“അധികാരത്തിനെതിരായ മനുഷ്യന്റെ പോരാട്ടം മറക്കുന്നതിനെതിരായ ഓർമ്മയുടെ പോരാട്ടമാണ്”.
റാണാ അയ്യൂബ് അവരുടെ അന്വേഷണാത്മക കൃതിയായ ഗുജറാത്ത് ഫയൽസ് – അനാട്ടമി ഓഫ് എ കവറപ്പ് എന്ന പുസ്തകത്തിൻ്റെ ആമുഖം തുടങ്ങുന്നത് മിലൻ കുന്ദേരയുടെ ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്. 2002 ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ഇന്ത്യയുടെ ശേഷിപ്പിൻ്റെ ഏടുകളിൽ ചോദ്യമുനകളുമായി ഒഴിയാതെ പിന്തുടരുന്നുണ്ട്. നരേന്ദ്രമോദിയുടെ അധികാര കുപ്പായത്തിൽ മായ്ക്കാനാവാത്ത കറയായി അതവശേഷിക്കുന്നുണ്ടെന്നാണ് മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ ബിബിസി 2-ൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയോട് പറഞ്ഞത്.
ആദ്യ ഭാഗം ജനുവരി 17ന് പ്രേക്ഷണം ചെയ്‌ത ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം ജനുവരി 24 ന് പുറത്തിറങ്ങും. “നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങൾ ഈ പരിപാടിയിൽ അടങ്ങിയിരിക്കുന്നു” എന്ന ആമുഖത്തോടെയാണ് ബിബിസി ഡോക്യുമെൻ്ററി ആരംഭിക്കുന്നത്. 2002 ഗുജറാത്ത് കലാപവേളയിൽ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മോദിയാണ് അക്രമത്തിലേക്ക് നയിച്ച “ശിക്ഷയില്ലാത്ത കാലാവസ്ഥയ്ക്ക് നേരിട്ട് ഉത്തരവാദി”യെന്ന് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ അയച്ച സംഘം നൽകിയ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ഡോക്യുമെൻ്ററി അവകാശപ്പെട്ടു.
ഇന്ത്യയിലെ ‘ഹിന്ദു ഭൂരിപക്ഷവും’ മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷങ്ങൾ ഇതിൽ പരിശോധിക്കുന്നുണ്ട്. ആ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയം നിരീക്ഷിക്കുന്നു. ബി.ജെ.പി. അംഗങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പെടെ നിരവധി അഭിപ്രായങ്ങൾ ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2002 ഫെബ്രുവരിയിലും മാർച്ചിലും അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന സബർമതി എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ച് ഗോധ്രയിൽ ഒരു ജനക്കൂട്ടം കത്തിച്ചതിനെ തുടർന്ന് ഗുജറാത്തിൽ വലിയ തോതിലുള്ള വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കലാപത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക രേഖകൾ കാണിക്കുന്നു. 2002ലെ കലാപത്തിനിടെയുണ്ടായ അക്രമത്തിന്റെ വ്യാപ്തി “റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ വലുതാണ്” എന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം നിഗമനം ചെയ്തതായി ഡോക്യുമെന്ററി അവകാശപ്പെടുന്നു. 2002 ഫെബ്രുവരി 27 ന് മോദി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കാണുകയും കലാപത്തിൽ ഇടപെടരുതെന്ന് ഉത്തരവിട്ടതായും “വിശ്വാസയോഗ്യമായ ബന്ധങ്ങൾ” ഉദ്ധരിച്ച് അതിൽ പറയുന്നു.
