Campus Alive

ജിഹാദ്, യൂണിവേഴ്സലിസം, വാർ ഓൺ ടെറർ: ദറൈൽ ലീ സംസാരിക്കുന്നു

ദറൈൽ ലീ അദ്ദേഹത്തിന്റെ യൂണിവേഴ്സൽ എനിമി: ജിഹാദ്, എമ്പയർ ആൻഡ് ദി ചലെഞ്ച് ഓഫ് സോളിഡാരിറ്റി എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നു. TWAIL– (തേഡ് വേൾഡ് അപ്രോച്ച് ടു ഇന്റെർനാഷണൽ ലോ) പ്രസിദ്ധീകരിച്ച അഭിമുഖം


 ജോൺ: എന്താണ് ഈ പുസ്തകത്തിന്റെ രചനയിലേക്ക് താങ്കളെ എത്തിച്ചത്?

ദറൈൽ ലീ: 2001 സെപ്റ്റംബറിനു ശേഷം, വാർ ഓൺ ടെററിന്റെ (ഭീകരവിരുദ്ധ യുദ്ധത്തിന്റെ) ആദ്യ വർഷങ്ങളിൽ, മനുഷ്യാവകാശ എൻജിഓകളോടൊപ്പമുള്ള എന്റെ അനുഭവങ്ങളിൽ നിന്നാണ് ഈ പുസ്തകം പിറവിയെടുക്കുന്നത്. യുദ്ധത്തിന്റെ ആധിപത്യ ലിബറൽ-നിയമ വിമർശനങ്ങളോടുള്ള എന്റെ അതൃപ്തികൾക്ക് രാഷ്ട്രീയമായ ഒരുപാട് മാനങ്ങളുണ്ടെങ്കിലും, ഇവിടെ, ലോക വീക്ഷണവുമായി ബന്ധപ്പെട്ട കൂടുതൽ മൗലികമായ ഒരു പ്രശ്നത്തെ എടുത്തുകാണിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്; അഥവാ, അന്തർദേശീയ മുസ്‌ലിം ചലനങ്ങളെ പോലീസിങിനു വിധേയമാക്കുന്ന ആഗോള പദ്ധതിയായ ‘വാർ ഓൺ ടെററി’നെ ശരിയാം വിധം മനസ്സിലാക്കാനും പ്രശ്നവത്കരിക്കാനും ഉതകുന്ന ചരിത്രപരമായ അവബോധത്തിന്റെ കുറവ് മുഴച്ചു നിൽക്കുന്നുണ്ട്. ഗ്വാണ്ടനാമോ ജയിലിലേക്ക് തടവുകാർ എത്തുന്നതിന്റെ ആദ്യ ന്യൂസ് ഫൂട്ടേജ് കണ്ടത് എനിക്ക് നന്നായി ഓർമയുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിടികൂടി ക്യൂബയിലേക്ക് അയച്ച ഈ അറബികളുടെ സാന്നിധ്യത്തെ കുറിച്ച് ഒരു അഭിഭാഷകനെന്ന നിലക്ക് ഒന്നും പിടികിട്ടാതെ നിന്നതും ഞാൻ ഓർക്കുന്നു. വ്യക്തമായ ഒരു പശ്ചാത്തലത്തിന്റെ ഈ അസാന്നിധ്യം ഒരു തരത്തിൽ, ഹീനമായ ഏതോ ഭീകരവാദ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെല്ലാം എന്ന ബോധത്തെ സാധൂകരിക്കുന്നതായിരുന്നു. ഇത്തരം കേസുകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഡിഫെൻസ് കൗൺസിലുകൾക്കും ആക്റ്റിവിസ്റ്റുകൾക്കും നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചും ഇതു സൂചിപ്പിക്കുന്നുണ്ട്.

അമേരിക്കയിൽ ജീവിക്കുന്ന ‘വെള്ളക്കാരനല്ലാത്ത’ ഒരു കുടിയേറ്റക്കാരൻ എന്ന നിലക്ക്, ചരിത്രത്തെ ഭൂകേന്ദ്രീകൃതമായി മനസ്സിലാക്കുന്നതിലുപരി, കൂടുതലും ചാലനാത്മകതയുടെയും (mobility), അതിലുൾകൊണ്ടിരിക്കുന്ന നാനാതരം ബലതന്ത്രങ്ങളുടെയും ലെൻസിലൂടെ നോക്കിക്കാണാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നെ സംബന്ധിച്ചേടത്തോളം, അഫ്ഗാനിലേക്ക് യാത്ര ചെയ്യുന്നതിന് കച്ചവടം, ചാരിറ്റി, വിവാഹം, സാഹസിക വിനോദങ്ങൾ എന്നു തുടങ്ങി വിവിധങ്ങളായ കാരണങ്ങളുണ്ടാവാം എന്നത് ഒരു സമാന്യ ബോധമാണ്. എന്നാൽ, കുടിയേറ്റത്തെ സംബന്ധിച്ച നമ്മുടെ മിക്ക ആലോചനകളും, മറ്റ് ദേശാനന്തര ബന്ധങ്ങളെ പരിഗണിക്കാതെ വെസ്റ്റ് vs റെസ്റ്റ്‌ അഥവാ പടിഞ്ഞാറ് vs മറ്റു ഭൂപ്രദേശങ്ങൾ എന്ന ആശയത്തെ മാത്രം ചുറ്റിപ്പിണഞ്ഞു കിടക്കുന്നതു കൊണ്ടാണ് ഈ പശ്ചാത്തലങ്ങളെ കാണാൻ കഴിയാതെ പോകുന്നത്. അതുകൊണ്ടാണ്, ഇത്തരം പ്രശ്നങ്ങളെ നേരിടാൻ പാകമായ ഗവേഷണങ്ങളുടെയും അഭിഭാഷണങ്ങളുടെയും (advocacy) സമ്മിശ്രമായ പുതിയൊരു ആശയ നിർമിതിയെ മുന്നിൽ കണ്ടുകൊണ്ട് ഒരേ സമയം നിയമത്തിലും നരവംശശാസ്ത്രത്തിലും ഞാൻ ബിരുദം നേടുന്നത്. 1980-കളിൽ സോവിയറ്റുകൾക്കെതിരെ ജിഹാദിനിറങ്ങിത്തിരിച്ച അഫ്ഗാനി അറബുകളെ കുറിച്ച് ഞാൻ പഠിക്കാനാരംഭിച്ചു. ഒസാമ ബിൻ ലാദന്റെയും അൽ ഖാഇദയെ ത്വരിതപ്പെടുത്തിയതിന്റെയും പേരിലാണ് ഈ മുന്നേറ്റം അറിയപ്പെടുന്നതെങ്കിലും, അതിനു കാരണമായ പ്രചോദനങ്ങളുടെയും പദ്ധതികളുടെയും സഞ്ചാരപഥങ്ങളുടെയും വിശാലമായ ചിത്രത്തെ അടയാളപ്പെടുത്തുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.

