Campus Alive

ഇസ്‌ലാമിസവും ഉത്തരാധുനിക സമീപനങ്ങളും

1

സിയാഉദ്ദീന്‍ സര്‍ദാര്‍ പറയുന്നത് ഉത്തരാധുനികത എന്നത് പുതിയ മാര്‍ഗ്ഗങ്ങളിലൂടെയുള്ള പാശ്ചാത്യ സാംസ്‌കാരിക അധീശത്വമാണ് എന്നാണ്. ഇസ്ലാമിന്റെ പരമമായ നിര്‍ണ്ണിതത്വങ്ങള്‍ക്ക് എതിരായാണ് ഉത്തരാധുനികത നിലനില്‍ക്കുന്നത് എന്ന വാദത്തെ അദ്ദേഹം എതിരിടുന്നുണ്ട്. അതേസമയം വളരെ അനിശ്ചിതമായ ഒരാശയമാണ് ഉത്തരാധുനികത. ബ്രഹദ് ആഖ്യാനങ്ങള്‍ക്കെതിരായ (meta-narratives) കലാപമായാണ് ഉത്തരാധുനികത പൊതുവെ മനസ്സിലാക്കപ്പെടുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സത്യത്തെക്കുറിച്ച പരമമായ അവകാശവാദങ്ങളോടുള്ള സന്ദേഹമാണ് ഉത്തരാധുനികത സാധ്യമാക്കുന്നത്. പടിഞ്ഞാറിന്റെ അപകേന്ദ്രീകരണം (Decentering of the west’) എന്നും ഉത്തരാധുനികതയെ വിശേഷിപ്പിക്കാവുന്നതാണ്. ആധുനികതയുടെ സാര്‍വ്വലൗകികമായ അവകാശവാദങ്ങളെയും ബൗദ്ധിക-സാംസ്‌കാരിക അധികാരത്തെയുമാണ് ഉത്തരാധുനികത വെല്ലുവിളിക്കുന്നത്. പടിഞ്ഞാറാണ് മെച്ചം എന്ന ആശയത്തെ അത് ചോദ്യം ചെയ്യുന്നു.

പടിഞ്ഞാറിന്റെ അപകേന്ദ്രീകരണം (Decentering of the west) സാധ്യമാക്കാതെ ബ്രഹദ് ആഖ്യാനങ്ങളെ (meta-narratives) ചോദ്യം ചെയ്യുക പ്രയാസകരം തന്നെയാണ്. കാരണം, കഴിഞ്ഞ 200 വര്‍ഷങ്ങളായി ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും ശക്തമായ ആഖ്യാനം പടിഞ്ഞാറിന്റെ മൂല്യങ്ങളെക്കുറിച്ച ആഖ്യാനമാണ്.

ഞാന്‍ മനസ്സിലാക്കുന്നത് ഉത്തരാധുനികമായ ഒരു പാശ്ചാത്യ വിമര്‍ശനം എന്നതിലുപരി ഇസ്ലാമിക ചരിത്രത്തെ വീണ്ടെടുക്കുക എന്നതായിരിക്കണം മുസ്ലിം സമൂഹങ്ങള്‍ ലക്ഷ്യം വെക്കേണ്ടത് എന്നാണ്. കാരണം ഭൂതത്തെക്കുറിച്ച ജ്ഞാനമാണ് ഭാവിയെക്കുറിച്ച പ്രതീക്ഷകള്‍ നിര്‍മ്മിക്കാന്‍ നമ്മെ സഹായിക്കുന്നത്. അതേസമയം, ഉത്തരാധുനികതയെക്കുറിച്ച് നമുക്ക് അമിതമായ ആത്മവിശ്വാസം വേണ്ടതില്ല. ഇസ്ലാമിന്റെ ഭാവിയെ ആവിഷ്‌കരിക്കാനുള്ള ഒരു ഇടം നിര്‍മ്മിക്കാനുള്ള സൈദ്ധാന്തിക ശേഷി നല്‍കുന്നു എന്ന നിലക്കാണ് നാം ഉത്തരാധുനികതയെ കാണേണ്ടത്. പാശ്ചാത്യ സാംസ്‌കാരിക അധീശത്വത്തിന്റെ ഒരു തുടര്‍ച്ചയാണ് ഉത്തരാധുനികത എന്ന സര്‍ദാറിന്റെ വിമര്‍ശനത്തെ നാം ഇതിനോട് ചേര്‍ത്തു വായിക്കണം. പാശ്ചാത്യ നവോത്ഥാനത്തിന്റെ സാര്‍വ്വലൗകികതയെ ചോദ്യം ചെയ്യുന്ന വിവിധങ്ങളായ രാഷ്ട്രീയാവിഷ്‌കാരങ്ങള്‍ക്കും സാംസ്‌കാരിക സ്വത്വങ്ങള്‍ക്കും ഉത്തരാധുനികത ഇടം നല്‍കുന്നു എന്ന വാദത്തിനുള്ള ഒരു വെല്ലുവിളിയാണത്.

