Campus Alive

രാഷ്ട്ര ഭീകരതയും ദര്‍വീശും: ‘രാഷ്ട്രീയ സൂഫിസത്തിന്റെ’ പ്രശ്‌നങ്ങള്‍

മിതവാദി മുസ്ലീങ്ങൾ എന്ന നിലയിൽ “സൂഫികളുമായുള്ള” അമേരിക്കൻ ഭരണകൂടത്തിന്റെ  ഔദ്യോഗിക സഖ്യത്തെ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കയിലെ നവ- യാഥാസ്ഥിതിക  ചിന്തകരുടെ സംഘമായ നിക്‌സൺ സെന്റർ സംഘടിപ്പിച്ച കോൺഫറൻസിനെക്കുറിച്ച് 2013ലെ എന്റെ MA തിസീസിന്റെ ഒരദ്ധ്യായത്തിൽ പ്രതിപാദിച്ചിരുന്നു. സൂഫിസത്തിന്റെ മിതസമീപനങ്ങളെ  ഇസ്‌ലാമിലെ തീവ്രചിന്തക്കെതിരായുള്ള ഒരു മറുമരുന്നായിട്ടാണ് പ്രസ്തുത കോൺഫറൻസിൽ മുഖ്യ പ്രഭാഷകരായ ഷെയ്ഖ് ഹിശാം ഖബ്ബാനിയും  ബെർണാഡ് ലൂയിസും മുന്നോട്ട് വെക്കുന്നത്‌. ഒരു പ്രത്യേക വിഭാഗം മുസ്ലീങ്ങളുടെയാകമാനം രക്ഷകർതൃതത്വമേറ്റെടുത്ത് സംസാരിക്കുന്നത് എത്രത്തോളം പ്രശ്നമാണോ സമാനമായി പ്രശ്നവൽകൃതമാണ് സൂഫി എന്നാരൊറ്റ ലേബലിലൂടെ സൂഫിസത്തിലെ എല്ലാ വൈവിധ്യങ്ങളെയും മൂടാൻ ശ്രമിക്കുന്നത് എന്നതായിരുന്നു ഞാൻ എന്റെ പ്രസ്തുത തിസീസിൽ പറയാൻ ശ്രമിച്ചത്. സുന്നി-ആശ്അരി-മാലിക്കി ലോകവീക്ഷണത്തെ മാർക്കറ്റു ചെയ്യുന്ന (നവ)പാരമ്പര്യ ഉലമ എങ്ങനെ ഒരു  വരേണ്യമായ പുറന്തള്ളല്‍ സാധ്യമാക്കുന്നു എന്നതിനെക്കുറിച്ച് നിരീക്ഷിക്കാനും ഞാൻ ശ്രമിച്ചിരുന്നു.

