Campus Alive

നിർഭയത്വത്തിന്റെ പാഠങ്ങളാണ് ജയിലറകൾ

(ശർജീൽ ഇമാമുമായി ജയിലിൽ വെച്ച് നടത്തിയ അഭിമുഖം. 2020 ജനുവരി 28-നാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ ശർജീൽ ഇമാമിനെ ബീഹാറിൽ വെച്ച് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. തീഹാർ ജയിലിലും ഗുവാഹത്തി ജയിലിലുമായി 550 ദിവസമായി അന്യായമായി തടവിൽ കഴിയുകയാണ് ഇമാം)


തരുഷി അശ്വനി: എത്ര ദിവസമായി താങ്കൾ ജയിലിൽ കഴിയുന്നു?

ശർജീൽ ഇമാം: 2020 ജനുവരി 28 നാണ് ഞാൻ ദില്ലി പോലീസിന് കീഴടങ്ങിയത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് കസ്റ്റഡിയിലും ഒരു മാസത്തോളം ഗുവാഹത്തി സെൻട്രൽ ജയിലിലും 9 മാസത്തിലധികം തീഹാർ സെൻട്രൽ ജയിലിലുമായി 17 മാസത്തോളം ഞാൻ കസ്റ്റഡിയിൽ കഴിഞ്ഞു.

നിങ്ങൾക്കെതിരായ ആരോപണങ്ങൾ തിരിച്ചറിഞ്ഞപ്പോഴുണ്ടായ ആദ്യ ചിന്ത എന്തായിരുന്നു?

പ്രധാനമായും രണ്ട് സന്ദർഭങ്ങളുണ്ടായിരുന്നു. ആദ്യത്തേത്, 2020 ജനുവരിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി എന്നെ അറസ്റ്റുചെയ്തപ്പോളാണ്. ഒരേ ദിവസം അഞ്ച് സംസ്ഥാനങ്ങളിൽ അഞ്ച് എഫ്.ഐ.ആർ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പ്രക്ഷോഭത്തോട്, പ്രത്യേകിച്ച് ഷഹീൻ ബാഗ് സമരത്തോട് ഭരണകൂടത്തിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നു. ജനുവരി ആദ്യം ഇതേക്കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്യുമ്പോൾ തന്നെ ചിലതൊക്കെ ഞാൻ മുൻകൂട്ടികണ്ടിരുന്നു. [ഭരണകൂട] അടിച്ചമർത്തലിന്റെ തുടക്കമായിരുന്നു എന്റെ അറസ്റ്റ്. ദില്ലി തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ സമരങ്ങളെ നിയമവിരുദ്ധമാക്കാനും സാമുദായിക വിഘടനമുണ്ടാക്കാനുമുള്ള ശ്രമമാണിതെന്നാണ് എന്റെ മനസിൽ ആദ്യം വന്ന ചിന്ത.

ആറുമാസങ്ങൾക്കു ശേഷം 2020 ഓഗസ്റ്റിലാണ് രണ്ടാമത്തെ സന്ദർഭം. ഗുവാഹത്തി പോലീസ് കസ്റ്റഡിയിൽ ആയിരുന്നപ്പോൾ നടന്ന ദില്ലി അക്രമത്തിന്റെ പേരിൽ എന്നെ അറസ്റ്റു ചെയ്തു. ദില്ലിയിൽ അക്രമം നടക്കുമ്പോൾ ഞാൻ ഒരു മാസത്തെ ജയിൽ വാസം പൂർത്തിയാക്കിയിരുന്നു. അതുകൊണ്ട് അക്രമത്തിന്റെ പേരിൽ യു.എ.പി.എ എന്ന കരിനിയമം ചുമത്തി എന്നെ അറസ്റ്റു ചെയ്യുകയും വിചാരണ തടവിന് ശിക്ഷിക്കുകയും ചെയ്തതിലൂടെ ഞങ്ങളെ പോലുള്ളവരെ ഉപയോഗിച്ച് വിദ്യാസമ്പന്നരായ യുവാക്കളെ ഭീഷണിപ്പെടുത്താനും മുന്നറിയിപ്പ് നൽകാനും സർക്കാർ തീരുമാനിച്ചിരിക്കുന്നുവെന്ന് എനിക്ക് ബോധ്യമായി. ഐപിസിയുടെ ഭാഗമായ സെഡിഷനിൽ നിന്ന് വ്യത്യസ്തമായി ആരോപിതരെ വിചാരണ തടങ്കലിൽ ഇടുന്ന നിയമമാണ് യുഎപിഎ.

ശർജീൽ ഇമാം

ജയിലിൽ  എങ്ങനെയാണ് താങ്കൾ സമയം ചിലവഴിക്കുന്നത്?

