Campus Alive

“എന്റെ രാജ്യത്തും ഗുജറാത്തിൽ നിന്നുള്ള മുസ്‌ലിംകളുണ്ട് “

2002 ഗുജറാത്ത് വംശഹത്യയെ കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബി.ബി.സിയുടെ ഡോക്യൂമെന്ററി ഇതുവരെ പുറത്തറിയാത്ത രണ്ടു കാര്യങ്ങളാണ് പുറത്തു കൊണ്ടുവന്നത്. ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമീഷൻ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയും ലണ്ടനിലെ ബ്രിട്ടീഷ് ഫോറിൻ ഓഫിസിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു എന്നതാണ് ആദ്യത്തേത്. ബി.ബി.സിയുടെ ഡോക്യൂമെന്ററി പറയുന്നത് പ്രകാരം ആ റിപ്പോർട്ട് ” നരേന്ദ്ര മോദി ഈ സംഭവത്തിനു നേരിട്ട് ഉത്തരവാദിയാണ്” എന്ന് പറയുന്നു. അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ തന്റെ ഉദ്യോഗസ്ഥരിൽ നിന്നും ഗുജറാത്ത് വംശഹത്യയെക്കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ചും കേട്ടത് അദ്ദേഹത്തെ വല്ലാതെ ആശങ്കയിലാഴ്ത്തി എന്നതാണ് രണ്ടാമത്തെ കാര്യം. ബി.ബി.സി ഡോക്യൂമെന്ററിയിൽ ജാക്ക് സ്ട്രോ ഇങ്ങനെ പറയുന്നു: “പോലീസിനെ നിഷ്ക്രിയമായി നിർത്തുന്നതിലും കലാപകാരികളെ അനിയന്ത്രിതമായി അഴിച്ചുവിടുന്നതിലും മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക താല്പര്യമുണ്ടായതായി വാദങ്ങളുണ്ട്”. ഹിന്ദു – മുസ്ലിം സമൂഹങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്നുവെന്ന് ഉറപ്പാക്കുകയെന്ന പൊലീസിന്റെ ഉത്തരവാദിത്തത്തെ തടയാനുള്ള ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും അദ്ദേഹം പറയുന്നു. 2023 ജനുവരി 21 ന് ‘ദി വയർ’ പ്രസിദ്ധീകരിച്ച ഒരു വീഡിയോ അഭിമുഖത്തിൽ കരൺ ഥാപ്പർ സ്ട്രോയോട് റിപ്പോർട്ടിനെക്കുറിച്ചും എന്തുകൊണ്ടാണ് ഇത് നടത്തിയതെന്നും തന്റെ ആശങ്കകൾ അക്കാലത്ത് എ ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാരിനെ അറിയിച്ചതിനെക്കുറിച്ചും സംസാരിച്ചു.

കരൺ ഥാപ്പർ : 2002 ൽ താങ്കൾ വിദേശകാര്യ സെക്രട്ടറി ആയിരുന്നപ്പോഴുള്ള നിങ്ങളുടെ ചിന്തകളിലേക്കും ആശങ്കകളിലേക്കും വരുന്നതിനുമുമ്പ് ബിബിസി ഡോക്യുമെന്ററി പ്രകാരം, വിദേശകാര്യ ഓഫീസ് റിപ്പോർട്ട് വെളിപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്ന് ഞാൻ ആരംഭിക്കാം.

ഒന്നാമതായി, അക്രമത്തിന്റെ വ്യാപ്തി “റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ കൂടുതലാണ്” എന്ന് റിപ്പോർട്ടിൽ പറഞ്ഞതായി ബി.ബി.സി പറയുന്നു. ഏറ്റവും പ്രധാനമായി, ഇത് “ആസൂത്രിതമായ അക്രമ പ്രചാരണം” ആണെന്നും ഇതിന് “വംശീയ ഉന്മൂലനത്തിന്റെ എല്ലാ മുഖമുദ്രകളും” ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഗുജറാത്തിൽ വംശീയ ഉന്മൂലനം നടക്കുന്നുവെന്ന് നിങ്ങളുടെ സ്വന്തം നയതന്ത്രജ്ഞർ കരുതിയെന്നു കേട്ടപ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത്?

ജാക്ക് സ്ട്രോ : 1947 ലെ ഇന്ത്യയുടെയും സ്വാതന്ത്ര്യത്തിന്റെയും ചരിത്രവും അന്ന് നടന്ന വർഗീയ കലാപങ്ങളും എനിക്ക് വളരെക്കാലമായി പരിചിതമാണ്. വാസ്തവത്തിൽ, 1992 ൽ അയോധ്യ പള്ളിക്കെതിരെ നടന്ന പ്രകടനം വർഗീയ കലാപത്തിലേക്ക് നയിച്ചപ്പോൾ ഞാൻ ചില ആവശ്യങ്ങൾക്കായി ഇന്ത്യയിലായിരുന്നു. മുംബൈയിൽ പോലീസും കലാപകാരികളും പരസ്പരം കല്ലെറിയുമ്പോൾ ഒരു വാഹനത്തിൽ ഉണ്ടായിരുന്ന ഞാൻ അതിൽ കുടുങ്ങി. അതിനാൽ, ചില പശ്ചാത്തലങ്ങൾ എനിക്ക് പരിചിതമാണ്.

