Campus Alive

ഇസ്‌ലാമും ലിംഗ ചോദ്യങ്ങളും: ഇബ്‌നുഅറബിയുടെ സമീപനങ്ങള്‍

ലിംഗം, ലൈംഗികത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഇബ്‌നു അറബി (റ) യുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാനാണ് ഞാനിവിടെ ഉദ്ദേശിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫ (സ)യുടെ വചനത്തോട് കൂടി തുടങ്ങാമെന്ന് തോന്നുന്നു. അവിടുന്ന് പറയുകയുണ്ടായി: ‘മൂന്ന് കാര്യങ്ങളാണ് ഈ ലോകത്ത് എനിക്ക് പ്രിയങ്കരമായിട്ടുള്ളത്. പെണ്ണ്, സുഗന്ധദ്രവ്യങ്ങള്‍, നമസ്‌കാരം എന്നിവയാണവ.’

പരസ്പരബന്ധവും (connection) വിച്ഛേദനവും (seperation) നിലനില്‍ക്കുന്ന ഒരു ലോകത്താണ് മനുഷ്യര്‍ ജീവിക്കുന്നത്. സ്ത്രീയെയും ലൈംഗിക ബന്ധത്തെയുമാണ് അതിന് ഞാന്‍ ഉദാഹരണമായി എടുക്കുന്നത്. ലൈംഗികബന്ധത്തെ സാധാരണ മനസ്സിലാക്കപ്പെടാറുള്ളത് സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രമായ ഒരു ആവിഷ്‌കാരമായാണ്. എന്നാല്‍ ഇബ്‌നുഅറബിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവെ കാണുകയും അനുഭവിക്കുകയും ചെയ്യുക എന്ന പ്രവര്‍ത്തനമാണ് ലൈംഗികബന്ധത്തിലൂടെ ഒരു വിശ്വാസി സാധ്യമാക്കുന്നത്. കാരണം രണ്ടാവുക (duality) എന്ന നിര്‍ണ്ണയത്തെ (fixation) വെല്ലുവിളിച്ചുകൊണ്ട് ഒന്നാവുക (union) എന്ന പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്. ആഗ്രഹമാണ് (desire) നമ്മെ അതിന് പ്രേരിപ്പിക്കുന്നത്. ആഗ്രഹം എന്ന മാനസികാവസ്ഥയിലൂടെയാണ് ഒന്നുമായി കൂടിച്ചേരാനുള്ള തേട്ടം നമ്മില്‍ ഉടലെടുക്കുന്നത്. ഇല്യാസ് നബിയുടെ കഥ പറഞ്ഞുകൊണ്ടാണ് ഇബ്‌നുഅറബി ആഗ്രഹത്തെക്കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹം പറയുന്നു: ‘ഇല്യാസ് (ഇദ്രീസ്) നബിക്ക് ഒരു സ്വപ്‌നദര്‍ശനം ലഭിക്കുകയുണ്ടായി. അതിലദ്ദേഹം കണ്ടത് ലബനാന്‍ കുന്നിനെയായിരുന്നു. കുന്ന് കയറിയ ഇല്യാസ് നബിക്ക് തന്റെ ആഗ്രഹങ്ങളെല്ലാം നഷ്ടപ്പെടുകയുണ്ടായി. അങ്ങനെ ആഗ്രഹങ്ങളില്ലാത്ത വെറും intellect മാത്രമായി ഇല്യാസ് നബി മാറി. അങ്ങനെ അദ്ദേഹത്തില്‍ ദൈവം വെറും transcendent മാത്രമായി മാറി. കാരണം വെറും intellect മാത്രമായ ഒരു സെല്‍ഫിന് transcendent ആയ ദൈവത്തെ മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ഇമ്മനന്റായ ദൈവത്തെ ഒരിക്കലും അത്തരത്തിലുള്ള സെല്‍ഫിന് അനുഭവിക്കാന്‍ കഴിയുകയില്ല. അതേസമയം ഇബ്‌നുഅറബിയെ സംബന്ധിച്ചിടത്തോളം എല്ലാം ദൈവത്തിന്റെ പ്രകാശനങ്ങളായിരിക്കെ (തജല്ലിയാത്ത്) അവന്‍ ഒരേസമയം transcendent ഉം immanent ഉം ആണ്. ദൈവത്തിന്റെ ഈ രണ്ട് യാഥാര്‍ത്ഥ്യങ്ങളെയും മനസ്സിലാക്കാന്‍ സാധിച്ചെങ്കിലേ അവനെ അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ.

