Campus Alive

ഖിലാഫത്ത്; ചരിത്രവും ആഖ്യാന പാരമ്പര്യവും

(2019 ൽ യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘Who Wants the Caliphate?’ എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം, ‘ആരാണ് ഖിലാഫത്ത് ആഗ്രഹിക്കുന്നത്..?’ ഭാഗം മൂന്ന്)


‘ഖിലാഫത്ത്’ എന്ന അറബി പദത്തിന്റെ ആംഗലേയ പ്രയോഗമാണ് ‘കാലിഫേറ്റ്’. അതിന്റെ ഭാഷാപരമായ അർഥം ‘ഒരാൾക്കു ശേഷം (തുടർന്നു) വരുന്ന ക്രമം/സമയം/ഇടം എന്നൊക്കെയാണ്. ഖലീഫ (Caliph) എന്നാൽ തനിക്കു മുമ്പുള്ള ആളെ തുടർന്നു വരുന്ന, ഒരു പ്രത്യേക ഉത്തരവാദിത്വം പൂർത്തീകരിക്കാൻ ബാധ്യസ്ഥനായ ആൾ എന്നാണ് അർഥം. ഖുർആൻ ആദം നബിയെയും അദ്ദേഹത്തിന്റെ സന്താനപരമ്പരയെയും ‘ഖിലാഫ’ (2:30) എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നുണ്ട്. ഭൂമിയിൽ മുമ്പുണ്ടായിരുന്ന ഒരു വിഭാഗത്തെ പിന്തുടർന്നു വരുന്നത് എന്ന അർഥത്തിലാണ് ഇതിന്റെ ആദ്യകാല വ്യാഖ്യാനങ്ങൾ വന്നിരിക്കുന്നത്. എന്നാൽ സ്വഹീഹ് മുസ്‌ലിമിൽ പരാമർശിക്കപ്പെട്ട ഒരു പ്രാർത്ഥന പ്രകാരം അല്ലാഹുവിനെയും ‘ഖലീഫ’ എന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ട്. തന്റെ വീടും കുടുംബവും അല്ലാഹുവിൽ ഭരമേൽപ്പിച്ചു പോകുന്ന യാത്രികന്റെ ഖലീഫയായി അല്ലാഹുവിനെ പരിചയപ്പെടുത്തപ്പെടുന്നു. ഈ പ്രയോഗം സൂചിപ്പിക്കുന്നത്, ഖലീഫ എന്നതിന് ‘പ്രതിപുരുഷൻ’, ‘പ്രതിനിധി’ എന്നൊക്കെ അർഥം നൽകുന്ന ആധുനിക പരിഭാഷകളുടെ കൃത്യതക്കുറവാണ്. മനുഷ്യർ ദൈവത്തിന്റെ പ്രതിനിധികളാണെന്ന അഭൗതിക അർത്ഥത്തിൽ, ഇരുപതാം നൂറ്റാണ്ടിൽ ഇത്തരം (ആധുനിക) പരിഭാഷകൾ പ്രശസ്തിയാർജ്ജിക്കുകയുണ്ടായി. ഖുർആനിലെ മറ്റൊരു പരാമർശം ദാവൂദ് നബിയുമായി ബന്ധപ്പെട്ടാണ്. ‘ഭൂമിയിൽ അനന്തരാവകാശം ലഭിക്കുന്നവൻ’ എന്ന സാമാന്യ അർഥത്തിൽ ‘ഭൂമിയിലെ ഖലീഫ’ എന്ന് ദാവൂദ് നബിയെ വിശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ ഈ പ്രയോഗവും സമാനമായി, ഖലീഫ എന്ന വാക്കിൽ രാഷ്ട്രീയ അധികാരത്തിന്റെയും ഭൂമിയുടെ അഭൗതികമായ കൈകാര്യസ്ഥത്തിന്റെ (Stewardship) അർത്ഥം ആരോപിക്കുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖിലാഫത്തിന്റെ അഭൗതികമായ അർഥങ്ങൾ ഖുർആനിക ആശയങ്ങളായ ‘തക്ദീർ, തഖ്‌രീം‘ (ദൈവം മനുഷ്യനെ ആദരിക്കുകയും, പ്രപഞ്ചത്തിലെ സർവ്വതും അവനു കീഴ്‌പ്പെടുത്തി കൊടുക്കുകയും ചെയ്തിരിക്കുന്നു എന്ന ആശയം) എന്നിവയെ മുന്നിൽ വെച്ചുകൊണ്ട് സാധൂകരിക്കാൻ സാധിച്ചേക്കും.  