പാകിസ്ഥാനിലെ ഒരുപാട് മാസത്തെ ഗവേഷണങ്ങൾക്കു ശേഷം, ബോസ്നിയയിലേക്ക് മാറിച്ചിന്തിക്കുന്നതിന് സൗകര്യങ്ങളുടെ അപര്യാപ്തതകൾ എന്നെ പ്രേരിപ്പിച്ചു. അവിടെയാകട്ടെ, ഒരു ചെറിയ സംഘം ജിഹാദി അനുഭവജ്ഞർ സ്വതന്ത്രമായി താമസിക്കുന്നുമുണ്ട്. അഫ്ഗാനി അതിർത്തി പ്രദേശങ്ങളിൽ ഡ്രോണുകളെയും പരിതോഷികം മോഹിച്ചെത്തുന്ന കൊലയാളികളെയും ഭയന്ന് ഓടിനടന്നിരുന്ന ആളുകളെക്കാൾ, എത്തിപ്പെടാൻ എളുപ്പം ഇവരായിരുന്നു. ആശയപരമായി, ഇത് തികച്ചും അവിചാരിതമായ ഒന്നായി പരിണമിച്ചു. കാരണം, അന്താരാഷ്ട്ര നിയമ സംവാദങ്ങളിൽ ബോസ്നിയക്കുള്ള കേന്ദ്രസ്ഥാനീയത, സാർവലൗകീകതയെ (universalism) കുറിച്ച് വളരെ പ്രമാദമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നതായിരുന്നു, അതാവട്ടെ ഏറെക്കാലമായി എനിക്ക് ഒരു പരിഗണനാ വിഷയമായിരുന്നു. അതേസമയം, ഗ്വാണ്ടനാമോ ജയിലിൽ കഴിഞ്ഞിരുന്ന ഒരു തടവുകാരൻ കക്ഷിക്കു വേണ്ടി വാദിക്കുന്ന സമയത്ത്, അയാളുടെ മുൻകാല കഥകളെ നിർധാരണം ചെയ്തെടുക്കുന്നതിന് എന്റെ ഗവേഷണത്തെ മുന്നോട്ടു നയിച്ചിരുന്ന അവബോധങ്ങൾ ഉപകാരപ്പെടുകയും ചെയ്തു.

അപ്പോൾ ‘യൂണിവേഴ്സലിസം’ നിങ്ങളുടെ പുസ്തകത്തിലെ ഒരു പ്രധാന അന്വേഷണ വിഷയമാണല്ലേ?

അതേ, ഈ പുസ്തകം അനിവാര്യമായും യൂണിവേഴ്സലിസത്തെ കുറിച്ചാണ്. ഒരുപാട് അന്താരാഷ്ട്ര നിയമ സംവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ആശയമാണിത്, പലപ്പോഴും വളരെ അശ്രദ്ധമായി സ്വീകരിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒന്ന്. ശരിയായ യൂണിവേഴ്സലിസം സാധ്യമാണോ, അല്ലെങ്കിൽ ഏതെല്ലാം ചട്ടങ്ങളാണ് ശരിയായ യൂണിവേഴ്സലിസത്തിൽ വരുന്നത് എന്നിവയെ തിരിച്ചറിയുന്നതിന് പകരം, എങ്ങനെയാണ് പ്രായോഗിക തലത്തിൽ യൂണിവേഴ്സലിസം പ്രവർത്തിക്കുന്നത് എന്നു മനസ്സിലാക്കാനാണ് പുസ്തകം ശ്രമിക്കുന്നത്. ഏതെല്ലാം തരം വിശകലനോപാധികളും സംവർഗ്ഗങ്ങളും വസ്തുക്കളുമാണ് ഈ ചോദ്യത്തെ മനസ്സിലാക്കാൻ നമുക്ക് ആവശ്യമായി വരുന്നത് എന്നും പുസ്തകം ചർച്ച ചെയ്യുന്നു. ലിബറലിസം, സാമ്രാജ്യം (empire) തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായ രൂപത്തിൽ പ്രവർത്തിക്കുന്ന ഒരു ആശയമായി എങ്ങനെയാണ് യൂണിവേഴ്സലിസത്തെ കുറിച്ച് നമുക്ക് ആലോചിക്കാനാവുക?

ബോസ്നിയൻ യുദ്ധത്തിൽ പങ്കെടുത്ത ‘ജിഹാദികൾ’ എന്ന് വിളിക്കപ്പെടുന്നവരെ ഉദാഹരണമായി എടുത്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങളെ പുസ്തകം അന്വേഷിക്കുന്നത്. ആഗോള മുസ്‌ലിം സമുദായം എന്ന നിലക്ക് തങ്ങളുടെ സഹമതസ്ഥരെ പിന്തുണച്ചു കൊണ്ട് ജിഹാദ് ചെയ്യാൻ അനേകായിരങ്ങളാണ് ബോസ്നിയയിലേക്ക് യാത്ര ചെയ്തത്. പലപ്പോഴും, വിദേശ പോരാളികൾ (foreign fighters) എന്നാണ് അവർ വിളിക്കപ്പെട്ടത്. പക്ഷേ “അന്താരാഷ്ട്ര സമൂഹം” (international community) എന്ന പേരിൽ രാജ്യത്ത് കയറിക്കൂടിയ ആയിരക്കണക്കിന് സമാധാനവാഹക, നയതന്ത്രജ്ഞ, സഹായ സംഘങ്ങളെക്കാളും വൈദേശികരല്ല ഇവർ. അവർ വരുന്നത് സമാനമായ വംശ, ദേശീയ, ഭാഷാ വൈവിധ്യങ്ങളുള്ള ഒരു കൂട്ടം രാജ്യങ്ങളിൽ നിന്നാണ്. ‘അന്താരാഷ്ട്ര സമൂഹത്തെ’ പോലെ, അവരും ഒരു സവിശേഷമായ മാനവികതയുടെയും ഉൾക്കൊള്ളലിന്റെയും ആശയത്തിൽ നിന്നു കൊണ്ട്, മറ്റുള്ളവരിലേക്ക് സാർവലൗകികതയുടെ വാഹകരായി സഞ്ചരിക്കാനുള്ള പാതയായും അവിടുത്തെ പ്രാദേശിക ജനവിഭാഗങ്ങൾക്ക് സഹായങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.

എന്നാൽ ഇത്തരം സാമന്തരങ്ങളെ തിരിച്ചറയുകയും അതേക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നതിലുപരി, അറബ് ജിഹാദി പോരാളികളെ ‘വൈദേശി’കരെന്നും, പടിഞ്ഞാറൻ സമാധാന ദൗത്യസേനയെ ‘അന്താരാഷ്ട്ര’മെന്നും മുദ്ര ചെയ്യുന്നതിന്റെ അടിസ്ഥാനമായി വർത്തിക്കുന്ന അനുമാനങ്ങളും വാദങ്ങളും എന്തൊക്കെയാണെന്നു മനസ്സിലാക്കാനാണ് ഞാൻ ശ്രമിച്ചത്. യുദ്ധത്തിന് അന്ത്യംകുറിച്ച ഡേയ്ട്ടൺ സമാധാന കരാറിൽ ഇത് വ്യക്തമായി കാണാം. ഉപദേശകരും, സ്വാതന്ത്ര്യ സമരക്കാരും, ട്രെയിനർമാരും, വളണ്ടിയർമാരുമായ എല്ലാ ‘വിദേശികളും’ മുപ്പതു ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന ഒരു വ്യവസ്ഥ അതിലുണ്ടായിരുന്നു. ജിഹാദി പോരാളികളെ മുന്നിൽകണ്ടു മാത്രം ഉണ്ടാക്കിയ പ്രസ്തുത നിയമത്തിനു പിന്നാലെ, യുഎന്നിന്റെയും നാറ്റോയുടെയും ‘സമാധാന സേനയെ’ വ്യവസ്ഥയിൽ നിന്ന് ഇളവുചെയ്തുകൊണ്ടുള്ള ഒരു ഉപനിയമവും വന്നു. അപ്പോൾ ചില വൈദേശികർ മാത്രമാണ് യൂണിവേഴ്സലായിട്ടുള്ളത്. മറ്റു ചിലർ ഇവരിൽ നിന്നു തികച്ചും വ്യത്യസ്തരാണ്. അവരെ ‘അന്താരാഷ്ട്ര സമൂഹം’ ചേർന്ന് പുറന്തള്ളേണ്ടതുമാണെന്ന് ചുരുക്കം.