ഇല്യാസ് നബിയുടെ കഥ ഇബ്‌നുഅറബി വിവരിക്കുന്നത് മനുഷ്യന്റെ ആഗ്രഹങ്ങളിലടങ്ങിയിരിക്കുന്ന മിസ്റ്റിക്കലായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സൂചിപ്പിക്കാന്‍ വേണ്ടിയാണ്. ഒരാള്‍ തന്റെ ആഗ്രഹങ്ങളെ കൈവെടിയുന്നതോടെ ദൈവത്തിന്റെ തജല്ലിയാത്തുകളെ അനുഭവിക്കാന്‍ അവന് കഴിയാതെ വരികയാണ് ചെയ്യുന്നത്. transcendent ആയ ദൈവത്തെ മാത്രമേ അവന് ലഭിക്കുകയുള്ളൂ. അഥവാ, ആഗ്രഹങ്ങളിലൂടെ ദൈവികസാമിപ്യം കൈവരിക്കാനുള്ള സാധ്യതകളെ intellect തടയുകയാണ് ചെയ്യുന്നത്. അപ്പോള്‍ intellect ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഒരു മറയായി നിലനില്‍ക്കുന്നു. ആഗ്രഹത്തെ (desire) തേടി യാത്രചെയ്യുമ്പോള്‍ മാത്രമേ ആ മറ നീങ്ങുകയുള്ളൂ. കാരണം ആഗ്രഹത്തിലൂടെയാണ് തന്നിലുള്ള ഈഗോ സെല്‍ഫിനെ ഇല്ലാതാക്കിക്കൊണ്ട് തന്റെ തേട്ടത്തിന്റെ ഒബ്ജക്ടിനെ പ്രാപിക്കാന്‍ ഒരാള്‍ക്ക് സാധ്യമാവുക. ആഗ്രഹത്തെക്കുറിച്ച് സൂചിപ്പിക്കുന്നിടത്ത് ഇബ്‌നുഅറബി മര്‍യം ബീവിയുടെ കഥയും ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ഒരിക്കല്‍ മനുഷ്യരൂപത്തില്‍ തന്റെയടുക്കല്‍ വന്ന ജിബ്രീല്‍ മാലാഖയെ കണ്ട് തന്റെ കൂടെ ശയിക്കാന്‍ വന്ന ആരോ ആണ് എന്ന് മറിയം ബീവി തെറ്റിദ്ധരിക്കുകയുണ്ടായി. അങ്ങനെ അവര്‍ ദൈവത്തോട് രക്ഷ തേടുകയുണ്ടായി. അതിലൂടെ ദൈവവുമായി പൂര്‍ണ്ണസാമിപ്യം കൈവരിക്കാന്‍ അവര്‍ക്ക് അതിലൂടെ സാധ്യമാവുകയും ചെയ്തു. പിന്നീട് ദൈവത്തിന്റെ സന്ദേശവാഹകന്‍ മാത്രമാണ് താനെന്ന് ജിബ്രീല്‍ (അ) മര്‍യം ബീവിക്ക് അറിയിച്ചു കൊടുത്തപ്പോഴാണ് അവര്‍ സമാധാനം കൈവരിച്ചത്. ആ സമയത്താണ് ജിബ്രീല്‍ മാലാഖ മര്‍യമിലേക്ക് ഈസായെ ഊതിയത്.’ ഇബ്‌നുഅറബി വിവരിക്കുന്ന ഈ കഥ ക്രൈസ്തവ-ഇസ്‌ലാമിക ഔപചാരിക ധാരണകളെ തകിടം മറിക്കുന്ന ഒന്നാണ്. ഇബ്‌നുഅറബിയെ കൂടുതല്‍ വിശദീകരിക്കുമ്പോള്‍ അത് മനസ്സിലാകും.