എന്നാൽ ഭാഷാപരമായി ഖലീഫ എന്ന പദത്തിനോട്‌ ഇതിനു യാതൊരു ബന്ധവുമില്ല. ഇതൊരു ഭാഷാപരമായ പ്രശ്നം മാത്രമല്ല. മുസ്‌ലിം-ഓറിയന്റലിസ്റ്റ് ഗ്രന്ഥകാരന്മാരുടെ മുഴുവൻ ഗ്രന്ഥങ്ങളും ഈ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ചില അവസരങ്ങളിൽ, ആധുനിക ദേശരാഷ്ട്രങ്ങളുടെ കേന്ദ്ര ആശയമായ ജനകീയ പരമാധികാരത്തെ ഖുർആനിനോട്‌ ചേർക്കുന്നതിനു വേണ്ടി പോലും ഈ തെറ്റിദ്ധാരണ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഏതിരുന്നാലും, മുസ്‌ലിം ഭരണാധികാരിയെ കുറിക്കാൻ ഉപയോഗിക്കപ്പെട്ട ‘ഖലീഫ’ എന്ന പദത്തിന്റെ ചരിത്രപരമായ പ്രയോഗത്തിലാണ് നാമിവിടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ, പ്രവാചകന്റെ പ്രതിനിധി എന്ന അർത്ഥത്തിലും, അദ്ദേഹത്തിന്റെ മരണാനന്തരം സമുദായത്തിന്റെ കൈകാര്യകർത്താക്കൾ എന്ന അർഥത്തിലും ഖലീഫ അറിയപ്പെടാൻ തുടങ്ങി. മുസ്‌ലിംകളുടെ ഈ രാഷ്ട്രീയ നേതൃത്വത്തെ സുന്നി-ശിയാ (ശിയാക്കളെ സംബന്ധിച്ചിടത്തോളം ‘ഖലീഫ’ രാഷ്ട്രീയ നേതൃത്വമാകണമെന്നു നിർബന്ധമില്ല) ദൈവശാസ്ത്രജ്ഞർ ‘ഇമാം’ എന്നാണ് പരിചയപ്പെടുത്തുന്നത്. ഖലീഫ എന്ന പദത്തിന് വ്യക്തമായ രാഷ്ട്രീയ അർഥമില്ല എന്നതിനാലും, പ്രവാചകന്റെ പിന്മുറക്കാരൻ എന്ന കേവലാർഥത്തിൽ മാത്രമാണ് അബൂബക്കറിനെ (റ) അപ്രകാരം വിശേഷിപ്പിച്ചത് എന്നതിനാലും, രണ്ടാം ഖലീഫയായ ഉമറിന്റെ (റ) കാലം മുതൽ ‘അമീറുൽ മുഅ്മിനീൻ’ എന്ന അഭിസംബോധനയാണ് നേതൃത്വത്തെ സൂചിപ്പിക്കാൻ പൊതുവിൽ ഉപയോഗിക്കപ്പെട്ടത്. കാലാന്തരത്തിൽ, അമീർ (സൈന്യാധിപൻ), സുൽത്താൻ, മാലിക് (രാജാവ്, ഭരണകർത്താവ്) എന്നിങ്ങനെ അനേകം നേതൃത്വ പദവികൾ നിലവിൽ വന്നപ്പോൾ, ഖലീഫ എന്ന പദത്തിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ അർഥം, ‘എല്ലാ മുസ്‌ലിംകളുടെയും പൊതുനേതൃത്വം’ എന്ന തരത്തിൽ ഉറപ്പിക്കപ്പെടുകയാണുണ്ടായത്.

