Campus Alive

ഹാദിയ: മതേതര രാജ്യത്തെ തുറന്നുകാട്ടിയ ചോദ്യം

സ്വകാര്യമായിട്ടായിരുന്നു അഖിലയുടെ മതംമാറ്റം. എന്നാല്‍, ഇസ്ലാം സ്വീകരിച്ച ശേഷം, ഷഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം സ്വകാര്യം ആയി തുടര്‍ന്നില്ല. അത് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍-ബി.ജെ.പി ഭരണകൂടത്തിന്റെയും പരമോന്നത കോടതിയുടെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും പ്രത്യേക താല്‍പര്യമുള്ള കേസ് ആയി. ഭരണഘടനാപരമായി ഹാദിയയ്ക്ക് അര്‍ഹമായ സ്വാതന്ത്ര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. ഹാദിയ തടവിലാക്കപ്പെട്ടു. വീട്ടുതടങ്കലിലാകും മുമ്പ് ഹാദിയ അവസാന ശ്രമമെന്നോണം തന്നെ രക്ഷിക്കണമെന്ന് മാധ്യമങ്ങള്‍ക്ക് കത്തെഴുതി. തടവറയിലേക്ക് പോകുന്നത് തിരിച്ചറിഞ്ഞ ഹാദിയ മാധ്യമപ്രവര്‍ത്തകര്‍ക്കെഴുതിയ കത്ത് പ്രകാരം, കോടതിവിധിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലാത്ത സാഹചര്യത്തില്‍, ഹാദിയയെ കാണണമെന്നാവശ്യപ്പെട്ട് വീടിനുമുന്നില്‍ മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചു സമരം ചെയ്യാനുള്ള സാധ്യത ഉണ്ടായിട്ടും അത് നടന്നില്ല.

മാധ്യമപ്രവര്‍ത്തകരായി ഹാദിയയെ കാണാന്‍ ശ്രമിച്ചവരെയൊന്നും അശോകന്‍ അനുവദിച്ചുമില്ല. ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസിയാണ് ഹാദിയയുടെ ജീവന്റെ കാര്യത്തില്‍ ആദ്യമായി ആശങ്ക പ്രകടിപ്പിച്ചത്. ഹാദിയ ജീവനോടെയുണ്ടോ എന്ന് എങ്ങനെ അറിയും എന്നാണ് ഒവൈസി ചോദിച്ചത്. ഇതെല്ലാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ പൂര്‍ണ താല്‍പര്യത്തോടെയാണ്. ഹാദിയയുടെ കാര്യത്തില്‍ ആശങ്കയറിയിച്ച് ഇസ്ലാമിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് മതംമാറിയ അസ്മ നസ്രീന്‍ തുറന്ന കത്തയച്ചു. എന്നാല്‍ നടപടിയെടുക്കാം എന്ന ഔപചാരികമായ മറുപടിയല്ലാതെ മറ്റൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഹാദിയയുടെ കാര്യം പറഞ്ഞ് പിണറായിയെ കാണാന്‍ ശ്രമിച്ച ആര്‍ക്കും അതിന് കഴിഞ്ഞിട്ടില്ല. ഇതുവരെയും ഹാദിയയുടെ കാര്യത്തില്‍ പിണറായി ഒന്നും പറഞ്ഞിട്ടില്ല. കേരള സംസ്ഥാന വനിതാ കമ്മീഷനും തടവിനെതിരെ ആദ്യം ശബ്ദിച്ചില്ല.

അസദുദ്ദീന്‍ ഒവൈസി

ഹാദിയ വീട്ടുതടങ്കലില്‍ കഴിഞ്ഞ ആറുമാസങ്ങളില്‍ കേരളത്തിലെ സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകളൊന്നും വൈക്കത്തെ വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുകയോ സ്ത്രീ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘപരിവാറിന് പ്രതിരോധം തീര്‍ക്കുകയോ ചെയ്തിട്ടില്ല. ആഗസ്റ്റ് 30ന് ആറു യുവതികള്‍ ഹാദിയയ്ക്ക് പെരുന്നാള്‍ സമ്മാനങ്ങളും മധുരവും പുസ്തകങ്ങളുമായി ഹാദിയയുടെ വീട്ടിലെത്തി. ഇവരോട് തന്നെ രക്ഷിതാക്കള്‍ പീഡിപ്പിക്കുന്നുണ്ടെന്ന് ഹാദിയ ജനലിലൂടെ വിളിച്ചുപറഞ്ഞു. ഹാദിയയെ കാണാന്‍ ശ്രമിച്ച ഇവരില്‍ ഒരു മുസ്‌ലീം സ്ത്രീ സംഘപരിവാര്‍ ആക്രമണത്തിന് ഇരയായി. ആറുപേരും വൈക്കത്തേക്ക് കൂട്ടുചെന്ന ഇവരിലൊരാളുടെ ഭര്‍ത്താവും അറസ്റ്റ് ചെയ്യപ്പെട്ടു. പൊലീസ് സ്റ്റേഷനില്‍ നിന്ന് മനുസ്മൃതി പിന്തുടര്‍ന്നുകൂടെ എന്ന് ഉപദേശിച്ചു. അതോടെ ഹാദിയ ചര്‍ച്ചയായി. പക്ഷേ പിന്നീടും ആക്രമിക്കപ്പെട്ട നടിക്ക് ഓണക്കോടി സമ്മാനിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു കേരളത്തിലെ ഫെമിനിസ്റ്റുകള്‍.

