Campus Alive

ഖിലാഫത്തിന്റെ സിദ്ധാന്തം

(ആരാണ് ഖിലാഫത്ത് ആഗ്രഹിക്കുന്നത്..? ഭാഗം നാല്)


ഖിലാഫത്തിന്റെ സത്തയെ അതിന്റെ പ്രകടരൂപങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിന്, ഖിലാഫത്തിന്റെ കടമകൾ, അതിന്റെ പ്രകൃതം, അതിരുകൾ എന്നിവയെ നിർണയിക്കുകയും, റാഷിദൂൻ മാതൃകയോടു ചേർന്നുനിന്ന് അതിന്റെ പിൽക്കാല വ്യതിയാനങ്ങളോടു പ്രതികരിക്കുകയും ചെയ്തുകൊണ്ട്, ഖിലാഫത്തിനെ സൈദ്ധാന്തികവൽക്കരിക്കാൻ സുന്നി പണ്ഡിതന്മാർ ശ്രമിച്ചിട്ടുണ്ട്. ഇത് വളരെ ശ്രമകരമായ പ്രക്രിയ ആയിരുന്നു. എല്ലാ വിയോജിപ്പുകളെയും ഉൾക്കൊണ്ടുകൊണ്ട്, പ്രമുഖരായ ഇസ്‌ലാമിക നിയമ-ദൈവശാസ്ത്ര വിശാരദന്മാർ തെളിവുകളുടെയും സാധൂകരണങ്ങളുടെയും വൈജ്ഞാനിക സമുച്ഛയങ്ങൾ വളരെ ശ്രദ്ധാപൂർവം നിർമിക്കുകയും അവ പുനർവിചിന്തനങ്ങൾക്കു വിധേയമാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഖിലാഫത്തിന്റെ നിലനിൽപ്പിനു ഭീഷണിയുയർന്ന പതിനൊന്നാം നൂറ്റാണ്ടിലാണ് അതിനെ വളരെ ശ്രദ്ധാപൂർവം സൈദ്ധാന്തികവൽക്കരിക്കാനുള്ള സുന്നി പണ്ഡിതന്മാരുടെ ശ്രമങ്ങൾ ആരംഭിച്ചത് എന്നതിൽ അതിശയമേതുമില്ല. ആദ്യ രണ്ടു നൂറ്റാണ്ടുകളിൽ, മുസ്‌ലിം സമുദായത്തിന്റെ ഐക്യവും നിലനിൽപ്പും നിർണയിക്കുന്നതിൽ ഖിലാഫത്തിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായതിനാൽ അതിനെ സൈദ്ധാന്തികവൽക്കരിക്കേണ്ട അത്യാവശ്യം ഉണ്ടായിരുന്നില്ല. എങ്കിൽ തന്നെയും, ഉമവി ഖിലാഫത്തിന്റെ സെക്രട്ടറിയായിരുന്ന അബ്ദുൽ ഹമീദ് കാതിബിന്റെ അത്തരമൊരു പൂർവകാല കൃതി കണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രവാചക ദൗത്യത്തിന്റെ പിൻതുടർച്ചയായി അനുശാസിക്കപ്പെട്ട ദൈവികമായി അനിവാര്യമാക്കപ്പെട്ട ഒരു സ്ഥാപനമെന്ന നിലയിൽ ഖിലാഫത്തിനെ സൈദ്ധാന്തികവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ആ കൃതി.

മുസ്‌ലിം സമുദായത്തിന് ഒരു നേതൃത്വത്തെ നിശ്ചയിക്കേണ്ടത് ബാധ്യതയാണെന്ന കാര്യത്തിൽ എല്ലാ മുസ്‌ലിം ധാരകളും ഏകോപിച്ചിരിക്കുന്നു. സുന്നികളും ശിയാക്കളും ഇക്കാര്യത്തിൽ ഏകാഭിപ്രായമുള്ളവരാണെങ്കിലും നേതൃപദവിയെ സംബന്ധിച്ച അവരുടെ സങ്കൽപനങ്ങൾ വ്യത്യസ്തമാണ്. ദൈവഭയവും ഉത്തരവാദിത്തബോധവും (ലുത്ഫ്) മാനദണ്ഡമാക്കി അലി കുടുംബത്തിൽ നിന്ന് ഒരു യുവരക്തത്തെ നേതൃത്വത്തിലേക്കു പരിഗണിക്കണം എന്നാണ് ‘ഇമാമി ശിയാക്കളുടെ’ പക്ഷം. ആ ഏക നേതൃത്വത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യേണ്ടത് (അദ്ദേഹത്തിന് രാഷ്ട്രീയ അധികാരവും ഭൗതികമായ നിലനിൽപ്പും ഇല്ലെങ്കിൽ പോലും) മുഴുവൻ വിശ്വാസികളുടെയും ബാധ്യതയാണ് എന്നും അവർ വിശ്വസിക്കുന്നു. അലി കുടുംബത്തിൽ നിന്നുള്ള, അക്രമ ഭരണകൂടത്തിനെതിരിൽ വിപ്ലവം നയിച്ചുകൊണ്ട് നേതൃപാടവം തെളിയിച്ച ഒരു യുവനേതാവിനെയാണ് ‘സൈദി ശിയാക്കൾ’ വിഭാവന ചെയ്യുന്നത്. ഇവയ്ക്ക് വിപരീതമായി, ഖിലാഫത്ത് സംസ്ഥാപനത്തെ സംഘടിത ബാധ്യതയായാണ് സുന്നികൾ പരിഗണിക്കുന്നത്. എന്നിരുന്നാലും, രണ്ടു നിലപാടുകളുടെയും ഉദ്ദേശ്യങ്ങൾ തമ്മിലെ അന്തരം വളരെ നേർത്തതാണ്. ശിയാക്കളെ സംബന്ധിച്ചിടത്തോളം, ഖലീഫയെ വിശ്വസിക്കാതിരിക്കുക എന്നത് ദൈവനിഷേധമാണ്, വിശ്വാസം തന്നെ അതുമൂലം അസാധുവാകും. സുന്നികൾക്കാവട്ടെ, അർഹതയുള്ള നേതൃത്വത്തെ സ്ഥാപിക്കാൻ ശ്രമിക്കാതിരിക്കുന്നത് കുറ്റകരവുമാണ്. ഖവാരിജുകളിൽ ഇന്നും നിലനിൽക്കുന്ന ഏക വിഭാഗവും മിതവാദികളുമായ ‘ഇബാദികൾ’ ഖലീഫയെ സ്ഥാപിക്കേണ്ട ബാധ്യതയെ അംഗീകരിക്കുന്നുണ്ടെങ്കിലും, ഓട്ടോമൻ ഖിലാഫത്താനന്തര സുന്നീ പണ്ഡിതന്മാർ വിഭാവന ചെയ്യുന്നതുപോലെ, സാമ്പ്രദായിക ശിയാ-സുന്നികളിൽ നിന്നു വിഭിന്നമായി, ഖുറൈശികളിൽ നിന്നോ, മറ്റേതെങ്കിലും പ്രത്യേക വംശങ്ങളിൽ നിന്നോ വേണം ഖലീഫയെ തെരഞ്ഞെടുക്കാൻ എന്ന മാനദണ്ഡം വെക്കുന്നില്ല.

