Campus Alive

ഭരണകൂടത്തോടുള്ള സമര-പോരാട്ടങ്ങൾ ഇസ്‌ലാമിക പാരമ്പര്യത്തിൽ

ഇമാമത്ത് ദീനിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. നിരവധി ഖുർആനിക ആയത്തുകളും ഹദീസുകളും ഇതിലേക്ക് വെളിച്ചം വീശുന്നു.(1) ഇമാം തഫ്താസാനി (റ) പറയുന്നു: ഇമാമിനെ നിശ്ചയിക്കൽ നിർബന്ധമാണെന്ന് ഇജ്മാഇനാൽ സ്ഥിരപ്പെട്ടിരിക്കുന്നു.(2) ഇമാം ഗസ്സാലി (റ) പറയുന്നു: “ദീനും ദുൻയാവും പരസ്പര പൂരകങ്ങളാകുന്നു. ദീൻ അടിത്തറയും സുൽത്താൻ അതിന്റെ കാവൽക്കാരനുമാണ്…..ഇമാമത്ത് മുസ്‌ലിംകളുടെ ശറഈ ബാധ്യതയാണെന്ന കാര്യത്തിലും തർക്കമില്ല.”(3)

എന്നാൽ, അതൊരിക്കലും അല്ലാഹുവിലും അവന്റെ പ്രവാചകനിലുമുള്ള വിശ്വാസം പോലെ ഈമാനിന്റെ/അഖീദയുടെ അടിസ്ഥാനങ്ങളിലൊന്നല്ല (الأصول) മറിച്ച് ഐഛിക കാര്യങ്ങളിൽ പെട്ടതാണ് (الفروع).*(4) സ്വാഭാവികമായി അവയിൽ അഭിപ്രായവ്യത്യാസങ്ങളും വിഭിന്ന നിലപാടുകളുമുണ്ടാകാം. ആ വീക്ഷണ വൈജാത്യങ്ങൾ ഒരിക്കലും സത്യനിഷേധം ആരോപിക്കാൻ (تكفير) കാരണമല്ല എന്നതാണ് അഹ്‌ലുസുന്നയുടെ അംഗീകൃത നിലപാട്.(5)

പ്രധാനമായും ഇമാമത്തിനെ പണ്ഡിതന്മാർ മൂന്നായി തരംതിരിച്ചിരിക്കുന്നു:-

നീതിമാനായ മുസ്‌ലിം ഭരണാധികാരി

അക്രമിയായ മുസ്‌ലിം ഭരണാധികാരി

കാഫിർ/ മുർത്തദ്ദായ ഭരണാധികാരി

മുകളിൽ പരാമർശിച്ച ഓരോ വിഭാഗങ്ങളോടും വ്യത്യസ്ത നിലപാടുകളാണ് പണ്ഡിതന്മാർ സ്വീകരിച്ചത്. അവ താഴെ ചുരുക്കി വിശദീകരിക്കാം:

1) നീതിമാനായ മുസ്‌ലിം ഭരണാധികാരി.

നീതിമാനായ മുസ്‌ലിം ഭരണാധികാരിയോടുള്ള അനുസരണം നിർബന്ധമാണെന്നത് ഇസ്‌ലാമിക പ്രമാണങ്ങളാൽ ഖണ്ഡിതമാണ്. അല്ലാഹു പറയുന്നു:

“വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഫലത്തിനും ഇതാണ് ഉത്തമം.”(6)

നബി (സ) പറയുന്നു: “ആരെങ്കിലും എന്നെ അനുസരിച്ചാൽ അവൻ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും എന്നെ ധിക്കരിച്ചാൽ അവൻ അല്ലാഹുവിനെ ധിക്കരിച്ചു. ആരെങ്കിലും അമീറിനെ (നേതാവിനെ) അനുസരിച്ചാൽ അവൻ എന്നെ അനുസരിച്ചു. ആരെങ്കിലും അമീറിനെ ധിക്കരിച്ചാൽ അവൻ എന്നെ ധിക്കരിച്ചു.”(7)

അവരോട് വിമത സൈനിക നീക്കം (الخروج) നടത്തുന്നത് ഹറാമാണ്. അങ്ങനെ ആരെങ്കിലും ചെയ്താൽ അവൻ കാഫിറാവുകയില്ലെങ്കിലും തെറ്റുകാരനാകും, ഫിഖ്ഹിൽ അവരെ ‘باغي’ എന്ന പദം കൊണ്ടാണ് അഭിസംബോധന ചെയ്യുന്നത്.(8) അഥവാ, അനീതിയുടെയും അസത്യത്തിന്റെയും പക്ഷമുള്ള അൽ ജമാഅയുടെ പിന്തുണയില്ലാത്ത ഭരണാധികാരികൾക്കെതിരെ പോരാടുന്നത് بغي ന്റെ പരിധിയിൽ പെടുന്നതല്ല, മറിച്ച് ഭരണാധികാരി നീതിമാനും നിയമാനുസൃതനുമായിരിക്കെ അദ്ദേഹത്തിനെതിരിൽ പോരാടുമ്പോഴാണ് ഒരാൾ ‘باغي’ യായി കണക്കാക്കപ്പെടുന്നത്. ‘باغي’ യോട് യുദ്ധം ചെയ്യൽ അനുവദനീയമാണ്.(9) എന്നാൽ ഭരണാധികാരികളിൽ തെറ്റ് കണ്ടാൽ മിണ്ടാതിരിക്കണമെന്ന് ഇതിനർഥമില്ല. അവരെ തിരുത്തുകയും നന്മകൊണ്ട് ഉപദേശിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് ഉമ്മത്തിന്റെ ഉത്തരവാദിത്തമാണ്.(10)

2) അക്രമിയായ മുസ്‌ലിം ഭരണാധികാരി.

 

നന്മ കൽപ്പികുക, തിന്മ തടയുക എന്നത് മുസ്‌ലിം ഉമ്മത്തിന്റെ പ്രാഥമിക ദൗത്യങ്ങളിലൊന്നാണ്. അല്ലാഹു പറയുന്നു: “മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു,തിന്മ തടയുന്നു, അല്ലാഹുവില്‍ വിശ്വസിക്കുന്നു.”(11) ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥ ഖലീഫ കേന്ദ്രീകൃതമല്ല, മറിച്ച് അതിന്റെ പ്രഥമ ബിന്ദു ഉമ്മത്താണെന്ന് ഈ ആയത്ത് ഉണർത്തുന്നു. ഇമാമുൽ ഹറമൈനി (റ) പറയുന്നു: “മുസ്‌ലിംകളാണ് നിയമത്തിന്റെ അഭിസംബോധിതർ. നിയമം അനുവർത്തിക്കുന്ന കാര്യത്തിൽ സാധാരണക്കാരിൽ ഒരാൾ മാത്രമാണ് ഇമാം. പക്ഷേ അദ്ദേഹം നിയമം നടപ്പിലാക്കേണ്ട നിയുക്താധികാരിയാണ്”.(12) കൂടാതെ, ഒവാമിർ അൻജും ഇബ്നു തൈമിയ്യൻ (റ) ചിന്തകളിൽ അടങ്ങിയിരിക്കുന്ന “ഉമ്മത്ത് കേന്ദ്രീകൃത ഖിലാഫത്തെന്ന” (community centered view) ആശയത്തെ ‘പൊളിറ്റിക്സ്, ലോ , ആൻഡ് കമ്യൂണിറ്റി ‘ എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.(13) അഥവാ, ഭരണാധികാരികളിൽ നിന്നുണ്ടാവുന്ന അക്രമങ്ങൾ തടയേണ്ടത് ഉമ്മത്തിന്റെ ബാധ്യതയാണന്നെന്നാണ് അതിന്റെ മറുവശം. അതിനാലാണ് അക്രമത്തെ തടയുന്നതിനെക്കുറിച്ച ഹദീസുകളിൽ ‘ജനങ്ങൾ’, ‘ഉമ്മത്ത്’ എന്നീ അഭിസംബോധനകൾ കടന്നുവന്നത്. ഉദാഹരണമായി നബി (സ) പറയുന്നു:

“ജനങ്ങൾ അക്രമിയെ കാണുകയും എന്നിട്ട് തടയാതിരിക്കുകയും ചെയ്താൽ അല്ലാഹു അവന്റെ ശിക്ഷയെ അവർക്കിടയിൽ വ്യാപിപ്പിക്കും.”(14)

“ശക്തരിൽ നിന്ന് ദുർബലർക്ക് അവകാശങ്ങൾ വാങ്ങിക്കൊടുക്കാത്ത സമുദായത്തെ അല്ലാഹു പരിശുദ്ധിപ്പെടുത്തുകയില്ല.”(15)

ഭരണാധികാരി അക്രമിയും നിയമാനുസൃതത്വമില്ലാത്തവനുമാണെങ്കിൽ അയാളെ സ്ഥാനഭ്രഷ്ടനാക്കി പകരം നീതിമാനായ ഒരാളെ ചുമതലയേൽപ്പിക്കണമെന്നത് അടിസ്ഥാന തത്വമാകുന്നു. ഹുസൈൻ ബ്നു അലി, അബ്ദുല്ലാഹിബ്നു സുബൈർ (റ) തുടങ്ങിയ സ്വഹാബിമാരുൾപ്പെടെ ആദ്യകാല ഇസ്‌ലാമിലെ മഹത്തുക്കൾ വിപ്ലവശ്രമങ്ങൾക്ക് നേതൃത്വം നൽകുകയും അവയെ പിന്തുണക്കുകയും ചെയ്തത് ഈ അടിസ്ഥാന ആശയത്തെ മനസ്സിലാക്കിയതിനാലാണ്. ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക് (റ) തുടങ്ങിയ പണ്ഡിതന്മാർ ഭരണകൂട വിരുദ്ധ പോരാട്ടങ്ങളെ പിൻതാങ്ങിയിരുന്നതായി ചരിത്രരേഖകളിൽ കാണാം.(16) ഇമാം ശാഫിഈ (റ)യുടെ വീക്ഷണപ്രകാരം അക്രമം, ദുർന്നടപ്പ് (الفسق) എന്നിവകൊണ്ട് ഒരു ഭരണാധികാരി സ്ഥാനഭ്രഷ്ടനാക്കപ്പെടും.(17) ഇബ്നു ഹജർ അൽ അസ്ഖലാനി(റ) യുടെ വീക്ഷണത്തിൽ, “സലഫുകളുടെ സരണിയനുസരിച്ച് ചൂഷക ഭരണാധികാരിക്കെതിരെ സൈനികനീക്കം നടത്തണം. എന്നാൽ, ഇത് വലിയ പ്രതിസന്ധികളിലേക്ക് എത്തിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സലഫുകൾ ഈ നിലപാടുപേക്ഷിച്ചത്.”(18) ഭരണാധികാരി അക്രമിയാണെങ്കിൽ ഉമ്മത്തിന്റെ മേൽ രണ്ടിലൊരു തീർപ്പിലെത്തൽ നിർബന്ധമാണ്: ഒന്നുകിൽ അയാളെ പുറത്താക്കുക അല്ലെങ്കിൽ അയാളെ നേരയാക്കുക.(19)

എന്നാൽ, സലഫുകളുടെ നിലപാടുകളിൽ നിന്ന് പിൽക്കാല പണ്ഡിതന്മാരുടെ നിലപാടിലേക്കെത്തുമ്പോൾ വലിയ മാറ്റങ്ങൾ ദൃശ്യമാണ്. ഇമാം നസഫി പറയുന്നു: അക്രമവും ദുർന്നടപ്പും ഒരു ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കുകയില്ല.(20) അക്രമകാരിയാണെങ്കിലും ഭരണാധികാരികൾക്കെതിരെ സൈനിക നീക്കം ഭൂഷണമല്ലെന്ന് ഇമാം ത്വഹാവി അഭിപ്രായപ്പെടുന്നു.(21) ഭരണാധികാരി ഉത്തമനോ ദുർന്നടപ്പുകാരനോ ആണെങ്കിലും, പ്രയാസത്തിലും എളുപ്പത്തിലും അദ്ദേഹത്തെ പിൻപറ്റൽ നിർബന്ധമാണെന്നതാണ് അഹ്‌ലുസ്സുന്നയുടെ നിലപാടെന്ന് ഇമാം ഇബ്നു തൈമിയ്യ (റ) വിശദീകരിക്കുന്നു.(22) പ്രധാനപ്പെട്ട മൂന്ന് അഹ്‌ലുസ്സുന്ന സരണികളിലെ ആദരണീയ ഇമാമുമാരുടെ അഭിപ്രായങ്ങളാണ് ചുവടെ ചേർത്തത്. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട അഭിപ്രായ പ്രകടനങ്ങളായി ഇവയെ ഗണിക്കാൻ സാധിക്കില്ലെന്നു മാത്രമല്ല, ഭൂരിഭാഗം പിൽക്കാല പണ്ഡിതന്മാരും ഈ നിലപാടുകാരാണെന്ന് ഇത് തെളിയിക്കുന്നു. നവവി ഇമാം (റ) ഉൾപ്പെടെയുള്ള ചിലർ തദ്വിഷയത്തിൽ ഇജ്മാഉണ്ടെന്ന് അഭിപ്രായപ്പെടുന്നുണ്ട്.(23)

ഭരണാധികാരി അക്രമിയും ദുർന്നടപ്പുകാരനുമായിരിക്കെ അധികാരം നഷ്ടപ്പെടുമെന്ന അടിസ്ഥാന ആശയം നിലനിൽക്കേ തന്നെ, പിൽക്കാല പണ്ഡിതന്മാർ അവരെ അംഗീകരിക്കണമെന്ന നിലപാടിലേക്കെത്തിയത് എന്തുകൊണ്ടാണ്? സ്വഹാബികളുൾപ്പെടെ ആദ്യകാല സലഫുകൾ വിമത സൈനിക നീക്കങ്ങൾ (الخروج) നടത്തിയിരിക്കെ, പിൽക്കാല പണ്ഡിതന്മാർ അത് നിഷിദ്ധമാണെന്ന് വിധിയെഴുതിയത് എന്തുകൊണ്ട്?