ഷെയ്ഖ് ഹിഷാം ഖബ്ബാനി

മഹ്മൂദ് മദനി, ഓമിദ് സാഫി, റോസ്മേരി കോർബറ്റ് തുടങ്ങിയ നിരവധി എഴുത്തുകാർ “സൂഫിസം സമം നല്ല ഇസ്‌ലാം” എന്ന രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. നമ്മുടെ ഇന്നത്തെ ചരിത്ര സാഹചര്യത്തിൽ ഈയൊരു വിഷയത്തിന് മുമ്പൊരിക്കലുമില്ലാത്തവിധമുള്ള ശ്രദ്ധ ഇന്ന്  പടിഞ്ഞാറൻ സാമൂഹിക നീതിയിലൂന്നിയുള്ള മുസ്ലീങ്ങളിലും അറബ് ലോകത്തും ലഭിക്കുന്നുണ്ട്. ഈജിപ്തിലെ മിലിട്ടറിയുടെ പ്രതിവിപ്ലവവും തുടർന്നുണ്ടായ റാബിഅ കൂട്ടക്കൊലയും പ്രസ്തുത സംഭവങ്ങളിൽ മിലിട്ടറിയെ പൊതുവേദിയിൽ പിന്തുണച്ച ഷെയ്ഖ് അലി ഗോമാ, ഹബീബ് അൽ ജിഫ്രി (ഇവർ രണ്ടുപേരും യഥാക്രമം ഷാദിലി, ബാ അലവി എന്നീ ത്വരീഖത്തുകളിലെ അംഗങ്ങളാണ്) എന്നീ സൂഫി പണ്ഡിത നിലപാടുകളും ഈയൊരു “സൂഫി” പ്രശ്നത്തെ കൂടുതൽ ചൂടുപിടിപ്പിക്കുകയാണുണ്ടായത്. സൈത്തൂന കോളേജിലെ ഷെയ്ഖ് ഹംസ യൂസുഫിനെയും അദ്ദേഹത്തിന്റെ ഗുരുവും ബഹുമാന്യ പണ്ഡിതനുമായ അബ്ദുല്ലാഹ്‌ ഇബ്നു ബയാനിനെയും പോലുള്ള പണ്ഡിതർ യു.എ.ഇ സ്‌പോൺസേർഡ് മതസ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനെതിരെ ശക്തവുമായ വിമർശനങ്ങൾ ഇപ്പോൾ നേരിടുന്നുണ്ട്. ഇതിനെക്കുറിച്ച് ഡൊ. ഉസാമ അൽ ആസ്മി എഴുതുന്നത് ഇവ്വിധമാണ് “പടിഞ്ഞാറും മധ്യപൗരസ്ത്യദേശത്തും സജീവമായ മതപരമായ ഇടപെടലുകൾ നടത്തിയ പാരമ്പര്യമുള്ള ഈ രണ്ട് പണ്ടിതരും ഇന്ന് യു.എ.ഇ രാജകുമാരന്മാരുടെ പ്രീതിയെ പരിചരിക്കുകയാണ്. യു.എ.ഇയുടെ “മിതവാദ” സമീപനങ്ങള്‍ക്ക്‌ തങ്ങളുടെ മതപരമായ പ്രൊഫൈലുപയോഗിച്ച് ഒരു ആഗോള ഓഡിയൻസിനെ ഉണ്ടാക്കികൊടുക്കാനാണ് അവർ ശ്രമിക്കുന്നത്”. ഷെയ്ഖ് ഹംസയോ അബ്ദുല്ലാ ഇബ്നു ബയാനോ ഏതെങ്കിലുമൊരു സൂഫി ധാരയുമായിട്ട് ബന്ധമുള്ളവരല്ല എന്നതിവിടെ ശ്രദ്ധേയമാണ്. മറിച്ച് മുകളിൽ പ്രസ്താവിച്ച ദുർബലമായ ഗസ്സാലിയൻ, മൗറിത്താനിയൻ സ്വാധീനമുള്ള സൂഫി-മാലിക്കി-അശ്അരി ധാരയുടെ ഭാഗമാണ്.

