Campus Alive

ലൗ ജിഹാദിന്റെ തിരിച്ചുവരവുകൾ

ഒരിടവേളക്ക് ശേഷം ‘ലൗ ജിഹാദ്’ ഭീതി  സംസ്ഥാനത്ത് ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. വിരമിച്ച ഡി ജി പി സെൻകുമാറിന്റെ പ്രസ്താവനയോടെ കുപ്പിയിൽ നിന്ന് പുകപടലങ്ങൾ വന്ന് തുടങ്ങിയതാണ്. കഴിഞ്ഞ ദിവസം ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ‘ലൗ ജിഹാദ് ‘ സ്ഥിരീകരിച്ചെന്ന നിലയിൽ ഇന്ത്യൻ എക്‌സ്പ്രസ്‌
പ്രസിദ്ധീകരിച്ച വാർത്തയോടെ ഭൂതം വീണ്ടും അവതരിച്ച് കഴിഞ്ഞു. കേരളത്തിൽ ഈഴവ പെൺകുട്ടികളെ, അതും സിപിഎം കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് ‘ദഅ്‌വാ സ്‌ക്വാഡുകൾ’ എന്ന പേരിൽ മതപരിവർത്തന പദ്ധതികൾ നടക്കുന്നുവെന്നും അതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളെ നാട്ടിലാകെ വിന്യസിച്ചിരിക്കുന്നുവെന്നുമാണ് പ്രസ്‌തുത റിപ്പോർട്ട്.
അങ്ങനെയൊന്നും താൻ ആരോടും പറഞ്ഞിട്ടേയില്ലെന്ന് ഡി ജി പി ഇപ്പോൾ പറയുന്നു. എന്ന് മാത്രമല്ല അത്തരം ആരോപണങ്ങളെ സ്ഥീരികരിക്കാൻ ഒരു തെളിവും പോലീസിന്റെ പക്കലില്ലെന്നും അദ്ധേഹം വ്യക്തമാക്കുന്നു. അപ്പോൾ പിന്നെ ഇന്ത്യൻ എക്‌സ്പ്രസ് ലേഖകൻ അജയ് കാന്തിന് എവിടെ നിന്നായിരിക്കണം ഈ പോലീസ് വാർത്ത ലഭിച്ചത്. ഡി ജി പി പറയാത്ത കാര്യങ്ങൾ അദ്ധേഹം പറഞ്ഞതായി റിപ്പോർട്ട് ചെയ്യാൻ അദ്ധേഹത്തിന് ധൈര്യം നൽകിയത് ആരായിരിക്കണം? വിരമിച്ചതിന് ശേഷം ടി.പി സെൻകുമാർ  ‘ലൗ ജിഹാദു’മായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ശരിവയ്ക്കുന്നതാണ് പോലീസിന്റെ പുതിയ റിപ്പോർട്ട് എന്ന് ലേഖകൻ പറയുന്നു.
വാർത്തയുടെ ലക്ഷ്യങ്ങൾ
IMG-20170827-WA0010വാർത്ത കുറച്ച് കൂടി വിശദമായി പരിശോധിച്ചാൽ, കൃത്യമായ ലക്ഷ്യങ്ങളോട് കൂടിയാണത് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാകും. തീവ്ര മതചിന്താഗതിക്കാരെങ്കിലും അതു മറച്ചുവയ്ക്കാൻ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ‘ദഅ്‌വാ സ്‌ക്വാഡിൽ’ പ്രവർത്തിക്കുന്നതെന്നു പറയുന്നു. മാത്രമല്ല വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മതചിന്ത കടന്നുവരാത്ത വിധത്തിൽ സെക്കുലർ സ്വഭാവം ഉണ്ടാകാൻ  ഇവർ ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോർട്ട് വെളിവാക്കുന്നു. യുവ പ്രൊഫഷണലുകളും വിദ്യാർഥികളുമാണ് സംഘത്തിൽ മുഖ്യമായുമുള്ളതത്രെ. സംഘങ്ങൾക്കു മറ്റു സഹായങ്ങൾ നൽകാൻ സംഘടിതമായ  യൂണിറ്റുകളുണ്ട്. കണ്ടെത്തുന്ന ഒരോരുത്തരെയും ഇസ്ലാമിലേക്ക് എത്തിക്കാൻ വേണ്ട സഹായങ്ങളെല്ലാം ഇത്തരം യൂണിറ്റുകളാണ് നൽകുന്നത്. തൊഴിലിടങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാമാണ് ഇവർ പരിവർത്തനം ചെയ്യാൻ ഉദ്ദേശിക്കുന്നവരെ കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും പതുക്കെപ്പതുക്കെ മറ്റു സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽനിന്നും ഇവരെ അകറ്റുകയും പിന്നീട് മതത്തിൽ ചേർക്കുകയും ചെയ്യുന്നു. ഇങ്ങിനെയൊക്കെ നീണ്ടു പോകുന്നു റിപ്പോർട്ടിലെ കണ്ടുപിടിത്തങ്ങൾ.