ആദ്യകാല മുസ്‌ലിം പണ്ഡിതന്മാർ ആശയവാദികളും (idealist), എന്നാൽ പിൽക്കാല പണ്ഡിതന്മാർ തങ്ങളുടെ സമകാലിക സാഹചര്യങ്ങളെ ഉൾകൊണ്ട് യാഥാർത്ഥവാദികളും (realist), ക്വയറ്റിസ്റ്റുകളുമായി മാറിയെന്നാണ് ഓറിയൻറലിസ്റ്റുകൾ ഇതിന് കണ്ടെത്തിയ ഉത്തരം. എച്ച്. എ. ആർ ഗിബ്ബിന്റെ വീക്ഷണപ്രകാരം, “മുസ്‌ലിം ചരിത്രത്തിന്റെ ആദ്യ രണ്ട് നൂറ്റാണ്ടുകളിൽ ഉടലെടുത്ത നിരന്തര ഭരണകൂട വിമതനീക്കങ്ങളും ആഭ്യന്തര യുദ്ധങ്ങളും, ഖവാരിജുകൾ തീർത്ത അരക്ഷിതാവസ്ഥയും സ്വജനപക്ഷപാതിത്വം മൂലമുണ്ടായ കലഹങ്ങളുമെല്ലാം ഭരണകൂടത്തോടുള്ള പൂർണ്ണവിധേയത്വം എന്ന ആശയത്തിലേക്ക് പണ്ഡിതന്മാരെ നയിച്ചു, ഭരണം നീതിപൂർവ്വമാണെങ്കിലും അല്ലെങ്കിലും ശരി. അട്ടിമറിയിലൂടെ ഭരണം കൈക്കലാക്കിയവരെ (المتغلب) പണ്ഡിതന്മാർ അംഗീകരിച്ചെന്നു മാത്രമല്ല, അവരോടുള്ള അനുസരണം നിയമാനുസൃതവും ശറഈയായ നിർബന്ധിത ബാധ്യതയുമാക്കി മാറ്റി. അതോടെ ഭരണകൂടത്തോടുള്ള സമര-പോരാട്ടങ്ങൾ ഏറ്റവും ഹീനമായ കുറ്റകൃത്യമായി മുസ്‌ലിം ചിന്തയിൽ വേരുറച്ചു. ചുരുക്കിപ്പറഞ്ഞാൽ, ആദ്യ കാലങ്ങളിൽ തീർത്തും ആദർശവാദികളായ (Idealist) മുസ്‌ലിം പണ്ഡിതന്മാർ നിലനിൽക്കുന്ന ചരിത്രയാഥാർത്ഥ്യങ്ങളെ ഉൾകൊണ്ട് പിന്നീട് യാഥാർത്ഥ്യവാദികളായി (Realist) മാറി. അതുവഴി ഭരണകൂടത്തെ പൂർണ്ണമായി അംഗീകരിക്കുകയും അക്രമിയായ ഭരണാധികാരിയോടുള്ള സമര-പോരാട്ടങ്ങൾ പോലും നിരാകരിക്കുന്ന ക്വയറ്റിസ്റ്റ് സമീപനം സ്വീകരിക്കുകയും ചെയ്തു.”(24) ഹുസൈൻ ബ്നു അലി, അബ്ദുല്ലാഹിബ്നു സുബൈർ, ഇബ്നു അശ്അസ്, നഫ്‌സുസ്സകിയ്യ് (റ) തുടങ്ങി നിരവധി മഹത്തുക്കൾ ആദ്യകാലങ്ങളിൽ ശറഈയായ ഖിലാഫത്തിന്റെ പുനസ്ഥാപനത്തിനുവേണ്ടി വിപ്ലവശ്രമങ്ങൾ നടത്തിയതിനാലാവാം ” ആദർശവാദികളെന്ന്” അദ്ദേഹം അവരെ വിശേഷിപ്പിക്കുന്നത്.

 

ഖാലിദ് അബൂ ഫദലിന്റെ അഭിപ്രായത്തിൽ ഫുഖഹാക്കളുടെ ഭാഷാപ്രയോഗങ്ങളെ (Linguistic practice) കുറിച്ചുള്ള അജ്ഞതയാണ് അത്തരത്തിലൊരു തീർപ്പിലേക്ക് അവരെ എത്തിച്ചത്. എല്ലാ വിഷയങ്ങളിലെന്ന പോലെ ഫിഖ്ഹിന് അതിന്റെ ഭാഷയും പ്രയോഗങ്ങളുമുണ്ട്. അവയെ കുറിച്ചുള്ള അജ്ഞത വലിയ തെറ്റിദ്ധാരണകളും വിപരീതജ്ഞാനത്തിലേക്കും നയിക്കും.(25) ഉദാഹരണമായി, ഇമാം ഗസ്സാലിയെ ക്വയറ്റിസ്റ്റ് പണ്ഡിത പ്രമുഖന്മാരിൽ ഒരാളായി ഓറിയന്റലിസ്റ്റുകൾ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചില ഉദ്ധരണികളും തങ്ങളുടെ വാദം സമർത്ഥിക്കാനായി അവർ കൊണ്ടുവരുന്നു. ഈ വിഷയത്തിൽ ഇമാം ഗസ്സാലിയുടെ നിലപാടെന്തായിരുന്നു എന്ന് പരിശോധിക്കാം.

ഇമാം ഗസ്സാലി പറയുന്നു: “അക്രമിയായ ഭരണാധികാരിയെ അധികാരത്തിൽ നിന്ന് തടയേണ്ടതാണ്. അയാളെ നീക്കം ചെയ്യൽ നിർബന്ധമാണ്. തീർച്ചയായും അയാൾ ഒരു ഭരണാധികാരിയേ അല്ല”.(26) അദ്ദേഹം തുടരുന്നു : “അക്രമിയായ ഭരണാധികാരിക്ക് അധികാരശക്തിയുടെ സഹായവും നീക്കം ചെയ്യൽ പ്രയാസകരവും മറ്റൊരാളെ നിശ്ചയിക്കൽ ഫിത്‌നയിലേക്ക് നയിക്കുന്ന അവസ്ഥയുമാണെങ്കിൽ അയാളെ അനുസരിക്കലാണ് നിർബന്ധം”.(27)

പ്രത്യക്ഷത്തിൽ ഇമാം ഗസ്സാലി പറഞ്ഞത് വൈരുധ്യമായി തോന്നാമെങ്കിലും അവ രണ്ടും രണ്ടർഥത്തെയാണ് കുറിക്കുന്നത്. ആദ്യത്തേതിൽ അടിസ്ഥാന ശറഈ തത്വമാണദ്ദേഹം പറയുന്നത്, രണ്ടാമത്തേതിൽ അദ്ദേഹത്തിന്റെ കാലത്തെ നിർബന്ധിത സാഹചര്യത്തെയുമാണ് കുറിക്കുന്നത്. അക്രമവും ദുർന്നടപ്പും ഭരണാധികാരത്തിൽ നിന്ന് ഒരാൾ സ്ഥാനഭ്രഷ്ഠനാകാൻ കാരണമാകുമെന്ന് ഒരു ഫഖീഹ് വിശ്വസിക്കുന്നു, എന്നാൽ തന്റെ കാലത്തെ സാഹചര്യ സന്ദർഭങ്ങളെ മനസ്സിലാക്കി ഭരണകൂടത്തിനെതിരെ പോരാടുന്നതിനേക്കാൾ ഉത്തമം താത്കാലികമായി അതിനെ അംഗീകരിക്കലാണെന്ന് നിലപാടെടുത്താൽ, എങ്ങനെയാണ് അദ്ദേഹം ക്വയറ്റിസ്റ്റായി മാറുക?