വീട്ടുതടങ്കലില്‍ രക്ഷിതാക്കളുടെ ആക്രമണം ഏറ്റു കഴിയേണ്ടിവന്നു ഹാദിയയ്ക്ക്. മുഖ്യധാരാ മാധ്യമങ്ങള്‍ വീണ്ടും അവര്‍ പാലിച്ചുവന്ന മൗനത്തിലേക്ക് തിരിച്ചുപോയി. അതിനിടയില്‍ ആഗസ്റ്റില്‍ സ്വന്തം ജീവനിലുള്ള ആശങ്ക, തന്നെ ഘര്‍വാപസി നടത്താന്‍ വന്ന രാഹുല്‍ ഈശ്വറിനോട് ഹാദിയ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വീഡിയോ പുറത്തുവന്നത് ഏറെ വൈകിയായിരുന്നു. തടവറയില്‍ കഴിയുന്ന ഒരാള്‍ തനിക്ക് പറയാനുള്ള കാര്യം പറഞ്ഞേല്‍പ്പിക്കുമ്പോള്‍ അത് പുറംലോകത്തെ അറിയിക്കാനുള്ള മനുഷ്യത്വപരമായ മര്യാദ രാഹുല്‍ ഈശ്വര്‍ കാണിച്ചില്ലെന്നും അതു കുറ്റകൃത്യമാണെന്നും വ്യാപക പ്രതിഷേധമുണ്ടായി. ഐ ആം ഹാദിയ എന്ന ഡോക്യുമെന്ററിക്ക് വേണ്ടി സംവിധായകന്‍ ഗോപാല്‍ മേനോനെ രാഹുല്‍ ഈശ്വര്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍, ഗോപാല്‍ മേനോനും ഈ അറിവ് മറച്ചുവെച്ചു. അതിനെതിരെയും പ്രതിഷേധമുണ്ടായി. ഇതിനിടെ ഷഫിന്‍ ജഹാനും മറ്റുള്ളവരും ഹാദിയയ്ക്ക് അയച്ച സന്ദേശങ്ങളും കത്തുകളും മടങ്ങിവന്നു. സ്വീകര്‍ത്താവ് നിരസിച്ചു എന്നാണ് കാരണം പറഞ്ഞത്. സംഘപരിവാര്‍ നിര്‍ദേശമനുസരിച്ച് മാത്രം പാവക്കൂത്ത് ആടിയ പിതാവ് അശോകന്റെ ഇടപെടലായിരുന്നു ഇതെല്ലാം.

ഏകദേശം എല്ലാ ദക്ഷിണേന്ത്യന്‍ മാധ്യമങ്ങളിലും ‘ലൗ ജിഹാദ്’ കേസ് എന്ന പേരില്‍ ഹാദിയ ചര്‍ച്ചാവിഷയമായപ്പോള്‍ കന്നഡയില്‍ ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്റോറിയല്‍ കോളമായ കണ്ട ഹാഗെയില്‍ ഗൗരി ലങ്കേഷ് എഴുതി, ‘സ്വന്തം മക്കളെ പീഡിപ്പിച്ചു കൊല്ലുന്ന ഏകജീവിവര്‍ഗം മനുഷ്യരാണ്’. സെപ്തംബര്‍ അഞ്ചിന് വീട്ടില്‍ വച്ച് ഹിന്ദുത്വഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് തലേന്ന് ഗൗരി എഴുതിയ എഡിറ്റോറിയല്‍ ഹാദിയയെ പറ്റി ആയിരുന്നു. ഗൗരി കൊല്ലപ്പെട്ട വാര്‍ത്തയ്‌ക്കൊപ്പം രാജ്യം മുഴുവനറിഞ്ഞ ഈ ഐക്യദാര്‍ഢ്യം മറ്റെല്ലാത്തിനുമപ്പുറം രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പുതിയ ആത്മബന്ധം രൂപപ്പെടുന്നതുകൂടിയായി. ഐക്യദാര്‍ഢ്യം പ്രേമത്തിന്റെ രാഷ്ട്രീയ നാമമാണ് എന്നതിന് ഉദാഹരണം. ദേശീയ മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഹാദിയ കേസിനെ കേരളത്തിലെ ആദ്യ ലൗ ജിഹാദ് കേസ് എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഗൗരിയെപ്പോലുള്ള അപൂര്‍വ്വം ചില മാധ്യമപ്രവര്‍ത്തകര്‍ ഹാദിയയോട് അനുതാപപൂര്‍വ്വം നീതി പുലര്‍ത്തി.

ഗൗരി ലങ്കേഷ്‌

സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന രോഷം തെരുവിലേക്കിറങ്ങി. പിന്നീടുള്ള പ്രതിഷേധ പരിപാടികള്‍ മഹാരാജാസ് കോളേജ് അടക്കമുള്ള കേരളത്തിലെ കോളേജുകളില്‍ ശക്തിപ്പെട്ടു. ഫ്രീ ഹാദിയ എന്നും സിറ്റിസണ്‍സ് ഫോര്‍ ഹാദിയ എന്നും മുന്നേറ്റങ്ങളുണ്ടായി. ചലോ കേരള റ്റു ഫ്രീ ഹാദിയ എന്ന പേരില്‍ ദേശീയ തലത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടന്നു. നവംബര്‍ 27ന് ഹാദിയയെ കേള്‍ക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു. അതിനുശേഷമാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഹാദിയയെ സന്ദര്‍ശിക്കുന്നത്. ഹാദിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായതാണ് എന്നാണ് രേഖാ ശര്‍മ പറഞ്ഞത്. എന്നാല്‍, ഹാദിയ എന്തൊക്കെയാണ് പറഞ്ഞതെന്ന് പറയാനും രേഖാ ശര്‍മ തയ്യാറായില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായ മറ്റു സ്ത്രീകളുടെ പരാതികള്‍ കൂടി പരിഗണിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കും എന്നും പറഞ്ഞു. ഹാദിയ അവര്‍ക്ക് പ്രത്യേക കേസ് ആയിരുന്നില്ല.