ഉത്തരാധുനിക ചിന്ത വളരെ പ്രധാനപ്പെട്ട രണ്ട് വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. നിര്‍ണ്ണയവാദത്തോടുള്ള (essentialism) വിമര്‍ശനവും സാര്‍വ്വലൗകികതയോടുള്ള (universalism) വിമര്‍ശനവുമാണത്. മുസ്ലിം സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളെ തള്ളിക്കളയുന്ന സമീപനങ്ങളെ നിര്‍ണ്ണയവാദ വിമര്‍ശനം പിന്തുണക്കുന്നുണ്ട്. കാരണം ഇസ്ലാമിസം അടിസ്ഥാനപരമായി നിര്‍ണ്ണയവാദമാണ് എന്നാണ് ഉത്തരാധുനികത പറയുന്നത്. അതേസമയം പാശ്ചാത്യ സാംസ്‌കാരിക അധീശത്വത്തിന്റെ ആവിഷ്‌കാരങ്ങളെ സാര്‍വ്വലൗകികതക്കെതിരായ വിമര്‍ശനത്തിന്റെ ഭാഗമായാണ് ഉത്തരാധുനികത കാണുന്നത്. അതിനാല്‍ തന്നെ പാശ്ചാത്യ ഇതര പാരമ്പര്യങ്ങളില്‍ നിലനില്‍ക്കുന്ന മൂല്യങ്ങള്‍ക്കും ഉത്തരാധുനികത ഇടം നല്‍കുന്നുണ്ട്.

പാശ്ചാത്യ അധീശത്വത്തെ വെല്ലുവിളിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വ്യവഹാരമാണ് ഇസ്ലാമിസം. ഇസ്ലാമിസവും പാശ്ചാത്യ ആധുനികതയും തമ്മില്‍ സംഘര്‍ഷത്തിന്റേതായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഇസ്ലാമിസം ആധുനിക വിരുദ്ധമാണ് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. മധ്യകാലഘട്ടത്തില്‍ നിലനിന്നിരുന്ന മൂല്യങ്ങള്‍ (ശരീഅത്ത്, ഖിലാഫത്ത്, ലിംഗ വിഭജനം തുടങ്ങിയവ) ഇസ്ലാമിസ്റ്റുകള്‍ ആധുനിക ലോകത്തേക്ക് കൊണ്ടുവരുന്നു എന്നും ആരോപിക്കപ്പെടുന്നുണ്ട്. അതുപ്രകാരം ഇസ്ലാമിസം ഫാസിസത്തെയും ലെനിനിസത്തെയും പോലെ മറ്റൊരു രൂപത്തിലുള്ള സേച്ഛാധിപത്യമാണ് സ്ഥാപിക്കുന്നത്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ആധുനികതയും പടിഞ്ഞാറും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ നിരാകരിക്കുകയാണ് ഇസ്ലാമിസം ചെയ്യുന്നത്. അഥവാ, പടിഞ്ഞാറിനെ അപകേന്ദ്രീകരിക്കുന്നതിലൂടെ ആധുനികതയെ പടിഞ്ഞാറിന്റെ നിര്‍ണ്ണയത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് ഇസ്ലാമിസം ചെയ്യുന്നത്. അതുകൊണ്ടാണ് ഇസ്ലാമിസത്തിന്റെ ‘ഭീഷണിയെ’ മുന്‍നിര്‍ത്തി പാശ്ചാത്യസ്വത്വം രൂപീകരിക്കപ്പെടുന്നത്. മുസ്ലിം സാന്നിധ്യം തന്നെ പടിഞ്ഞാറിന് പ്രശ്നകരമാകുന്നതും അതുകൊണ്ടാണ്. മാത്രമല്ല, പടിഞ്ഞാറിന്റെ ജ്ഞാനശാസ്ത്രപരമായ അപ്രമാദിത്യത്തെക്കുറിച്ച ആശങ്കകളില്‍ നിന്നാണ് മുസ്ലിം രാഷ്ട്രീയ സ്വത്വത്തിന്റെ ഒരു തരത്തിലുമുള്ള ആവിഷ്‌കാരവും അനുവദിക്കപ്പെടാത്തത്. ബഹുസ്വരമായ നയനിര്‍ദേശങ്ങള്‍ സ്വീകരിക്കപ്പെടാത്തതും അതുകൊണ്ടാണ്.