غياث الأمم في التياث الظلم

ഖലീഫക്കു കീഴിലല്ലാത്ത ഇസ്‌ലാമിക ജീവിതത്തിന്റെ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ പിന്നീട് ഉയർന്നുവരികയുണ്ടായി. ഇമാം ഗസ്സാലിയടക്കമുള്ള ചില പണ്ഡിതന്മാർ ആ അവസ്ഥയിലുള്ള ഇസ്‌ലാമിക ജീവിതത്തിന്റെ സാധുതയെ നിരാകരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ഗുരുവും അശ്അരീ ദൈവശാസ്ത്ര സരണിയുടെയും ഷാഫീ കർമശാസ്ത്ര ചിന്തയുടെയും പ്രധാന വക്താവുമായ അബുൽ മആലിം അൽ ജുവൈനിയുടെ പ്രശസ്തമായ ‘ഗിയാസുൽ ഉമം ഫീ തിയാസിൽ ളുലം’ (غياث الأمم في التياث الظلم) എന്ന ഗ്രന്ഥത്തിൽ ഇതുസംബന്ധിയായ പരാമർശങ്ങൾ വന്നിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന് മതിയായ യോഗ്യതയുള്ള ഖലീഫയുടെ അഭാവമുണ്ടാവുകയും പിന്നീട് ഖിലാഫത്ത് തന്നെ ഇല്ലാതാവുകയും ചെയ്യും. അവർക്കു ശേഷം നേതൃത്വമേറ്റെടുക്കുന്ന പണ്ഡിതന്മാർ മോശമാവുക കൂടി ചെയ്‌താൽ സമുദായം അകപ്പെട്ടേക്കാവുന്ന അരാജകാവസ്ഥകളെക്കുറിച്ചുള്ള പരാമർശങ്ങളാണ് ജുവൈനിയുടെ കൃതിയിലുള്ളത്. ഖലീഫയെ നിയമിക്കുക എന്ന നിയതമായ ബാധ്യത ശക്തമായ തെളിവുകൾ ആവശ്യപ്പെടുന്നതിനാൽ ‘ആഹാദുകളായ’ ചില ഹദീസുകൾ (ഓരോ നിവേദക പരമ്പരയിലും ഒന്നോ രണ്ടോ ആളുകൾ മാത്രം ഉദ്ധരിക്കുന്ന ഹദീസുകൾ) തെളിവായി ഉദ്ധരിക്കുന്നത് തൃപ്തികരമല്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രവാചക അനുചരന്മാരുടെ ഏകാഭിപ്രായമാണ് ഈ വിഷയത്തിൽ പരിഗണിക്കപ്പെടേണ്ടത്. നിരവധി വ്യത്യസ്തമായ വ്യാഖാനങ്ങൾക്കു പഴുതുള്ള ഒരു വിഷയത്തിൽ ബൗദ്ധികരായ അനേകം പണ്ഡിതന്മാർ ഏകാഭിപ്രായം സ്വീകരിക്കണമെങ്കിൽ അതിനു പ്രമാദമായ ഒരു കാരണമുണ്ടാകും എന്ന് അദ്ദേഹം വാദിക്കുന്നു. ഖുർആനിന്റെയും പ്രവാചക അധ്യാപനങ്ങളുടെയും പാഠങ്ങളാണ് അവരെ ഏകോപിപ്പിച്ചുനിർത്തുന്നത്. പ്രാവാചകനു ശേഷം ഖലീഫയെ തെരഞ്ഞെടുക്കാൻ ‘സഖീഫത്തു ബനീ സാഇദയിൽ’ ഒരുമിച്ചുകൂടിയ അൻസാറുകൾ ആദ്യം നിശ്ചിത തീരുമാനങ്ങളോട് വിസമ്മതിച്ചെങ്കിലും, പിന്നീട് ഉമറിന്റെയും അബൂബക്കറിന്റെയും (റ) നേതൃത്വത്തിൽ നടന്ന ദീർഘമായ പര്യാലോചനകൾക്കൊടുവിൽ എല്ലാവരും ഏകോപിതരാവുകയായിരുന്നു. ഇതിന് കാരണമായി വർത്തിച്ചത് നിസ്സംശയമായ ഇസ്‌ലാമിക ബാധ്യതകളായിരുന്നു.

