Campus Alive

സ്വപ്നങ്ങളുടെ താഴ്‌വര

(കാശ്മീരി എഴുത്തുകാരി അഥർ സിയ എഴുതി English Language Notes പ്രസിദ്ധീകരിച്ച “The Land of Dreams” എന്ന ചെറുകഥയുടെ മലയാള വിവർത്തനം)


I

തലയ്ക്കകത്ത്, ചെറുപ്പക്കാരനായൊരു ആൺകുട്ടിയുടെ മൃതദേഹം ഞാൻ കാണുന്നു. അവൻ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നുവെന്ന വാർത്ത പുറത്തായതിന് ശേഷം സൈന്യം  അവനെ അറസ്റ്റ് ചെയ്യുകയും ശേഷം കാണാതാവുകയും ചെയ്തു. പിന്നീട് നദിക്കരയിൽ നിന്നവന്റെ മൃതദേഹം കിട്ടി. പുഴയിലെ വെള്ളം വറ്റിയിട്ട് കാലമൊരുപാടായി. എന്നിട്ടും അവന്റെ വയറ്റിലൊരു കല്ല് വെച്ചുകെട്ടിയിട്ടുണ്ടായിരുന്നു, കണ്ണുകൾ ചൂഴ്ന്നെടുത്തിട്ടുമുണ്ട്.

സ്വപ്നം കാണുക കാശ്മീരിൽ ഒരു കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

അഞ്ചാഴ്ച പ്രായമാവുന്നതു മുതൽ എല്ലാ കുട്ടികളും സ്വപ്നം നിർത്തലാക്കുന്ന മരുന്നെടുത്തിരിക്കണം. തുടക്കത്തിൽ ദുഃസ്വപ്നങ്ങളെ ചികിത്സിക്കാനുപയോഗിച്ചിരുന്ന മരുന്ന് പിന്നീട് കാശ്മീരികളിൽ അവരുടെ സ്വപ്നം കാണാനുള്ള ശേഷി പൂർണമായി ഇല്ലാതായിരിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഉപയോഗിച്ചു. എന്നിട്ടും സ്വപ്നം കാണുന്നവരുണ്ടെങ്കിൽ കഠിനമായ ഹിപ്നോട്ടിക് തെറാപ്പിക്കും കൗൺസിലിങ്ങിനും അവർ വിധേയരാവണം. ഒരുപാടുപേർ ഭ്രാന്തരായി മാറി. സ്വപ്നം കാണുക പണ്ടുകാലത്തെ ഒരു സംഗതിയാണിപ്പോൾ.

എന്റെ കൗൺസിലിങ്ങിന്റെ സമയം എനിക്കിപ്പോഴും ഓർമ്മയുണ്ട്. കാശ്മീരികൾക്കിടയിലെ സ്വപ്നം കാണൽ കാൻസറിനോളം അപകടകരമാണെന്ന് ഇന്ത്യക്കാരൻ ഡോക്ടറെന്നോട് പറഞ്ഞു. നിയന്ത്രണരഹിതമായി പടർന്നുപിടിക്കാൻ സാധ്യതയുള്ള ഒന്ന്. ഞാനൊരല്പം കഠിനമായിരുന്നു. കുറച്ചധികം കാലം ഞാൻ സ്വപ്നം കണ്ടേയിരുന്നു. ജയിലിലായി. പീഢിപ്പിക്കപ്പെട്ടു. എന്നിട്ടും ഒടുവിൽ സ്വപ്നം കാണാതിരിക്കാൻ വേണ്ടി എനിക്കാകെ ചെയ്യാൻ കഴിഞ്ഞത് ഉറങ്ങാതിരിക്കുക എന്നതായിരുന്നു. ഉറങ്ങാതെ ആർക്കെങ്കിലും അതിജീവിക്കാൻ കഴിയുമോ? ഞാനതിശയപ്പെട്ടു.