മൂന്ന് കാര്യങ്ങളാണ് ഈ വ്യാജ റിപ്പോർട്ടിലൂടെ ലേഖകനും സംഘവും ലക്ഷ്യമിടുന്നത്.
ഒന്ന്). ഇസ്ലാമിക ആശയ പ്രബോധനം മതപരമായ ആരാധനയായി മനസ്സിലാക്കുന്ന മുസ്ലീങ്ങൾ ഉണ്ട്. അവർ  ഇസ്ലാമിക ആശയങ്ങളുടെ പ്രബോധനവും പ്രചാരണവും നടത്താറുണ്ട്.ഇസ്ലാമിക ആശയങ്ങളുടെ പ്രബോധനത്തിന് സാധാരണയായി അറബിയിൽ ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് ‘ദഅ്‌വ’. മുസ്ലീം സംഘടനകൾ നടത്തുന്ന ആശയ പ്രചാരണങ്ങളെ അവർ ദഅ്‌വ സ്‌ക്വാഡുകൾ എന്ന് വിളിക്കാറുണ്ട്. എല്ലാം മുസ്ലീം സംഘടനകൾക്കും ദഅ്‌വാ കോളജുകളുമുണ്ട്.
‘ജിഹാദ്’ എന്ന പദത്തെ പ്രേതവൽക്കരിച്ച അതേ തന്ത്രത്തിലൂടെ ‘ദഅ്‌വ’ യെയും പൈശാചികവൽക്കരിക്കാനാണ് റിപ്പോർട്ട് ശ്രമിക്കുന്നത്. അതിലൂടെ മുസ്ലീം സമുദായത്തിന്റെയും സംഘടനകളുടെയും ആശയ പ്രബോധന പ്രവർത്തനങ്ങളെ സംശയത്തിന്റെ നിഴലിലാക്കാനാണ് ശ്രമമെന്ന് വ്യക്തം.
രണ്ട്). മുഴുവൻ മുസ്ലീങ്ങളെയും സംശയത്തോടെയും ഭയത്തോടെയും സമീപിക്കാൻ ഇതര മതസ്ഥരോടുള്ള പരോക്ഷ ആഹ്വാനമാണ് ഈ റിപ്പോർട്ട്. മുസ്ലീങ്ങൾ നല്ല നിലയിൽ പെരുമാറുന്നതും സൗഹൃദം സൃഷ്ടിക്കുന്നതുമെല്ലാം ഗൂഢോദ്ധേശത്തോടെയാണ്  എന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടത്തൽ. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ വാർത്തകൾ വന്നിട്ടുണ്ട്. പക്ഷെ മുസ്‌ലിംകളുടെ സാധാരണ ജീവിത വിനിമയങ്ങളെ  ലൗ ജിഹാദിന്റെ പരിധിയിൽ ഭംഗിയായി കൊണ്ടുവന്ന ആദ്യത്തെ വാർത്താ റിപ്പോർട്ടാണിത്. ഇതിലൂടെ ഒരോ മുസ്ലീമിനെയും ഭയപ്പെടണം എന്ന്  പറയാതെ പറയുകയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മൂന്ന്). ഇസ്ലാമിലേക്ക് നടക്കുന്ന മുഴുവൻ മതപരിവർത്തനങ്ങളും ഇത്തരം ഗൂഢാലോചനയുടെ ഭാഗമായുള്ള ആസൂത്രിത ശ്രമങ്ങളിലൂടെയാണെന്നാണ് റിപ്പോർട്ടിന്റെ മറ്റൊരു ആരോപണം .മതം മാറിയവരുടെ പെരുപ്പിച്ച കണക്കുകൾ കൂടി ചേർത്ത് പോലീസ് വിവരം എന്ന പേരിലാണ് അടിച്ച് വിട്ടിരിക്കുന്നത്. ലൗ ജിഹാദ്  നടക്കുന്നില്ലായെന്ന്‌ ഈ അടുത്താണ് ഇന്റലിജൻസ് മേധാവി വ്യക്തമാക്കിയത്. എന്നിട്ടും ഇത്തരം വ്യാജ വാർത്തകൾ ആവർത്തിക്കുന്നത് സമൂഹത്തിൽ ഇസ്ലാമിനെ കുറിച്ചുള്ള ഭയം ഉൽപാദിപ്പിച്ച്  പൊതുശത്രുവിനെ സൃഷ്ടിച്ച് അതിലൂടെ ഹിന്ദു ഏകീകരണം എന്ന സംഘപരിവാർ അജണ്ട വിജയിപ്പിക്കണം എന്ന ഉദ്ധേശത്തോടെ തന്നെയായിരിക്കണം.
