രണ്ടുകാരണങ്ങളാല്‍ ഇരുകൂട്ടര്‍ക്കും തങ്ങളുടെ ജോലി എളുപ്പമായി. ഒന്ന്: ദൈവം, ആത്മാവ്, മതം എന്നീ വിഷയങ്ങളില്‍ തന്റെ വ്യക്തിപരമായ വീക്ഷണങ്ങള്‍ വ്യക്തമാക്കാന്‍ പെരിയാര്‍ എപ്പോഴും നിര്‍ബന്ധിക്കപ്പെട്ടിരുന്നു. രണ്ട്: രാജ്യത്തെ അധീശ മതവ്യവഹാരമായ ബ്രാഹ്മണഹിന്ദുത്വം വിതച്ച സാമൂഹിക-സാംസ്കാരിക കെടുതികള്ക്കെതിരില് ആഞ്ഞടിക്കുന്നതിനിടയില്‍ ദൈവം, മതം എന്നീ വിഷയങ്ങളെ പൊതുവായി -അവയിലെ വൈവിധ്യങ്ങളില്‍ ഊന്നാതെ- വ്യവഹരിച്ചിരുന്ന പെരിയാറുടെ ശൈലി. അതേസമയം, തനിക്കുനേരെയുള്ള നിരീശ്വരവാദം എന്ന ‘കുറ്റം’ പെരിയാര്‍ ആവര്‍ത്തിച്ചു നിഷേധിച്ചിരുന്നതാണ്. ദൈവനിഷേധവും അതിന്റെ പ്രചാരണവും തന്റെ ഉദ്ദേശ്യമല്ലെന്ന് അദ്ദേഹം നിരന്തരം വ്യക്തമാക്കുകയും ചെയ്തിരുന്നു.‘നാസ്തിക്’ എന്ന സംജ്ഞയില്‍ -പ്രത്യേകിച്ചും അത് ‘നിരീശ്വരവാദി’ (Atheist) എന്ന് ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുമ്പോള്‍- നിലീനമായ അവ്യക്തതകളെ പെരിയാറുടെ വൈരികള്‍ നന്നായി ചൂഷണം ചെയ്തിട്ടുണ്ട്. ‘നാസ്തിക്’ എന്ന പദം ഉപഭൂഖണ്ഡത്തിന്റെ പ്രത്യേക സാമൂഹിക- സാംസ്കാരിക സാഹചര്യത്തില്‍ വേദങ്ങളുടെ ആധികാരികതയെ നിഷേധിക്കുന്നയാള്‍ എന്ന് അര്‍ഥമാക്കുമ്പോള്‍ ‘എത്തിയിസ്റ്റ്’ എന്ന വാക്ക് കുറച്ചുകൂടി വിശാലമായ അര്ഥധ്വനികളുള്ക്കൊള്ളുന്നുണ്
ഒരു മതദര്‍ശനം എന്ന നിലയില്‍ ആധുനിക ഇന്ത്യയിലെ വ്യക്തിഗതവും സാമൂഹികവുമായ ജീവിത ചുറ്റുപാടുകളിലും രാഷ്ട്രീയ മണ്ഡലത്തിലും ബ്രാഹ്മണിസം ഏല്പിച്ച ഗുരുതരമായ ആഘാതങ്ങള്‍, വൈരുധ്യമെന്നുതോന്നാം, കോളനിവത്കരണത്തിനു കീഴില്‍ കൂടുതല്‍ മാരകമാവുകയാണ് ചെയ്തത്. എന്നാല്‍, പാരമ്പര്യവാദികളായ സ്വദേശി മേലാളരും ആധുനികീകരണത്തിന്റെ വക്താക്കളായ വിദേശി വരേണ്യരും തമ്മിലുള്ള ഒരു ധാരണയാണ് കൊളോണിയലിസം എന്ന കൃത്യമായ നിരീക്ഷണം ഇതിന്റെ കാരണത്തിലേക്ക് വെളിച്ചം വിതറുന്നുണ്ട്. വിവിധ നടപടിക്രമങ്ങളിലൂടെ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ബ്രാഹ്മണ ജാതിമേധാവിത്വത്തിന്റെ വ്യാപനത്തിനും അതിനെ ഒരു സ്വാഭാവിക പ്രതിഭാസമായി മാറ്റുന്നതിനും കോളനിവത്കരണം ശക്തിപകരുകയാണുണ്ടായത്. പ്രമുഖ ചിന്തകനായ പ്രൊഫ. എം. എന്‍. ശ്രീനിവാസ് ഈ വസ്തുത നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈയിടെയായി പല പ്രമുഖ ചരിത്രകാരന്മാരും ഈ നിരീക്ഷണത്തിന് അടിവരയിടുകയും പാരമ്പര്യ ഇന്ത്യ എന്ന് ഇത്രയുംകാലം അറിയപ്പെട്ടുപോന്നത് ബ്രിട്ടീഷ് ഇന്ത്യയല്ലാതെ മറ്റൊന്നുമല്ല എന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്.
