Campus Alive

അപകോളനീകരണ രാഷ്ട്രീയത്തിന്റെ മുസ്‌ലിം ആവിഷ്‌കാരങ്ങള്‍

ഫൈസല്‍ ദേവ്ജി പറയുന്നത് ഖിലാഫത്തിനെ ഒരു അതിഭൗതിക ചിന്തയായി സമീപിക്കണമെന്നാണ്. കാരണം അതിന്റെ പുനസ്ഥാനവുമായി ബന്ധപ്പെട്ട സാധ്യതകള്‍ ഇന്ന് നിലനില്‍ക്കുന്നില്ല. എന്നാല്‍ ഖിലാഫത്തിന്റെ പ്രാധാന്യത്തെ മനസ്സിലാക്കാന്‍ അതിഭൗതികതയും രാഷ്ട്രീയപരതയും തമ്മിലുള്ള വര്‍ഗീകരണം പര്യാപ്തമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണയാണ് ആ വിഭജനം സൃഷ്ടിക്കുക. മാത്രമല്ല, രാഷ്ട്രീയത്തെ വെറും ഭരണനിര്‍വ്വഹണമായാണ് അവിടെ മനസ്സിലാക്കപ്പെടുന്നത്. ഇസ്‌ലാമിസത്തെയും ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തെയും മനസ്സിലാക്കാന്‍ ആ വിഭജനം പര്യാപ്തമല്ല. ഖിലാഫത്ത് ഒരുപക്ഷെ വളരെ ഐഡിയലായ സാധ്യതയായിരിക്കാം. എന്നാല്‍ അതാണ് ഖിലാഫത്തിന്റെ ആവിഷ്‌കാരത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തിയാക്കുന്നത്. ചോദ്യമിതാണ്: എന്തുകൊണ്ടാണ് ഖിലാഫത്ത് എന്ന ആശയം അതിന്റെ തകര്‍ച്ചയുടെ എണ്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു രാഷ്ട്രീയ മാതൃകയായി മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്നത്? പൊതുവ്യവഹാരങ്ങളിലെല്ലാം അത് വ്യാപിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? സമകാലിക മുസ്‌ലിം ഉമ്മ:ക്കിടയിലുള്ള ഖിലാഫത്തിന് വേണ്ടിയുള്ള ആവശ്യകതയെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഒരു പലായന സമൂഹം എന്ന നിലക്കുള്ള മുസ്‌ലിംകളുടെ അവസ്ഥയെ മുന്നില്‍ വെച്ചുകൊണ്ട് ഖിലാഫത്ത് എന്ന ആശയത്തെ സാന്ദര്‍ഭികവല്‍ക്കരിക്കാനാണ് ഞാനിവിടെ ഉദ്ദേശിക്കുന്നത്. അതിലൂടെ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തേടാനാണ് ഞാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ അധ്യായത്തില്‍ മുസ്‌ലിം ഉമ്മ:യെ ഒരു ആഗോള പലായന സമൂഹമായി സമീപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. കാരണം ഈ ലോകത്ത് മുസ്‌ലിംകള്‍ ദേശമില്ലാത്തവരാണ്. ഫലസ്തീനികളുടെ അവസ്ഥ മുസ്‌ലിം ലോകത്തുടനീളം അലയടിക്കുന്നതിന്റെ കാരണവും ഒരുപക്ഷെ അതായിരിക്കാം. അഥവാ, ദേശമില്ലാത്തെ ഫലസ്തീനികള്‍ എല്ലായിടത്തുമുള്ള മുസ്‌ലിംകളുടെയും രൂപകമാണ്. അതേസമയം തിരിച്ചുപോകേണ്ട ഒരു പ്രത്യേക ദേശമോ സ്ഥലമോ ഒന്നും തന്നെ മുസ്‌ലിംകള്‍ക്കില്ല. അപ്പോള്‍ സ്വദേശത്തേക്കുള്ള തിരിച്ചുപോക്കല്ല, മറിച്ച് ഈ ലോകത്തുള്ള നിലനില്‍പ്പാണ് അവര്‍ക്ക് പ്രധാനം. മാത്രമല്ല, ഒരു അന്തര്‍ദേശീയ സമുദായത്തിലേക്ക് മുസ്‌ലിംകളെ ചേര്‍ക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ഘടനയും ആവശ്യമാണ്. ഖിലാഫത്ത് അതാണ് വാഗ്ദാനം ചെയ്യുന്നത്. സ്ഥിരമായ അപരവല്‍ക്കരണത്തില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും രക്ഷ നേടാന്‍ കഴിയും എന്ന വിശ്വാസമാണ് മുസ്‌ലിംകള്‍ക്കിടയില്‍ ഖിലാഫത്തിനെക്കുറിച്ച പ്രതീക്ഷകള്‍ നല്‍കുന്നത്.