അതുകൊണ്ടാണ് ജിഹാദി പോരാളിയെക്കുറിച്ച് ഒരു ‘ആഗോള ശത്രു’ (universal enemy) എന്ന നിലക്ക് ആലോചിക്കേണ്ടി വരുന്നത്. അവർ ‘ആഗോള ശത്രുക്കളാവുന്നത്’ തങ്ങളെ കൂടാതെയുള്ള മറ്റെല്ലാവരെയും വെറുത്തുകൊണ്ട് നിലകൊള്ളുന്നവരായതു കൊണ്ടല്ല, മറിച്ച് അവരെ “എല്ലാവരുടെയും ശത്രുക്കൾ” എന്ന് ചാപ്പയടിക്കാൻ, മനുഷ്യകുലത്തിന്റെ കുത്തക ഏറ്റെടുത്തുകൊണ്ട് സംസാരിക്കാൻ കഴിവുള്ളവർ എന്നു സ്വയം കരുതുന്ന മറ്റൊരു വിഭാഗം മറുവശത്തുള്ളതുകൊണ്ടാണ്. പലപ്പോഴും നമ്മൾ സ്വയം-പ്രഖ്യാപിത വിമർശക ചിന്തകർ, ലളിതമായി പറഞ്ഞുവെക്കാറുള്ള ഒരു സംഗതിയുണ്ട്: “നോക്കൂ, ഈ കൂട്ടർ എപ്പോഴും എല്ലാവരുടെയും ശത്രുക്കൾ എന്ന നിലക്ക് പൈശാചികവത്കരിക്കപ്പെടുകയാണ്. ഇതു ശരിയല്ല”. ഇത് വസ്തുതയാണെങ്കിലും അൽപം വ്യത്യസ്തമായ ഒരു ചോദ്യത്തിലാണ് എനിക്കു താൽപര്യം: യഥാർഥത്തിൽ, ഇപ്പറയുന്ന ആളുകളും യൂണിവേഴ്സലിസത്തിന്റെ പേരിൽ തന്നെയാണ് സംസാരിക്കുന്നതെന്ന് വാദിക്കുന്നുണ്ടെങ്കിലോ? അപ്പോൾ യൂണിവേഴ്സലിസത്തിന്റെ “നിത്യ സന്ദേഹികളായ” സാമ്രാജ്യം, മനുഷ്യാവകാശം (empire and human rights) തുടങ്ങിയവയെ കുറിച്ച് എന്താണ് ഈ പരികൽപ്പന വരച്ചു കാട്ടുന്നത്? ചില വായനക്കാർ ഇതു വായിക്കുമ്പോൾ പ്രതിസന്ധിയിലകപ്പെട്ടുപോകും, ജിഹാദിനോട്‌ ബന്ധപ്പെടുത്തിക്കൊണ്ട് യൂണിവേഴ്സലിസത്തെ ആലോചിക്കുന്നത് ഒരു തരം മഹിമപ്പെടുത്തലല്ലേ എന്നതാവും അവരുടെ ചിന്ത. പക്ഷേ, ഒരു നരവംശശാസ്ത്രജ്ഞനെന്ന നിലക്ക് എന്നെ സംബന്ധിച്ചേടത്തോളം യൂണിവേഴ്സലിസം എന്നത് ഒരു ‘മലിനമായ പദമാണ്’. ജിഹാദിനെ നന്നായി തോന്നിക്കുക എന്നതിനെക്കാൾ, അതിനെ കൗതുകകരമാക്കുക എന്നതാണ് ഈ പുസ്തകം.

യൂണിവേഴ്സലിസത്തെയും, അന്താരാഷ്ട്ര നിയമങ്ങളെയും സൈദ്ധാന്തികവത്കരിക്കാനുള്ള സമ്പ്രദായിക ശ്രമങ്ങളിൽ നിന്നും എങ്ങനെയാണ് താങ്കളുടെ സമീപനവും ആഖ്യാനവും വ്യത്യാസപ്പെടുന്നത്?

അന്താരാഷ്ട്ര നിയമങ്ങളെ എമ്പയറിന്റെയും വെള്ള വംശീയാധിപത്യത്തിന്റെയും അപരിഹാര്യമായ ഉപകരണങ്ങൾ എന്ന നിലക്കോ അല്ലെങ്കിൽ കൂടുതൽ നീതിയുക്തവും ഉൾക്കൊള്ളൽ മനോഭാവമുള്ള ഒരു ആഗോള വ്യവസ്ഥയുടെ ആവശ്യകതയെക്കുറിച്ചോ സംസാരിച്ചുകൊണ്ടാണ് TWAIL-ൽ (തേഡ് വേൾഡ് അപ്രോച്ച് ടു ഇന്റെർനാഷണൽ ലോ) ഞങ്ങളുടെ മിക്ക വർക്കുകളും പുറത്തുവരാറുള്ളത്. എന്നാൽ ഈ പുസ്തകം ഒരു ചോദ്യമുന്നയിച്ചുകൊണ്ട് അൽപം വ്യത്യസ്തമായ ഒരു സംഗതിയാണ് നിർവഹിക്കുന്നത്: യൂണിവേഴ്സലിസത്തെക്കുറിച്ചുള്ള പൊതുവിമർശനങ്ങൾ അതിന്റെ വൈകല്യങ്ങളല്ല, മറിച്ച് സവിശേഷതകളാണെങ്കിലോ? യൂണിവേഴ്‌സലിസ്റ്റ് പദ്ധതികൾ അവർ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന ജീവിത യാഥാർഥ്യങ്ങളുടെ മുഴുവൻ വൈവിധ്യങ്ങളെയും ഒരിക്കലും പ്രതിഫലിപ്പിക്കുകയില്ല, അവയെപ്പോഴും ഒരു പരിധിവരെ സ്വതാൽപര്യങ്ങളുടെ പിറകെയായിരിക്കും, ഇതെല്ലാം പല തരത്തിലുള്ള പുറംതള്ളലുകളെ സാധ്യമാക്കും- എന്നിത്യാദി വസ്തുതകളൊന്നും തന്നെ ഒരു പ്രത്യേക തരം യൂണിവേഴ്സലിസം തെറ്റാണെന്നതിന്റെ തെളിവുകളല്ലെങ്കിലോ? മറിച്ച് യൂണിവേഴ്സലിസത്തെ സിദ്ധാന്തിക്കുമ്പോഴൊക്കെ നാം കണക്കിലെടുക്കേണ്ട പൊതുവായ ഗുണവിശേഷങ്ങൾ മാത്രമാണെങ്കിലോ അവ?