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്താണ് ഗുജറാത്തിലെ അക്രമം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുൻ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ(പേര് വെളിപ്പെടുത്തിയിട്ടില്ല) ആരോപിച്ചതായി ഡോക്യുമെന്ററി കാണിക്കുന്നുണ്ട്. “അക്രമത്തിനിടെ 2,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്, ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണ്. മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ചുള്ള ആസൂത്രിതവും രാഷ്ട്രീയവുമായ ഒരു വംശഹത്യയെന്നാണ് ഞങ്ങൾ അതിനെ വിശേഷിപ്പിച്ചത്. ആർ.എസ്.എസുമായി ബന്ധമുള്ള വിഎച്ച്പി എന്ന തീവ്ര ഹിന്ദു ദേശീയ സംഘടനയാണ് അക്രമം സംഘടിപ്പിച്ചതെന്ന് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ തന്റെ ഭരണത്തിന് കീഴിലുള്ള കലാപങ്ങൾ തടയാൻ താൻ വേണ്ടത്ര ശ്രമിച്ചില്ലെന്ന ആരോപണങ്ങൾ നരേന്ദ്ര മോദി നിഷേധിച്ചു. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യയുടെ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്ലോഷ്വർ റിപ്പോർട്ട് 2012 ഫെബ്രുവരിയിൽ മോദിക്കും മറ്റ് 63 പേർക്കുമെതിരെ പ്രോസിക്യൂട്ടബിൾ തെളിവുകളില്ലെന്ന് പറഞ്ഞു. 2013ൽ ഒരു മജിസ്‌ട്രേറ്റ് ടീമിന്റെ റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂൺ 24ന്, എസ്‌ഐടി റിപ്പോർട്ടിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സക്കിയ ജാഫ്രി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2002 ഫെബ്രുവരി 28-ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ ഒരു ജനക്കൂട്ടം കല്ലെറിഞ്ഞും വീടുകൾ കത്തിച്ചും അക്രമം അഴിച്ചുവിട്ടപ്പോൾ കൊല്ലപ്പെട്ട 69 പേരിൽ ഇഹ്‌സാൻ ജാഫ്രിയും ഉൾപ്പെടുന്നു.
ജിൽ മക്‌ഗിവറിങ്ങിന് മോദി നൽകിയ ഒരു പഴയ അഭിമുഖത്തിൽ നിന്നുള്ള ഒരു ചെറിയ ഉദ്ധരണി ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ “തീർത്തും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ്, നിങ്ങൾ എവിടെ നിന്നാണ് ഇത്തരം മാലിന്യങ്ങൾ എടുത്തതെന്ന് എനിക്കറിയില്ല” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തള്ളിക്കളയുന്നുണ്ട്. “ദയവായി ഞങ്ങളോട് മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കരുത്. മനുഷ്യാവകാശങ്ങൾ എന്താണെന്ന് നമുക്കറിയാം. ബ്രിട്ടീഷുകാരിയായ നിങ്ങൾ ഞങ്ങളോട് മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രസംഗിക്കരുത്,” എന്ന് മോദി ക്ഷോപിക്കുന്നത് കാണാം. “അദ്ദേഹം [മോദി] എന്നെ വളരെ സ്വാധീനശക്തിയുള്ള, ശക്തയും തികച്ചും ഭയാനകവുമായ വ്യക്തിയായി കണ്ടു,” എന്ന് ജിൽ മക്‌ഗിവറിംഗ് ഇതിനെക്കുറിച്ച് ഡോക്യുമെന്ററിയിൽ അനുസ്മരിച്ചു.