ബെര്‍ണാഡ് ലൂയിസ്‌

ലോകത്തിലെ ഏറ്റവും പ്രമുഖരായ സൂഫികൾ മുസ്ലിം ലോകത്തെ പടിഞ്ഞാറൻ സാമ്രാജ്യത്വ താൽപര്യങ്ങൾക്കും യുദ്ധക്കൊതിയന്മാർക്കും അറബ് സ്വേച്ഛാധിപതികൾക്കും സ്വയം തീറെഴുതി കൊടുത്തിരിക്കുന്നു എന്ന വസ്തുത സൗദിയിലെയും ഖത്തറിലെയും പ്രസിദ്ധീകരണങ്ങള്‍ ഏതുസമയത്തും തിരിച്ചറിഞ്ഞേക്കും. മുൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ നായിഫ് സ്പോൺസർ ചെയ്തിരുന്ന തിങ്ക്-ടാങ്ക് “Abu Dhabi’s Network of Political Sufism: And its Implications on the Security Saudi Arabia.” എന്ന പേരിലൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പടിഞ്ഞാറൻ-സൂഫി ചായ്‌വിലുള്ള നിരവധി പണ്ഡിതരെക്കുറിച്ചും അവരുടെ സംശയാസ്പദമായ ഇസ്‌ലാം/വഹാബി വിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ഭാഗങ്ങൾ പ്രസ്തുത റിപ്പോർട്ടിലടങ്ങിയിരുന്നു. (ഈ റിപ്പോർട്ടിലെ വിരോധാഭാസമായ കാര്യം എന്തെന്നാൽ പതിറ്റാണ്ടുകളായി തങ്ങളെ വിമർശിക്കുന്ന പൊളിറ്റിക്കൽ ഇസ്ളാമിസ്റുകളെയും സൂഫികളെയും അടിച്ചമർത്തിയ പാരമ്പര്യം സൗദിക്ക് തന്നെ ഉണ്ടെന്നുള്ളതാണ്.) ഏറ്റവും പുതിയതായി അൽ ജസീറയിൽ മുഹമ്മദ് ഫുത്തൂഹ് അറബിയിൽ എഴുതിയ “The Dervishes of Abu Dhabi: How the Emirates Seeks to Establish itself as a New Global Religious Authority” എന്ന  ലേഖനത്തിൽ എങ്ങനെയാണ് “സൂഫികൾ” ഈജിപ്തിലെ പട്ടാള അട്ടിമറികളെയും ലിബിയയിലെ ഖലീഫ ഹഫ്താറിന്റെ സൈന്യത്തെയും സിറിയയിൽ അസദിനെയും  പിന്തുണക്കുന്നത്‌ എന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല യമനിലെ യു.എ.ഇ ഇടപെടലിനെയും ട്രംപിന്റെ “നൂറ്റാണ്ടിന്റെ ഡീലിനു” വേണ്ടി ഫലസ്ത്വീനെ  കൈയ്യൊഴിയുന്നതിനെയും അറബ് രാഷ്ട്രീയത്തിന്റെ ഭാവി സൈനികാവൽക്കരണത്തിലും അടിച്ചമർത്തലിലുമാണെന്ന വാദങ്ങളെയും ഈ “സൂഫികൾ” എങ്ങനെ പിന്തുണക്കുന്നു  എന്നതും ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ലേഖനം എല്ലാ മിതവാദി , പൊളിറ്റിക്കൽ ഇസ്‌ലാം വിരുദ്ധ പണ്ഡിതന്മാരെയും പൊളിറ്റിക്കൽ സൂഫികളായി ഏകീകരിക്കുകയും അവരെ ദർവീശുകളെന്ന് അഭിസംബോധന ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു ഭാഷ വളരെ സബ്ജക്ടീവും സൂഫികളെ വിഡ്ഢികളായ യോഗികളായി കാണുന്ന ആധുനിക ആഖ്യാനങ്ങളെ പുനഃരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.

അബ്ദുള്ള ഇബ്‌നു ബയ്യാഹ്‌

യുക്തിരഹിതമായ “സൂഫി” പണ്ഡിതർക്ക് നേരെയുള്ള അക്രമങ്ങൾ, പ്രത്യേകിച്ച് സൗദി-ഖത്തർ റിപ്പോർട്ടുകൾ വ്യക്തമായും  പ്രത്യേക അജണ്ടകളാല്‍  രൂപപ്പെട്ടതാണെങ്കില്‍ കൂടിയും വസ്തുതാപരമായി ന്യായീകരിക്കത്തക്കതാണ്. തങ്ങളുടെ വാക്കുകളും നിലപാടുകളും നിയമവിരുദ്ധമായ അറസ്റ്റുകളെയും , നടന്നുകൊണ്ടിരിക്കുന്ന ക്ഷാമത്തെയും യുദ്ധത്തെയും ന്യായീകരിക്കത്തക്കതാകുമ്പോള്‍ സ്വാധീനമുള്ള  പണ്ഡിതര്‍ക്ക്‌ അതിന് വിശദീകരണം നൽകേണ്ട ബാധ്യതയുണ്ട്. ഈ പണ്ഡിതർ വളെരെയധികം നന്മകൾ ചെയ്തിട്ടുള്ളവരാണ്. ഞാനടക്കമുള്ള നിരവധി മുസ്ലീങ്ങൾ അവരിൽ നിന്ന് പഠിക്കുകയും അതിനോട് കൃതജ്ഞതയുള്ളവരുമാണ്. പക്ഷെ “ഭരണാധികാരിയെ അനുസരിക്കുക” എന്ന ക്ലാസ്സിക്കൽ സുന്നി നിയമത്തിന് പൂർവ്വധുനിക കാലഘട്ടത്തിൽ പ്രധാനപ്പെട്ട അടിത്തറ ഉണ്ടാവാം. പക്ഷെ അത് സ്റ്റേറ്റ് സ്പോൺസർ ചെയ്യുന്ന ഇസ്‌ലാമിക ഫോറങ്ങളിൽ ഏറ്റെടുക്കുമ്പോൾ കാപട്യമായും ഇസ്‌ലാമിന്റെ മൗലിക അധ്യാപനവും മഹത്തായ ആഹ്വാനവുമായ ഇഹ്‌സാൻ എന്നതിനെ ഇന്നത്തെ രാഷ്‌ടീയ ഇടപെടലുകളിൽ നിന്ന് മാറ്റി നിർത്തുന്ന ഒന്നായുമായിട്ടാണ് കാണാൻ കഴിയുന്നത്.

