Campus Alive

മാർവൽ: ഹോളിവുഡും ‘ഭീകരവിരുദ്ധ യുദ്ധവും’

ട്വിറ്ററിലോ മറ്റേതെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലോ നിങ്ങളുണ്ടെങ്കിൽ മാർവെലിന്റെ ‘വാൻഡാ വിഷനെ’ (Wanda Vision) കുറിച്ചുള്ള  നിരൂപക സ്വീകാര്യതയുടെയും സാമ്പത്തിക വിജയത്തിന്റെയും വലിയ പ്രചാരണങ്ങളുടെ ചുറ്റുവട്ടത്ത് നിന്ന് ഒഴിവാകുക ബുദ്ധിമുട്ടായിരിക്കും. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (എം.സി.യു) നാലാം ഘട്ടത്തിന്റെ തുടക്കമായാണ് ഡിസ്‌നി പ്ലസിൽ സംപ്രേക്ഷണം ചെയ്യുന്ന വാൻഡാ വിഷൻ അടയാളപ്പെടുത്തപ്പെട്ടത്. എം.സി.യു മൂവീസ് അതിന്റെ 23 സിനിമകളിലൂടെ നേടിയ 22 മില്യൺ ബോക്സോഫീസ് വരുമാനം കേവല സാമ്പത്തിക വിജയം എന്നതിലുപരി സുപ്രധാനമായ ഒരു സാംസ്കാരിക അവലംബം കൂടിയാണ്. പക്ഷേ നമ്മളിലെത്ര പേർ എം.സി.യുവിന്റെ സൂക്ഷ്മവും അല്ലാത്തതുമായ മുസ്‌ലിം അപരവൽക്കരണത്തെയും പൈശാചികവൽക്കരണത്തെയും കുറിച്ച് ബോധവാന്മാരാണ്..?

മുസ്‌ലിംകളെ പാശ്ചാത്യ ജീവിതരീതിക്ക് ഭീഷണിയായോ, അല്ലെങ്കിൽ തീവ്രവാദികളായോ അവതരിപ്പിക്കുന്നതിന്റെ കുറ്റക്കാർ മാർവെൽ സ്റ്റുഡിയോസ് ആവുക സാധ്യമാണോ? അതോ ഇതെല്ലാം കേവല യാദൃശ്ചികം മാത്രമാണോ? അല്ലെങ്കിൽ, മാർവൽ സീരീസിലെ വില്ലൻ തനോസിനെ പോലെ, ഒഴിവാക്കാൻ കഴിയാത്ത വിധം അനിവാര്യമായിരുന്നോ ഇതും? ഭീകര വിരുദ്ധ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ഇതിവൃത്തമാക്കി മുസ്‌ലിംകളെ ഉപയോഗിച്ച ഇത്തരം ചില ഉദാഹരണങ്ങളെ തുറന്നു പരിശോധിക്കുകയാണ് ഇവിടെ.

ഉത്ഭവ കഥകൾ

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഒന്നാം ഘട്ടമായി അടയാളപ്പെടുത്തപ്പെട്ട 2008 ലെ അയൺ മാന്റെ പ്ലോട്ട് പരിഗണിച്ച് കൊണ്ട് തന്നെ നമുക്ക് തുടങ്ങാം. എം.സി.യുവിന്റെ തുടർന്നുള്ള 13 വർഷത്തേക്കുള്ള എല്ലാ രംഗങ്ങളും അടിത്തറയും തയ്യാറാക്കുന്നത് അയൺ മാനാണ്. നിരവധി കാരണങ്ങളാൽ അത് പ്രാധാന്യമുള്ളതായിരുന്നു. എഴുത്ത്, നിർമാണം, എഡിറ്റോറിയൽ തീരുമാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ തങ്ങളുടെ സ്വന്തം നിയന്ത്രണത്തിനു കീഴിൽ മാർവൽ സ്റ്റുഡിയോസ് ഏകീകരിപ്പിച്ചതിന് ശേഷമുള്ള ആദ്യ റിലീസായിരുന്നു അയൺമാൻ എന്നതാണ് അതിൽ മുഖ്യം. മാർവൽ കോമിക്സിലെ സ്റ്റാൻ ലീയുടെ സമ്പന്നമായ സാഹിത്യ സമാഹാരത്തിന്റെ വിശ്വസനീയമായ ആവിഷ്കാരമായിരിക്കും തങ്ങളുടെ സിനിമകളെന്ന ഉറപ്പോടുകൂടിയാണ് എം.സി.യു ഒന്നാം ഘട്ടം രംഗത്ത് വരുന്നത്.