 

II

ആശുപത്രികളിലും ക്ലിനിക്കുകളിലും നീണ്ട വരിയിൽ നിൽക്കുന്ന ജനങ്ങളെ ഞാൻ കാണുന്നു. എല്ലാ കാശ്മീരികൾക്കും ഒരു പ്രത്യേക തരം തലവേദന പിടിപെടാറുണ്ട്. കന്നി കല്ലേഹ് (കല്ലുതല എന്ന് പദാർത്ഥം) എന്നാണ് ഞങ്ങളതിനെ വിളിക്കാറുള്ളത്. സ്വപ്നരഹിതരായി ആളുകൾ കിടന്നുറങ്ങുന്നു, രാവിലെ തലക്കകത്ത് കല്ല് കുത്തിനിറച്ച പോലെയുള്ള അനുഭവവുമായി അവരുണരുന്നു. അന്താരാഷ്ട്ര വൈദ്യശാസ്ത്ര സമൂഹം ഇതിനെ കാശ്മീരി സിൻഡ്രമെന്ന് വിളിക്കുകയും വളരെ വിലയേറിയ ഒരു മരുന്ന് ഇതിനായി വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കാശ്മീരിലെ തകൃതിയായ ഒരു ബിസിനസാണീ മരുന്ന്.

ഷഫീഖിന്റെയും ഹലീമയുടെയും പതിനാറു വയസ്സുകാരി മകൾ റോസി സ്വപ്നം കാണാറുണ്ടെന്ന വിവരം പുറത്തു പോയാൽ മറ്റാൺകുട്ടികളെയും മറ്റനേകം പേരെയും പോലെ അവളും കൊല്ലപ്പെടും.

III

റോസിയെ വലിയൊരു മാളത്തിലാക്കി ഷഫീഖും ഹലീമയും തിരികെപ്പോകുന്നത് ഞാൻ കാണുന്നു. ഒരു മലഞ്ചെരുവിൽ കുഴിച്ചുണ്ടാക്കിയതാണീ മാളം. ഇതിനു പിന്നിലായി രണ്ട് മീറ്ററിലധികം ചുറ്റളവിൽ ഇടതൂർന്ന പഴയ പൈൻമരങ്ങളാണ്. ഈ ഒളിസ്ഥലത്തെ ചുറ്റി നിൽക്കുന്ന തീർത്തുമൊരു ഘോരവനം. അവിടം കണ്ടുപിടിക്കുക പ്രയാസമാണ്.

റോസിക്ക് കുറച്ചു ദിവസം കഴിയാനാവശ്യമായ വെള്ളവും കുറച്ചു പഴങ്ങളും റൊട്ടിയും അവരവിടെ കരുതി. കുറച്ച് ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന് അവളെ നോക്കാമെന്ന ചിന്തയിൽ ഇടതൂർന്നു വളരുന്ന പൈൻമരങ്ങൾക്കിടയിലൂടെ ഇരുവരും  ശ്രദ്ധാപൂർവ്വം തിരിച്ചുനടന്നു.

വീടിനടുത്തെത്താറായപ്പോഴേക്കും നായ്ക്കൾ കുരയ്ക്കാൻ തുടങ്ങി. സൈന്യത്തെയും ഭീതിയെയും കണ്ട അവർ തടഞ്ഞു നിർത്തപ്പെടുകയും ഇത്ര വൈകി പുറത്തെന്തെടുക്കുകയാണെന്ന് ചോദിക്കപ്പെടുകയും ചെയ്തു. എന്നാലും പട്രോളിങ് നിർത്താതെ നടന്നു കൊണ്ടേയിരുന്നു.

എനിക്കറിയാവുന്നതനുസരിച്ച്, ഭയത്തോടൊപ്പം ഏതൊക്കെയോ വിധത്തിൽ വിജയിച്ചവരായും അവർക്ക് തോന്നാറുണ്ട്.  പോയ വർഷങ്ങളിൽ സ്വപ്നങ്ങൾ വരുമ്പോൾ ഞങ്ങൾക്കൊക്കെ തോന്നിയതു തന്നെയാണത്; പക്ഷേ സ്വപ്നവുമായി നാം രക്ഷപ്പെടുമ്പോൾ ആ തോന്നലല്പം കൂടും.