ഗുവാഹത്തി സെൻട്രൽ ജയിലിൽ വാർഡ് സംവിധാനമില്ല, അതിനാൽ ഒരാൾ രാവിലെ എഴുന്നേറ്റ് ജയിലിൽ കറങ്ങി നടന്ന് വൈകുന്നേരം അവരവരുടെ  താമസസ്ഥലത്തേക്ക് മടങ്ങുന്നതാണ് പതിവ്. ആയിരക്കണക്കിന് തടവുകാരുമായി ഞാൻ അവിടെ ഇടപഴകിയിട്ടുണ്ട്. കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള സമ്പന്നമായ പുസ്തകശേഖരം അവിടത്തെ ലൈബ്രറിയിലുണ്ടായിരുന്നു. ഗുവാഹത്തിയിൽ ആയിരുന്നപ്പോൾ ഞാൻ ധാരാളം പുസ്തകങ്ങൾ വായിക്കുകയും ബംഗ്ലാ ഭാഷയിലുള്ള എന്റെ വൈദഗ്ധ്യം പുതുക്കുകയും കുറച്ച് ആസാമീസ് പഠിക്കുകയും ചെയ്തിരുന്നു. കാലക്രമേണ ഞാൻ രണ്ട് ഭാഷകളിലും പത്രങ്ങൾ വായിക്കാൻ തുടങ്ങിയിരുന്നു.

ജയിലിൽ ഒരു പള്ളിയുണ്ട്. അവിടെ ഞാൻ പലപ്പോഴും സഹതടവുകാരുമായി മണിക്കൂറുകളോളം സംസാരിച്ചിക്കും, വൈകുന്നേരങ്ങളിൽ എന്നോടൊപ്പം ഉണ്ടായിരുന്ന തടവുകാരോടൊത്ത് ചെസ്സ് കളിക്കാറുണ്ടായിരുന്നു. എന്നാൽ തീഹാർ ജയിൽ കൂടുതൽ സൈനികർ കാവലുള്ള ഹിംസാത്മകമായ ഒരു ജയിലാണ്. തീഹാറിൽ ഒരാൾക്ക് തന്റെ വാർഡിൽ നിന്ന് അപൂർവ്വമായേ പുറത്തുകടക്കാൻ കഴിയുകയുള്ളൂ. എന്റെ സെല്ലിൽ ഞാൻ ഒറ്റക്കാണ്‌. എന്റെ കൈവശമുള്ള ചില പുസ്‌തകങ്ങളുമായി മിക്ക സമയവും സെല്ലിനകത്ത് തന്നെയാണ് ഞാൻ കഴിഞ്ഞിരുന്നത്. ഈയടുത്ത്, കോടതി ഉത്തരവു പ്രകാരം, പതിനേഴായിരത്തോളം പേജുകളുള്ള എന്റെ ചാർജ് ഷീറ്റ് വായിച്ചുനോക്കാനായി ജയിലിലെ ലീഗൽ സെല്ലിനകത്ത് എന്നെ പ്രവേശിപ്പിച്ചു. എല്ലാ ദിവസവും പത്രങ്ങൾ വായിക്കാൻ പറ്റുമായിരുന്നു. അതല്ലാതെ, തീഹാറിൽ ഏകാന്തമായ ജീവിതമാണ്. എന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഇവിടം ചുറ്റിക്കറങ്ങുന്നതിൽ നിന്ന് തടയുന്നുണ്ട്.

സമരത്തിനിറങ്ങാൻ താങ്കളെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു?

എനിക്ക് പുറമെ സമരത്തിനിറങ്ങിയ മറ്റുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രേരിപ്പിച്ച ഘടകം എന്താണ്? ഈ രാഷ്ട്രം കൂടുതൽ കൂടുതൽ മുസ്‌ലിം വിരുദ്ധമായി മാറുന്നുവെന്നും  അധികാരം ഏതാനും കൈകളിൽ കുത്തകയാക്കി വെച്ചിരിക്കുന്നുമെന്നുള്ള തിരിച്ചറിവാണത്. ഈ കുത്തകയുടെ ഒരു വശം അതിന്റെ മുസ്‌ലിം വിരുദ്ധ സ്വഭാവമാണ്. 2019 ഒരു നിർണായക സന്ദർഭമായിരുന്നു, 1984 ന് ശേഷം ആദ്യമായാണ് ഇത്രയും ഭൂരിപക്ഷത്തോടെ ഒരു പാർട്ടി വിജയിച്ചത്. ശേഷം വിവിധ പ്രദേശങ്ങളിൽ മുസ്‌ലിംകൾക്കെതിരെ തുടർച്ചയായ പ്രഹരങ്ങൾ ആരംഭിച്ചു; ആർട്ടിക്കിൾ 370 റദ്ദാക്കൽ, ബാബരി വിധി, സി‌എ‌എ നിയമനിർമാണം തുടങ്ങിയവ. എന്നെ സംബന്ധിച്ചേടത്തോളം ഇതിനുശേഷം മുസ്‌ലിം സമുദായം നൈസർഗ്ഗികമായി പ്രതികരിച്ചു. ഈ രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ പറ്റി കുറച്ച് വർഷങ്ങളായി എഴുതികൊണ്ടിരിക്കുന്ന ആളാണ് ഞാൻ.

ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന ഞാൻ 2013 ൽ ജോലി ഉപേക്ഷിച്ച് ചരിത്രം, ഇന്ത്യാവിഭജനം, വിഭജനാനന്തര ഇന്ത്യയുടെ ഘടനയും ന്യൂനപക്ഷ അവകാശങ്ങളും, ഫെഡറലിസം, തിരഞ്ഞെടുപ്പുകൾ തുടങ്ങിയവയെ പറ്റി പഠിക്കാൻ പാർട്ട് ടൈം ജോലികൾ ചെയ്തുതുടങ്ങി. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഈ സംവിധാനങ്ങളൊക്കെയും കേവലം പേരിനു മാത്രം ഉപയോഗിക്കുന്നവയാണെന്നും  കോൺഗ്രസോ ബിജെപിയോ, ഏത് ശക്തമായ പാർട്ടിക്കും ഇതിനെ തകിടംമറിക്കാൻ കഴിയുമെന്നും നമുക്ക് കാണാൻ കഴിയും. എന്തിനധികം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പോലും വിട്ടുവീഴ്ച്ച ചെയ്യപ്പെടുന്നു.