അന്താരാഷ്ട്ര നിയമത്തിൽ, യൂണിവേഴ്സലിസത്തെ കുറിച്ച ചോദ്യങ്ങളെല്ലാം ദേശ-രാഷ്ട്രത്തിന്റെ രൂപത്തിലൂടെയാണ് കടന്നുവരാറുള്ളത്. ചിലയവസരങ്ങളിൽ, യൂണിവേഴ്സൽ മൂല്യങ്ങളെ വഹിക്കുന്ന വാഹനമാണ് ദേശരാഷ്ട്രങ്ങൾ, മറ്റു ചിലപ്പോൾ അത് യൂണിവേഴ്സലിസത്തിന് എതിരുമാവാം. മനുഷ്യാവകാശ മാതൃകകളെ മൂർത്തമായ നയരേഖ എന്ന നിലക്ക് അംഗീകരിക്കുന്നതിനും, മറുവശത്ത് ദേശീയ സങ്കുചിതത്വങ്ങളെ അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരായി അവതരിപ്പിക്കുന്നതിനും വേണ്ടി എങ്ങനെയാണ് നാം ഒരേസമയം സ്റ്റേറ്റിനെ ആശ്രയിക്കുന്നതെന്ന് ആലോചിച്ചുനോക്കൂ. ഈ ബലതന്ത്രത്തിന്റെ ഒരു രൂപമാണ് ബോസ്നിയൻ ജിഹാദികളുടെ കാര്യത്തിലും നാം കണ്ടത്: സലഫി മൗലികവാദികൾ എന്നു പറയപ്പെടുന്ന ഈ രാഷ്ട്രാന്തരീയ പോരാളികൾ, അമുസ്‌ലിംകളോ അനുഷ്ഠാന മുസ്‌ലിംകൾ അല്ലാത്തവരോ ആയ ജനറലുമാരുടെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. അവരിലധികപേരും മുൻകാല കമ്യൂണിസ്റ്റുകളുമായിരുന്നു. മുസ്‌ലിംകളെ സംരക്ഷിക്കാനുള്ള ഈ യുദ്ധത്തിന് ഒരു ഗവണ്മെന്റിന്റെയും അനുവാദം വേണ്ട എന്നായിരുന്നു ഈ ജിഹാദി പോരാളികൾ വിശ്വസിച്ചിരുന്നത്, എന്നാൽ ഉചിതമെന്നു തോന്നിയപ്പോൾ ഒരു സ്ഥാപിത ദേശരാഷ്ട്രത്തോട് സഹകരിച്ചു പ്രവർത്തിക്കാനും അവർ തയ്യാറായി. ഈയർത്ഥത്തിൽ, ലിബറൽ മാനുഷികവാദികളിൽ നിന്ന് ഒട്ടും വ്യത്യസ്തരല്ല ഇവരും; ദേശരാഷ്ട്രങ്ങൾക്കും ഉപരിയായി നിൽക്കുന്ന ഹിംസയുടെ ചില ആധിപത്യ രൂപങ്ങളുണ്ടെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു. അന്താരാഷ്ട്ര നിയമത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാർ വളരെ മുൻപു തന്നെ തിരിച്ചറിഞ്ഞതു പോലെ, യൂണിവേഴ്സലിസവും ദേശീയതയും തമ്മിലുള്ള ഇടപാടുകൾ അനിവാര്യമായും അനിശ്ചിതിമായ ഒന്നാണ്.

എന്നാൽ, ഇത്തരം വസ്തുതകളെല്ലാം മുഖ്യധാരാ വ്യവഹാരങ്ങളിൽ നിന്ന് തഴയപ്പെട്ടതാണ്. ദേശരാഷ്ട്ര മാതൃകയെയും, അതിന്റെ ഭാഗമായുള്ള നിയമപരവും യുക്ത്യാധിഷ്ടിതവുമായ നിയന്ത്രണങ്ങളെയും പാടേ തള്ളിക്കളയുന്നവരായിട്ടാണ് ജിഹാദികൾ അവിടെ ചിത്രീകരിക്കപ്പെടുന്നത്. ദേശരാഷ്ട്രങ്ങൾ അപ്പോഴും ഒരുപാട് വിശകലന സംവർഗ്ഗങ്ങൾക്ക് രൂപംകൊടുക്കുകയാണ്. അതുകൊണ്ടാണ് ബോസ്നിയ പോലുള്ള മിക്ക സംഘർഷ ആഖ്യാനങ്ങളിലും വിദേശ പോരാളികൾ നുഴഞ്ഞുകയറ്റക്കാരും പിശാചുക്കളുമായി പ്രത്യക്ഷപ്പെടുന്നത്.

അത്തരം ചിത്രീകരണങ്ങളിൽ നിന്നു ഭിന്നമായി, ബോസ്നിയൻ യുദ്ധത്തിൽ പങ്കെടുത്ത ജിഹാദി പോരാളികളുടെ മുൻകാല-പിൻകാല ജീവിതങ്ങളിലെ വൈവിധ്യങ്ങളെയും സങ്കീർണതകളെയും താങ്കളുടെ പുസ്തകം ശക്തമായി അവതരിപ്പിക്കുന്നുണ്ട്. “അടിത്തട്ടിൽ നിന്നുള്ള എത്നോഗ്രഫിക് ചരിത്രം” എന്നാണല്ലോ താങ്കൾ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. ഈ സമീപനത്തെ കുറിച്ച് അൽപം സംസാരിക്കാമോ?

ഒരു രാജ്യത്ത് തങ്ങളുടെ വീട്ടിൽ സ്വസ്ഥമായി ഇരിക്കുകയായിരുന്ന, എന്നാൽ, പെട്ടെന്ന് സ്വന്തം ജീവൻ പോലും ബലി കഴിച്ചുകൊണ്ട് ആയിരക്കണക്കിന് മൈലുകൾ താണ്ടി ഇസ്‌ലാമിന്റെ പേരിൽ മാത്രം പോരാടാനെത്തിയ ഒരു വിഭാഗം എന്ന നിലക്കാണ് വിദേശ പോരാളികളെ പൊതുആഖ്യാനങ്ങൾ പരിചയപ്പെടുത്താറുള്ളത്. ഒരു ദേശീയ ഇടത്തു നിന്നും മറ്റൊരിടത്തേക്ക് യാതൊരു കാരണവുമില്ലാതെ യാത്ര ചെയ്യുന്നതിനെ ഐതിഹാസികമെന്നോ ഭ്രാന്തമെന്നോ വിശേഷിപ്പിക്കാം. എന്നാൽ, അതല്ല കഥ. ഈ ജിഹാദി ചലനങ്ങളുടെ വഴികൾ, നിലനിൽക്കുന്ന ചലനങ്ങളെയും ദേശാന്തര  ബന്ധങ്ങളെയും നിർമ്മിക്കുകയും പെരുപ്പിക്കുകയും പരിവർത്തിപ്പിക്കുകയുമായിരുന്നു ചെയ്തത്.

എമ്പയർ, ഡയസ്പോറ തുടങ്ങിയ സംവർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ദേശരാഷ്ട്രത്തെ ബന്ധിപ്പിക്കാൻ ഈ പുസ്തകം ശ്രമിക്കുന്നുണ്ട്. ഗവേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഞാൻ നിരീക്ഷിച്ച ഒരു സംഗതി, ജിഹാദി പ്രമുഖരിൽ അധിക പേരും തങ്ങളുടെ രാജ്യത്തു നിന്നും യാത്ര ചെയ്തു വന്നവരല്ല, മറിച്ച് പല കാരണങ്ങളാൽ വിദേശത്ത് ജീവിച്ചിരുന്നവരാണ് എന്നതാണ്. അതുകൊണ്ടുതന്നെ, അവർ എവിടെ നിന്നു വന്നു എന്നതിനു പകരം, എങ്ങനെ വന്നു എന്നാണ് ഞാൻ അന്വേഷിക്കുന്നത്. അവരുടെ യഥാർഥ പരിതസ്ഥിതികളെ പരിശോധിക്കാനുള്ള പ്രധാന മാർഗം എന്ന നിലക്ക് അവരുടെ പൂർവദേശത്തിൽ നിന്നു മാറിചിന്തിച്ചപ്പോൾ, അവരുടെ ഉദയത്തെ സംബന്ധിച്ച കൂടുതൽ വിപുലമായ സാമൂഹിക പശ്ചാത്തലങ്ങൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ജോലിക്കാർ, വിദ്യാർത്ഥിക്കൾ, അഭയാർത്ഥികൾ, തീർത്ഥാടകർ തുടങ്ങി അനേകം തരത്തിലുള്ള സഞ്ചാരങ്ങളിൽ എത്രത്തോളം ആളുകൾ ഏർപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കിയാൽ, സായുധ പ്രവർത്തനങ്ങളിലേക്കുള്ള അവരുടെ മാറ്റവും അത്ര വിചിത്രമല്ലാത്തതായി കാണാനാകും.