കേരളത്തില്‍ നടത്തിയ നാലു സിറ്റിങ്ങുകളില്‍ തൃപ്പൂണിത്തറയില്‍ ആര്‍എസ്എസ് പീഡനകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യോഗാകേന്ദ്രത്തിനെതിരെ ദേശീയ വനിതാകമ്മീഷന് പരാതികള്‍ ലഭിച്ചു. ഇരകളില്‍ നിന്നും അല്ലാതെയും. എന്നാല്‍, നേരില്‍ കണ്ട സമയത്ത് രേഖാ ശര്‍മ പറഞ്ഞത് സത്യസരണിയെപ്പറ്റിയും അന്വേഷിക്കും എന്നാണ്. രേഖ ശര്‍മയ്ക്ക് പരാതി നല്‍കാന്‍ എത്തിയ നാഷണല്‍ വിമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മലയാളത്തില്‍ നല്‍കിയ പരാതി വിവര്‍ത്തനം ചെയ്തത് ബിജെപി നിയമിച്ച വിവര്‍ത്തകനാണ്. പരാതി വിവര്‍ത്തനം ചെയ്തപ്പോള്‍ ആര്‍എസ്എസ്, പീഡനം, ഘര്‍ വാപസി തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് പരാതി വിശദീകരിച്ചത്. അയാളെ തിരുത്തുകയും ഇംഗ്ലീഷിലുള്ള പരാതി നല്‍കുകയും ചെയ്യുകയായിരുന്നു പിന്നീട്.

ഹാദിയയും കേരള സംസ്ഥാന വനിതാ കമ്മീഷനും

സ്ത്രീ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാണ് വനിതാ കമ്മീഷന്‍. സ്വതന്ത്ര്യമായാണ് അതിന്റെ നിലനില്‍പ്. സ്വന്തമായി തീരുമാനമെടുക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരമുണ്ട് വനിതാ കമ്മീഷന്. എന്നാല്‍ തീര്‍ത്തും സര്‍ക്കാര്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലാണ് വനിതാ കമ്മീഷന്‍ നടത്തിയത്. ഹാദിയയുടെ വീട്ടിലേക്ക് അധികാരത്തോടെ കടന്നുചെല്ലാന്‍ പറ്റുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അതിനുള്ള അനുവാദത്തിനായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ തീരുമാനമായിട്ടല്ല, മറ്റാരുടെയോ സ്വാധീനത്താല്‍ മതംമാറിയതാണ് ഹാദിയ എന്ന് നിലപാട് വ്യക്തമാക്കുകയും, അഖില ഹാദിയ എന്ന് മാത്രമേ താന്‍ വിളിക്കൂ എന്നും അവര്‍ പറഞ്ഞിരുന്നു. ചെയര്‍പേഴ്‌സണ്‍ അവധിയെടുത്ത് മാറിനിന്നെങ്കിലും വനിതാ കമ്മീഷന് ഹാദിയയെ സംബന്ധിച്ചുള്ള പരാതികള്‍ സ്വീകരിക്കേണ്ടി വന്നു. മഹാരാജാസ് കോളേജില്‍ വിമന്‍സ് സെല്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ എം.സി ജോസഫൈനെതിരെ വിദ്യാര്‍ഥി കൂട്ടായ്മ പ്രതിഷേധം നടത്തി. അന്ന് മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികളുടെ അകമ്പടിയോടെ പുഞ്ചിരിച്ചുകൊണ്ട് വരാന്തയിലൂടെ നടക്കുക മാത്രമാണ് ജോസഫൈന്‍ ചെയ്തത്. കുറച്ചു നാള്‍ കഴിഞ്ഞ് മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിച്ചവരെ വിമര്‍ശിച്ചതിന് വധഭീഷണി നേരിട്ട ജസ്‌ല മാടശ്ശേരിയുടെ പരാതി പരിഗണിക്കാന്‍ വനിതാ കമ്മീഷന്‍ അതിവേഗത്തില്‍ മുന്നോട്ടുവന്നിരുന്നു.

സി.പി.ഐ എം എന്ന മതേതര പാര്‍ട്ടിക്ക് ഹാദിയയോടുള്ള തികഞ്ഞ വെറുപ്പാണ് കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ പ്രതിഫലനം. ഹാദിയയുടെ കാവലിന് പൊലീസിനെ നിര്‍ത്താന്‍ എത്ര ലക്ഷം ചെലവഴിച്ചു എന്ന വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല, എന്റെ നികുതിപ്പണം കൊണ്ടാണല്ലോ ആ കാവല്‍ എന്നാരും രോഷം കൊണ്ടതുമില്ല. അന്തര്‍ദേശീയമായി കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഹാദിയയുടെ കാര്യത്തില്‍ പ്രതിരോധത്തിലായി. ഇടതു സംഘടനകളില്‍ ഓള്‍ ഇന്ത്യ ഡമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ മാത്രമാണ് ഹാദിയയുടെ കാര്യത്തില്‍ പ്രസ്താവനയിറക്കിയത്. കൂടാതെ, സി.പി.ഐ നേതാവ് ആനി രാജയും സി.പി.ഐ എം വനിതാ നേതാവ് വൃന്ദാ കാരാട്ടും ഹാദിയയ്ക്ക് അനുകൂല നിലപാടെടുത്തിരുന്നു.