ഇത് [ഗുജറാത്ത് അക്രമം] നടന്നപ്പോൾ, തീർച്ചയായും, ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്ന ആദ്യത്തെ ആശങ്ക അയോധ്യയിൽ നിന്ന് വരുന്ന ട്രെയിനിലെ തീപിടുത്തത്തിൽ കൊല്ലപ്പെട്ട 58 ഹിന്ദുക്കളെയും അവരുടെ കുടുംബങ്ങളെയും കുറിച്ചായിരുന്നു. തീർച്ചയായും, ഞങ്ങൾ അതിനെക്കുറിച്ച് വളരെ ആശങ്കാകുലരായിരുന്നു. എന്നാൽ അതിനുശേഷം വളരെ വേഗത്തിൽ, അത് ഒരു അപകടമാണെന്ന് മനസ്സിലാകുന്നു . പക്ഷേ അത് തീപിടുത്തമായിരിക്കാം എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. എന്നാൽ അതിനുശേഷം വളരെ പെട്ടെന്നുതന്നെ, ഇത് തീവെപ്പാണെന്നും ഇതെല്ലാം മുസ്‌ലിം തീവ്രവാദികൾ ഏറ്റെടുത്തതാണെന്നും അത് ഒരുതരം വർഗീയ കലാപത്തിന് കാരണമാകുമെന്നും സൂചനകൾ ഉയർന്നു. ഗുജറാത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്ന സാമുദായിക കലാപം പരിഹരിക്കുന്നതിൽ ഇടപെടാൻ പൊലീസ് തയ്യാറായിരുന്നില്ലെന്ന് ധാരാളം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്റെ ഇടപെടലും ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിന്റെ ഇടപെടലും നിയോ കൊളോണിയൽ അല്ലെങ്കിൽ അതുപോലുള്ള എന്തെങ്കിലും ആണെന്ന് ഇന്ത്യൻ യൂണിയൻ ഗവൺമെന്റിന്റെ വക്താവ് പറഞ്ഞതായി ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. [എഡിറ്ററുടെ കുറിപ്പ്: ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവാണ് പ്രസ്താവന നടത്തിയത്, ഇത് ” തുടരുന്ന കൊളോണിയൽ മനോഭാവത്തെ” പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.] നമ്മുടെ ചരിത്രത്തെക്കുറിച്ച് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതിന്റെ ലളിതമായ ഒരു വസ്തുത എന്തെന്നാൽ, ബ്രിട്ടനിൽ, എന്റെ സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടെ, ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിൽ നിന്നുള്ള ആയിരക്കണക്കിന് – ലക്ഷക്കണക്കിന് – ആളുകൾ, പ്രധാനമായും മുസ്‍ലിംകൾ താമസിക്കുന്നുണ്ട്. സ്ഥിതി നേരെ മറിച്ചായിരുന്നെങ്കിൽ ഇന്ത്യൻ സർക്കാർ പ്രതികരിക്കുമായിരുന്നു. അതിനാൽ, വളരെയധികം ആശങ്കയുണ്ടായിരുന്നു. തീർച്ചയായും, ഈ വർഗീയ അക്രമങ്ങളിൽ തങ്ങളുടെ കുടുംബങ്ങൾ ഇരയായവരെ എനിക്ക് അറിയാം. അവർ ഞങ്ങളെ സമീപിച്ചിരുന്നു. അതുകൊണ്ടാണ്, അപ്പോഴത്തെ അംബാസഡർ, ഹൈക്കമീഷണർ അന്വേഷണത്തിന് ഉത്തരവിട്ടത്.

കരൺ ഥാപ്പർ : ഡൽഹിയിലെ നിങ്ങളുടെ അംബാസഡറും സഹപ്രവർത്തകരും “വംശീയ ഉന്മൂലനത്തിന്റെ എല്ലാ മുഖമുദ്രകളും” ഉള്ളതായി വിവരിക്കുന്നത് അറിഞ്ഞപ്പോൾ നിങ്ങൾക്ക് എത്രമാത്രം ഞെട്ടലുണ്ടായി?

ജാക്ക് സ്ട്രോ : അതെ, ഞാൻ ശരിക്കും അതിനെക്കുറിച്ച് വളരെ ആശങ്കാകുലനായിരുന്നു. ഇതാദ്യമായല്ല, വംശീയ ഉന്മൂലനത്തിന്റെ സാധ്യതകളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് അവസാനത്തേതും ആകാൻ വഴിയില്ല. എന്നാൽ തീർച്ചയായും, ഞാൻ ആശങ്കാകുലനായിരുന്നു. ആ ആശങ്ക എന്നും എനിക്കുണ്ടായിരുന്നു.

കരൺ ഥാപ്പർ : വിഎച്ച്പിയെയും അതിന്റെ സഖ്യകക്ഷികളെയും ഉദ്ധരിച്ച്‌ കൊണ്ട് ബി ബി സി പറയുന്നത് സംസ്ഥാന സർക്കാർ സൃഷ്ടിച്ച ശിക്ഷാഭീതിയില്ലാത്ത അന്തരീക്ഷം ഇല്ലാതെ ഇത്രയധികം നാശ നഷ്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. അടുത്ത വാചകത്തിൽ “നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണ്” എന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ, അന്നത്തെ നിങ്ങളുടെ ഹൈക്കമ്മീഷണറും സഹപ്രവർത്തകരും ഉത്തരവാദിത്തത്തിന്റെ വിരൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് നേരെ ചൂണ്ടുകയും കുറ്റപ്പെടുത്തുകയും ചെയ്തു.

ജാക്ക് സ്ട്രോ : അതെ. ഞാൻ ഉദ്ദേശിച്ചത് ഇത് ഒരു ആഭ്യന്തര റിപ്പോർട്ടായിരുന്നു എന്നാണ്. ഞങ്ങൾ ആ സമയത്ത് ഇത് പ്രസിദ്ധീകരിച്ചില്ല. പക്ഷേ, അവിടെ ഗ്രൗണ്ടിൽ ഉള്ളവരുടെ വികാരം അതായിരുന്നു. ഇതാദ്യമായല്ല ഇന്ത്യൻ പോലീസ് ഏതെങ്കിലും ഒരു സംസ്ഥാനത്ത് പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം ഉയരുന്നത് എന്നത് മറ്റൊരു വസ്തുത മാത്രം.

