Campus Alive

തോഷികോ ഇസുത്സു: വായനയുടെ വൈവിധ്യങ്ങള്‍

ഖുര്‍ആനിന്റെ ഏറ്റവും മികച്ച പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നത് ജാപ്പനീസ് ഭാഷയിലാണ്. തോഷികോ ഇസുത്‌സുവിന്റെ 1958 ല്‍ ഇറങ്ങിയ പരിഭാഷയാണ് ഭാഷാപരമായി ഏറ്റവും വിശ്വസനീയമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഭാഷാ ശാസ്ത്രത്തില്‍ അഗ്രഗണ്യനായ ഡോ. ഇസുത്‌സു തന്റെ അറബി ഭാഷ പഠനത്തിന്റെ ആദ്യ മാസം തന്നെ ഖുര്‍ആന്‍ മൊത്തം വായിച്ചു തീര്‍ത്തു. ഭാഷയുടെ അന്തര്‍ധാരയിലൂടെ തിയോളജിയെ അപഗ്രഥിക്കുന്ന (സെന്‍ ബുദ്ധിസത്തിലുള്ള അദ്ദേഹത്തിന്റെ അഗാധ ജ്ഞാനം മറ്റു ലോക മതങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ സഹായിച്ചിട്ടുണ്ട്) അദ്ദേഹത്തിന്റെ രീതി ഇസ്‌ലാമിനെക്കുറിച്ച്‌ വേറൊരു പണ്ഡിതനില്‍ നിന്നും മുമ്പെങ്ങും കേട്ടിട്ടില്ലാത്ത വിധം കൃത്യവും വസ്തുനിഷ്ഠമായ വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്നവയുമാണ്. ടെഹ്റാന്‍ ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകളില്‍ അദ്ദേഹം ഇസ്‌ലാമിക്‌ ഫിലോസഫി പഠിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിക തത്വചിന്താ പാരമ്പ്യത്തിലുള്ള അദ്ദേഹത്തിന്റെ അപാര ജ്ഞാന സമ്പത്തിനെയാണ് അത് കാണിക്കുന്നത്.

r

ഇസ്‌ലാമിക തത്വചിന്താ പാരമ്പര്യത്തെ വളരെ സൂക്ഷമമായി പരിശോധിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഭൂരിഭാഗവും വിവര്‍ത്തനം ചെയ്യപ്പെടാതെ പോയി എന്നതാണ് ഖേദകരം. ഇംഗ്ലീഷ്‌ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ മുഴുവന്‍ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. മനുഷ്യന്റെ സത്തയുമായി (Ontology) ബന്ധപ്പെട്ട തത്വചിന്താപരമായ ചോദ്യങ്ങളെയാണ് അദ്ദേഹം അഭിമുഖീകരിക്കുന്നത്. മനുഷ്യന്റെ ഉണ്‍മയെക്കുറിച്ചും (Being) അവന്റെ പരിണാമത്തെക്കുറിച്ചുമുള്ള ( Becoming) ഫിലോസഫിക്കലായ അന്വേഷണങ്ങളെ അദ്ദേഹം ഇസ്‌ലാമിക ജ്ഞാനപാരമ്പര്യത്തില്‍ കണ്ടെടുക്കുന്നു.

ഖുര്‍ആന്‍ എങ്ങനെയാണ് പ്രവാചകന്റെ നാട്ടുഭാഷയില്‍ (ഖുറൈശി) എഴുതപ്പെട്ടിരിക്കുന്നതെന്നു ഇസുത്‌സു വിവരിക്കുന്നു; ഇസ്‌ലാമിനുള്ള കച്ചവട ഭാഷയുടെ സവിശേഷതകളെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ട്. (പ്രവാചകന്‍ തന്നെ ഒരു കച്ചവടക്കാരനായിരുന്നു); മനുഷ്യനും ദൈവവുമായുള്ള ബന്ധത്തെ അടിമ- ഉടമ എന്ന ദ്വന്ദത്തില്‍ പ്രതിപാദിക്കുന്ന ഇസ്‌ലാമിന്റെ രീതി കച്ചവട കേന്ദ്രങ്ങളുമായി (സൂഖ്) ബന്ധപ്പെട്ടു കിടക്കുന്നതായി അദ്ദേഹം പറയുന്നു. കാപ്പിറ്റലിസ്റ്റ് പൊട്ടെന്‍ഷ്യല്‍ ഉള്ള മതമായാണ് അദ്ദേഹം ഇസ്‌ലാമിനെ കാണുന്നത്. ചിത്രപ്രദര്‍ശനങ്ങളെ ഇസ്‌ലാം നിരുല്‍സാഹപ്പെടുത്തിയതിന് കാരണമായി ഇസുത്സു പറയുന്നത് ഖുര്‍ആനിന്റെ ഭാഷ തന്നെ സ്വയം ഒരു ഇമേജ് ആണ് എന്നാണ്. ലോറ മാര്‍ക്‌സൊക്കെ പറയുന്നത് പോലെ Non-representational ആയ ഇമേജുകളും വിഷ്വലുകളുമാണ് ഖുര്‍ആനിലൂടെ ചുരുള്‍ നിവര്‍ത്തപ്പെടുന്നത്( Unfolding). ഇസ്‌ലാമെന്നത്‌ അമൂര്‍ത്തമായ കാവ്യ പ്രകടനങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.