ഖിലാഫത്തിന്റെ ചരിത്രപരമായ അഞ്ചു മാതൃകകൾ

സുന്നി ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഖിലാഫത്തിന്റെ ഏക ആഖ്യാന മാതൃക എന്നത്, പ്രവാചകന്റെ തൊട്ടു പിന്മുറക്കാരായി വന്നതും, പിന്നീട് ‘റാഷിദൂൻ’ എന്ന പേരിൽ അറിയപ്പെട്ടവരുമായ 4 പ്രവാചക അനുചരന്മാരുടെ മാതൃകയാണ്. ആദ്യത്തിൽ മതപരവും രാഷ്ട്രീയവുമായ അധികാരങ്ങൾ തമ്മിൽ ഘടനാപരമായ വേർതിരിവുകളുണ്ടായിരുന്നില്ല. ഖലീഫ അഥവാ പ്രവാചകനെ തുടർന്ന് അധികാരമേറ്റെടുത്തയാൾ ഇവ രണ്ടും കയ്യാളിയിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം, ഖലീഫ രാഷ്ട്രീയ അധികാരം കയ്യാളുകയും, മതനേതൃത്വം ഖലീഫയ്ക്കും ഉലമാക്കൾക്കും (പണ്ഡിതന്മാർ) ഇടയിൽ പങ്കുവെക്കപ്പെടുന്നതുമായ പുതിയൊരു ക്രമം നിലവിൽ വന്നു. ഉലമാക്കൾ എന്നത് പണ്ഡിത നേതൃത്വമാണ്. നിലവിൽ നാഗരിക മുസ്‌ലിം സമുദായങ്ങളുടെയും ബൗദ്ധിക ചിന്താസരണികളുടെയും നേതൃത്വമായി വർത്തിക്കുന്നത് ഉലമാക്കളാണ്. ഖലീഫയുടെ അധികാരങ്ങൾ നിരുപാധികമായിരുന്നില്ല, നാലാം നൂറ്റാണ്ടു മുതൽ പണ്ഡിതന്മാർ ഈ അധികാര പരിധികളെയും ബാധ്യതകളെയും സിദ്ധാന്തവൽക്കരിച്ചുകൊണ്ടിരുന്നു.

ആദ്യ ഖലീഫമാർ മദീനയെന്ന ചെറുപട്ടണത്തിലിരുന്നാണ് (മറ്റു പട്ടണങ്ങൾക്കു തുല്യമായ/primus inter pares) ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യം ഭരിച്ചിരുന്നത്. അതിവിശാലമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാവശ്യങ്ങൾ നിറവേറ്റുന്നതിൽ ഈ സമഭാവനയോടുകൂടിയതും ഭക്തി അധിഷ്ഠിതവുമായ ഭരണവ്യവസ്ഥ അപര്യാപ്തമാണെന്നു പിന്നീട് തെളിയിക്കപ്പെട്ടു. ഇതാണു പിന്നീട് ഉമവികളുടെ അവസാനവും അബ്ബാസികളുടെ കാലഘട്ടത്തിലും സാമ്രാജ്യത്വ-ഖിലാഫത്ത് രൂപീകരിക്കപ്പെടുന്നതിന് വഴിവെച്ചത്. എട്ട്/പത്ത് നൂറ്റാണ്ടുകളിൽ പ്രതിശീർഷ വരുമാനം പരിഗണിക്കുമ്പോൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും സമ്പന്നമായ സാമ്രാജ്യം ബാഗ്ദാദ് കേന്ദ്രീകരിച്ചുള്ള അബ്ബാസി ഖിലാഫത്തായിരുന്നു. പൂർവ-ഇസ്‌ലാമിക സസ്സാനിഡ് സാമ്രാജ്യത്വത്തിന്റേത് പോലെയുള്ള പരിവേഷം അബ്ബാസി ഖിലാഫത്തും ഏറ്റുപിടിച്ചിരുന്നു. സമഗ്രമായ നീതിയുടെ പൂർത്തീകരണത്തിനു വേണ്ടി സമഗ്രാധിപത്യപരമായ പരിവേഷം അബ്ബാസികളും സ്വീകരിക്കുകയായിരുന്നു. ഇസ്‌ലാമിക നിയമമനുസരിച്ചും സംഭവ്യലോകത്തും ഖലീഫയുടെ അധികാരങ്ങൾ പരിമിതമായിരുന്നു. ചില അവസരങ്ങളിൽ നന്നേ പരിമിതവുമായിരുന്നു. ഇതാണ്‌ ചരിത്രത്തിലെ രണ്ടാം ഖിലാഫത്ത് മാതൃക.