ജിഹാദിനെ കുറിച്ച് പഠിക്കാൻ ഈ സമീപനം സ്ഥാപിച്ചതിനു ശേഷം, മറ്റു പ്രതിഭാസങ്ങളെയും പഠിക്കാൻ സമാനമായ പരിപ്രേക്ഷ്യങ്ങൾ സഹായകമാകുമെന്ന് പുസ്തകം വാദിക്കുന്നു. പുസ്തകത്തിന്റെ രണ്ടാം പകുതിയിൽ പ്രധാനമായും ഇതാണ് വരുന്നത്. ഉദാഹരണത്തിന്, ‘ചേരി-ചേരാ പ്രസ്ഥാനം’ (നോൺ-അലൈൻമെന്റ് മൂവ്മെന്റ്-NAM) എപ്പോഴും പഠിക്കപ്പെട്ടത് പ്രമുഖരായ ആളുകളുമായുള്ള (അതും പുരുഷന്മാർ) യോഗങ്ങളുടെ പരമ്പര എന്ന നിലക്കാണ്. അവർ രാഷ്ട്രീയ നേതാക്കളോ ആർട്ടിസ്റ്റുകളോ ആവട്ടെ, അവസാനം ബാക്കിയാവുന്നത് ഗൃഹാതുരത്വത്തിന്റെയും തിരസ്കരണത്തിന്റെയും അരസികമായ തെരഞ്ഞെടുപ്പോടു കൂടിയ നേരിയ ഒരു ആഖ്യാനം മാത്രമാണ്. എന്നാൽ, യൂഗോസ്ലാവിയയിലേക്ക് യാത്ര ചെയ്തുകൊണ്ട്, അവിടെ നിന്നും വിവാഹം കഴിച്ച് കുടുംബമായി കഴിയുന്ന അറബ് വിദ്യാർത്ഥികളുടെ ജീവിതത്തെ കുറിച്ച് പഠിച്ചുകൊണ്ട് എങ്ങനെയാണ് ചേരിചേരാ പ്രസ്ഥാനം പുതിയ ജീവിത യഥാർഥ്യങ്ങളെ സൃഷ്‌ടിക്കുന്നത് എന്നാണ് ഈ പുസ്തകം വരച്ചുകാട്ടാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ യുഎൻ സമാധാനദൗത്യവുമായി ബന്ധപ്പെട്ട്, സ്റ്റേറ്റിനെ പിന്തുണക്കുന്ന വിവിധ ട്രൂപ്പുകളുടെയും അവരുടെ ഉദ്ദേശ്യങ്ങളുടെയും പരിപ്രേക്ഷ്യത്തിലൂടെ ഈ പ്രതിഭാസത്തെ പഠിക്കാൻ ശ്രമിക്കുന്ന, നയകേന്ദ്രീകൃത സാഹിത്യങ്ങളുടെ ഏതാനും പതിറ്റാണ്ടുകൾ നമുക്കുണ്ടായിരുന്നു. എന്നാൽ, യുഎൻ ഇരുരാജ്യങ്ങളിലും നടത്തിയ ഓപ്പറേഷനുകളിൽ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കീഴിൽ ഒരേ കൊളോണിയൽ ചരിത്രം പങ്കുവെക്കുന്ന ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിപുലമായ പങ്കാളിത്തത്തിലാണ് ഈ പുസ്തകം കൂടുതൽ ഊന്നുന്നത്. അവർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും നൂറ്റാണ്ടുകളോളം സേനയെ അയക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനി സമാധാന സേനയുടെ ഭാഗമായി ബോസ്നിയയിൽ സേനവനമനുഷ്ഠിച്ച ചിലരോട് സംസാരിച്ചപ്പോൾ, അവരുടെ സൈനിക ചരിത്രം മടങ്ങുന്നത് 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലെ ഭോപ്പാലിലേക്കാണ്. അവരെ സംബന്ധിച്ചേടത്തോളം, ബാൾക്കനിലെ അവരുടെ സേവനം എന്നത് ഏഷ്യയിലേയും, യൂറോപ്പിലേയും, ആഫ്രിക്കയിലേയും സാമ്രാജ്യത്വപരവും ദേശീയവുമായ യുദ്ധചരിത്രങ്ങളടങ്ങിയ ഒരു പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു.

ചേരിചേരാ പ്രസ്ഥാനത്തെക്കുറിച്ച് പറയുന്നതിനിടയിൽ, ഈ പുസ്തകം ആരംഭിക്കാൻ താങ്കൾ തെരഞ്ഞെടുത്ത രീതിയിൽ എനിക്കൽപ്പം ആശ്ചര്യം തോന്നി. കാരണം, 1990-കളിൽ ബോസ്നിയയിലേക്ക് യുദ്ധത്തിനെത്തുന്ന ഒരു മുജാഹിദിന്റെ കഥ പറഞ്ഞുകൊണ്ടല്ല നിങ്ങൾ തുടങ്ങുന്നത്, മറിച്ച് 1970-കളിൽ പഠനാവശ്യാർത്ഥം യൂഗോസ്ലാവിയയിൽ എത്തിയ ഒരു ഇറാഖിയുടെ കഥ പറഞ്ഞുകൊണ്ടാണ്. തുടർന്നും ചേരിചേരാ പ്രസ്ഥാനത്തെ കുറിച്ചു പറയുന്ന ഒരു അധ്യായത്തിൽ ഇത്തരം ദേശാന്തര ഗമനങ്ങളുടെയും ഇടപാടുകളുടെയും ഒരുപാട് ഉദാഹരണങ്ങൾ താങ്കൾ പറയുന്നുണ്ട്. ചേരിചേരാ പ്രസ്ഥാനവും മുസ്‌ലിം ലോകവും തമ്മിലെ അക്കാലത്തെ ബന്ധത്തെ പറ്റി, സോഷ്യലിസ്റ്റ് സെക്കുലർ യൂഗോസ്ലാവിയയിലേക്ക് പാലായനം ചെയ്ത അറബ് യുവാക്കളുടെ കഥകൾ എന്തെല്ലാം ഉൾക്കാഴ്ചകളാണ് നൽകുന്നത്? എങ്ങനെയാണ് ചേരിചേരാ പ്രസ്ഥാനത്തെ യൂണിവേഴ്സലിസത്തിന്റെ ഒരു പ്രത്യേക ബ്രാൻഡ് എന്ന നിലക്ക് താങ്കൾ മനസ്സിലാക്കുകയും സിദ്ധാന്തിക്കുകയും ചെയ്യുന്നത്? യൂഗോസ്ലാവിയയിലെ യുദ്ധം ആത്യന്തികമായി ചേരിചേരാ പ്രസ്ഥാനത്തിനുണ്ടാക്കിയ ആഘാതങ്ങൾ എന്തൊക്കെയാണ്?