ഷെയ്ഖ് ഹംസ യൂസുഫ്‌

അത്തരം ശാസനകൾ ഭരണാധികാരികളിൽ നിന്ന് വരുന്ന ഒന്നാണ്, ജനങ്ങളിൽ നിന്നുള്ളവയല്ല.  ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം ശാസനകൾ ഉപയോഗിക്കുമ്പോൾ ഇസ്‌ലാമിക നിയമങ്ങളുടെ അധികാരത്തോടുള്ള ബഹുമാനം/അനുസരണം എന്ന സങ്കല്പത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും അറബ് നാടുകളിലെ സ്വേഛാധികാരികൾ സുരക്ഷയും സമാധാനവും സംരക്ഷിക്കാൻ എന്ന പേരിൽ എല്ലാവിധ അടിച്ചമർത്തലുകൾ നടത്താനുമുള്ള ഫ്രീ പാസ്സ് പണ്ഡിതന്മാരിൽ നിന്ന്  ലഭിക്കുകയുമാണ്‌ ചെയ്യുന്നത്. വ്യക്തമായി പറഞ്ഞാൽ ലോകത്തിലെ ഇസ്‌ലാം, അതായത് തീവ്രവാദം എന്ന കാൻസറിനെ പ്രതിരോധിക്കാനുള്ള മഹത്തായ കർമ്മമായി അവരതിനെ ഏറ്റെടുക്കുന്നു. പക്ഷെ ഈയൊരു കാൻസർ ശൂന്യതയിൽ നിൽക്കുന്ന ഒന്നല്ല. ആ “ശൂന്യത” തീരെ കുറ്റമറ്റതോ അരാഷ്ട്രീയമായ ഒന്നോ അല്ല. ഇത്തരം വരേണ്യ “അശ്അരി-സൂഫി-മാലീക്കി” മണ്ഡലത്തിലേക്കുള്ള ആഹ്വാനങ്ങൾ മുസ്ലിം ജീവിത യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒന്നല്ല.

പ്രാഫസര്‍ മുഹമ്മദ് ഫാദലിന്റെ വാക്കുകളിൽ മതതീവ്രവാദം മൂലമല്ല നമുക്ക് ജനാധിപത്യം നിഷേധിക്കപ്പെടുന്നത്, നമുക്ക് കൈകാര്യം ചെയ്യാവുന്ന ഒന്നാണത്. സ്വേച്ഛാധിപതികൾ തങ്ങളുടെ അധികാരം ഭരിക്കപ്പെടുന്നവരുമായി പങ്കുവെക്കാൻ  തയ്യാറാവാത്തതാണ്‌ നമുക്ക് യാഥാർത്ഥത്തിൽ ജനാധിപത്യം നിഷേധിക്കപ്പെടുന്നതിനുള്ള കാരണം. അവരതിന് തയ്യാറാവാത്തത് ഏതെങ്കിലും തത്വശാസ്ത്രപരമോ മതപരമോ ആയ വിയോജനത്തിന്റെ പുറത്തല്ല, മറിച്ച് തങ്ങളുടെ കേവലമായ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടാണ്. ഇബ്നു ഖൽദൂനിന്റെ വാക്കുകളിൽ അവർ മതത്തിനോ യുക്തിക്കോ അപ്പുറം സ്വന്തം സ്വകാര്യ നേട്ടങ്ങൾക്കുവേണ്ടി അധികാരം ഉറപ്പിക്കുക എന്ന ഏറ്റവും പ്രാഥമികവും പ്രാകൃതവുമായ ഇച്ഛയാൽ നയിക്കപ്പെടുന്നവരാണ്. തീവ്രവാദത്തെ നേരിടുന്നതിനല്ല  മറിച്ച് അതിന്റെ തീവ്രചിന്താധാരകളെ വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരം ഫോറങ്ങൾ ഉപകരിക്കുക.