 

IV

അതിരാവിലെ തന്നെ ഷഫീഖും ഹലീമയും അസ് മൗജിനെ സന്ദർശിക്കുന്നത് ഞാൻ കാണുന്നു.[1] കിളികളിപ്പോഴും ഉറക്കമാണ്. വിവേകജ്ഞാനത്തിന്റെ പേരിൽ ഗ്രാമത്തിൽ അറിയപ്പെടുന്നൊരാളാണ് അസ് മൗജ്. വളരെ നീണ്ടതാണവരുടെ ഫെറൻ.[2] കാലിന്റെ ഞെരിയാണിക്ക് താഴെ അതിന് നീളം പാടില്ലെന്നാണെങ്കിലും സൈന്യം അതാണാവശ്യപ്പെടുന്നത്. കുപ്പായത്തിന്റെ നീളം ആളുകളെ സ്വതന്ത്രമായി ചലിക്കുന്നതിൽ നിന്ന് തടയും. എൺപതിനും തൊണ്ണൂറിനുമിടയിൽ പ്രായം വരുന്ന അസ് മൗജ് തെന്നിവീഴുമെന്ന് കാണുമ്പോൾ തോന്നുമെങ്കിലും കയ്യിൽ ജജീറുമായി വേച്ചുവേച്ചു കൊണ്ട് മുറിയിലൂടെ നടന്ന് ഒരുഭാഗത്ത് സൗമ്യമായി അവരിരുന്നു.[3] നിയന്ത്രണങ്ങൾക്കു നടുവിൽ നിശ്ചയദാർഢ്യത്തിന്റെ ആഘോഷം.

ദമ്പതികളെ സ്വാഗതം ചെയ്യുന്നതിന് മുമ്പ് തന്നെ അവർ പുകവലി തുടങ്ങി.

ആ ജജീർ ഞാൻ കണ്ടു. ഒരുപക്ഷേ പണ്ടുണ്ടായിരുന്നതേ രൂപത്തിൽ ബാക്കിയായ ഒരേയൊരു ശേഷിപ്പ്.

ഭൂതകാലം— ഒരുപക്ഷേ ഇതിനോടകം തന്നെ നിങ്ങൾ ശ്രദ്ധിച്ചുകാണും, ഭൂതകാലത്തിന് ഞങ്ങളുടെ ഹൃദയത്തിൽ ഉയർന്ന സ്ഥാനമാണുള്ളത്. ഞങ്ങളുടെ ഹൃദയം ഒരു പിരമിഡായിരുന്നെങ്കിൽ ഓർമ്മകൾ അതിന്റെ ഉച്ചിഭാഗമാണ്.

ജജീറിന്റെ പൈപ്പ് വലിച്ചു കൊണ്ട് അസ് മൗജ് ദമ്പതികളെ ശ്രദ്ധാപൂർവ്വം കേൾക്കുന്നു. അവർ പുക വിടുന്നതനുസരിച്ച് അവരുടെ മൂക്കിന്റെ ദ്വാരങ്ങൾ മൃദുവായി മിന്നിത്തിളങ്ങുന്നു.

അസ് മൗജ്, ദമ്പതികളിലോരോരുത്തരുടെയും തലയിൽ കൈകൾ വെക്കാനായി നീട്ടിയ സന്ദർഭത്തിൽ അവരുടെ സംഭാഷണമവസാനിച്ചു.

ആകാശത്തിലേക്ക് നോക്കി അവരൊരുമിച്ച് ഇപ്രകാരം മന്ത്രിച്ചു; ഫബി അയ്യി ആലാഇ റബ്ബിക്കുമാ തുകദ്ദിബാൻ.[4]

അവരപ്പോഴും ഓർക്കുന്നുണ്ടെന്ന് ഞാൻ കാണുന്നു. അവരുടെ ചിരി ഞാൻ കാണുന്നു.

ബാങ്ക് കേട്ടിട്ട് വർഷങ്ങളായി, എന്നാലും നമസ്കാരം അവർക്കോർമ്മയുണ്ട്.