ജിഹാദിനെ കുറിച്ച ആഗോള പഠനത്തിനിടയിൽ, കേവലമായ ഒരു ദേശരാഷ്ട്ര കേസ്-സ്റ്റഡി എന്ന നിലക്ക് ബോസ്നിയയെ ചുരുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് യൂഗോസ്ലാവിയൻ സോഷ്യലിസത്തിന്റെ പാരമ്പര്യത്തെ തികഞ്ഞ ഗൗരവത്തോടെ തന്നെയാണ് ഈ പുസ്തകം വീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതു പോലെ, ദേശീയ മാതൃകയിൽ നിന്നു ഭിന്നമായി, ദേശാന്തര മാതൃകയിൽ ചിന്തിക്കുന്നത് ചില അടിസ്ഥാന വസ്തുതകളെ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ബോസ്നിയയിൽ യുദ്ധത്തിനെത്തുന്ന ഒരു കൂട്ടം അറബികളെ കുറിച്ച് ആലോചിക്കുകയാണെങ്കിൽ, അവരെങ്ങനെയായിരിക്കും പ്രാദേശികരുമായി ഭാഷാപരമായി സംവദിച്ചിട്ടുണ്ടാവുക? ഈ ദ്വിഭാഷാ വൃത്തിയുടെ ലഭ്യമായ മാർഗം ചേരിചേരാ പ്രസ്ഥാനം വഴി ഇവിടെയെത്തിയ വിദ്യാർത്ഥികളായിരുന്നു. ചരിത്രകാരനായ നതാലി റോത്മാൻ അവരെ വിശേഷിപ്പിക്കുന്നത് ‘കൾച്ചറൽ ബ്രോക്കേഴ്സ്’ എന്നാണ്. ദക്ഷിണ ലോകത്തു നിന്നും യൂഗോസ്ലാവിയയിലേക്ക് യാത്ര ചെയ്തെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വിശാലമായ ചരിത്രത്തിന്റെ ഭാഗമാണ് ഇവരും. സോവിയറ്റ് പ്രസ്ഥാനമാകട്ടെ വംശങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിലെ ഒരുപാട് സംഘട്ടനങ്ങളുടെ വളർച്ചക്ക് ആക്കം കൂട്ടുകയും ചെയ്തു. അവയെക്കുറിച്ച് പണ്ഡിതന്മാർ വീക്ഷിച്ചു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ, ഇന്നും അത് പലതരത്തിൽ തുടരുന്നു.

യൂഗോസ്ലാവിയ

കുറച്ചുകൂടി വിശാലമായി, യുദ്ധം, അധിനിവേശം, ജിഹാദിസം തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് വഴിവെച്ചുകൊണ്ടിരിക്കുന്ന ചില ശീതയുദ്ധകാല ചിന്താഗതികളെ അലോസരപ്പെടുത്താനും ഞാൻ ആഗ്രഹിച്ചിരുന്നു. പൂർവ യൂഗോസ്ലാവിയയിൽ ലിബറലുകളും ഇസ്‌ലാമിസ്റ്റുകളും ഭരണകൂട സോഷ്യലിസങ്ങളെ അടിസ്ഥാനപരമായി മതവിരുദ്ധവും മർദ്ദകവുമെന്ന് കണ്ട് തള്ളിക്കളഞ്ഞിരുന്നു. തീർച്ചയായും അമേരിക്കൻ അനുഭാവികൾക്ക് രസിക്കുന്ന ചിത്രീകരണമാണിത്. അതുകൊണ്ടു തന്നെയാണ് ബോസ്നിയൻ മുസ്‌ലിംകളെ രക്ഷിക്കാനുള്ള യുദ്ധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പാൻ-ഇസ്‌ലാമിക് ആക്റ്റിവിസ്റ്റുകളോട് സഖ്യം ചേരാൻ അമേരിക്കൻ-ബ്രിട്ടീഷ് നവപാരമ്പര്യവാദികൾക്ക് കഴിഞ്ഞതും. മറുവശത്ത്, വളരെ കാലം മുൻപു തന്നെ ഇടതു രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധതകളെല്ലാം ഉപേക്ഷിച്ച ഭരണകൂടങ്ങളെ പ്രതിരോധിച്ചുകൊണ്ട്, ഇടത് പദ്ധതികളോടുള്ള ഒരു തരം ഗൃഹാതുരത്വം നിർമ്മിക്കാനുള്ള ദൗർഭാഗ്യകരമായ ശ്രമങ്ങളുമുണ്ടായിരുന്നു. ഉദാഹരണത്തിന്, യുദ്ധകാലത്തെ സെർബ് ദേശീയവാദികൾ യൂഗോസ്ലാവിയൻ സോഷ്യലിസത്തെ തകർക്കാൻ പണിയെടുത്തിരുന്നു. അതേസമയം, യൂഗോസ്ലാവ് സ്റ്റേറ്റിന്റെ സൈന്യവും നയതന്ത്ര സംവിധാനവും (അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളും അതിനെ തുടർന്നു ആയുധ കരാറുകളും) ഉൾപ്പെടെയുള്ള സംഗതികൾ അവർ അനന്തരമെടുക്കുകയും ചെയ്തിരുന്നു. അവർക്ക് “ബ്രദർഹുഡ് ആൻഡ് യൂണിറ്റി” എന്ന സോവിയറ്റ് മുദ്രാവാക്യത്തെ തിരസ്കരിക്കാനും, ഇറാഖിൽ സദ്ദാമുമായും ലിബിയയിൽ ഗദ്ദാഫിയുമായും ചേരിചേരാ സഖ്യമുള്ളപ്പോൾ തന്നെ മുസ്‌ലിംകളെ അവരുടെ വീടുകളിൽ വെച്ച് അറുകൊല ചെയ്യാനും കഴിഞ്ഞിരുന്നു.

ഈ അനാകർഷണമായ ചർച്ചകളിൽ, ഇടതു പദ്ധതികൾ പിരിച്ചുവിടപ്പെടുകയോ, ശൂന്യമായ മുദ്രാവാക്യങ്ങളിലേക്ക് ചുരുക്കപ്പെടുകയോ ആണുണ്ടായത്. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉദ്ധാനവും പതനവും ആളുകൾ എങ്ങനെയാണ് അനുഭവിച്ചതെന്നും, അതിന്റെ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരുന്നു എന്നുമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിനിടക്ക്, ഇടതു രാഷ്ട്രീയത്തെ കുറിച്ച ആലോചനകളിൽ വ്യത്യസ്തമായ ചില സാധ്യതകളെ കൂടി പ്രദാനം ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്. കൂടുതൽ സത്യസന്ധതയോടും നിശ്ചയദാർഢ്യത്തോടും കൂടി, ദേശാന്തര ഐക്യത്തിന്റെ സഹജമായ പ്രശ്നങ്ങളെ/വൈകൃതങ്ങളെ നാം നേരിടണമെന്നാണ് ഞാനാഗ്രഹിക്കുന്നത്.