ഒരു പതിമൂന്ന് വർഷം പിറകോട്ട് സഞ്ചരിച്ചാൽ ടോണി സ്റ്റാർക്കെന്ന നമ്മുടെ നായകനെയും നൂതന സാങ്കേതികവിദ്യകളോടുകൂടിയ കവചം ധരിച്ചുകൊണ്ട് അയൺ മാനായി മാറാനുള്ള അദ്ദേഹത്തിന്റെ പ്രചോദനത്തെയും സിനിമ സ്ഥാപിച്ചെടുക്കുന്നത് ഓർത്തെടുക്കാൻ കഴിയും. കഥയുടെ തുടക്കം ഇങ്ങനെയാണ്; കഫിയാ ധാരിയായ റാസ നയിക്കുന്ന ‘ടെൻ റിങ്സ്’ ഗ്രൂപ്പിന്റെ ആളുകൾ സ്റ്റാർക് ഇൻഡസ്ട്രിയുടെ ടോണി സ്റ്റാർക്കിനെ  തട്ടിക്കൊണ്ടുപോവുകയും അഫ്ഗാനിസ്ഥാനിലെ ഏതോ ഒരു ഗുഹയിൽ കൊണ്ടിടുകയും ചെയ്യുന്നു. ശേഷം ഒരു അഫ്ഗാൻ ശാസ്ത്രജ്ഞനായ യിൻസെനിന്റെ സഹായത്തോടു കൂടി സ്റ്റാർക് ഇൻഡസ്ട്രിയിലെ സങ്കീർണമായ ആയുധങ്ങൾ പുനർ നിർമിക്കാൻ ടോണി സ്റ്റാർക്കിന് കൽപ്പന ലഭിക്കുന്നു.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അഫ്ഗാൻ സൈനികനീക്കത്തിന്റെ ഏഴാം വർഷമായ 2008-ലാണ് സിനിമ റിലീസായത് എന്നതിനാൽ പ്രേക്ഷകരെ സംബന്ധിച്ചേടത്തോളം പ്രതിയോഗികൾ അഫ്‌ഗാനിലെ ഗുഹകളിലാണ് ഒളിച്ചിരിക്കുന്നത് എന്നുള്ള കാര്യം ഒരത്ഭുതവുമുണ്ടാക്കുന്നതല്ല. “ഇത്‌ മനസ്സിലാവുന്ന സംഗതിയാണ്… പക്ഷേ യാഥാർഥ്യം അതാണോ?”

വിയറ്റ്നാമിലെയും അഫ്‌ഗാനിലെയും യുദ്ധം

2008-ലെ അയൺ മാൻ സിനിമയുടെ മൂല സ്രോതസ്സായ 40 വർഷം മുൻപ് 1968 ൽ പുറത്തിറങ്ങിയ ഒറിജിനൽ അയൺ മാൻ കോമിക്കുമായി താരതമ്യം ചെയ്താൽ ചില വ്യത്യാസങ്ങൾ കാണാൻ കഴിയും. പുസ്തകത്തിൽ ടോണി സ്റ്റാർക്ക് കിഡ്നാപ്പ് ചെയ്യപ്പെട്ടതും ഗുഹയിൽ അകപ്പെട്ടതും അഫ്‌ഗാനിസ്ഥാനിൽ ആയിരുന്നില്ല, മറിച്ച് വിയറ്റ്നാമിലെ ഒരു ഗുഹയിലായിരുന്നു. ഭയാനകമായ രൂപഭാവങ്ങളോടു കൂടിയ കഫിയാ ധാരിയും അറബി ഭാഷിയുമായ റാസയായിരുന്നില്ല വില്ലൻ, പകരം കോമിക്കിൽ അദ്ദേഹത്തിന്റെ പേര് വോങ് ചു എന്നായിരുന്നു. അയൺ മാനെ രക്ഷിക്കാൻ വേണ്ടി സ്വയം ത്യജിച്ച അഫ്ഗാൻ ശാസ്ത്രജ്ഞനായ യിൻസന് കോമിക്കിൽ പേര് ഹോ യിൻസൻ എന്നായിരുന്നു.