തിരിച്ചറിയാനാവാത്ത വിധം കരിഞ്ഞുണങ്ങിയ രണ്ടീത്തപ്പഴങ്ങൾ അസ് മൗജ് അവർക്ക് നൽകി; “ഇതവൾക്ക് കൊടുക്കൂ. എന്റെ മുതുമുത്തശ്ശിയുടെ കാലത്തുള്ള തബ്റുക്കിൽ നിന്നുള്ളവയാണിവ.”[5]

കാശ്മീരിൽ ഈത്തപ്പഴങ്ങൾ കിട്ടാനില്ലെന്നു മാത്രമല്ല ആളുകൾ അതിന്റെ രുചി തന്നെ മറന്നുപോയിരിക്കുന്നു.

V

റോസിയുടെ മുഖം ചുവന്നുതുടുത്തത് ഞാൻ കാണുന്നു. അവൾ പക്ഷേ കരയുന്നില്ല.

മൂന്ന് ദിവസമായി കാര്യമായൊന്നും കഴിച്ചിട്ടില്ല. അവളുടെ രക്ഷിതാക്കൾ ഏത് നേരവും അവളെ കാണാൻ വന്നേക്കാം. ഇരുട്ടായാൽ പ്രത്യേകിച്ചും.

രാത്രി തണുത്തതും ശാന്തവുമാണ്. വസന്തകാലത്തിന്റെ അടയാളങ്ങളൊന്നും കണാനില്ല.

തറയിൽ കിടക്കുന്ന പലകക്കഷ്ണത്തിലേക്ക് റോസി ശ്രദ്ധ തിരിച്ചു. തറയിലെ ചുവന്ന ഈറ്റപ്പായക്കും വൈക്കോലിനുമടിയിൽ അങ്ങനെയെന്തോ ഒന്നുള്ളതായി അവൾക്ക് തോന്നിയിരുന്നു. തറയ്ക്കടിയിൽ ഒരു മുറിയോളം വലിപ്പത്തിലുള്ളൊരു ഷാഫ്റ്റിലേക്കാണ് ആ വാതിൽ തുറക്കുന്നത്. പുസ്തകങ്ങളടുക്കി വെച്ചിരിക്കുന്ന ചുമരുകളിൽ ഉരുകിയ മെഴുക് പറ്റിപ്പിടിച്ചത് കാണാം—മെഴുകുതിരിയുടേതാവാനാണ് സാധ്യത. പേനകളും നോട്ബുക്കുകളും അങ്ങിങ്ങായി കാണാം. ചിലത് കാലിയാണ് ചിലതിന്റെ പേജുകളിൽ എഴുത്തുകുത്തുകളുണ്ട്. ആരാണതിലൊക്കെയെഴുതിയത്? എന്തായിരിക്കും ആ എഴുതിയത്? അവളത്ഭുതപ്പെട്ടു.

എഴുത്ത് സാമഗ്രികളും പുസ്തകങ്ങളും ഇത്രയടുത്ത് ജീവിതത്തിലാദ്യമായാണ് അവൾ കാണുന്നത്. കുന്നിനപ്പുറം അവരുടെ ജന്മനാട് അടക്കിവെച്ചിരിക്കുന്നവരുടെ പക്കൽ മാത്രമേ പേനകളും പേജുകളും പുസ്തകങ്ങളും ഉണ്ടായിരുന്നുള്ളൂ. സൂര്യകാന്തിപ്പൂ പോലെ എന്തെങ്കിലുമൊക്കെ കുത്തിവരയ്ക്കാൻ റോസിക്ക് അതിയായ ആശയുണ്ടായിരുന്നെങ്കിലും, ശിക്ഷിക്കപ്പെടുമെന്ന ഭീതി അതിഭയങ്കരമായി അവൾക്കുണ്ടായിരുന്നു. സമയമെടുക്കും.

 

VI

ഉറക്കത്തിൽ റോസി ചിരിക്കുന്നത് ഞാൻ കാണുന്നു.