മാത്രമല്ല, ഒരേസമയം ഇസ്‌ലാമിക പ്രമാണങ്ങളും (فقه الواجب) താൻ നിലനിൽക്കുന്ന കാലസന്ദർഭങ്ങളും (فقه الواقع) പരിഗണിക്കുന്നവനാണ് “ഫഖീഹ്” എന്ന് ഇമാം ഇബ്നുൽ ഖയ്യിം പറയുന്നു.(28) ഫുഖഹാക്കൾ എല്ലാ കാലത്തും ഈ രീതിശാസ്ത്രം തന്നെയാണ് അവലംബിച്ചത്. ആദ്യകാലത്തെ സലഫുകൾ ഈ രീതിശാസ്ത്രം പരിഗണിച്ച് ഭരണകൂട വിമതനീക്കങ്ങളെ പിന്തുണച്ചപ്പോൾ പിൽക്കാലക്കാർ അതിനെ നിരുത്സാഹപ്പെടുത്തി.*(29) എന്നാൽ, രണ്ടു കൂട്ടരും ആശയത്തെയും (ഇസ്‌ലാമിക പ്രമാണങ്ങൾ) യാഥാർത്ഥത്തെയും (നിലനിൽക്കുന്ന കാല-സാഹചര്യം) പരിഗണിച്ച് വ്യത്യസ്ത നിലപാടിലെത്തിച്ചേർന്നിരിക്കെ, ഒരു കൂട്ടർ ആശയവാദികളും മറു കൂട്ടർ യാഥാർഥവാദികളുമാകുന്നതെങ്ങനെ? മുമ്പ് സൂചിപ്പിച്ച പോലെ ഫിഖ്ഹിന്റെ പ്രവർത്തനത്തെയും ഭാഷാപ്രയോഗങ്ങളെയും കുറിച്ചുള്ള അജ്ഞത തന്നെയാണ് ഇവിടെയും കാണുന്നത്. അഥവാ, യൂറോപ്യൻ വിജ്ഞാന വ്യവഹാരം മുസ്‌ലിം പണ്ഡിത പാരമ്പര്യത്തെ മനസ്സിലാക്കുന്നത് ‘ക്വയറ്റിസ്റ്റ്-ആക്ടിവിസ്റ്റ്’, ‘ആശയവാദി-യാഥാർത്ഥവാദി’ തുടങ്ങിയ ദന്ദ്വങ്ങളിലൂടെയാണ്. എന്നാൽ, ഈ ദന്ദ്വങ്ങളിൽ ഒതുങ്ങുന്നതല്ല മുസ്‌ലിം പണ്ഡിത വ്യവഹാരമെന്നതാണ് യാഥാർത്ഥ്യം.

ഭരണകൂടത്തോടുള്ള സമീപനത്തിൽ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ വന്ന നിലപാട് മാറ്റത്തിന് നിരവധി കാരണങ്ങൾ പറയപ്പെടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ചിലത് താഴെ ചേർക്കാം:-

– ഇസ്‌ലാമിക ചരിത്രത്തിൽ കഴിഞ്ഞു പോയ ഭരണകൂട വിമതനീക്കങ്ങളിലധികവും വിഫലമായിരുന്നു എന്നു മാത്രമല്ല അതിന്റെ പരിസമാപ്തി അതിദാരുണവുമായിരുന്നു. അബ്ബാസി വിപ്ലവം പോലെ ചില വിപ്ലവശ്രമങ്ങൾ മാത്രമാണിതിന് അപവാദമായുള്ളത്. ഇതിന്റെ പരിണിത ഫലമായി മുസ്‌ലിം ഉമ്മത്തിൽ വിശിഷ്യാ പണ്ഡിതരിൽ വലിയ നിരാശയും ആശങ്കയും ജനിപ്പിച്ചു. ഇസ്‌ലാമിക മൂല്യങ്ങളെ പുനസ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ നടന്ന ഇത്തരം പോരാട്ടങ്ങളെ ഫിത്‌നയെന്ന് പണ്ഡിതന്മാർ വിശേഷിപ്പിച്ചത് ഇതിനാലാണ്.*(30) ഭരണകൂടം ഇസ്‌ലാമിക മൂല്യങ്ങൾക്ക് പകരം രാജാവിന്റെ ഇംഗിത പ്രകാരമായപ്പോൾ രണ്ടിലൊരു തീർപ്പിലെത്താൻ അവർ നിർബന്ധിതരായി- ഒന്നുകിൽ ഉമ്മത്തിന്റെ ഐക്യവും കെട്ടുറപ്പും സംരക്ഷിക്കാനായി നിലനിൽക്കുന്ന ഭരണവ്യവസ്ഥയെ അംഗീകരിക്കുക, അല്ലെങ്കിൽ ഇസ്‌ലാമിക ഭരണവ്യവസ്ഥക്ക് മുൻഗണന നൽകി അതിനെതിരെ പോരാടുക. ഉമ്മത്തിന്റെ ഐക്യവും സഹവർത്തിത്വവും പലപ്പോഴും ഫുഖഹാക്കളുടെ പ്രഥമ മുൻഗണക്ക് വിധേയമായി. രാജ്യത്തിൽ അരക്ഷിതാവസ്ഥ രൂപപ്പെടുമോയെന്ന് ഭയപ്പെട്ട അവർ ഭരണകൂടത്തോടുള്ള അനുസരണം സന്ദർഭാനുസൃത നിർബന്ധ ബാധ്യതയായി വീക്ഷിച്ചു. ആ ഭയവും നിരാശാബോധവും ചിലപ്പോൾ അവരെ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ വരെ പ്രേരിപ്പിച്ചു.(31)

– പ്രായോഗികമായി ഒരു അക്രമ ഭരണകൂടത്തിനെതിരെ/ ശറഈ സാധുതയില്ലാത്ത ഭരണാധികാരിക്കെതിരെ പോരാടുന്നതിന്റെയും, അയാളെ അനുസരിച്ച് മുന്നോട്ടു പോകുന്നതിന്റെയും അടിസ്ഥാനം ഫിഖ്ഹുൽ മഖാസിദും (ശരീഅത്തിന്റെ ആന്തരിക ചൈതന്യവും പൊരുളും) ഫിഖ്ഹുൽ മആലാത്തുമാണെന്നത് (കർമങ്ങളുടെ അനന്തരഫലത്തെക്കുറിച്ച പഠന ശാഖ) ഇസ്ലാമിക രാഷ്ട്രീയ ചരിത്രത്തിൽ നിന്നും അക്കാലങ്ങളിലെ പണ്ഡിതന്മാരുടെ നിലപാടുകളിൽ നിന്നും വ്യക്തമാണ്.