അസ്ഥിരതകളുടെയും അടിയന്തര സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ അധികാരം പിടിച്ചടക്കുന്ന ഭരണാധികാരിയെ അംഗീകരിക്കുന്ന മുൻകാല പ്രവണത പോസ്റ്റ്‌-മംഗോൾ കാലഘട്ടത്തിൽ, സമുദായത്തെ സംരക്ഷിച്ചുനിർത്താൻ ശേഷിയുള്ള അധികാരം പിടിച്ചെടുക്കുന്ന ശക്തനായ ഏതൊരു ഭരണാധികാരിയെയും സാധൂകരിക്കുന്നതിലേക്ക് നയിച്ചു. ഇബ്നു ഖൽദൂനും ഇബ്നു തൈമിയ്യയുമടക്കമുള്ള അക്കാലത്തെ പ്രശസ്തരായ ഇസ്‌ലാമിക പണ്ഡിതന്മാർ ‘രാഷ്ട്രീയ തത്വചിന്തക്ക്’ പുതിയ തുറസ്സുകൾ സമ്മാനിച്ചു. ഇബ്നു ഖൽദൂൻ രാഷ്ട്രീയ അധികാരത്തിന്റെ (political power) സാമൂഹ്യവും ഭൗതികവും മനഃശാസ്ത്രപരവുമായ അടിസ്ഥാനങ്ങളെ അപഗ്രഥിക്കുകയും, രാഷ്ട്രീയത്തെയും ചരിത്രത്തെയും കുറിച്ച സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. ആധുനിക ചിന്തയിൽ ഇവ പ്രത്യക്ഷപ്പെടുന്നതിന് വളരെക്കാലം മുമ്പാണിതെന്ന് ഓർക്കണം. ഇബ്നു തൈമിയ്യ ഖിലാഫത്തിനെ ഒരു ബാധ്യതയായി മനസ്സിലാക്കിക്കൊണ്ടുതന്നെ, പോസ്റ്റ്‌-മംഗോൾ ഖിലാഫത്തിന്റെ അപര്യാപ്തതകളെ തുറന്നുകാട്ടി. സമുദായത്തിന്റെ അന്തസ്സ് തിരിച്ചുപിടിക്കാനും, ശരീഅത്ത് അനുസൃത ഭരണം ഖലീഫയുടെ മുഖ്യ യോഗ്യതയായി പരിഗണിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മംഗോളുകൾ ബാഗ്ദാദ് തകർക്കുന്നതിന് മുൻപ്, ശരീഅത്തിനെ ആവിഷ്കരിക്കാനും വികസിപ്പിക്കാനും സാധിക്കുന്ന ഒരു ലോകം ഖിലാഫത്ത് വികസിപ്പിച്ചിരുന്നതായി കണ്ടിരുന്നു. ഖിലാഫത്ത് ശരീഅത്തിനെക്കാൾ വലുതായിരുന്നു എന്ന ഈ വസ്തുത പ്രമാണാധിഷ്ഠിതമായ ന്യായീകരണത്തേക്കാൾ പ്രവാചകന്റെ പിന്തുടർച്ചയാണ് ഖിലാഫത്ത് എന്ന വാദത്തെ ബലപ്പെടുത്തുന്നതാണ്. ഇമാം ഗസ്സാലിയും മാവർദിയുമടക്കമുള്ള ഉലമാക്കൾ ഖിലാഫത്തിന് ഭീഷണി നേരിട്ടപ്പോൾ മാത്രമാണ് ഖിലാഫത്തിന് തെളിവു സമർപ്പിച്ചത്. ഇന്ന്, പോസ്റ്റ്‌-മംഗോൾ കാലഘട്ടത്തിൽ, ശരിയായ ഖിലാഫത്ത് സ്ഥാപിക്കപ്പെടുന്നതുവരെ ഇസ്‌ലാമിക ഗവൺമെന്റുകൾ രൂപീകരിക്കാൻ പ്രേരണ നൽകികൊണ്ടിരിക്കുന്നത് ശരീഅത്താണ്. ഇത്തരമൊരു ‘ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ’ പ്രാഥമിക വാദങ്ങൾ മാത്രമാണ് ഇമാം ഇബ്നു തൈമിയ്യ സമർപ്പിച്ചത്. പിന്നീട് വിവിധ ധാരകളിൽ പെട്ട പണ്ഡിതന്മാർ, പ്രത്യേകിച്ച് ഓട്ടോമൻ രാഷ്ട്രീയ ചിന്തകന്മാർ, ‘ശരീഅ രാഷ്ട്രീയത്തിന്റെ’ ഈ സ്വാഭാവിക വികാസത്തെ തിരിച്ചറിഞ്ഞു.

വിവിധ ചിന്താധാരകളിൽ പെട്ട പണ്ഡിതന്മാർ മുന്നോട്ടുവെച്ച വാദങ്ങളുടെയും അതിനു സമർപ്പിച്ച തെളിവുകളുടെയും ന്യായങ്ങളുടെയും മാതൃകകളെ തുടർന്നു നമുക്ക് പരിശോധിക്കാം. സാഹിരി പണ്ഡിതനായിരുന്ന ഇബ്നു ഹസം എഴുതുന്നു: “അഹ്‌ലുസുന്നയും ശിയാക്കളും ഖവാരിജുകളും മുർജിഅകളും ഇമാമിനെ (ഖലീഫയെ) നിയമിക്കുക എന്ന ബാധ്യതയെ ഏകഖണ്ഡേന അംഗീകരിച്ചിട്ടുണ്ട്. ഭൂമിയിൽ ദൈവത്തിന്റെ ഹിതം നടപ്പാക്കുകയും, പ്രവാചകന്റെ തുടർച്ചയിൽ നിയമവ്യവഹാരങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഇമാമിനെ അനുസരിക്കാൻ ഉമ്മത്തിന് ബാധ്യതയുണ്ടെന്നും അവർ പറയുന്നു. ഖവാരിജുകളിൽ പെട്ട ‘നജ്ദാത്തുകൾ’ മാത്രമാണ് ഇതിന് അപവാദം. ഇമാമിനോട് ജനങ്ങൾക്ക് യാതൊരു ബാധ്യതയുമില്ലെന്നും, ഓരോരുത്തരും തങ്ങളുടെ ബാധ്യതകൾ സ്വയം പൂർത്തീകരിക്കണം എന്നുമാണ് അവരുടെ അഭിപ്രായം”[1].

ഹിജ്‌റ 60-70കളിൽ ഭിന്നത രൂക്ഷമാവുകയും രണ്ടാം ആഭ്യന്തര യുദ്ധമുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ, ഖവാരിജുകളും മുഅ്തസിലികളിൽ പെട്ട ചിലരും ഖലീഫയെ നിരാകരിക്കുന്നതിലേക്കു വരെ എത്തിപ്പെട്ടതിനെ ഇബ്നു ഹസം പ്രതിപാദിക്കുന്നുണ്ട്. അതേസമയം, ഹദീസിന്റെ പ്രാമാണികത, കാര്യകാരണങ്ങൾ (യുക്തി) അന്വേഷിക്കുന്നതിന്റെ സാധുത്വം, ‘ഖിലാഫത്തു റാഷിദയുടെ‘ ഔന്നിത്യം, മുസ്‌ലിം ജീവിതത്തിന്റെ പരിപാവനത്വം തുടങ്ങിയ മൗലിക വിഷയങ്ങളെയൊന്നും അവർ നിരാകരിച്ചിരുന്നില്ല. അവരിൽ പെട്ട ഒരു സ്വതന്ത്ര ചിന്തകൻ അഭിപ്രായപ്പെട്ടത് ‘എല്ലാവരും ദൈവിക നിയമമനുസരിച്ച് ജീവിക്കുകയാണെങ്കിൽ പിന്നെ ഗവണ്മെന്റിന്റെ ആവശ്യം ഉണ്ടാവുന്നില്ല’ എന്നാണ്. അദ്ദേഹം ഒരു മതേതര ഭരണകൂടത്തെ ബദലായി സമർപ്പിക്കുകയല്ല ചെയ്തത്, മറിച്ച് രാഷ്ട്രീയ വ്യവസ്ഥിതിയെ തന്നെ നിരാകരിക്കുകയാണ് ചെയ്തത് എന്നത് ശ്രദ്ധേയമാണ്. മറ്റൊരാൾ അവകാശപ്പെട്ടത് ആഭ്യന്തര യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇമാം ഇല്ലാതെ ജീവിക്കുക സാധ്യമാണ്, അല്ലാത്ത എല്ലാ സാഹചര്യത്തിലും ഇമാമിനെ അനുസരിക്കൽ നിർബന്ധമാണ് എന്നാണ്. ചുരുക്കത്തിൽ, ഭൂരിഭാഗം ധാരകളും ഖലീഫയുടെ (ഖിലാഫത്തിന്റെ) ആവശ്യകതയെ സംശയരഹിതമായി അംഗീകരിക്കുകയും മൗലിക ബാധ്യതയായി പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.