2

അസീസ് അല്‍-അസ്മെയുടെ ഇസ്ലാമിസത്തോടുള്ള വിമര്‍ശനത്തിന്റെ സ്വഭാവവും അതുതന്നെയാണ്. ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തെ വിമര്‍ശിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. സാംസ്‌കാരിക വ്യത്യസ്തതയെ തന്നെ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. ഫാസിസത്തെയാണ് അത് സൃഷ്ടിക്കുക എന്നാണ് അദ്ദേഹത്തിന്റെ വാദം. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ രണ്ട് തരത്തിലുള്ള വിമര്‍ശനങ്ങളാണ് പൊതുവെ ഇസ്ലാമിസത്തിനെതിരെ നിലനില്‍ക്കുന്നത്. കമ്മ്യൂണിസത്തെയും നാസിസത്തെയും പോലെ ഇസ്ലാമിസവും ഏകാധിപത്യ പ്രവണതകളെ സൃഷ്ടിക്കുന്നു എന്ന ആരോപണമാണ് അതിലൊന്ന്. സാംസ്‌കാരിക ആപേക്ഷിക (cultural relativism) നയങ്ങളുടെ ഫലമായാണ് പാശ്ചാത്യ രാഷ്ട്രങ്ങളില്‍ മുസ്ലിം രാഷ്ട്രീയ കര്‍തൃത്വം സാധ്യമായത് എന്ന വാദമാണ് മറ്റൊന്ന്. അല്‍-അസ്മെയെപ്പോലുള്ള ബുദ്ധിജീവികള്‍ മുസ്ലിം രാഷ്ട്രീയ കര്‍തൃത്വത്തിന്റെ ആവിഷ്‌കാരങ്ങളെ നിര്‍ണ്ണയവാദമായാണ് (essentialism) മനസ്സിലാക്കുന്നത്. അതിലൂടെ മുസ്ലിം സ്വയം നിര്‍ണ്ണയാവകാശത്തിനുള്ള അന്വേഷണങ്ങള്‍ തടയപ്പെടുകയാണ് ചെയ്യുന്നത്.

ഒരു പരമാധികാര സ്വഭാവമുള്ള വ്യവഹാരമായാണ് അല്‍-അസ്മെ ഇസ്ലാമിസത്തെ അവതരിപ്പിക്കുന്നത്. ഇസ്ലാമിക പാരമ്പര്യത്തിന്റെ പേരില്‍ തങ്ങളുടെതായ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കുകയാണ് ഇസ്ലാമിസ്റ്റുകള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. അല്‍-അസ്മെയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിന്റെ വൈവിധ്യത്തെയാണ് ഇസ്ലാമിസം നിഷേധിക്കുന്നത്. ‘ഇസ്ലാമിക വസ്ത്രവും’ ‘ഇസ്ലാമിക ജീവിതരീതി’യുമെല്ലാം ഇസ്ലാമിസത്തിന്റെ കണ്ടുപിടിത്തങ്ങളാണ്. അതേസമയം ഇത്തരം വാദങ്ങളെല്ലാം സ്വയം നിര്‍ണ്ണയാവകാശത്തിനും ലോകത്തിന്റെ അപകോളനീകരണത്തിനും വേണ്ടിയുള്ള ഇസ്ലാമിസ്റ്റുകളെ ആലോചനകളെ തുരങ്കം വെക്കാനുള്ള ശ്രമങ്ങളായി കാണേണ്ടതുണ്ട്. മാത്രമല്ല, ഇസ്ലാമിസം ഒരു നിര്‍ണ്ണയവാദ ആവിഷ്‌കാരമാണ് എന്ന ലിബറല്‍ വാദത്തെയും തള്ളിക്കളയേണ്ടതുണ്ട്. ഞാന്‍ വാദിക്കുന്നത് ഇസ്ലാമിസം നിര്‍ണ്ണയവാദത്തിനെതിരാണ് എന്നുമാത്രമല്ല. മറിച്ച്, നിര്‍ണ്ണയവാദ വിരുദ്ധതതയാണ് (anti-essentialism) അതിന്റെ സാധ്യത എന്നുകൂടിയാണ്. മുസ്ലിം സ്വയം നിര്‍ണ്ണയാവകാശത്തെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ണ്ണയവാദ വിരുദ്ധത നിര്‍ണ്ണയവാദത്തിനെതിരായ ഉത്തരാധുനിക വിമര്‍ശനമാണ്. അവര്‍ പറയുന്നത് ഇസ്ലാമിക സംസ്‌കാരത്തിന് വിരുദ്ധമായാണ് ഇസ്ലാമിസ്റ്റുകള്‍ മുസ്ലിം സ്വത്വത്തെ ആവിഷ്‌കരിക്കുന്നത് എന്നാണ്. മാത്രമല്ല, പടിഞ്ഞാറിന്റെ ഭാഷയും വ്യവഹാരവും തന്നെയാണ് ഇസ്ലാമിസ്റ്റുകളും ഉപയോഗിക്കുന്നത് എന്നും അവര്‍ ആരോപിക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക രാഷ്ട്രം എന്ന ആശയത്തെ മുന്നോട്ടുവെക്കുന്ന ഇസ്ലാമിസ്റ്റുകള്‍ രാഷ്ട്രം (state) എന്ന പാശ്ചാത്യ പരീക്ഷണത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. അഥവാ, പടിഞ്ഞാറന്‍ വ്യവഹാരങ്ങള്‍ക്കെതിരായ കലഹങ്ങള്‍ പോലും പടിഞ്ഞാറിന്റെ ഭാഷയിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ് അവരുടെ വാദം.