മുകളിൽ പരാമർശിച്ച പോലെ ഭരണാധികാരി അധർമിയും ചൂഷകനുമാണെങ്കിലും സ്ഥനാഭ്രഷ്ടനാവുകയില്ല എന്നതാണ് ഇമാം ത്വഹാവിയുടെ നിലപാട്. വലിയ കുഴപ്പങ്ങളും നാശനഷ്ടങ്ങളും അതുവഴി ഉണ്ടാകുമെന്നതിനാൽ തിന്മകളിൽ കൂടുതൽ ഗുരുതരമായത് ഒഴിവാക്കാൻ താരതമ്യേന ലഘുവായത് സ്വീകരിക്കുക (ارتكاب أخف الضررين) എന്ന ഫിഖ്ഹ് തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിലപാട് അദ്ദേഹം സ്വീകരിച്ചെതെന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്.(32) ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റ) പറയുന്നു: “പ്രയോജനവും ഉപദ്രവവും ഏറ്റുമുട്ടിയാൽ അവയിലേറ്റവും പ്രബലമായതിനെ മുന്തിക്കണം എന്ന പൊതു തത്വത്തിന് കീഴിലാണ് ഭരണാധികാരിയോടുള്ള യുദ്ധങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.”(33)

രാഷ്ട്രീയ അധർമത്തെ നിർമാർജനം ചെയ്യുന്നിടത്ത് കഴിവുണ്ടായാൽ മാത്രം പോര, മറിച്ച് അതുവഴി ശർഈയായ മസ്‌ലഹത്ത് (നന്മ) നേടാനും വലിയ മഫ്സദത്തിലേക്ക് (തിന്മ) അത് നയിക്കാതിരിക്കുകയും വേണമെന്നും ഫുഖഹാക്കൾ സിദ്ധാന്തിച്ചിരിക്കുന്നു. ഇമാം ഇബ്നു തൈമിയ്യ (റ) പറയുന്നു: “ശർഈ ആയ കർമശേഷി (الاستطاعة الشرعية) എന്നത് കേവല പ്രവർത്തനശേഷിയെ അല്ല കുറിക്കുന്നത്. മറിച്ച് നിയമദാതാവ് അതിന്റെ അനിവാര്യഫലങ്ങളെയും പരിഗണിക്കുന്നു. ഒരു കർമം ചെയ്യാൻ കഴിയുമെങ്കിലും, കൂടുതൽ അനർഥങ്ങൾക്ക് അത് വഴിവെക്കുമെങ്കിൽ ശറഇൽ പരിഗണനീയമല്ല.”(34) അഥവാ, ഫിഖ്ഹുൽ മഖാസിദും ഫിഖ്ഹുൽ മആലാത്തും പരിഗണിച്ചാണ് പണ്ഡിതന്മാർ സകല വിഷയങ്ങളിലെന്ന പോലെ തദ്വിഷയത്തിലും നിലപാട് രൂപീകരിച്ചത് .

– നിർബന്ധിതാവസ്ഥ നിഷിദ്ധമായതിനെ അനുവദനീയമാക്കുന്നു ( الضرورات تبيح المحظورات) എന്നത് ഫിഖ്ഹിലെ അംഗീകൃത തത്വങ്ങളിലൊന്നാണല്ലോ. നിലനിൽക്കുന്ന ഭരണവ്യവസ്ഥ എത്ര തന്നെ അനിസ്‌ലാമികമാണെങ്കിലും അതിനെ അംഗീകരിച്ചില്ലെങ്കിൽ മഹാദുരന്തങ്ങൾക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞ പണ്ഡിതന്മാർ (ഫിഖ്ഹുൽ മഖാസിദും ഫിഖ്ഹുൽ മആലാത്തും പരിഗണിച്ച്) അവരോടുള്ള അനുസരണം സന്ദർഭാനുസൃത ഇളവായി (رخصة) സ്വീകരിച്ചു. അതുകൊണ്ടാണ് ശർഇയ്യത്ത് ഇല്ലാത്ത ഭരണാധികാരിയെ അനുസരിക്കുന്നതിനെ ഇമാം ഗസ്സാലി (റ) നിർബന്ധിത സാഹചര്യത്തിൽ ശവം തിന്നുന്നതിനോട് ഉപമിച്ചത്.(35)

ഇമാം ഇബ്നു തൈമിയ്യ പറയുന്നു: ഇതിന്റെ (നിർബന്ധിതാവസ്ഥ നിഷിദ്ധമായതിനെ അനുവദനീയമാക്കുന്നു എന്ന കർമശാസ്ത്ര തത്വം) അടിസ്ഥാനത്തിൽ ചില സമയങ്ങളിൽ ഖുലഫാഉറാശിദുകളുടെ സുന്നത്തിൽ നിന്ന് വ്യതിചലിക്കൽ അനുവദനീയമാണ്. ചില ശർഈ കർത്തവ്യങ്ങളെ ഉപേക്ഷിക്കാനും ചില ഹറാമുകൾ ചെയ്യാനും അനുവദനീയമാകുന്നത് പോലെയാണത്. അവരുടെ ചില സുന്നത്തുകൾ പാലിക്കാൻ അശക്തമായതിനാലോ, നിർബന്ധിത സാഹചര്യത്താലോ, ഭരണകൂടവുമായി ബന്ധപ്പെട്ട കർത്തവ്യങ്ങൾ നിർവഹിക്കപ്പെടുന്നതിൽ ഉപദ്രവങ്ങളും അനർഥങ്ങളും പരമാവധി കുറയണം എന്നതിനാലുമാണത്.”(36)

എന്നാൽ, നീണ്ട കാലം സന്ദർഭോചിത ഇളവ് ഫുഖഹാക്കൾ ഉപയോഗപ്പെടുത്തിയപ്പോൾ പ്രസ്തുത ഇളവ് അടിസ്ഥാന നിയമത്തിന്റെ (العزيمة) സ്ഥാനത്താണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതായി ഇമാം ഇബ്നു ഹജർ അസ്ഖലാനിയെ ഉദ്ധരിച്ചു കൊണ്ട് മുഖ്താർ ശൻഖീത്തി സമർത്ഥിക്കുന്നു.(37) ഭരണക്രമം എത്ര തന്നെ അനിസ്‌ലാമികമായാലും അതിനെ അംഗീകരിക്കുക എന്ന തലത്തിലേക്ക് എത്തി എന്നതാണ് ഇതിന്റെ ഫലം. നിർബന്ധിത സാഹചര്യം നീങ്ങിയാലും ശവം തിന്നുന്നത് പോലെയാണിത്. ഫിത്‌നയുടെ ഉറവിടവും അടിസ്ഥാന സ്രോതസ്സും സ്വേഛാധിപത്യവും രാഷ്ട്രീയ അക്രമങ്ങളുമാണെന്നത് പതിയെ വിസ്മരിക്കപ്പെട്ടു.

ഖുർആനിൽ ഫിത്‌നയുടെ സാങ്കേതികാർത്ഥത്തെ കുറിച്ച് ഇമാം അബൂ സഹ്റ പറയുന്നു: “ഒരു വിശ്വാസിയെ അവന് സത്യമെന്ന് ബോധ്യമുള്ളതിനെ വിശ്വസിക്കുന്നതിൽ നിന്നോ അതിൽ തുടരുന്നതിൽ നിന്നോ തടഞ്ഞുകൊണ്ടുള്ള ഉപദ്രവമാണത്.”(38) സ്വഭാവികമായും അക്രമത്തിനിരയാകുന്നവർ അക്രമിയെ തടുക്കുന്നത് ഫിത്‌നയല്ല. തങ്ങളെ വധിച്ചു കൊണ്ടിരിക്കുന്ന ഭരണാധികാരിയോട് യുദ്ധം ചെയ്യലും വിപ്ലവം നടത്തലും ഫിത്‌നയല്ല, മറിച്ച് ഫിത്‌നയെ തടയലാണത്.