കരൺ ഥാപ്പർ : ആ ഡോക്യുമെന്ററിയിൽ ബിബിസി ഉദ്ധരിച്ച റിപ്പോർട്ടിന്റെ ഒരു വശം ചിന്തനീയമാണ്. “ഫെബ്രുവരി 27 ന് നരേന്ദ്ര മോദി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കലാപത്തിൽ ഇടപെടരുതെന്ന് ഉത്തരവിട്ടതായി വിശ്വസനീയമായ കോൺടാക്റ്റുകൾ ഞങ്ങളോട് പറഞ്ഞു.” ഈ കൂടിക്കാഴ്ച നടന്നുവെന്ന് പോലീസ് കോൺടാക്റ്റുകൾ നിഷേധിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, കലാപത്തിൽ ഇടപെടരുതെന്ന് നരേന്ദ്ര മോദി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടിന്റെ രചയിതാക്കൾ വിശ്വസിച്ചിരുന്നുവെന്ന് വ്യക്തമാണ്. അതിനർത്ഥം, മോദിയും അദ്ദേഹത്തിന്റെ സർക്കാരും സൃഷ്ടിച്ചത് കേവലം ശിക്ഷാഭയമില്ലായ്മയുടെ ഒരു അന്തരീക്ഷമായിരുന്നില്ല, മറിച്ച് കലാപകാരികളെ തടയാതെയും പോലീസ് ഇടപെടരുതെന്ന് പറഞ്ഞ് മുന്നോട്ട് പോകാൻ അനുവദിച്ചും അവർ സജീവമായി സഹായിക്കുകയായിരുന്നു എന്നല്ലേ?

ജാക്ക് സ്ട്രോ : അതായിരുന്നു അക്കാലത്തെ ആരോപണം. അതായിരുന്നു വിശ്വാസവും. നോക്കൂ, ഞാൻ അവിടെ ഉണ്ടായിരുന്നില്ല. നിങ്ങൾ പറഞ്ഞത് പോലെ, മോദിയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഈ കൂടിക്കാഴ്ച നടന്നിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചും അതിൽ എന്താണ് പറഞ്ഞത് എന്നതിനെക്കുറിച്ചും പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. ആ സമയത്ത് മോദി എന്താണ് ചിന്തിച്ചിരുന്നതെന്ന് എനിക്കറിയില്ല. പക്ഷേ വ്യക്തമാകുന്നത്, ട്രെയിനിലെ എല്ലാ പാവപ്പെട്ടവരെയും ഹിന്ദുക്കളെയും ചുട്ടുകൊന്ന ഏറ്റവും ഭയാനകമായ ഒരു അപകടം (അല്ലെങ്കിൽ മറ്റെന്തെങ്കിലും വിളിക്കാം ) ഉണ്ടായിട്ടുണ്ട്. വർഗീയ കലാപത്തിന്റെ ചരിത്രം കാരണം ഗുജറാത്ത് വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തെ അഭിമുഖീകരിച്ചു. അതിന് ഫലപ്രദമായ പോലീസിംഗ് ആവശ്യമായിരുന്നു, ഫലപ്രദമായ പോലീസിംഗ് വളരെ വൈകിയും നടന്നില്ല. അതാണ് വസ്തുത. ഞാൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയാകുന്നതിന് മുമ്പ് ഒരു ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായിരുന്നു, എനിക്ക് ഇവിടെ പോലീസിന്റെ ചുമതലയുണ്ടായിരുന്നു, കാര്യങ്ങൾ മോശമായി പോകുകയോ കലാപങ്ങൾ നിയന്ത്രണാതീതമാവുകയോ ചെയ്താൽ, ഹോട്ട് സീറ്റിലിരിക്കുന്ന വ്യക്തി ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.

കരൺ ഥാപ്പർ : തീർച്ചയായും. ഫലപ്രദമായ പൊലീസിംഗ് നടക്കാത്തതിന്റെ കാരണം, ഫലപ്രദമായ പൊലീസിംഗ് നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ആത്യന്തികമായി ഉത്തരവാദിയായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇടപെട്ട് പൊലീസിനെ നടപടിയെടുക്കുന്നതിൽ നിന്ന് തടഞ്ഞതാണ്. അങ്ങനെയാണ് റിപ്പോർട്ടിൽ പറയുന്നത്.

ജാക്ക് സ്ട്രോ : അതെ, വാസ്തവത്തിൽ അതാണ് റിപ്പോർട്ട് പറയുന്നത്. അതെ, നിങ്ങൾ എന്നോട് “എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഉറപ്പുണ്ടോ?” എന്നാണ് ചോദിക്കുന്നതെങ്കിൽ സംഭവം നടന്നിട്ട് 21 വർഷമായി… എനിക്കെങ്ങനെ ഓർമ്മിക്കാൻ കഴിയും, ഞാനെന്തു പറയും? പക്ഷേ, ഗ്രൗണ്ടിൽ ഉള്ളവരുടെ നിഗമനം അതായിരുന്നു.