അവളും ഖുർഷീദും ജന്നത്തെന്ന് (സ്വർഗ്ഗം) പേരുള്ള ഒരു ശികാറ, കാലങ്ങളായി ഉണങ്ങിക്കിടക്കുന്ന ഒരു തടകാത്തിലൂടെ തുഴയുന്നതാണ് അവൾ സ്വപ്നം കാണുന്നത്.[6] പുലരിവെട്ടത്തിൽ തലയാട്ടുന്ന താമരച്ചെടികളാണ് റോസിയുടെ സ്വപ്നം മുഴുവനും. ജീവിച്ചിരിക്കുന്ന കാശ്മീരികളിലാരും ഇന്നുവരെ താമര കണ്ടിട്ടില്ല. അവർ കേട്ട ചില കഥകൾ മറ്റുള്ളവരോട് പങ്കുവെക്കാൻ അനുവാദമില്ലെങ്കിലും, രഹസ്യമായി അവരത് ചെയ്യാറുണ്ട്. തടാകത്തെക്കുറിച്ചാർക്കും ഓർമ്മയില്ല. സ്വപ്നത്തിൽ പേരക്കത്തോട്ടത്തിലെ കൂലിത്തൊഴിലാളികളല്ല റോസിയും ഖുർഷീദും, സ്വതന്ത്രരായ പ്രണയിനികളാണവർ. സ്വപനത്തിലല്ലാതെ, ശരിക്കുള്ള ജീവിതത്തിൽ തന്നെ പലകുറി കണ്ടു പരിചയിച്ച അതേ സ്ഥലത്തുള്ള പഴയ ആപ്പിൾ മരക്കുറ്റികൾക്കിടയിലൂടെ കളിച്ചുല്ലസിക്കുകയാണ് രണ്ടു പേരും. റോസിയുടെ സ്വപ്നത്തിൽ, കൈവെള്ള നിറയെ കണ്ണു പോലുള്ളൊരു കറുത്ത വിത്ത് ഖുർഷീദ് അവളെ കാണിക്കുന്നു. “നമ്മളിനിയും ആപ്പിൾ തൈകൾ നട്ടുപിടിപ്പിക്കും,” സ്വപ്നം മാഞ്ഞു പോകവേ അവൻ പറയുന്നതായി അവൾ കേട്ടു.

VII

റോസി ഉറങ്ങിയെഴുന്നേൽക്കുന്നത് ഞാൻ കാണുന്നു.

സ്വപ്നത്തിലുള്ള ചിരിയാണ് അവളിലിപ്പോഴും. ആദ്യമായി നേരിൽ കണ്ട് നാണിച്ചു ചിരിച്ചന്ന് കുറച്ച് പേരക്കാപ്പഴങ്ങൾ ഖുർഷീദ് അവൾക്ക് വീട്ടിലേക്ക് കൊണ്ടുപോവാൻ കൊടുത്തിരുന്നു. അവന്റെ വിരലറ്റങ്ങൾ ഇരുണ്ടിരിക്കുന്നത് അവൾ കണ്ടു. മണ്ണോ അഴുക്കോ പോലെ തോന്നുന്നില്ല അത്, ചായം പോലെ തിളക്കമുള്ളതെന്തോ ഒന്ന്. അതെന്താണെന്ന് അവനോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും, അവൾക്ക് നാണം തോന്നി. താൻ കണ്ടതിൽ വെച്ചേറ്റവും സൗമ്യമായ കണ്ണുകളാണവന്റേതെന്ന് റോസിക്ക് തോന്നി.

വീട്ടിലെത്തിയപ്പോൾ ഹലീമ ആ പേരക്കാപ്പഴങ്ങൾ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. “ഈ നാശം പിടിച്ച പഴം എന്റെ അടുത്ത് കൊണ്ടുവന്നേക്കരുത്,” അവളാക്രോശിച്ചു. മൃഗശാലയുടെ വാടയാണ് ആ പേരക്കകൾക്കെന്ന് അവൾ പറഞ്ഞു. അവളോ റോസിയോ ഇന്നേ വരെ ഒരാപ്പിൾ കണ്ടിട്ടില്ലെങ്കിലും അതിനുവേണ്ടി രണ്ടു പേരും കൊതിച്ചു. ഏറ്റവും മധുരമുള്ള തേനിന്റെ രുചിയും, ശൈത്യകാലത്തെ പരുത്ത കാറ്റിന്റെ ഗന്ധവുമാണതിനെന്ന് പുരാണങ്ങൾ പറയുന്നു.