df

ഖുര്‍ആന്‍ നിയതമായ വസ്തുക്കളുടെ ചിത്രീകരണത്തെ നിരാകരിച്ച് കൊണ്ട് അവയുടെ ആത്മീയ വിശദീകരണത്തെ കുറിച്ച് സംസാരിക്കുകയും മതകീയ സര്‍ഗാത്മകതയെ ഭാഷയുടെ മാധ്യമത്തിലൂടെ നയിക്കുകയും ചെയ്യുന്നു. ചിത്രങ്ങളെയും രൂപങ്ങളെയും ‘വാക്കുകള്‍ ‘ കൊണ്ട് മറികടക്കുമ്പോള്‍ ഭൗതിക ഇടങ്ങളെയും വസ്തുക്കളെയും പരിവര്‍ത്തിപ്പിക്കുന്നതില്‍ അവക്ക് അനന്തമായ കഴിവ് കൈ വരുന്നു. ഭാവനകളില്‍ വികസിപ്പിക്കാവുന്ന ചിത്രങ്ങളാണ് ഖുര്‍ആനില്‍ ഉടനീളം. വാചകങ്ങളിലെ സൂചകങ്ങളിലൂടെ ഇമേജുകളെ Unfold ചെയ്യാനുള്ള സ്വാതന്ത്ര്യവും വിശാലതയും അവ വിശ്വാസിക്ക് (ആസ്വാദകന്) നല്‍കുന്നു.

ഇത്തരം കലാപരമായ ആഖ്യാനങ്ങളുടെ തത്വശാസ്ത്ര ഘടനയെ നാം സാധാരണ ചേര്‍ത്ത് വെക്കാറുള്ളത് പടിഞ്ഞാറന്‍ ആധുനിക കലാ പ്രസ്ഥാനങ്ങളോടാണ്. എന്നാല്‍ ആധുനികതയുടെ ആവിര്‍ഭാവത്തിനു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ അത്തരം സാഹിത്യ പ്രസ്ഥാനങ്ങള്‍ നിലനിന്നിരുന്നു. പ്രത്യേകിച്ചും അറബ് നാടുകളില്‍ ഭാഷയും സാഹിത്യവുമായിരുന്നു നൂറ്റാണ്ടുകളോളം കലാപ്രകടനങ്ങളുടെ പ്രാഥമികമായ മാര്‍ഗം. ചിന്താധാര എന്ന നിലയിലും അതിന്റെ കാലങ്ങളായുള്ള തത്വശാസ്ത്ര വികാസത്തിലൂടെയും ഇസ്‌ലാം ഇത്തരം പ്രവണതകളെ കാര്യമായി സ്വാധീനിച്ചിരുന്നു.

ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ വിവിധ വീക്ഷണകോണുകള്‍ ഇസുത്സു വിശദീകരിക്കുന്നുണ്ട്. Pre-text, Text, Con-text എന്നിങ്ങനെ മൂന്ന് എപ്പിസ്റ്റമിക് ലൊക്കേഷനുകളിലായി വികസിക്കേണ്ട ഖുര്‍ആന്‍ വ്യാഖ്യാന രീതിയെയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ഓരോ തവണ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും പുതിയ അര്‍ത്ഥങ്ങള്‍ അപ്പോള്‍ മാത്രമാണ് Unfold ചെയ്യപ്പെടുക. അല്ലാത്തപക്ഷം അര്‍ത്ഥങ്ങള്‍ക്ക് Fixation സംഭവിക്കുകയും becoming സാധ്യമാകാതെ വരികയും ചെയ്യും. Explorative എന്ന് ഷഹാബ് അഹ്മദ് വിശദീകരിക്കുന്ന ( What is islam) ഇസ്‌ലാമിക തത്വചിന്താപാരമ്പര്യത്തിന്റെ സമ്പന്നമായ ചരിത്രത്തോടുള്ള നിരാകരണമാണ് അര്‍ത്ഥങ്ങളുടെ Fixation- ലൂടെ സംഭവിക്കുന്നത്.

Non-representational ആയ ഇമേജുകളും വിഷ്വലുകളും കൂടുതലായി കാണപ്പെടുന്നത് ശീഈ പാരമ്പര്യത്തിലാണെന്ന് ഇസുത്സു പറയുന്നുണ്ട്. അവര്‍ മഖ്ബറകളെ ഫിര്‍ദൗസ് (സ്വര്‍ഗീയ പൂന്തോട്ടം) പോലെ അലങ്കരിക്കുന്നു. ചിഹ്നങ്ങളെയും അര്‍ത്ഥങ്ങളെയും പ്രാധാന്യപൂര്‍വ്വം കാണുന്ന ശീഇ ധാരയെ പേര്‍ഷ്യന്‍ സംസ്‌കാരങ്ങള്‍ കാര്യമായി സ്വാധീനം ചെലുത്തിയതായി ഇസുത്‌സു വാദിക്കുന്നു. പന്ത്രണ്ടാമത് മെഹ്ദിയുടെ തിരോധനത്തിലും അന്ത്യ ദിനത്തിലെ അദ്ദേഹത്തിന്റെ തിരിച്ചു വരവിലും അവര്‍ വിശ്വസിക്കുന്നു. മെറ്റാഫിസിക്കലായ വിശ്വാസസങ്കല്‍പ്പങ്ങളുടെ ഏറ്റവും തീക്ഷ്ണമായ ആവിഷ്‌കാരമാണത്. അത്‌പോലെ ശഹാബ് അഹ്മദൊക്കെ വിശദീകരിക്കുന്ന, Pre-text, Text, Con-text തുടങ്ങിയ ലൊക്കേഷനുകളിലൂടെ വികസിച്ച, Explorative ആയ ഫിലോസഫിക്കല്‍ ട്രഡീഷനും ശീഈ പാരമ്പര്യത്തിലാണ് കൂടുതലായും കാണപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്.

yഅര്‍ത്ഥോല്‍പ്പാദനങ്ങളാല്‍ വികസിതമാകേണ്ട വായനയെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. Meaning-making നടക്കാത്ത വായന വെറുമൊരു കണ്‍സംഷന്‍ മാത്രമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഖുര്‍ആനിന് ജീവന്‍ വെക്കുന്നത് അത് നിരന്തരമായി അണ്‍ഫോള്‍ഡ് ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. അര്‍ത്ഥോല്‍പ്പാദനത്തെ തടയിടുന്ന Prescriptive ആയ ജ്ഞാനാന്വേഷണങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ ഇസുത്സു ആഹ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ മെറ്റഫര്‍ ഒരു പ്രധാന ഘടകമാകുന്നത് അത്‌കൊണ്ടാണ്. മെറ്റഫറാണ് വാക്കുകളെ സാധ്യമാക്കുന്നത് എന്നാണദ്ദേഹം പയുന്നത്. അധീശവും ഏകാത്മകവുമായ അര്‍ത്ഥോല്‍പ്പാദനകളെ മെറ്റഫര്‍ വെല്ലുവിളിക്കുന്നു. ടെക്സ്റ്റിന് പുറത്തേക്കും പുറത്ത് നിന്ന് ടെക്സ്റ്റിനകത്തേക്കും വായനയും ചിന്തയും സാധ്യമാകണമെന്നാണ് ഇസുത്സു പറയുന്നത്. അറിവധികാരത്തെ സൂക്ഷമമായി വിശകലനം ചെയ്യാനും ചെറുക്കാനും അപ്പോള്‍ മാത്രമാണ് നമുക്ക് സാധ്യമാവുക.

അഫ്‌സല്‍ റഹ്മാന്‍ സി എ