 

അംബേദ്കറും ഹാദിയയും

ഹാദിയയുടെ മതംമാറ്റം ജാതീയതക്കും സംഘപരിവാര്‍ ആശയസംഹിതയ്ക്കും എതിരായ പോരാട്ടമാണ്. അംബേദ്കറിനെ മനസ്സിലാക്കാന്‍ എളുപ്പമൊന്നും കഴിഞ്ഞിട്ടില്ലാത്ത കേരള ജനതയിലെ ബഹുഭൂരിപക്ഷത്തിന് ഹാദിയയുടെ മതപരിവര്‍ത്തനം അനാവശ്യവും മണ്ടത്തരവും ആകുന്നത് അംബേദ്കറിലുള്ള അറിവില്ലായ്മയും അംബേദ്കറിന്റെ ജാതി ഉന്‍മൂലനം
എന്ന ആശയത്തോടുള്ള അകല്‍ച്ചയും കാരണമാണ്. ജാതി ഉന്‍മൂലനം എന്ന ആശയം പ്രചരിപ്പിച്ച ദളിത് പ്രബോധകന്‍ എന്ന അംബേദ്കറിന്റെ സ്വത്വം മറച്ചുപിടിച്ചുകൊണ്ടാണ് ഭരണകൂടവും സ്‌കൂള്‍ സിലബസും ഒക്കെ ഒരു പുതിയ തലമുറയ്ക്ക് അംബേദ്കറിനെ അവതരിപ്പിച്ചത്. അതിനാല്‍, ഒരിക്കല്‍ പ്രഖ്യാപിച്ചതുപ്രകാരം ഹിന്ദുമതത്തില്‍ നിന്ന് പുറത്തുകടന്ന ശേഷം മാത്രമാണ് അംബേദ്കര്‍ മരിച്ചത്. സാമ്പത്തിക സംവരണം നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍, സംഘപരിവാറിന്റെ വീട്ടുതടവറയില്‍ കഴിയേണ്ടി വന്ന ഒരേയൊരു സ്ത്രീയാണ് ഹാദിയ. ഹാദിയയ്ക്ക് സുപ്രീംകോടതിയില്‍ പോകാന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തുകൊടുത്തതുകൊണ്ട് മാത്രം മുഖ്യമന്ത്രി പിണറായി വിജയന് ഹാദിയയുടെ കാര്യത്തിലുള്ള ഉത്തരവാദിത്തം തീരുന്നില്ല. തടവറയില്‍ ശാരീരികവും മാനസികവുമായ പീഡനം ഏറ്റ് കഴിയേണ്ടിവന്ന ഹാദിയയുടെ ആറുമാസങ്ങള്‍ തിരിച്ചുനല്‍കാന്‍ പിണറായി വിജയന് കഴിയില്ല.

അംബേദ്കര്‍

തനിക്ക് ഹിന്ദുമതത്തില്‍ തീരെ താല്‍പര്യമില്ലെന്നും ഹിന്ദു ആചാരങ്ങളിലും ബഹുദൈവ സങ്കല്‍പത്തിലും വിശ്വാസമില്ലെന്നും ഹാദിയ ആവര്‍ത്തിച്ചിരുന്നു. രക്ഷിതാക്കളോട് വ്യക്തമാക്കിയിരുന്നു. ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ മതംമാറില്ലല്ലോ, പിന്നെ എങ്ങനെയാണ് മറ്റാരെങ്കിലും പറഞ്ഞ് ഞാന്‍ മതംമാറുന്നത് എന്ന് ഹാദിയ അമ്മ പൊന്നമ്മയോട് ഒരു ഫോണ്‍കോളിനിടെ പറയുന്നുണ്ട്. അപ്പോള്‍, നിന്നെ മതംമാറാന്‍ സഹായിച്ച അബൂബക്കറിനെ കൊന്ന് അച്ചായി ജയിലില്‍ പോകും എന്നും പൊന്നമ്മ പറയുന്നു. നിനക്ക് ഈ മണ്ണില്‍ ഇനി അവകാശമില്ലെന്നും പൊന്നമ്മ ഹാദിയയോട് പറഞ്ഞു. ഹാദിയ ഏതുമതമാണോ തെരഞ്ഞെടുത്തത് അതാണ് ഹാദിയ ഇത്രമേല്‍ ക്രൂശിക്കപ്പെടാന്‍ കാരണം.

