Campus Alive

സിറാജുന്നിസ: ഓര്‍മ്മ ദേശവിരുദ്ധതയാകുമ്പോള്‍…

(എസ്.ഐ.ഒ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ലഖുലേഖ)


കേരളത്തിലുണ്ടായിട്ടുള്ള പോലീസ് വെടിവെപ്പുകളില്‍ ഏറ്റവും ക്രൂരമായതും, മൃഗീയമായ കൊലപാതകവുമായിരുന്നു സിറാജുന്നിസ സംഭവം.എന്നാല്‍ കൂത്തുപറമ്പ് രക്തസാക്ഷികളെ വര്‍ഷം തോറും അനുസ്മരിക്കുന്ന കേരളത്തിലെ ജനങ്ങളില്‍ ചെറിയൊരു വിഭാഗം പോലും സിറാജുന്നിസയുടെ പേരുപോലും ഓര്‍ക്കുന്നില്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

സിറാജുന്നിസയുടെ നാമത്തെ നിലനിര്‍ത്തിപ്പോരുന്ന ഓര്‍മ്മകളെയെല്ലാം തന്നെ ബ്രാഹ്മണിക ഭരണകൂടം നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്നു എന്നത് ഓര്‍മ്മിക്കുക എന്നത് എപ്പോഴും രാഷ്ട്രീയമാണ് എന്ന യാഥാര്‍ഥ്യത്തെ ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ഈ യാഥാര്‍ഥ്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നായിരുന്നു വര്‍ഷങ്ങള്‍ കഴിഞ്ഞ് നടന്ന ബീമാപ്പള്ളി സംഭവം. സ്‌റ്റേറ്റിന്റെ മുന്നില്‍ ഏറ്റവും അപകടകരമായ ഒന്നായാണ്  മുസ്‌ലിം ശരീരങ്ങള്‍ മനസ്സിലാക്കപ്പെടുത്തത്. അതിനാല്‍ തന്നെ അവരുടെ ഓര്‍മ്മകള്‍ പോലും പലപ്പോഴും ഭീഷണികളായി നിലനില്‍ക്കുന്നു. രമണ്‍ ശ്രീവാസ്തവയെന്ന പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട പാലക്കാട് ജില്ലയിലെ പുതുപ്പള്ളി തെരുവിലെ പതിനൊന്ന് വയസ്സുകാരി സിറാജുന്നിസയെ കേരളീയ പൊതുമനസ്സുകളില്‍ നിന്നും മായ്ച്ചുകളയുന്നതില്‍ കേരളത്തിലെ മതേതര-പൊതുമണ്ഡലത്തിനും അതിന്റെ പുരോഗമന സാമൂഹിക സ്ഥാപനങ്ങള്‍ക്കും പോലീസിനും മാധ്യമങ്ങള്‍ക്കും ഒരുപോലെ പങ്കുള്ളതായി കാണാം. മുസ്‌ലിം തെമ്മാടികളുടെ മൃതദേഹത്തിനായി ക്രൂരമായി ആക്രോശിച്ച പോലീസ് ഓഫീസറെ പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ “അര്‍ഹിച്ച അംഗീകാരം” എന്ന നിലക്ക് പോലീസിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിക്കുകയാണുണ്ടായത്. ദേശീയ തലത്തില്‍, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക്‌ വേണ്ടി മഹാന്മാരായി ചിത്രീകരിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങളുമായി ചേര്‍ത്തുവെക്കാവുന്ന ഒന്നാണിതും.