ഇസ്‌ലാമുമായി ബന്ധപ്പെട്ട പൊതുസംവാദങ്ങളിലെല്ലാം ഖിലാഫത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. അല്‍ഖാഈദ നിരവധി പ്രസ്താവനകള്‍ അതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുണ്ട്. ഹിസ്ബുത്തഹ്‌രീറിനെപ്പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി ഖിലാഫത്തിന്റെ പുനസ്ഥാപനത്തിന് വേണ്ടി വാദിക്കുന്നുണ്ട്. വലിയ ചെകുത്താനെ (Great Satan) നിയന്ത്രിക്കുന്നതിന്റെ മാര്‍ഗ്ഗമായിട്ടാണ് ഖിലാഫത്തിനെ ഖുമൈനി മനസ്സിലാക്കിയത്. ഖിലാഫത്തിനെ സ്ഥാപനവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഖുമൈനി ഒരു ഖലീഫയായിരുന്നു എന്ന് ഒരാള്‍ക്ക് വാദിക്കാവുന്നതാണ്. ഖിലാഫത്ത് മുസ്‌ലിം സ്വത്വത്തെ ശാക്തീകരിക്കും എന്ന വാദം മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. അമുസ്‌ലിം നയനിര്‍മ്മാതാക്കളും വരാനിരിക്കുന്ന ഖിലാഫത്ത് ഭാവിയില്‍ മുസ്‌ലിംകളെ ശാക്തീകരിക്കും എന്ന് അഭിപ്രായപ്പെടുന്നുണ്ട്. 2006 മുതല്‍ തന്നെ ബുഷ് ഭരണകൂടത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ അല്‍ഖാഇദയുടെയും മറ്റ് സമാനമായ മുസ്‌ലിം ഗ്രൂപ്പുകളുടെയും ലക്ഷ്യം ഖിലാഫത്ത് സംസ്ഥാപനമാണെന്ന് നിരവധി തവണ സൂചിപ്പിച്ചിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് എന്നത് ഒരു ഏകാധിപത്യ ഇസ്‌ലാമിക സാമ്രാജ്യത്വത്തെ സാധ്യമാക്കുന്ന ഒരു അധികാര രൂപമാണ്. അമേരിക്കയുടെ പ്രതിരോധ വകുപ്പ് നിയമിച്ച നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ 2020 ആകുമ്പോള്‍ എട്ട് കാര്യങ്ങള്‍ ലോകത്ത് സംഭവിക്കും എന്ന് പറഞ്ഞതില്‍ ഒന്ന് ഒസാമ ബിന്‍ലാദന്റെ പേരമകന്‍ ഖിലാഫത്ത് സ്ഥാപിക്കും എന്നതാണ്. മുസ്‌ലിം നിര്‍വ്വാഹകത്വത്തിന് വേണ്ടിയുള്ള സമകാലിക തേട്ടങ്ങളെ കഴിഞ്ഞുപോയ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ നിന്നും വേര്‍തിരിച്ച് മനസ്സിലാക്കുന്നതിന് വേണ്ടിയും ഖിലാഫത്ത് എന്ന ആശയത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കാരണം മുമ്പ് നടന്ന കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ പാശ്ചാത്യ മൂല്യങ്ങളുമായി ചേര്‍ത്തുവെച്ചാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ മുസ്‌ലിം നിര്‍വ്വാഹകത്വത്തിന് വേണ്ടിയുള്ള പുതിയ അന്വേഷണങ്ങള്‍ അത്തരം മൂല്യങ്ങള്‍ക്ക് എതിരായാണ് നിലനില്‍ക്കുന്നത്. ഇസ്‌ലാമിന്റെ പേരിലുള്ള ചലനങ്ങളെ സാധ്യമാക്കുന്നു എന്നതാണ് ഖിലാഫത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം 1924 മുതല്‍ തന്നെ ഖിലാഫത്തിനെക്കുറിച്ച ആലോചനകള്‍ മുസ്‌ലിം ബുദ്ധിജീവികള്‍ക്കിടയില്‍ സജീവമായിരുന്നെങ്കിലും ഭീകര വിരുദ്ധ യുദ്ധത്തിന്റെയും അതിനോടുള്ള മുസ്‌ലിം പ്രതികരണങ്ങളുടെയും അല്‍ഖാഇദ അടക്കമുള്ള മുസ്‌ലിം ഗ്രൂപ്പുകളുടെ പ്രഖ്യാപനങ്ങളുടെയും പശ്ചാത്തലത്തിലാണ് സമകാലിക ലോകത്ത് ഖിലാഫത്ത് എന്ന ആശയത്തിന്റെ പ്രാബല്യത്തെ പാശ്ചാത്യ ലോകം കണ്ടെടുക്കുന്നത്. ചുരുക്കത്തില്‍ ഖിലാഫത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഓറിയന്റലിസ്റ്റ് വായനകളെ അസ്ഥിരപ്പെടുത്തുന്ന വിധം വലിയ തോതിലുള്ള സംവാദങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. പുതിയ വ്യവഹാര ഇടങ്ങളിലേക്ക് അത് പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്.