ഹാദിയ ഇരയാക്കപ്പെട്ട സാമൂഹ്യവിചാരണ കേരളത്തില്‍ അടുത്തകാലത്തൊന്നും മറ്റൊരു സ്ത്രീ നേരിട്ടിട്ടില്ല. ഘര്‍വാപസി നടത്താന്‍ വന്നയാളോട് പുറംലോകത്തോട് പറയാന്‍ തന്റെ ജീവന്‍ സംബന്ധിച്ചുള്ള ആശങ്ക പങ്കുവെച്ച ഹാദിയയുടെ ജാഗ്രതയും അപൂര്‍വ്വമാണ്. അത് തടവറയ്ക്ക് മാത്രം ഉണ്ടാക്കാന്‍ കഴിയുന്ന ജൈവിക രക്ഷാപ്രവര്‍ത്തനമാണ്. അതിജീവനത്തിനുള്ള ശ്രമമാണ്. മുസ്‌ലീം സ്ത്രീകളുടെ ബുദ്ധിയും ബോധവും കറുത്ത തുണിക്കകത്ത് കെട്ടിപ്പുഴുക്കുകയാണ് എന്ന് മാത്രം പറയാന്‍ ശീലിച്ച മതേതര നാവ് ഹാദിയയെ എന്തുമാത്രം പരിഹസിച്ചിരിക്കുന്നു? ആ പരിഹാസങ്ങള്‍ക്കെല്ലാം മറുപടിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് നവംബര്‍ 25ന് ഹാദിയ വിളിച്ചുപറഞ്ഞത്, ‘ഞാന്‍ മുസ്‌ലീമാണ്, ഷഫിന്‍ ജഹാന്‍ എന്റെ ഭര്‍ത്താവാണ്. എനിക്ക് നീതി വേണം’ എന്ന്. തടവറയില്‍ ഞാന്‍ കൊല്ലപ്പെട്ടേക്കാം എന്ന് ഹാദിയ ആശങ്കയറിയിച്ചിട്ടും ഞെട്ടാത്ത കേരള മനസ്സാക്ഷി ഞെട്ടിയത് ഈ തുറന്നുപറച്ചില്‍ കേട്ടിട്ടാണ്. ഇളക്കം തട്ടാത്ത ഈമാന്‍ കണ്ടിട്ടാണ്. ഒരു സ്ത്രീയുടെ ഇന്റഗ്രിറ്റിയില്‍ എന്നത്തെയും പോലെ കേരളം ഞെട്ടി. സ്ത്രീക്ക് ഇന്റഗ്രിറ്റി ഉണ്ടാകാറില്ലേ? തടവറയില്‍ നിന്നിറങ്ങിവന്ന് ചങ്കൂറ്റത്തോടെ സംസാരിക്കുന്ന പുരുഷനെക്കാണുമ്പോള്‍ നിങ്ങളെന്താണ് ഈ ഇന്റഗ്രിറ്റിയെപ്പറ്റി അതിശയപ്പെടാത്തതും ആവേശംകൊണ്ട് പോസ്റ്റുകള്‍ ഇടാത്തതും?

ഹാദിയയും പാര്‍വ്വതിയും

മലയാള സിനിമാ ലോകത്തെ മേനോന്‍ സ്ത്രീ ആണ് പാര്‍വ്വതി. പിന്നീട് ആ ജാതിവാല്‍ പരസ്യമായി ഉപേക്ഷിക്കുകയും ചെയ്തവര്‍. സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ സംസാരിക്കുന്ന അപൂര്‍വ്വം ചില സിനിമാതാരങ്ങളില്‍ ഒരാള്‍. ഹാദിയയാകട്ടെ മലയാള മതേതരലോകത്ത് വലിയ പ്രകമ്പനം സൃഷ്ടിച്ച, ജാതിയടിത്തറയ്ക്ക് അനക്കമുണ്ടാക്കിയ, ബ്രാഹ്മണ്യത്തെയും ഹിന്ദുമതത്തെയും സംഘപരിവാറിനെയും ചോദ്യം ചെയ്യാന്‍ ധൈര്യമുള്ള, ഇപ്പോഴും സ്വന്തം സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഒരു മുസ്‌ലീം സ്ത്രീ. പാര്‍വ്വതി പുരുഷാധിപത്യത്തോട് ഒ.എം.കെ.വി പറഞ്ഞപ്പോള്‍ പിന്തുണയ്ക്കാനും കയ്യടിക്കാനും നേരത്തെ ഹാദിയയെ പരിഹസിച്ച, കുറ്റപ്പെടുത്തിയ, വിചാരണ ചെയ്ത അതേ ലിബറല്‍, ഇടത്, യുക്ത്, സംഘ് ആള്‍ക്കൂട്ടം എത്തി. പാര്‍വ്വതിയെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ച രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ ഹാദിയയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ആറുമാസക്കാലം ഹാദിയ എത്രമാത്രം ഒ.എം.കെ.വി പറഞ്ഞുകാണും! ഘര്‍വാപസി നടത്താനെത്തിയ ആര്‍.എസ്.എസ് പീഡനകേന്ദ്രം നടത്തിപ്പുകാരന്‍ മനോജ് ഗുരുജിയോടും രാഹുല്‍ ഈശ്വറിനോടുമൊക്കെ ഹാദിയ പറഞ്ഞ ഒ.എം.കെ.വി ഏറ്റുപറയാന്‍ വളരെ കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഹാദിയ പറയുമ്പോള്‍ മുഖം തിരിക്കുകയും പാര്‍വ്വതി പറയുമ്പോള്‍ കയ്യടിക്കുകയും ചെയ്യുന്ന ആ ആള്‍ക്കൂട്ടമാണ് കേരളത്തിലെ ജാതി. ആ ആള്‍ക്കൂട്ടമാണ് കേരളത്തിലെ ഇസ്‌ലാമോഫോബിയ.