പൊളിറ്റിക്കൽ സൂഫിസത്തിന്റെ നിരാകരണമല്ല തീർച്ചയായും നമുക്ക് മുന്നിലുള്ള പരിഹാരം. ഒരർത്ഥത്തിൽ ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം ആധുനിക ആഖ്യാനങ്ങളിലെ നിഷ്‌ക്രിയവും അരാഷ്ട്രീയവുമായ സൂഫിസമാണ് വലിയൊരളവോളം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ധാർമികമായി സന്ധി ചെയ്ത സ്റേറ് സ്‌പോൺസേർഡ് സൂഫി ഉലമ എന്ന അവസ്ഥ സംജാതമാകുവാൻ കാരണം. കേവലമായ “സൂഫിസത്തെ ഒപ്പിച്ച് ചേര്‍ക്കുക” എന്നതോ “സൂഫിസത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തുക” എന്നതോ അല്ല പരിഹാരം. മറിച്ച് മുൻകാല പണ്ഡിതരെ  വിശകലനം ചെയ്തുകൊണ്ടായിരിക്കണം  പരിഹാരം ആരംഭിക്കേണ്ടത്. ഉദാഹരണമായി ശൈഖ് ഹംസ യൂസഫിന്റേതടക്കം പ്രിയപ്പെട്ട പണ്ഡിതനായ ഇമാം ഗസ്സാലി ഭരണാധികാരികളുമായി ഇടപെഴകുന്നതിനെക്കുറിച്ച് തന്റെ മകനോട് പറയുന്നത് നോക്കുക, “രാജകുമാരന്മാരായും സുൽത്താന്മാരായും ഇടപെഴകുന്നതും അവരെ കാണുന്നതും ഒഴിവാക്കുക, അവരെ കാണുന്നതും അവരോടൊപ്പം ഇരിക്കുന്നതും അവരോടൊപ്പം ഇടപെഴകുന്നതും വലിയ തിന്മ തന്നെയാണ്; നീയതിന് നിർബന്ധിക്കപെട്ടാൽ അവരെ പ്രശംസിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുക, കാരണം മർദ്ദകനും ഭക്തിയില്ലാത്തതുമായ മനുഷ്യൻ പ്രകീർത്തിക്കപ്പെടുന്നതിൽ അല്ലാഹു തന്റെ കോപത്തെ വർദ്ധിപ്പിച്ചിരിക്കുന്നു. “ഏതെങ്കിലുമൊരു ഭരണാധികാരി തന്റെ നീണാള്‍ വാഴ്ച്ചക്ക് വേണ്ടി ആഗ്രഹിച്ചുവോ, അവന്റെ നാട്ടില്‍ അല്ലാഹു അനുസരിക്കപ്പെടുകയില്ലെന്ന് അവന്‍ അറിഞ്ഞുകൊള്ളട്ടെ”
മർദ്ദകരായ ഭരണാധികാരികളുമായുള്ള ഇടപെടൽ ചില പണ്ഡിതരെ സംബന്ധിച്ച്  അത്യാവശ്യവും പ്രായോഗികവുമാണെങ്കിൽ, ആ ഭരണാധികാരികളെ പ്രകീർത്തിക്കേണ്ടതിന്റെ ആവിശ്യമെന്താണ്? എന്തുകൊണ്ട് ഇത്തരം ഫോറങ്ങൾ നീതിയെ മാറ്റിനിർത്തി സമാധാനം മാത്രം ചർച്ച ചെയ്യുന്നു? ഈ ഭരണകൂടങ്ങളും ഇവരുടെ കൂട്ടാളികളും കാരണം മർദ്ദിതരായ ജനങ്ങളുടെ രോഷവും  വേദനയുമെന്ന മൗലികകാരണങ്ങളെ മാറ്റിനിർത്തി എന്തുകൊണ്ട് ഐക്യവും ആന്റി-റാഡിക്കലൈസേഷനും ചർച്ച ചെയ്യുന്നു?

