Campus Alive

നല്ല മതേതര രാഷ്ട്രീയവും ചീത്ത ഇസ്‌ലാമിക രാഷ്ട്രീയവും: ഓറിയന്റലിസ്റ്റ് നിര്‍മ്മിതികളെക്കുറിച്ച്

സ്റ്റാര്‍ ട്രെക്ക് കൂടാതെ ഭാവിയെക്കുറിച്ച് സൂചിപ്പിക്കുന്ന നിരവധി സിനിമകളും നോവലുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ ഡ്യൂണ്‍ എന്ന വിദൂരഭാവിയിലെ കഥ പറയുന്ന ടെലിവിഷന്‍ പരമ്പരയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അവയെല്ലാം രചിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അവയെല്ലാം തന്നെ പടിഞ്ഞാറ്, പടിഞ്ഞാറിതരം എന്ന വിഭജനത്തെ മുന്‍നിര്‍ത്തിയാണ് ഭാവിയെക്കുറിച്ച് സംസാരിക്കുന്നത്. പടിഞ്ഞാറിനെ കേന്ദ്രീകരിച്ചാണ് സയന്‍സ് ഫിക്ഷന്‍ എന്ന സാഹിത്യരൂപം തന്നെ നിലനില്‍ക്കുന്നത് എന്ന് വാദിക്കാന്‍ കഴിയും. പടിഞ്ഞാറിതര രാജ്യങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന സയന്‍സ് ഫിക്ഷനുകളുടെ എണ്ണം വളരെ കുറവാണ്. മാത്രമല്ല, സയന്‍സ് ഫിക്ഷന്റെ സ്വഭാവം തന്നെ അടിസ്ഥാനപരമായി പാശ്ചാത്യമാണ്. പാശ്ചാത്യ സംസ്‌കാരമാണ് സാങ്കേതികവിദ്യയെ തന്നെ നിര്‍ണ്ണയിക്കുന്നത് എന്നതാണ് അതിനുകാരണം. യുക്തിക്ക് ലഭിക്കുന്ന അതീവപ്രാധാന്യമാണ് സാങ്കേതിക വിദ്യയുടെ പ്രത്യേകത. സാങ്കേതികവിദ്യ ലോകത്തെ സ്ഥാപനവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. യുക്തിചിന്തയിലൂടെ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് സാങ്കേതിക വിദ്യ വിശ്വസിക്കുന്നത്. സാങ്കേതിക വിദ്യയും മനുഷ്യത്വവും തമ്മിലുള്ള ഏറ്റുമുട്ടലാണ് സയന്‍സ് ഫിക്ഷനെ സാധ്യമാക്കുന്നതെന്ന് പറയാവുന്നതാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സാങ്കേതിക വിദ്യയുടെയും രാഷ്ട്രീയപരതയുടെയും (political) പരസ്പരമുള്ള ഏറ്റുമുട്ടലുകളില്‍ നിന്നാണ് നിന്നാണ് സയന്‍സ് ഫിക്ഷന്‍ ഉണ്ടാകുന്നത്.