അതിനാൽ, സമീപകാല ഇന്ത്യയുടെ ഭരണഘടനാ ക്രമീകരണത്തിന്റെ അന്തർലീനമായ പിഴവുകളാണ് എന്നെ സമരം ചെയ്യാൻ പ്രേരിപ്പിച്ച ഘടകം. സി‌എ‌എയാണ് എന്നെ എഴുത്തിൽ നിന്ന് തെരുവുകളിൽ സംസാരിക്കുന്നതിലേക്കെത്തിച്ചത്, വ്യവസ്ഥയിലെ ന്യൂനതകളെക്കുറിച്ച് സംസാരിക്കാൻ അതെനിക്ക് അവസരം നൽകി. ഈ നിയമം എങ്ങനെയാണ് വിഭാവനം ചെയ്യപ്പെട്ടത്? ഈ നിയമം എങ്ങനെ പാസാക്കപ്പെട്ടു? ആർട്ടിക്ക്ൾ 370 എങ്ങനെ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിഞ്ഞു? മാസങ്ങളും വർഷങ്ങളുമായി ഇന്റർനെറ്റ് തടഞ്ഞുവെക്കാൻ എങ്ങനെ സാധിക്കുന്നു? തീർച്ചയായും ഇവിടത്തെ ക്രമീകരണങ്ങളിൽ അടിസ്ഥാനപരമായ എന്തോ പാകപിഴയുണ്ട്.

താങ്ക‌ക്കെതിരായ കേസുകൾ പരിഗണിക്കുമ്പോൾ, ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് തോന്നുന്നുണ്ടോ?

അഭിപ്രായ സ്വാതന്ത്ര്യത്തിന് രണ്ട് വശങ്ങളുണ്ട്; സ്ഥാപനപരവും സാംസ്കാരികവും. അഭിപ്രായ പ്രകടനത്തെ അടിച്ചമർത്തുന്നതിനെ എതിർക്കുകയെന്നത് സ്ഥാപനപരമായി പരിഗണനീയമാവുന്നിടത്തോളം അതിനുവേണ്ടി നിലകൊള്ളുകയെന്നത് ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ ദുഖകരമെന്നു പറയട്ടെ, കേന്ദ്രത്തിലെ ഒരു പാർട്ടിയുടെ അല്ലെങ്കിൽ ഒരു സംഘത്തിന്റെ മേൽക്കൈ, ജുഡീഷ്യറിയുടെ അഭിപ്രായത്തെ സ്വാധീനിക്കുന്ന തരത്തിൽ ഇടപെടാൻ സഹായിക്കുന്നു. വ്യവസ്ഥാപിതമായ ഈ ദൗർബല്യം പരിഹരിക്കേണ്ടതുണ്ട്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സാംസ്കാരിക മാനദണ്ഡങ്ങൾ ഒരു കൂട്ടം ജനകീയ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഉപയോഗിച്ച് നിർവചിക്കപ്പെടുന്നത് രൂഢമായ അസ്വാസ്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇത്തരത്തിലുള്ള ദേശീയതയെ അല്ലെങ്കിൽ അതി-ദേശീയതയെ ലിബറലുകൾ, ഡെമോക്രാറ്റുകൾ, തുടങ്ങി പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് സ്വയം കരുതുന്നവർ നിരന്തരം പരിശോധനാ വിധേയമാക്കണം. അതുകൊണ്ടാണ് ഒരു പ്രത്യയശാസ്ത്രമെന്ന നിലയിൽ  ഞാൻ ദേശീയതയ്‌ക്കെതിരെ സംസാരിക്കുന്നത്; അത് ചിന്തയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിടുന്നു. സ്‌കോട്ട്‌ലൻഡിൽ നിന്നും അയർലണ്ടിൽ നിന്നുമുള്ള ജനങ്ങൾക്ക് യുകെയിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ജനാധിപത്യ രീതിയിൽ സംസാരിക്കാൻ കഴിയുമ്പോൾ, ഇന്ത്യക്കാർക്ക് മാത്രം എന്തുകൊണ്ടാണ് രാജ്യദ്രോഹി എന്ന പദം ഉപയോഗിക്കാതെ ഇത്തരം വ്യവഹാരങ്ങളോട് ഒത്തുപോകാൻ കഴിയാത്തത്? 1950-60 കളിൽ റാം മനോഹർ ലോഹ്യയെപ്പോലുള്ള സോഷ്യലിസ്റ്റുകൾക്ക് മുഖ്യധാരാ ദിനപത്രങ്ങളിൽ കാശ്മീരികളുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കാൻ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരം എഴുത്തുകൾ നടത്തുമ്പോൾ തന്നെ ഉത്തരേന്ത്യയിലെ ഒരു ബഹുജന നേതാവായി അദ്ദേഹത്തെ കണക്കാക്കിയിരുന്നു. 1962 ലെ ഇന്തോ-ചൈന പോരാട്ടവുമായി ബന്ധപ്പെട്ട് ജ്യോതി ബസുവിന് (മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി) ഒരു നിഷ്പക്ഷ നിലപാടെടുക്കാൻ കഴിഞ്ഞിരുന്നു. ഹിമാലയത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലെന്ന് അദ്ദേഹത്തിന് അന്ന് പറയാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതൊക്കെയും അസാധ്യമാവുന്നു.