കരൺ ഥാപ്പർ : ഈ റിപ്പോർട്ട് പ്രകാരമുള്ള നിങ്ങളുടെ പ്രതികരണത്തിലേക്കും വരാം. നിങ്ങൾ അക്കാലത്ത് വിദേശകാര്യ സെക്രട്ടറിയും, ആത്യന്തികമായി ബ്രിട്ടീഷ് വിദേശകാര്യ നയത്തിന് പ്രധാനമന്ത്രിയുടെ കീഴിൽ ഉത്തരവാദിയുമായിരുന്നു. വംശീയ ഉന്മൂലനം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നേരിട്ട് ഉത്തരവാദിയാണെന്നും കലാപകാരികളെ തടയാൻ പോലീസ് നടപടി സ്വീകരിക്കുന്നത് തടയാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നും വായിച്ചപ്പോൾ താങ്കളുടെ പ്രതികരണം എന്തായിരുന്നു?

ജാക്ക് സ്ട്രോ : ആ സാഹചര്യത്തിൽ ഏതൊരു മുതിർന്ന മന്ത്രിക്കും ഉണ്ടാകുന്ന പ്രതികരണമാണ് എനിക്കും ഉണ്ടാകുന്നത് – ഞാൻ വായിച്ചതിനെക്കുറിച്ച് വളരെ ആശങ്കാകുലനായിരുന്നു. പിന്നെ അതിനെക്കുറിച്ച് ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? 1947 മുതൽ ഇന്ത്യ സ്വതന്ത്രമായ രാജ്യമാണ്. അതിനെക്കുറിച്ച് ഞങ്ങൾക്ക് നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല. തീർച്ചയായും, ഈ രാജ്യത്തുള്ള ആ സംസ്ഥാനത്ത് നിന്നുള്ള ഇരകളുടെ കുടുംബങ്ങളുമായി ഞങ്ങൾ സംസാരിക്കുകയും അതിനെക്കുറിച്ച് ഞങ്ങൾക്ക് കഴിയാവുന്നത്ര ഇടപെടലുകൾ നടത്തുകയും ചെയ്തു.

കരൺ ഥാപ്പർ : ആ ഡോക്യുമെന്ററിയിൽ നിങ്ങൾ ബിബിസിയോട് പറഞ്ഞ കാര്യങ്ങൾ ഞാൻ ഉദ്ധരിക്കട്ടെ. നിങ്ങളുടെ കൃത്യമായ വാക്കുകൾ ഞാൻ ഉദ്ധരിക്കുകയാണ്, “പോലീസിനെ പിൻവലിക്കുന്നതിലും കലാപകാരികളെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതിലും മുഖ്യമന്ത്രി മോദി സജീവ പങ്ക് വഹിച്ചുവെന്ന വളരെ ഗുരുതരമായ അവകാശവാദങ്ങളായിരുന്നു അത്” എന്നിട്ട് താങ്കൾ ബിബിസിയോട് പറഞ്ഞു, “സമുദായങ്ങളെ ( അതായത് ഹിന്ദുക്കളും മുസ്ലീങ്ങളും) സംരക്ഷിക്കുന്ന ജോലി ചെയ്യുന്നതിൽ നിന്ന് പോലീസിനെ തടയുന്നതിനുള്ള രാഷ്ട്രീയ ഇടപെടലിന്റെ പ്രത്യേകിച്ചും അതിശയകരമായ ഉദാഹരണമാണിത്” . ഇത് ജാക്ക് സ്ട്രോ എന്ന വ്യക്തിയുടെയോ അന്നത്തെ മുൻ മന്ത്രിയുടെയോ അഭിപ്രായമായി മാത്രമല്ല, ടോണി ബ്ലെയർ സർക്കാരിന്റെയും ബ്രിട്ടീഷ് സർക്കാരിന്റെയും മൊത്തത്തിലുള്ള അഭിപ്രായമാണെന്ന് ഞാൻ കരുതുന്നു.

ജാക്ക് സ്ട്രോ : ആ സമയത്ത് ഇത് കൈകാര്യം ചെയ്ത ഒരേയൊരു മുതിർന്ന മന്ത്രി ഞാനായിരുന്നു, അതിനാൽ എനിക്ക് ബ്ലെയറിന് വേണ്ടി സംസാരിക്കാൻ കഴിയില്ല. ആ സമയത്ത് അദ്ദേഹത്തിന്റെ മേശപ്പുറത്ത് മറ്റു പല കാര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ അതായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്. എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം നോക്കിയാൽ കാലാകാലങ്ങളിൽ ഗുരുതരമായ വർഗീയ കലാപങ്ങൾ നടന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം. ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ബ്രിട്ടീഷ് രാജിന്റെ കാലത്തേക്ക് പോകുന്നു, ബ്രിട്ടീഷ് സർക്കാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഒരു സമുദായത്തെ പരസ്പരം എതിർക്കാൻ ശ്രമിച്ചു… എന്തായാലും അതായിരുന്നു അവസ്ഥ. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് അല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്ത് പക്ഷപാതപരമായ ഒരു സർക്കാർ, പോലീസ് പെരുമാറുന്ന രീതിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നത് എന്നെ പ്രത്യേകിച്ച് ആശ്ചര്യപ്പെടുത്തിയില്ല. കാരണം, എനിക്ക് സമീപകാല ഇന്ത്യൻ ചരിത്രവുമായി നല്ല പരിചയമുണ്ട്.

കരൺ ഥാപ്പർ : അതിനാൽ റിപ്പോർട്ടിൽ പറയുന്നതിൽ നിങ്ങൾ പരിഭ്രമിച്ചു. പക്ഷേ അതിനെക്കുറിച്ച് പ്രത്യേകിച്ച് ആശ്ചര്യമൊന്നും ഉണ്ടായില്ല.

ജാക്ക് സ്ട്രോ : അതെ, എന്റെ പ്രതികരണം ഏറ്റവും ശരിയായി രേഖപ്പെടുത്തുന്ന രീതിയാണത്.