ഹനഫി-മാതുരീദി ദൈവശാസ്ത്ര ധാരയിൽ പെട്ട അബുൽ ഹഫ്സ്‌ അന്നസഫി എഴുതുന്നു: “ഭരണം കയ്യാളാനും, ഹദ്ദുകൾ (മതവിധികൾ) നടപ്പാക്കാനും, അതിർത്തി സംരക്ഷിക്കാനുമായി ഒരു ഇമാമിനെ തെരഞ്ഞെടുക്കുക എന്നത് മുസ്‌ലിംകളുടെ മേൽ ബാധ്യതയാകുന്നു…” ഇതിനെ വിവരിച്ചുകൊണ്ട് അശ്അരീ ബഹുമുഖ പണ്ഡിതനാമായ ഇമാം സഅ്ദുദ്ധീൻ അത്തഫ്തസാനി എഴുതുന്നു: “ഇമാമിനെ നിയോഗിക്കൽ മതപരമായ ബാധ്യതയാണ് എന്നതിൽ ഏകാഭിപ്രായമുണ്ടായിരുന്നു. അഭിപ്രായഭിന്നതയുണ്ടായിരുന്നത് അത് ദൈവികബാധ്യതയാണോ, മാനവികബാധ്യതയാണോ എന്ന വിഷയത്തിലായിരുന്നു. അഥവാ, അത് ബാധ്യതയാകുന്നത് ദൈവിക വെളിപാടുകൾ മുഖേനയോ, അതോ യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലോ എന്നതായിരുന്നു ചോദ്യം. ‘ദൈവിക വചനങ്ങളുടെ’ അടിസ്ഥാനത്തിൽ എന്നതാണ് നമ്മുടെ (അഹ്‌ലുസ്സുന്ന) അഭിപ്രായം. ‘തന്റെ ഇമാമിനെ അറിയാതെ മരിച്ചുപോകുന്നവൻ ജാഹിലിയ്യത്തിലായിരിക്കും’ എന്നു പ്രവാചകൻ പറയുന്നുണ്ടല്ലോ. അതുകൊണ്ടാണ് പ്രവാചകനെ മറമാടുന്നതിനു മുന്നേ ഇമാമിനെ നിശ്ചയിക്കുന്നതിൽ സ്വഹാബികൾ പ്രത്യേക താൽപര്യമെടുത്തത്. അതുകൊണ്ടു തന്നെ ഒരു ഇമാമിന്റെ മരണത്തിനു ശേഷം അടുത്ത ഇമാമിനെ തെരഞ്ഞെടുക്കുക എന്നത് ശറഈ ബാധ്യതയാകുന്നു”[2].

അദ്ദേഹത്തിന്റെ കാലത്ത്, ഇസ്‌ലാമിന്റെ മധ്യ ഭൂമികകളായ സിറിയയും ഈജിപ്തും മംലൂക്കുകളുടെ കീഴിലും, കിഴക്ക് പേർഷ്യയും ട്രാൻസോക്‌സാനിയൻ പ്രദേശങ്ങളും തിമൂർലാങ്കുകളുടെ കീഴിലുമായിരുന്നു. ഈ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് എല്ലാ പ്രദേശത്തേക്കും ഒരൊറ്റ ഇമാം വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം (ഇമാം തഫ്തസാനി) എഴുതുന്നു: “ഒരൊറ്റ ഇമാമിനെ, അഥവാ ഒരു പൊതുനേതൃത്വത്തെ (രിയാസാ അൽ-ആമ്മ) തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെന്താണ് എന്നു ചോദിക്കപ്പെട്ടാൽ, പൊതുനേതൃത്വമില്ല എങ്കിൽ ഇന്ന് നമ്മൾ കാണുന്നതുപോലെ ഛിദ്രതയിലേക്കും പരസ്പര വൈരത്തിലേക്കും, മത-ലൗകിക വിഷയങ്ങളിലെ പിടിപ്പുകേടുകളിലേക്കും നമ്മെ കൊണ്ടെത്തിക്കും എന്നതാണു നമ്മുടെ മറുപടി”.

അക്കാലത്തെ തുർക്കികളുടെ (തിമൂർലങ്കുകളെ ആവും ഉദ്ദേശിച്ചിട്ടുണ്ടാവുക) ഭരണത്തിലെ അപര്യാപ്തതകൾ ഒരൊറ്റ ഇമാമിന്റെ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കൂടാതെ ഏറ്റവും പ്രധാനപ്പെട്ടതും കേന്ദ്രസ്‌തംഭവുമായ മതവ്യവഹാരങ്ങളുടെ ശരിയായ കൈകാര്യകർതൃത്വത്തിന് ഒരൊറ്റ ഇമാം കൂടിയേ തീരൂ എന്നും അദ്ദേഹം പറയുന്നു.

ഇതേസമയത്തു തന്നെ ഇസ്‌ലാമിക ലോകത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തു നിന്ന് പ്രശസ്ത ചരിത്രകാരനും മാലിക്കീ പണ്ഡിതനുമായ ഇബ്നു ഖൽദൂൻ ഈ വിഷയത്തെ കുറിച്ച് എഴുതുന്നു: “ഖലീഫയെ നിയമിക്കൽ നിർബന്ധ ബാധ്യതയാകുന്നു. ദൈവിക വെളിപാടുകളും പ്രവാചക അനുചരന്മാരുടെ ഏകാഭിപ്രായവും ഇതിനു തെളിവാണ്. നബിയുടെ (സ) മരണത്തിനെത്തുടർന്ന് സ്വഹാബികൾ ഖലീഫയെ തെരഞ്ഞെടുക്കാനും ഭരണനേതൃത്വം അദ്ദേഹത്തെ ഏൽപ്പിക്കാനും തിടുക്കം കൂട്ടിയത് അതുകൊണ്ടാണ്. അതിനുശേഷം, ഓരോ തലമുറയിലും ഇമാമിനെ തെരഞ്ഞെടുക്കുക എന്നത് സർവാംഗീകൃതമായ ബാധ്യതയായി തുടർന്നുപോന്നു”[3].