ഇവിടെ രാഷ്ട്രീയപരതയെയും (political) രാഷ്ട്രീയത്തെയും (politics) ഒന്നായി മനസ്സിലാക്കരുത്. ഭരണകൂട പ്രവര്‍ത്തനങ്ങളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ സംഘടനകളുമായോ അതിന് ബന്ധമില്ല. രാഷ്ട്രീയപരത എന്നത് സത്താപരമായ (ontological) ഒരു സംവര്‍ഗ്ഗമാണ്. വളരെ ഏകകമായ ഒരു ക്രമത്തിലേക്ക് സാമൂഹ്യബന്ധങ്ങള്‍ വികസിക്കാത്ത ഒരു ഇടമാണ് അത് സാധ്യമാക്കുന്നത്. അധികാരത്തിനും ആധിപത്യത്തിനുമെതിരായ സംഘര്‍ഷങ്ങളും കലഹങ്ങളുമെല്ലാം വളരെ സജീവമായി തന്നെ അവിടെ നിലനില്‍ക്കുന്നു. എന്നാല്‍ സാങ്കേതിക വിദ്യ വളരെ ഏകകമായ ഒരു സാമൂഹികക്രമത്തെയാണ് സൃഷ്ടിക്കുന്നത്. അധികാരത്തിനെതിരായ സംഘര്‍ഷങ്ങള്‍ അവിടെ നിലനില്‍ക്കുകയില്ല. കാരണം വളരെ ഉദാസീനമായ ഒരു സാമൂഹിക സാഹചര്യത്തെയാണ് ആധുനികതയും സാങ്കേതികവിദ്യയുമൊക്കെ സൃഷ്ടിക്കുന്നത്. സംഘര്‍ഷങ്ങളില്ലാത്ത ‘സമാധാനപരമായ’ അന്തരീക്ഷത്തെയാണ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്. രാഷ്ട്രീയപരതക്ക് (political) പകരം ഭരണനിര്‍വ്വഹണവും ദേശരാഷ്ട്ര സംരക്ഷണവുമൊക്കെയാണ് അത് സാധ്യമാക്കുന്നത്. ഇവിടെ രാഷ്ട്രീയപരതയും (political) സാങ്കേതികവിദ്യയും പരസ്പരം എതിരായാണ് നിലനില്‍ക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ ചെയ്യുന്നത് രാഷ്ട്രീയപരതയെയും സാങ്കേതികവിദ്യയെയും യുക്തിപരതയെയുമെല്ലാം യോജിപ്പിക്കുക എന്നതാണ്. അതിലൂടെ പടിഞ്ഞാറിന്റെ അധീശത്വമാണ് ഉറപ്പിക്കപ്പെടുന്നത്. കാരണം സാങ്കേതികവിദ്യയുടെയും യുക്തിയുടെയുമെല്ലാം ഉടമാവകാശം കൈവശം വെച്ചിരിക്കുന്നത് പടിഞ്ഞാറാണല്ലോ.

2

ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ Dune എന്ന നോവല്‍ പറയുന്നത് ഇസ്‌ലാമികമായ ആശയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഭാവിലോകത്തെക്കുറിച്ചാണ്. ഇസ്‌ലാമികമായ പദങ്ങളും (ജിഹാദ്, അഖ്ല്‍ തുടങ്ങിയവ ഉദാഹരണം) സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നിറഞ്ഞുനില്‍ക്കുന്ന നോവലാണത്. ഈ നോവലിലൂടെ ഫ്രാങ്ക് പറയാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയവും മതവും കൂടിച്ചേരുന്നതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചാണ്. അതിലൂടെ ഭീകരതയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ഇസ്‌ലാമിന്റെ സവിശേഷ സ്വഭാവമാണ് അതെന്നുമാണ് ഫ്രാങ്ക് വിശദീകരിക്കുന്നത്.

പാശ്ചാത്യ വ്യവഹാരങ്ങളില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം പ്രധാനമായും നിര്‍വ്വഹിക്കപ്പെട്ടത് ഓറിയന്റലിസത്തിലൂടെയാണ്. എഡ്വേര്‍ഡ് സെയ്ദ് സൂചിപ്പിച്ചത് പോലെ മൂന്ന് പ്രധാനപ്പെട്ട ആശയങ്ങളാണ് ഓറിയന്റലിസം ഇസ്‌ലാമിനെക്കുറിച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഒന്ന്, ഇസ്‌ലാമും പടിഞ്ഞാറും തമ്മില്‍ സത്താപരമായ വ്യത്യസ്തതകള്‍ നിലനില്‍ക്കുന്നുണ്ട്. രണ്ട്, പടിഞ്ഞാറിന്റെ ആത്മ-പ്രതിനിധാനത്തിന് എതിരായാണ് ഇസ്‌ലാം നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ സ്വഭാവം നിര്‍ണ്ണിതത്വവും പടിഞ്ഞാറിന്റേത് പുരോഗമനവുമാണ്. മൂന്ന്, ഇസ്‌ലാമിക ലോകം ഭയത്തെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതിനാല്‍ അതിനെ നിയന്ത്രണത്തിന് വിധേയമാക്കണം. സയ്ദ് ഓറിയന്റലിസവും സയന്‍സ് ഫിക്ഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലെങ്കിലും സയന്‍സ് ഫിക്ഷന്‍ ഓറിയന്റലിസത്തിന്റെ രൂപം തന്നെയാണ് എന്നതാണ് വസ്തുത. അതേസമയം ഒട്ടുമിക്ക സയന്‍സ് ഫിക്ഷനുകളും ഇസ്‌ലാമിക സംസ്‌കാരങ്ങളെ അദൃശ്യമാക്കുകയാണ് ചെയ്യാറെങ്കില്‍ ഇവിടെ ഡ്യൂണ്‍ എന്ന സീരിസിലൂടെ ഫ്രാങ്ക് ചെയ്യുന്നത് ഇസ്‌ലാമിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒരു സമീപഭാവിയെക്കുറിച്ച് സൂചന നല്‍കുകയാണ്. മുസ്‌ലിം ജനതയെ നയിക്കുന്ന യൂറോപ്യന്‍ പുരുഷന്‍, മുസ്‌ലിംകളുടെ പ്രാകൃത വിശ്വാസങ്ങള്‍, ഇസ്‌ലാം എന്ന ‘മതം’, എന്നിവയൊക്കയാണ് ഡ്യൂണിലുള്ളത്. അതേസമയം ഇതര സയന്‍സ് ഫിക്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഭാവിയിലെ ഒരു നിര്‍ണ്ണായക ശക്തിയായി (നെഗറ്റീവായ അര്‍ത്ഥത്തിലാണെങ്കിലും) ഫ്രാങ്ക് ഇസ്‌ലാമിനെ അടയാളപ്പെടുത്തുന്നുണ്ട്. സമീപഭാവിയിലെ ഒരു ബദല്‍ സാമൂഹിക-രാഷ്ട്രീയ ശക്തിയായി അദ്ദേഹം ഇസ്‌ലാമിനെ നോക്കിക്കാണുകയും ചെയ്യുന്നുണ്ട്.