ആപ്പിളുകൾ നട്ടുവളർത്തുന്നത് വർഷങ്ങൾക്ക് മുന്നേ നിരോധിക്കപ്പെട്ടതാണ്. പേരക്ക മാത്രമായിരുന്നു അനുവദനീയം. കാശ്മീരിലാർക്കും പേരക്കയോടൊരിഷ്ടവുമില്ല. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം പേരക്ക അവരിൽ അടിച്ചേൽപ്പിക്കപ്പെട്ടത്. പേരക്ക മരങ്ങൾ ആ കാലാവസ്ഥയിൽ ഒരിക്കലും പച്ചപിടിച്ചിരുന്നില്ല. അതിന്റെ വിള ഏറ്റവും മോശമായിരുന്നെന്നു തന്നെയല്ല, ജനങ്ങളെ അത് കൂടുതൽ ദരിദ്രരാക്കുകയും ചെയ്തു. പക്ഷേ ഇതൊന്നും പരാതിപ്പെടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

VIII

റോസിക്ക് വേണ്ടി ഷഫീഖ് കുറച്ച് വസ്ത്രങ്ങൾ വാങ്ങുന്നത് ഞാൻ കാണുന്നു. അല്പം ഭക്ഷണവും കഹ്‌വയും തയ്യാറാക്കുകയാണ് ഹലീമ.[7] മുത്തശ്ശിയുടെ ബാക്കിവന്നവയിലെ അവസാന തരിയും അതിനായി ഉപയോഗിക്കാൻ ഹലീമ തീരുമാനിച്ചു. ആ അവസാന തരി ചുവന്ന പൂമ്പൊടി തിളയ്ക്കുന്ന വെള്ളത്തിലലിയുന്നത് കണ്ട അവൾക്ക് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി. ഇനിയൊരിക്കലും കുങ്കുമം അവൾ കൈവെള്ളയിൽ പിടിക്കില്ല. കാശ്മീരിൽ കുങ്കുമം വളർത്താൻ അനുവാദമുണ്ടായിരുന്നില്ല. കുന്നിനപ്പുറത്തെ സ്വേച്ഛാധിപതികളുടെ ഭീതിതമായ വർണമായി മാത്രമാണ് അതറിയപ്പെട്ടിരുന്നത്.

 

IX

മാളത്തിനരികിൽ ഷഫീഖിനെയും ഹലീമയെയും ഞാൻ കാണുന്നു. റോസിയെ കുറച്ചേറെ നേരം അവരങ്ങനെ കെട്ടിപ്പിടിച്ചു നിന്നു. അല്പം ക്ഷീണിതയാണെങ്കിലും, അത്തരമൊരു ഘോരവനത്തിൽ ഒറ്റക്ക് കഴിച്ചുകൂട്ടിയ പതിനാറുവയസ്സുകാരിയെന്ന നിലയിൽ റോസി ശക്തയാണ്. തന്റെ മുന്നിലെ ദൗത്യമെന്തെന്ന് മനസ്സിലായ പോലെ ഉദ്ദേശ്യശുദ്ധിയുള്ളൊരാളെ പോലെ അവൾ കാണപ്പെട്ടു.

പേനയും നോട്ടുബുക്കുകളും ഉപയോഗിച്ചോളാൻ ഷഫീഖ് അവളോട് പറഞ്ഞു, പക്ഷേ ഉപയോഗം കഴിഞ്ഞ് നന്നായി ഒളിപ്പിക്കണമെന്നു മാത്രം. എഴുത്തിനെയും വായനയെയും പറ്റി റോസിക്ക് അധികമൊന്നും അറിവുണ്ടായിരുന്നില്ല. എങ്കിലും അവൾക്കറിയാനുള്ള കൗതുകമുണ്ടായിരുന്നു. ഔദ്യോഗിക രേഖകളിൽ സ്വന്തം പേരെഴുതാൻ മാത്രമേ അവരെ പഠിപ്പിച്ചിട്ടുള്ളൂ. അതുതന്നെ എഴുത്തു സാമഗ്രികൾ കൈകാര്യം ചെയ്യുന്ന സർക്കാറുദ്യോഗസ്ഥന്റെ സഹായത്താലാണ് ചെയ്തിരുന്നത്.