ഇബ്‌നുഅറബിയുടെ ഫുസൂസുല്‍ ഹിക്കമില്‍ മര്‍യമിന്റെയും ഇല്യാസിന്റെയും കഥ വിവരിക്കുമ്പോള്‍ ശഹ്‌വ എന്ന പദമാണ് ഇബ്‌നുഅറബി ഉപയോഗിക്കുന്നത്. desire എന്നോ lust എന്നോ ശഹ്‌വയെ വിവര്‍ത്തനം ചെയ്യാവുന്നതാണ്. ഇവിടെ lust നെ ഇല്യാസ് നബിയുമായും desire നെ മര്‍യം ബീവിയുമായും ബന്ധപ്പെടുത്തിക്കൊണ്ടാണ് ഇബ്‌നുഅറബി സംസാരിക്കുന്നത്. അതിലൂടെ ലൈംഗികബന്ധത്തെയും ലൈംഗിക താല്‍പര്യങ്ങളെയും ദൈവിക സാമിപ്യത്തിന്റെ പ്രകാശനങ്ങളായി വായിക്കുകയാണ് ഇബ്‌നുഅറബി ചെയ്യുന്നത്. നമുക്ക് ഒന്നുകൂടി മര്‍യമിലേക്ക് മടങ്ങാം. ജിബ്രീല്‍ മാലാഖയെ (മനുഷ്യരൂപത്തില്‍) ആദ്യമായി കണ്ടപ്പോള്‍ (നിരോധിക്കപ്പെട്ട കാര്യത്തില്‍ നിന്നും) അവര്‍ അല്ലാഹുവില്‍ അഭയം തേടുകയാണ് ചെയ്തത്. അതിലൂടെ മാനുഷികമായ വികാരങ്ങളെ ചെറുത്തുകൊണ്ട് അല്ലാഹുവിലുള്ള സമ്പൂര്‍ണ്ണമായ ലയനമാണ് അവര്‍ തേടിയത്. അഥവാ, മര്‍യമിന്റെ desire അല്ലാഹുവോടായിരുന്നു. ഇല്യാസ് നബിക്കും അതാണ് സംഭവിച്ചത്. അദ്ദേഹത്തിന് മുന്നില്‍ അവശേഷിച്ചത് അല്ലാഹുവിന്റെ വജ്ഹ് മാത്രമായിരുന്നു. താന്‍ അല്ലാഹുവിന്റെ സന്ദേശവാഹകന്‍ ആണെന്ന് ജിബ്രീല്‍ മാലാഖ മര്‍യമിനെ അറിയിച്ച സന്ദര്‍ഭത്തില്‍ transcendent ആയ അവസ്ഥയില്‍ നിന്ന് അവര്‍ ഇറങ്ങി വന്നുകൊണ്ട് desire നെ പുല്‍കുകയായിരുന്നു. എന്നാല്‍ അവിടെയും (immanence) അല്ലാഹുവിന്റെ വജ്ഹ് തന്നെയാണ് മര്‍യം തേടിയത്. കാരണം അവന്റെ തജല്ലിയാത്തല്ലാത്ത ഒന്നും തന്നെ ഈ ലോകത്തില്ല. ഇവിടെ desire, lust എന്നീ മനുഷ്യവികാരങ്ങളെ ദൈവികഗുണത്തിന്റെ പ്രകാശനമായി അവതരിപ്പിക്കുകയാണ് ഇബ്‌നുഅറബി ചെയ്യുന്നത്. അതുകൊണ്ടാണ് ഫിസിക്കലും അല്ലാത്തതുമായ എല്ലാ ആഗ്രഹങ്ങളിലും അല്ലാഹുവെ കാണാന്‍ മര്‍യമിനും ഇദ്രീസിനും സാധിക്കുന്നത് എന്നാണ് ഇബ്‌നുഅറബി പറയുന്നത്.