കരൺ ഥാപ്പർ : നിങ്ങളുടെ സർക്കർ മൊത്തത്തിൽ, അല്ലെങ്കിൽ വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ താങ്കൾ റിപ്പോർട്ടിന്റെ ഉള്ളടക്കവും വിശദാംശങ്ങളും അന്നത്തെ ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്തോ? എ.ബി. വാജ്പേയി സർക്കാരുമായി താങ്കൾ ആശയവിനിമയം നടത്തിയോ? അതോ ഇതാണ് നിങ്ങളുടെ കണ്ടെത്തലെന്നും അതിൽ നിങ്ങൾ വളരെയധികം ആശങ്കാകുലരാണെന്നും പറയാനായി മോദി സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നോ?

ജാക്ക് സ്ട്രോ : വാജ്പേയി സർക്കാരുമായും പ്രത്യേകിച്ച് വിദേശകാര്യമന്ത്രിയുമായും ഞാൻ ബന്ധപ്പെട്ടു. അദ്ദേഹവുമായി എനിക്ക് വളരെ നല്ല ബന്ധമായിരുന്നു. ഞാൻ അത് ചെയ്തുവെന്ന് എനിക്ക് ഉറപ്പുണ്ട്. 2001 ഡിസംബർ പകുതിയോടെ ലോക സഭയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് 2002 മുതൽ വാജ്പേയി സർക്കാരുമായി വളരെ അടുത്ത ബന്ധവും സഹകരണവും പുലര്ത്തിയിരുന്നു. ആ സമയത്ത് ഞാൻ വിവരിച്ച കാര്യങ്ങളുടെ പേരിൽ പാകിസ്ഥാൻ സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നു. പാകിസ്ഥാൻ സർക്കാർ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തെക്കുറിച്ച് ഒരു മുതിർന്ന മന്ത്രി പറഞ്ഞത് ആദ്യമായിട്ടാണ്.

അതിനാൽ തന്നെ എനിക്ക് അവരുമായി നല്ല ബന്ധമുണ്ടായിരുന്നു, ഞാൻ അത് ചർച്ച ചെയ്തുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ ഇത്രയും കാലം ഇപ്പുറം എന്താണ് പറഞ്ഞതെന്ന് എനിക്ക് കൃത്യമായി ഓർമിക്കാൻ കഴിയില്ല.

കരൺ ഥാപ്പർ : നിങ്ങൾ വിശ്വസിക്കുന്നു, വാജ്പേയി സർക്കാരുമായി, പ്രത്യേകിച്ച് അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങുമായി ഇത് ചർച്ച ചെയ്തിരുന്നുവെന്ന്. എന്നാൽ മറുപടിയായി അവർ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്ക് ഓർക്കാൻ കഴിയില്ല.

ജാക്ക് സ്ട്രോ : അതെ, അത് തീർച്ചയായും ഉന്നയിക്കപ്പെടുമായിരുന്നുവെന്ന് ഞാൻ കരുതുന്നു.

കരൺ ഥാപ്പർ : കുറച്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ സുപ്രീം കോടതി നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയപ്പോൾ നിങ്ങൾക്ക് എന്തു തോന്നി? മോദിക്ക് പങ്കുണ്ടെന്നതിന് തെളിവില്ലെന്നാണ് കോടതി സ്വീകരിച്ച നിലപാട്.

ജാക്ക് സ്ട്രോ : ആ തീരുമാനത്തെ കുറിച്ച് എനിക്കറിയാം. മോദിയുടെയോ ഗുജറാത്തിലെ മറ്റ് മന്ത്രിമാരുടെയോ സ്ഥാനത്തെക്കുറിച്ച് ഞാൻ പരസ്യമായി പറഞ്ഞ കാര്യങ്ങളിൽ ഞാൻ എല്ലായ്പ്പോഴും അതീവ ശ്രദ്ധാലുവായിരുന്നു. ഞങ്ങളുടെ നയതന്ത്രജ്ഞർ അവർക്ക് കഴിയുന്ന ഏറ്റവും മികച്ച ജോലി ചെയ്തു. പക്ഷേ, അവർ പരിശീലനം ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥർ ആയിരുന്നില്ല. അതിനാൽ, അവർ അവരുടെ നിഗമനങ്ങളിൽ എത്തി. ഞങ്ങൾക്ക് ഉറപ്പുള്ള കാര്യം അത് ഭയാനകമായ ഒരു സാഹചര്യമായിരുന്നു എന്നതാണ്. 58 ഹിന്ദുക്കളുടെ മരണത്തിനിടയാക്കിയ ട്രെയിനിലെ തീപിടിത്തത്തിന് ഉത്തരവാദി ആരാണെന്നത് മാറ്റി നിർത്തിയാൽ പോലീസിംഗിന്റെ പരാജയം സംഭവിച്ചുവെന്നും നമുക്കറിയാം. അങ്ങനെ ഞങ്ങൾക്ക് അത് അറിയാമായിരുന്നു. തീർച്ചയായും, സുപ്രീം കോടതിയുടെ കാഴ്ചപ്പാട് ഞാൻ അംഗീകരിക്കുന്നു.

കരൺ ഥാപ്പർ : വ്യക്തിപരമായ പങ്കാളിത്തം തെളിയിക്കപ്പെട്ടിട്ടില്ലാത്ത, എന്നാൽ വ്യവസ്ഥാപരമായ പരാജയം ഉണ്ടാകുന്ന സമാനമായ ഒരു സാഹചര്യത്തിൽ ബ്രിട്ടനിൽ എന്ത് സംഭവിക്കുമായിരുന്നു? സർക്കാർ തലവൻ ധാർമ്മിക ഉത്തരവാദിത്തം സ്വയമേവ ഏറ്റെടുത്ത് രാജിവയ്ക്കുമായിരുന്നോ? അതിലും പ്രധാനമായി, ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവയ്ക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിക്കുമോ?