ഇസ്ലാമിസത്തെ വളരെ പ്രാദേശികമായും ദേശീയവാദപരമായും മനസ്സിലാക്കുന്നവരുണ്ട്. ചിലപ്പോള്‍ പ്രായോഗികപരമായി ഇസ്ലാമിസ്റ്റുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രാദേശികമായി പരിമിതപ്പെടുത്തിയേക്കാം. എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിലേക്കോ ദേശത്തിലേക്കോ വര്‍ഗത്തിലേക്കോ മാത്രം പരിമിതപ്പെടുത്താവുന്ന രാഷ്ട്രീയ പദ്ധതിയല്ല ഇസ്ലാമിസം. തീര്‍ച്ചയായും ഇസ്ലാമിസത്തിന് സാര്‍വ്വലൗകികമായ മാനങ്ങളുണ്ട്. ഇസ്ലാമിസത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത് അത് പടിഞ്ഞാറിന്റെ ലോകവീക്ഷണത്തെ വെല്ലുവിളിക്കുന്നു എന്നാണ്. മാത്രമല്ല, ദേശരാഷ്ട്രങ്ങളോടുള്ള മുസ്ലിംകളുടെ പ്രതിബന്ധതകളെ ഇസ്ലാമിസം ദുര്‍ബലപ്പെടുത്തുന്നു എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇസ്ലാമിസത്തെ പ്രാദേശികവല്‍ക്കരിക്കുന്നതിലൂടെ പടിഞ്ഞാറിന് മാത്രമാണ് സാര്‍വ്വലൗകിക മൂല്യങ്ങളുള്ളത് എന്ന വാദം സ്ഥിരപ്പെടുകയാണ് ചെയ്യുന്നത്. അതുപ്രകാരം സാര്‍വ്വലൗകികമാവുക എന്നതിനര്‍ത്ഥം പാശ്ചാത്യമൂല്യങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ്. അതുകൊണ്ടാണ് ഇസ്ലാമിസ്റ്റുകളുടെ പാശ്ചാത്യ വിമര്‍ശനം പാശ്ചാത്യ ഭാഷയിലൂടെയും വ്യവഹാരത്തിലൂടെയും മാത്രമേ സാധ്യമാകൂ എന്ന് വാദിക്കപ്പെടുന്നത്. അതിനര്‍ത്ഥം പടിഞ്ഞാറിന്റേതല്ലാത്ത ഭാഷയും രാഷ്ട്രീയഭാവനയുമൊന്നും ലോകത്ത് നിലനില്‍ക്കുന്നില്ല എന്നാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് സ്വന്തമായ ഭാഷയും കര്‍തൃത്വവുമൊന്നുമില്ല. അവര്‍ പടിഞ്ഞാറിന്റെ അനുകര്‍ത്താക്കളാണ്! മുസ് ലിംകളെക്കുറിച്ച് പൊതുവായി നിലനില്‍ക്കുന്ന ആരോപണമാണിത്. അതുന്നയിക്കുന്നവരില്‍ ഇസ്ലാമിനോട് ശത്രുതയുള്ളവരും ഇസ്ലാമിസത്തോട് മാത്രം ശത്രുതയുള്ളവരുമുണ്ട്.