ഖിലാഫത്തിന് അഞ്ച് വ്യത്യസ്തമായ അര്‍ത്ഥങ്ങളുണ്ടെന്ന് പറയാവുന്നതാണ്. ലോക മുസ്‌ലിംകളെ ഒന്നടങ്കം ഉള്‍ക്കൊള്ളുന്ന ഒന്നായി ഖിലാഫത്തിനെ കാണാന്‍ സാധിക്കും. അതേസമയം ഇവിടെ മുസ്‌ലിം രാഷ്ട്രങ്ങളിലെ അതിര്‍ത്തിക്കുള്ളില്‍ ജീവിക്കുന്ന മുസ്‌ലിംകളാണ് ഖിലാഫത്തിന്റെ പരിധിയില്‍ പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ചരിത്രപരമായി ഈ സമീപനം ശരിയല്ല. കാരണം മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് പുറത്തും മുസ്‌ലിം സമുദായങ്ങള്‍ ജീവിച്ചിട്ടുണ്ട് (ഏത്യോപ്യ ഉദാഹരണം). ദേശാതിര്‍ത്തിക്കുള്ളില്‍ ഖിലാഫത്തിനെ കാണുന്നതിലൂടെ മുസ്‌ലിം ഉമ്മ:യെ ഏകീകരിക്കാനുള്ള കരുത്ത് ഖിലാഫത്തിനില്ല എന്ന വാദമാണ് ശക്തിപ്പെടുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മതാടിസ്ഥാനത്തില്‍ രാഷ്ട്രീയ ഏകീകരണം സാധ്യമല്ല എന്ന ഓറിയന്റലിസ്റ്റ് ആഖ്യാനം ഇവിടെ സ്വീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഖിലാഫത്തിനെക്കുറിച്ച് പൊതുവായി സ്വീകരിക്കപ്പെടുന്ന വീക്ഷണം അതൊരു മുസ്‌ലിം രാഷ്ട്രീയ ക്രമമാണ് എന്നതാണ്. ഈ വീക്ഷണ പ്രകാരം മുസ്‌ലിം ഉമ്മ: എന്നത് ദേശാതിര്‍ത്തിക്ക് പുറത്തേക്ക് വികസിക്കുന്ന ഒന്നാണ്. മറ്റൊരു വീക്ഷണപ്രകാരം മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു രാഷ്ട്രീയക്രമമാണ് ഖിലാഫത്ത്. അപ്പോള്‍ ഖലീഫയും അദ്ദേഹത്തിന്റെ ഭരണ സഹായികളും അടങ്ങുന്ന ഒരു സമിതിയെ നമുക്ക് ഖിലാഫത്ത് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. പോപ്പിനെ പോലുള്ള അധികാരങ്ങള്‍ക്ക് സമാനമാണത്.