ഇസ്‌ലാമിനെ നിഷേധിക്കുന്നതിലൂടെയാണ് പാശ്ചാത്യ സ്വത്വം നിലനില്‍ക്കുന്നത്. അപ്പോള്‍ ഭാവിയില്‍ നിലനില്‍ക്കുന്നത് ഇസ്‌ലാമാണെങ്കില്‍ അതിനര്‍ത്ഥം പടിഞ്ഞാറ് ഭൂതത്തില്‍ കുടുങ്ങിക്കിടപ്പാണ് എന്നാണ്. ഡ്യൂണ്‍ എന്ന സീരിസില്‍ പടിഞ്ഞാറ് നാഗരികതയുടെയും ഇസ്‌ലാം ഗോത്രപരതയുടെയും പ്രതിനിധാനമായാണ് വായിക്കപ്പെടുന്നത്. പടിഞ്ഞാറ്, പടിഞ്ഞാറിതരം എന്ന ശ്രേണീകരണം അതില്‍ വളരെ വ്യക്തമാണ്. ഭാവിയില്‍ ‘മുസ്‌ലിംകള്‍’ ഉണ്ടെങ്കിലും പടിഞ്ഞാറിന്റെ അധികാരത്തിന് കീഴിലാണ് അവര്‍ നിലനില്‍ക്കുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പടിഞ്ഞാറിന്റെ നാഗരികതയോടും പുരോഗമനത്തിനോടുമൊക്കെ ബന്ധപ്പെടുത്തിക്കൊണ്ടാണ് മുസ്‌ലിംകളുടെ ഗോത്രപരതയെക്കുറിച്ച വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നത്.

ഡ്യൂണില്‍ നാം കാണുന്നത് പടിഞ്ഞാറിന്റെ ചരിത്രത്തിനും അനുഭവത്തിനുമൊക്കെ പുറത്തുള്ള അധികാര വ്യാകരണങ്ങളെ തെരെഞ്ഞെടുക്കുന്ന മുസ്‌ലിംകളെയാണ്. ഫ്രഞ്ച്, റഷ്യന്‍ വിപ്ലവങ്ങളല്ല അവര്‍ക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നല്‍കുന്നത്. മറിച്ച് മഹ്ദിയുടെ തിരിച്ചുവരവ് എന്ന മതപരമായ വിശ്വാസമാണ്. മഹ്ദി കേന്ദ്രസ്ഥാനത്ത് വരുന്നത് കൊണ്ടാണ് ഡ്യൂണ്‍ ഇതര സയന്‍സ് ഫിക്ഷനുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. കാരണം പൊതുവെ സയന്‍സ് ഫിക്ഷനുകളില്‍ പടിഞ്ഞാറാണ് കേന്ദ്ര കഥാപാത്രമായി വരാറുള്ളത്. മാത്രമല്ല, പടിഞ്ഞാറിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഭാവിലോകതത്തെയാണ് അവയൊക്കെ ചിത്രീകരിക്കാറുള്ളത്. അതേസമയം ഡ്യൂണിലെ മഹ്ദി പാശ്ചാത്യ സാമൂഹ്യക്രമത്തെ നിഷേധിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്.