പുസ്തകത്തിന്റെ പ്രയാണത്തിനിടക്ക് കടന്നുവരുന്ന വംശം, വംശീയവത്കരണം (race and racialisation) എന്നിവയുടെ അടിയൊഴുക്കുകളുമായി ഇത് തീർച്ചയായും താദാത്മ്യപ്പെടുന്നുണ്ട്. യൂറോപ്പിന്റെ കലുഷിതമായ അതിർത്തി എന്ന യൂഗോസ്ലാവിയയെക്കുറിച്ചുള്ള സ്ഥിരവിമർശനങ്ങൾക്കപ്പുറത്തേക്ക് താങ്കൾ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. തുടർന്ന് ബോസ്നിയയിലെ ജിഹാദി ആഹ്വാനങ്ങൾ, അതിൽ പങ്കെടുത്തവരുടെ വംശന്തര-ദേശാന്തര രൂപകങ്ങൾ തുടങ്ങിയ കൂടുതൽ സങ്കീർണമായ ഘടകങ്ങളിലേക്കാണ് താങ്കൾ നീങ്ങുന്നത്. ആഗോള ഭീകര വിരുദ്ധ യുദ്ധത്തിലെ മുസ്‌ലിംകളുടെ വംശീയവത്കരണത്തിന്റെ മുന്നറിവായും, ഒപ്പംതന്നെ, മുസ്‌ലിംകൾ തമ്മിലുള്ള വംശീയവത്കരണത്തിന്റെ ഇടമായും ബോസ്നിയയെ അടയാളപ്പെടുത്തുന്നുണ്ട്. ബോസ്നിയ എന്ന ആശയത്തെ അല്ലെങ്കിൽ സൂചകത്തെ വ്യത്യസ്തമായ യൂറോപ്യൻ ജിഹാദായും പറയുന്നു.

ദറൈൽ ലീ

യൂഗോസ്ലാവ് യുദ്ധങ്ങളെയും ബാൾക്കണിനെയും സംബന്ധിച്ച പാണ്ഡിത്യം പൊതുവിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് പടിഞ്ഞാറുമായുള്ള വ്യത്യാസ നിർമ്മിതിയിലാണ്. ഇത് പ്രധാനമാണെങ്കിലും, അതിനേക്കാൾ രസകരമായ സംഗതി, ഈ പ്രദേശം (യൂഗോസ്ലാവ്) ആഗോള വംശ ശ്രേണികളെ എപ്രകാരം ആശയക്കുഴപ്പത്തിലാക്കുന്നു എന്നതാണ്. സർവ്വോപരി, യൂഗോസ്ലാവിയയല്ലാതെ വേറെവിടെയാണ് സാധാരണ മൂന്നാം ലോകരാഷ്ട്രങ്ങളുടെ കാര്യത്തിൽ മാത്രം സംഭവിക്കുന്ന അധിനിവേശങ്ങൾക്ക് യൂറോപ്യൻ രാഷ്ട്രങ്ങൾ വിധേയമായത്? എവിടെയാണ് ആഫ്രിക്കൻ സമാധാന പ്രവർത്തകർ വെള്ളക്കാരായ അഭയാർത്ഥികൾക്ക് സഹായഹസ്തം നീട്ടുന്നത് കണ്ടിട്ടുള്ളത്, ഇവിടെയല്ലാതെ? മാത്രമല്ല, ജിഹാദിന്റെയും മറ്റു പാൻ-ഇസ്‌ലാമിസ്റ്റ് സംഘാടനങ്ങളുടെയും പശ്ചാത്തലത്തിൽ, ബോസ്നിയൻ വനിതകളെ വിവാഹപങ്കാളികളാക്കാനുള്ള വംശവത്കൃത ആഗ്രഹങ്ങൾ അറബികൾ (പ്രത്യേകിച്ച് ഗൾഫിൽ നിന്നുള്ള) സമ്പന്നരും ആധികാരിക ഇസ്‌ലാമിന്റെ വക്താക്കളുമാണെന്ന ധാരണയ്ക്കെതിരായിരുന്നു.

ഇവിടെ, ബാൾക്കൻ പ്രദേശത്തെ “അത്ര വെളുത്തതല്ലാത്ത” പ്രദേശമായി കാണുന്ന പ്രവണത, മുസ്‌ലിംകളെ “വെള്ളക്കാരല്ലാത്ത മറ്റുള്ളവരായി” ചിത്രീകരിക്കുന്ന ആഗോള പദ്ധതിയുമായി സംഗമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, സെർബ്, ക്രോട്ട് ദേശീയവാദികളെ സംബന്ധിച്ചിടത്തോളം, ഇസ്‌ലാമിക മതമൗലികവാദത്തിൽ നിന്നും യൂറോപ്പിനെ രക്ഷിക്കുക എന്ന വ്യാജേന ബോസ്നിയൻ മുസ്‌ലിംകൾക്കു നേരെ ഹിംസയുൽപ്പാദിപ്പിക്കുക എന്നത്, ആഗോള വെള്ള വംശീയാധിപത്യത്തിന്റെ ശ്രേണിയിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. വംശീയവത്ക്കരണത്തിന്റെ വ്യത്യസ്ത കേന്ദ്രങ്ങളുടെ ഈ സംഗമം ഒരർത്ഥത്തിൽ, ബോസ്നിയയെ ഒരു വിരുദ്ധോക്തിയിൽ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. ഒരേസമയം ആശ്ചര്യവും സന്ദേഹവും ജനിപ്പിക്കുന്ന ഒന്ന്! പടിഞ്ഞാറൻ ലിബറലുകളെ സംബന്ധിച്ചേടത്തോളം ബോസ്നിയയുടെ മുസ്‌ലിംസ്വഭാവം (Muslimness) ഒരേസമയം യൂറോപ്പിന്റെ മതേതര ഭാവത്തെയും സഹിഷ്ണുതയെയും, പഴയ വംശീയ നടപടികളിലേക്ക് തെന്നിമാറാൻ കെൽപ്പുള്ള വെള്ള വംശീയതീവ്രവാദികളെയുമാണ് സൂചിപ്പിക്കുന്നത്. എന്നാൽ അനേകം മുസ്‌ലിം കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം, ബോസ്നിയയുടെ “വെളുപ്പ്” ഇസ്‌ലാമിന്റെ സാർവ്വലൗകികതയുടെയും ബഹുവംശ ഉൾക്കൊള്ളലിന്റെയും ഉദാഹരണമാവുമ്പോൾ തന്നെ, ഭക്തിക്കുറവിന്റെ ഉൽക്കണ്ഠകളുമായും ആധികാരികയില്ലായ്മയുമായും ബന്ധപ്പെട്ടു കിടക്കുന്നു. ബാൾക്കനെ കുറിച്ചുള്ള നിലനിൽക്കുന്ന സംഭാഷണങ്ങളിൽ നിന്നും പുറത്തുകടക്കാൻ ഇത്തരം വ്യത്യസ്ത ബലതന്ത്രങ്ങളെ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

യൂഗോസ്ലാവിയ യുദ്ധത്തിന്റെ ഭാഗമായി നടന്ന 1995ലെ സെർബ്രനിക കൂട്ടക്കൊലയിൽ കൊല്ലപ്പട്ടവരുടെ ഖബറുകൾക്കരികിൽ ബന്ധുക്കൾ

കാര്യങ്ങൾ ഉച്ചസ്ഥായിയിലെത്തുന്ന പുസ്തകത്തിന്റെ അവസാന ഭാഗം, ഈ പുസ്തകത്തിലെ ഏറ്റവും ശക്തമായ യൂണിവേഴ്‌സലിസം, അതിനു മുൻപ് വന്നുപോയ മുഴുവൻ യൂണിവേഴ്സലിസത്തെയും മറികടന്ന ഒന്ന്, അഥവാ ഭീകരവിരുദ്ധ യുദ്ധം (war on terror). ഈ ഭീകരവിരുദ്ധ യുദ്ധത്തെയും യൂഎസ് എമ്പയറിനെയും അതിന്റെ നിയമ യുക്തികളെയും കുറിച്ച് താങ്കളുടെ ബോസ്നിയൻ കഥകൾ എന്തൊക്കെയാണ് പറഞ്ഞു തരുന്നത്?