ഖലീഫയെ നിയമിക്കുക എന്ന ബാധ്യത ദൈവിക വചനങ്ങൾ വഴി സ്ഥാപിക്കപ്പെട്ടതാണെന്നും, അതിനാൽ തന്നെ യുക്തിയുടെ ന്യായവാദങ്ങളുപയോഗിച്ചുകൊണ്ട് അതിനെ നിരാകരിക്കാൻ സാധിക്കില്ലെന്നും ഇബ്നു ഖൽദൂൻ തുടർന്നു വിവരിക്കുന്നു.

ഇബ്നു ഖൽദൂൻ ഖിലാഫത്ത് എന്ന ആശയത്തെ മുറുകെപിടിച്ചിരുന്നു. ഖിലാഫത്തിന്റെ ചരിത്രം വിവരിച്ചുകൊണ്ടും അതിനെ പ്രഘോഷണം ചെയ്തുകൊണ്ടുമാണ് അദ്ദേഹത്തിന്റെ സുപ്രധാനകൃതി (മുഖദ്ദിമ) രചിക്കപ്പെട്ടിട്ടുള്ളത്. ഖിലാഫത്ത് ഇബ്നു ഖൽദൂനിന്റെ കൃതികളിൽ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നുണ്ടെന്ന് ഇസ്‌ലാമിക നാഗരികതയെ കുറിച്ചു പഠനം നടത്തുന്ന പാശ്ചാത്യ പണ്ഡിതൻ ഹാമിൽട്ടൺ ഗിബ്ബ് നിരീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമിക ഭരണകൂടത്തിന്റെ ശോഷണത്തിന്റെ കാരണങ്ങൾ പ്രതിപാദിക്കുന്നതിനു മുൻപ്, ഖിലാഫത്തിനെ മഹത്വവൽക്കരിക്കുന്ന ശൈലിയിലാണ് മുഖദ്ദിമയിലെ അധ്യായങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് എന്ന നിരീക്ഷണമാവാം ഈ അഭിപ്രായത്തിന്റെ അടിസ്ഥാനം. ഇമാം ഇബ്നു തൈമിയ്യ അടക്കമുള്ള മുഅ്തസില, ശിയാ, അഹ്‌ലുസ്സുന്ന ധാരകളിൽ പെട്ട മറ്റു പണ്ഡിതന്മാർ, മറ്റെല്ലാ ബാധ്യതകളെയും പോലെ, ഖിലാഫത്തും വെളിപാടിന്റെയും പിന്നെ യുക്തിയുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുന്നതാണ് എന്ന പക്ഷക്കാരാണ്.

ഒരു ഗവണ്മെന്റ് നിലനിൽക്കേണ്ടതിന്റെ അനേകം യുക്തികളും കാര്യകാരണങ്ങളും പണ്ഡിതന്മാർ സമർപ്പിച്ചിട്ടുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം, ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾ തന്നെയാണ് അതു ബാധ്യതയാകുന്നതിന്റെ കാരണം. മറ്റുചിലർക്കാവട്ടെ, അവ (ഗവണ്മെന്റ് പ്രവർത്തനങ്ങൾ) ഗവണ്മെന്റ് നിലനിൽക്കുന്നതിന്റെ ഫലങ്ങളാണ്, ബാധ്യത സ്വതന്ത്രമായി തന്നെ നിലനിൽക്കുന്നു. ഇമാം മാവർദിയെയും ഗസ്സാലിയെയും പോലെ, ഇസ്‌ലാമിക ജീവിതം സാധുവാകാനുള്ള ഉപാധിയായ ഖിലാഫത്ത്, ഒരു പരിപൂർണ മതബാധ്യതയാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാർ, മതിയായ അധികാരമില്ലെങ്കിലും (ഷൗക്ക, മുന്ന) ഒരു ഖലീഫയെ നിശ്ചയിക്കേണ്ടത് നിർബന്ധമാണെന്നു കൂടി സൂചിപ്പിക്കുന്നു. ഇമാം ജുവൈനിയും, ഇബ്നു തൈമിയ്യയുമടക്കമുള്ള മറ്റു പണ്ഡിതന്മാരാക്കട്ടെ, ഹദ്ദുകൾ നടപ്പാക്കാനും, നിയമ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യാനും, സമുദായത്തെ സംരക്ഷിക്കാനും മതിയായ അധികാരമുണ്ടാവുക എന്നത് ഖലീഫയുടെ പ്രാഥമിക യോഗ്യതകളായി മനസ്സിലാക്കുകയും ചെയ്യുന്നു.

ഇന്നോളം ഈ യുക്തിയെ (ഖിലാഫത്ത് സ്ഥാപിക്കൽ നിർബന്ധം എന്ന യുക്തി) വിശ്വാസപൂർവം പുനരുജ്ജീവിപ്പിക്കാനാണ് ഉലമാക്കൾ ശ്രമിച്ചിട്ടുള്ളത്. ദമസ്കസിൽ പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഹനഫീ പണ്ഡിതൻ എഴുതുന്നു: “പൊതു നേതൃത്വത്തിനാണ് (ഖിലാഫ) നിർവഹണാധികാരമുള്ളത്. ദൈവശാസ്ത്രത്തിൽ നിന്ന് അതിനെ കണ്ടെത്തലും സ്ഥാപിക്കലും പ്രധാനപ്പെട്ട ബാധ്യതയാകുന്നു. അതുകൊണ്ടാണ് പ്രവാചകനെ മറമാടുന്നതിനു മുൻപ് ഖലീഫയെ തെരഞ്ഞെടുക്കുന്നതിന് സ്വഹാബിമാർ പ്രാധാന്യം നൽകിയത്”[4].

എന്തുകൊണ്ടാണ് ഇസ്‌ലാമിൽ ഖിലാഫത്ത് ഇത്രകണ്ട് പ്രസക്തമാവുന്നത്? കാരണം, ക്രിസ്തു മതത്തിന് ‘ത്രിയേകത്വ’മെന്ന പോലെ, ഇസ്‌ലാമിന്റെ നിർണയപരമായ ചോദ്യമാണ് ഖിലാഫത്ത്. ഇസ്‌ലാമിക സമുദായത്തിന്റെ ശരിയായ നേതൃത്വത്തെ സിദ്ധാന്തിക്കുക എന്നത് വിശ്വാസത്തെ നിർണയിക്കുന്നതിൽ പ്രധാനമാണ്.

മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ ഐക്യം നിലനിർത്താനുള്ള വ്യഗ്രതയാണ് അബൂബക്കറിന്റെ (റ) തിരഞ്ഞെടുപ്പിൽ നാം കണ്ടത്. മദീന ഭരണാധികാരത്തിൽ നിന്നും വിഘടിച്ചുപോയവരോട് യുദ്ധം ചെയ്യാൻ സ്വഹാബികൾ ഐക്യഖണ്ഡേന തയ്യാറായതും ഇതുകൊണ്ടു തന്നെ. ഇസ്‌ലാമിക സമൂഹത്തെ ഉപേക്ഷിക്കുകയും അവർക്കിടയിൽ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരോട് യുദ്ധം പ്രഖ്യാപിക്കുക എന്ന പ്രവാചകചര്യയെ പിന്തുടരുകയാണ് ഈ തീരുമാനം വഴി സ്വഹാബികൾ ചെയ്തത്. കാലാകാലങ്ങളിൽ ഇതു തുടർന്നുപോരുകയും ചെയ്തു. അലി (റ) മുആവിയ (റ) നോട്‌ ‘സ്വിഫ്ഫീനിൽ’ വെച്ച് ഏറ്റുമുട്ടിയതും ഇതിന്റെ ആവർത്തനം തന്നെയാണ്. സമുദായത്തിൽ പിളർപ്പുണ്ടാകുകയും, ഇരുചേരികളായി തിരിഞ്ഞ് രക്തച്ചൊരിച്ചിൽ നടത്തുക എന്നതും അലിയുടെ (റ) നയമായിരുന്നില്ല. സമാനമായി, സിറിയയിൽ അബ്‌ദുല്ലാഹിബ്നു സുബൈർ ഉമവികൾക്കെതിരെ തിരിഞ്ഞപ്പോൾ, ഇബ്നു ഉമർ അടക്കമുള്ള പ്രമുഖ സ്വഹാബികൾ അദ്ദേഹത്തെ പിന്തുണക്കാതിരുന്നത് ‘ഛിദ്രത’ ഭയന്നായിരുന്നു.

ഖലീഫയുടെ ആവശ്യകതയെ കുറിച്ച മികച്ച ആഖ്യാനം അലി (റ) വിന്റെ ഒരു പ്രസ്താവനയിൽ പാരമ്പര്യ സുന്നി ഉലമാക്കൾ കണ്ടെടുക്കുന്നുണ്ട്. സിറിയയിലെ വിമതന്മാരുമായുള്ള യുദ്ധത്തിൽ അവരുമായി മദ്ധ്യസ്ഥ ചർച്ച സ്വീകരിക്കാൻ തയ്യാറായതിനെ അലിയുടെ സേനയിലെ ചില തീവ്രാശയക്കാർ ചോദ്യം ചെയ്തപ്പോൾ, ഉമ്മത്തിന്റെ കാര്യങ്ങൾ നിർവഹിക്കാൻ ഒരു നേതാവ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ ഊന്നിക്കൊണ്ട് അലി അവരോട് ഇപ്രകാരം പ്രതിവചിക്കുന്നുണ്ട്: “ദൈവഭക്തിയുള്ളവനോ അല്ലാത്തവനോ ആകട്ടെ, ജനങ്ങൾക്ക് നേതൃത്വം അനിവാര്യമാണ്”. അപ്പോൾ അവർ സംശയം പ്രകടിപ്പിച്ചു, ഭക്തന്റെ കാര്യം ശരിയാണ്, പക്ഷേ ഭൈവഭയമില്ലാത്തവന്റെ കാര്യമോ? അലി (റ) മറുപടി പറഞ്ഞു, “അല്ലാഹുവിന്റെ നിയമങ്ങൾ നടപ്പാവുകയും, പൊതുയിടങ്ങൾ സുരക്ഷിതമാവുകയും, ശത്രുക്കൾക്കെതിരിൽ ജിഹാദ് നടക്കുകയും, യുദ്ധമുതൽ വീതം വെക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭരണവും സാധുവാണ്”.

ഭരണകൂടം ഉണ്ടാകേണ്ടത് യുക്തിപരമായ അനിവാര്യതയാണെന്നിരിക്കെ, ഖിലാഫത്ത് എന്നത് ഭരണകൂടത്തിന്റെ ഇസ്‌ലാമിക മാതൃകയാണെന്നു മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണമായി വിവാഹത്തിന്റെ കാര്യമെടുക്കാം. സഹവാസവും പ്രജനനവും അടിസ്ഥാനപരമായ ലക്ഷ്യങ്ങളാക്കിക്കൊണ്ട് സ്ത്രീയും പുരുഷനും ഒരുമിക്കുന്ന വിവാഹമെന്ന സ്ഥാപനത്തെ എല്ലാ മനുഷ്യ സംസ്കാരങ്ങളും അംഗീകരിക്കുന്നുണ്ട്. എന്നാൽ അവയോരോന്നും വിവാഹത്തിന്റെ വ്യവസ്ഥകളിലും ആചാരങ്ങളിലും സംബോധനകളിലും പരസ്പരം വ്യത്യസ്തപ്പെടുന്നുണ്ടെന്നു മാത്രം. അടിസ്ഥാനപരമായ ലക്ഷ്യങ്ങൾ പരിഗണിക്കുമ്പോൾ ഇസ്‌ലാമിക വിവാഹങ്ങൾ മറ്റു സംസ്കാരങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. എന്നാൽ ഇസ്‌ലാം വിവാഹദിനം പ്രത്യേകമായ ചില ആചാരങ്ങളും നിയമവ്യവസ്ഥകളും നിർണയിക്കുകയും, മറ്റു സംസ്കാരങ്ങളിലെ ചില ആചാരങ്ങളെയും വ്യവസ്ഥകളെയും നിരാകരിക്കുകയും ചെയ്യുന്നു. സമാനമാണ് ഖിലാഫത്തിന്റെ കാര്യവും.