3

പാശ്ചാത്യ രാഷ്ട്രീയചിന്തയിലെ ഇസ്‌ലാമിന്റെ പ്രതിനിധാനങ്ങളെ ആവര്‍ത്തിക്കുന്നതിന് പകരം ഇസ്‌ലാം സവിശേഷമായ രീതിയില്‍ അധികാരത്തെ എങ്ങനെയെല്ലാമാണ് ആവിഷ്‌കരിച്ചത് എന്നാണ് ഞാന്‍ പരിശോധിക്കുന്നത്.

വളരെ പ്രധാനപ്പെട്ട ഒരു ഭൗമരാഷ്ട്രീയ ശക്തിയായി ഇസ്‌ലാം കടന്നുവരുന്നത് പേര്‍ഷ്യന്‍, റോമന്‍ സാമ്രാജ്യങ്ങള്‍ വലിയൊരു അധീശശക്തികളായി നിലനിന്നിരുന്ന ഭൂമികയിലേക്കാണ്. എന്നിട്ടും ആ രണ്ട് സാമ്രാജ്യങ്ങളുടെയും അധികാര വ്യാകരണങ്ങള്‍ക്കകത്ത് നിലനില്‍ക്കാതെ പുതിയൊരു രാഷ്ട്രീയഭാഷ ആവിഷ്‌കരിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്തത്. അതുകൊണ്ടുതന്നെ മുമ്പ് നിലനിന്നിരുന്ന ഭരണസംവിധാനങ്ങളുടെ തുടര്‍ച്ചയായിട്ടല്ല മുസ്‌ലിം സാമ്രാജ്യങ്ങള്‍ നിലനിന്നത്. സവിശേഷമായ ഒരു ഭരണസംവിധാനത്തെ മുസ്‌ലിംകള്‍ തന്നെ വികസിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് ഖലീഫ, സുല്‍ത്താന്‍, അമീര്‍ തുടങ്ങിയ അധികാര നാമങ്ങള്‍ രൂപംകൊണ്ടത്. അതിലൂടെ സവിശേഷമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ക്രമത്തെ മുസ്‌ലിംകള്‍ സൃഷ്ടിക്കുകയും ചെയ്തു. മുസ്‌ലിംകളുടെ രാഷ്ട്രീയ ആവിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിലാണ് മഹ്ദിയെക്കുറിച്ച വ്യവഹാരങ്ങള്‍ പ്രസക്തമാകുന്നത്.

മഹ്ദിയുടെ തിരിച്ചുവരവ് നിലനില്‍ക്കുന്ന ലോകക്രമത്തിന് വിള്ളല്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. അഥവാ, നന്‍മയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ലാത്ത എല്ലാ ശ്രേണീകരണങ്ങളെയും മഹ്ദി അസ്ഥിരപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിക വിശ്വാസപ്രകാരം ലോകാവസാന നാളിന് മുമ്പാണ് മഹ്ദി വരിക. ലോകത്ത് നീതിയും സമാധാനവും സ്ഥാപിക്കുക എന്നതാണ് മഹ്ദിയുടെ ദൗത്യം. ശിയാ-സുന്നി വിശ്വാസധാരകളിലെല്ലാം മഹ്ദിയെക്കുറിച്ച വ്യവഹാരങ്ങള്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്.

അതേസമയം പാശ്ചാത്യ-ക്രൈസ്തവ പാരമ്പര്യത്തില്‍ ഡ്യൂക്ക് എന്ന ഒരു അധികാര സങ്കല്‍പ്പം നിലനില്‍ക്കുന്നുണ്ട്. വളരെ ശ്രേണീപരമായ അധികാരമായിട്ടാണ് അത് നിലനില്‍ക്കുന്നത്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മൂല്യങ്ങളുടെ നിരാകരണമാണ് മഹ്ദി സാധ്യമാക്കുന്നതെങ്കില്‍ അവയെ കോട്ടംതട്ടാതെ നിലനിര്‍ത്തുകയാണ് ഡ്യൂക്ക് ചെയ്യുന്നത്.