ബാഗ്ദാദി ഖലീഫമാരുടെ യഥാർഥ അധികാരങ്ങൾ ക്ഷയിച്ചു വന്നതോടെ മൂന്നാമതൊരു ഖിലാഫത്ത് മാതൃകക്കു തുടക്കമായി. അവിടെ ഖലീഫ കേവലം പ്രതിരൂപകവും ആത്മീയനേതൃത്വവും മാത്രമായി മാറി. പ്രവിശ്യകളുടെ യഥാർത്ഥ ഭരണകർത്താക്കൾ ഗവർണർമാരോ, പാരമ്പര്യ ഭരണാവകാശമില്ലെങ്കിലും ഖലീഫയോടുള്ള കൂറ് പരിഗണിച്ചു കൊണ്ട് അധികാരസ്ഥാനത്ത് അവരോധിതരാകുന്ന സൈനിക മേധാവികളോ ആയിരുന്നു. ഈ ഘട്ടം അഞ്ചു നൂറ്റാണ്ടുകളോളം തുടർന്നു. ഇക്കാലഘട്ടത്തിലാണ് ഇസ്‌ലാമിക നിയമങ്ങൾ, ദൈവശാസ്ത്രം, രാഷ്ട്രീയ ചിന്ത എന്നിവ സുനിശ്ചിത രൂപം പ്രാപിച്ചത്. ഖലീഫയുടെ പ്രതീകാത്മക അധികാരം ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു. യഥാർഥ അധികാരം വീണ്ടെടുക്കാനുള്ള സാധ്യത വിദൂരവുമായിരുന്നില്ല. കുരിശു പടയുടെ അധീനതയിൽ നിന്ന് ജെറുസലേം മോചിപ്പിച്ച, പന്ത്രണ്ടാം നൂറ്റാണ്ടിലെ ധീര ഇസ്‌ലാമിക നായകൻ സലാഹുദ്ധീൻ അയ്യൂബി മരണപ്പെട്ടത് അധികാരം ലഭിക്കാതെയാണ്. അദ്ദേഹത്തിന്റെ അഭ്യർഥന ബാഗ്ദാദിലെ ഖലീഫ നിരസിക്കുകയായിരുന്നു. ഒരാളുടെ ഭരണകർതൃത്വം സാധുവാകുന്നതിന് ഖലീഫയുടെ അംഗീകാരം നിർബന്ധമായിരുന്നു. അല്ലാത്തപക്ഷം, എത്ര യോഗ്യനാണെങ്കിലും അയാൾക്കതു ലഭിക്കുമായിരുന്നില്ല.

അബ്ബാസിയ്യ ഖിലാഫത്ത്

രണ്ടു പ്രധാനപ്പെട്ട തുടർച്ചകൾ ഖലീഫയിലൂടെ മുസ്‌ലിം ഉമ്മത്തിനു ലഭിക്കുന്നു. ഒന്ന്, മഹിതമായ മാതൃകകൾ മുന്നോട്ടു വെച്ച പ്രവാചകനോടും സച്ചരിതരായ ഖലീഫമാരോടുമുള്ള പ്രതീകാത്മക ബാന്ധവം. രണ്ട്, വിവിധ ഗവർണർമാരുടെയും രാജാക്കന്മാരുടെയും കീഴിൽ യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ പ്രദേശങ്ങളിലെ ശൃംഖലാ സമൂഹങ്ങളിൽ പരന്നുകിടന്നിരുന്ന സർവ മുസ്‌ലിംകളുടെയും ഐക്യം. ഈ രണ്ടു തുടർച്ചകളും രാഷ്ട്രീയ ഛിദ്രതകളെയും വിഭാഗീയ ചിന്താഗതികളെയും സാംസ്‌കാരിക വൈരത്തെയും തടഞ്ഞുനിർത്താൻ സഹായകമായി. കേന്ദ്രത്തിൽ നിന്ന് അകന്നുപോവുന്നതിന്റെ മോശം ഫലങ്ങളിൽ നിന്നും, നിരന്തരമായ യുദ്ധ-സംഘട്ടനങ്ങൾ മൂലം രാഷ്ട്രം തകർന്നുപോകുന്നതിനെ തൊട്ടും ഈ തുടർച്ചകൾ ഉമ്മത്തിനെ പ്രതിരോധിച്ചുകൊണ്ടിരുന്നു. ഉപരിസൂചിത സമൂഹങ്ങൾ പ്രാദേശികമായ ഭരണകർത്താക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിലുള്ള, ഇസ്‌ലാമിക നിയമങ്ങൾ നിലനിൽക്കുന്ന സ്വയംഭരണ പ്രദേശങ്ങളായിരുന്നു. ഈ സുൽത്താന്മാരും രാജാക്കന്മാരും നിർവഹണ വിഭാഗമായാണ് വർത്തിച്ചിരുന്നത്. നിയമം ഉയർത്തിപ്പിടിക്കുന്നതിനും രാഷ്ട്രത്തിന്റെ പ്രതിരോധത്തിനും ഈ വിഭാഗത്തിന്റെ സേവനം അത്യന്താപേക്ഷികമാണ്. അവർ വന്നുപോയിക്കൊണ്ടിരുന്നു, എന്നാൽ ഈ വലിയ സമൂഹത്തിന്റെ ആചാരങ്ങളിലും നിയമങ്ങളിലും സ്ഥാപനങ്ങളിലും മാറ്റങ്ങൾ വരുത്താൻ അവർ ശ്രമിക്കുകയുണ്ടായില്ല. ഈ മൂന്നാം ഖിലാഫത്ത് മാതൃകയാണ് ‘ക്ലാസ്സിക്കൽ ഇസ്‌ലാമിക് കോൺസ്റ്റിറ്റ്യൂഷണലിസം’ (classical Islamic constitutionalism) എന്നറിയപ്പെടുന്നത്.