ജാക്ക് സ്ട്രോ :മുൻകാലങ്ങളിൽ ഞാൻ അതെ എന്ന് പറയുമായിരുന്നു. ഈ രാജ്യത്തെ സമീപകാല ചരിത്രം കണക്കിലെടുക്കുമ്പോൾ – ഇവിടെ ഞാൻ നിലവിലെ കൺസർവേറ്റീവ് ഭരണകൂടങ്ങളെക്കുറിച്ച് പക്ഷപാതപരമായ ഒരു കാര്യം ഉന്നയിക്കുന്നു – അവർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കാനുള്ള സാധ്യതയുണ്ട്. സമീപ വർഷങ്ങളിൽ ഞങ്ങൾക്ക് ചില ഭയാനകമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഗ്രെൻഫെൽ തീപിടുത്തത്തിൽ 80 അല്ലെങ്കിൽ 90 പേർ മരിച്ചുവെന്ന് ഞാൻ കരുതുന്നു, ഇത് ആരുടെയും തെറ്റായ തീരുമാനങ്ങൾ മൂലമല്ല, മറിച്ച് കഴിവുകേടിന്റെയും മോശം നിക്ഷേപത്തിന്റെയും ചരിത്രം മൂലമാണെന്ന് ഞാൻ കരുതുന്നു. അതിനെക്കുറിച്ച് ഒരു അന്വേഷണം നടക്കുന്നു.

കരൺ ഥാപ്പർ : ഇന്ത്യൻ വിദേശകാര്യ ഓഫീസ് വക്താവ് പറഞ്ഞ കാര്യങ്ങൾ നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, നിങ്ങൾ സൂചിപ്പിച്ചതുപോലെ, 2002 ൽ ഒരു അന്വേഷണം നടത്താൻ ബ്രിട്ടീഷ് ഹൈക്കമ്മീഷന് അവകാശമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിനെ കൊളോണിയൽ മനോഭാവം എന്ന് വിളിക്കുന്ന അദ്ദേഹം ചോദിച്ചു, “അവർ ഇപ്പോഴും രാജ്യം ഭരിക്കുന്നുണ്ടോ?” അതിനോട് എങ്ങനെ പ്രതികരിക്കും?

ജാക്ക് സ്ട്രോ :1947 വരെ യുണൈറ്റഡ് കിംഗ്ഡം കൊളോണിയൽ യജമാനനായിരുന്നു എന്ന വസ്തുതയെക്കുറിച്ച് 20 വർഷം മുമ്പ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ കൂടുതൽ സംവേദനക്ഷമതയുള്ളതായിരുന്നു. അത് പിന്നീട് നാം എങ്ങനെ പെരുമാറുന്നു എന്നതിന് ഒരു പ്രത്യേക ഉത്തരവാദിത്തം നൽകുന്നു. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ, ഇന്ത്യയുടെ മാത്രമല്ല, ഇന്ത്യയിൽ ബ്രിട്ടന്റെ പങ്കിനെക്കുറിച്ചും എനിക്ക് നല്ല അറിവുണ്ടായിരുന്നു, അതിൽ ഭൂരിഭാഗവും, ഈസ്റ്റ് ഇന്ത്യാ കമ്പനിയും പിന്നീട് 1857 ലെ പ്രക്ഷോഭത്തിന് ശേഷം സംഭവിച്ച തികച്ചും വംശീയ കൊളോണിയൽ ഭരണകൂടവും വളരെ ഭയാനകമായിരുന്നു. അതിനാൽ അതിനെ പ്രതിരോധിക്കാൻ അല്ല ഞാൻ ഇവിടെ മുതിരുന്നത്. പക്ഷേ അതൊക്കെ ഒരു യാഥാർഥ്യമായിരുന്നു.

ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ഇടപെടലിന്റെ ഫലങ്ങൾ ഈ രണ്ട് രാജ്യങ്ങളും തമ്മിൽ ഒരു ദീർഘകാല ബന്ധം സൃഷ്ടിച്ചു എന്നതാണ് ഇതിനോടുള്ള എന്റെ പ്രതികരണം. ഇത് സർക്കാരിനെക്കുറിച്ചല്ല, ജനങ്ങളെ കുറിച്ചാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി എത്തുന്നതിനുമുമ്പ് നൂറ്റാണ്ടുകളായി മുഗൾ അധിനിവേശങ്ങളും പടിഞ്ഞാറ് നിന്നുമുള്ള – പേർഷ്യയിൽ നിന്ന് – അധിനിവേശങ്ങളും ഇന്ത്യയുടെ സ്വഭാവത്തെ മാറ്റിമറിച്ചതുപോലെ തന്നെയാണ് അത്. അതിനാൽ, ഞങ്ങളുടെ ഇടപെടൽ ഇന്ത്യയുടെ സ്വഭാവം മാത്രമല്ല, ബ്രിട്ടന്റെ സ്വഭാവവും മാറ്റി.

അതിനാൽ ഞാൻ പ്രതിനിധീകരിച്ച നിയോജകമണ്ഡലം, ലങ്കാഷെയറിലെ ഒരു നെയ്ത്തു പ്രദേശത്ത് 50 വർഷങ്ങൾക്ക് മുമ്പ് ജനസംഖ്യയുടെ ഏകദേശം 5% വെള്ളക്കാരല്ലാത്തവരായിരുന്നു. ഇന്ന് അത് 40% ആയി ഉയർന്നു. ഞങ്ങൾ എക്കാലവും ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്ലാക്ക്ബേൺ അതിന്റെ സമൃദ്ധിയുടെ കാര്യത്തിൽ അതിന്റെ ഉന്നതിയിലായിരുന്നപ്പോൾ, അതിന്റെ നേട്ടത്തിന്റെ പ്രധാന കാരണം മില്ലുകൾ നിർമ്മിച്ചതിന്റെ 80% ഇന്ത്യയിലേക്കും ചൈനയിലേക്കും കയറ്റുമതി ചെയ്തു എന്നതായിരുന്നു. ഇന്ത്യക്കാരെ സ്വന്തം മില്ലുകൾ നടത്തുന്നതിൽ നിന്ന് ഞങ്ങൾ തടഞ്ഞു.