മഹ്ദിയും ഡ്യൂക്കും തമ്മിലുള്ള വ്യത്യാസം ശ്രേണീവിരുദ്ധതയും ശ്രേണീപരതയും തമ്മിലുള്ള വ്യത്യാസം മാത്രമല്ല. ഒരു വിപ്ലവകാരിക്കും വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നവനും ഇടയിലുള്ള രേഖയെ മാത്രമല്ല അത് കാണിച്ചുതരുന്നത്. മറിച്ച്, ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസത്തെ കൂടിയാണ്. ഇസ്‌ലാം നിശ്ചലമായ ഒന്നാണ് എന്ന പടിഞ്ഞാറിന്റെ ഓറയന്റലിസ്റ്റ് ആഖ്യാനത്തെയാണ് ഡ്യൂണിലെ മഹ്ദിയുടെ പ്രതിനിധാനം വെല്ലുവിളിക്കുന്നത്. ഇസ്‌ലാമിനെ ഒരു ചരിത്രമായി സമീപിക്കാന്‍ ഡ്യൂണ്‍ തയ്യാറായി എന്നതാണ് പ്രധാനം. അതിലൂടെ പടിഞ്ഞാറിന്റെ ശ്രേണീപരമായ അധികാരമാണ് വെല്ലുവിളിക്കപ്പെടുന്നത്. എന്നാല്‍ പിന്നീട് ഡ്യൂണ്‍് മഹ്ദിക്ക് പകരം ഡ്യൂക്കിന് കേന്ദ്രസ്ഥാനം നല്‍കുകയാണ് ചെയ്യുന്നത്. അങ്ങനെ ഫലത്തില്‍ പടിഞ്ഞാറിതര ലോകത്തിന് മേലുള്ള പടിഞ്ഞാറിന്റെ ആധിപത്യമാണ് സ്ഥാപിക്കപ്പെടുന്നത്. അതിലൂടെ വിപ്ലവ മാറ്റത്തിന് മേല്‍ സവിശേഷാധികാരമാണ് നിലനിര്‍ത്തപ്പെടുന്നത്.

സ്ഥിരതയും വളരെ നിര്‍ണ്ണിതമായ ഒരു സാമൂഹികക്രമവുമാണ് ഡ്യൂക്ക് വാഗ്ദാനം ചെയ്യുന്നത്. മഹ്ദി അത്തരം ശ്രേണീകരണങ്ങളെയാണ് അസ്ഥിരപ്പെടുത്തുന്നത്. മഹ്ദിയുടെ ഈ വിമോചന സാധ്യതകളെയാണ് ഡ്യൂക്കിനെ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ ഡ്യൂണ്‍ പോലെയുള്ള ടെലിവിഷന്‍ സീരീസുകളും നോവലുകളുമെല്ലാം ചെയ്യുന്നത്. അങ്ങനെ പടിഞ്ഞാറിന്റെ അധികാരശ്രേണി നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നു.

കോളനീകരണ പ്രക്രിയയെ മുന്‍നിര്‍ത്തിയാണ് മഹ്ദിക്ക് പകരം ഡ്യൂക്കിനെ ഉയര്‍ത്തിപ്പിടിക്കാന്‍ ഡ്യൂണ്‍ എന്ന മിനിസീരീസ് തയ്യാറാവുന്നത്. അതിലൂടെ രാഷ്ട്രീയപരമായ അധികാരം അടിസ്ഥാനപരമായി പടിഞ്ഞാറിന്റെ അവകാശമാണെന്ന ‘പൊതുബോധം’ ഉറപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരു ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോഴും കൊളോണിയാലിറ്റിക്ക് പുറത്ത് കടക്കാന്‍ ഡ്യൂണിന് കഴിയുന്നില്ല. മുസ്‌ലിം ഭരണത്തെക്കാള്‍ നല്ലത് പാശ്ചാത്യ ഫ്യൂഡല്‍ പ്രഭുവാണ് എന്നാണത് പ്രഖ്യാപിക്കുന്നത്. അതിലൂടെ ഒരു പുതിയ ലോകത്തിന്റെ സാധ്യതകള്‍ക്ക് പകരം വ്യവസ്ഥയെ അംഗീകരിക്കുകയാണ് ഡ്യൂണ്‍ ചെയ്യുന്നത്. ഭാവിയുടെ അപകോളനീകരണത്തെയാണ് ഡ്യൂണ്‍ അടക്കമുള്ള സയന്‍സ് ഫിക്ഷനുകള്‍ തടയുന്നത്. അനീതി നിറഞ്ഞ ലോകത്തെ അസ്ഥിരപ്പെടുത്തുന്ന ഒരു രൂപകമാണ് മഹ്ദിയെങ്കില്‍ വ്യവസ്ഥയെ നിലനിര്‍ത്തുകയാണ് ഡ്യൂണിലെ ഡ്യൂക്ക് ചെയ്യുന്നത്.

സൽമാൻ സയ്യിദ്