ഭരണകൂടവിരുദ്ധ ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിനെ പറ്റിയും അതിനുവേണ്ടി യു.എ.പി. ഉപയോഗുന്നതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

1967-ൽ വിഘടനവാദികളെ കൈകാര്യം ചെയ്യാനായി പാസാക്കിയതാണ് യുഎപിഎ നിയമം. എന്നാൽ 2008 ലെ മൻ‌മോഹൻ സിങ് ഭരണകാലത്ത് മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് അതിന്റെ പ്രധാനപ്പെട്ട ദംഷ്ട്ര ഭാഗം കൂട്ടിച്ചേർക്കുന്നത്. 2004-ൽ റദ്ദാക്കിയ പോട്ടയുടെ (POTA-തീവ്രവാദ നിരോധന നിയമം) ഇരുണ്ട ഭാഗങ്ങൾ യു‌എ‌പി‌എയിലെ 4, 5, 6 അദ്ധ്യായങ്ങളിലായി ചേർത്തപ്പെട്ടു. നിയമവിരുദ്ധമെന്നോ വിഘടനവാദപരമെന്നോ തോന്നുന്ന ഒരു പ്രസ്താവനയിൽ ഈ നിയമത്തിലെ മൂന്നാം അധ്യായം പ്രയോഗിക്കുന്നു. കുറഞ്ഞത് 6 മാസത്തെ തടവ് അനുഭവിക്കേണ്ടിവരും, പക്ഷേ അതിനുശേഷം ജാമ്യ നിരോധനമുണ്ടായിരിക്കില്ല. എന്നാൽ മരണങ്ങളും അക്രമങ്ങളും നടന്ന ദില്ലി അക്രമം പോലുള്ള സാഹചര്യത്തിൽ മറ്റ് മൂന്ന് അധ്യായങ്ങൾ നടപ്പിലാക്കാനും കഴിയുന്നു.

മുമ്പ് സംഘടനകളെ മാത്രമാണ് തീവ്രവാദികളായി കണക്കാക്കിയിരുന്നുവെങ്കിൽ, 2019-ൽ ബിജെപി ഗവൺമെന്റ് നടത്തിയ ഭേദഗതിക്ക് ശേഷം വ്യക്തികളെയും തീവ്രവാദികളായി കണക്കാക്കാമെന്ന് വന്നു. ഈ ഭേദഗതി യു‌എപി‌എയുടെ പരിധി പലമടങ്ങായി വർദ്ധിപ്പിച്ചു. അതിനുശേഷം വിഘടനവാദ സംഘടനകൾ എന്നതിൽ നിന്ന്, വിഘടനവാദി/തീവ്രവാദ സംഘടനകൾ/വ്യക്തികൾ എന്നായി മാറി. കോടതിയാവട്ടെ ഈ നിയമം ഭരണഘടനാപരമാണോ അല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും ഒരു തീർപ്പ് പറഞ്ഞിട്ടില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും തീവ്രവാദ പ്രവർത്തനങ്ങളുടെയും നിർവചനങ്ങൾ ഏറെ അവ്യക്തമായതിനാൽ വ്യക്തിളുടെ മേലിൽ ഏകപക്ഷീയമായി ഈ നിയമത്തെ പ്രയോഗിക്കാൻ കഴിയുന്നു. 2001 ഇക്കാര്യത്തിൽ സവിശേഷമായ ഒരു വർഷമാണ്. 9/11 ആക്രമണത്തിനുശേഷം, ‘ഭീകരതയ്‌ക്കെതിരായ യുദ്ധം’ (വാർ ഓൺ ടെറർ) ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് വിമതരായ മുസ്‌ലിംകളെ കുറ്റവാളികളാക്കാനുള്ള ലൈസൻസ് നൽകി. ഞാൻ ഒരു മുസ്‌ലിമാണെന്നും വ്യവസ്ഥാപരമായ മാറ്റം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാൽ പിന്നെ എന്നെ തീവ്രവാദി എന്ന് വിളിക്കാൻ വളരെ എളുപ്പമാണ്.