ഹാദിയയും തൃപ്പൂണിത്തുറയിലെ ആര്‍.എസ്.എസ് പീഡനകേന്ദ്രവും

തൃപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാസമാജമെന്ന ആര്‍.എസ്.എസ് ഘര്‍വാപ്പസി പീഡനകേന്ദ്രം തടവറയില്‍ സൂക്ഷിച്ചത് 65 സ്ത്രീകളെയാണ്. അവരില്‍ പലരും അന്യമതസ്ഥരെ വിവാഹം ചെയ്ത ഹിന്ദു സ്ത്രീകളും ഹിന്ദുമതം ഉപേക്ഷിച്ച് മറ്റുമതങ്ങള്‍ സ്വീകരിച്ചവരുമാണ്. അവരെ ഘര്‍വാപസി നടത്തുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം, ഹിന്ദുസ്ത്രീകള്‍ വിവാഹം ചെയ്ത മറ്റുമതങ്ങളിലെ പുരുഷന്‍മാരെയും ഹിന്ദുമതത്തിലേക്ക് മതംമാറ്റിച്ചു. ക്രൂരമായ പീഡനമുറകളാണ് ഇവിടെ നടപ്പാക്കുന്നത്. മനോജ് ഗുരുജി ആണ് പീഡനകേന്ദ്രം നടത്തിപ്പുകാരന്‍. ഇസ്‌ലാം മതം സ്വീകരിച്ച കാസര്‍കോട്ടെ ആയിഷയെ വീണ്ടും ആതിരയാക്കി പുറത്തെത്തിച്ചത് ഈ കേന്ദ്രത്തില്‍ നിന്നാണ്. ഇവിടെനിന്ന് പുറത്തുകടന്ന സ്ത്രീകള്‍ നല്‍കിയ പരാതികളനുസരിച്ച് ഈ കേന്ദ്രം അടച്ചുപൂട്ടണമെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ശ്രുതി, അഷിത എന്നീ യുവതികള്‍ പരാതി നല്‍കിയവരില്‍ ചിലരാണ്. തടവില്‍ നിന്ന് പുറത്തുകടന്ന ഹാദിയയും മനോജ് ഗുരുജിക്കെതിരേ ആരോപണമുന്നയിച്ചു. എന്നിട്ടും ഇന്നും അയാള്‍ക്കോ ആര്‍.എസ്.എസ് പീഡനകേന്ദ്രത്തിനോ എതിരേ നടപടിയൊന്നുമുണ്ടായിട്ടില്ല.

ഹാദിയ സുപ്രീം കോടതിയില്‍

നവംബര്‍ 27നാണ് സുപ്രീം കോടതി ഹാദിയയെ കേട്ടത്. തടവറയില്‍ നിന്ന് പുറത്തിറങ്ങിയ ഹാദിയ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രധാനം മനോജ് ഗുരുജിയെക്കുറിച്ചുള്ളതാണ്. ഹാദിയയെ സ്വധര്‍മത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മനോജ് ഗുരുജി ശ്രമിച്ചിരുന്നു. എന്നാല്‍, ഹാദിയ അതിന് കീഴ്‌പ്പെട്ടില്ല. തന്നെ മാനസികവും ശാരീരികവുമായ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതിയിലും ഹാദിയ പറഞ്ഞിരുന്നു. അതേപ്പറ്റി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള ബെഞ്ച് കൂടുതല്‍ അന്വേഷിച്ചില്ല. ‘പൊലീസ് സംരക്ഷണത്തില്‍ പോലും…”എന്നുതുടങ്ങി എന്തോ പറയാന്‍ വന്ന ഹാദിയയെ ബെഞ്ച് അത് തുടരാന്‍ സമ്മതിച്ചില്ല. സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ പറയുംവരെ, ഒന്നരമണിക്കൂര്‍ ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു കോടതി. അതുവരെയും ഹാദിയ നിന്നനില്‍പില്‍ നില്‍ക്കുകയായിരുന്നു. വനിതാകമ്മീഷന് വേണ്ടി ഹാജരായ പി.വി ദിനേഷ്, ഷഫിന്‍ ജഹാനുവേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ്, കപില്‍ സിബല്‍ എന്നീ അഭിഭാഷകരുടെ ഇടപെടല്‍ കൊണ്ടാണ് ഹാദിയയ്ക്ക് സംസാരിക്കാന്‍ കഴിഞ്ഞത്.

സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ പറഞ്ഞപ്പോള്‍ എന്തുതരം സ്വാതന്ത്ര്യത്തെപ്പറ്റിയാണ് ഹാദിയ പറയുന്നത് എന്ന് കോടതി ചോദിച്ചില്ല. പഠനം തുടരാന്‍ അയച്ചു. സേലത്തേക്ക് ഉടന്‍ പുറപ്പെട്ടുകൊള്ളാന്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കി ഉത്തമ പൗരയായി, ഡോക്ടറായി പ്രൊഫഷനില്‍ തന്നെ തുടരണമെന്ന് ഉപദേശിച്ചു. ഭര്‍ത്താവ് പഠനച്ചെലവ് വഹിച്ചോളും എന്നു പറഞ്ഞപ്പോള്‍ അക്കാര്യം അവിടെ നില്‍ക്കട്ടെ എന്ന രീതിയിലായിരുന്നു കോടതിയുടെ പെരുമാറ്റം. ഗാര്‍ഡിയനായി ആരെ വേണം എന്ന് ചോദിച്ചപ്പോള്‍ ആരും വേണ്ട എന്ന് ഹാദിയ മറുപടി പറഞ്ഞു. രക്ഷിതാക്കള്‍ തന്റെ പുതിയ സ്വത്വത്തെ അംഗീകരിക്കില്ല എന്ന് അറിവുള്ളതുകൊണ്ടാണ് വീടുവിട്ട് നിന്നതെന്നും രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരം ഈ കോഴ്‌സ് പഠിക്കേണ്ടി വന്നതാണെന്നും ഹാദിയ കോടതിയെ ബോധ്യപ്പെടുത്തി.