ടോണി സ്റ്റാർക്

1968 ൽ വിയറ്റ്നാമിൽ നടന്നത് ഒടുക്കമില്ലാത്തതും ചിലവേറിയതുമായ യുദ്ധമായിരുന്നു എന്നതിന് ഒരു ചരിത്രകാരന്റെ നിഗമനത്തിന്റെ ആവശ്യമില്ല. യുദ്ധം മൂലമുണ്ടായ ഡോളറുകളുടെ സാമ്പത്തിക നഷ്ടവും മരണനിരക്കും കാരണം യുദ്ധത്തിനെതിരെയുള്ള പൊതുജനാഭിപ്രായം തന്നെ അത്തരത്തിലായിരുന്നു.

കമ്മ്യൂണിസ്റ്റ് ഭീതിയെ കുറിച്ച് മുന്നറിയിപ്പ് നൽകാനും പൊതുജന പിന്തുണ വർദ്ധിപ്പിക്കാനും ദേശീയമായ പ്രചരണ താല്പര്യത്തെ മുൻനിർത്തിയുമാണ് അന്ന് സ്റ്റാൻലീ അയൺ മാൻ എഴുതിയത്. മാർവെൽ സ്റ്റുഡിയോസ് അത്‌ ക്രമേണ പടിഞ്ഞാറിന്റെ ഭീഷണിയിൽ നിന്നും വിയറ്റ്നാമിനെ മാറ്റി, പെട്ടന്നുണ്ടായ ഭൗമരാഷ്ട്രീയ മാറ്റങ്ങൾക്കനുസൃതമായി അഫ്‌ഗാനിസ്ഥാനെ പുനഃപ്രതിഷ്ഠിച്ചു.

വിയറ്റ്നാം യുദ്ധവും അഫ്ഗാൻ യുദ്ധവും സമാന്തരമാകുമ്പോൾ തന്നെ അവ തമ്മിൽ ഒരാൾക്ക് പറയാൻ കഴിയുന്ന ഒരു സമാനത, അത്‌ സ്റ്റാർക്ക് ആണ്. ടോണി സ്റ്റാർക്ക് സിനിമയിൽ “ഒറ്റ വെടി മാത്രം മതിയാവുന്ന ഒരു ആയുധമാണ് ഞാൻ തിരഞ്ഞെടുക്കുന്നത്” എന്ന് പ്രഖാപിക്കുന്നത് പോലെ നാല്പത് വർഷങ്ങൾക്കിപ്പുറം  ഒരു വെടിക്ക് ഈ രണ്ട് പക്ഷികളെയും കൊല്ലാൻ സാധിച്ചു.

ഹോളിവുഡ് വ്യവസായ സമുച്ചയം

ഭൗമരാഷ്ട്രീയ ആഖ്യാനങ്ങളുടെ ഉപകരണവും പശ്ചാത്തലവുമായി മുസ്‌ലിംകളെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ കണ്ടെത്താൻ എളുപ്പം കഴിയും. റിസ് ടെസ്റ്റിന്റെ (സിനിമയിലും, ടി.വി ഷോകളിലും മുസ്‌ലിങ്ങളെ അവതരിപ്പിക്കുന്നതിനെ വിശകലനം ചെയ്യുന്ന ടെസ്റ്റ്) വരാനിരിക്കുന്ന ഒരു റിപ്പോർട്ടിന്റെ ഭാഗമായി നടത്തിയ ഗവേഷണത്തിൽ കഴിഞ്ഞ 120 വർഷത്തെ 1100 സിനിമകളും ടി.വി ഷോകളും ഞങ്ങൾ വിശകലനം ചെയ്തു. അതിൽ 87 ശതമാനം സിനിമകളും റിസ് ടെസ്റ്റിൽ പരാജയപ്പെടുകയായിരുന്നു.