ഇന്ത്യൻ മുസ്‌ലിങ്ങളുടെ വിയോജിപ്പുകളെയും ന്യായമായ അഭിലാഷങ്ങളെയും നിയന്ത്രിക്കാൻ ‘ഭീകരതയ്ക്കെതിരായ യുദ്ധ’ത്തെ ഇന്ത്യാ ഭരണകൂടവും കൃത്യമായി ഉപയോഗിച്ചു. ഉദാഹരണത്തിന്, വിഘടനവാദികൾ 2001 ന് ശേഷം പൊതുജന ഭാഷ്യത്തിൽ തീവ്രവാദികളായിത്തീർന്നു. എന്നിരുന്നാലും, രസകരമെന്നു പറയട്ടെ, യുഎപിഎ കർഷകർക്കെതിരെ പ്രയോഗിക്കാൻ കഴിയില്ല. കാരണം മുസ്‌ലിംകളെ ദേശവിരുദ്ധരും തീവ്രവാദികളുമെന്ന് മുദ്രകുത്താൻ എളുപ്പമാണ്, അതേസമയം കർഷകർ ഭരണകൂട വിരുദ്ധരാണെങ്കിൽ പോലും അവരെ ദേശവിരുദ്ധരായി മുദ്രകുത്താനാവില്ല. എന്റെ കാര്യത്തിൽ തന്നെ, ദേശീയപാതകളും റോഡുകളും സമാധാനപരമായി ഉപരോധിക്കുന്നത് പ്രോസിക്യൂഷൻ തീവ്രവാദ ഗൂഢാലോചനയായി ചിത്രീകരിച്ചു. എന്റെ പ്രസംഗങ്ങളോ പ്രസ്താവനകളോ യാതൊരു വിധത്തിലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല. എന്നിട്ടും ഒരു തീവ്രവാദ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തിയെന്ന് എന്റെമേൽ ആരോപിക്കപ്പെടുന്നു. ഈ നിയമത്തിലെ വ്യവസ്ഥകൾ എത്രത്തോളം അനിശ്ചിതമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നിലവിൽ താങ്കൾ എന്താണ് വായിച്ചു കൊണ്ടിരിക്കുന്നത്?

റൂമിയുടെയും അദ്ദേഹത്തിന്റെ ദാർശനിക ഉപദേശകനായ ഷംസ് തബ് രീസിന്റെയും കൂടിക്കാഴ്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ എലിഫ് ഷഫാക്കിന്റെ ‘ഫോർട്ടി റൂൾസ് ഓഫ് ലവ്’ എന്ന പുസ്തകം ഞാൻ വായിച്ചു കഴിഞ്ഞു. അരഡസനോളം  പ്രേംചന്ദ് നോവലുകൾ ഞാൻ ഇവിടെ നിന്ന് തീർത്തു. നിലവിൽ ഞാൻ സി.എ ബെയ്‌ലീസിയുടെ ‘എമ്പയർ ആന്റ് ഇൻഫർമേഷൻ ആന്റ് എ ഹിസ്റ്ററി ഓഫ് ഇസ്‌ലാം’ എന്ന പുസ്തകത്തിന് അക്ബർ നജീബാബാദി രചിച്ച ഉർദു പരിഭാഷയാണ് വായിക്കുന്നത്. ജയിലിലായിരിക്കുമ്പോൾ തന്നെ എന്റെ പ്രബന്ധവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട വായന പൂർത്തിയാക്കാനും ഞാൻ ശ്രമിക്കുകയാണ്. രസകരമെന്തെന്നാൽ എന്റെ എംഫിലിന്റെയും പിഎച്ച്ഡിയുടെയും വിഷയം ഇന്ത്യാ വിഭജനത്തോടനുബന്ധിച്ച് നടന്ന വർഗീയ കലാപങ്ങളെ ചുറ്റിപ്പറ്റിയാണ്. ഞാനാണെങ്കിൽ വർഗീയ കലാപങ്ങളുടെ (ദില്ലി അക്രമം) സൂത്രധാരൻ എന്ന ആരോപണത്തിൽ ജയിലിലും. അതുകൊണ്ട് എന്നെ സംബന്ധിച്ച്, എന്റെ ചാർജ്ജ്ഷീറ്റ് ഒരു പരിധി വരെ ഗവേഷണത്തിന് സഹായകമായ ഒരു പ്രൈമറി സോഴ്സ് കൂടിയാണ്. ഞാൻ വായിക്കുന്ന മറ്റൊരു പുസ്തകം ദില്ലി ജയിൽ നിയമങ്ങളുടെ പുസ്തകമാണ്.

പൗരത്വപ്രക്ഷോഭത്തെ അസാധുവാക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് താങ്കളുടെ അറസ്റ്റ് എന്ന് തോന്നുന്നുണ്ടോ?

അതെ. ഞാൻ നേരത്തെ പറഞ്ഞതുപോലെ, അടിച്ചൊതുക്കലിന്റെ തുടക്കമായിരുന്നു എന്റെ അറസ്റ്റ്. ഈ പ്രതിഷേധക്കാർ രാജ്യദ്രോഹികളാണെന്നും അവർ രാജ്യത്തിനും സർക്കാരിനും എതിരാണെന്നും കാണിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. ദില്ലി തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ദില്ലിയെ വർഗീയവൽക്കരിക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. ഷഹീൻ ബാഗ് സമരത്തിന്റെ ഒന്നാം ദിവസം മുതൽ അതായത് ഡിസംബർ-15 തൊട്ട് ഞാൻ അതിന്റെ ഭാഗമായുണ്ട്, പിന്നീട് സമരത്തിൽ നിന്ന് പിന്മാറുന്നതിനു മുമ്പ് തന്നെ ഞാൻ അതിന്റെ മുഖമായി മാറിയിരുന്നു. എന്നെ ലക്ഷ്യംവെക്കുന്നത് ഷഹീൻ ബാഗിനെ ലക്ഷ്യംവെക്കുന്നതിന് തുല്യമാണ്. 2020 ജനുവരിയിൽ ഇത് മുൻകൂട്ടികണ്ട് ദില്ലി തിരഞ്ഞെടുപ്പ് വരെ റോഡ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു, പക്ഷേ ധാരാളം ആളുകൾ എന്നെ സമരത്തിന്റെ വഞ്ചകനെന്ന് വിളിക്കുകയാണുണ്ടായത്. എന്തായാലും, ശേഷം ഞാൻ ബീഹാറിലേക്ക് പോയി, യുപിയിലും ബംഗാളിലും സംസാരിച്ചു, യുപിയിലെ അലിഗഢിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ ബീഹാറിൽ വെച്ച് എന്നെ അറസ്റ്റു ചെയ്തു. ദില്ലിയിലെ സമരത്തെ ലക്ഷ്യം വെച്ച് നടന്ന എന്റെ അറസ്റ്റ്, ഞാൻ ജയിലിലായി ഒരു മാസത്തിനുശേഷം നടന്ന ദില്ലി അക്രമത്തിന്റെ ഗൂഢാലോചന എനിക്കുമേൽ ആരോപിക്കുന്നതിലേക്കെത്തി.