3) കാഫിർ/മുർത്തദ്ദായ ഭരണാധികാരി.

ഒരു ഭരണാധികാരി കാഫിർ/മുർത്തദ്ദ് ആയാൽ അയാളെ അനുസരിക്കൽ അനുവദനീയമല്ല.

“ജുനാദതുബ്നു അബീ ഉമയ്യയിൽനിന്ന് നിവേദനം: “ഉബാദതുബ്നുസ്വാമിത് രോഗിയായിരിക്കെ ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലാഹു താങ്കളെ ക്ഷേമത്തിലാക്കട്ടെ. നബിയിൽനിന്ന് താങ്കൾ ശ്രവിച്ച, അല്ലാഹു ഉപകാരപ്രദമാക്കുന്ന ഒരു ഹദീസ് ഞങ്ങൾക്ക് പറഞ്ഞു തന്നാലും’. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നബി ഞങ്ങളെ വിളിക്കുകയും ഞങ്ങൾ നബിയോട് ബൈഅത്ത് ചെയ്യുകയുമുണ്ടായി. അവിടുന്ന് അപ്പോൾ ഞങ്ങളിൽ നിന്ന് സ്വീകരിച്ച കരാറിൽപെട്ടതാണ്: ഉത്സാഹമുള്ളപ്പോഴും ഇഷ്ടമില്ലാത്തപ്പോഴും പ്രയാസമുള്ളപ്പോഴും എളുപ്പമുള്ളപ്പോഴും, അവർ (ഭരണാധികാരി) സ്വാർഥതയോടെ പ്രവർത്തിക്കുമ്പോഴും ഞങ്ങൾ അവരെ കേട്ട് അനുസരിച്ചുകൊള്ളാം, അധികാരത്തിന്റെയും നേതൃത്വത്തിന്റെയും കാര്യത്തിൽ അതിന്റെ കൈകാര്യ കർത്താക്കളെ ഞങ്ങൾ എതിർക്കുകയില്ലെന്നുമുള്ള ബൈഅത്ത്. അപ്പോൾ നബി കൂട്ടിച്ചേർത്തു; “അല്ലാഹുവിങ്കൽ നിന്ന് വ്യക്തമായ തെളിവ് മുഖേന നിങ്ങളുടെയടുത്ത് സ്ഥിരപ്പെട്ടിട്ടുള്ള കടുത്ത നിഷേധം (കുഫ്ർ) അവരിൽ നിങ്ങൾ ദർശിച്ചാലല്ലാതെ”.(39)

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുഹജർ അൽ അസ്ഖലാനി പറയുന്നു: “ഒരു ഭരണാധികാരി കാഫിറായി വ്യതിചലിച്ചാൽ അയാളെ അനുസരിക്കൽ അനുവദനീയമല്ല. മാത്രമല്ല, സാധ്യമായവർ അയാൾക്കെതിരെ ജിഹാദ് ചെയ്യണം.”(40) എന്നാൽ, അയാൾക്കെതിരെ വിമത നീക്കം നടത്തുമ്പോഴും ഫിഖ്ഹുൽ മഖാസിദും ഫിഖ്ഹുൽ മആലാത്തും പരിഗണിക്കേണ്ടതുണ്ട്. ഇമാം അളുദുദ്ദീൻ അൽ ഈജി പറയുന്നു: ” ഒരു ഭരണാധികാരിയെ നീക്കം ചെയ്യേണ്ടത് നിർബന്ധമാകുമ്പോഴാണ്. എന്നാൽ, അത് ഫിത്‌നയിലേക്ക് നയിക്കുമെങ്കിൽ താരതമ്യേന ലഘുവായ തിന്മ (أخف الضررين) സ്വീകരിക്കേണ്ടതാണ്”.(41)

ഇസ്‌ലാമിക പാരമ്പര്യത്തിൽ ഭരണകൂടത്തോടുള്ള സമര-പോരാട്ടങ്ങളെ പണ്ഡിതന്മാർ എങ്ങനെ വീക്ഷിച്ചു എന്നാണ് ഇതുവരെ വിശദീകരിച്ചത്.

പൂർവ്വാധുനികതയിൽ നിന്ന് ആധുനിക ലോകം തികച്ചും വ്യത്യസ്തപ്പെട്ടിരിക്കുന്നു. വ്യക്തി ജീവിതം മുതൽ ഭരണക്രമം വരെ ഇത് പ്രകടമാണ്. ആധുനിക ദേശരാഷ്ട്ര രൂപീകരണം, കേന്ദ്രീകൃത ഖിലാഫത്തിന്റെ അഭാവം, മതേതരത്വ സങ്കൽപനങ്ങൾ തുടങ്ങിയവ മുസ്‌ലിം ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ നിസ്സാരമല്ലല്ലോ! ഫിഖ്ഹ് കാല സന്ദർഭത്തിനനുസൃതമായി വികാസം പ്രാപിക്കുന്നതുകൊണ്ടുതന്നെ, പൂർവ്വാധുനിക ഫിഖ്ഹ് അതുപോലെ തന്നെ പുതിയലോകത്ത് ഒരിക്കലും അനുയോജ്യമാവുകയില്ല. എത്രത്തോളമെന്നാൽ, കൊളോണിയൽ സന്ദർഭത്തിലെ വീക്ഷണങ്ങൾ പോലും പുതിയ ലോകത്ത് ഉചിതമാകണമെന്നില്ല.(42) എന്നാലും കഴിഞ്ഞു പോയ മുസ്‌ലിം പണ്ഡിത വ്യവഹാരങ്ങൾ നിരവധി പാഠങ്ങൾ ബാക്കിയാക്കുന്നുണ്ട്.

 

1) ഭരണകൂടം ഹിംസയെ തങ്ങളുടെ നയമായി സ്വീകരിക്കുകയും തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ഹിംസാത്മകമായി കൈകാര്യം ചെയ്യുകയും പിന്നീട് അത് നീതീകരിക്കപ്പെടുകയും ചെയ്യുന്ന ജനാധിപത്യ-സെക്കുലർ സങ്കൽപങ്ങൾക്ക് ഇസ്‌ലാമിലെ സമര-പോരാട്ടവുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ (أحكام البغاة) ബദൽ തീർക്കുന്നു. ഭരണകൂട ആശയങ്ങളെ എതിർക്കുന്നവർ തീവ്രവാദിയും ഭീകരവാദിയുമായി ചിത്രീകരിക്കപ്പെടുന്ന ആധുനിക ലോകത്ത്, ഭരണകൂട വിമതരുടെ അവകാശങ്ങളെ കുറിച്ച് വാചാലമാകുന്ന ഫുഖഹാക്കൾ ഉയർന്ന നൈതികതയെ പ്രതിനിധീകരിക്കുന്നു. അതുവഴി ഭരണകൂട അധികാരത്തെ നിയന്ത്രിക്കാനും വിമതരെ ഹിംസാത്മകമായി കൈകാര്യം ചെയ്യുന്നത് തടയാനുമാകുന്നു. കൊള്ളക്കാരെയും വിമതരെയും രണ്ടായി പരിഗണിച്ച അവർ ‘ഭരണകൂട വിമതർ തീവ്രവാദികളാണെന്ന’ സങ്കൽപത്തെ നൈതികമായി ചോദ്യം ചെയ്യുന്നു. സാധാരണ കുറ്റവാളികളെ പോലെയല്ല ഭരണകൂടത്തോട് കൃത്യമായ ന്യായത്താൽ (تأويل) പോരാടുന്നവരെ ഫുഖഹാക്കൾ നോക്കികാണുന്നത്. അതുകൊണ്ടു തന്നെ അവരെ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക നിയമനിർദേശങ്ങളും അവർ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. യുദ്ധ ശേഷം അവരെ കൊല്ലാനോ, അംഗച്ഛേദം വരുത്താനോ പാടില്ല, പോരാട്ടത്തിനിടയിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാവുന്നതല്ല, കൃത്യമായ കാരണങ്ങളില്ലാതെ വിമതർക്കെതിരെ മാരകായുധങ്ങൾ പ്രയോഗിക്കാവുന്നതല്ല, അവർ പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങിയാൽ പിന്നെ അത് തുടരാവുന്നതല്ല, ഇങ്ങനെ തങ്ങളുടെ കൃതികളിലെ ഒരു അധ്യായം തന്നെ വ്യത്യസ്ത മദ്ഹബിലെ നിരവധി പണ്ഡിതന്മാർ ഇതുമായി ബന്ധപ്പെട്ട കർമ്മശാസ്ത്ര വിധികൾ പറയാനായി മാറ്റിവെച്ചിട്ടുണ്ട്.*(43)