ലൗ ജിഹാദിന്റെ ചരിത്രം
2009 ലാണ് ഒരു ഹിന്ദുത്വസംഘടനയുടെ ഓൺലൈൻ പേജിൽ കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന വ്യാജവാർത്ത ആദ്യമായി വരുന്നത്. പെൺകുട്ടികളെ മതം മാറ്റാനായി  പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കൾ വട്ടമിട്ട് പറക്കുന്നുണ്ടെന്നും ആയിരകണക്കിന്  പെൺകുട്ടികളെ  മതം മാറ്റി പാക്കിസ്ഥാനിലെ ചുവന്ന തെരുവിൽ വിൽക്കുന്നുണ്ടെന്നുമൊക്കെയായിരുന്നു കഥകൾ. റോമിയോ ജിഹാദ് എന്ന പര്യായ പദവും അവർ നൽകി. അത് ഹിന്ദുത്വസംഘടനകളും രാഹുൽ ഈശ്വറിനെ പോലുള്ളവരും ഏറ്റുപിടിച്ചു. കേരള കൗമുദിയും മലയാള മനോരമയും മാൃഭൂമിയുമൊക്കെ അന്വേഷണ പരമ്പരകൾ തന്നെ പ്രസിദ്ധീകരിച്ചു. എന്നാൽ love-jihad2009 നവംബറിൽ അത്തരത്തിലുള്ള ആസൂത്രിത ശ്രമങ്ങളൊന്നും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും അന്നത്തെ ഡിജിപി ജേകബ് പുന്നൂസ് കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മുസ്ലീം യുവാക്കളുമായി പ്രണയവിവാഹിതരായ പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. എന്നാൽ പ്രണയവിവാഹവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെ ഒരു തെളിവുമില്ലാതെ തന്നെ ലൗ ജിഹാദുണ്ടെന്ന തരത്തിലുള്ള നിരീക്ഷണം ജസ്റ്റിസ് കെ ടി ശങ്കരൻ നടത്തിയതോടെ കേരളത്തിൽ ലൗജിഹാദ് വ്യാപകമാണെന്ന തരത്തിലുള്ള പത്രറിപ്പോർട്ടുകൾ സൃഷ്ടിക്കപെട്ടു. എന്നാൽ 2010 ൽ സമാനമായ കേസിൽ കർണാടക ഹൈക്കോടതി ലൗ ജിഹാദ് പ്രചാരണം ശരിയല്ലെന്ന് വിധിച്ചു. ലൗ ജിഹാദുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയ ഹിന്ദുത്വ വെബ്‌സൈറ്റിനെതിരായ പരാതി അന്വേഷിച്ച കേരള പോലീസ് രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷം 2012 ൽ റിപ്പോർട്ട് സമർപ്പിച്ചു. ലൗ ജിഹാദ്  ഒരടിസ്ഥാനവുമില്ലാത്ത പ്രചാരണമാണെന്നായിരുന്നു പോലീസിന്റെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് അംഗീകരിച്ച ഹൈക്കോടതി കേസുകൾ തീർപ്പാക്കുകയും ചെയ്തു. അങ്ങനെ മൂന്ന് വർഷത്തോളം നീണ്ടു നിന്ന മുസ്ലീം വിരുദ്ധ പ്രചാരണം അവസാനിപ്പിക്കാൻ മാധ്യമങ്ങളും സംഘപരിവാർ ശക്തികളും നിർബന്ധിതരായി. സമാനമായ പ്രചാരണ പ്രവർത്തനങ്ങൾ ഉത്തർ പ്രദേശ് ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തിയിരുന്നു. അതിന്റെ വസ്തുതകൾ 2014 ൽ കോബ്ര പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ലോകമറിഞ്ഞത്.