ഇനി ഫെമിനിറ്റിയുടെയും മാസ്‌കുലിനിറ്റിയുടെയും ഓണ്‍ടോളജിയെക്കുറിച്ച് സംസാരിക്കാം. ഇബ്‌നുഅറബിയെ സംബന്ധിച്ചിടത്തോളം സ്‌ത്രൈണത (feminine) എന്നത് ബയോളജിക്കലായ അവസ്ഥ മാത്രമല്ല. മറിച്ച് ഓണ്‍ടോളജിക്കല്‍ കൂടിയാണ്. എങ്ങനെയാണ് അത് ഇബ്‌നുഅറബി ആര്‍ട്ടിക്കുലേറ്റ് ചെയ്യുന്നതെന്ന് നോക്കൂ: ‘ സത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ദൈവവും പ്രകൃതിയും തമ്മിലുള്ള ബന്ധം പോലെയാണ് (സ്ത്രീയെ പ്രകൃതിയുമായാണ് ഇബ്‌നുഅറബി താരതമ്യം ചെയ്യുന്നത്.) ദൈവിക കല്‍പ്പനകളെ സ്വീകരിക്കുകയാണ് പ്രകൃതി ചെയ്യുന്നത്. ദൈവിക കല്‍പ്പനകളില്ലാതെ പ്രകൃതിക്ക് നിലനില്‍പ്പില്ല. അഥവാ, ദൈവത്തിന്റെ ആത്മപ്രകാശനമാണ് (തജല്ലിയാത്ത്) പ്രകൃതി എന്നര്‍ത്ഥം. ദൈവിക കല്‍പ്പനകളെ പുരുഷനുമായും പ്രകൃതിയെ സ്ത്രീയുമായാണ് ഇബ്‌നുഅറബി ഇവിടെ സങ്കല്‍പ്പിക്കുന്നത്. രണ്ട് ഘടകങ്ങളും ഓണ്‍ടോളജിക്കലായ് തന്നെ പ്രണയം എന്ന ബിന്ദുവിലാണ് ഒരുമിച്ചു ചെരുന്നത്. അതേസമയം activity എന്ന സെല്‍ഫാണ് പുരുഷനുള്ളതെങ്കില്‍ receptivity എന്ന പ്രവര്‍ത്തനമാണ് സ്ത്രീ നടത്തുന്നത്. കുന്‍, ഫയകുന്‍ എന്ന ദൈവിക പ്രവര്‍ത്തനത്തോട് പുരുഷന്റെ ആക്ടിവിറ്റിയെ ഉപമിക്കാവുന്നതാണ്. അതുകൊണ്ടാണ് ആദമിനെ ആദ്യം സൃഷ്ടിച്ചത്. എന്നാല്‍ ഇവിടെ സത്രീ-പുരുഷ ബന്ധത്തിലടങ്ങിയിട്ടുള്ള ശ്രേണീബന്ധം എന്നത് താല്‍ക്കാലികം മാത്രമാണ്. ഓണ്‍ടോളജിക്കലോ കോസ്‌മോളജിക്കലോ ആയ അധികാര ബന്ധമല്ല സ്ത്രീയും പുരുഷനും തമ്മില്‍ നിലനില്‍ക്കുന്നത് എന്നര്‍ത്ഥം. അഥവാ, അധികാരപരമായ duality എന്ന നിലക്കല്ല സ്ത്രീയും പുരുഷനും നിലനില്‍ക്കുന്നത്. ഇബ്‌നുഅറബിയുട മാസ്‌കുലിന്‍-ഫെമിനിനിന്‍ ബന്ധത്തില്‍ duality നിലനില്‍ക്കുന്നില്ല. മറിച്ച് രണ്ട് ശരീരങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലാണ് സംഭവിക്കുന്നത്. അതിനാല്‍ തന്നെ അധികാരം അവിടെ നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ ആണിനും പെ്ണ്ണിനും മാസ്‌കുലിന്‍-ഫെമിനിന്‍ പ്രവര്‍ത്തനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം സാധ്യമാണ്. കാരണം ഇബ്‌നുഅറബിയെ സംബന്ധിച്ചിടത്തോളം ജെന്‍ഡര്‍ പെര്‍ഫോമാറ്റീവാണ്. അതിനാല്‍ ത്‌ന്നെ മാസ്‌കുലിന്‍,ഫെമിനിന്‍ എന്നതിനെ നിര്‍ണ്ണിതമായി നിര്‍വ്വചിക്കാന്‍ കഴിയില്ല. അഥവാ, ബയോളജിക്കലായ വ്യത്യാസത്തിന്റെ പേരിലല്ല ജെന്‍ഡര്‍ നിലനില്‍ക്കുന്നത്.