അവർ പിരിഞ്ഞതു മുതൽ റോസി കണ്ട സ്വപ്നങ്ങൾക്ക് ഹലീമയും ഷഫീഖും കാതോർത്തു കൊണ്ടിരുന്നു. അസ് മൗജ് തന്ന രണ്ടീത്തപ്പഴങ്ങൾ അവരവൾക്ക് കൈമാറി.

ഈത്തപ്പഴം തിന്നു കഴിഞ്ഞപ്പോൾ അതിന്റെ കുരുകൾ ഇട്ടുവെക്കാനുള്ള പെട്ടിയും തപ്പി റോസി താഴെ ഷാഫ്റ്റിലേക്ക് ഇറങ്ങിപ്പോയി. അവിടെ ഈത്തപ്പഴക്കുരുകളാൽ നിറഞ്ഞുകവിഞ്ഞ അനേകം പെട്ടികൾ റോസി കണ്ടു. അതേ സ്ഥലത്തെ മറ്റുള്ളവരെ കുറിച്ചോർത്തുകൊണ്ട് അവളവളുടെ രണ്ട് കുരുകൾ കൂടി അവയോടൊപ്പം വെച്ചു.

 

X

റോസി അവൾ വരച്ച സൂര്യകാന്തിപ്പൂക്കളിലേക്ക് നോക്കിയിരിക്കുന്നത് ഞാൻ കാണുന്നു. പൂവുമായി യാതൊരു ബന്ധവുമതിനില്ല. കറുത്ത മഷിയുള്ളൊരു പേനയുമായി ഏറെ നേരം അവൾ ശ്രമിച്ചു നോക്കി. ഒടുവിൽ ഒരു രൂപം ഒപ്പിച്ചെടുത്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അവൾക്കു തോന്നി. തന്റെ വിരലറ്റങ്ങൾ ഇരുണ്ടിരിക്കുന്നത് റോസി കണ്ടു. അത് അഴുക്കായിരുന്നില്ല, മറിച്ച് പേനയിൽ നിന്നുള്ള തിളങ്ങുന്ന ചായമായിരുന്നു. ഖുർശീദിന്റെ കൈകളെ കുറിച്ചവൾ ഓർത്തു. അവളുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. സകല പേടികളും ശരീരത്തിൽ നിന്ന് അരിഞ്ഞിറങ്ങിപ്പോവുന്നതായി അവൾക്കു തോന്നി.

കുറിപ്പുകൾ

[1] കാശ്മീരിയിൽ ഉമ്മയെന്നാണ് മൗജ് എന്ന വാക്കിനർത്ഥം.

[2] കശ്മീരിലെ പരമ്പരാഗതമായ മേല്ക്കുപ്പായത്തിന് പറയുന്ന പേരാണ് ഫെറാൻ.

[3] ഒരു തരം ഹുക്കയാണ് ജജീർ

[4] പരിശുദ്ധ ഖുർആനിലെ സൂറ റഹ്മാനിലെ വചനം; “നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങളിരുകൂട്ടരും തള്ളിപ്പറയുക?”

[5] വിശുദ്ധ മൂല്യമുള്ളവയെന്നാണ് തബ്റുക്കിന്റെ അർത്ഥം. അത് ഒരു വസ്തുവോ, ഭക്ഷണ സാധനമോ മറ്റെന്തെങ്കിലുമോ ആയേക്കാം.

[6] ഒരു കരം കാശ്മീരി ബോട്ടാണ് ശികാറ

[7] ഗ്രീൻ ടീ, കുങ്കുമം, കറുവാപ്പട്ട, ഏലക്കായ്, ബദാം എന്നിവയും വ്യത്യസ്ത ഔഷധ സസ്യങ്ങളും കൂട്ടുകളും ചേർത്തു തയ്യാറാക്കുന്ന ഒരു സുഗന്ധ ചായയാണ് കഹ്‌വ.


വിവർത്തനം: മൻഷാദ് മനാസ്

കടപ്പാട്: അഥർ സിയ, ELN

അഥർ സിയ