ഇരയെ പരിഹസിച്ചുചിരിക്കുന്ന നീതിപീഠം, ഭരണകൂടം എന്നൊക്കെ കേട്ടതുമാത്രമേ ഉണ്ടായിരുന്നുള്ളൂ, അന്ന് സുപ്രീം കോടതിയില്‍ അത് നേരിട്ടുകണ്ടു. വെളുത്തുചീര്‍ത്ത ജസ്റ്റിസ് ദീപക് മിശ്ര ഹാദിയയ്ക്ക് ഇംഗ്ലീഷ് ഒഴുക്കോടെ പറയാന്‍ കഴിയില്ലെന്നുകേട്ട് ചിരിക്കുന്നു. വളരെ ലാഘവത്തോടെ ഹാദിയയോട് സംസാരിക്കുന്നു. ഒരു കുട്ടിയോട് സംസാരിക്കുന്നതുപോലെ. നീതി ലഭ്യമാകേണ്ടത് ജീവിച്ചിരിക്കുന്നവര്‍ക്കാണ് എന്ന ഏറ്റവും അടിസ്ഥാനപരമായ നിയമം ഒരു നിയമപുസ്തകത്തിലും എഴുതപ്പെട്ടിട്ടില്ലെന്ന് തോന്നും.

തടവറയില്‍നിന്ന് തടവറയിലേക്ക് പിന്നെയും തടവറയിലേക്ക്

തങ്ങള്‍ക്ക് സംശയം തോന്നുന്ന ജീവിതങ്ങളെ തടവറയിലിടുക. തങ്ങള്‍ക്ക് ഭീഷണിയാകുന്ന ജീവിതങ്ങളെ തടവറയിലിടുക. തങ്ങള്‍ സുരക്ഷിതരായി തുടരുന്ന സിസ്റ്റം അട്ടിമറിക്കാന്‍ വരുന്നവരെ തോക്കിന്‍മുനയില്‍ നിര്‍ത്തുക. കരുതല്‍ തടങ്കല്‍ വിധിക്കുന്ന ദേശീയ സുരക്ഷാ നിയമം, യു.എ.പി.എ തുടങ്ങിയ തീര്‍ത്തും ജനവിരുദ്ധ, വിപ്ലവവിരുദ്ധ നയങ്ങളുടെ സ്വഭാവം അഫസ്പയുടെ സ്വഭാവവുമായി സാമ്യമുള്ളതാണ്. മണിപ്പൂരിലും കശ്മീരിലും മാത്രമല്ല അഫസ്പ നിലവിലുള്ളത് എന്ന് സമകാലിക ഇന്ത്യ മുന്നറിയിപ്പ് തന്നുകൊണ്ടേയിരിക്കുന്നു. ഹാദിയയുടേത് ഒരു കരുതല്‍ വീട്ടുതടങ്കലായിരുന്നു. സംഘപരിവാര്‍ സ്വാധീനമുള്ള കോടതിയും സംഘപരിവാര്‍ സ്വാധീനമുള്ള സര്‍ക്കാരും സംഘപരിവാര്‍ സ്വാധീനമുള്ള കുടുംബവും ഹാദിയയെ ഒരു പൊട്ടന്‍ഷ്യല്‍ ക്രിമിനലായി, രാജ്യദ്രോഹിയായി അവതരിപ്പിക്കുകയായിരുന്നു, അതുകൊണ്ടു തന്നെയാണ് ഹാദിയ തടവിലായത്.

സ്റ്റേറ്റ് സ്‌പോണ്‍സേഡ് സെപ്പറേഷന്‍ (ഭരണകൂടം നടപ്പാക്കുന്ന വേര്‍പിരിച്ചുനിര്‍ത്തല്‍)

2016 ഡിസംബര്‍ 19നാണ് ഹാദിയ ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 19ന് അവരുടെ ഒന്നാം വിവാഹവാര്‍ഷികമായിരുന്നു. ഈ കാലയളവില്‍, നിയമപരമായി വിവാഹിതരായ ശേഷം വെറും രണ്ടുദിവസമാണ് ഇവര്‍ ഒരുമിച്ച് കഴിഞ്ഞത്. നീതിപീഠത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുള്ള, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ പോരാട്ടം. ഹാദിയയുടെയും ഷഫിന്റെയും കാര്യത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്നത് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വേര്‍പിരിച്ചുനിര്‍ത്തലാണ്. അവരില്‍ പറ്റുന്നത്രയും സമ്മര്‍ദ്ദം സൃഷ്ടിക്കുക. വേദനിപ്പിക്കുക. അതാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഹാദിയയെ പഠനം തുടരാന്‍ സേലത്തേക്ക്‌ അയക്കുന്നത് സ്വന്തമായി ഒരു ഫോണ്‍ പോലും ഇല്ലാതെയാണ്. ഡീനിന്റെ ഫോണിലാണ് ഷെഫിനുമായി ഹാദിയ ഇപ്പോള്‍ സംസാരിക്കുന്നത്. ഹാദിയയെ കേരളത്തിലേക്കയച്ചാല്‍ എന്തുസംഭവിക്കും എന്ന ആശങ്കയാണ് ആശയവിനിമയത്തിന് ഒരു സ്വകാര്യ ഉപകരണം പോലുമില്ലാതെ സേലത്തേക്കയക്കാന്‍ കാരണം. വ്യാജകേസുകള്‍ ചുമത്തി മുസ്‌ലീങ്ങളെയും ദളിതരെയും രാജ്യവിരുദ്ധ പ്രവൃത്തികള്‍ ആരോപിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരെയും ജയിലിലിടുന്ന അതേ ഭരണകൂട തന്ത്രമാണ് ഹാദിയയെയും ഷഫിനെയും വേര്‍പിരിച്ചുനിര്‍ത്തുക എന്നതും. അത് ഒരു മറയ്ക്കകത്താണ് ഇപ്പോള്‍ നടക്കുന്നത്, ഹാദിയ സ്വതന്ത്രയാണ് എന്ന മറ സൃഷ്ടിച്ചുകൊണ്ട് ഷഫിന്‍ ജഹാനെ വേട്ടയാടുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.