കാര്യങ്ങളൊന്നും ശരിയായ വിധത്തിലായിരുന്നില്ല. രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഖലീഫമാരെ ഗുണദോഷിക്കുമായിരുന്ന ഇമാം മാവർദി, ഇമാം ജുവൈനി, ഇമാം ഗസ്സാലി, ഇമാം ഇബ്നു തൈമിയ്യ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാർ, ഖലീഫയുടെ അധികാരം സൈന്യാധിപന്മാർ കയ്യടക്കുന്നതിനെ വിമർശിക്കുന്നവരായിരുന്നു. എന്നാൽ അക്കാലഘട്ടത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് അവയെ അംഗീകരിക്കുകയേ തരമുണ്ടായിരുന്നുള്ളൂ. ഇമാം ഗസ്സാലി അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അബ്ബാസി ഖലീഫയുടെ അധികാരം നാമമാത്രമായി മാത്രം അംഗീകരിക്കുകയും, അതിനെ പരിഹസിക്കുകയും ചെയ്തിരുന്ന സൽജൂഖ് സുൽത്താൻമാരെ അംഗീകരിക്കുന്നതിനെ ശവം തിന്നുന്നതിനോടാണ് താരതമ്യപ്പെടുത്തിയത്. അനുവദനീയമായ ഭക്ഷണം ലഭ്യമാകാതെ വരുമ്പോൾ ജീവൻ നിലനിർത്താൻ മാത്രം ഭക്ഷിക്കൽ അനുവദനീയമായതാണല്ലോ ശവമാംസം. അപ്രകാരം അവരെയും അംഗീകരിക്കാം എന്നു സാരം. 1258-ലെ മംഗോൾ ആക്രമണത്തിനു മുമ്പ്, ബാഗ്ദാദ് കേന്ദ്രീകരിച്ചുണ്ടായിരുന്ന ഖലീഫമാരുടെ അധികാരം നിർണായകമായിരുന്നു. എന്നാൽ പിന്നീട് മംലൂക് കാലഘട്ടത്തിൽ ഡൽഹി, ടിംബുത്കു പോലുള്ള ദൂരപ്രദേശങ്ങളിൽ അബ്ബാസി ഖലീഫമാരുടെ അധികാരങ്ങൾ സർവ്വതും നഷ്ടപ്പെട്ടു. മുമ്പ് ഭരണകർത്താക്കളെ അവരോധിക്കുന്നതിൽ ഖലീഫയുടെ കത്ത് അതിനിർണായകമായിരുന്നു. ഈ കത്തായിരുന്നു ഭരണകർത്താക്കളുടെ സാധുത്വവും മുസ്‌ലിം രാഷ്ട്ര-ശരീരത്തോടുള്ള (Muslim body politic) കൂറും തെളിയിക്കുന്ന രേഖ.

