയും മതാധികാരികള്‍ പറയുന്നത് കേള്‍ക്കുകയും ചെയ്യുന്നവരും തങ്ങള്‍ വായിക്കുന്നതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്നവരും തമ്മിലുള്ള സംഘര്‍ഷത്തെയാണ് ഇബ്രാഹീം (അ) പ്രതിനിധാനം ചെയ്യുന്നത്. തഅ്ബീര്‍ (വ്യാഖ്യാനിക്കുക) ചെയ്യുന്നവര്‍ മത നിയമങ്ങളെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. മതനിയമങ്ങളുടെ അക്ഷരത്തെ പിന്തുടരുന്നവരും അതിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നവരും തമ്മിലുള്ള സംഘര്‍ഷം ചരിത്രത്തിലുടനീളം ഇസ്‌ലാമിക പാരമ്പര്യങ്ങളിലുണ്ടായിട്ടുണ്ട്. സൂഫി പാരമ്പര്യവും ഇസ്‌ലാമിലെ ലീഗല്‍ അതോറിറ്റിയും തമ്മിലുള്ള സംഘര്‍ഷം അതിനുദാഹരണമാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിലെ അന്തലൂസ്യന്‍ സൂഫി ഗുരുവായിരുന്ന ഇബ്‌നു അറബി പറയുന്നത് എല്ലാ ഭൗതിക പ്രവര്‍ത്തനങ്ങളും ഒരേസമയം വിവിധങ്ങളായ മാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ്. മനുഷ്യന്റെ വിവിധങ്ങളായ അവസ്ഥകളുടെ ജീവിക്കുന്ന തെളിവാണ് സ്വപ്നം. അതുകൊണ്ടാണ് സ്വപ്‌നം അനന്തമായ വ്യാഖ്യാന സാധ്യതകളുള്ളതാണ് എന്നു പറയുന്നത്. ഓരോ മൊമന്റിലും ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്ന വ്യാഖ്യാനത്തിലൂടെയാണ് മനുഷ്യന്റെ നിലനില്‍പ്പ് (existence) സാധ്യമാകുന്നത്. ദൈവിക സ്വഭാവത്തെ ആര്‍ജ്ജിക്കുന്നതിലേക്കുള്ള യാത്രയാണത് എന്നാണ് ഇബ്‌നു അറബി പറയുന്നത്. അപ്പോള്‍ fixed ഉം repetitive വുമായ പ്രതലങ്ങളെ സ്വീകരിക്കുന്ന മനുഷ്യന് ദൈവിക സ്വഭാവം കൈവരിക്കാന്‍ സാധ്യമല്ല. തന്റെ Book of the Bezels എന്ന ഗ്രന്ഥത്തില്‍ (തനിക്ക് സ്വപ്‌നത്തില്‍ പ്രവാചകന്‍ തന്നതാണ് ഈ ഗ്രന്ഥം എന്നാണ് ഇബ്‌നു അറബി അവകാശപ്പെടുന്നത്) ഇബ്‌നു അറബി എഴുതുന്നു: ‘വ്യാഖ്യാനിക്കുക എന്നതിനര്‍ത്ഥം നമ്മള്‍ മനസ്സിലാക്കിയ ഒരു രൂപത്തെ മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്ക് മാറ്റലാണ്’.

താന്‍ കണ്ട സ്വപ്‌നത്തില്‍ വിശ്വസിച്ചു എന്നതാണ് ഇബ്രാഹീം നബിയുടെ തെറ്റ് എന്നാണ് ഇബ്‌നു അറബി പറയുന്നത്. അഥവാ, താനുമായി ബന്ധമില്ലാത്ത വളരെ ഒബ്ജക്ടീവായ ഒരനുഭവമായാണ് ഇബ്രാഹീം സ്വപ്നത്തെ മനസ്സിലാക്കുന്നത്. പ്രകടമായ (ളാഹിര്‍) അര്‍ത്ഥത്തില്‍ മാത്രം സ്വപ്നത്തെ മനസ്സിലാക്കുന്നതാണ് പ്രശ്‌നം. സ്വപ്‌നത്തിന്റെ ബാത്വിനായ യാഥാര്‍ത്ഥ്യത്തിലേക്ക് പോവുകയാണ് വേണ്ടത് എന്നാണ് ഇബ്‌നു അറബിയുടെ പക്ഷം. സ്വപ്‌നത്തിന്റെ വിഷ്വലില്‍ നിന്ന് അതിന്റെ ആത്മീയതയിലേക്കുള്ള സഞ്ചാരമാണത്. സ്വന്തത്തിന്റെ തന്നെ പ്രതിനിധാനമായി ഇബ്രാഹീം നബി ഇസ്മാഈലിനെ കാണേണ്ടതുണ്ടായിരുന്നു എന്നാണ് ഇബ്‌നു അറബി പറയുന്നത്. ‘അല്ലയോ ഇബ്രാഹീം, നീയൊരു ദര്‍ശനത്തില്‍ (vision) വിശ്വസിച്ചു’ എന്ന ഖുര്‍ആനിക വചനത്തില്‍ ഇബ്രാഹീം നബിയോടുള്ള അല്ലാഹുവിന്റെ വിമര്‍ശമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. കാരണം ദൈവിക ദര്‍ശനത്തിന്റെ അക്ഷരത്തെ സ്വീകരിക്കുകയും അതിന്റെ വ്യാഖ്യാന സാധ്യതകളെ അവഗണിക്കുകയുമാണ് ഇബ്രാഹീം നബി ചെയ്തത്. അതുകൊണ്ടാണ് നീ വിശ്വസിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നത്. ഒന്നില്‍ വിശ്വസിക്കുക എന്നതിനര്‍ത്ഥം അനന്തമായ അര്‍ത്ഥോല്‍പ്പാദനങ്ങളെ തടയുക എന്നതാണ്. സ്വപ്‌നം സാധ്യമാക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനത്തെ തകര്‍ത്തുകൊണ്ട് അസ്ഥിരതയെയും കലാപത്തെയും ആഘോഷിക്കുക എന്നതാണ്. സ്വപനം വ്യാഖ്യാനവും വ്യാഖ്യാനം കലാപവുമാണ് സാധ്യമാക്കുന്നത്. ആ കലാപത്തില്‍ അരങ്ങേറുന്നതോടെ തീരമില്ലാത്ത സമുദ്രത്തിലെ (ocean without shore) നിലനില്‍പ്പാണ് ഒരാള്‍ക്ക് സാധ്യമാകുന്നത്.

ജീന്‍ മൈക്കിള്‍