മർദ്ദകരായ ഭരണാധികാരികളുമായി ഇടപെഴകുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് നിരവധി സൂഫി പണ്ഡിതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്രഞ്ച് കോളനിവൽക്കരണത്തിനെതിരെ അക്രമരഹിത പ്രതിരോധം സൃഷ്ടിച്ച് മുരീദിയ സൂഫി ധാരയുടെ സ്ഥാപകനായ പടിഞ്ഞാറൻ ആഫ്രിക്കൻ പണ്ഡിതൻ മഹാനായ അമാദന ബാംബ ഭരണാധികാരികളെ പ്രശംസിക്കുന്നതിനെക്കുറിച്ച് തന്റെ കവിതയിൽ ഇങ്ങനെ എഴുതി;”അപ്പോൾ അവരെന്നോട് ചൊല്ലി, സുൽത്താന്മാരുടെ പടിക്കൽ കുടിയിരിക്കുക,
സമ്പന്നമായ പാരിതോഷികങ്ങൾ നിനക്കെപ്പോളും ലഭിച്ചുകൊണ്ടിരിക്കും,
അപ്പോൾ ഞാൻ പറഞ്ഞു: ദൈവം എനിക്കെല്ലാം പൂർത്തീകരിച്ച് തന്നിരിക്കുന്നു, ഞാനവനിൽ തൃപ്തനാണ്,
എന്റെ ദീനും ജ്ഞാനവും മാത്രമേ ഞാൻ  കാംക്ഷിക്കുന്നുള്ളൂ,
ഞാൻ ഒന്നും  അഭ്യര്‍ഥിക്കുന്നുമില്ല, എന്റെ രാജനെയല്ലാതൊന്നിനെയും ഭയക്കുന്നുമില്ല,
കാരണം എന്നെ സമ്പന്നനാക്കുവാനും സംരക്ഷിക്കുവാനും അവന് മാത്രമേ കഴിയൂ,
പ്രതിരോധിക്കാന്‍ കഴിയാതെ സ്വയം ഉള്‍വലിഞ്ഞ് അള്‍ത്താരകളില്‍ കഴിയുന്നവരുമായാണ് ഞാന്‍ എന്നെ തുലനം ചെയ്യുന്നത്, അവര്‍ പീഠിതരും താഴെ തട്ടിലുമുള്ളവരാണ്‌”
രാഷ്ട്രീയമായോ നീതിയുമായോ ബന്ധപ്പെടാത്ത പാരമ്പര്യ ഉലമാ-സൂഫി നിലപാടുകൾ അബദ്ധജടിലമാണെന്നാണ് ഞാൻ പറഞ്ഞുവരുന്നത്. ചില സൂഫികളും നവ-പാരമ്പര്യവാദികളായ ഉലമാക്കളും ഏകാധിപത്യ നിലപാടുകളെ പിന്തുണക്കുന്നത് വിമർശനാത്മകമായി വിലയിരുത്തണം. “ഉമ്മത്തതിന്റെ” നന്മ എന്നതിനെ മുൻനിർത്തിയാണ് ഇപ്പോളും ഈ നിലപാടുകൾ എടുക്കുന്നതെങ്കിലും ഇവരാരും “ഉമ്മത്തിന്റെ” ആശങ്കകൾക്ക് ചെവികൊടുക്കുന്നില്ല. ഇതിന് പരിഹാരമായി മുൻകാലങ്ങളിൽ നിന്ന് മാതൃക കണ്ടെത്തിക്കൊണ്ടുള്ള ആത്മാർത്ഥമായ മുസ്ലിം സംഭാഷണങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. സ്റ്റേറ്റിന്റെ പിന്തുണകൾക്കതീതമാവണം അത്തരം സംഭാഷണങ്ങൾ. ചരിത്രപരമായി സംസാരിക്കുകയാണെങ്കിൽ, സൂഫി ചായ്‌വുള്ള പണ്ഡിതർ ഒരേസമയം രാഷ്ട്രീയ അധികാരത്തെ വെല്ലുവിളിക്കുന്നതിലും ലജിറ്റമൈസ്‌ ചെയ്യുന്നതിലും ഇടപെട്ടിരുന്നതായി നമുക്ക് കാണാൻ കഴിയും. സലാഹുദ്ദീൻ അയ്യൂബി, ഉമർ അൽ ഫൂത്തി, അബ്ദുൽ ഖാദർ ജസാഇരി പോലുള്ള പ്രമുഖ സൂഫികൾ കോളനിവൽക്കരണത്തിനെതിരെ സായുധമായി പോരാടുകയും തങ്ങളുടെ സമുദായങ്ങളിൽ രാഷ്ട്രീയമായി ഇടപെടുകയും ചെയ്തവരായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ വലിയൊരു കാലയളവിൽ സൂഫികളായിരുന്നു കോളനിവൽക്കരണത്തിനെതിരായി പ്രധാനമായും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും പ്രതിരോധം തീർത്തത്.