ബി.സന്ധ്യ

1991 ഡിസംബറില്‍ അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷിയുടെ ‘ഏകതാ യാത്ര’ കേരളത്തിലെത്തി. സംഘപരിവാര്‍ ഉയര്‍ത്തിവിട്ട മുസ്‌ലിം വിരുദ്ധവിഷം ജോഷിയുടെ യാത്ര എത്തുന്ന ഇടങ്ങളിലെല്ലാം സംഘര്‍ഷഭരിതമായ അന്തരീക്ഷമുണ്ടാക്കി. പാലക്കാടും സ്ഥിതി മറ്റൊന്നായിരുന്നില്ല. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പല പ്രദേശങ്ങളിലും പോലീസ് ലാത്തിച്ചാര്‍ജും വെടിവെപ്പും നടന്നു. പുതുപ്പള്ളിയിലെ സാഹചര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായിരുന്നു. പുതുപ്പള്ളി തെരുവിന്റെ ഒരുവശം ബ്രാഹ്മണ അഗ്രഹാരവും മറുവശം മുസ്‌ലിംകളുടെ കൈവശവുമായിരുന്നു.ഷൊര്‍ണൂര്‍ എ.എസ്.പി സന്ധ്യ ആ വഴി കടന്നുപോകുന്നത് വരെ തെരുവ് സമാധാനപൂര്‍ണ്ണവുമായിരുന്നു. അതുവരെ ആ പ്രദേശത്തുനിന്നും ഒരാക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. സിറാജുന്നിസയും അവളുടെ സഹോദരിയും അവരുടെ അയല്‍വാസി മുഹമ്മദിന്റെ സാന്നിധ്യത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് ആക്ഷന്‍ ആവശ്യമില്ലെന്നും എ.എസ്.പി സന്ധ്യ രമണ്‍ ശ്രീവാസ്തവയെ(അന്നത്തെ ഡി.ഐ.ജി) അറിയിച്ചതാണ്. എന്നാല്‍ ‘എനിക്ക് മുസ്‌ലിം തെമ്മാടികളുടെ മൃതദേഹങ്ങള്‍ വേണം'(I want the dead bodies of Muslim bastards) എന്ന് ആക്രോശിച്ചുകൊണ്ട് ഡി.ഐ.ജി പോലീസ് വെടിവെപ്പിന് ഉത്തരവിടുകയാണുണ്ടായത്.

വളരെ പെട്ടെന്ന് തന്നെ ഉത്തരവ് നടപ്പിലാക്കപ്പെടുകയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സിറാജുന്നിസയുടെ മരണത്തിലേക്ക് വരെ അത് എത്തിച്ചേരുകയും ചെയ്തു. സിറാജുന്നിസയുടെ മൂക്കിനടിയിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലക്കു പിന്നിലൂടെ പുറത്തേക്ക് വരികയും തല്‍സ്ഥാനത്ത് വെച്ചു തന്നെ അവള്‍ മരണപ്പെടുകയുമാണുണ്ടായത്.അതിന് ശേഷമുണ്ടായിട്ടുള്ള ഭയാനകമായ ഹിംസ പോലീസ് സംവിധാനത്തിനകത്ത് അന്തര്‍ലീനമായി കിടക്കുന്ന വലിയ തരത്തിലുള്ള മുസ്‌ലിം വിരുദ്ധതയെയും മുസ്‌ലിംകളോടുള്ള  നിസ്സംഗ മനോഭാവത്തെയും  തുറന്നുകാട്ടുന്ന ഒന്നായിരുന്നു. സിറാജുന്നിസയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച ആളുകളെയൊക്കെയും അതിന് സമ്മതിക്കാതെ അടിച്ചൊതുക്കുകയാണുണ്ടായത്.