ഖിലാഫത്തിന്റെ നാലാം മാതൃക രണ്ടാമത്തേതിന്റെയും മൂന്നാമത്തേത്തിന്റെയും സമ്മിശ്രമായിരുന്നു. ഓട്ടോമൻ ഭരണകർത്താക്കൾ കിഴക്കൻ യൂറോപ്പിനെയും പടിഞ്ഞാറൻ ഏഷ്യയെയും ഉത്തര ആഫ്രിക്കയെയും ഒരൊറ്റ സാമ്രാജ്യത്തിനു കീഴിൽ രാഷ്ട്രീയമായി ഐക്യപ്പെടുത്തിയ ഘട്ടത്തിലാണ് ഖിലാഫത്തിന്റെ നാലാം മാതൃക നിലവിൽ വരുന്നത്. നാലു നൂറ്റാണ്ടോളം നീണ്ടുനിന്ന ഈ സാമ്രാജ്യമായിരുന്നു അക്കാലത്തെ ഏറ്റവും വിജയകരവും സുസ്ഥിരവും ശക്തവുമായ സാമ്രാജ്യം. കൈറോ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന മംലൂക്കുകളെ പരാജയപ്പെടുത്തിയ ഓട്ടോമൻ സുൽത്തന്മാർ ‘ഖലീഫ’ പട്ടം കരസ്ഥമാക്കുകയും, മുഫ്തി-ഖാദിമാർ വിധിക്കുന്നതു പ്രകാരം ശരീഅത്ത് നിയമങ്ങൾ പ്രയോഗികവൽക്കരിക്കുകയും ചെയ്തു. സുൽത്താൻ/ഖലീഫയുടെ അധികാരങ്ങൾ പരിമിതമായിരുന്നു. മുഖ്യ ന്യായാധിപന്റെ വിധിപ്രസ്താവ പ്രകാരം സുൽത്താന്മാർ സ്ഥാനഭൃഷ്ടരാക്കപ്പെടുന്ന സംഭവങ്ങൾ പോലും നമുക്കു മുന്നിലുണ്ട്. അതേസമയം, ചില സുൽത്താന്മാർ അധികാര ലബ്ധിക്കു ശേഷം, ഇസ്‌ലാമിക മര്യാദകളെ പുച്ഛിച്ചുകൊണ്ട് സ്വേച്ഛാധിപത്യ വാഴ്ച നടപ്പാക്കിയ സന്ദർഭങ്ങളുമുണ്ട്. പശ്ചിമേഷ്യയിലെയും ഉത്തര ആഫ്രിക്കയിലെയും ഓട്ടോമൻ ഭരണാധികാരികൾ മുതൽ, ഹിന്ദു ഭൂരിപക്ഷത്തെ ഭരിച്ചിരുന്ന ഇന്ത്യയിലെ മുഗളന്മാർ വരെയുള്ളവർക്ക് വിരുദ്ധമായി, അവരുടെ ശിയാ വൈരികളായ സഫവിദുകൾ (safavids) ശക്തമായ മതാധിഷ്ഠിത ഭരണക്രമം നിലനിർത്തിക്കൊണ്ടായിരുന്നു തങ്ങളുടെ സാധുത്വം ഉറപ്പിക്കാൻ ശ്രമിച്ചിരുന്നത്. അതേസമയം ഖിലാഫത്തിനെ കുറിച്ച ഓട്ടോമൻ വിഭാവനകൾ ‘മിസ്റ്റിക്കലായ’ വഴികളിലൂടെ ആയിരുന്നു. പ്രവിശാലമായ മൂന്നു മുസ്‌ലിം സാമ്രാജ്യങ്ങളെ ഐക്യപ്പെടുത്താൻ യാതൊരു രാഷ്ട്രീയ നീക്കവും നടത്തിയില്ലെങ്കിലും ഓട്ടോമൻ ഖലീഫയെക്കുറിച്ച് ഭരണാധികാരി, ആത്മീയ ആചാര്യൻ, സർവ മുസ്‌ലിംകളുടേയും (സോപാധിക) നിയമനിർമാതാവ് എന്നീ വിഭാവനകൾ നിർമിക്കാൻ അക്കാലത്തു നിലനിന്നിരുന്ന അനാത്തോലിയൻ സൂഫിസം സഹായിച്ചിരുന്നു.