നാലാമത്തെ വീക്ഷണപ്രകാരം ഖിലാഫത്ത് എന്നത് ആഭ്യന്തര ഭദ്രതക്കും കെട്ടുറപ്പിനും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്ന സംവിധാനമാണ്. ആഗോള മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഒന്നല്ല അത്. ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സ്വഭാവമാണ് അതിനുണ്ടാവുക.

ഇസ്‌ലാമിക അധികാരത്തിന്റെ ഒരു രൂപകമായി ഖിലാഫത്തിനെ മനസ്സിലാക്കുക എന്നതാണ് അഞ്ചാമത്തെ രീതി. അഥവാ, ഖിലാഫത്ത് എന്നത് ലോകമുസ്‌ലിംകളെ ഒന്നടങ്കം പ്രതിനിധീകരിക്കേണ്ട ഒന്നല്ല. മറിച്ച് അധികാരമാണ് അതിനെ നിര്‍ണ്ണയിക്കുന്നത്. അതിലൂടെ മുസ്‌ലിംകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെ അവസാനിപ്പിക്കാന്‍ സാധിക്കും എന്നത് തീര്‍ച്ചയാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മുസ്‌ലിം ഡയസ്‌പോറയുടെ തിരിച്ചുവരവ് ഒരു രാഷ്ട്രീയ സൂചകമാണ്. ഏതെങ്കിലും ദേശാതിര്‍ത്തിയെ മുന്‍നിര്‍ത്തിയല്ല അത് തീരുമാനിക്കപ്പെടുന്നത്. അപ്പോള്‍ മുസ്‌ലിംകളുടെ ഡയസ്‌പോറ എന്ന അവസ്ഥ അവസാനിപ്പിക്കപ്പെടുക എന്നതിനര്‍ത്ഥം ഏതെങ്കിലും ദേശാതിര്‍ത്തിയിലേക്കുള്ള മടക്കമല്ല. മറിച്ച്, അധികാരത്തിന്റെ പുനസ്ഥാപനമാണ്.

മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വം ദുര്‍ബലമാണ് എന്ന വാദം രാഷ്ട്രീയ സ്വത്വങ്ങളെക്കുറിച്ച ധാരണയില്ലായ്മയില്‍ നിന്ന് വരുന്നതാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ മുസ്‌ലിം സ്വത്വം എന്നത് കളക്ടീവായ സ്വത്വാവിഷ്‌കാരത്തിന് വിരുദ്ധമാണ് എന്ന വാദം യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപരത പടിഞ്ഞാറിതര സമൂഹങ്ങള്‍ക്ക് സാധ്യമല്ല എന്ന ഓറിയന്റലിസ്റ്റ് നിര്‍മ്മിതിയെയാണ് ഉറപ്പിക്കുന്നത്. അതേസമയം മുസ്‌ലിം കര്‍തൃത്വം സവിശേഷമായ രാഷ്ട്രീയ ഭൂപടത്തെയാണ് നിര്‍മ്മിക്കുന്നത്.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരു അധികാരമെന്ന നിലയില്‍ ഖിലാഫത്ത് എന്നത് അപകോളനീകരണ പ്രക്രിയയുടെ തുടര്‍ച്ചക്ക് അനിവാര്യമായ സംഗതിയാണ്. ലോകത്തിന്റെ ബഹുസ്വരതയെയാണ് ഖിലാഫത്ത് എന്ന ആശയം മുന്നോട്ടു വെക്കുന്നത്. മുസ്‌ലിം സ്വയം നിര്‍വ്വാഹകത്വത്തെ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ ഘടനയായി മുസ്‌ലിം ഉമ്മ:യുടെ ഡയസ്‌പോറ എന്ന അവസ്ഥയെ പരിവര്‍ത്തിപ്പിക്കാന്‍ ഖിലാഫത്തിന് സാധ്യമാണ്. ഏതെങ്കിലും തരത്തിലുള്ള സാംസ്‌കാരിക അപര്യാപ്തത കൊണ്ടോ മുസ്‌ലിം വ്യക്തികളുടെ ദുര്‍ബലത കൊണ്ടോ അല്ല ലോകമുസ്‌ലിംകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത്. മറിച്ച് രാഷ്ട്രീയപരമായ ദുര്‍ബലത നിമിത്തമാണ്. അതിനുകാരണം ഇസ്‌ലാമിക അധികാരം നിലനില്‍ക്കാത്തതു കൊണ്ടുമാണ്. കൊളോണിയലിസത്തിന്റെ തുടര്‍ച്ചയെ അസ്ഥിരപ്പെടുത്തുകയാണ് ഖിലാഫത്ത് ചെയ്യുന്നത്. അതിലൂടെ ‘ചരിത്രമില്ലാത്ത ജനത’ ലോകചരിത്ത്രിന്റെ ഭാഗമാവുകയാണ് ചെയ്യുന്നത്. അങ്ങനെ അപകോളനീകരണ പ്രക്രിയ കൂടുതല്‍ സജീവമാക്കാനും പാശ്ചാത്യ അധീശത്വത്തെ ചെറുക്കാനുമുള്ള ശേഷി മുസ്‌ലിംകള്‍ക്ക് സാധ്യമാവുകയാണ് ചെയ്യുന്നത്. ഒരു വലിയ ശക്തി എന്ന നിലയില്‍ ഖിലാഫത്ത് ഒരേസമയം മുസ്‌ലിം ഉമ്മ:യുടെ ശബ്ദവും പ്രതിധ്വനിയുമാണ്. മുസ്‌ലിം നിര്‍വാഹകത്വത്തെ പ്രബലമാക്കാനും മുസ്‌ലിം ഉമ്മ:യെ പ്രതിനിധീകരിക്കാനും പാശ്ചാത്യ അധീശത്വത്തെ ചെറുക്കാനും ഖിലാഫത്തിന് സാധിക്കും.