ഇബ്നു തൈമിയ്യ ‘അസ്സിയാസ അശ്ശർഇയ്യയിൽ‘ എഴുതുന്നു: “അധികാര നിർവഹണത്തിന് നേതൃത്വത്തെ സ്ഥാപിക്കുക എന്നത് ഇസ്‌ലാമിലെ പ്രധാനപ്പെട്ട ബാധ്യതയാണെന്നു മനസ്സിലാക്കേണ്ടതുണ്ട്. അതുകൂടാതെ ഇസ്‌ലാം പൂർണമായി സ്ഥാപിക്കുക സാധ്യമല്ല. ആദം മക്കളുടെ ആവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതിനും അവരുടെ സുരക്ഷക്കും വേണ്ടിയാണ് ഇതു നിർബന്ധമാക്കപ്പെട്ടിരിക്കുന്നത്. ജിഹാദ്, നീതിസ്ഥാപനം, ഹജ്ജ്, ജുമുഅ, ഈദ്, ഹദ്ദുകളുടെ (ദൈവിക നിയമങ്ങൾ) സ്ഥാപനം എന്നിവയുടെ ശരിയായ നിർവഹണങ്ങൾക്ക് അധികാരവും ഭരണകൂടവും കൂടിയേ തീരൂ”.

ഇസ്‌ലാമിക ഭരണകൂടത്തെ മറ്റു ഭരണകൂടങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത് അതിന്റെ അടിസ്ഥാന തത്വങ്ങളാണ് എന്നു പറയാം. അഥവാ, അതിന്റെ ഉറവിടം, പരിധികൾ, വിധിവിലക്കുകൾ, നിർവഹണ രൂപങ്ങൾ എന്നിവ.

ഖിലാഫത്തിനെ സംബന്ധിച്ച നിർണിതവും പ്രാമാണികവുമായ ആദ്യ ഗ്രന്ഥം രചിച്ചത് ഹനഫി പണ്ഡിതനും, ബാഗ്ദാദിലെ ചീഫ് ജഡ്ജിയുമായ ഇമാം മാവർദിയാണ്. പ്രവാചകന്റെ പിൻഗാമിയായി ഭരണമേറ്റെടുക്കുകയും, ദീനിനെ സംരക്ഷിക്കുകയും അതിനനുസൃതമായി മറ്റു രാഷ്ട്രീയ/ഭരണ വ്യവഹാരങ്ങൾ കയ്യാളുകളെയും ചെയ്യുന്ന വ്യക്തിയാണ് ഖലീഫ എന്നു തുടങ്ങുന്ന സാമാന്യ വിവരണം ആ ഗ്രന്ഥത്തിൽ കാണാം.

ഖലീഫക്കു നൽകപ്പെട്ടിട്ടുള്ള എല്ലാ നിർവ്വചനങ്ങളിലും താഴെ പറയുന്ന ഘടകങ്ങൾ ഉള്ളടങ്ങിയിട്ടുള്ളതായി കാണാം:

1- രാഷ്ട്രീയമായി പ്രവാചകന്റെ സ്ഥാനം കയ്യാളുന്നയാൾ, എന്നാൽ അയാൾ പ്രവാചകനല്ല. മുഴുവൻ മുസ്‌ലിംകളുടെയും നേതൃത്വം അദ്ദേഹത്തിൽ അർപ്പിതമായിരിക്കും.

2- മത-സാമൂഹിക വ്യവഹാരങ്ങളെ ഭരിക്കുന്നത് ഖലീഫയായിരിക്കും. ദീനിനെ സംരക്ഷിക്കൽ, അതിർത്തി സംരക്ഷണം, നിയമം നടപ്പാക്കൽ, വിഭവങ്ങളുടെ വിതരണം എന്നിവയെല്ലാം ഇതിന്റെ ഉദ്ദേശ്യങ്ങളിൽ പെടുന്നു.

ചുരുക്കത്തിൽ, നിർണിതമായ മുസ്‌ലിം ഭൂപ്രദേശം ഭരിക്കാൻ ചുമതലപ്പെട്ട വ്യക്തിയാണ് ഖലീഫയെങ്കിലും, അദ്ദേഹം ഏതെങ്കിലും പ്രത്യേക ഭൂപ്രദേശത്തിന്റെയോ, രാഷ്ട്രത്തിന്റെയോ, മുസ്‌ലിംകളിൽ പെട്ട പ്രത്യേക വിഭാഗങ്ങളുടെയോ മാത്രം നേതൃത്വമല്ല, പ്രത്യുത മുഴുവൻ മുസ്‌ലിംകളുടെയും നേതൃത്വമാണ്. 

ഖിലാഫത്ത് രാജാധിപത്യമല്ല

മുസ്‌ലിംകൾ ആദ്യകാലങ്ങളിൽ തന്നെ സാധാരണ ഭരണകൂടത്തിൽ (മുൽക്ക്) നിന്ന്, ഇസ്‌ലാമിക ഭരണകൂടത്തെ (ഖിലാഫത്ത്) വ്യതിരിക്തവും സവിശേഷവുമായി മനസ്സിലാക്കിയിരുന്നു. ‘മുൽക്’ എന്ന പദം രണ്ടർഥത്തിൽ ഉപയോഗിക്കപ്പെടാറുണ്ട്. സാമാന്യാർഥത്തിൽ രാഷ്ട്രീയ അധികാരത്തെ സൂചിപ്പിക്കാൻ മുൽക്ക് എന്ന പദത്തെ പ്രയോഗിക്കുമ്പോൾ, സവിശേഷാർഥത്തിൽ ഇസ്‌ലാമിക ഖിലാഫത്തിനെയും അപ്രകാരം വിശേഷിപ്പിക്കാറുണ്ട്. തന്നിഷ്ട്ട പ്രകാരം ഭരിക്കുകയും, സാമ്പത്തിക-വിഭവശേഷിയെ സ്വതാൽപര്യാർഥം കൈകാര്യം ചെയ്യുകയും ചെയ്യുന്ന രാജാധിപത്യ ഭരണകൂടത്തെ വിശേഷിപ്പിക്കാനും ‘മുൽക്ക്’ എന്ന പദം ഉപയോഗിക്കാറുണ്ട്. മുൻപു സൂചിപ്പിച്ചതുപോലെ, മുസ്‌ലിംകൾ തങ്ങളുടെ നേതാവിനെ ‘മാലിക്ക്’ (രാജാവ്) എന്ന് അഭിസംബോധന ചെയ്തിരുന്നില്ല. ആ പ്രയോഗത്തിലടങ്ങിയിട്ടുള്ള ആഢ്യത്വ മനോഭാവത്തെയും അസമത്വത്തെയും സ്വഹാബികൾ ഇഷ്ടപ്പെട്ടിരുന്നില്ല.