3

പാശ്ചാത്യ സാര്‍വ്വലൗകികത എന്നത് വ്യത്യസ്തമായ സംസ്‌കാരങ്ങളുടെ ഒരു സങ്കലനമാണ് എന്നാണ് നവോത്ഥാന മൗലികവാദികള്‍ പറയുന്നത്. അപ്പോള്‍ എങ്ങനെയാണ് ഇസ്ലാമും ഇസ്ലാമിസവും മാത്രം ഈ സാര്‍വ്വലൗകികതയില്‍ നിന്ന് പുറത്താകുന്നത് എന്നതാണ് ചോദ്യം. അതേസമയം ഇവിടെ പറയപ്പെടുന്ന സാര്‍വ്വലൗകികത യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ സത്തയെ തന്നെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഈ പാശ്ചാത്യ സത്തയാണ് സാര്‍വ്വലൗകികത എന്ന പേരില്‍ നിര്‍ണ്ണയവാദ വിരുദ്ധതയായി (anti-essentialism) ആഘോഷിക്കപ്പെടുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പാശ്ചാത്യവല്‍ക്കരണമാണ് സാര്‍വ്വലൗകികത. കാരണം, പാശ്ചാത്യ ഭാഷയും മൂല്യങ്ങളും മാത്രമാണ് അതിലുള്ളത്. അറബ്, ഇന്ത്യന്‍ ശബ്ദങ്ങള്‍ അവിടെ അസന്നിഹിതമാണ്. പാശ്ചാത്യന്റെ ശബ്ദമാണ് സാര്‍വ്വലൗകിക ശബ്ദമായി കൊണ്ടാടപ്പെടുന്നത്. അഥവാ, സാര്‍വ്വലൗകികത എന്നത് യഥാര്‍ത്ഥത്തില്‍ പാശ്ചാത്യന്‍ പ്രാദേശികതയായാണ് നിലനില്‍ക്കുന്നത്. അതേസമയം ഇങ്ങനെ ഒരു സാര്‍വ്വലൗകികതയായി നിലനില്‍ക്കാന്‍ പാശ്ചാത്യ സംസ്‌കാരത്തിന് കഴിയുന്നത് അതിന്റെ ഉള്ളടക്കം കൊണ്ടല്ല, മറിച്ച് അത് ഉള്‍വഹിക്കുന്ന അധികാരം മൂലമാണ്.

4

ഒരു ആഗോള അധീശത്വമാണ് യഥാര്‍ത്ഥത്തില്‍ പാശ്ചാത്യപരതക്ക് (westernese) വേണ്ടി വാദിക്കുന്നവര്‍ ലക്ഷ്യമിടുന്നത്. പാശ്ചാത്യപരത എന്നത് കോളനിയാനന്തര അവസ്ഥയോടുള്ള പ്രതികരണമായി മനസ്സിലാക്കാവുന്നതാണ്. ‘ഭീകരത’ക്കെതിരായ യുദ്ധം ഈ കോളനിയാനന്തര അവസ്ഥയെയാണ് വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്നത്. ഇറാഖിലും അഫ്ഗാനിലും ഇന്നും പല സ്വഭാവങ്ങളിലായി നിലനില്‍ക്കുന്ന കൊളോണിയല്‍ ഭരണം അതാണ് സൂചിപ്പിക്കുന്നത്. പുരോഗമന മുസ്ലിംകളെ കൂട്ടുപിടിച്ച് അമേരിക്കയിലെ നവയാഥാസ്ഥികര്‍ നടപ്പിലാക്കുന്ന ഇസ്ലാമിക പരിഷ്‌കരണവും കോളനിയാനന്തര അവസ്ഥയെ നേരിടാനുള്ള ശ്രമങ്ങള്‍ തന്നെയാണ്.

പാശ്ചാത്യ-യൂറോപ്യന്‍ നാടുകളില്‍ നിന്ന് മുസ്ലിംകളെ തുരത്താന്‍ കഴിയാത്തത് ഭീകരരോടും തീവ്രവാദികളോടുമുള്ള ഭരണകൂടങ്ങളുടെ പ്രീണനനയമായി കാണുന്നവരുണ്ട്. ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളെ പടിഞ്ഞാറ് അംഗീകരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു ആരോപണം. കൂടാതെ നീതിക്ക് വേണ്ടിയുള്ള ന്യൂനപക്ഷങ്ങളുടെ തേട്ടങ്ങള്‍ പാശ്ചാത്യമൂല്യങ്ങള്‍ക്ക് എതിരായി സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സാര്‍വ്വലൗകികതയും പാശ്ചാത്യ സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങളോടുള്ള പ്രീണനം എന്ന വാദമൊക്കെ ഉയരുന്നത്. അതുകൊണ്ടുതന്നെയാണ് ബഹുസ്വരതക്കെതിരായ കോലാഹലങ്ങളും ഉയരുന്നത്. പടിഞ്ഞാറിന്റെ ബഹുസ്വര നയങ്ങളുടെ ഫലമായാണ് ഇസ്ലാമിസം വളരുന്നത് എ്ന്നാണ് ബഹുസ്വര വിരുദ്ധര്‍ പറയുന്നത്. സാംസ്‌കാരിക ആപേക്ഷികത എന്നാണ് ബഹുസ്വരതയെ അവര്‍ വിശേഷിപ്പിക്കുന്നത്.