ദൈവനാമത്തില്‍ ജാതി/വര്‍ണവ്യവസ്ഥയെ കൂട്ടുപിടിച്ച് മേധാവിത്വം ചമയുകയും ചൂഷണത്തെ സ്ഥാപനവത്കരിക്കുകയും ചെയ്ത ബ്രാഹ്മണവിഭാഗങ്ങളും ബ്രാഹ്മണവത്കരിക്കപ്പെട്ടവരും മാത്രമായിരുന്നു പെരിയാറിന്റെ സമരങ്ങളുടെ ഉന്നം. കൊളോണിയല്‍ യുഗത്തില്‍ അവരും അവരുടെ മതവുമായിരുന്നു ഹിന്ദുക്കളുടെയും ഹിന്ദുമതത്തിന്റെയും രൂപമണിഞ്ഞ് രംഗത്തുവന്നത്. പ്രൊഫ. റൊമിലാ ഥാപര്‍ തന്റെ വിഖ്യാതമായ Imagined Religious Communities എന്ന പ്രബന്ധത്തില്‍ ഇക്കാര്യം സമര്‍ഥിക്കുന്നുണ്ട്. പെരിയാര്‍ ഒരു മുരടന്‍ നിരീശ്വരവാദിയായി അവതരിപ്പിക്കപ്പെടുന്നതിന്റെ നേട്ടം മുഴുവനും ഇപ്പറഞ്ഞ മേല്‍ജാതി ഹിന്ദുക്കള്‍ക്കായിരുന്നു.
ആധുനികതയുടെ സന്ദര്‍ഭത്തില്‍ മതത്തിലുണ്ടായ മാറ്റങ്ങളെ പ്രതിനിധാനംചെയ്ത് പ്രധാനമായും രണ്ടുവിഭാഗങ്ങളാണ് ഇന്ത്യയില്‍ രംഗത്തു വന്നത്. ഒരുഭാഗത്ത് ജാതീയതയാല്‍ പീഡിതരായ വിഭാഗങ്ങള്‍ പാരമ്പര്യ-ശ്രേണീവത്കൃത മതത്തിന്റെ ജനായത്ത വത്കരണത്തിനും, തങ്ങള്‍ക്കുവേണ്ടി പൂര്‍ണമായോ ഭാഗികമായോ ഉള്ള ‘പവിത്ര മേലാപ്പുക’ളുടെ രൂപീകരണത്തിനും വേണ്ടി കീഴാള കര്‍ത്തൃസ്ഥാനത്തുനിന്ന് ഉയര്‍ന്നുവന്നു. വ്യക്തി-സാമൂഹിക തലങ്ങളില്‍ മതത്തെ വിമോചനാത്മകമായ ഒരനുഭവമായി പരിവര്‍ത്തിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. മറുഭാഗത്ത്, ജാതിയുടെ ശാശ്വതീകരണത്തിനുവേണ്ടി നിലകൊണ്ട വിഭാഗങ്ങള്‍, രാഷ്ട്രീയ മണ്ഡലത്തിന്റെ വര്‍ഗീയവത്കരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ നടന്ന ദൈവ/മത വിഷയങ്ങളിലെ സമൃദ്ധമായ പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ കലുഷിതവും സംഘര്‍ഷഭരിതവുമായ ഈയൊരു സാമൂഹിക സന്ദര്‍ഭത്തിന്റെ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍.