തങ്ങളുടെ വിമർശകരെ കേൾക്കുന്നതിനൊപ്പം സ്വന്തം ആത്മീയ ഗുരുക്കന്മാരുടെ പാരമ്പര്യത്തോട് ചേർന്നുനിൽക്കുക എന്നതാണ് ഇന്നത്തെ “രാഷ്ട്രീയ സൂഫികൾ” നേരിടുന്ന പ്രധാന പ്രതിസന്ധി. മൗലികവാദികളുടെ സൂഫി വിമർശനം ഒരിക്കലും സ്റ്റേറ്റിന്റെ സ്വേച്ഛാധിപത്യത്തിനും സൈനിക അടിച്ചമർത്തലിനും നേരെ കണ്ണടക്കാനുള്ള ന്യായമല്ല. അതുകൊണ്ട് തന്നെ “പോളിറ്റിക്കൽ സൂഫിസത്തോടുള്ള” പ്രശനം അത്തരമൊന്ന് നിലനിൽക്കുന്നു എന്നതിലല്ല, മറിച്ച് എവ്വിധമത് മാനിഫെസ്റ് ചെയ്യപ്പെടുന്നു എന്നതിലാണ്. രാഷ്ട്രീയ അനിശ്ചിതത്തിന്റേതായ ഇക്കാലത്ത് ഒരുപക്ഷെ സൂഫികളാവാം മർദ്ദകന്റെ ആശിർവാദത്തിന് കാത്ത് നിൽക്കുന്നതിനേക്കാൾ “ഉലഞ്ഞ തലമുടിയും പൊടിപിടിച്ച ശരീരവുമായി കടുത്ത പീഠനങ്ങള്‍ക്കിരയായി പുറത്താക്കപ്പെട്ട ആളുകള്‍” എന്ന് ഹദീസിൽ പറഞ്ഞവരുടെ വിളിക്ക് ചെവിയോർക്കുക. ഈ ലേഖനം ഒരിക്കലും കോൺഫറൻസുകളോ വിപ്ലവങ്ങളോ ബഹിഷ്കരിക്കുന്നതിനുള്ള ആഹ്വാനമല്ല. ഒരു കേവല ഉട്ടോപ്യയുമല്ല ലക്ഷ്യം വെക്കുന്നത്. മറിച്ച് കൂടുതൽ ഉയർന്ന നിലവാരത്തിലുള്ള ധാര്മികതയിലൂന്നിയുള്ള രാഷ്ട്രീയ ഇടപെടലുകൾക്ക് വേണ്ടിയുള്ള ആഹ്വാനം മാത്രമാണ്.

 

കുറിപ്പ്: “പൊളിറ്റിക്കൽ സൂഫിസം” എന്ന പദപ്രയോഗത്തോട് വ്യക്തിപരമായി എനിക്ക് യാതൊരു യോജിപ്പുമില്ല എന്ന് വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. പരമ്പരാഗത ഉലമാക്കളുടെ രാഷ്ട്രീയ നിലപാടുകളുമായിട്ട് ബന്ധപ്പെട്ട് വന്ന രണ്ട് റിപ്പോർട്ടുകളോടുള്ള പ്രതികരണം എന്നവണ്ണം മാത്രമാണ് ഞാനീ പദപ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുള്ളത്. ഈ ലേഖനം അത്തരം പ്രയോഗത്തോടും കൂടിയുള്ള വിമർശനം കൂടിയാണ്. സൂഫിസത്തെ തനതായ ഒരു സെക്റ്റായി കാണുന്നതും പ്രശ്നവൽകൃതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സൂഫി, മിതവാദി, പാരമ്പര്യവാദി അല്ലെങ്കിൽ സലഫി എന്ന രീതിയിൽ ആളുകളെ വിഭജിക്കാനല്ല ഞാൻ ശ്രമിക്കുന്നത്, നിങ്ങൾ അങ്ങനെയാണ് മനസ്സിലാക്കിയിരിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഈ ലേഖനത്തിന്റെ കാമ്പ്‍ ലഭിച്ചിട്ടില്ല എന്ന് മനസ്സിലാക്കേണ്ടിവരും.

വിവര്‍ത്തനം: ബിലാല്‍ ബിന്‍ ജമാല്‍

ഫറാ അല്‍-ശരീഫ്‌