ഖിലാഫത്തിന്റെ അവസാന മൂന്നു മാതൃകകളിലും  നിലനിന്നിരുന്ന പൊതുവായ ഘടകം, ചുരുക്കം ചില പൊതുവ്യവാഹരങ്ങളിലല്ലാതെ, ഖലീഫ മതാധികാരം കയ്യാളിയിരുന്നില്ല എന്നതാണ്. ഓട്ടോമനുകളെ സംബന്ധിച്ചിടത്തോളം മിസ്റ്റിക്കുകൾക്ക് ഖലീഫയെ ദൈവത്തിന്റെ പ്രതിച്ഛായയായി (shadow of the god) സങ്കൽപ്പിക്കാൻ സാധിക്കുമായിരുന്നു. അവരുടെ അബോധജ്ഞാനം, തത്വങ്ങളുണ്ടാക്കാനും രൂപീകൃത നയങ്ങളെ സാധൂകരിക്കാനും ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തരം വാദങ്ങൾ സൂഫി ഗാഹുകളിൽ തന്നെ പ്രതിഷ്ഠിച്ചാൽ മതിയെന്ന കർശന നിലപാടാണ് ഓട്ടോമൻ സാമ്രാജ്യത്തിന്റെ നട്ടെല്ലായിരുന്ന ഹനഫി നിയമ സ്ഥാപനങ്ങൾ സ്വീകരിച്ചത്. ഓറിയന്റലിസ്റ്റ് പഠിതാക്കളിലെ തലമുതിർന്ന നേതാവും അഭിനവ-യാഥാസ്ഥികനുമായ (neo-concervative) ബെർണാർഡ് ലെവിസ് ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട്: (സുന്നി) ഇസ്‌ലാമിൽ തിയോക്രസി (മതരാഷ്ട്രവാദം) ഉണ്ടായിരുന്നില്ല/ഉണ്ടാവുകയുമില്ല. സുന്നി കർമശാസ്ത്രത്തിന്റെ സഹജമായ ജ്ഞാനശാസ്ത്ര ബഹുത്വത്തോടുള്ള കൃതജ്ഞതയും, മധ്യകാല ചർച്ചിനെ പോലെ ‘ദൈവത്തിനു വേണ്ടി സംസാരിക്കാനുള്ള’ സ്ഥാപനങ്ങളുടെ കുറവുമാണ് ഈ പ്രസ്താവനയിൽ അന്തർലീനമായിട്ടുള്ളത്. വേദത്തെയും പാരമ്പര്യത്തെയും വ്യാഖാനിക്കാനുള്ള ശ്രമങ്ങളുടെ ആധിക്യം രണ്ടു കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്. ഒന്ന്, മതാധികാരം ഭാഗിക്കപ്പെട്ടതും ബഹുമുഖവുമായിരുന്നു. രണ്ട്, ഭരണവർഗത്തിന് ഒരിക്കലും മതാധികാരം കയ്യാളാൻ സാധിച്ചിരുന്നില്ല. ഈ പ്രവണതകളുടെ സ്വാഭാവിക ഫലമായി സാമൂഹ്യ-മത വ്യവഹാരങ്ങളിൽ സന്തുലനവും നിയന്ത്രണങ്ങളും സ്ഥാപിതമായി.