2) ആധുനിക ലോകത്ത് ഭരണകൂട ഹിംസയെ വെല്ലുവിളിക്കുന്ന ക്രിയാത്മക പ്രതീകമാണ് സമരങ്ങൾ. അവഗണിക്കപ്പെട്ടവർക്ക് നീതി ലഭിക്കാനുള്ള അന്തിമ അഭയസ്ഥാനങ്ങളാണ് തെരുവുകൾ ഇന്ന്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ വിസമ്മതിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, പലപ്പോഴും അക്രമങ്ങളിലൂടെ തങ്ങളോട് വിസമ്മതിക്കുന്നവരെ നിശബ്ദരാക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കുന്നു. പൂർവ്വകാല പണ്ഡിതന്മാർ സ്വീകരിച്ച അതേ രീതിശാസ്ത്രമാണ് ഇവിടെ നമ്മളും അവലംബിക്കേണ്ടത്. രീതിശാസ്ത്രം ഒന്നാണെന്നതിനാൽ അവസാന തീർപ്പും ഒന്നാവണമെന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളും (علم الواجب) താൻ നിലനിൽക്കുന്ന കാലസന്ദർഭങ്ങളും (علم الواقع), ഫിഖ്ഹുൽ മഖാസിദും, ഫിഖ്ഹുൽ മആലാത്തും പരിഗണിച്ച് ഇത്തരം സമര പോരാട്ടങ്ങളെ വിലയിരുത്തേണ്ടതുണ്ട്. എന്നാൽ, മആലാത്ത് (ഒരു കാര്യത്തിന്റെ പരിണിതി) എങ്ങനെ നിർണയിക്കാം എന്നത് ഗൗരവമായ ഒരാലോചനയാണ്. ഗണിതത്തിൽ ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് കിട്ടുന്ന പോലെയല്ല സാമൂഹിക വിഷയങ്ങൾ. അത് ഒരുപാട് വൈരുധ്യങ്ങളും സങ്കീർണതകൾ നിറഞ്ഞതുമാണ്. അതിനാൽ, ഇസ്‌ലാമിക പ്രമാണങ്ങളും നിലനിൽക്കുന്ന സാമൂഹിക പരിതസ്ഥിതിയെയും പറ്റി അഗാധജ്ഞാനമുള്ള മുജ്തഹിദുകൾക്ക് മാത്രമേ ശരിയായ നിലപാടിലെത്തിച്ചേരാൻ കഴിയൂ.

3) ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇസ്‌ലാമിലെ ഭരണകൂടത്തോടുള്ള സമീപനത്തെ കുറിച്ച് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് അറബ് വസന്ത കാലത്തായിരുന്നു. അന്ന് വിവിധ ധാരയിലുള്ള പണ്ഡിതർക്കിടയിൽ നടന്ന സംവാദങ്ങളും ചർച്ചകളും പരിശോധിച്ചാൽ ഇതിലെ സങ്കീർണവും വൈവിധ്യപൂർണ്ണവും സമ്പന്നവുമായ ഫിഖ്ഹ് വ്യവഹാരത്തെ ദർശിക്കാനാവും.*(44) ഉസ്താദ് ഖറദാവി, റൈസൂനി, അബ്ദുൽ മജീദ് അന്നജ്ജാർ,മുഹമ്മദ് ഇമാറ തുടങ്ങിയ പണ്ഡിതന്മാർ സമരക്കാരെ പിന്തുണച്ചപ്പോൾ ഉസ്താദ് ബൂത്വി, ഹംസ യൂസുഫ്, അഹ്‌മദ് അത്വയ്യിബ്, അലി ജുമുഅ തുടങ്ങിയവർ ഭരണകൂടത്തോടുള്ള വിധേയത്വത്തിന് മുൻഗണന നൽകി. എന്നാൽ അലി ജുമുഅ ഉൾപ്പെടെ ചിലർ പരിധിക്കപ്പുറം കടന്ന് തികച്ചും ഭരണകൂടവാദം (statist) കൈകൊണ്ടു. ഈജിപ്ഷ്യൻ തെരുവുകളിൽ സമരം ചെയ്യുന്നവർ ഖവാരിജുകളാണെന്നും അവരുടെ രക്തം ചിന്തൽ അനുവദനീയമാണെന്നും അദ്ദേഹം ഫത്‌വ നൽകി.(45) ഖാലിദ് അബൂ ഫദൽ പറയുന്നു: ഭരണകൂടത്തോട് വിസമ്മതിച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ നിരപരാധികളായ അനേകം മനുഷ്യരെ ഖവാരിജുകൾ എന്ന് മുദ്രകുത്തി അവരെ കൂട്ടക്കുരുതി നടത്താൻ ഒരു പണ്ഡിതൻ ഫത്‌വ നൽകുമെന്ന് ഒരിക്കൽ പോലും ഞാൻ വിചാരിച്ചിട്ടില്ല. താൻ പറഞ്ഞത് തെറ്റാണെന്ന് അദ്ദേഹത്തിന് പോലും അറിയാം.”(46) ഇത്തരം ഭരണകൂടവാദങ്ങൾ ക്വയറ്റിസമല്ലെന്നു മാത്രമല്ല, കൃത്യമായ രാഷ്ട്രീയ പ്രേരിതമാണ്. ഇസ്‌ലാമിൽ ഇതിന് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ഒവാമിർ അൻജും സമർത്ഥിക്കുന്നു.(47) ഇമാം ത്വഹാവി പറയുന്നു: “വിശ്വസ്തരെയും നീതിമാന്മാരെയും നമ്മൾ ഇഷ്ടപ്പെടുന്നു, അക്രമകാരികളെയും വഞ്ചകരെയും നമ്മൾ വെറുക്കുന്നു.”(48) അക്രമിയോട് ചേർന്ന് നിൽക്കുന്നതും അയാളെ പ്രീണിപ്പിക്കാനായി സകല കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുന്നതും ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ടാണ്, ശർഇന് നിഷിദ്ധമാക്കിയ അഞ്ച് തരം ഫിത്‌നകളെ പരാമർശിക്കുമ്പോൾ ഉസ്താദ് റൈസൂനി അതിൽ രണ്ടാമതായി ചേർക്കുന്നു – അക്രമികളും കുഴപ്പക്കാരുമായ ഭരണാധികാരികളിൽ നിന്നും അവരോടൊപ്പമുള്ള കൊട്ടാര പണ്ഡിതന്മാരിൽ നിന്നുമുടലെടുക്കുന്ന ഫിത്‌ന.(49)

പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (അല്‍മാഇദ : 2)

Reference

1)സൂറ അന്നിസാഅ: 58,59, സ്വഹീഹ് മുസ്‌ലിം:1851, 1478 തുടങ്ങിയവ.