സാമൂഹിക ബന്ധങ്ങളില്‍ വിവിധ മതങ്ങള്‍ ഏല്പിക്കുന്ന ആഘാതങ്ങളിലെ വൈവിധ്യങ്ങള്‍ ജാതി-വര്‍ണ സമ്പ്രദായത്തിന്റെ ശാശ്വതീകരണം/നിര്‍മാര്‍ജനം എന്ന പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. പരിഗണനയിലുള്ള മതം സാമൂഹിക വിവേചനങ്ങള്ക്കനുകൂലമോ എതിരോ എന്നതായിരുന്നു നിര്‍ണായക പരിശോധന. നന്നെച്ചുരുങ്ങിയത്, പ്രസ്തുത മതത്തിന് ഉപഭൂഖണ്ഡത്തിലെ വ്യാപകമായ അയുക്തികതകളെ നിഷേധിക്കാനുള്ള പ്രത്യയശാസ്ത്രപരമായ ശേഷിയെങ്കിലുമുണ്ടോ എന്നതായിരുന്നു ചോദ്യം. താരതമ്യങ്ങള്‍ രസംകൊല്ലികളായി എന്നുവന്നേക്കാം. ആധുനിക ഇന്ത്യയുടെ അതീവ സ്ഫോടനാത്മകമായ സാഹചര്യങ്ങളില്‍ മനഃപൂര്‍വം പ്രകോപനങ്ങളുണ്ടാക്കുന്നു എന്ന് വികലമായി വായിക്കപ്പെടുകയും ചെയ്യപ്പെട്ടേക്കാം. സാമൂഹിക പ്രസക്തിയുള്ള ഒരു സത്യം തുറന്നുപറയുന്നതില്നിന്ന് പിന്നോട്ടുപോകാന്‍ പെരിയാര്‍, പക്ഷേ ഒരുക്കമല്ലായിരുന്നു. ഈ തുറന്നുപറച്ചില്‍ ജാതിയാല്‍ മര്‍ദിതരായ ജനകോടികളുടെ ആത്മീയ വിമോചനത്തിനും സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിനും വഴിതുറക്കും എന്നതിനാല്‍ പ്രത്യേകിച്ചും അതീവ നിര്‍ണായകമായിരുന്നു. സവര്‍ണ ജാതിമേധാവിത്വത്തിനെതിരെ അംബേദ്കര്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ പോലെത്തന്നെ പെരിയാറുടെ വെല്ലുവിളികളും രാജ്യത്തെ വരേണ്യ വിഭാഗം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, അതിനോടൊന്നു പ്രതികരിക്കുക പോലും ചെയ്തില്ല. അങ്ങനെയൊരു വെല്ലുവിളിയേ ഇല്ല എന്നു നടിക്കാനാണ് അവര്‍ക്കൊക്കെ കഴിഞ്ഞത്. ഈ നാട്യവുമായി അധികകാലം മുന്നോട്ടുപോകാനാവില്ല എന്നു വന്നപ്പോള്‍ അദ്ദേഹത്തിന്റെ വാദങ്ങളുടെ മര്‍മത്തെ മുകളില്‍ സൂചിപ്പിച്ചപോലെ വളച്ചൊടിച്ചു അവര്‍.
‘ഇന്ത്യന്‍ നവോത്ഥാന’മെന്ന പ്രമേയത്തില്‍ മേല്‍ക്കൈയുള്ള പരമ്പരാഗത വ്യവഹാരങ്ങള്‍ പോലും ജാത്യാധിഷ്ഠിതവും വിഭാഗീയവുമായ സമൂഹത്തെ പരിവര്‍ത്തിപ്പിച്ച് സാമൂഹികസമത്വവും സാമുദായിക സൗഹാര്‍ദവും യാഥാര്‍ഥ്യമാക്കാനുള്ള ബ്രാഹ്മണേതര മതങ്ങളുടെ -പ്രത്യേകിച്ചും ഇസ്ലാമിന്റെ- പ്രത്യയശാസ്ത്ര ശേഷി നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബിപിന്‍ ചന്ദ്രപാലിന്റെ നിരീക്ഷണം ഉദാഹരണത്തിനെടുക്കാം. അദ്ദേഹം പറഞ്ഞിട്ടുണ്ട്: “മുഹമ്മദീയരാണ് നമുക്കവകാശങ്ങള്‍ തന്നത്, പ്രത്യേക ജാതി-സമുദായങ്ങള്‍ എന്ന നമ്മുടെ സ്ഥാനങ്ങള്‍ക്കു പുറമെ, അവയുമായി ബന്ധമില്ലാത്തവ രാഷ്ട്രീയാവകാശങ്ങളും. ജനായത്തത്തിന്റെ, യഥാര്‍ഥ ദേശീയ ജീവിതത്തിന്റെ, പൗരസമത്വത്തിന്റെ അടിത്തറ കിടക്കുന്നതവിടെയാണ്” (B. N Ganguli 1975:61). സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: “പ്രായോഗികജീവിതത്തിന്റെ തലങ്ങളില്‍ ഏതെങ്കിലും മതാനുയായികള്‍ സമത്വമെന്ന തത്ത്വത്തെ ശ്രദ്ധേയമായ അര്‍ഥത്തില്‍ എപ്പോഴെങ്കിലും സമീപിച്ചിട്ടുണ്ടെങ്കില്‍ അത് ഇസ്ലാമിന്റെ, ഇസ്ലാമിന്റെ മാത്രം അനുയായികളാണ്” (അതേ പുസ്തകം, പേ: 120). ദൈവം/മതം എന്നിവക്കെതിരെ പൊതുവിലും ഹിന്ദുയിസത്തിനെതിരെ പ്രത്യേകിച്ചും പെരിയാര്‍ ഉന്നയിച്ച വിമര്‍ശങ്ങളും ഹിന്ദുയിസത്തില്‍ നിന്നുള്ള പലായനത്തിനായുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങളും ഇസ്ലാമിനെക്കുറിച്ച ഇത്തരം ഗുണാത്മകമായ മൂല്യനിര്‍ണയങ്ങളുടെ കാഴ്ചവട്ടത്തുനിന്നുവേണം പരിഗണിക്കാന്‍.കടപ്പാട്: ഐ. പി. എച്ച്