ലൗ ജിഹാദ് തിരിച്ചു വരുന്നു
ഹാദിയ കേസിലൂടെയാണ് ലൗ ജിഹാദ് പ്രചാരണം കേരളത്തിൽ വീണ്ടും ശക്തിപ്രാപിച്ചത്. താൻ സ്വന്തം ഇഷ്ട പ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്ന് ഹാദിയ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും അവരെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ രക്ഷിതാക്കൾക്ക് അവസരം ഒരുക്കുന്ന വിധിയാണ് കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ചത്. സുപ്രീംകോടതി, കേസിൽ എൻ ഐ എ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇപ്പോൾ ഇസ്ലാം സ്വീകരിക്കുന്ന പെൺകുട്ടികളുടെ രക്ഷിതാക്കൾ  അതെല്ലാം ലൗ ജിഹാദ് ആണെന്നും അവരെ ഐ എസിലേക്ക് ചേർക്കുന്നുവെന്നുമാണ് പരാതി നൽകുന്നത്. അതോടെ പരാതിയുടെ മട്ട് മാറുന്നു.പെൺകുട്ടികൾ തങ്ങൾ വായിച്ചും പഠിച്ചും ആശയപരമായി ഇസ്ലാമിൽ ആകൃഷ്ടരായതാണെന്ന് കോടതിയിലും മാധ്യമങ്ങളോടും ആവർത്തിച്ചിട്ടും അവരുടെ വാക്ക് സ്വീകരിക്കാൻ ആരും തയ്യാറാകുന്നില്ല. പെൺകുട്ടികൾ എളുപ്പത്തിൽ സ്വാധീനിക്കപെടുന്നവരാണെന്നും അവർക്ക് തീരുമാനമെടുക്കാൻ ശേഷിയില്ലെന്നുമുള്ള വിധിതീർപ്പുകളിലൂടെ അവരുടെ കര്‍തൃത്വത്തെ തന്നെ നിഷേധിക്കുന്ന തരത്തിലാണ് കോടതികൾ പോലും പെരുമാറുന്നത്.
 IMG-20170830-WA0097
ഈ സാഹചര്യങ്ങളുടെ മറപിടിച്ചാണ് 2009 ലേതിന് സമാനമായി ലൗ ജിഹാദ് മാധ്യമവാർത്തകളിലൂടെ കേരളത്തിൽ തിരിച്ചെത്തുന്നത്. ഡി ജി പി നിഷേധിച്ച വാർത്ത ടൈംസ് നൗ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ആഘോഷമാക്കി കഴിഞ്ഞു. കേരള സർക്കാറിനെതിരായ സംഘപരിവാറിന്റെ പ്രചാരണങ്ങളെ ദേശീയ പത്രങ്ങളിൽ പരസ്യം നൽകിയും കേരള നമ്പർ വൺ ക്യാമ്പയിൻ നടത്തിയും പ്രതിരോധിച്ച ഇടതുപക്ഷ സർക്കാർ സമൂഹത്തിൽ വലിയ അപകടങ്ങളുണ്ടാക്കുന്ന ഈ വ്യാജ പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകണം. വ്യാജ വാർത്ത നൽകി മതസമൂഹങ്ങൾക്കിടയിൽ ചിദ്രതയുണ്ടാക്കാൻ ശ്രമിക്കുന്ന ലേഖകന് എതിരെ നിയമനടപടികൾ സ്വീകരിക്കാനും വാർത്തക്ക് പിന്നിലെ ഗൂഢോദ്ധേശം പുറത്ത് കൊണ്ട് വരാനും തയ്യാറാകണം. സംഘപരിവാറിന്റെ കുടിലപദ്ധതികൾ നടപ്പാക്കാൻ എൻ ഐ എ അടക്കമുള്ള അന്വേഷണ ഏജൻസികളെ ഉപയോഗപെടുത്തി മുസ്ലീം സമുദായത്തെ വേട്ടയാടാനും വിശ്വാസ സ്വാതന്ത്രത്തെ ഹനിക്കാനുമുള്ള ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്.

 

അമീന്‍ ഹസ്സന്‍