ഖിലാഫത്തിന്റെ മധ്യകാലഘട്ടത്തിലും ഈ വ്യത്യാസം കൃത്യമായി മനസ്സിലാക്കപ്പെട്ടിരുന്നു. ഖിലാഫത്ത് രാജാധിപത്യത്തിലേക്ക് വഴുതിപ്പോയ കാലഘട്ടത്തിൽ, ദൈവബോധരാഹിത്യവും കാർക്കശ്യവും മുഖമുദ്രയാക്കിയ രാജാക്കന്മാരെ കുറിച്ചു ചോദിച്ചപ്പോൾ, മാലിക്കി പണ്ഡിതനായ അൽ-മഖാരി അൽ-തിലിംസാനി പറഞ്ഞു: “രാജാധിപത്യം നമ്മുടെ ശരീഅത്ത് അംഗീകരിച്ചിട്ടില്ല എന്നതാണ് പ്രാഥമികമായ വസ്തുത. നമുക്കു മുൻപ്, ഇസ്രായേലികളുടെ നിയമത്തിൽ അതുണ്ടായിരുന്നു. ഖിലാഫത്തല്ലാതെ മറ്റൊരു ഭരണക്രമവും നമുക്കു നിയമമാക്കപ്പെട്ടിട്ടില്ല”.

തുടർന്ന്, അൽ-മഖാരി ഖിലാഫത്തും രാജാധിപത്യവും തമ്മിലെ വ്യത്യാസങ്ങളെ കുറിച്ച് ചർച്ചചെയ്യുന്നുണ്ട്. പ്രാഥമികമായി, രാജാധിപത്യത്തിൽ പിതാവിന്റെ കാലശേഷം മകനിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോൾ, ഖിലാഫത്തിൽ ഖലീഫയെ തെരഞ്ഞെടുക്കുന്നതിൽ ഉമ്മത്തിന്റെ/ജനങ്ങളുടെ താൽപര്യമാണ് കേന്ദ്രസ്ഥാനത്തുള്ളത്.

ഇബ്നു തൈമിയ്യ കുറച്ചുകൂടി വ്യക്തമായി ഇതിനെ അവതരിപ്പിക്കുന്നുണ്ട്. മുഴുവൻ മുസ്‌ലിംകൾക്കുമായി ഒരു രാജാവുണ്ടെങ്കിലും, രാജാധിപത്യം മുഖേന മുസ്‌ലിംകളുടെ ബാധ്യത പൂർത്തിയാവുകയില്ല. പ്രവാചകന്റെയും സച്ചരിതരായ ഖലീഫമാരുടെയും പാത പിന്തുടർന്നുകൊണ്ട് സ്വേച്ഛപ്രകാരമല്ലാതെ, വിശ്വാസപൂർവം അധികാരം കൈകാര്യം ചെയ്യുന്ന ഖലീഫയെ സ്ഥാപിക്കുക എന്നതാണ് മുസ്‌ലിംകളുടെ ബാധ്യത.

ഇമാം ഇബ്നു തൈമിയ്യ എഴുതുന്നു, “രാജാധിപത്യം (മുൽക്ക്) നിയമവിധേയമാണോ എന്ന ചോദ്യം നമുക്കു മുന്നിലുണ്ട്. ഖിലാഫത്ത് സ്ഥാപിക്കാൻ സാധിക്കാതെ വരുമ്പോൾ മാത്രമാണോ രാജാധിപത്യത്തെ നീതീകരിക്കേണ്ടത് എന്ന ചോദ്യവുമുണ്ട്. നമ്മുടെ വീക്ഷണത്തിൽ രാജാധിപത്യം നിയമാനുസാരമല്ല. ഖിലാഫത്ത് സ്ഥാപിക്കുക എന്നതാണ് നമ്മുടെ ബാധ്യത. പ്രവാചകന്റെ ഒരു ഹദീസിൽ ഇങ്ങനെ കാണാം: ‘നിങ്ങൾ എന്റെയും സച്ചരിതരായ അനുചരന്മാരുടെയും ചര്യ പിന്തുടരുകയും മുറുകെപ്പിടിക്കുകയും ചെയ്യുക. ദീനിൽ ഒന്നും കൂട്ടിച്ചേർക്കാതിരിക്കുക, തീർച്ചയായും അതു കുറ്റകരമാകുന്നു’. പ്രവാചകന്റെയും സച്ചരിതരായ ഖലീഫമാരുടെയും ചര്യയെ അനിവാര്യമായും മുറുകെപ്പിടിക്കേണ്ടതിന്റെയും അതിൽ നിന്നു വ്യതിചലിച്ചുപോവുന്നതിനെ തടയുന്നതിന്റെയും ആശയമുൾക്കൊള്ളുന്ന പ്രവാചക കൽപനയാണിത്. ഖിലാഫത്ത് സ്ഥാപനം മുസ്‌ലിംകളുടെ ബാധ്യതയാണെന്ന് ഈ ഹദീസ് സ്ഥാപിക്കുകയും ചെയ്യുന്നു. ഖിലാഫത്തിന്റെ തത്വങ്ങൾ അംഗീകരിച്ചാൽ തന്നെ രാജാധിപത്യത്തെ പ്രവാചകൻ ഇഷ്ടപ്പെട്ടിരുന്നില്ല. ‘നിനക്ക് രാജാധിപത്യം ലഭിക്കുകയാണെങ്കിൽ ജനങ്ങളോട് സൗമ്യമായും നീതിപൂർവവും വർത്തിക്കുക’, മുആവിയയോട് (റ) പ്രവാചകൻ (സ) പറഞ്ഞ ഈ വചനം മുന്നിൽ വെച്ചുകൊണ്ട് രാജാധിപത്യത്തെ സാധൂകരിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ ഈ വാദത്തിന് പ്രബലമായ മറ്റു തെളിവുകളൊന്നുമില്ല. ഖിലാഫത്ത് സ്ഥാപിക്കുക എന്നത് മുസ്‌ലിംകൾക്കു ബാധ്യതയാകുന്നു. നിർബന്ധിതാവസ്ഥയിൽ മാത്രമാണ് മറ്റു ഭരണക്രമങ്ങളെ സ്വീകരിക്കാൻ സാധിക്കുക”[5].

(തുടരും)

കുറിപ്പ്

[1] Ibn Hazm, al-Fial fī al-milal wa-l-ahwā’ wa-l-nihal , 4:87.

[2] Al-Taftāzānī, Sharh al –ʿ Aqāʾid al Nasafiyya (Karachi: Maktabat al-Bushrā, 1430/2009), 353–54

[3] Ibn Khaldun, al-Muqaddima,

[4] ʿAlāʾ al-Dīn al-Haskafī (d. 1088/1677), al-Durr al-Mukhtār , 75.

[5] Ibn Taymiyya, Majmūʿ Fatāwā , 35:22.


വിവർത്തനം: അഫ്സൽ ഹുസൈൻ

ഒവാമിർ അഞ്ജൂം