ചുരുക്കത്തിൽ, ഒരു സഹസ്രാബ്ദത്തോളം നീണ്ടുനിന്ന ഖിലാഫത്തിന്റെ മൂന്ന്-നാല് മാതൃകകൾ മതാധിഷ്ഠിതമോ (theocratic) സർവാധിപത്യപരമോ (absolutist) ആയിരുന്നില്ല എന്നു മനസ്സിലാക്കാം. ഓട്ടോമൻ ഭരണത്തിനു കീഴിൽ എല്ലാ സമുദായങ്ങൾക്കും വലിയ അളവിൽ സ്വാതന്ത്ര്യം നൽകപ്പെട്ടിരുന്നു. വ്യത്യസ്ത ധാരകളിൽ പെട്ട മുസ്‌ലിംകൾ, ജൂതർ, ക്രിസ്ത്യാനികൾ തുടങ്ങി മറ്റുള്ളവർക്കെല്ലാം സ്വതന്ത്ര സമുദായങ്ങളായി നിലനിൽക്കാൻ സാധിച്ചിരുന്നു. ആധുനിക ജനാധിപത്യ/മുസ്‌ലിം രാഷ്ട്രങ്ങളെക്കാൾ ദൈവ-കേന്ദ്രീകൃതവും തൃപ്തികരവുമായ ജീവിതം, കൂടുതൽ ഫലപ്രദമായി സജ്ജമാക്കുന്നതിൽ ഈ സാമ്രാജ്യം വിജയിച്ചിരുന്നു. ആധുനിക ലിബറൽ വ്യവസ്ഥകളിൽ നിന്നു വ്യത്യസ്തമായി, വിവിധ സമുദായങ്ങളും അവരുടെ ആചാരങ്ങളും അനിവാര്യമായ മാനുഷിക അസ്തിത്വത്തിന്റെ സ്ഥായീഭാവമാണെന്ന് മനസ്സിലാക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അമുസ്‌ലിംകളായവർക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ട് സ്വതന്ത്രമായി ജീവിക്കാൻ സാധിച്ചിരുന്നു. വ്യക്തി/സാമുദായിക അവകാശങ്ങളുടെ തുലാസിൽ സാമുദായിക അവകാശങ്ങളായിരുന്നു എപ്പോഴും കനംതൂങ്ങിയിരുന്നത് (പരിഗണന ലഭിച്ചിരുന്നത്). ഓട്ടോമൻ ഭരണകർത്താക്കൾ, റോമക്കാരെ പോലെ, ഭരണനിർവാഹകരും സ്ഥാപന നിർമാതാക്കളുമായിരിക്കുമ്പോൾ തന്നെ, ഖുർആനിക ആശയങ്ങളിൽ നിന്ന് പ്രചോദിതരായി, സംരക്ഷിത സമുദായ വ്യവസ്ഥ (ദിമ്മി) ഏർപ്പെടുത്തിയിരുന്നു. വ്യത്യസ്ത സമുദായങ്ങൾ തലസ്ഥാനത്ത് അവരുടെ നേതാക്കൾക്കു കീഴിൽ സ്വതന്ത്രരായി ജീവിക്കുന്ന വ്യവസ്ഥയാണിത്. പിന്നീട് ഇത് ‘മില്ലത്ത് വ്യവസ്ഥ’ എന്ന പേരിൽ  അറിയപ്പെടുകയുണ്ടായി.

പത്തൊമ്പതാം നൂറ്റാണ്ടിൽ, ഓട്ടോമൻ സാമ്രാജ്യത്തേക്കാൾ സാമ്പത്തികവും സൈനികവുമായി കരുത്തുനേടിയ ആധുനിക ദേശരാഷ്ട്രങ്ങൾ, ഓട്ടോമൻ ഖിലാഫത്തിനെ ആക്രമിച്ച ഘട്ടത്തിൽ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ, സൈനിക/സാമ്പത്തിക/സാമൂഹ്യ മേഖലകളിൽ വമ്പിച്ച പുരോഗതി കൈവരിക്കാൻ ഓട്ടോമൻ സാമ്രാജ്യത്തിനു കഴിഞ്ഞു. ജൈവികവും, സമൂഹ്യപരവും, സാമുദായികവുമായ അപര്യാപ്തതകളുള്ള സുൽത്താന്റെ അധികാരങ്ങളെ മറികടന്നുകൊണ്ട്, ഒരു ഭരണഘടനയും സ്ഥാപിതമായി. എങ്കിലും ഒന്നാം ലോകമഹായുദ്ധത്തെ അതിജീവിക്കാൻ ഓട്ടോമൻ സാമ്രാജ്യത്തിനു കഴിഞ്ഞില്ല. എന്നാൽ, ഓട്ടോമൻ സാമ്രാജ്യത്തിന് ‘യൂറോപ്പിന്റെ രോഗി’ എന്ന വിശേഷണം നൽകുന്നത് വസ്‌തുതാരഹിതമാണെന്ന് ആധുനിക ചരിത്രകാരന്മാർ പ്രസ്താവിക്കുന്നുണ്ട്. ഒരുപക്ഷേ ലോകയുദ്ധത്തിൽ മറ്റൊരു പക്ഷത്തായിരുന്നെങ്കിൽ ഓട്ടോമൻ സാമ്രാജ്യം അതിജീവിക്കുമായിരുന്നു. ചുരുങ്ങിയ കാലം മാത്രം നിലനിന്ന, ഭരണഘടനാനുസൃത ഖിലാഫത്തിന്റെ ഈ മാതൃകയെ നമുക്ക് അഞ്ചാം മാതൃക എന്നു വിശേഷിപ്പിക്കാം.

(തുടരും)


വിവർത്തനം: അഫ്സൽ ഹുസൈൻ

ഒവാമിർ അഞ്ജൂം