തങ്ങളുടെ നയങ്ങൾ മുസ്ലീങ്ങളോടുള്ള ഏതെങ്കിലും മുൻവിധിയോടുകൂടിയുള്ളതാണെന്ന് മോദിയും അദ്ദേഹത്തിന്റെ സർക്കാരും നിരസിക്കുന്നുണ്ടെങ്കിലും അവരുടെ നയങ്ങൾ ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള മനുഷ്യാവകാശ സംഘടനകൾ ആവർത്തിച്ച് വിമർശിക്കുന്നുണ്ട്. 2014 മുതൽ അധികാരത്തിലിരിക്കുന്ന മോദിയുടെ കീഴിൽ, ഇന്ത്യയിലെ മുസ്ലീങ്ങൾ അക്രമങ്ങൾക്കും ആൾക്കൂട്ടക്കൊലകൾക്കും വിവേചനങ്ങൾക്കും വിധേയരായിട്ടുണ്ട്. ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നത് നഗ്നമായ യാഥാർഥ്യമാണ്. ഹിന്ദു പ്രസ്ഥാനങ്ങളും ബിജെപിയുടെ അനുയായികളും രാജ്യത്തെ ഒരു പ്രത്യേക ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ആഹ്വാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
മുസ്ലീങ്ങൾക്കെതിരായ വ്യവസ്ഥാപിതവും ഭരണകൂടം സ്പോൺസർ ചെയ്യുന്നതുമായ വിവേചനത്തിൽ മുസ്ലീം സ്ത്രീകളുടെ ഹിജാബ് നിരോധിക്കുന്ന നിയമങ്ങൾ വരെ ഉൾപ്പെടുന്നു. അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമവും വർഷങ്ങളായി പാസാക്കിയ മറ്റ് വിവാദ നിയമങ്ങളിൽ ഉൾപ്പെടുന്നുണ്ട്. യുകെ അന്വേഷണ റിപ്പോർട്ടിൽ, ബിബിസി ഡോക്യുമെന്ററി പ്രകാരം, മോദി അധികാരത്തിൽ തുടരുന്നിടത്തോളം “അനുരഞ്ജനം അസാധ്യമാണ്” എന്ന് കാണിക്കുന്നു.
ഡോക്യുമെൻററിക്കെതിരെ രാജ്യത്ത് മോദി അനുകൂല ആളുകളുടെ പ്രതിഷേധം ശക്തമാണ്. “നരേന്ദ്രമോദിയെ രാഷ്ട്രീയമായി നശിപ്പിക്കുക എന്നതാണ് അവരുടെ അജണ്ട – ഈ അജണ്ട വ്യക്തമായ രാഷ്ട്രീയമാണ്,” എന്നാണ് മോദിയെ പ്രതിരോധിച്ച കോളമിസ്റ്റും രാജ്യസഭാംഗവുമായ സ്വപൻ ദാസ്ഗുപ്ത പറഞ്ഞത്. ബിബിസി ഡോക്യുമെന്ററിയെ അപകീർത്തിപ്പെടുത്തുന്ന ആഖ്യാനം പ്രചരിപ്പിക്കാനുള്ള ഒരു “പ്രചാരണ ഭാഗം” എന്ന് വിശേഷിപ്പിച്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്, “പക്ഷപാതം”, “വസ്തുനിഷ്ഠതയുടെ അഭാവം”, “തുടർച്ചയായ കൊളോണിയൽ ചിന്താഗതി” എന്നിവ അതിൽ “വ്യക്തമായി ദൃശ്യമാണ്,” എന്നാണ്. ‘അപകോളനീകരണം’ ഇപ്പോൾ ഹിന്ദു വലതുപക്ഷത്തിന്റെ ബാനറായി മാറിയിരിക്കുന്നു, ഇന്ത്യൻ മനസ്സിന്റെ പുനർ ബ്രാഹ്മണവൽക്കരണത്തിനുള്ള അലിബിയായാണ് അവർ അപകോളനീകരണത്തെ ഉപയോഗിക്കുന്നത്.
“ഇന്ത്യയിലെ മുസ്‌ലിംകളുമായുള്ള നരേന്ദ്ര മോദിയുടെ അസ്വസ്ഥമായ ബന്ധത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്,” എന്ന് സംഗ്രഹിച്ച ഡോക്യുമെൻ്ററി പരമ്പര ആഗോളതലത്തിൽ മോദി മുദ്രയുടെ സ്വീകാര്യതയിൽ ഇടിവ് വരുത്തുമെങ്കിലും
മോദി അനുയായികൾക്കിടയിൽ വീരപുരുഷ പരിവേഷം വർദ്ധിപ്പിക്കാൻ ഇത് കാരണമായേക്കുമെന്ന നിരൂപണവും ഡോക്യുമെൻ്ററിക്കുണ്ട്. ഇന്ത്യയുടെ 2024 തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനമാണ് ബിബിസി ഡോക്യുമെൻ്ററി ഉണ്ടാക്കുക എന്ന ചർച്ചയാണ് ഇനി നമുക്കുമുന്നിലുള്ളത്.