ശഹീൻ ബാഗ്

പുരോഗമനക്കാരായ അമുസ്‌ലിംകളുടെ പിന്തുണ ഇല്ലാതാക്കാൻ വേണ്ടി ഒരു മുസ്‌ലിം മതഭ്രാന്തനും മൗലികവാദിയും ഹിന്ദു വിദ്വേഷകനുമായി എന്നെ ചിത്രീകരിക്കുന്നതായിരുന്നു എന്റെ കേസ്. വ്യവസ്ഥാപരമായ പ്രശ്നങ്ങളുന്നയിക്കുകയും ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ കോൺഗ്രസ് വഹിച്ച പങ്കിനെ സംശയത്തോടെ വായിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ ഞാൻ ബിജെപിയെ സഹായിക്കുകയാണെന്ന് ചില മുസ്‌ലിംകൾ പോലും ചിന്തിച്ചു. നിരക്ഷരരായ ജനക്കൂട്ടത്തെ മുന്നിൽ നിന്ന് നയിക്കുന്ന മുസ്‌ലിം മതഭ്രാന്തനായാണ് എന്നെ അവർ ചിത്രീകരിച്ചത്. എന്നാൽ ആരെങ്കിലും എന്റെ പ്രസംഗങ്ങളെടുത്ത് പരിശോധിക്കുകയാണെങ്കിൽ, അവയിൽ അഹിംസാത്മകമായ സമരരീതികളും, ന്യൂനപക്ഷ അവകാശങ്ങളും, ജനാധിപത്യ ചട്ടക്കൂടിനകത്തുള്ള തിരഞ്ഞെടുപ്പുകളുമൊക്കെയാണ് കാണാൻ സാധിക്കുക.

ജയിൽ ജീവിതം താങ്കളെ എന്തൊക്കെയാണ് പഠിപ്പിച്ചിട്ടുള്ളത്?

ക്ഷമാശീലനായിരിക്കാൻ ജയിൽ നമ്മെ പഠിപ്പിക്കും. നിങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എഴുന്നേറ്റു നിന്ന് ‘നോ’ എന്ന് പറയാനും ഇവിടം നമ്മെ പഠിപ്പിക്കുന്നു. ഉദാഹരണത്തിന് ഞങ്ങൾ ഗുവാഹാത്തി ജയിലിൽ കോവിഡ് ടെസ്റ്റ് ആവശ്യപ്പെട്ട് കൊണ്ട് നിരാഹാര സമരം നടത്തി, ശേഷം ജയിലിൽ പകുതിപേരും പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കൂടാതെ, പോലീസുകാരെക്കുറിച്ചും അഭിഭാഷകരെക്കുറിച്ചും ജുഡീഷ്യറിയെക്കുറിച്ചും വ്യക്തമായ ഒരു ചിത്രം ജയിൽ നമുക്ക് നൽകുന്നു, അവരിൽ പലർക്കും ജയിലുകളെക്കുറിച്ച് കൂടുതൽ അറിയില്ല. നിഷ്കളങ്കരായ ആളുകൾക്ക് പുറത്ത് ജാമ്യക്കാരില്ല എന്ന ഒറ്റക്കാരണത്താൽ നിസ്സാര കുറ്റകൃത്യങ്ങളിൽ കുറ്റം സമ്മതിക്കേണ്ടിവരുന്നു. കുടുംബവുമായി സംസാരിക്കാൻ അധികാരികൾ അനുവദിക്കുന്ന 5 മിനിറ്റിന്റെ വില നിങ്ങൾക്ക് മനസ്സിലാവും. സർവ്വോപരി ജയിലിനെ ഭയപ്പെടുന്നത് അവസാനിപ്പിക്കാൻ ജയിൽ നിങ്ങളെ പഠിപ്പിക്കുന്നു.

ജാമ്യം ലഭിക്കാൻ പ്രതീക്ഷിക്കുന്നതിലും കൂടുതൽ സമയമെടുക്കുന്നു എന്നത് താങ്കളെ അതെങ്കിലും രീതിയിൽ ബാധിക്കുന്നുണ്ടോ?

അതെ, ആദ്യം അത് രാജ്യദ്രോഹമായിരുന്നു, പക്ഷേ അഞ്ച് സംസ്ഥാനങ്ങളിലായാണ്. അതിനാൽ ആറുമാസമോ ഒരു വർഷമോ കൊണ്ട് ജാമ്യംലഭിക്കുമെന്ന് ഞാൻ കരുതി. പിന്നെ അത് യു‌എ‌പി‌എ, സെക്ഷൻ 16, 17, 18 എന്നിവയായി, അതായത് അഞ്ച് മുതൽ ഏഴ് വർഷം വരെ വിചാരണ തടവ്. ഇനിയെല്ലാം കോടതികളെ ആശ്രയിച്ചിരിക്കുന്നു, ഒന്നും കൃത്യമായി പറയാൻ കഴിയില്ല.

നിങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയത്തിനായി സജീവമായി ശബ്ദമുർത്തിയതിൽ എപ്പോഴെങ്കിലും ഖേദം തോന്നിയിട്ടുണ്ടോ?

ഇല്ല, ഞാൻ ഖേദിക്കുന്നില്ല. ഒരുപക്ഷേ എനിക്ക് ഒഴിവാക്കാമായിരുന്നതോ മികച്ച മറ്റുരീതികളിൽ പ്രാവർത്തികമാക്കാനോ കഴിയുമായിരുന്ന നീക്കങ്ങളുണ്ടാകാം. പക്ഷേ, എന്റെ ജീവിതത്തിന്റെ മൊത്തത്തിലുള്ള ചരിത്രം എടുത്തു നോക്കുമ്പോൾ ഞാൻ ഒട്ടും ഖേദിക്കുന്നില്ല. ഐഐടി-ബോംബെയിൽ നിന്ന് ബിരുദം നേടിയ ശേഷം ഒരു ചരിത്രകാരനാകാൻ ജെഎൻയുവിൽ ചേർന്നു. 2013 ൽ അത് ഞാൻ തീരുമാനിച്ചിരുന്നു. ചരിത്ര പഠനത്തിനായി ലാഭകരമായ ജോലി ഉപേക്ഷിക്കാനുള്ള എന്റെ തീരുമാനത്തെ ഈ വർഷങ്ങളിൽ പലരും ചോദ്യം ചെയ്തിരുന്നു.

ഏതൊരാളും തന്റെ തന്നെ ഭാഷാപരവും വിശകലനപരവുമായ കഴിവുകളെ വെല്ലുവിളിക്കുന്ന, മനുഷ്യരാശിയുടെ പുരോഗതിയിലേക്ക് നയിക്കുന്ന, ഒരു ജോലി ഏറ്റെടുക്കണം. ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിങ്ങൾ ഒരു വെല്ലുവിളി നിറഞ്ഞ വിഷയമാണ്. ഗുവാഹത്തി ജയിലിൽ ഒരിക്കൽ ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു; “ഒരുപക്ഷേ ഈ ജയിലിൽ, ഐഐടിയിൽ നിന്നുള്ള ഏക കമ്പ്യൂട്ടർ സയൻസ് ബിരുദധാരി നിങ്ങളാണ്”. ‘ഞാൻ ഭാഗ്യവാനാണ്’, എന്നാണ് അതിന് ഞാൻ മറുപടി പറഞ്ഞത്. എന്റെ പ്രതികരണം അദ്ദേഹത്തിന് ആദ്യം മനസ്സിലായില്ലെങ്കിലും, പിന്നീട് പിടികിട്ടി. ജയിലിലായത് കാരണം എന്റെ വാക്കുകൾക്ക് കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, ഇത്രയും വർഷത്തെ എന്റെ ചിന്തയും, വായനയും, എഴുത്തും ദശലക്ഷക്കണക്കിന് ആളുകളിൽ എത്തിയിട്ടുണ്ടെങ്കിൽ, പിന്നെന്തിന് ഞാൻ ഖേദിക്കണം? മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകളുള്ള സമരത്തിൽ, നൂറുകണക്കിന് ആളുകളെങ്കിലും അതിനായി ത്യാഗം സഹിക്കേണ്ടി വരും.

ഒരു പ്രത്യേക ആഖ്യാനത്തിനെതിരായ ശബ്ദങ്ങളെ ദേശവിരുദ്ധമായി കണക്കാക്കുന്നതാണ് സമകാലിക ഇന്ത്യനവസ്ഥ. താങ്കൾ വളർന്നുവന്ന ഇന്ത്യയും തേപോലെ തന്നെയായിരുന്നോ?