പാശ്ചാത്യൻ സംവേദന ക്ഷമതയെ വെള്ളപൂശാൻ വേണ്ടി ഉപയോഗ ശേഷം വലിച്ചെറിയാൻ കഴിയുന്ന ആഖ്യാന വസ്തുക്കളായി മുസ്‌ലിംകളെ ഉപയോഗിക്കുന്നതായിരുന്നു ഞങ്ങൾക്ക് ലഭിച്ച ഡാറ്റകളുടെ ഒരു പൊതുമാതൃക. ത്രീ കിംഗ്സ് (1999) എന്ന സിനിമയിൽ നാമത് കണ്ടു. കുവൈത്തിൽ നിന്ന് മോഷ്ടിച്ച സ്വർണത്തെ വീണ്ടെടുക്കാൻ മൂന്ന് അമേരിക്കൻ പട്ടാളക്കാരിലൂടെ ഇറാഖി ജനങ്ങളെ മാനവികവൽക്കരിക്കുന്ന കാഴ്ച അതിൽ കാണാൻ കഴിയും.

ആഖ്യാനപരമായ ഈ അട്ടിമറിയെ ബിൽ ക്ലിന്റൺ 2000-ൽ നടത്തിയ ഒരു ഇന്റർവ്യൂവിൽ ഇപ്രകാരം പ്രശംസിച്ചിരുന്നു; “ത്രീ കിംഗ്സിന്റെ ആ ഭാഗം എനിക്കിഷ്ടപ്പെട്ടു. മനുഷ്യസമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നം അപരനെതിരായ ഭയവും അവിശ്വാസവും മനുഷ്യത്വമില്ലായ്മയും അക്രമവുമാണ്, അതൊരു വലിയ പ്രശ്നമാണ്. അതിനാൽ, നമ്മുടെ വ്യത്യാസങ്ങളെ സജീവമായി ആഘോഷിക്കാൻ പഠിക്കുക എന്നതാണ് നാം ചെയ്യേണ്ടത്”. വാർണർ ബ്രദേഴ്സിന്റെ ഒറിജിനൽ സ്ക്രിപ്റ്റ് അവലോകനം ചെയ്യാൻ ഡോ ജാക്ക് ഷഹീനെ നിയോഗിച്ചപ്പോൾ മനസ്സിലായ അതിലെ 136 പേജുകളിൽ 100 എണ്ണവും ഇറാഖികൾ ഇറാഖികളെ തന്നെ കൊല്ലുന്നതായി, അല്ലെങ്കിൽ അമേരിക്കൻ സൈന്യം ഇറാഖികളെ കൊല്ലുന്നതായി ചിത്രീകരിക്കുന്നതാണെന്ന വസ്തുത ഈ സദുദ്ദേശത്തെ ഒരുതരത്തിൽ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്തുതന്നെയായാലും ഇറാഖ് അധിനിവേശത്തിൽ തങ്ങളുടെ സൈന്യത്തിന്റെ പങ്കിനെ കുറിച്ചും അതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചുമുള്ള തങ്ങളുടെ കുറ്റബോധത്തെ ലഘൂകരിക്കാനുള്ള അനിവാര്യമായ മുന്നുപാദിയായി ഇറാഖി രക്തത്തെ ഹോളിവുഡ് കരുതിയിരുന്നു.

മറ്റൊരു ഹീനമായ ഉദാഹരണം 2014 ലെ ‘അമേരിക്കൻ സ്നൈപ്പർ’ എന്ന സിനിമയാണ്. അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സ്നൈപ്പറായ ക്രിസ് കെയ്ലെനോട് സഹതപിക്കാനാണ് സിനിമ നമ്മോട് ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ 1998 ലെ ‘ദി സീജ്’ എന്ന പടമാണ്. എഫ്.ബി.ഐ.യുമായുള്ള അടുപ്പം കാരണം മാത്രം അതിജീവനം സാധ്യമായ, കയ്യിൽ വിസ്കി കുപ്പി പിടിച്ച നല്ല മുസ്‌ലിം കഥാപാത്രത്തെ കാണിക്കുന്ന അറബ് തടങ്കൽ ക്യാമ്പിനെ കുറിച്ചുള്ള ഹോളിവുഡ് കാൽപനികതയാണ് പ്രസ്തുത സിനിമ. അയൽ വീട്ടിലെ ശത്രുക്കളായി മുസ്‌ലിംകളെ ചിത്രീകരിക്കുന്ന ‘പ്രൊട്ടക്റ്റ് ആൻഡ് സേർവ്’ (1992) എന്ന സിനിമ, രക്തപങ്കിലമായ ജിഹാദ് ഗ്രൂപ്പായി മുസ്‌ലിംകളെത്തുന്ന ‘ട്രൂ ലൈസ്’ (1994) എന്ന സിനിമ, ‘ബ്ലാക്ക് ഹോക്ക് ഡൗൺ’ (2001), തുടങ്ങി 152 ഓളം മറ്റ് ഉദാഹരണങ്ങളും കഴിഞ്ഞ 20 വർഷത്തിനിടക്ക് (1990-2010) കാണാൻ കഴിയും.