അല്‍-അസ്മെയെപ്പോലുള്ള മുസ്ലിംകളും ബഹുസ്വരതക്കെതിരായ നിലപാട് സ്വീകരിക്കുന്നതായി കാണാന്‍ സാധിക്കും. അവരെ നമുക്ക് ലിബറല്‍ മുസ്ലിംകള്‍, പുരോഗമന മുസ്ലിംകള്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്നതാണ്. മുസ്ലിം രാഷ്ട്രീയത്തെ നവോത്ഥാനത്തിനുള്ള വെല്ലുവിളിയായാണ് അവര്‍ കാണുന്നത്. മാത്രമല്ല, പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ മുസ്ലിംകള്‍ കുടിയേറ്റത്തിലൂടെ ഗെറ്റോകളെയാണ് സൃഷ്ടിക്കുന്നത് എന്ന് അല്‍-അസ്മെ എഴുതുന്നുണ്ട്. എന്നാല്‍ പടിഞ്ഞാറന്‍\യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ നഗരങ്ങളില്‍ നിന്ന് മുസ്ലിംകളെയും കറുത്തവരെയും വെളുത്തവര്‍ തുരത്തിയതു മൂലമാണ് ഗെറ്റോകള്‍ (ചേരികള്‍) രൂപപ്പെടുന്നത് എന്ന യാഥാര്‍ത്ഥ്യം അല്‍-അസ്മെ മുഖവിലക്കെടുക്കുന്നില്ല. മാത്രമല്ല, മുസ്ലിംകള്‍ ഗെറ്റോകളെ സൃഷ്ടിക്കുകയല്ല, മറിച്ച് അവര്‍ ഗെറ്റോവല്‍ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുന്നതിന് പിന്നിലുള്ള വംശത്തിന്റെയും അധികാരത്തിന്റെയുമെല്ലാം സൂക്ഷ്മമായ വശങ്ങളെ കാണാന്‍ അല്‍-അസ്മെ തയ്യാറാകുന്നില്ല. മുസ്ലിം കുടിയേറ്റത്തെക്കുറിച്ച യൂറോപ്യന്‍ പ്രതിനിധാനങ്ങളില്‍ തന്നെ അന്തര്‍ലീനമായ വംശീയതയെയും അദ്ദേഹം പരിഗണിക്കുന്നില്ല.

ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ പടിഞ്ഞാറ് എന്നത് ഒരു അധീശ പദ്ധതിയാണ്. പടിഞ്ഞാറിന്റെ തന്നെ സവിശേഷമായ ഒരു ചരിത്രാഖ്യാനത്തിലൂടെ മാത്രമേ നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയുകയുള്ളൂ. മാത്രമല്ല, പടിഞ്ഞാറിനെ മുന്‍നിര്‍ത്തിയാണ് എല്ലാ വ്യവഹാരങ്ങളും നിര്‍മ്മിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നത്. ഇസ്ലാമിസം നിര്‍ണ്ണയവാദമാണ് എന്ന വിമര്‍ശനം ഉണ്ടാകുന്നത് പടിഞ്ഞാറിന്റെ നിര്‍ണ്ണയത്തെ സ്വീകരിക്കാത്തതു കൊണ്ടാണ്. അഥവാ, പടിഞ്ഞാറിന്റെ മൂല്യങ്ങളെ നിരാകരിക്കുന്നതു കൊണ്ടാണ് ഇസ്ലാമിസം ഒരു പ്രശ്നമായി നിലനില്‍ക്കുന്നത്. പടിഞ്ഞാറിന്റെ അറിവധികാരത്തിന് (power\knowldge) നേരെ ഉയര്‍ത്തുന്ന വെല്ലുവിളികളാണ് ഇസ്ലാമിസത്തെ പ്രശ്നകരമാക്കുന്നത്. മാത്രമല്ല, അപകോളനീകരണ ചിന്തകളുടെ കടന്നുവരവോടെ പടിഞ്ഞാറിന്റെയും യൂറോപ്പിന്റെയുമെല്ലാം ജ്ഞാനശാസ്ത്രപരമായ അപ്രമാദിത്യം വെല്ലുവിളിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അല്‍ജസീറയെപ്പോലുള്ള ഇസ്ലാമിക പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകളെയും വിവരങ്ങളെയുമെല്ലാം തടഞ്ഞുനിര്‍ത്താന്‍ പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നത്. ഇസ്ലാമിസത്തിന്റെ പ്രചരണ മാര്‍ഗ്ഗമായാണ് അവരതിനെ കാണുന്നത്.