2) شرح العقائد النفسية للامام التفتازاني: ١٤٠

3) الإقتصاد في الإعتقاد للإمام الغزالي، ص: ٢١٤

4) السنة والشيعة وحدة الدين خلاف السياسة والتاريخ، ص: ٤٠

*ഇസ്‌ലാമിക വിശ്വാസ സംഹിത രണ്ടായി വിഭജിക്കാം: ഒന്ന്, അടിസ്ഥാന വിശ്വാസങ്ങൾ (أصول الإيمان/أركان الإيمان), ഈമാനിന്റെ അവിഭാജ്യ ഘടകങ്ങളാണിവ. ഇതുകൂടാതെ ഈമാൻ പുറത്തിയാകില്ല. അല്ലാഹുവിലും അവന്റെ പ്രവാചകന്മാരിലും മാലാഖമാരിലും അന്ത്യനാളിലും വിധിയിലുമുള്ള വിശ്വാസം ഇതിൽ ഉൾപ്പെടുന്നു, രണ്ട്, ശാഖാപരമായ വിശ്വാസങ്ങൾ (فروع الدين), അടിസ്ഥാന വിശ്വാസങ്ങളിൽ ഉൾപ്പെടാത്ത എല്ലാം ഫുറൂഇയ്യാത്തുകളാണ്. അവയിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ഇമാമത്ത് ഇതിൽ ഉൾപ്പെടുന്നു. (കൂടുതൽ വായനക്ക്: (المنهاج السنة للامام ابن تيمية:١.٦-١١.

5) ibid : 41

6) അന്നിസാഅ് : 59

7) ബുഖാരി(2957)، മുസ്‌ലിം(1835)

8) كتاب الأم للإمام الشافعي، كتاب قتال أهل البغي وأهل الردة

9) സൂറ ഹുജറാത്ത്: 9

10) *അബൂബക്കർ, ഉമർ (റ) എന്നിവരുടെ ബൈഅത്ത് പ്രസംഗങ്ങൾ ഇതിനെ സൂചിപ്പിക്കുന്നു.

11) ആലുഇംറാന്‍ : 110

12) غياث الأمم للامام الجويني، ص: ٢٧٦

13) Politics, Law, and Community in Islamic Thought, 229-233

14) അബൂദാവൂദ്: 394, വാള്യം:6

15) ഇബ്നുമാജ: 2426

16) البداية والنهاية لابن كثير، تاريخ الذهبي

17) شرح العقائد النفسية للامام التفتازاني، ص:١٤٦

18) تهذيب التهذيب للامام ابن حجر العسقلاني، ٢٨٨/٢

19) طبائع الإستبدداد لعبد الرحمن الكواكبي، ص: ١٨٠

20) شرح العقائد النفسية للامام التفتازاني، ص:١٤٦

21) العقيدة الطحاوية للإمام الطحاوي، ص: ٢٤

22) قاعدة مختصرة في وجوب طاعة الله ورسوله وولاة الأمور للامام ابن تيمية، ص: ٦

23) شرح صحيح مسلم للإمام النووي، (١٢/٢٢٩) ط. دار إحياء التراث العربي

24) Gibb, constitutional, pg: 15,

25) Rebellion and Violence, Khalid Abou Fadl, pg: 321-325

26) احياء علوم الدين للامام الغزالي، ص: ١٤٠

27) ibid:140

28) اعلام الموقعين لابن القيم، ٤٩/٣

29) *ആദ്യകാല സലഫുകൾ ഒന്നടക്കം ഈ നിലപാടുകാരാണെന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. അക്രമിയായ ഭരണാധികാരിക്കെതിരെ വിമത സൈനിക നീക്കം നടത്തുന്നത് നിരുത്സാഹപ്പെടുത്തിയ നിരവധി പേർ അക്കൂട്ടത്തിലുണ്ട്. അബ്ദുല്ലാഹിബ്നു ഉമർ (റ), ഹസനുൽ ബസ്വരി(റ), ഇമാം സുഹ്‌രി തുടങ്ങിയവർ ഉദാഹരണം. എന്നാലും വലിയ വിഭാഗം പണ്ഡിതർ വിമതനീക്കങ്ങളെ പിന്തുണച്ചിരുന്നു.

30) *ഇബ്നു കസീർ, ത്വബരി, അദ്ദഹബി തുടങ്ങിയ ചരിത്ര പണ്ഡിതന്മാർ ഇബ്നു സുബൈറിന്റെ (റ) വിപ്ലവശ്രമത്തെ വിശേഷിപ്പിക്കുന്നത് فتنة ابن زبير എന്നാണ്.

31) الأزمة الدستورية لمختار الشنقيطي، ص: ٤١٥-٤٢٢

32) شرح العقيدة الطحاوي للشيخ عبد الرحمن بن ناصر البراك، شرح الطحاوي في العقيدة السلفية لمحمد بن ابي العز الحنفي

33) الحسبة في الاسلام للامام ابن تيمية، ص: ٤٢-٤٣

34) منهاج السنة لإمام ابن تيمية، ٤٩/٣

35) الاقتصاد في الاعتقاد للامام الغزالي، ص: ١٣٠

36) الخليفة والملك لامام ابن تيمية، ص:٣٤

37) الأزمة الدستورية ، مختار الشنقيطي، ص: ٤٣١

38) زهرة التفاسير لأبي زهرة، ص: ٣١٢٧

39) 7055 :البخاري

40) فتح الباري للامام ابن حجر العسقلاني، ص:١٠، من كتاب الفتن

41) المواقف للقاضي عضد الدين الإيجي، شرحها الجرجاني، ص: ٣/٥٩٥

42) Rebellion and Violence, Khalid Abou Fadl, pg: 336

43) ഇമാം ശാഫിഈ (കിതാബുൽ ഉമ്മ്), ഇമാം മുസ്നി (മുഖ്തസറുൽ മുസ്നി) തുടങ്ങിയവർ ഉദാഹരണം.

44) * കൂടുതൽ വായനക്ക് Islam and Arab Revolution, Usaama Al-Azami

45) Islam and Arab Revolution, Usaama Al-Azami : Appendix 3

46) Ethics of Rebellion, Khalid Abou Fadl

47) Rebellion in Islam, Prof. Ovamir Anjum

48) العقيدة الطحاوية للإمام الطحاوي،ص:٢٤

4

തൗഫീഖ് അസ്‌ലം