1988 ൽ ബീഹാറിലെ മണ്ടലേറയിലാണ് ഞാൻ ജനിച്ചത്. താരതമ്യേന ദുർബലമായ ഒരു കേന്ദ്രമുള്ള ഇന്ത്യയാണ് അന്ന്. 1989 ലാണ് ബീഹാറിൽ മുസ്‌ലിങ്ങൾക്കെതിരെ ഏറ്റവും വലിയ കൂട്ടക്കൊല നടക്കുന്നത്. 1990 ൽ കേന്ദ്ര പാർട്ടികളുടെ ആധിപത്യം ബീഹാറിൽ അവസാനിക്കുകയും പകരം പിന്നോക്ക ജാതിയിൽ നിന്നുള്ളവ ഉയർന്നുവരികയും, പാസ്മന്ദ (പിന്നാക്ക വിഭാഗമായ മുസ്‌ലിംകളെ സൂചിപ്പിക്കുന്ന പേർഷ്യൻ ഭാഷയിൽ ‘പിന്നോട്ട് പോയവർ’ എന്നർത്ഥം വരുന്ന പദം) മൂവ്മെന്റ് ആരംഭിക്കുകയും, പ്രാദേശിക കക്ഷികൾ ബീഹാറിൽ അധികാരം നേടുകയും ചെയ്തു. 2014 ൽ അന്തരിച്ച എന്റെ പിതാവ് അക്ബർ ഇമാം ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലും ന്യൂനപക്ഷ ശാക്തീകരണത്തിന്റെ വക്താവെന്ന നിലയിലും ഈ മാറ്റത്തിന്റെ ഭാഗമായിരുന്നു. ദുർബലമായ കേന്ദ്രരാഷ്ട്രീയവും പ്രാദേശിക രാഷ്ട്രീയത്തോട് ചായിവും ദേശീയതയേക്കാൾ ‘അഫെർമറ്റീവ് ആക്ഷന് (ശാക്തീകരണ പ്രക്രിയ)’ പ്രധാന്യവുമുള്ള സ്ഥലമായിരുന്നു ഞാൻ വളർന്നുവന്ന ബീഹാർ. ആ സാഹചര്യത്തിൽ, വിയോജിക്കാനുള്ള ഇടം ഇന്നത്തെപ്പോലെ പരിമിതമായിരുന്നില്ല. എന്നിരുന്നാലും, ഇതേ കാലഘട്ടത്തിൽ തന്നെയായിരുന്നു ദേശീയ രാഷ്ട്രീയത്തിൽ ആർ‌എസ്‌എസ് നേട്ടം കൊയ്യുകയും, ഗുജറാത്ത് ഏകീകരണവും ബാബരി ധ്വംസനത്തിനുള്ള മുന്നേറ്റം സാധ്യമാക്കുകയും, ഏറ്റവും മോശം രക്തച്ചൊരിച്ചിൽ നടക്കുകയും, കശ്മീരിൽ സൈനിക ഭരണം സ്ഥാപിക്കുകയും ചെയ്തത്.

എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഗുണപരമായ മാറ്റം ശ്രദ്ധിക്കേണ്ടതാണ്. സംസാരിക്കാനും കേൾക്കപ്പെടാനുമുള്ള സ്വാതന്ത്ര്യം ഇന്റർനെറ്റ് നമുക്കിന്ന് നൽകിയിട്ടുണ്ട്, അതിനാൽ വിയോജിപ്പുകളെ അടിച്ചമർത്തുക ഇന്ന് അത്ര എളുപ്പമുള്ള കാര്യമല്ല. തീർച്ചയായും നമ്മുടെ വാക്കുകൾ പരിശോധിക്കുന്നതിലും ദേശവിരുദ്ധരായി പ്രഖ്യാപിക്കുന്നതിലും ഭരണകൂടം കൂടുതൽ ഊർജ്ജസ്വലരാണ്. പക്ഷേ അതിലും ശക്തമാണ് ഭരണകൂടത്തിന്റെ സെൻസറുകളിൽ നിന്ന് രക്ഷപ്പെടുന്ന നമ്മുടെ വാക്കുകൾ. ഇന്റർനെറ്റ് യുഗത്തിൽ വിയോജിപ്പിനെ തടയാൻ കഴിയില്ല, ദേശവിരുദ്ധരെന്ന് വിളിക്കാം, പക്ഷേ തടയാൻ കഴിയില്ല. ഇന്റർനെറ്റ് തടഞ്ഞുവെച്ചാൽ മാത്രമേ വിയോജിപ്പുകളെ തടയാൻ കഴിയൂ.

താങ്കളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന ഒരു ചട്ടമാണ് താങ്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദേശസ്‌നേഹം അളക്കാൻ കഴിയുന്നതാണെന്ന് കരുതുന്നുണ്ടോ? എങ്ങനെയാണ് താങ്കളുടെ ദേശസ്‌നേഹം തെളിയിക്കു?

ദേശസ്‌നേഹം എന്നത് അവ്യക്തമായ ഒരു പദമാണ്. അവ്യക്തമായതിനാൽ എനിക്കതുണ്ടോ ഇല്ലയോ എന്ന് തെളിയിക്കുന്നതിൽ അർത്ഥമില്ല. ഞാൻ സത്യസന്ധനാണെന്നും ജനാധിപത്യ സജ്ജീകരണത്തെ കൂടുതൽ ശക്തവും നീതിപൂർവകവും പ്രാതിനിധ്യപരവുമാക്കാൻ ശ്രമിക്കുന്ന ഒരു വ്യവഹാരത്തിന് സംഭാവന നൽകുന്നുവെന്നും തെളിയിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അവ്യക്തമായിരിക്കുന്നതിനു പകരം, ദേശസ്നേഹം മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികൾ, സിഖുകാർ, മുസ്‌ലിംകൾ, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, കേന്ദ്രത്തിന്റെയും പ്രദേശങ്ങളുടെയും അവകാശങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ് വേണ്ടത്. ഒരു ദേശസ്നേഹി എന്ന് വിളിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പകരം ദക്ഷിണേഷ്യൻ പ്രഹേളികയിലൂടെ പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരു ഡെമോക്രാറ്റ് എന്ന് വിളിക്കപ്പെടാനാണ് എനിക്ക് ആഗ്രഹം. അതേസമയം, ഞാൻ ഇസ്‌ലാമിക ചരിത്രത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു മുസ്‌ലിമുമാണ്.

 

(ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തകയാണ് തരുഷി അശ്വനി)


വിവർത്തനം: സിബ്ഗത്തുല്ല സാഖിബ്

കടപ്പാട്: Article 14

തരുഷി അശ്വനി

Independent journalist based in Delhi