ഹാദിയയും ഷഫിന്‍ ജഹാനും

കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയ ശേഷം അതില്‍ പ്രതിഷേധിച്ച് മുസ്‌ലീം ഏകോപന സമിതി കേരള ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി. അതില്‍ പങ്കെടുത്ത 15ഓളം പേരെ അറസ്റ്റ് ചെയ്തു. കോടതി വിമര്‍ശനാതീതമാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നു. ഹാദിയ വിവാഹം ചെയ്തത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ഷഫിന്‍ ജഹാനെ ആയതുകൊണ്ടാണ് എനിക്ക് പ്രശ്‌നം, അല്ലെങ്കില്‍ എനിക്കൊരു കുഴപ്പവും ഇല്ലാ എന്ന് ഹാദിയയുടെ പിതാവ് അശോകന്‍ പറയുന്നത് കേരള സമൂഹം ഏറ്റുപിടിച്ചു. ഹാദിയ അവിവാഹിത ആയി തുടര്‍ന്നിരുന്നെങ്കില്‍ രക്ഷിതാക്കള്‍ അവളെ തൃപ്പൂണിത്തറ ആര്‍.എസ്.എസ് പീഡനകേന്ദ്രത്തിലയച്ച് പീഡിപ്പിച്ചേനെ. ഹാദിയ കോടതിയുമായുള്ള യുദ്ധത്തില്‍ പകുതിയെങ്കിലും വിജയം നേടിയത് തടവറയ്ക്ക് പുറത്തുനിന്ന് പോരാടാന്‍ ഷഫിന്‍ ജഹാന്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി, എന്‍.ഐ.എ അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി, എന്‍.ഐ.എ കോടതിയലക്ഷ്യം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി, സംസ്ഥാന വനിതാ കമ്മീഷനില്‍ സമര്‍പ്പിച്ച ഹര്‍ജി എന്നിവയടക്കം പലപ്പോഴായി സമര്‍പ്പിച്ച ഹര്‍ജികള്‍ ഷഫിന്റെ നിയമപോരാട്ടത്തിന്റെ അടയാളങ്ങളാണ്. കേസ് നടത്താന്‍ ജനകീയ ഫണ്ട് പിരിവടക്കം നടത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമൂഹ്യ പോരാട്ടത്തിന് ഹാദിയ എന്ന ചോദ്യത്തിന് ഏറെക്കുറെ ഉത്തരം നല്‍കാന്‍ കഴിഞ്ഞു. രക്ഷിക്കണം എന്നു പറഞ്ഞ് ജൂണില്‍ ഹാദിയ അയച്ച സന്ദേശത്തിന് ശേഷം ഹാദിയയും ഷെഫിനും തമ്മില്‍ കാണുന്നത് തന്നെ നവംബര്‍ 27ന് സുപ്രീം കോടതിയില്‍ വെച്ചാണ്.

ഇപ്പോള്‍ ഹാദിയ കോളേജിലെ അധികാര കേന്ദ്രം വഴി ഷെഫിന്‍ ജഹാനുമായി സംസാരിക്കുന്നു. ഹാദിയയുടെ സ്വാതന്ത്ര്യം എന്നാല്‍ ഹാദിയക്ക് താന്‍ തെരഞ്ഞെടുത്തയാള്‍ക്കൊപ്പമുള്ള ജീവിതമാണ് എന്ന് ഹാദിയ ഒരുപാട് തവണ വ്യക്തമാക്കിയിരിക്കുന്നു. ഇഷ്ടപ്പെടാത്ത ആളുകളെ മാത്രം കണ്ട ആറുമാസങ്ങളില്‍ ഏറ്റ ആഘാതത്തില്‍ നിന്ന് ഭേദപ്പെടാന്‍ തനിക്ക് ഇഷ്ടമുള്ള ആളുകളെ കാണണം എന്നും ഹാദിയ പറഞ്ഞിരുന്നു. സുപ്രീം കോടതിയില്‍ ഹാദിയ നേടിയത് അന്തിമ സ്വാതന്ത്ര്യമല്ല. പോരാട്ടം തുടരുന്നു, കൊലപാതകത്തിന്റെ വക്താക്കളെ വിശ്വാസംകൊണ്ട് അതിജീവിച്ച ഹാദിയ, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട് പോരാളികളാണ് നമ്മള്‍ എന്ന് ഷഫിന്‍ ജഹാന്‍ ഹാദിയയോട് പറയുന്നു. ഭരണഘടന നമ്മള്‍ മാറ്റിയെഴുതും എന്ന് പറഞ്ഞ ഉത്തര കന്നഡ ബി.ജെ.പി എം.പി ആനന്ദ് ഹെഗ്‌ഡെയ്ക്കുള്ള മറുപടി കൂടിയാണ് അവസാനം വരെയും ഹാദിയയുടെയും ഷഫിന്റെയും നിയമപോരാട്ടം.

 

സോളിഡാരിറ്റി പുറത്തിറക്കിയ ഹാദിയ; മുഖ്യധാരാ ഫെമിനിസവും മുസ്‌ലിം ഭീതിയും എന്ന പുസ്തകത്തില്‍ നിന്നും

 

 

 

 

 

 

മൃദുല ഭവാനി