നിക്കി തബീബിയൻ അദ്ദേഹത്തിന്റെ 2014-ലെ ‘ഓൺ ദി ഹോളിവുഡ് കോംപ്ലക്സ്’ എന്ന പ്രബന്ധത്തിൽ സൂചിപ്പിക്കുന്നത് പോലെ ഹോളിവുഡ് എന്ന വ്യവസായ സമുച്ചയം കേവലം ജീവിതത്തെ അനുകരിക്കുന്ന കലയല്ല, അതിലുപരി അമേരിക്കൻ പ്രതിരോധമന്ത്രാലയവും ഹോളിവുഡും 9/11 നെ തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടാക്കിയെടുത്ത ഔദ്യോഗികമായ പരസ്പര സഹവർത്തിത്വമാണത്.

ഉപസംഹാരം

നമുക്കിടയിലെ ശുദ്ധവാദികളെ സംബന്ധിച്ച്, അയൺ മാൻ സിനിമയുടെ മൂലസ്രോതസ്സിൽ നിന്ന് മാർവൽ അകന്നുപോയത് ഒരു വലിയകുറ്റമായിരുന്നില്ല, മാത്രമല്ല ആ സമയത്തെ ഭൗമരാഷ്ട്രീയത്തിലേക്ക് ചായാതിരിക്കാനുള്ള പ്രലോഭനവും മാർവലിനെ സംബന്ധിച്ച് വളരെ വലുതായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ പ്രേക്ഷകരെ അണിനിരത്തുകയും പുതിയ സൂപ്പർഹീറോയോട് സഹതാപമുളവാക്കുകയും ചെയ്യുന്ന സൂചകങ്ങളാണ് സിനിമയിൽ നിറഞ്ഞുനിന്നത്. അപ്രകാരം അവതരിപ്പിക്കുന്നതിലൂടെ അവസാനം അതിന്റെ നാശനഷ്ടങ്ങൾ വിലമതിപ്പുള്ളതായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

പത്ത് വർഷങ്ങൾക്കു ശേഷം ‘ബ്ലാക്ക് പാന്തറിൽ’ (2018) നാം ഇത് വീണ്ടും കാണുന്നു; ഒരു ബോക്കോ ഹറാമിന്റെ സ്വഭാവമുള്ള ഒരു സംഘം “വല്ലാഹി, ഞാനവളെ കൊല്ലും” എന്ന് ആക്രോശിച്ചുകൊണ്ട് തടവുകാരന്റെ നേർക്ക് തോക്ക് ചൂണ്ടുന്നു. എന്തും വിശ്വസിപ്പിക്കാൻ കഴിയുന്ന ഫാന്റസിയുടെ ലോകത്ത് പോലും, ഭീകരതയ്‌ക്കെതിരായ യുദ്ധം മുസ്‌ലിങ്ങളുടെ കാര്യത്തിൽ സ്ഥിരവും അചഞ്ചലവുമായ ഒരു പശ്ചാത്തലമായി തുടരുന്നു. സിനിമയുടെ സന്ദർഭത്തെ പരിഗണണിക്കാതെ വിമർശനാത്മകമായി വീണ്ടും കാണുന്നത് ഒരു അനീതിയായി തോന്നിയേക്കാം. പക്ഷേ പതിറ്റാണ്ടുകൾക്കതീതമായ ഒരു പ്രവണതയാണിത് എന്നതിനാൽ, മുസ്‌ലിങ്ങളെ ഇത്തരം സങ്കുചിത ഭാഷയിൽ ചിത്രീകരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഒരു വ്യവസായത്തോട് വിമർശനാത്മകമായി ഇടപെടേണ്ടത് അത്യാവശ്യമാണ്.


വിവർത്തനം: ലദീദ ഫർസാന

Courtesy: CAGE

ഷാഫ് ചൗദ്‌രി