രമണ്‍ ശ്രീവാസ്തവ

അതിന് ശേഷമുണ്ടായിട്ടുള്ള എല്ലാ സര്‍ക്കാരുകളും സിറാജുന്നിസ കേസില്‍ നീതി നടപ്പിലാക്കുന്ന കാര്യത്തില്‍ വലി തരത്തിലുള്ള നിസ്സംഗതയാണ് കാണിച്ചത്. വിശ്വസനീയരായ സാക്ഷികള്‍ അവിടെ ഉണ്ടായിരുന്നു, പ്രത്യേകിച്ചും സംഭവത്തിന് ശേഷം ശ്രീവാസ്തവയുടെ ഉത്തരവടക്കം പോലീസിന്റെ ക്രൂരമായ പ്രവൃത്തികള്‍ക്കെതിരെ പാലക്കാട് കളക്റ്ററുടെ ചേംബറില്‍ മീറ്റിംഗ് നടത്തുകയും ശ്രീവാസ്തവയും സന്ധ്യയുമടക്കം എട്ട് പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് കൊടുക്കുകയും ചെയ്ത ആള്‍, എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായ കൊളക്കാടന്‍ മൂസ ഹാജി കോടതിയെ സമീപിച്ചു, എസ്.സി അപെക്‌സ് കോടതി സ്‌റ്റേറ്റ് ഗവണ്‍മെന്റിനോട് കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടു പോലും സിറാജുന്നിസയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയും വ്യാജമായ അന്വേഷണങ്ങളിലൂടെയും പോലീസ് അതിനെ സമര്‍ഥമായി മറികടക്കുകയായിരുന്നു. അന്വേഷണ കമീഷനും(യോഹന്നാന്‍) ക്രൈംബ്രാഞ്ചും പോലീസിന്റെ അന്വേഷണങ്ങളെ പിന്താങ്ങുകയും കൊലപാതകത്തെ അപകടമാക്കിത്തീര്‍ക്കാന്‍ വ്യാജ തെളിവുകളുണ്ടാക്കുകയുമാണുണ്ടായത്. ‘ഒരു പതിനൊന്ന് വയസ്സുകാരി മുസ്‌ലിം പെണ്‍കുട്ടി പോലീസിന്റെ നിരോധനാജ്ഞക്കെതിരെ ആക്രമണസ്വഭാവമുള്ള ആള്‍ക്കൂട്ടത്തെ നയിച്ചു’ എന്ന് പറഞ്ഞുകൊണ്ടും അവള്‍ക്ക് തീവ്രവാദ-വര്‍ഗ്ഗീയവാദ പട്ടങ്ങള്‍ ചാര്‍ത്തിക്കൊടുത്തുകൊണ്ടുമാണ് അന്വേഷണം അവസാനിക്കുന്നത്.

സിറാജുന്നിസയുടെ മരണം അവളുടെ കുടുംബത്തെ മുഴുവന്‍ തകര്‍ത്തുകളഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞ് അവളുടെ മാതാവ് ഹൃദയം തകര്‍ന്ന് മരിക്കുകയും പിതാവ് അവിടം വിട്ടു പോവുകയും ചെയ്തു. ഹൃദ്രോഗിയായ അവളുടെ മൂത്ത സഹോദരി അവരുടെ ബന്ധുവീടിന്റെ ഇരുണ്ടമുറിക്കകത്ത് ഏകാന്തജീവീതം നയിക്കുന്നു. അവളുടെ ബന്ധുക്കള്‍, അന്നത്തെ സംഭവങ്ങള്‍ക്കിടയില്‍ ക്രൂരമായ പോലീസ് പീഠനങ്ങളേല്‍ക്കേണ്ടിവന്ന അവളുടെ അമ്മാവന്‍ സുലൈമാനടക്കം തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിന്റെ കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി ഇന്നും ജീവിക്കുന്നു. അതേസമയം രമണ്‍ ശ്രീവാസ്തവ ഉയര്‍ന്ന റാങ്കോടുകൂടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തിരിച്ചുവരികയും തന്റെ പദവിയുടെ എല്ലാവിധ സൗകര്യങ്ങളും ആസ്വദിക്കുകയും ചെയ്യുന്നു.

സിറാജുന്നിസ ഭരണകൂട ഭീകരതയുടെ, ഹൈന്ദവ നിയമസംവിധാനത്തിന്റെ ഹിംസാത്മകതയുടെ, മറ്റൊരു ഇരയാണ്. കാരുണ്യത്തെയും നീതിയെയും ജീവനെയും പറ്റിയുള്ള മതേതര വ്യവസ്ഥിതിയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിക്കൊണ്ട് മുസ്‌ലിം ഭാഗദേയത്വത്തെ നിര്‍ണ്ണയിച്ചുകൊണ്ട് അവളെന്നെന്നും ജീവിച്ചിരിക്കും.

എസ്.ഐ.ഓ ഹൈദരാബാദ് യൂണിവേഴ്സിറ്റി