പടിഞ്ഞാറിന്റെ പേരിലുള്ള നേരിട്ടുള്ള കൊളോണിയല്‍ അധീശത്വം സാധ്യമാകാതെ വന്നപ്പോഴാണ് സാര്‍വ്വലൗകികതയുടെ പേരില്‍ കൊളോണിയലിസം രംഗപ്രവേശം ചെയ്യുന്നത്. ബഹുസാംസ്‌കാരിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നവരാണ് തങ്ങളെന്ന് അത് ലോകത്തെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ പാശ്ചാത്യ മൂല്യങ്ങള്‍ തന്നെയാണ് സാര്‍വ്വലൗകിക മൂല്യമായി ആഘോഷിക്കപ്പെട്ടത്. അതുകൊണ്ടാണ് ഇസ്ലാമിസ്റ്റ് വ്യവഹാരങ്ങളെല്ലാം വംശാവലിയുടെ അടിസ്ഥാനത്തില്‍ പാശ്ചാത്യമാണെന്ന വാദം ഉന്നയിക്കപ്പെടുന്നത്. എഡ്വേര്‍ഡ് സൈദ് അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് പൗരസ്ത്യര്‍ക്ക് സ്വന്തമായി പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നും പാശ്ചാത്യരിലൂടെ അവര്‍ പ്രതിനിധീകരിക്കപ്പെടുകയാണ് വേണ്ടതെന്നുമുള്ള വാദമാണ് ഓറിയന്റലിസ്റ്റുകള്‍ ഉന്നയിക്കുന്നത് എന്നാണ്. അപ്പോള്‍ തീര്‍ച്ചയായും വംശാവലിയെക്കുറിച്ച അവകാശവാദമാണ് പടിഞ്ഞാറ് ഉന്നയിക്കുന്നത്. അഥവാ, രാഷ്ട്രീയം, ജനാധിപത്യം, സമത്വം, മതേതരത്വം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളെല്ലാം അടിസ്ഥാനപരമായി പാശ്ചാത്യമാണെന്നും വേറൊരു പാരമ്പര്യത്തിനും അത് അവകാശപ്പെടാന്‍ കഴിയില്ലെന്നുമാണ് പാശ്ചാത്യ ശക്തികള്‍ അവകാശപ്പെടുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഭൂതത്തെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം സംസാരിക്കാനുള്ള അവകാശം പടിഞ്ഞാറിന് മാത്രമാണുള്ളത്. ഇസ്ലാമിസ്റ്റുകള്‍ അതിന് ശ്രമിക്കുന്നത് കൊണ്ടാണ് അവര്‍ എതിര്‍ക്കപ്പെടുന്നത്. അപ്പോള്‍ ഇസ്ലാമിസ്റ്റുകളും അവരുടെ ശത്രുക്കളും തമ്മിലുള്ള സംഘര്‍ഷം അടിസ്ഥാനപരമായി മതമൗലികവാദികളും ലിബറലുകളും തമ്മിലുള്ള സംഘര്‍ഷമല്ല. മറിച്ച്, ഭാവിയെ നിര്‍ണ്ണയിക്കാനുള്ള പാശ്ചാത്യ പദ്ധതിയും മുസ്ലിം പദ്ധതിയും തമ്മിലുള്ള സംഘര്‍ഷമാണ്. രണ്ടും ശ്രമിക്കുന്നത് ലോകത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയാണ്. സമൂഹങ്ങളുടെയും ചരിത്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും പരിവര്‍ത്തനത്തിന് വേണ്ടിയാണ്. അതേസമയം പടിഞ്ഞാറ് അത് സാധ്യമാക്കുന്നത് വളരെ അധീശമായ ചരിത്രനിര്‍മ്മാണത്തിലൂടെയാണ്. ചരിത്രത്തെ അവര്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് അതാണ് ലോകചരിത്രം എന്ന പേരില്‍ പഠിപ്പിക്കപ്പെടുന്നത്. ഈ ചരിത്രനിര്‍മ്മിതിയിലൂടെയാണ് ഇസ്ലാമിസം പ്രശ്നവും പടിഞ്ഞാറ് ഒരു പ്രതീക്ഷയുമാകുന്നത്. അതിലൂടെയാണ് ഇസ്ലാമിസം നിര്‍ണ്ണയവാദവും (essentialism) പടിഞ്ഞാറ് നിര്‍ണ്ണയവാദ വിരുദ്ധത (anti-essentialism) യുമാകുന്നത്. ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ പടിഞ്ഞാറിന്റെ മൂല്യങ്ങളെ അംഗീകരിക്കാത്തതു കൊണ്ടാണ് ഇസ്ലാമിസം നിര്‍ണ്ണയവാദമാകുന്നത്. ഇവിടെ ഇസ്ലാമിസമല്ല, മറിച്ച് പടിഞ്ഞാറിന്റെ മൂല്യങ്ങളെ സാര്‍വ്വലൗകികമാക്കുന്നവരാണ് നിര്‍ണ്ണയവാദികള്‍. പടിഞ്ഞാറ്, പടിഞ്ഞാറിതരം എന്ന ശ്രേണിപരമായ ബന്ധത്തെ നിലനിര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം അല്‍-അസ്മെയെപ്പോലുള്ള ലിബറല്‍ ബുദ്ധിജീവികള്‍ ഉത്തരാധുനികതയെ പോലും കൂട്ടുപിടിച്ച് കൊണ്ട് പാശ്ചാത്യ സാര്‍വ്വലൗകികതയെ ആഘോഷിക്കുകയും ബഹുസ്വരതയെ തടയുകയുമാണ് ചെയ്യുന്നത്. മാത്രമല്ല, ഉത്തരാധുനികത ബ്രഹദ് ആഖ്യാനങ്ങളെ വിമര്‍ശന വിധേയമാക്കുന്നുണ്ടെങ്കിലും പാശ്ചാത്യ പദ്ധതിക്കെതിരായ വിമര്‍ശനത്തിന് പരിധിയൊക്കെ വെക്കുന്നുണ്ട്. അപകോളനീകരണ ചിന്തകള്‍ ശ്രമിക്കുന്നത് ഈ പരിധികളെയെല്ലാം മറികടക്കാനാണ്. അഥവാ, അധികാരത്തിന്റെ സൂക്ഷമമായ വിമര്‍ശനമാണ് അത് ലക്ഷ്യമിടുന്നത്.