കരൺ ഥാപ്പർ : നമ്മളുടെ മുമ്പത്തെ സംഭാഷണത്തിൽ നിങ്ങൾ എന്നോട് ഫോണിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ ആവർത്തിക്കുന്നത് നിങ്ങൾ പറഞ്ഞത് ഞാൻ ശരിയായി മനസ്സിലാക്കുന്നുവെങ്കിൽ, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഒരു അന്വേഷണം നടത്തി ഒരു റിപ്പോർട്ട് അയയ്ക്കേണ്ടത് കടമയാണെന്ന് തോന്നിയതിന്റെ ഒരു കാരണം നിങ്ങൾക്ക് ബ്രിട്ടീഷ് പൗരന്മാരാണെങ്കിലും ഗുജറാത്തി മുസ്ലിം വംശജരായ നിരവധി പൗരന്മാരുണ്ട്. അവരുടെ ബന്ധുക്കൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താൻ ശ്രമിക്കാൻ നിങ്ങൾ അവരോട് കടപ്പെട്ടിരിക്കുന്നു.

ജാക്ക് സ്ട്രോ :അത് പോസ്റ്റ് കൊളോണിയൽ ആയിരിക്കുന്നതിനെക്കുറിച്ച് ഒന്നുമല്ല. അത് ഞങ്ങളുടെ ഉള്ളടക്കത്തിന്റെ ആശങ്കകളുമായി ബന്ധപ്പെട്ടതായിരുന്നു.

കരൺ ഥാപ്പർ : ഇന്ത്യയിലെ വക്താവ് താങ്കളെക്കുറിച്ചും അഭിപ്രായം പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറഞ്ഞത് ഞാൻ ഉദ്ധരിക്കുന്നു, “ജാക്ക് സ്ട്രോ അത് പറഞ്ഞതിനാൽ, അവർ എന്തിനാണ് അതിന് ഇത്രയധികം നിയമസാധുത നൽകുന്നത്?” അദ്ദേഹം പറയുന്നത് – അദ്ദേഹം അത്ര വ്യക്തമായി പറയുന്നില്ലെങ്കിലും – നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ എന്ന് ചോദിക്കുക എന്നതാണ്.

ജാക്ക് സ്ട്രോ : ഓഹ്, കൊള്ളാം! അത് മറ്റുള്ളവർ വിധിക്കേണ്ട കാര്യമല്ല, പക്ഷേ ഞാൻ പറഞ്ഞ കാര്യങ്ങളിൽ സൂക്ഷ്മത പുലർത്താൻ ഞാൻ പരമാവധി ശ്രമിക്കുന്നു. ഞാൻ എല്ലായ്പ്പോഴും അത് ചെയ്തിട്ടുണ്ട്. ഈ അഭിമുഖത്തിലും ഞാൻ വളരെ ശ്രദ്ധാലുവായിരുന്നു.

കരൺ ഥാപ്പർ : അവസാനമായി ഒരു ചോദ്യം. ഇത് റിപ്പോർട്ടുമായി ബന്ധപ്പെട്ടതല്ല, മറിച്ച് മോദിയുമായി ബന്ധപ്പെട്ടതാണ്. 2002 ൽ കൊലപാതകങ്ങൾക്ക് ശേഷം ഗുജറാത്ത് മഖ്യമന്ത്രിയായ ശേഷം താങ്കൾ വിദേശകാര്യ സെക്രട്ടറി ആയിരുന്നപ്പോൾ 2003-ൽ അദ്ദേഹം ഇംഗ്ലണ്ട് സന്ദർശിച്ചു. അക്കാലത്ത് ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായിരുന്ന സത്യബ്രത പാൽ 2015 ൽ എഴുതിയ ഒരു ലേഖനം മൂന്ന് ദിവസം മുമ്പ് പുനപ്രസിദ്ധീകരിച്ചു. അതിൽ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് മോദി 2003 ൽ ഇംഗ്ലണ്ട് സന്ദർശിക്കരുതെന്ന് പറഞ്ഞതായി പറഞ്ഞു. കാരണം ഒന്നുകിൽ ഒരു പൗരന്റെ അറസ്റ്റ് ഉണ്ടായേക്കാം അല്ലെങ്കിൽ ഒരു മജിസ്ട്രേറ്റ് യഥാർത്ഥത്തിൽ ഒരു ഔദ്യോഗിക അറസ്റ്റിന് ഉത്തരവിട്ടേക്കാം എന്ന് നിങ്ങൾ വളരെ ഗൗരവമായി ആശങ്കപ്പെട്ടു. ബ്രിട്ടീഷ് വിദേശകാര്യ ഓഫീസാണ് ഇന്ത്യൻ ഹൈക്കമ്മീഷനെ ഇക്കാര്യം അറിയിച്ചത്. ഇത് മോദിക്ക് കൈമാറിയെന്ന് പാൽ പറയുന്നു. മോദി സന്ദർശിക്കരുതെന്ന് നിങ്ങൾക്ക് വളരെ താൽപ്പര്യമുണ്ടായിരുന്നു, പക്ഷേ, മോദി നിങ്ങളുടെ ഉപദേശം അവഗണിക്കാൻ തീരുമാനിച്ചു, അദ്ദേഹം ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഉപദേശം അവഗണിക്കാൻ തീരുമാനിച്ചു, അദ്ദേഹം വന്നു. ഒടുവിൽ അറസ്റ്റിലാകാതെ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിഞ്ഞു. നിങ്ങൾക്ക് ഈ കഥ സ്ഥിരീകരിക്കാൻ കഴിയുമോ, അദ്ദേഹം സന്ദർശിക്കാതിരിക്കാൻ നിങ്ങളുടെ സർക്കാർ വളരെ താൽപ്പര്യപ്പെട്ടിരുന്നു, കാരണം അദ്ദേഹം അങ്ങനെ ചെയ്താൽ, അദ്ദേഹം അറസ്റ്റിലാകുമെന്ന് നിങ്ങൾ ഭയപ്പെട്ടിരുന്നു?