ഖിലാഫത്തിന്റെ പുനസ്ഥാപനം എങ്ങനെയാണ് സാധ്യമാവുക എന്നതാണ് ചോദ്യം. ഇനിയൊരു ഇസ്‌ലാമിക അധികാരം സാധ്യമാവുകയാണെങ്കില്‍ തന്നെ അതിന്റെ ഇസ്‌ലാമിക സ്വഭാവം നിലനിര്‍ത്തപ്പെടുമോ? ഒരു ഏകാധിപത്യ രാഷ്ട്രമായിത്തീരുന്നതില്‍ നിന്ന് അതിനെ തടയുന്ന ഘടകമെന്താണ്? വളരെ ഇടുങ്ങിയ പൗരസങ്കല്‍പ്പത്തെ മറികടക്കാന്‍ കഴിഞ്ഞാലും മറ്റൊരു ദേശരാഷ്ട്രമായി ഖിലാഫത്ത് പരിമിതപ്പെടാനുള്ള സാധ്യതയുണ്ട്. ഖിലാഫത്തിനെക്കുറിച്ച ആലോചനകളില്‍ ഇത്തരം ചോദ്യങ്ങളെല്ലാം വളരെ പ്രസക്തമാണ്. കാരണം ഇസ്‌ലാമിനെയും മുസ്‌ലിം ഉമ്മ:യെയും പ്രതിനിധീകരിക്കുക എന്ന ദൗത്യം ഖിലാഫത്തിന് നിര്‍വ്വഹിക്കാനുണ്ട്. അടുത്ത അധ്യായത്തില്‍ ഞാന്‍ അന്വേഷിക്കുന്നത് ഇസ്‌ലാമിക അധികാരവുമായി ബന്ധപ്പെട്ട ആവിഷ്‌കാരങ്ങളുടെ ഇസ്‌ലാമിക സ്വഭാവം എങ്ങനെയാണ് നിലനിര്‍ത്തപ്പെടുക എ്ന്നതാണ്. കൂടാതെ അത്തരത്തിലുള്ള ഒരു രാഷ്ട്രീയ സാധ്യതയെ നേടിയെടുക്കാനുള്ള വഴികളെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നുണ്ട്.

സൽമാൻ സയ്യിദ്