ശീതയുദ്ധാനന്തരം,  മാനുഷികവാദ അധിനിവേശ ആശയങ്ങളെ വികസിപ്പിക്കുന്നതിന് ഒരുപക്ഷേ ഏറ്റവും സുപ്രധാനമായ ഇടം ബോസ്നിയ ആയിരുന്നു. അതേസമയം തന്നെ വാർ ഓൺ ടെററിന്റെ ആരംഭഘട്ടത്തിൽ അതിപ്രധാന ഇടമായി വർത്തിക്കാനും ബോസ്നിയക്ക് കഴിഞ്ഞിട്ടുണ്ട്. 9/11 ആക്രമണങ്ങൾക്ക് ശേഷം അധികം വൈകാതെ ബോസ്നിയയിൽ വെച്ച് 6 അൾജീരിയൻ വംശജരെ പ്രാദേശിക കോടതി വിധി ലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും ഗ്വാണ്ടനാമോ തടവറകളിലേക്ക് മാറ്റുകയും ചെയ്ത ഒരു സംഭവമുണ്ടായി. അഫ്‌ഗാൻ യുദ്ധഭൂമികളിലെ അറസ്റ്റുകൾക്ക് അമേരിക്ക സമാന ന്യായീകരണങ്ങൾ നടത്തിയത് ബോസ്നിയൻ കേസിലേക്ക് ശ്രദ്ധയാകർഷിക്കാൻ കാരണമായി. സമാന ന്യായീകരണങ്ങളിലൂടെ പൂർണമായും ആഗോളീകരിക്കപ്പെട്ട ഒരു സായുധ സംഘട്ടനത്തിന്റെ മാതൃക അവതരിപ്പിക്കുകയായിരുന്നു അമേരിക്ക. അമേരിക്കൻ സുപ്രീം കോടതിയിൽ നിന്നും ഹേബിയസ് കോർപ്പസ് അവകാശങ്ങൾ നേടിയെടുക്കാൻ ഒടുവിൽ അൾജീരിയൻ തടവുകാർക്ക് സാധിച്ചു. വിഷയം കുപ്രസിദ്ധമായതോടെ, ജിഹാദിൽ പങ്കെടുക്കുന്നു എന്നു തുടങ്ങിയ സംശയങ്ങളുയർത്തി തങ്ങളുടെ രാജ്യത്തു നിന്നും അറബ് വംശജരെ നാടുകടത്താനും ജയിലിലടക്കാനും നിയമപരമായ വഴികൾ നെയ്തെടുക്കുകയായിരുന്നു പിന്നീടുളള വർഷങ്ങളിൽ അമേരിക്കൻ മാർഗോപദേശത്തിനു കീഴിൽ ബോസ്നിയൻ ഭരണകൂടം. വാർ ഓൺ ടെറർ എങ്ങനെയാണ് ആളുകളെ ഗ്വാണ്ടനാമോ പോലുള്ള “അസാധാരണ” തടവറകൾക്കും മറ്റു രാഷ്ട്രങ്ങളുടെ കുടിയേറ്റക്കാരെ പാർപ്പിക്കുന്ന സാധാരണ ജയിലുകൾക്കും ഇടയിൽ തട്ടിക്കളിച്ചതെന്ന് സംബന്ധിച്ച് വിശദമായി പരിശോധിക്കുന്നുണ്ട് പുസ്തകം. ഔപചാരിക നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നവരല്ല (ബോസ്നിയ) യഥാർത്ഥത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് (യു.എസ്) എന്നത് പ്രശ്‌നങ്ങളെ നിയമപരമായി നേരിടുക ജയിലിലടക്കപ്പെട്ടവർക്ക് കൂടുതൽ ദുഷ്കരമാക്കി മാറ്റുന്നു.

പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ, ഗ്വാണ്ടനാമോ തടവറകൾ തുടങ്ങി അമേരിക്ക അവരുടെ അതിർത്തിക്കപ്പുറത്ത് നേരിട്ട് നടത്തിയ തുറന്ന ആക്രമണങ്ങളിലാണ് വാർ ഓൺ ടെററിനെ സൂക്ഷ്മമായി പരിശോധിക്കുന്ന മിക്ക പഠനങ്ങളും കേന്ദ്രീകരിക്കുന്നത്. ഈ അഭ്യാസങ്ങൾ പക്ഷേ അമേരിക്കൻ സാമ്രാജ്യത്വ ഹിംസയുടെയും വാർ ഓൺ ടെററിന്റെയും യാഥാർത്ഥ കളിക്കാരെ കണ്ടില്ലെന്ന് നടിക്കാൻ കാരണമായിക്കൂടാ. സ്വതന്ത്രരായി വർത്തിച്ച മറ്റു രാഷ്ട്രങ്ങളാണ് വാർ ഓൺ ടെറർ ഹിംസകളിൽ മിക്കതും പ്രത്യക്ഷത്തിൽ നടപ്പിലാക്കിയത് എന്നതാണ് വസ്തുത. തങ്ങളുടെ സ്വാധീനശക്തിയുടെ വ്യാപ്തിയും സാധ്യതയും മറച്ചുവെക്കുന്നതിലും നിയമബാധ്യതകൾ ലഘൂകരിക്കുന്നതിലും ദേശീയ ഉന്നതരെ സ്വാംശീകരിക്കുന്നതിലും അമേരിക്കയെ സഹായിച്ചത് ഉപഭോക്താക്കളായ ഇത്തരം ഭരണകൂടങ്ങളാണ്. പ്രാദേശിക അധികാരത്തിലൂന്നുന്ന പരമാധികാര തത്വങ്ങൾ ഉപയോഗിച്ചാണ് സമീപ പതിറ്റാണ്ടുകളിൽ നമ്മളിൽ ഒരുപാട് പേർ വാർ ഓൺ ടെററിനെ മനസ്സിലാക്കാൻ ശ്രമിച്ചത്. തങ്ങൾ ചെയ്തു കൂട്ടുന്നതിന്റെ ഉത്തരവാദിത്വം മറ്റു രാഷ്ട്രങ്ങളുടെ മേൽ ചാർത്താൻ അമേരിക്കയെ അനുവദിക്കുന്ന ഒരു അന്താരാഷ്ട്ര നിയമവിഭാഗമായി പരമാധികാരം (sovereignty) വർത്തിക്കുന്നു എന്നതാണ് എനിക്ക് പ്രസക്തമായി തോന്നുന്നത്. പരമാധികാരം എന്നത് കേവല മേൽ-കീഴ്  അധികാരശ്രേണിയല്ല; മറിച്ച് രാഷ്ട്രങ്ങൾക്കിടയിലുള്ള ബാഹ്യ സമത്വങ്ങളെ (formal equality) സ്ഥിര അസമത്വങ്ങളുമായി (substantive inequality) സ്വരപ്പെടുത്തുന്ന ഒരു ആപേക്ഷിക അധികാര രൂപമാണ്. നിസ്സാര സ്വേച്ഛാധിപതികൾ തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ പരാമാധികാരത്തെ കൂട്ടുപിടിക്കാറുണ്ട്. എന്നാൽ, തങ്ങളുടെ നീചകൃത്യങ്ങൾ മറ്റുള്ളവരെക്കൊണ്ട് നിർവഹിപ്പിക്കാനാണ് പുതിയകാല സാമ്രാജ്യങ്ങൾ പരമാധികാരം ഉപയോഗിക്കുന്നത്.


വിവർത്തനം: അഫ്സൽ ഹുസൈൻ  & ജിഹാദ് എം

ദറൈൽ ലീ