ജാക്ക് സ്ട്രോ : നിങ്ങൾ സൂചിപ്പിച്ച വിശദാംശങ്ങൾ എനിക്ക് നേരിട്ട് സ്ഥിരീകരിക്കാൻ കഴിയില്ല. എനിക്ക് നിങ്ങളോട് പറയാൻ കഴിയുന്നത്, മോദിയുടെ സന്ദർശനത്തെക്കുറിച്ച് രണ്ട് കാരണങ്ങളാൽ ആശങ്കയുണ്ടായിരുന്നു എന്നതാണ്. അതിലൊന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന വസ്തുതയാണ്. ഇതിനു അഞ്ചു വർഷം മുമ്പ്, 1998-ൽ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ എന്റെ അറിവില്ലാതെ, ചിലിയുടെ മുൻ പ്രസിഡന്റ് അഗസ്റ്റോ പിനോഷെയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് എന്റെ നിർദേശ പ്രകാരം 16 മാസത്തേക്ക് തടങ്കലിൽ വെക്കുകയും ചെയ്തു. അതിനാൽ ഇത് ഒരു അക്കാദമിക് ആശങ്കയായിരുന്നില്ല, അത് ഞങ്ങളുടെ നിയമവ്യവസ്ഥയ്ക്ക് കീഴിൽ സംഭവിക്കാമായിരുന്നു.

മറ്റൊന്ന് ഇവിടെ സാമുദായിക പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നതായിരുന്നു. അത് ഞങ്ങൾ ആഗ്രഹിചിരുനില്ല. ഇന്ത്യ കോമൺവെൽത്ത് അംഗമാണ്. ഇന്ത്യൻ സർക്കാരുകളുമായി ഞങ്ങൾ നല്ല ബന്ധം പുലർത്തിപോരുന്നു.അതിനാൽ മോദിയെ ഇവിടെ വരുന്നതിൽ നിന്ന് തടയാൻ ഞങ്ങൾ പോകുന്നില്ല. എന്നാൽ ഈ വസ്തുതകൾ മോദിക്ക് മുന്നിൽ വയ്ക്കണമെന്ന കാഴ്ചപ്പാട് എടുത്തതായി ഞാൻ കരുതുന്നു. വിശദാംശങ്ങൾ എനിക്ക് സ്ഥിരീകരിക്കാൻ കഴിയില്ല. അവൻ സ്വയം തീരുമാനം എടുക്കാൻ തീരുമാനിച്ചു, അത് കുഴപ്പമില്ല.

കരൺ ഥാപ്പർ : ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഇന്ത്യയിലെ വിമർശകരോട് പ്രതികരിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നു, നിങ്ങൾ മോദി സർക്കാരിനെയും 2002 ൽ ഗുജറാത്തിൽ സംഭവിച്ചതിനെയും വിമർശിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം സർക്കാരിന്റെ പെരുമാറ്റത്തെയും ഒരു വർഷത്തിന് ശേഷം നടന്ന ഇറാഖ് യുദ്ധത്തെയും നിങ്ങൾ നിശിതമായി വിമർശിച്ചിട്ടില്ലെന്ന ചില വിമർശനങ്ങളുണ്ട്. അഞ്ചു വർഷം മുമ്പ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര് തന്റെ ദുഃഖവും ഖേദവും ക്ഷമാപണവും പരസ്യമായി പ്രകടിപ്പിച്ചതായി എനിക്കറിയാം. അതിനാൽ രേഖയ്ക്കായി ഞാൻ നിങ്ങളോട് ചോദിക്കട്ടെ, നിങ്ങളും ആ ഖേദവും സങ്കടവും ക്ഷമാപണവും പങ്കിടുന്നുണ്ടോ?

ജാക്ക് സ്ട്രോ : അതെ, ഞാൻ അത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത്, നോക്കൂ, ഇത് പറയുന്നവർക്ക് ഇത് തികച്ചും ന്യായമായ കാര്യമാണ്. ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണത്തിന് ഞാൻ മൂന്ന് ദിവസം തെളിവെടുപ്പിന് ഹാജരായി. ഞാൻ അതിനെക്കുറിച്ച് ഒരുപാട് അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. തീർച്ചയായും, സംഭവിച്ചതിൽ ഞാൻ ഖേദിക്കുന്നു. എന്നിരുന്നാലും, ബ്ലെയറും ഞാനും നല്ല വിശ്വാസത്തോടെയും അക്കാലത്ത് നല്ല വിവരമാണെന്ന് കരുതിയാണ് പ്രവർത്തിച്ചതെന്ന് ഞാൻ പറയും, പക്ഷേ അത് മറ്റൊരു കഥയാണ്.

കടപ്പാട് : ദി വയർ

വിവർത്തനം : അഫ്സൽ റഹ്‌മാൻ

കരൺ ദാപ്പർ