ലൈംഗികമായ കൂടിച്ചേരലിലൂടെയാണ് ആണ്‍\പെണ്‍ എന്ന ദ്വന്ദത്തെ (duality) സ്ത്രീയും പുരുഷനും മറികടക്കുന്നത്. പ്രണയമാണ് രണ്ടുപേരെയും ഒരുമിച്ചു ചേര്‍ക്കുന്നത്. ഇബ്‌നുഅറബി പറയുന്നു: ‘ അങ്ങനെ അല്ലാഹു പുരുഷനില്‍ നിന്നും അവന്റെ തന്നെ ഒരു ഇമേജിനെ ഊരിയെടുത്തു. അതാണ് പെണ്ണ്. രണ്ടുപേരുടെയും കൂടിച്ചേരാനുള്ള ആഗ്രഹത്തില്‍ (desire) നിന്നാണ് അതുണ്ടായത്. അതുകൊണ്ടാണ് പ്രവാചകന്‍ (സ) ക്ക് പെണ്ണ് പ്രിയങ്കരമായ ഒന്നായി മാറിയത്. കാരണം ആദമിന്റ ഇമേജില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ഹവ്വയെ തേടേണ്ടത് ആദമിലാണ്. ആദമാകട്ടെ, ഹവ്വയെ തേടേണ്ടത് സ്വന്തത്തിലുമാണ്. ആര്‍ സ്വന്തത്തെ അറിഞ്ഞു, അവന്‍ ദൈവത്തെ അറിഞ്ഞു എന്ന ഖുര്‍ആനിക വചനവുമായി ഇത് ചേര്‍ത്തു വായിക്കാവുന്നതാണ്. ഇബ്‌നുഅറബിയെ സംബന്ധിച്ചിടത്തോളം സ്ത്രീയും പുരുഷനും നിലനില്‍ക്കുന്നത് ശ്രേണീബന്ധമായ അധികാരത്തിന്റെ രൂപത്തിലല്ല. മറിച്ച്, പരസ്പരമുള്ള തേട്ടത്തിലൂടെയാണ് (longing). ഈ തേട്ടത്തിന്റെ ഫിസിക്കല്‍ രൂപമായ ലൈംഗികബന്ധത്തിലൂടെ സാധ്യമാകുന്നത് ഫിസിക്കലായ കൂടിച്ചേരലാണ് (union). ഈ ലോകത്ത് പ്രണയത്തിന്റെ സാധ്യമാകുന്നതില്‍ വെച്ചേറ്റവും മഹത്തരമായ കൂടിച്ചേരലാണത്. അങ്ങനെ കൂടിച്ചേരാനുള്ള ആഗ്രഹം ആണിന്റെയും പെണ്ണിന്റെയും ശരീരത്തെ മൂച്ചൂടും മൂടുന്നത് കൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം കുളിക്കണമെന്ന് പറയുന്നത്. കാരണം, അല്ലാഹുവിലേക്കല്ലാത്ത ഒരു നോട്ടവും അവന്‍ സൃഷ്ടികളില്‍ നിന്ന് ആഗ്രഹിക്കുന്നില്ല. ലൈംഗികബന്ധത്തില്‍ അല്ലാഹുവിന്റെ വജ്ഹില്‍ നിന്നും നിമിഷ നേരത്തേക്കെങ്കിലും തിരിയുന്നത് കൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം കുളി നിര്‍ബന്ധമാക്കിയത് (അതിനര്‍ത്ഥം ലൈംഗികബന്ധത്തിലും ഒരാള്‍ തേടേണ്ടത് അല്ലാഹുവെയാണ്). ശുദ്ധിയാക്കുന്നതോടെ അവന്‍\അവള്‍ വീണ്ടും അല്ലാഹുവിലേക്ക് തന്നെ തിരിയുകയാണ് ചെയ്യുന്നത്. ഇനി ലൈംഗിക ബന്ധത്തിലും ഒരാള്‍ ദര്‍ശിക്കുന്നത് അല്ലാഹുവിന്റെ വജ്ഹ് തന്നെയാണെങ്കില്‍ പിന്നെ അവന്‍\അവള്‍ ശുദ്ധിയാകേണ്ടതില്ല എന്നാണ് ഇബ്‌നുഅറബി പറയുന്നത്.

ജെന്‍ഡറിനെയും ലൈംഗികതയെയും കുറിച്ച അധികാരശ്രേണീപരമായ കാഴ്ചകളെ വെല്ലുവിളിക്കുകയാണ് ലൈംഗികബന്ധത്തെ ഒരു മെറ്റഫറായി സ്വീകരിച്ചു കൊണ്ട് ഇബ്‌നുഅറബി ചെയ്യുന്നത്. തസവ്വുഫിന്റെ സാങ്കേതിക ഭാഷയില്‍ ഫനാഅ് എന്ന് വിളിക്കപ്പെടുന്ന പരമ യാഥാര്‍ത്ഥ്യത്തിലുള്ള വിലയനത്തെ ലൈംഗിക ബന്ധവുമായി സമീകരിച്ചു കൊണ്ടാണ് ലിംഗ ശ്രേണീകരണത്തെ ഇബ്‌നുഅറബി വെല്ലുവിളിക്കുന്നത്. ജെന്‍ഡറിനെക്കുറിച്ച മത-മതേതര ധാരണകളെയാണ് ഇബ്‌നുഅറബി ചോദ്യം ചെയ്യുന്നത്.

ഹിബ യൂസ്രി