5

യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക വൈരുദ്ധ്യത്തെയും ബഹുസ്വരതയെയുമാണ് നിര്‍ണ്ണയവാദ വിരുദ്ധത (anti-essentialism) എന്ന പേരില്‍ പാശ്ചാത്യന്‍ ശക്തികള്‍ ആക്രമിക്കുന്നത്. അങ്ങനെ ഒരു പാശ്ചാത്യ സാര്‍വ്വലൗകികതയാണ് സൃഷ്ടിക്കപ്പെടുന്നത്. അതിലൂടെ ഇസ്ലാമിസമടക്കമുള്ള ബദല്‍ നൈതിക രാഷ്ട്രീയ ചിന്തകള്‍ തഴയപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, പാശ്ചാത്യ സാര്‍വ്വലൗകികതയെ വിമര്‍ശന വിധേയമാക്കാതെ നിലനില്‍ക്കുന്ന അധീശ വ്യവസ്ഥിതിതിയെ താങ്ങിനിര്‍ത്തുകയാണ് ഉത്തരാധുനിക ചിന്തകരടക്കമുള്ളവര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ഗായത്രി സ്പിവാക്കിനെപ്പോലുള്ളവര്‍ തന്ത്രപരമായ നിര്‍ണ്ണയവാദത്തെക്കുറിച്ച് (strategic essentialism) സംസാരിക്കുന്നത്. അതിലൂടെ കീഴാള രാഷ്ട്രീയത്തെക്കുറിച്ചുള്ള ആലോചനകള്‍ സാധ്യമാകുമെന്നും പാശ്ചാത്യ സാര്‍വ്വലൗകികത വെല്ലുവിളിക്കപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം പാശ്ചാത്യ സാര്‍വ്വലൗകികതയെ വെല്ലുവിളിക്കാത്ത ഏതൊരു വിമര്‍ശന പദ്ധതിയും വെറുതെയാണ്. ഇസ്ലാമിസ്റ്റുകള്‍ നിര്‍ണ്ണയവാദത്തെ (essentialism) ഉപയോഗിക്കുന്നത് പാശ്ചാത്യ സാര്‍വ്വലൗകികതയെ വെല്ലുവിളിക്കുന്നതിന് വേണ്ടിയാണ്. ബഹുസാംസ്‌കാരികതയെയാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഒരുപാട് സംസ്‌കാരങ്ങള്‍ ലോകത്തുണ്ട് എന്ന് തിരിച്ചറിവ് മാത്രമല്ല അത്. മറിച്ച് പാശ്ചാത്യ സാംസ്‌കാരിക അധീശത്വത്തെ അപനിര്‍മ്മിക്കല്‍ കൂടിയാണ്. പാശ്ചാത്യ സാര്‍വ്വലൗകികതയുടെ നിരാകരണമാണത്. അതേസമയം യൂറോകേന്ദ്രീകൃത വാദം അതിനെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പടിഞ്ഞാറിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതാണ് യൂറോകേന്ദ്രീകൃത വാദം ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് ഇസ്ലാമിസത്തിന്റെ നിര്‍ണ്ണയവാദത്തെക്കുറിച്ച വിമര്‍ശനം രൂപപ്പെടുന്നത്. അതിലൂടെ പാശ്ചാത്യ സാര്‍വ്വലൗകികതയാണ് സ്ഥാപിക്കപ്പെടുന്നത്. ഇസ്ലാമിസം ഈ സാര്‍വ്വലൗകികതയെയാണ് അസ്ഥിരപ്പെടുത്തുന്നത്. ഇസ്ലാമിസത്തെ എതിര്‍ക്കുന്ന ലിബറലുകള്‍ യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ കൊളോണിയല്‍ അധീശത്വത്തിന്റെ ഭാഗമാവുകയാണ് ചെയ്യുന്നത്.

സൽമാൻ സയ്യിദ്